ആത്മത്യാഗപരമായ ഒരു ആത്മാവുണ്ടായിരിക്കുക!
റോൾഫ്a വിലമതിക്കപ്പെടുന്ന ഒരു തൊഴിലാളിയായിരുന്നു. ക്രിസ്തീയ ശുശ്രൂഷയിലെ തന്റെ പങ്കു വിപുലപ്പെടുത്താൻ കഴിയത്തക്കവണ്ണം അംശകാലജോലി നേടാൻ അയാൾ തീരുമാനിച്ചപ്പോൾ അയാളുടെ മുതലാളി മടികൂടാതെ സഹകരിച്ചു. തന്നിമിത്തം റോൾഫിന് വർഷങ്ങളോളം പയനിയർസേവനം ആസ്വദിക്കാൻ കഴിഞ്ഞു. എന്നിരുന്നാലും ഒരു ദിവസം ജോലിയുടെ സാഹചര്യത്തിന് മാററമുണ്ടായി. റോൾഫ് തന്റെ ജോലിയിൽ വളരെ പ്രാപ്തനെന്ന് തെളിയിച്ചിരുന്നതുകൊണ്ട് അയാൾക്ക് സ്ഥാപനത്തിലെ മാർക്കററിംഗ് മാനേജരുടെ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു. ഈ ജോലിയോടുകൂടെ പ്രലോഭനീയമായ ശമ്പളവും കൂടുതലായ പുരോഗമനത്തിനുള്ള സാദ്ധ്യതയും ഉണ്ടായിരുന്നു. ഏതായാലും, അംശകാലജോലി മേലാൽ സാദ്ധ്യമല്ലായിരുന്നു.
റോൾഫിന് ഒരു ഭാര്യയെയും രണ്ടു മക്കളെയും പോറേറണ്ടതുണ്ടായിരുന്നു. കൂടുതലായി കിട്ടുന്ന പണം പ്രയോജനകരമായിരിക്കുമായിരുന്നു. എന്നിരുന്നാലും അയാൾ വാഗ്ദാനം നിരസിക്കുകയും മറെറാരു ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു, അത് അയാളുടെ ആത്മീയവും സാമ്പത്തികവുമായ കടപ്പാടുകൾ നിറവേററാൻ അയാളെ അനുവദിക്കുന്ന ഒന്നായിരുന്നു. റോൾഫിന്റെ മുതലാളി ഈ തീരുമാനത്തിൽ അത്ഭുതപ്പെട്ടുപോയി. കൂടിയ ശമ്പളത്തിന്റെ വാഗ്ദാനംപോലും വ്യർത്ഥമായിരിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അയാളുടെ മുതലാളി ഇങ്ങനെ നിഗമനംചെയ്തു: “നിങ്ങളുടെ ബോദ്ധ്യത്തോട് എനിക്ക് മത്സരിക്കാനാവില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.”
അതെ, റോൾഫിനു ബോദ്ധ്യമുണ്ടായിരുന്നു. എന്നാൽ അയാൾക്ക് മറെറാരു ഗുണവുമുണ്ടായിരുന്നു—ആത്മത്യാഗത്തിന്റെ ആത്മാവ്. നമ്മുടെ സ്വസുഖാസക്ത ലോകത്തിൽ അങ്ങനെയുള്ള ഒരു ആത്മാവ് അപൂർവമാണ്. എന്നാൽ അതിന് പ്രയോജനകരവും സംതൃപ്തികരവുമായ ഒരു ജീവിതരീതിയിലേക്ക് നയിക്കാൻ കഴിയും. എന്താണ് ആത്മത്യാഗത്തിന്റെ ആത്മാവ്? അത് എന്തു കൈവരുത്തുന്നു? അതു നിലനിർത്താൻ നാം എന്തു ചെയ്യണം?
