യോന
3 യഹോവ രണ്ടാമതും യോനയോടു പറഞ്ഞു:+ 2 “നീ മഹാനഗരമായ നിനെവെയിലേക്കു+ ചെല്ലുക, ഞാൻ നിന്നോടു പറയുന്ന സന്ദേശം അതിനെ അറിയിക്കുക.”
3 യഹോവ പറഞ്ഞത് അനുസരിച്ച്+ യോന നിനെവെയിലേക്കു+ പോയി. നിനെവെ വളരെ വലിയ ഒരു നഗരമായിരുന്നു*—അതു നടന്നുതീർക്കാൻ മൂന്നു ദിവസം എടുക്കും. 4 യോന നഗരത്തിൽ പ്രവേശിച്ചു. ഒരു ദിവസത്തെ വഴിദൂരം നടന്ന്, “ഇനി വെറും 40 ദിവസം! നിനെവെയെ നശിപ്പിക്കാൻപോകുകയാണ്” എന്ന് അറിയിച്ചു.
5 അപ്പോൾ നിനെവെയിലുള്ളവർ ദൈവത്തെ വിശ്വസിച്ചു.+ അവർ ഒരു ഉപവാസം പ്രഖ്യാപിച്ച് വലിയവൻമുതൽ ചെറിയവൻവരെ എല്ലാവരും വിലാപവസ്ത്രം ധരിച്ചു. 6 നിനെവെയിലെ രാജാവിന്റെ ചെവിയിലും ആ സന്ദേശം എത്തി. അതു കേട്ടപ്പോൾ രാജാവ് സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറി, വിലാപവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്നു. 7 കൂടാതെ നിനെവെയിലെങ്ങും ഇങ്ങനെയൊരു വിളംബരം നടത്തി:
“രാജാവിന്റെയും പ്രധാനികളുടെയും ആജ്ഞ ഇതാണ്: മനുഷ്യരോ മൃഗങ്ങളോ ആടുകളോ കന്നുകാലികളോ ഒരു ആഹാരവും കഴിക്കരുത്. ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. 8 മനുഷ്യരും മൃഗങ്ങളും എല്ലാം വിലാപവസ്ത്രം ധരിക്കട്ടെ. അവർ ആത്മാർഥമായി ദൈവത്തോടു പ്രാർഥിക്കട്ടെ. അവരുടെ ദുഷ്ചെയ്തികളും അവർ ചെയ്തുപോരുന്ന അക്രമപ്രവർത്തനങ്ങളും ഉപേക്ഷിക്കട്ടെ. 9 സത്യദൈവം നമ്മുടെ ശിക്ഷയെക്കുറിച്ച് പുനരാലോചിക്കുകയും* കോപം വിട്ടുകളഞ്ഞ് നമ്മളെ നശിപ്പിക്കാതിരിക്കുകയും ചെയ്താലോ?”
10 അവർ ചെയ്തതെല്ലാം കണ്ടപ്പോൾ അവർക്കു വരുത്തുമെന്നു പറഞ്ഞ ദുരന്തത്തെക്കുറിച്ച് സത്യദൈവം പുനരാലോചിച്ചു.* അവർ ദുഷ്ടമായ ചെയ്തികൾ ഉപേക്ഷിച്ചതുകൊണ്ട്+ ദൈവം അവരെ ശിക്ഷിച്ചില്ല.+