ബലഹീനരെങ്കിലും ശക്തർ
നിങ്ങളുടെ ബലഹീനതകൾ നിങ്ങളെ തളർത്തിക്കളഞ്ഞേക്കാം. നീരട്ടയെപോലെ പറ്റിപ്പിടിച്ചിരിക്കുന്ന അവയെ ഒരിക്കലും പറിച്ചെറിയാനാവില്ലെന്നു നിങ്ങൾ കരുതുന്നുണ്ടോ? മറ്റുള്ളവരെ അപേക്ഷിച്ച് ‘ഞാൻ ഒന്നുമല്ല’ എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടാകാം. അല്ലെങ്കിൽ ജീവിതത്തിന്റെ സുഖവും സന്തോഷവുമെല്ലാം കെടുത്തിക്കളയുന്ന ഒരു മാറാരോഗവുമായി മല്ലിടുകയായിരിക്കാം നിങ്ങൾ. എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരവസ്ഥ! “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു” എന്ന് ഇയ്യോബിനെപ്പോലെ നിങ്ങളും ചിന്തിച്ചേക്കാം.—ഇയ്യോ. 14:13.
നിരാശയുടെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ നിങ്ങൾക്കെങ്ങനെ കഴിയും? പ്രശ്നങ്ങളുടെ ഭാണ്ഡം മനസ്സിൽനിന്ന് അൽപ്പനേരം ഇറക്കിവെക്കുക, അത് അത്ര എളുപ്പമല്ലെങ്കിൽക്കൂടി. ഒരുപക്ഷേ നിങ്ങൾക്കു വിശ്വസ്തനായ ഇയ്യോബിനോടു യഹോവ ചോദിച്ച ചോദ്യങ്ങളെക്കുറിച്ചു ചിന്തിക്കാനാകും: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ?” (ഇയ്യോ. 38:4, 5) എന്തുകൊണ്ട് യഹോവ ഈ ചോദ്യങ്ങൾ ചോദിച്ചു എന്നു ധ്യാനിക്കുന്നത് അവന്റെ അപരിമേയമായ ജ്ഞാനവും ശക്തിയും തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും. അതേ, ലോകാവസ്ഥകൾ ഇങ്ങനെ തുടരാൻ അനുവദിച്ചിരിക്കുന്നതിന് ദൈവത്തിന്റെ പക്ഷത്ത് നല്ല കാരണമുണ്ട്.
“ജഡത്തിൽ ഒരു ശൂലം”
തന്റെ ‘ജഡത്തിലെ ഒരു ശൂലം’ അതായത് തന്നെ വിടാതെ പിന്തുടർന്നിരുന്ന ഒരു പ്രശ്നം നീക്കിക്കിട്ടാൻ അപ്പൊസ്തലനായ പൗലൊസ് മൂന്നു പ്രാവശ്യം യഹോവയോട് അപേക്ഷിച്ചു. അത് എന്തുതന്നെയായിരുന്നാലും യഹോവയുടെ സേവനത്തിലുള്ള അവന്റെ സന്തോഷം കവർന്നുകളയാൻ പോന്നതായിരുന്നു. പൗലൊസിനെ സംബന്ധിച്ചിടത്തോളം നിരന്തരം കുത്തുകൊള്ളുന്നതുപോലുള്ള ഒരു അനുഭവമായിരുന്നു അത്. എന്നാൽ അവന്റെ പ്രാർഥനയ്ക്കുള്ള യഹോവയുടെ ഉത്തരം ഇതായിരുന്നു: “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” ജഡത്തിലെ ആ ശൂലം യഹോവ നീക്കിക്കളഞ്ഞില്ല. അതുമായി ജീവിക്കേണ്ടിവന്നെങ്കിലും പൗലൊസ് ഇങ്ങനെ പറഞ്ഞു: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരി. 12:7-10) അവൻ എന്താണ് അർഥമാക്കിയത്?
അവന്റെ പ്രശ്നം അത്ഭുതകരമായി പരിഹരിക്കപ്പെട്ടില്ല. എന്നിരുന്നാലും യഹോവയുടെ സേവനത്തിൽ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യുന്നതിന് അത് അവനു തടസ്സമായില്ല. പൗലൊസ് യഹോവയിൽ ആശ്രയിക്കുകയും സഹായത്തിനായി നിരന്തരം പ്രാർഥിക്കുകയും ചെയ്തു. (ഫിലി. 4:6, 7) ജീവിതാന്ത്യത്തോടടുത്ത് അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.”—2 തിമൊ. 4:7.