ഒരു ബൈബിൾവ്യവസ്ഥ
ത്യാഗംചെയ്യുക എന്നതിന്റെ അർത്ഥം വിലയുള്ള എന്തെങ്കിലും ഉപേക്ഷിക്കുക അല്ലെങ്കിൽ സമർപ്പിക്കുക എന്നാണ്. ആദ്യത്തെ വിശ്വസ്ത സാക്ഷി മുതൽ ബലി നിർമ്മലാരാധനയുടെ ഒരു ഭാഗമായിരുന്നിട്ടുണ്ട്. ഹാബേൽ ദൈവത്തിന് “ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ” ചിലതിനെ ബലിയർപ്പിച്ചു. (ഉല്പത്തി 4:4) നോഹ, യാക്കോബ് എന്നിങ്ങനെ വിശ്വാസമുണ്ടായിരുന്ന മനുഷ്യർ അതിനെ അനുകരിച്ചു. (ഉല്പത്തി 8:20; 31:54) മൃഗബലികൾ മോശൈക ന്യായപ്രമാണത്തിന്റെ ഒരു പ്രധാന സവിശേഷതയായിരുന്നു. (ലേവ്യപുസ്തകം 1:2-4) എന്നിരുന്നാലും, ആ ന്യായപ്രമാണത്തിൻ കീഴിൽ തങ്ങളുടെ ഏററവും നല്ലത് അർപ്പിക്കാൻ ആരാധകർ ഉദ്ബോധിപ്പിക്കപ്പെട്ടു. ഒരു ബലിയായി ന്യൂനതയുള്ള ഏതെങ്കിലും മൃഗത്തെ അർപ്പിക്കാൻ അവർ അനുവദിക്കപ്പെട്ടില്ല. (ലേവ്യപുസ്തകം 22:19, 20; ആവർത്തനം 15:21) വിശ്വാസത്യാഗികളായിരുന്ന ഇസ്രയേല്യർ ഈ നിയമം ലംഘിച്ചപ്പോൾ, ദൈവം അവരെ ശാസിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങൾ മുടന്തുള്ള ഒരു മൃഗത്തെ [ബലിക്കായി എന്നു നിങ്ങൾ പറയുന്നു] അർപ്പിക്കുമ്പോൾ ‘അത് ചീത്തയൊന്നുമല്ല’. ദയവായി അതിനെ നിങ്ങളുടെ ഗവർണരുടെ അടുക്കൽ കൊണ്ടുവരിക, അയാൾ നിങ്ങളിൽ പ്രസാദിക്കുമോ, അല്ലെങ്കിൽ നിങ്ങളെ ദയാപൂർവം സ്വീകരിക്കുമോ? . . . നിങ്ങളുടെ കൈയാൽ എനിക്കതിൽ പ്രസാദിക്കാൻ കഴിയുമോ?”—മലാഖി 1:8, 13, NW.
ബലിയുടെ തത്വം ക്രിസ്തീയാരാധനയിലേക്ക് കൈമാറപ്പെട്ടു. എന്നിരുന്നാലും, ക്രിസ്തു മുഴു ഉദ്ധാരണവിലയും കൊടുത്തതുകൊണ്ട് മൃഗബലികൾ മേലാൽ ദൈവത്തിന് സ്വീകാര്യമല്ല. അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് സ്വീകാര്യമായി എന്തു ബലിചെയ്യാൻ കഴിയും? പൗലോസ് റോമർ 12:1-ൽ ഇങ്ങനെ എഴുതുന്നു: “സഹോദരൻമാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവ് ഓർപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” അതിശയകരമായ എന്തൊരു മാററം! മൃതശരീരങ്ങൾ [മൃഗങ്ങളുടെ മൃതശരീരങ്ങളെ അർത്ഥമാക്കുന്നു] ബലിചെയ്യുന്നതിനു പകരം ക്രിസ്ത്യാനികൾ തങ്ങളേത്തന്നെ—തങ്ങളുടെ ഊർജ്ജത്തെയും ആസ്തികളെയും പ്രാപ്തികളെയും—ജീവനുള്ള ഒരു യാഗമായി അർപ്പിക്കണമായിരുന്നു. ഇസ്രയേലിലെപ്പോലെ, യഹോവ “മുടന്തുള്ളതോ” അർദ്ധഹൃദയത്തോടുകൂടിയതോ ആയ യാഗങ്ങൾ സ്വീകരിക്കുകയില്ല. തന്റെ ആരാധകർ തങ്ങൾക്കുള്ള ഏററവും നല്ലത് തനിക്ക് നൽകണമെന്ന്, തങ്ങളുടെ മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ തന്നെ സേവിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നു.—മർക്കോസ് 12:30.
