യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ക്ലേശിതരോടുള്ളസഹതാപം
തങ്ങളുടെ സ്വാർത്ഥപാരമ്പര്യങ്ങളെ പ്രതി പരീശൻമാരെ അപലപിച്ചശേഷം യേശു തന്റെ ശിഷ്യൻമാരുമായി സ്ഥലംവിട്ടുപോകുന്നു. കുറച്ചുനാൾമുമ്പ്, അല്പം വിശ്രമിക്കുന്നതിന് അവരുമായി മാറിപ്പോകുന്നതിനുള്ള അവന്റെ ശ്രമം ജനക്കൂട്ടങ്ങൾ അവരെ കണ്ടുപിടിച്ചതോടെ വിഘ്നപ്പെട്ടത് നിങ്ങൾ ഓർമ്മിക്കുമല്ലോ. ഇപ്പോൾ, അവൻ തന്റെ ശിഷ്യൻമാരുമായി അനേകം മൈൽ വടക്കുമാറിയുള്ള സോർ, സീദോൻ പ്രദേശങ്ങളിലേക്ക് പോകുന്നു. പ്രത്യക്ഷത്തിൽ യേശു തന്റെ ശിഷ്യൻമാരുമായി ഇസ്രായേലിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് നടത്തുന്ന ഏക പര്യടനം ഇതാണ്.
താമസിക്കുന്നതിന് ഒരു വീടു കണ്ടെത്തിയശേഷം, അവർ എവിടെയാണെന്ന് ആരെങ്കിലും മനസ്സിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യേശു അറിയിക്കുന്നു. എന്നിട്ടും, ഈ ഇസ്രായേല്യേതര പ്രദേശത്തുപോലും അവന് മറഞ്ഞിരിക്കാൻ കഴിയുന്നില്ല. ഇവിടെ സിറിയയിലെ ഫൊയ്നീക്യയിൽ ജനിച്ച ഒരു ഗ്രീക്ക് വനിത അവനെ കണ്ടെത്തുകയും “കർത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണതോന്നേണമേ. എന്റെ പുത്രി കഠിനമായി ഭൂതബാധിതയാണ്” എന്ന് അപേക്ഷിച്ചുതുടങ്ങുകയും ചെയ്യുന്നു. എന്നിരുന്നാലും, യേശു ഒരു വാക്കും മറുപടിപറയുന്നില്ല.
ഒടുവിൽ, യേശുവിന്റെ ശിഷ്യൻമാർ “അവളെ പറഞ്ഞുവിടൂ; അവൾ ഞങ്ങളുടെ പിന്നാലെ വന്ന് കരയുകയാണല്ലോ” എന്നു അവനോടു പറയുന്നു.
അവളെ അവഗണിച്ചതിലുള്ള തന്റെ കാരണം വിശദീകരിച്ചുകൊണ്ട് യേശു പറയുന്നു: “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ ആരുടെ അടുക്കലേക്കും എന്നെ അയച്ചിട്ടില്ല.”
എന്നിരുന്നാലും, സ്ത്രീ പിൻമാറുന്നില്ല. അവൾ യേശുവിനെ സമീപിക്കുകയും അവന്റെ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്യുകയും “കർത്താവേ, എന്നെ സഹായിക്കേണമേ!” എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഈ സ്ത്രീയുടെ ആത്മാർത്ഥമായ അഭ്യർത്ഥനയിൽ യേശുവിന്റെ ഹൃദയം എത്ര തരളിതമായിരിക്കണം! എന്നിട്ടും, ദൈവത്തിന്റെ ജനമായ ഇസ്രായേലിനെ ശുശ്രൂഷിക്കാനുള്ള തന്റെ പ്രഥമ ഉത്തരവാദിത്തത്തിലേക്ക് അവൻ വീണ്ടും വിരൽ ചൂണ്ടുന്നു. അതേസമയം, പ്രത്യക്ഷത്തിൽ അവളുടെ വിശ്വാസത്തെ പരീക്ഷിക്കാൻ അവൻ മററു ജനതകളിൽപെട്ടവരെ സംബന്ധിച്ച യഹൂദൻമാരുടെ മുൻവിധിയോടുകൂടിയ വീക്ഷണത്തെ പരാമർശിക്കുകയും “മക്കളുടെ അപ്പമെടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് ശരിയല്ല” എന്നു വാദിക്കുകയും ചെയ്യുന്നു.
സഹതാപത്തോടുകൂടിയ തന്റെ സ്വരത്താലും മുഖഭാവത്താലും യേശു തീർച്ചയായും യഹൂദേതരരോടുള്ള തന്റെ സ്നേഹപുരസ്സരമായ വികാരങ്ങൾ വെളിപ്പെടുത്തുന്നു. അവൻ വിജാതീയരെ “നായ്ക്കുട്ടികളായി” പരാമർശിച്ചുകൊണ്ടുപോലും നായ്ക്കളോടുള്ള മുൻവിധിയോടുകൂടിയ താരതമ്യത്തെ മയപ്പെടുത്തുന്നു. സ്ത്രീ നീരസപ്പെടുന്നതിനു പകരം യഹൂദ മുൻവിധികളെക്കുറിച്ചുള്ള യേശുവിന്റെ പരാമർശനത്തെ ഏററുപിടിച്ചുകൊണ്ട് ഈ വിനീതമായ പ്രസ്താവന ചെയ്യുന്നു: “ഉവ്വ്, കർത്താവെ; എന്നാൽ നായ്ക്കുട്ടികളും അവയുടെ യജമാനൻമാരുടെ മേശയിൽനിന്നു പൊഴിയുന്ന കഷണങ്ങൾ തിന്നുകതന്നെ ചെയ്യുന്നു.”