തന്റെ ഹിതം നിറവേറ്റുന്നതിന് യഹോവ അപൂർണ മനുഷ്യരെ ഉപയോഗിക്കുന്നു, അവർ കുറ്റവും കുറവും ഉള്ളവരാണെങ്കിൽപ്പോലും. അതിനുള്ള ബഹുമതി അവന് അർഹതപ്പെട്ടതാണ്. ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ നേരിടാനും അവന്റെ സേവനത്തിലുള്ള സന്തോഷം നിലനിറുത്താനും ആവശ്യമായ മാർഗനിർദേശവും ജ്ഞാനവും യഹോവ നൽകും. അതേ, ബലഹീനതകൾ ഉള്ളവരാണെങ്കിൽപ്പോലും അപൂർണ മനുഷ്യരെ ഉപയോഗിച്ച് യഹോവയ്ക്കു മഹത്തായ കാര്യങ്ങൾ നിർവഹിക്കാനാകും.
എന്തു കാരണത്താലാണ് ദൈവം പൗലൊസിന്റെ ജഡത്തിലെ ശൂലം നീക്കാഞ്ഞത്? അതിനുള്ള ഉത്തരം പൗലൊസിന്റെ വാക്കുകളിലുണ്ട്: “ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ.” (2 കൊരി. 12:7) ജഡത്തിലെ ശൂലം പൗലൊസിനെ അവന്റെ പരിമിതികളെക്കുറിച്ചു ബോധവാനാക്കി, മാത്രമല്ല എളിമയോടെ നടക്കാനും അത് അവനെ സഹായിച്ചു. ഇതു യേശു പഠിപ്പിച്ചതിനു ചേർച്ചയിലാണ്: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.” (മത്താ. 23:12) വിശ്വസ്തതയോടെ സഹിച്ചുനിൽക്കാൻ യഹോവയിൽ ആശ്രയിക്കേണ്ടതുണ്ടെന്നു തിരിച്ചറിയാനും താഴ്മയുടെ പാഠം പഠിക്കാനും പരിശോധനകൾ ദൈവദാസരെ സഹായിക്കും. അങ്ങനെ പൗലൊസിനെപ്പോലെ അവർക്കു ‘കർത്താവിൽ പ്രശംസിക്കാനാകും.’—1 കൊരി. 1:31.
മറഞ്ഞിരിക്കുന്ന ബലഹീനതകൾ
ചിലർ തങ്ങളുടെ ബലഹീനതകളെക്കുറിച്ച് അജ്ഞരായിരിക്കുമ്പോൾ മറ്റു ചിലർ അവ അംഗീകരിക്കാൻ കൂട്ടാക്കാത്തവരാണ്. ഉദാഹരണത്തിന്, ചിലർ അതിരുകവിഞ്ഞ ആത്മവിശ്വാസമുള്ളവരും സ്വന്തം കഴിവിൽമാത്രം ആശ്രയിക്കുന്നവരുമാണ്. (1 കൊരി. 10:12) അപൂർണ മനുഷ്യരിൽ പൊതുവെ കാണുന്ന മറ്റൊരു ബലഹീനതയാണ് പ്രാമുഖ്യതയ്ക്കുവേണ്ടിയുള്ള ആഗ്രഹം.
ധീരനും കാര്യപ്രാപ്തിയുള്ളവനുമായിരുന്നു ദാവീദ് രാജാവിന്റെ സേനാധിപതി ആയിരുന്ന യോവാബ്. എന്നിരുന്നാലും ധിക്കാരവും അധികാരഭ്രമവും അവന്റെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. ആദ്യം അവൻ അബ്നേരിനെ കൊല ചെയ്തുകൊണ്ട് പ്രതികാരം തീർത്തു. പിന്നീട് അവൻ, ബന്ധുവായ അമാസയെ ചുംബിക്കാനെന്ന ഭാവേന വലതുകൈകൊണ്ടു താടിക്കു പിടിച്ച് ഇടതുകയ്യിലിരുന്ന വാളുകൊണ്ട് കുത്തിക്കൊന്നു. (2 ശമൂ. 17:25; 20:8-10) തനിക്കു പകരം അമാസയെ സേനാധിപതിയാക്കിയതിൽ അമർഷംപൂണ്ടു നടക്കുകയായിരുന്ന അവൻ കിട്ടിയ അവസരം പാഴാക്കാതെ തന്റെ എതിരാളിയെ വകവരുത്തുകയായിരുന്നു, തനിക്കു വീണ്ടും സൈന്യാധിപനാകാമെന്ന പ്രതീക്ഷയിൽ. അങ്ങനെ രണ്ടു സൈന്യാധിപന്മാരെ അവൻ നിർദയം കൊലപ്പെടുത്തി. യോവാബ് തന്റെ വികാരങ്ങളെയും അധികാരഭ്രമത്തെയും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. തരിമ്പും മനസ്സാക്ഷിയില്ലാതെ അവൻ ആ ക്രൂരകൃത്യങ്ങൾ നിർവഹിച്ചു. യോവാബിന് അവന്റെ പ്രവൃത്തികൾക്കു തക്ക ശിക്ഷ നൽകണമെന്ന് ജീവിതാന്ത്യത്തോടടുത്ത് ദാവീദ് തന്റെ പുത്രനായ ശലോമോനു നിർദേശം നൽകി.—1 രാജാ. 2:5, 6, 29-35.
