മർക്കൊസ് എഴുതിയത്
13 യേശു ദേവാലയത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ യേശുവിനോട്, “ഗുരുവേ, എത്ര മനോഹരമായ കെട്ടിടങ്ങളും കല്ലുകളും!” എന്നു പറഞ്ഞു.+ 2 എന്നാൽ യേശു ആ ശിഷ്യനോടു പറഞ്ഞു: “ഈ വലിയ കെട്ടിടങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും.”+
3 പിന്നെ യേശു ദേവാലയത്തിന് അഭിമുഖമായി ഒലിവുമലയിൽ ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും തനിച്ച് യേശുവിന്റെ അടുത്ത് വന്ന് ഇങ്ങനെ ചോദിച്ചു: 4 “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? ഇതെല്ലാം അവസാനിക്കുന്ന കാലത്തിന്റെ അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?”+ 5 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+ 6 ‘ഞാനാണു ക്രിസ്തു’ എന്നു പറഞ്ഞ് പലരും എന്റെ നാമത്തിൽ വന്ന് അനേകരെ വഴിതെറ്റിക്കും. 7 യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും കേൾക്കുമ്പോൾ നിങ്ങൾ പേടിക്കരുത്. അവ സംഭവിക്കേണ്ടതാണ്. എന്നാൽ അത് അവസാനമല്ല.+
8 “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും.+ ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും. കൂടാതെ, ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും.+ ഇതൊക്കെ പ്രസവവേദനയുടെ ആരംഭം മാത്രമാണ്.+
9 “നിങ്ങളോ ജാഗ്രതയോടിരിക്കുക. ആളുകൾ നിങ്ങളെ കോടതിയിൽ ഹാജരാക്കും.+ സിനഗോഗുകളിൽവെച്ച് നിങ്ങളെ തല്ലുകയും+ എന്നെപ്രതി ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കുകയും ചെയ്യും. അങ്ങനെ അവരോടു നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവസരം കിട്ടും.+ 10 മാത്രമല്ല ആദ്യം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സകല ജനതകളോടും പ്രസംഗിക്കേണ്ടതാണ്.+ 11 അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ, എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങൾക്കു നൽകുന്നത് എന്തോ അതു പറയുക. കാരണം സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവാണ്.+ 12 കൂടാതെ സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലിക്കും.+ 13 എന്റെ പേര് നിമിത്തം സകലരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം+ സഹിച്ചുനിൽക്കുന്നവൻ+ രക്ഷ നേടും.+
14 “എന്നാൽ നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തു+ നിൽക്കരുതാത്തിടത്ത് നിൽക്കുന്നതു കാണുമ്പോൾ (വായനക്കാരൻ വിവേചിച്ചെടുക്കട്ടെ.) യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.+ 15 പുരമുകളിൽ നിൽക്കുന്നവൻ താഴെ ഇറങ്ങുകയോ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാൻ അകത്ത് കയറുകയോ അരുത്.+ 16 വയലിലായിരിക്കുന്നവൻ പുറങ്കുപ്പായം എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്. 17 ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ!+ 18 അതു മഞ്ഞുകാലത്ത് സംഭവിക്കാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക. 19 കാരണം ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ* അന്നുവരെ* സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ കഷ്ടതയുടെ+ നാളുകളായിരിക്കും അവ.+ 20 യഹോവ ആ നാളുകൾ വെട്ടിച്ചുരുക്കുന്നില്ലെങ്കിൽ ആരും രക്ഷപ്പെടില്ല. എന്നാൽ താൻ തിരഞ്ഞെടുത്തിരിക്കുന്നവരെപ്രതി ദൈവം ആ നാളുകൾ വെട്ടിച്ചുരുക്കും.+
21 “അന്ന് ആരെങ്കിലും നിങ്ങളോട്, ‘ഇതാ, ക്രിസ്തു ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്;+ 22 കാരണം കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്+ കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 23 നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.+ എല്ലാം ഞാൻ മുൻകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
24 “എന്നാൽ അക്കാലത്ത്, ആ കഷ്ടതയ്ക്കു ശേഷം, സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ വെളിച്ചം തരില്ല.+ 25 നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും. 26 അപ്പോൾ മനുഷ്യപുത്രൻ+ വലിയ ശക്തിയോടെയും മഹത്ത്വത്തോടെയും മേഘങ്ങളിൽ വരുന്നത് അവർ കാണും.+ 27 പിന്നെ മനുഷ്യപുത്രൻ ദൂതന്മാരെ അയയ്ക്കും. തിരഞ്ഞെടുത്തിരിക്കുന്നവരെ അവർ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെ നാലു ദിക്കിൽനിന്നും* കൂട്ടിച്ചേർക്കും.+
28 “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക: അതിന്റെ ഇളങ്കൊമ്പ് തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ.+ 29 അതുപോലെ, ഇതെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് എത്തിയെന്ന്, അവൻ വാതിൽക്കലുണ്ടെന്ന്, മനസ്സിലാക്കിക്കൊള്ളുക.+ 30 ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 31 ആകാശവും ഭൂമിയും നീങ്ങിപ്പോകും.+ എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല.+
32 “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+ 33 അതുകൊണ്ട് നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ!+ നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക് അറിയില്ലല്ലോ.+ 34 ഒരു മനുഷ്യൻ വീടിന്റെ ചുമതല അടിമകളെ ഏൽപ്പിച്ചിട്ട് ദൂരദേശത്തേക്കു പോകുന്നതുപോലെയാണ് അത്.+ അയാൾ അടിമകളിൽ ഓരോരുത്തർക്കും ഓരോ ജോലി നൽകുകയും ഉണർന്നിരിക്കാൻ വാതിൽക്കാവൽക്കാരനോടു കല്പിക്കുകയും ചെയ്തു.+ 35 നിങ്ങളും എപ്പോഴും ഉണർന്നിരിക്കുക. കാരണം വീട്ടുകാരൻ വരുന്നതു സന്ധ്യക്കോ അർധരാത്രിക്കോ നേരം പുലരുംമുമ്പോ അതിരാവിലെയോ എപ്പോഴാണെന്ന് അറിയില്ല.+ 36 ഓർക്കാപ്പുറത്ത് വീട്ടുകാരൻ വരുമ്പോൾ നിങ്ങളെ ഉറങ്ങുന്നവരായി കാണരുതല്ലോ.+ 37 നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: എപ്പോഴും ഉണർന്നിരിക്കുക.”*+