“സ്ത്രീയേ, നിന്റെ വിശ്വാസം വലുതാകുന്നു”വെന്ന് യേശു മറുപടി പറയുന്നു. “നീ ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.” അങ്ങനെ സംഭവിക്കുന്നു! അവൾ വീട്ടിലേക്കു മടങ്ങുമ്പോൾ അവൾ തന്റെ പുത്രി കിടക്കയിൽ പൂർണ്ണസുഖം പ്രാപിച്ചിരിക്കുന്നതായി കണ്ടെത്തുന്നു.
സീദോൻ എന്ന തീരപ്രദേശത്തുനിന്ന് യേശുവും അവന്റെ അപ്പോസ്തലൻമാരും യോർദ്ദാൻനദീശീർഷത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. പ്രത്യക്ഷത്തിൽ അവർ ഗലീലക്കടലിന് മേൽവശത്ത് എവിടെയോ യോർദ്ദാൻ കടന്ന് കടലിന്റെ കിഴക്കുഭാഗത്തുള്ള ദക്കപ്പോലീസിലേക്കു പ്രവേശിക്കുന്നു. അവിടെ അവർ ഒരു പർവതത്തിൽ കയറുന്നു, എന്നാൽ ജനക്കൂട്ടം അവരെ കണ്ടുപിടിക്കുകയും തങ്ങളുടെ മുടന്തരെയും വികലരെയും അന്ധരെയും ഊമരെയും മററു പ്രകാരത്തിൽ രോഗികളും വിരൂപരുമായ അനേകരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യുന്നു. അവർ അവരെ യേശുവിന്റെ പാദത്തിങ്കൽ ഇടുന്നു. അവൻ അവരെ സൗഖ്യമാക്കുന്നു. ഊമർ സംസാരിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാണുന്നതും കാണുമ്പോൾ ജനക്കൂട്ടം വിസ്മയിക്കുന്നു. അവർ ഇസ്രായേലിന്റെ ദൈവത്തെ സ്തുതിക്കുന്നു.
ബധിരനും സംസാരിക്കാൻ തീരെ കഴിവില്ലാഞ്ഞവനുമായ ഒരു മനുഷ്യന് യേശു പ്രത്യേകശ്രദ്ധ കൊടുക്കുന്നു. ബധിരർ മിക്കപ്പോഴും എളുപ്പം നീരസപ്പെടുന്നു, വിശേഷിച്ച് ഒരു ജനക്കൂട്ടത്തിൽ. ഈ മമനുഷ്യന്റെ പ്രത്യേകമായ ഭയത്തെ യേശു കുറിക്കൊണ്ടിരിക്കാം. അങ്ങനെ യേശു സഹതാപപൂർവം ഈ മനുഷ്യനെ ജനക്കൂട്ടത്തിന്റെ ഇടയിൽനിന്ന് സ്വകാര്യമായി മാററിക്കൊണ്ടുപോകുന്നു. ഒററക്കായപ്പോൾ യേശു അയാൾക്കുവേണ്ടി എന്തു ചെയ്യാൻ പോകുന്നുവെന്ന് സൂചിപ്പിക്കുന്നു. അവൻ ആ മമനുഷ്യന്റെ ചെവികളിൽ തന്റെ വിരലുകളിടുകയും തുപ്പിയശേഷം അയാളുടെ നാവിനെ തൊടുകയും ചെയ്യുന്നു. പിന്നീട്, സ്വർഗ്ഗത്തിലേക്കു നോക്കിയിട്ട് യേശു നെടുവീർപ്പിടുകയും “തുറന്നുവരിക” എന്നു പറയുകയും ചെയ്യുന്നു. അതിങ്കൽ, ആ മമനുഷ്യന്റെ ശ്രവണപ്രാപ്തികൾ പുനഃസ്ഥാപിക്കപ്പെടുന്നു. അയാൾക്ക് സാധാരണപോലെ സംസാരിക്കാൻ കഴിയുന്നു.
യേശു ഈ അനേകം സൗഖ്യമാക്കലുകൾ നടത്തിയപ്പോൾ ജനക്കൂട്ടങ്ങൾ വിലമതിപ്പോടെ പ്രതികരിക്കുന്നു: “അവൻ സകലവും നന്നായി ചെയ്തിരിക്കുന്നു. അവൻ ബധിരരെ കേൾക്കുമാറാക്കുകയും ഊമരെ സംസാരിക്കുമാറാക്കുകയും പോലും ചെയ്യുന്നു.” മത്തായി 15:21-31; മർക്കോസ് 7:24-37.
◻ ഗ്രീക്ക് സ്ത്രീയുടെ കുട്ടിയെ യേശു പെട്ടെന്ന് സുഖപ്പെടുത്താഞ്ഞതെന്തുകൊണ്ട്?
◻ പിന്നീട് യേശു തന്റെ ശിഷ്യരെ എങ്ങോട്ടു കൊണ്ടുപോകുന്നു?
◻ അശേഷം സംസാരിക്കാൻ കഴിവില്ലാഞ്ഞ ബധിരനായ മനുഷ്യനോട് യേശു എങ്ങനെ സഹതാപപൂർവം ഇടപെടുന്നു? (w87 11⁄15)