തെറ്റായ ആഗ്രഹങ്ങൾക്കു നാം വഴിപ്പെടരുത്. നമ്മുടെ ബലഹീനതകളെ നമുക്കു നിയന്ത്രിക്കാനാകും. അതിന് ആദ്യമായി ചെയ്യേണ്ടത് അത് തിരിച്ചറിഞ്ഞ് അംഗീകരിക്കുക എന്നതാണ്. തുടർന്ന് അവയെ തരണംചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനാകും. ബലഹീനതകളെ കീഴടക്കുന്നതിന് യഹോവയുടെ സഹായത്തിനായി നിരന്തരം പ്രാർഥിക്കുക, തെറ്റായ ചായ്വുകളെ നിയന്ത്രിക്കുന്നതിനുള്ള വഴികൾക്കായി ദൈവവചനം ഉത്സാഹത്തോടെ പഠിക്കുക. (എബ്രാ. 4:12) നമ്മുടെ ബലഹീനതകൾ തരണംചെയ്യാൻ മടുത്തു പിന്മാറാതെ നിരന്തരം പരിശ്രമിക്കണം. നാം അപൂർണരായിരിക്കുന്ന കാലത്തോളം ഈ പോരാട്ടം തുടരേണ്ടിവന്നേക്കാം. പൗലൊസിന്റെ കാര്യത്തിലും ഇതു സത്യമായിരുന്നു, അവൻ പറഞ്ഞു: “ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നത്.” എന്നാൽ നമുക്ക് അറിയാവുന്നതുപോലെ, ബലഹീനതകൾ തന്റെ നിയന്ത്രണത്തിൽ അല്ലെന്നു കരുതി അവൻ ആ പോരാട്ടം നിറുത്തിക്കളഞ്ഞില്ല. മറിച്ച് യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന ദൈവസഹായത്തിൽ ആശ്രയിച്ചുകൊണ്ട് തന്റെ ബലഹീനതകൾക്കെതിരെ അവൻ സദാ പോരാടി. (റോമ. 7:15-25) മറ്റൊരു സന്ദർഭത്തിൽ പൗലൊസ് പറഞ്ഞു: “മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നത്.”—1 കൊരി. 9:27.
സ്വയം ന്യായീകരിക്കാനുള്ള പ്രവണത പൊതുവെ മനുഷ്യർക്കുണ്ട്. “തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ” എന്ന പൗലൊസിന്റെ ഉപദേശം ബാധകമാക്കുകവഴി യഹോവയുടെ വീക്ഷണം വളർത്തിയെടുക്കാനും അങ്ങനെ ഈ പ്രവണതയെ ചെറുക്കാനും നമുക്കാകും. (റോമ. 12:9) ആത്മശിക്ഷണവും ആത്മാർഥതയും നിശ്ചയദാർഢ്യവും ഉണ്ടെങ്കിലേ ബലഹീനതകളെ നമുക്കു കീഴടക്കാനാകൂ. “എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ,” ദാവീദ് യഹോവയോട് അപേക്ഷിച്ചു. (സങ്കീ. 26:2) ഹൃദയത്തിന്റെ അടിത്തട്ടിലുള്ള വികാരവിചാരങ്ങളെ കൃത്യമായി മനസ്സിലാക്കാനും ആവശ്യമായ സഹായം നൽകാനും ദൈവത്തിനാകുമെന്ന് ദാവീദിന് അറിയാമായിരുന്നു. തന്റെ വചനത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും യഹോവ നൽകുന്ന മാർഗനിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ നമുക്കു ബലഹീനതകളിന്മേൽ വിജയംവരിക്കാനാകും.