അങ്ങനെ ഒരു ആത്മത്യാഗപരമായ ആത്മാവിൽ കേവലം യോഗങ്ങളുടെ ഒരു പട്ടികക്കും ക്രിസ്തീയ ശുശ്രൂഷയിലെ പ്രവർത്തനത്തിനും തന്നേത്തന്നെ അർപ്പിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അത് എന്തു ചെലവുവന്നാലും ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള ഒരു ദൃഢതീരുമാനത്തെ അർത്ഥമാക്കുന്നു. അത് പ്രയാസങ്ങളും അസൗകര്യങ്ങളും സഹിക്കാൻ ഒരുങ്ങിയിരിക്കുന്നതിനെ അർത്ഥമാക്കുന്നു. “ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നേത്തന്നെ ത്യജിക്കുകയും തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ തുടർച്ചയായി അനുഗമിക്കുകയും ചെയ്യട്ടെ” എന്ന് യേശു പറഞ്ഞു. (മത്തായി 16:24) ഒരു ക്രിസ്ത്യാനി വ്യക്തിപരമായ അതിമോഹത്തെയോ ഭൗതിക ലാക്കുകളെയോ തന്റെ മുഖ്യ താത്പര്യമാക്കുന്നില്ല. അയാളുടെ ജീവിതം കേന്ദ്രീകരിച്ചിരിക്കുന്നത് ഒന്നാമത് ദൈവത്തിന്റെ രാജ്യത്തെയും അവന്റെ നീതിയെയും അന്വേഷിക്കുന്നതിലാണ്. (മത്തായി 6:33) ആവശ്യമെങ്കിൽ അയാൾ “തന്റെ ദണ്ഡനസ്തംഭം എടുക്കാൻ,” പീഡനമോ ലജ്ജയോ മരണംപോലുമോ സഹിക്കാൻ, ഒരുക്കമാണ്!
ആത്മത്യാഗത്തിൽനിന്ന് സിദ്ധിക്കുന്ന അനുഗ്രഹങ്ങൾ
അങ്ങനെയുള്ള ഗൗരവാവഹമായ സാദ്ധ്യതകളെ അഭിമുഖീകരിക്കുമ്പോൾ ആത്മത്യാഗം തക്ക മൂല്യമുള്ളതാണോയെന്ന് ഒരുവൻ സ്വാഭാവികമായി സംശയിച്ചേക്കാം. യഹോവയാം ദൈവത്തെ സ്നേഹിക്കുകയും അവന്റെ നാമം ബഹുമാനിതമായി കാണാനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് അത് തീർച്ചയായും മൂല്യവത്താണ്. (മത്തായി 22:37) യേശുക്രിസ്തു വെച്ച പൂർണ്ണതയുള്ള ദൃഷ്ടാന്തം പരിഗണിക്കുക. ഭൂമിയിലേക്കു വരുന്നതിനു മുമ്പ് അവൻ ഒരു ആത്മജീവിയെന്ന നിലയിൽ സ്വർഗ്ഗത്തിൽ ഉന്നതമായ ഒരു സ്ഥാനം ആസ്വദിച്ചിരുന്നു. എന്നിരുന്നാലും, അവൻ തന്റെ ശിഷ്യൻമാരോടു പറഞ്ഞതുപോലെ, അവൻ ‘സ്വന്ത ഇഷ്ടമല്ല, പിന്നെയോ തന്നെ അയച്ചവന്റെ ഇഷ്ടമാണ്’ അന്വേഷിച്ചത്. (യോഹന്നാൻ 5:30) അതുകൊണ്ട് അവൻ മനസ്സോടെ “തന്നെത്താൻ ഒഴിക്കുകയും ഒരു അടിമയുടെ രൂപമെടുക്കുകയും മനുഷ്യരുടെ സാദൃശ്യത്തിലായിത്തീരുകയും ചെയ്തു. അതിൽപരമായി, അവൻ തന്നേത്തന്നെ ഒരു മമനുഷ്യന്റെ മാതൃകയിൽ കണ്ടെത്തിയപ്പോൾ അവൻ തന്നെത്താൻ താഴ്ത്തുകയും മരണത്തോളം അതെ, ദണ്ഡനസ്തംഭത്തിലെ മരണത്തോളം, അനുസരണമുള്ളവനായിത്തീരുകയും ചെയ്തു.”—ഫിലിപ്പിയർ 2:7, 8, NW.
