യഹോവയുടെ വചനം ജീവനുള്ളത്
യോവേൽ, ആമോസ് എന്നീ പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
‘പെഥൂവേലിന്റെ മകനായ യോവേൽ.’ (യോവേൽ 1:1) ഇതിനപ്പുറം വ്യക്തിപരമായ മറ്റൊരു വിവരവും യോവേൽ നമുക്കു നൽകുന്നില്ല. അവന്റെ പേരിലുള്ള പുസ്തകത്തിൽ ദിവ്യസന്ദേശത്തെക്കുറിച്ചല്ലാതെ മറ്റൊന്നുംതന്നെ അവൻ കാര്യമായി നമ്മോടു പറയുന്നില്ല. അതുകൊണ്ട് അവൻ പ്രവചിച്ച കാലഘട്ടംപോലും നാം അനുമാനിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു, ഉസ്സീയാവ് യെഹൂദായിൽ രാജാവായതിന്റെ പത്താംവർഷമായ പൊ.യു.മു. 820-ൽ ആയിരിക്കണം അത്. എന്തുകൊണ്ടാണ് യോവേൽ തന്നെക്കുറിച്ച് അധികം സംസാരിക്കാത്തത്? അവൻ പ്രദീപ്തമാക്കാൻ ആഗ്രഹിക്കുന്നത് സന്ദേശത്തെയാണ്, മറിച്ച് സന്ദേശവാഹകനെയല്ല എന്നതായിരിക്കാം അതിനു കാരണം.
ഉസ്സീയാവിന്റെ നാളിൽത്തന്നെ, “ഇടയനും കാട്ടത്തിപ്പഴം ഒരുക്കുന്നവനും” (NW) യെഹൂദാനിവാസിയുമായ ആമോസിനും പ്രവാചകദൗത്യം ലഭിക്കുന്നു. (ആമോസ് 7:14) യോവേൽ പ്രവചിക്കുന്നത് യെഹൂദായിലാണെങ്കിൽ ആമോസിന്റെ നിയമനം വടക്കുള്ള പത്തുഗോത്ര ഇസ്രായേലിലാണ്. ലളിതസുന്ദരമായ ഭാഷയിൽ എഴുതപ്പെട്ട ആമോസിന്റെ പുസ്തകം, പ്രവാചകൻ യെഹൂദായിൽ മടങ്ങിയെത്തിയശേഷം ഏതാണ്ട് പൊ.യു.മു. 804-ലാണു പൂർത്തിയായത്.
“ആ ദിവസം അയ്യോ കഷ്ടം!”—എന്തുകൊണ്ട്?
തുള്ളൻ, വെട്ടുക്കിളി, വിട്ടിൽ എന്നിവയുടെ ആക്രമണത്തിന്റെ ദർശനം യോവേലിനു ലഭിക്കുന്നു. “പെരുപ്പവും ബലവുമുള്ളോരു ജാതി”യെപ്പോലെയും “വീരന്മാരെപ്പോലെ”യുമാണ് അവ വർണിക്കപ്പെട്ടിരിക്കുന്നത്. (യോവേൽ 1:4; 2:2-7) “ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു” എന്ന് യോവേൽ പറയുന്നു. (യോവേൽ 1:15) സീയോൻനിവാസികളെ യഹോവ ബുദ്ധിയുപദേശിക്കുന്നു: ‘പൂർണഹൃദയത്തോടെ എങ്കലേക്കു തിരിയുക.’ അനുസരിക്കുന്നപക്ഷം യഹോവ ‘തന്റെ ജനത്തോട് അനുകമ്പ കാണിക്കുകയും’ (NW) കീടബാധയാകുന്ന “വടക്കുനിന്നുള്ള ശത്രുവിനെ” ദുരീകരിക്കുകയും ചെയ്യും. എന്നിരുന്നാലും, തന്റെ മഹാദിവസം എത്തുന്നതിനുമുമ്പ് യഹോവ ‘സകലജഡത്തിന്മേലും അവന്റെ ആത്മാവിനെ പകരുകയും’ “ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ” കാണിക്കുകയും ചെയ്യും.—യോവേൽ 2:12, 18-20, 28-31.
“നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ!” എന്നു പറഞ്ഞുകൊണ്ട് യഹോവ ജനതകളെ യുദ്ധത്തിനു വെല്ലുവിളിക്കുന്നു. “യഹോശാഫാത്ത് താഴ്വരയിലേക്കു” പുറപ്പെടാൻ അവർക്കു നിർദേശം ലഭിക്കുന്നു, അവിടെ അവർ ന്യായംവിധിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യും. എന്നാൽ “യെഹൂദെക്കോ സദാകാലത്തേക്കും . . . നിവാസികളുണ്ടാകും.”—യോവേൽ 3:10, 12, 20.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:15; 2:1, 11, 31; 3:14—എന്താണ് “യഹോവയുടെ ദിവസം”? ശത്രുക്കൾക്കെതിരെ തന്റെ ന്യായവിധി നടപ്പാക്കുന്ന സമയമാണ് യഹോവയുടെ ദിവസം. അത് അവരുടെ നാശത്തിലും സത്യാരാധകരുടെ രക്ഷയിലും കലാശിക്കും. ഉദാഹരണത്തിന് പൊ.യു.മു. 539-ൽ അത്തരമൊരു ദിവസം പുരാതന ബാബിലോണിന്റെമേൽ വന്നു, അന്ന് മേദ്യരും പേർഷ്യരും ചേർന്ന് അതിനെ കീഴടക്കുകയായിരുന്നു. (യെശയ്യാവു 13:1, 6) വ്യാജമതലോകസാമ്രാജ്യമായ “മഹതിയാം ബാബിലോൻ” ഉടൻതന്നെ ദിവ്യന്യായത്തീർപ്പിനു വിധേയമാകുമ്പോൾ യഹോവയുടെ മറ്റൊരു “ദിവസം” ഉദയംചെയ്യും.—വെളിപ്പാടു 18:1-4, 21.
2:1-10, 28—കീടാക്രമണം സംബന്ധിച്ച പ്രവചനം എങ്ങനെ നിവൃത്തികണ്ടിരിക്കുന്നു? കനാൻദേശത്ത് യോവേൽ വർണിക്കുന്നത്ര രൂക്ഷതയിൽ കീടങ്ങളുടെ ആക്രമണം ഉണ്ടായതായി ബൈബിളിൽ രേഖയില്ല. അതുകൊണ്ട്, പൊ.യു. 33-ൽ ക്രിസ്തുവിന്റെ ആദ്യാനുഗാമികളുടെമേൽ യഹോവ തന്റെ ആത്മാവിനെ പകർന്നതിന്റെ ഫലമായി വ്യാജമത നേതാക്കളെ താറുമാറാക്കിയ ഒരു സന്ദേശം അവർ പ്രസംഗിക്കാൻ തുടങ്ങിയതിനെയായിരിക്കണം പ്രസ്തുത ആക്രമണം ചിത്രീകരിക്കുന്നത്. (പ്രവൃ. 2:1, 14-21; 5:27-33) സമാനമായ വേലയിൽ പങ്കെടുക്കുന്നത് ഇന്നു നമുക്കൊരു പദവിയാണ്.
2:32—‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുക’ എന്നതിന്റെ അർഥമെന്ത്? ദൈവനാമം തിരിച്ചറിയുകയും അതിനെ ആഴമായി ആദരിക്കുകയും ആ നാമത്തിൽ അറിയപ്പെടുന്ന വ്യക്തിയിൽ ആശ്രയിക്കുകയും ചെയ്യുക എന്നതാണ് അതിന്റെയർഥം.—റോമർ 10:13, 14.