സ്വയം പരിഹരിക്കാനാവില്ല എന്നു കരുതുന്ന പ്രശ്നങ്ങളുമായി മല്ലിടുകയായിരിക്കാം ചിലർ. തീർച്ചയായും സ്നേഹപുരസ്സരമായ സഹായവും പ്രോത്സാഹനവും നൽകാൻ മൂപ്പന്മാർക്കാകും. (യെശ. 32:1, 2) എന്നിരുന്നാലും നമ്മുടെ പ്രതീക്ഷകൾ എല്ലായ്പോഴും യാഥാർഥ്യബോധം പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ചില പ്രശ്നങ്ങൾക്കു ഈ വ്യവസ്ഥിതിയിൽ പൂർണമായ പരിഹാരമില്ല. എന്നിരുന്നാലും തങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അനേകർക്കുമായിട്ടുണ്ട്, അത് സംതൃപ്തമായ ജീവിതം നയിക്കാൻ അവരെ സഹായിച്ചിരിക്കുന്നു.
യഹോവ നൽകുന്ന ഉറപ്പ്
ഈ ദുർഘടനാളുകളിൽ നാം നേരിടുന്ന പ്രശ്നങ്ങൾ എന്തുതന്നെയായാലും യഹോവ നമ്മെ വഴിനയിക്കുമെന്നും പരിപാലിക്കുമെന്നും നമുക്കുറപ്പുണ്ടായിരിക്കാം. ബൈബിൾ ഉദ്ബോധിപ്പിക്കുന്നു: “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊ. 5:6, 7.
വർഷങ്ങളായി ബെഥേലിൽ സേവിക്കുകയായിരുന്നു കാത്തിയും ഭർത്താവും. എന്നാൽ ഭർത്താവിന് അൽസൈമേഴ്സ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ, മുന്നിലുള്ള ജീവിതത്തെ എങ്ങനെ നേരിടുമെന്ന് അവൾക്കൊരു രൂപവുമില്ലായിരുന്നു. പിടിച്ചുനിൽക്കാനുള്ള ധൈര്യത്തിനും ജ്ഞാനത്തിനുമായി ഉള്ളുരുകി പ്രാർഥിക്കുന്നത് ദിനചര്യയുടെ ഭാഗമായി. അദ്ദേഹത്തിന്റെ ആരോഗ്യം ഒന്നിനൊന്നു വഷളായതോടെ, ഇത്തരം രോഗികളെ പരിപാലിക്കേണ്ടത് എങ്ങനെയെന്ന് സഹോദരന്മാർ പഠിക്കുകയും ഭർത്താവിനെ ശുശ്രൂഷിക്കുന്നതിൽ കാത്തിയെ സഹായിക്കുകയും ചെയ്തു. സഹോദരിമാരാകട്ടെ വൈകാരിക പിന്തുണ നൽകി. ഈ ക്രിസ്ത്യാനികളിലൂടെ യഹോവ അവരെ പിന്തുണച്ചു. ഇവരുടെയെല്ലാം സഹായത്താൽ ഭർത്താവിന്റെ മരണംവരെ, 11 വർഷത്തോളം, അദ്ദേഹത്തെ പരിപാലിക്കാൻ കാത്തിക്കു കഴിഞ്ഞു. അവൾ പറയുന്നു: “യഹോവ നൽകിയ എല്ലാ സഹായത്തിനും ഈറനണിഞ്ഞ കണ്ണുകളോടെ ഞാൻ ഹൃദയംനിറഞ്ഞ നന്ദി നൽകി. അവന്റെ സഹായമാണ് എന്നെ മുന്നോട്ടു നയിച്ചത്. മാനസികമായും ശാരീരികമായും അങ്ങേയറ്റം ക്ഷീണിപ്പിക്കുന്ന ഒരു സാഹചര്യത്തിൽ ഇത്രയും നാൾ പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.”