അങ്ങനെയുള്ള ത്യാഗങ്ങൾ നിഷ്ഫലമെന്നു തെളിഞ്ഞില്ല. യേശു തന്റെ “സ്നേഹിതർക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കാൻ” സന്നദ്ധനായതുകൊണ്ട് ഒന്നുകിൽ സ്വർഗ്ഗത്തിലെ അമർത്ത്യതയോ അല്ലെങ്കിൽ ഭൂമിയിലെ നിത്യജീവനോ നേടാൻ അപൂർണ്ണ മനുഷ്യരെ പ്രാപ്തരാക്കിക്കൊണ്ട് ഉദ്ധാരണവില കൊടുക്കാൻ അവനു കഴിഞ്ഞു. (യോഹന്നാൻ 3:16; 15:13 1 യോഹന്നാൻ 2:2) പൂർണ്ണമായി നിർമ്മലത പാലിച്ചുകൊണ്ട് അവൻ യഹോവയുടെ നാമം അതിയായി സ്തുതിക്കപ്പെടാനിടയാക്കി. (സദൃശവാക്യങ്ങൾ 27:11) അവന്റെ ആത്മത്യാഗപരമായ ഗതി നിമിത്തം യഹോവ അവനെ അനുഗ്രഹിച്ചത് ഒട്ടും അതിശയമല്ല! “ദൈവം അവനെ ഒരു ശ്രേഷ്ഠസ്ഥാനത്തേക്ക് ഉയർത്തുകയും മററ് ഏതു നാമത്തെക്കാളും ഉപരിയായ നാമം അവന് സദയം കൊടുക്കുകയും ചെയ്തു.”—ഫിലിപ്പിയർ 2:9, NW.