3:14—എന്താണു “വിധിയുടെ താഴ്വര”? ദിവ്യന്യായവിധി നടപ്പാക്കുന്ന ഒരു ആലങ്കാരിക സ്ഥലമാണിത്. യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ (“യഹോവ നീതിപതി” എന്നർഥം) കാലത്ത് ചുറ്റുമുള്ള ജനതകളുടെ സൈന്യങ്ങളെ കുഴപ്പിച്ചുകൊണ്ട് ദൈവം യെഹൂദായെ രക്ഷിച്ചു. അതുകൊണ്ട് ആ സ്ഥലം “യഹോശാഫാത്ത് താഴ്വര” എന്നും അറിയപ്പെടുന്നു. (യോവേൽ 3:2, 12) നമ്മുടെ നാളിൽ, ചക്കിൽ ഞെരിഞ്ഞമങ്ങുന്ന മുന്തിരിപോലെ ജനതകൾ തകർക്കപ്പെടുന്ന ഒരു ആലങ്കാരിക സ്ഥലത്തെയാണ് അതു പ്രതിനിധാനംചെയ്യുന്നത്.—വെളിപ്പാടു 19:15.
നമുക്കുള്ള പാഠങ്ങൾ:
1:13, 14. ആത്മാർഥമായ അനുതാപവും യഹോവയെ സത്യദൈവമായി അംഗീകരിക്കുന്നതും രക്ഷയ്ക്ക് അനിവാര്യമാണ്.
2:12, 13. യഥാർഥ അനുതാപം ഹൃദയംഗമമായിരിക്കണം. പുറമേ കാണുന്ന “വസ്ത്രങ്ങളെയല്ല” കാണാനാകാത്ത “ഹൃദയങ്ങളെ തന്നേ കീറി”ക്കൊണ്ടുള്ളതായിരിക്കണം അത്.
2:28-32. ‘യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തിൽ,’ ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ [മാത്രമേ] രക്ഷിക്കപ്പെടുകയുള്ളൂ.’ എല്ലാത്തരം മനുഷ്യരിലും യഹോവ തന്റെ ആത്മാവിനെ പകരുകയും അങ്ങനെ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ “ദൈവത്തിന്റെ വൻകാര്യങ്ങളെ” പ്രസ്താവിച്ചുകൊണ്ട് പ്രവാചക വേലയിൽ പങ്കെടുക്കുകയും ചെയ്യുന്നതിൽ നാമെത്ര നന്ദിയുള്ളവരായിരിക്കണം! (പ്രവൃത്തികൾ 2:11) യഹോവയുടെ നാൾ സമീപിക്കവേ, നാം “എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം!”—2 പത്രൊസ് 3:10-12.
3:4-8, 19. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ദ്രോഹിച്ചതിന് യെഹൂദായ്ക്കു ചുറ്റുമുള്ള ജനതകൾ കണക്കുപറയേണ്ടിവരുമെന്ന് യോവേൽ പ്രവചിച്ചു. ആ വാക്കുകൾക്കു ചേർച്ചയിൽ, ബാബിലോന്യരാജാവായ നെബൂഖദ്നേസർ സോർരാജ്യത്തെ നിലംപരിചാക്കി. പിന്നീട്, മഹാനായ അലക്സാണ്ടർ സോർദ്വീപ് പിടിച്ചടക്കിയപ്പോൾ അവിടത്തെ ആയിരക്കണക്കിനു പടയാളികളും പ്രമുഖരും കൊല്ലപ്പെടുകയും 30,000 നിവാസികൾ അടിമകളാക്കപ്പെടുകയും ചെയ്തു. അലക്സാണ്ടറും അവന്റെ പിൻഗാമികളും ഫെലിസ്ത്യരോടു ചെയ്തതും ഭിന്നമായിരുന്നില്ല. പൊ.യു.മു. നാലാം നൂറ്റാണ്ടായപ്പോഴേക്കും ഏദോം ഒരു പാഴ്ഭൂമിയായിത്തീർന്നു. (മലാഖി 1:3) നിവൃത്തിയേറിയ ഈ പ്രവചനങ്ങൾ വാഗ്ദാനപാലകൻ എന്ന നിലയിൽ യഹോവയിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നു. ഇന്നു തന്റെ ആരാധകരെ പീഡിപ്പിക്കുന്ന ജനതകളോട് യഹോവ എന്തു ചെയ്യുമെന്നും അവ സൂചിപ്പിക്കുന്നു.