മറഞ്ഞിരിക്കുന്ന ബലഹീനതകൾ തരണംചെയ്യാൻ സഹായം
‘ഞാൻ ഒന്നുമല്ല’ എന്ന ചിന്ത ഒരുവനെ ഭരിക്കുന്നെങ്കിൽ സഹായത്തിനായുള്ള തന്റെ പ്രാർഥന യഹോവ കേൾക്കില്ലെന്ന് അയാൾ ചിന്തിച്ചേക്കാം. ബത്ത്-ശേബയുമായുള്ള ഗുരുതരമായ പാപത്തെപ്രതി അനുതപിച്ച ദാവീദ് എഴുതിയത് എന്താണെന്നു നോക്കൂ, “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീ. 51:17) ദാവീദിന്റെ അനുതാപം ആത്മാർഥമായിരുന്നു. അതുകൊണ്ട് പ്രാർഥനയിൽ ദൈവത്തെ സമീപിക്കാനാകുമെന്നും അവൻ കരുണ കാണിക്കുമെന്നും ദാവീദിന് ഉറപ്പുണ്ടായിരുന്നു. ദൈവത്തിന്റെ ആർദ്രാനുകമ്പ യേശു പ്രതിഫലിപ്പിച്ചു. സുവിശേഷ എഴുത്തുകാരനായ മത്തായി യെശയ്യാവിന്റെ പിൻവരുന്ന വാക്കുകൾ യേശുവിനു ബാധകമാക്കി: “ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല.” (മത്താ. 12:19; യെശ. 42:3) ഭൂമിയിലായിരുന്നപ്പോൾ സമൂഹത്തിലെ എളിയവരോടും ചൂഷിതരോടും അവൻ അനുകമ്പ കാണിച്ചു. അണയാൻ പോകുന്ന തിരിനാളംപോലെയായിരുന്ന അവരുടെ ജീവിതം അവൻ ഊതിക്കെടുത്തിയില്ല. പകരം ആർദ്രതയോടെ പീഡിതരെ കൈക്കൊണ്ട അവൻ അവരുടെ ജീവിതം പ്രഭാപൂരിതമാക്കി. ഭൂമിയിലായിരിക്കെ അവൻ മനുഷ്യരോട് ഇടപെട്ടത് ഈ വിധത്തിലായിരുന്നു. അവൻ ഇന്നും അങ്ങനെതന്നെയാണെന്നും നിങ്ങളുടെ ബലഹീനതകളിൽ സഹതാപം കാണിക്കുമെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നമ്മുടെ “ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല” അവനെന്ന് എബ്രായർ 4:15 പ്രസ്താവിക്കുന്നു.
തന്റെ ‘ജഡത്തിലെ ശൂലത്തെക്കുറിച്ച്’ സംസാരിക്കവേ ക്രിസ്തുവിന്റെ ശക്തി തനിക്കൊരു “കൂടാരം പോലെ” (NW) ആണെന്നു പൗലൊസ് പറഞ്ഞു. (2 കൊരി. 12:7-9) കാറ്റത്തും മഴയത്തും ഒരു കൂടാരം നൽകുന്ന സംരക്ഷണം പോലെയാണ് ക്രിസ്തുവിലൂടെ ദൈവം നൽകിയ സംരക്ഷണം അവന് അനുഭവപ്പെട്ടത്. ബലഹീനതകൾക്കും പ്രശ്നങ്ങൾക്കും വഴിപ്പെടാതിരിക്കുന്നതിന് പൗലൊസ് നമുക്കൊരു മാതൃകയാണ്. ആത്മീയമായി ശക്തരായി നിലകൊള്ളുന്നതിന് യഹോവ തന്റെ സംഘടനയിലൂടെ നൽകുന്ന എല്ലാ കരുതലുകളും നമുക്ക് ഉപയോഗപ്പെടുത്താം. നമ്മാലാവുന്നതെല്ലാം നമുക്കു ചെയ്യാം, ഒപ്പം യഹോവ നമ്മുടെ കാലടികളെ നയിക്കുമെന്ന പൂർണബോധ്യത്തോടെ അവനിൽ ആശ്രയിക്കുകയും ചെയ്യാം. ബലഹീനതകൾ തരണംചെയ്യാൻ യഹോവ നമ്മെ സഹായിക്കുമ്പോൾ പൗലൊസിനെപോലെ പറയാൻ നമുക്കും കഴിയും: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.”—2 കൊരി. 12:10.
[3-ാം പേജിലെ ചിത്രം]
തന്റെ ശുശ്രൂഷ നിറവേറ്റാനുള്ള സഹായത്തിനായി പൗലൊസ് നിരന്തരം യഹോവയോടു പ്രാർഥിച്ചു
[5-ാം പേജിലെ ചിത്രം]
ദാവീദ് രാജാവ് യോവാബിനെ സേനാധിപതിയാക്കി
[5-ാം പേജിലെ ചിത്രം]
എതിരാളിയായ അമാസയെ യോവാബ് ഇല്ലാതാക്കി
[6-ാം പേജിലെ ചിത്രം]
പ്രശ്നങ്ങളെ നേരിടുന്നതിനാവശ്യമായ ബൈബിളധിഷ്ഠിത മാർഗനിർദേശം മൂപ്പന്മാർ സ്നേഹപുരസ്സരം നൽകുന്നു