തീർച്ചയായും, യേശു ദൈവത്തിന്റെ ഏകജാതനായ പുത്രനായിരുന്നു. തനിക്കുവേണ്ടി ത്യാഗങ്ങളനുഷ്ഠിക്കുന്ന മററുള്ളവർക്കും ദൈവം പ്രതിഫലം കൊടുക്കുന്നുണ്ടോ? ഉവ്വ്, പുരാതന കാലങ്ങളിലെയും ആധുനിക കാലങ്ങളിലെയും അനേകം ദൃഷ്ടാന്തങ്ങളാൽ ഇത് തെളിയിക്കപ്പെടുന്നു. മോവാബ്യസ്ത്രീയായിരുന്ന രൂത്തിനെക്കുറിച്ചുള്ള ബൈബിൾവിവരണം പരിചിന്തിക്കുക. അവൾ തന്റെ ഇസ്രയേല്യ ഭർത്താവിൽനിന്ന് യഹോവയെക്കുറിച്ചു പഠിച്ചുവെന്നു തോന്നുന്നു. അയാൾ മരിച്ച ശേഷം അവൾ ഒരു തീരുമാനമെടുക്കേണ്ടിയിരുന്നു. അവൾ തന്റെ പുറജാതീയ ജൻമസ്ഥലത്ത് കഴിയുമോ അതോ അവൾ തന്റെ പ്രായമുള്ള അമ്മായിയമ്മയായിരുന്ന നവോമിയോടുകൂടെ വാഗ്ദത്തദേശത്തേക്ക് യാത്രചെയ്യുമോ? രൂത്ത് ഒടുവിൽ പറഞ്ഞ ഗതി തെരഞ്ഞെടുത്തു, അത് അവളുടെ മാതാപിതാക്കളോടുള്ള സഹവാസവും ഒരുപക്ഷേ പുനർവിവാഹത്തിന്റെ സാദ്ധ്യതപോലും ബലിചെയ്യുന്നതിനെ അർത്ഥമാക്കിയെങ്കിലും. എന്നിരുന്നാലും, രൂത്ത് യഹോവയെ അറിയാനിടയായിരുന്നു. അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഇടയിൽ അവനെ ആരാധിക്കാനുള്ള ആഗ്രഹം നവോമിയോടു പററിനിൽക്കാൻ അവളെ പ്രേരിപ്പിച്ചു.
അങ്ങനെയുള്ള ആത്മത്യാഗത്തിന് രൂത്തിന് പ്രതിഫലം കിട്ടിയോ? തീർച്ചയായും കിട്ടി! കാലക്രമത്തിൽ ബോവസ് എന്നു പേരുണ്ടായിരുന്ന ഒരു ഭൂവുടമ അവളെ ഭാര്യയായി സ്വീകരിച്ചു. രൂത്ത് ഒബേദ് എന്നു പേരുണ്ടായിരുന്ന ഒരു പുത്രന്റെ മാതാവായിത്തീർന്നു. അത് അവളെ യേശുക്രിസ്തുവിന്റെ ഒരു പൂർവികമാതാവാക്കിത്തീർത്തു.—മത്തായി 1:5, 16.
അതുപോലെ, ആധുനിക കാലങ്ങളിലെ ആത്മത്യാഗികളായ ദൈവദാസൻമാർ അനുഗ്രഹങ്ങൾ ആസ്വദിച്ചു. ദൃഷ്ടാന്തത്തിന് 1923-ൽ “ബൈബിൾ” ബ്രൗൺ എന്ന് മെച്ചമായി അറിയപ്പെടുന്ന വില്യം ആർ. ബ്രൗൺ പശ്ചിമാഫ്രിക്കയിൽ പ്രസംഗവേലയെ നയിക്കാൻ വെസ്ററിൻഡീസിലെ തന്റെ വീടു വിട്ടുപോയി. അദ്ദേഹത്തിന്റെ ഭാര്യയും പുത്രിയും അദ്ദേഹത്തോടുകൂടെ പോയി. അദ്ദേഹം ഒടുവിൽ നൈജീറിയായിലേക്കു മാറിപ്പാർത്തു, അവിടെ പ്രസംഗവേല ഫലവത്തായിത്തീരാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളു. വിൻസെൻറ് സാമുവെൽസ് എന്ന് പേരുള്ള ഒരു കറുത്ത അമേരിക്കക്കാരനോടും ക്ലൗഡ് ബ്രൗൺ എന്നു പേരുണ്ടായിരുന്ന മറെറാരു വെസ്ററിൻഡ്യൻ സാക്ഷിയോടും കൂടെ ബൈബിൾബ്രൗൺ പശ്ചിമാഫ്രിക്കയിലെ വേലയുടെ ആദിമ ഘട്ടങ്ങളിൽ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ചു.