3:16-21. ജനതകൾക്കെതിരെ യഹോവ ന്യായവിധി നടപ്പാക്കുമ്പോൾ “ആകാശവും ഭൂമിയും കുലുങ്ങിപ്പോകും.” “എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണ”മായിരിക്കും; അവൻ അവർക്കു പറുദീസാഭൂമിയിലെ നിത്യജീവൻ സമ്മാനിക്കും. ഈ ദുഷ്ടലോകത്തിന്മേൽ ന്യായവിധി നടപ്പാക്കാനുള്ള യഹോവയുടെ ദിവസം സമീപിക്കവേ, അവനോടു പറ്റിനിൽക്കാൻ നാം ദൃഢനിശ്ചയമുള്ളവർ ആയിരിക്കേണ്ടതല്ലേ?
“നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക”
ഇസ്രായേലിനു ചുറ്റുമുള്ള ശത്രുദേശങ്ങൾക്കും യെഹൂദായ്ക്കും ഇസ്രായേലിനുമുള്ളതാണ് ആമോസിന്റെ സന്ദേശം. ദൈവജനത്തോടു ക്രൂരത കാട്ടിയതിനാൽ സിറിയ, ഫെലിസ്ത്യ, സോർ, ഏദോം, മോവാബ് എന്നീ ദേശങ്ങൾ നശിപ്പിക്കപ്പെടും. “യഹോവയുടെ ന്യായപ്രമാണത്തെ” നിരസിച്ചതിനാൽ യെഹൂദാനിവാസികൾക്കും അതുതന്നെ ഭവിക്കും. (ആമോസ് 2:4) പത്തുഗോത്ര ഇസ്രായേലിന്റെ കാര്യമോ? ദരിദ്രരെ ചൂഷണംചെയ്യുകയും അധാർമികതയിൽ ആണ്ടുപോകുകയും ദൈവത്തിന്റെ പ്രവാചകന്മാരെ അപമാനിക്കുകയും ചെയ്തുകൊണ്ട് അവൾ പാപം ചെയ്തിരിക്കുന്നു. യഹോവ “ബേഥേലിലെ ബലിപീഠങ്ങളെ . . . സന്ദർശിക്കു”മെന്നും “ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകർത്തുകളയു”മെന്നും ആമോസ് ഓർമിപ്പിക്കുന്നു.—ആമോസ് 3:14, 15.
വിവിധ ശിക്ഷകൾ ഏറ്റുവാങ്ങിയിട്ടും വിഗ്രഹാരാധനയിൽ രമിക്കുന്ന ഇസ്രായേല്യർക്ക് യാതൊരു കുലുക്കവുമില്ല. “നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക,” ആമോസ് അവരോടു പറയുന്നു. (ആമോസ് 4:12) യഹോവയുടെ ദിവസം ആഗതമാകുമ്പോൾ ഇസ്രായേല്യർ “ദമ്മേശെക്കിന്നു അപ്പുറ”മുള്ള അസീറിയയിൽ ‘പ്രവാസത്തിലേക്കു പോകുവാൻ’ ഇടയാകും. (ആമോസ് 5:27) ബേഥേലിലെ ഒരു പുരോഹിതന്റെ എതിർപ്പു നേരിടുന്നെങ്കിലും ആമോസ് ഉറച്ചുനിൽക്കുന്നു. “എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു [“അവസാനം,” NW] വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല” എന്ന് യഹോവ ആമോസിനോടു പറയുന്നു. (ആമോസ് 8:2) പാതാളത്തിനോ കൊടുമുടികൾക്കോ ദിവ്യന്യായവിധിയിൽനിന്ന് അവരെ മറയ്ക്കാനാവില്ല. (ആമോസ് 9:2, 3) എങ്കിലും പുനഃസ്ഥിതീകരണത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട് യഹോവ പറയുന്നു: “ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും; ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.”—ആമോസ് 9:14.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
4:1—‘ബാശാന്യപശുക്കൾ’ ആരെ ചിത്രീകരിക്കുന്നു? ഗലീലക്കടലിനു കിഴക്കുള്ള ബാശാൻപീഠഭൂമി, ഒന്നാന്തരം പശുക്കൾക്കും മറ്റു വളർത്തുമൃഗങ്ങൾക്കും പ്രസിദ്ധമായിരുന്നു. തഴച്ചുവളരുന്ന പുൽമേടുകളായിരുന്നു ഒരു കാരണം. സുഖാസക്തരായ ശമര്യസ്ത്രീകളെ ആമോസ് ബാശാനിലെ പശുക്കളോട് ഉപമിച്ചു. വ്യക്തമായും, തങ്ങളുടെ ധനമോഹം തൃപ്തിപ്പെടുത്താനായി താഴേക്കിടയിലുള്ളവരെ ചൂഷണംചെയ്യാൻ ഈ സ്ത്രീകൾ ‘തങ്ങളുടെ ഭർത്താക്കന്മാരുടെമേൽ’ സമ്മർദംചെലുത്തിയിരുന്നു.