ബൈബിൾബ്രൗണും അദ്ദേഹത്തിന്റെ കൂട്ടാളികളും പ്രവർത്തനത്തിന് തുടക്കമിട്ട പ്രദേശങ്ങളായ സിയെറാ ലിയോണിലും ലൈബീരിയായിലും ഘാനായിലും നൈജീറിയായിലും 1,87,000ൽപരം പ്രസംഗകർ സേവിക്കുന്നുണ്ട്. 1967-ലെ തന്റെ മരണത്തിന് മുമ്പ് “ബൈബിൾ” ബ്രൗൺ ഇങ്ങനെ പറഞ്ഞു: “സ്ത്രീപുരുഷൻമാർ ദൈവരാജ്യത്തിന്റെ സുവാർത്തയോട് അനുസരണമുള്ളവരായിത്തീരുന്നത് കാണുന്നതു എന്തൊരു സന്തോഷമാണ്!” അദ്ദേഹം തന്റെ ആത്മത്യാഗപരമായ ഗതിക്ക് സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു.
ആത്മത്യാഗികളായിരിക്കാനുള്ള മാർഗ്ഗങ്ങൾ
നമുക്ക് അതേ ആത്മാവ് ഇന്ന് പ്രകടമാക്കാൻ കഴിയുന്ന ചില മർഗ്ഗങ്ങളേവ? ഒന്ന് വീടുതോറുമുള്ള ശുശ്രൂഷയിൽ ക്രമമായ ഒരു പ്രതിവാര പങ്കുണ്ടായിരിക്കുന്നതാണ്. (പ്രവൃത്തികൾ 20:20) വിശേഷിച്ച് ലൗകികജോലി ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഒരു വാരത്തിനുശേഷം അങ്ങനെ ചെയ്യുക എളുപ്പമല്ലായിരിക്കാം. അതിന് ശിക്ഷണവും നല്ല പട്ടികയും ആവശ്യമായിരിക്കാം. എന്നാൽ അനുഭവപ്പെടുന്ന ഏതു അസൗകര്യങ്ങളെക്കാളും മുൻതൂക്കമുള്ളതാണ് സന്തോഷങ്ങൾ. ശരി, “മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ . . . കല്പലകകളിലല്ല ഹൃദയമെന്ന മാംസപ്പലകയിൽതന്നെ എഴുതിയിരിക്കുന്ന” “ക്രിസ്തുവിൻ പത്ര”മായിത്തീരാൻ ആരെയെങ്കിലും സഹായിക്കുന്ന പദവി നിങ്ങൾക്കുണ്ടായിരിക്കാൻ കഴിയും.—2 കൊരിന്ത്യർ 3:3.
ശ്രദ്ധാപൂർവം, ഒരുപക്ഷേ ലൗകികജോലിയിൽനിന്നോ വിനോദത്തിൽനിന്നോ “അവസരോചിതമായ സമയം വിലക്കു വാങ്ങി”ക്കൊണ്ട് ചിലർ പ്രസംഗവേലയിലെ തങ്ങളുടെ പങ്കിനെ വർദ്ധിപ്പിച്ചിട്ടുണ്ട്. (എഫേസ്യർ 5:16) അനേകർ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും സഹായപയനിയർസേവനം ആസ്വദിക്കത്തക്കവണ്ണം തങ്ങളുടെ പട്ടികകൾ ക്രമീകരിക്കുന്നു. മററു ചിലർ തുടർച്ചയായി സഹായപയനിയറിംഗ് നടത്തുന്നതിനോ നിരന്തരപയനിയർമാരായി സേവിക്കുന്നതിനോ പ്രാപ്തരാണ്. പരിഗണിക്കാനുള്ള മറെറാരു ത്യാഗം കൂടുതൽ രാജ്യപ്രസംഗകരെ ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് മാറിപ്പാർക്കുന്ന കാര്യമാണ്. ഇത് മിക്കപ്പോഴും ജീവിതരീതിയിലെ കർശനമായ മാററങ്ങളും അസൗകര്യങ്ങൾ പൊറുക്കലും പുതിയ സംസ്കാരങ്ങളോടും ആചാരങ്ങളോടുമുള്ള പൊരുത്തപ്പെടലും കൈവരുത്തുന്നു. എന്നാൽ ജീവൻ പ്രാപിക്കാൻ മററുള്ളവരെ സഹായിക്കുന്നതിൽ തികവേറിയ പങ്കുണ്ടായിരിക്കുന്നതിന്റെ അനുഗ്രഹങ്ങൾ അങ്ങനെയുള്ള ത്യാഗങ്ങളെ പ്രയോജനകരമാക്കിത്തീർക്കുന്നു.
കാനഡായിൽ ജനിച്ച ജോൺ കട്ഫോർത്ത് ഇത് വ്യക്തിപരമായി കണ്ടുപിടിച്ചു. വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂളിൽനിന്നുള്ള അദ്ദേഹത്തിന്റെ ബിരുദസമ്പാദനത്തിനുശേഷം അദ്ദേഹം ആസ്ത്രേലിയായിൽ ഒരു മിഷനറിയായി നിയോഗിക്കപ്പെട്ടു. “അത് വീട്ടിൽനിന്ന് എന്തു ദൂരെയായിരുന്നു!” കട്ഫോർത്ത് സഹോദരൻ അനുസ്മരിച്ചു. “അർമ്മഗെദ്ദോനു മുമ്പ് എന്റെ മാതാപിതാക്കളെയും സ്നേഹിതരെയും വീണ്ടും കാണുന്നതിന് ഞാൻ എന്നെങ്കിലും കാനഡായിൽ തിരിച്ചെത്തുമോ? അത് കണ്ടുപിടിക്കാനുള്ള ഏകമാർഗ്ഗം പോകുകയായിരുന്നു.” കട്ഫോർത്ത്സഹോദരൻ പോയി. താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് അദ്ദേഹം ഖേദിച്ചില്ല. പിൽക്കാല വർഷങ്ങളിൽ അദ്ദേഹം പാപ്പുവാ ന്യൂഗിനിയായിലെ സാക്ഷ്യവേലയെ നയിച്ചു. മുഴുസമയ സേവനത്തിൽ 50വർഷം പൂർത്തിയാക്കിയശേഷം അവിടെ അദ്ദേഹം ഇപ്പോഴും തീക്ഷ്ണമായി സേവിക്കുകയാണ്. അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എപ്പോഴും യഹോവയുടെ നടത്തിപ്പ് അനുസരിക്കാൻ ശ്രമിക്കുന്നതും നൽകാൻ യോഗ്യമെന്ന് അവൻ കാണുന്ന ഏതു നിയോഗവും സ്വീകരിക്കുന്നതും ആഹ്ലാദവും സന്തുഷ്ടിയും സംതൃപ്തിയും എണ്ണമററ സ്നേഹിതരെയും കൈവരുത്തുന്നു.
തീർച്ചയായും, ആരോഗ്യം, പണം, കുടുംബകടപ്പാടുകൾ എന്നിങ്ങനെയുള്ള സാഹചര്യങ്ങൾ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിനെ പരിമിതപ്പെടുത്തിയേക്കാം; എല്ലാവർക്കും പയനിയർമാരായും മിഷനറിമാരായും സേവിക്കാൻ കഴികയില്ല. എന്നിരുന്നാലും, പ്രതികൂല കാലാവസ്ഥ പോലെയുള്ള നിസ്സാര അസൗകര്യങ്ങൾ നിങ്ങളെ പിൻമാററാൻ അനുവദിക്കാതെ, യോഗങ്ങളിലും വയൽസേവനത്തിലും നിങ്ങൾക്കു സാദ്ധ്യമാകുന്നടത്തോളം പൂർണ്ണമായ പങ്കുണ്ടായിരിക്കാൻ ദൃഢതീരുമാനമെടുക്കുക. (എബ്രായർ 10:24, 25) ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനത്തിനുവേണ്ടി കൂടുതൽ സമയം ബലിചെയ്യാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ചില കുടുംബങ്ങൾ അങ്ങനെ ചെയ്യുന്നത് ററിവി പരിപാടികൾ കാണാൻ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തിക്കൊണ്ടും ഒരുപക്ഷേ ഓരോ വാരത്തിലും ഒരു രാത്രിയിൽ ററിവി കാണാതിരുന്നുകൊണ്ടും അല്ലെങ്കിൽ ററിവിതന്നെ വേണ്ടെന്നുവെച്ചുകൊണ്ടുമാണ്. വ്യക്തിപരമായ പഠനത്തിന് സമയം കണ്ടെത്തുന്നതിനാൽ നിങ്ങൾ യോഗങ്ങളിലും വയൽസേവനത്തിലും “അവന്റെ നാമത്തിന് പരസ്യപ്രഖ്യാപനം നടത്തുന്ന” “സ്തുതിയാഗങ്ങൾ” ഉയർന്ന ഗുണമുള്ള ഒരു യാഗമായിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്.—എബ്രായർ 13:15.