4:6—“പല്ലിന്റെ വെടിപ്പ്” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്? “അപ്പത്തിന്റെ കുറവു”മായി ചേർത്തുപറഞ്ഞിരിക്കുന്നതിനാൽ ആഹാരത്തിന്റെ ദൗർലഭ്യത്താൽ പല്ലുകൾ വൃത്തിയായിട്ടിരിക്കുന്ന ക്ഷാമകാലത്തെയായിരിക്കാം ഈ പ്രയോഗം പരാമർശിക്കുന്നത്.
5:5—ഇസ്രായേൽ “ബേഥേലിനെ അന്വേഷിക്കരുത്” എന്നു പറഞ്ഞിരിക്കുന്നത് ഏതർഥത്തിലാണ്? യൊരോബെയാം രാജാവ് ബേഥേലിൽ കാളക്കുട്ടിയാരാധനയ്ക്ക് ആരംഭംകുറിച്ചിരുന്നു. അതോടെ ആ നഗരം വ്യാജാരാധനയുടെ കേദാരമായിത്തീർന്നു. അതുപോലെ, ഗിൽഗാലും ബേർ-ശേബയും വ്യാജാരാധനയുടെ ഈറ്റില്ലങ്ങളായിരുന്നിരിക്കണം. പ്രവചിക്കപ്പെട്ടിരുന്ന ആപത്ത് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഇത്തരം സ്ഥലങ്ങളിലേക്കുള്ള പുണ്യയാത്രകൾ മതിയാക്കി യഹോവയെ അന്വേഷിക്കണമായിരുന്നു.
7:1—‘രാജാവിന്റെ വക അരിഞ്ഞ പുല്ല്’ എന്തിനെ പരാമർശിക്കുന്നു? കുതിരക്കാരുടെയും കുതിരകളുടെയും സംരക്ഷണാർഥം രാജാവ് ഏർപ്പെടുത്തിയ നികുതിയെയായിരിക്കാം ഇതു പരാമർശിക്കുന്നത്. ‘രണ്ടാമത്തെ വിളവ് വളർന്നുവരുന്ന സമയത്ത്’ (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഈ നികുതി കൊടുക്കണമായിരുന്നു. അതിനുശേഷം ജനത്തിനു വിളവെടുപ്പു നടത്താമായിരുന്നു. എന്നാൽ അവർക്കതിനു കഴിഞ്ഞില്ല, പാഞ്ഞുവന്ന ഒരു വെട്ടുക്കിളിക്കൂട്ടം അവരുടെ വിളകളും മറ്റു പച്ചപ്പുകളും തിന്നുകളഞ്ഞു.
8:1, 2—“ഒരു കൊട്ട ഗ്രീഷ്മഫലം” (NW) എന്തിനെ ചിത്രീകരിച്ചു? യഹോവയുടെ ദിവസം സമീപിച്ചിരുന്നു എന്നതിന്റെ പ്രതീകമായിരുന്നു അത്. കൊയ്ത്തുകാലത്തിന്റെ അന്ത്യത്തിൽ അഥവാ കാർഷികവത്സരത്തിന്റെ അന്ത്യത്തിലാണ് ഗ്രീഷ്മഫലം ശേഖരിച്ചിരുന്നത്. ആമോസ് “ഒരു കൊട്ട ഗ്രീഷ്മഫലം” കാണാൻ യഹോവ ഇടയാക്കിയതിന്റെ അർഥം ഇസ്രായേലിന്റെ അന്ത്യം അടുത്തിരുന്നുവെന്നാണ്. അതുകൊണ്ട് ദൈവം ആമോസിനോട് ഇങ്ങനെ പറഞ്ഞു: “എന്റെ ജനമായ യിസ്രായേലിന്നു അവസാനം വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.”
നമുക്കുള്ള പാഠങ്ങൾ:
1:3, 6, 9, 11, 13; 2:1, 4, 6. ഇസ്രായേലിനോടും യെഹൂദായോടും അവയ്ക്കു ചുറ്റുമുള്ള ആറു ദേശങ്ങളോടുമുള്ള യഹോവയുടെ കോപമാണ്, “ഞാൻ ശിക്ഷ മടക്കിക്കളകയില്ല” എന്ന പ്രസ്താവനയിൽ പ്രതിഫലിക്കുന്നത്. യഹോവയുടെ ന്യായവിധിയിൽനിന്നു രക്ഷപ്പെടുക അസാധ്യമാണ്.—ആമോസ് 9:2-5.
2:12. ഒരു ‘സാധാരണജീവിതം’ നയിക്കാൻ തക്കവണ്ണം മുഴുസമയസേവനം ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട്, കഠിനാധ്വാനം ചെയ്യുന്ന പയനിയർമാരെയോ സഞ്ചാര മേൽവിചാരകന്മാരെയോ മിഷനറിമാരെയോ ബെഥേലംഗങ്ങളെയോ നാം നിരുത്സാഹപ്പെടുത്തരുത്. അത്തരം നല്ല വേലയിൽ തുടരാൻ നാമവരെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
3:8. “ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക” എന്ന യഹോവയുടെ കൽപ്പന കേട്ടപ്പോൾ, സിംഹത്തിന്റെ ഗർജനത്തിൽ ഭയന്നുവിറയ്ക്കുന്ന ഒരുവനെപ്പോലെ, പ്രസംഗിക്കാൻ ആമോസ് പ്രേരിതനായിത്തീർന്നു. (ആമോസ് 7:15) രാജ്യസന്ദേശം തീക്ഷ്ണതയോടെ പ്രസംഗിക്കാൻ ദൈവഭയം നമ്മെ പ്രചോദിപ്പിക്കട്ടെ.
3:13-15; 5:11. വെറുമൊരു ഇടയനായ ആമോസിന് യഹോവയുടെ സഹായത്താൽ, സമ്പന്നരും തദ്വാരാ നിസ്സംഗരുമായവരോടു ‘സാക്ഷീകരിക്കാൻ’ കഴിഞ്ഞു. ഒരു പ്രദേശത്തെ പ്രവർത്തനം എത്ര പ്രയാസമാണെങ്കിലും അവിടെ രാജ്യസന്ദേശം ഘോഷിക്കുന്നതിനു നമ്മെ പ്രാപ്തരാക്കാൻ യഹോവയ്ക്കു കഴിയും.
4:6-11; 5:4, 6, 14. യഹോവയിലേക്കു ‘തിരിഞ്ഞുവരാൻ’ ഇസ്രായേൽ തുടർച്ചയായി വിസമ്മതിച്ചിട്ടും “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിൻ” എന്ന് അവർ ഉദ്ബോധിപ്പിക്കപ്പെട്ടു. ഈ ദുഷ്ടവ്യവസ്ഥിതി നിലനിൽക്കാൻ യഹോവ ക്ഷമാപൂർവം അനുവദിക്കുന്നിടത്തോളംകാലം അവനിലേക്കു തിരിയാൻ സഹമനുഷ്യരെ നാം ഉദ്ബോധിപ്പിക്കണം.
5:18, 19. യഥാർഥ തയ്യാറെടുപ്പു കൂടാതെ “യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കു”ന്നതു മൗഢ്യമാണ്. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയുടെ സാഹചര്യം, സിംഹത്തിന്റെ വായിൽനിന്നു കരടിയുടെ മുമ്പിലേക്ക് ഓടുകയും അവിടെനിന്ന് ഓടിപ്പോയി സർപ്പത്തിന്റെ കടിയേൽക്കുകയും ചെയ്യുന്നതുപോലെയാണ്. ആത്മീയമായി ‘ഉണർന്നിരുന്നു’കൊണ്ട് ഒരുക്കമുള്ളവരായി നിലകൊള്ളുന്നെങ്കിൽ നാം ജ്ഞാനികളായിരിക്കും.—ലൂക്കൊസ് 21:36.
7:12-17. ദിവ്യസന്ദേശം പ്രഖ്യാപിക്കുന്നതിൽ നാം ധൈര്യവും ദൃഢവിശ്വാസവും ഉള്ളവരായിരിക്കണം.
9:7-10. വിശ്വസ്ത ഗോത്രപിതാക്കന്മാരുടെയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെന്ന നിലയിൽ ഈജിപ്തിൽനിന്നു വിടുവിക്കപ്പെട്ടവരുടെയും പിൻഗാമികളായിരുന്നിട്ടും അവിശ്വസ്ത ഇസ്രായേല്യർ അന്യജാതിക്കാരായ കൂശ്യരെപ്പോലെ ദൈവമുമ്പാകെ അയോഗ്യരായിത്തീർന്നു. മുഖപക്ഷമില്ലാത്ത ദൈവത്തിന്റെ അംഗീകാരത്തിനു പാത്രമാകുന്നത് ഏതെങ്കിലുമൊരു പ്രത്യേക വംശജരല്ല, പിന്നെയോ ‘ദൈവത്തെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവരാണ്.’—പ്രവൃത്തികൾ 10:34, 35.
നാം എന്തു ചെയ്യണം?
സാത്താന്റെ ലോകത്തിന്മേൽ ന്യായവിധി നടപ്പാക്കാനുള്ള ദിവസം അടുത്തിരിക്കുന്നു. ആ ദിവസത്തിന്റെ വരവിനെക്കുറിച്ചു മനുഷ്യവർഗത്തിനു മുന്നറിയിപ്പു നൽകാൻ തന്റെ ആരാധകർ പ്രാപ്തരാകേണ്ടതിന് ദൈവം അവരുടെമേൽ തന്റെ ആത്മാവിനെ ചൊരിയുന്നു. യഹോവയെക്കുറിച്ച് അറിയാനും ‘അവന്റെ നാമം വിളിച്ചപേക്ഷിക്കാനും’ മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം പൂർണമായി പങ്കുപറ്റേണ്ടതല്ലേ?—യോവേൽ 2:31, 32.
“തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ,” ആമോസ് ഉദ്ബോധിപ്പിക്കുന്നു. (ആമോസ് 5:15) യഹോവയുടെ ദിവസം അടുത്തുവരവേ, അവനോട് അടുത്തുചെല്ലുന്നതും ഈ ദുഷ്ടലോകത്തിൽനിന്നും ദൂഷിതമായ അതിന്റെ സംസർഗങ്ങളിൽനിന്നും വിട്ടുനിൽക്കുന്നതും ജ്ഞാനമായിരിക്കും. അതിനോടുള്ള ബന്ധത്തിൽ, യോവേലിന്റെയും ആമോസിന്റെയും പുസ്തകങ്ങളിൽനിന്ന് കാലോചിതമായ എന്തെന്തു പാഠങ്ങളാണ് നമുക്കു പഠിക്കാനാകുന്നത്!—എബ്രായർ 4:12.
[12-ാം പേജിലെ ചിത്രം]
“യഹോവയുടെ ദിവസം അടുത്തിരിക്കുന്നു” എന്ന് യോവേൽ പ്രവചിച്ചു
[15-ാം പേജിലെ ചിത്രങ്ങൾ]
ആമോസിനെപ്പോലെ ധൈര്യത്തോടും ദൃഢവിശ്വാസത്തോടും കൂടെ നാം ദിവ്യസന്ദേശം പ്രഖ്യാപിക്കണം