പ്രസംഗവേല ഇപ്പോൾ അതിന്റെ അന്തിമഘട്ടങ്ങളിലാണെന്ന് ഓർക്കുക. പെട്ടെന്നുതന്നെ ദൈവം ഈ അത്യാഗ്രഹവും സ്വസുഖാസക്തിയുമുള്ള ലോകത്തിൻമേൽ തന്റെ ന്യായവിധി വരുത്തും. (സെഫന്യവ് 2:3) ദൈവപ്രീതി നിലനിർത്തുന്നതിന്, നമുക്ക് നമ്മേത്തന്നെ പ്രീണിപ്പിക്കാവുന്നതല്ല. നാം ‘നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയുമുള്ളതായി ദൈവത്തിന് സ്വീകാര്യമായ ഒരു യാഗമായി’ അർപ്പിക്കേണ്ടതാണ്. (റോമർ 12:1) അങ്ങനെയുള്ള ഒരു ആത്മാവ് വലിയ സന്തുഷ്ടിയും സംതൃപ്തിയും കൈവരുത്തും. അത് നമ്മുടെ ശുശ്രൂഷയിൽ കൂടിയ സന്തോഷം നേടാൻ നമ്മെ സഹായിക്കും. അത് യഹോവയാം ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സദൃശവാക്യങ്ങൾ 27:11.
അതുകൊണ്ട് ആത്മത്യാഗപരമായ ഒരു ആത്മാവ് നിലനിർത്തുക. മററുള്ളവർക്കുവേണ്ടിയും രാജ്യതാത്പര്യങ്ങൾക്കുവേണ്ടിയും നിങ്ങൾക്കുതന്നെ അസൗകര്യങ്ങൾ വരുത്താൻ വൈമനസ്യം കാട്ടരുത്. പൗലോസ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നൻമചെയ്യലും മററുള്ളവർക്കായുള്ള വസ്തുക്കളുടെ പങ്കുവെക്കലും മറക്കരുത്, എന്തെന്നാൽ അങ്ങനെയുള്ള യാഗങ്ങളിൽ ദൈവം നന്നായി പ്രസാദിക്കുന്നു.—എബ്രായർ 13:16. (w92 2⁄1)
[അടിക്കുറിപ്പ്]
a പേർ മാററിയിരിക്കുകയാണ്.
[26-ാം പേജിലെ ചിത്രം]
വ്യക്തിപരമായ പഠനത്തിനും വയൽസേവനത്തിനും സമയം കണ്ടെത്തുന്നത് ത്യാഗം കൈവരുത്തുന്നു, എന്നാൽ അത് പ്രതിഫലദായകമാണ്
[28-ാം പേജിലെ ചിത്രം]
ഡബ്ലിയൂ. ആർ. ബ്രൗണും ജോൺ കട്ഫോർത്തും തങ്ങളുടെ ആത്മത്യാഗപരമായ ഗതിക്ക് സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു