നൂറ്റാണ്ടുകളെ അതിജീവിച്ച എപ്പിഡൊറസ് തീയേറ്റർ
ഗ്രീസിലെ ഉണരുക! ലേഖകൻ
തീയേറ്ററിൽ പോകുന്നതു നിങ്ങൾക്കിഷ്ടമാണോ? നാടകത്തിലെ തമാശരംഗങ്ങൾ കണ്ട് നിങ്ങൾ പൊട്ടിച്ചിരിക്കാറുണ്ടോ? നിങ്ങളുടെ വികാരങ്ങളെ സ്പർശിക്കുകയോ മനുഷ്യ സ്വഭാവത്തെക്കുറിച്ചു നിങ്ങളെ പഠിപ്പിക്കുകയോ ചെയ്യുന്ന, ഉൾക്കാഴ്ച നൽകുന്ന ഒരു നാടകം കണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാൻ നിങ്ങൾ സഹായിക്കപ്പെടുകയോ പ്രബുദ്ധരാക്കപ്പെടുകപോലുമോ ചെയ്തിട്ടുണ്ടോ? എങ്കിൽ, എപ്പിഡൊറസ് തീയേറ്ററിനെക്കുറിച്ചു പഠിക്കാൻ നിങ്ങൾക്കു താത്പര്യമുണ്ടായിരിക്കാം. പുരാതന ഗ്രീസിലെ നാടകങ്ങളുടെ ഉത്ഭവവുമായി അത് അടുത്തു ബന്ധപ്പെട്ടുകിടക്കുന്നു.
പൊ.യു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായിരുന്ന പൊസേനിയാസ്, എപ്പിഡൊറസിൽ ‘പുരാതന ലോകത്തിൽവെച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു തീയേറ്റർ ഉണ്ടെന്നും റോമൻ തീയേറ്ററുകൾ പ്രൗഢഗംഭീരങ്ങളാണെങ്കിലും, എപ്പിഡൊറസിന്റെ സൗകുമാര്യത്തോടു കിടപിടിക്കുന്ന ഒരു വാസ്തുശില്പ നിർമിതി വേറെ ഇല്ലെന്നും എഴുതുകയുണ്ടായി.’
ഏറ്റവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന ഒന്ന്
ഗ്രീക്ക് നഗരമായ കൊരിന്തിന് ഏതാണ്ട് 60 കിലോമീറ്റർ തെക്കുമാറിയാണ് എപ്പിഡൊറസ് എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. അഞ്ഞൂറു വർഷങ്ങൾക്കു മുമ്പ് അത് ഒരു പ്രമുഖ വാണിജ്യ-മത കേന്ദ്രമായിരുന്നു.
മൊട്ടക്കുന്നുകളും കൃഷിയിറക്കിയ പാടങ്ങളും ഒലിവുമരക്കൂട്ടങ്ങളും ഒക്കെ കാരണം അവിടെ ഒരു വലിയ തീയേറ്റർ ഉണ്ടെന്ന സൂചനപോലും പിൽക്കാലങ്ങളിൽ ഇല്ലായിരുന്നു. എന്നിരുന്നാലും, ആ കുന്നുകൾക്കടിയിൽ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് 19-ാം നൂറ്റാണ്ടിലെ ഒരു പ്രശസ്ത ഗ്രീക്ക് പുരാവസ്തു ഗവേഷകനായ പാനായിസ് കാവാഡിയാസിന് ഉറപ്പുണ്ടായിരുന്നു. നേരത്തെ ഉദ്ധരിച്ച പൊസേനിയാസ് നൽകിയ വിവരണത്തിൽനിന്നും ജിജ്ഞാസ ഉണർന്ന അദ്ദേഹത്തിന്, തികച്ചും സാധാരണമായ ഈ പ്രകൃതി ദൃശ്യങ്ങൾക്കടിയിൽ ഗംഭീരമായ ഒരു തീയേറ്റർ കണ്ടുപിടിക്കാനാകുമെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. അങ്ങനെ, 1881-ലെ വസന്തകാലത്ത് അദ്ദേഹം അതു കണ്ടുപിടിക്കുകതന്നെ ചെയ്തു.
ആറുവർഷക്കാലത്തെ കഠിനാധ്വാനത്തിലൂടെ കോവോഡിസ് അതിഗംഭീരവും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലാത്തതുമായ ഒരു തീയേറ്റർ കണ്ടുപിടിക്കുകയുണ്ടായി. പുരാവസ്തു ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഈ തീയേറ്റർ പൊ.യു.മു. 330-ൽ, ആർഗോസ് എന്ന അയൽ നഗരത്തിലെ ജൂനിയർ പോളിക്ലിറ്റസ് നിർമിച്ചതാണ്. ഒരു കൊത്തുപണിക്കാരനും വാസ്തുശില്പിയുമായിരുന്നു അദ്ദേഹം. ആധുനിക വാസ്തുശില്പിയായ മാനോസ് പെരാക്കീസ് എപ്പിഡൊറസിനെ “സുപ്രസിദ്ധവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഗ്രീക്ക് തീയേറ്റർ” എന്നു വിശേഷിപ്പിച്ചപ്പോൾ, അദ്ദേഹം ഗവേഷകരുടെ പൊതുവെയുള്ള അഭിപ്രായം ആവർത്തിക്കുകയായിരുന്നു.
വാസ്തുശില്പ വിദ്യയെയും പുരാവസ്തുശാസ്ത്രത്തെയും സംബന്ധിച്ചിടത്തോളം എപ്പിഡൊറസ് തീയേറ്ററിന്റെ കണ്ടുപിടിത്തം വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. പുരാതന തീയേറ്ററുകളിൽ മിക്കതും ഭാഗികമായി നശിക്കുകയോ പുനർനിർമിക്കപ്പെടുകയോ ചെയ്തെങ്കിലും, എപ്പിഡൊറസ് തീയേറ്റർ കേടുപാടുകളൊന്നും സംഭവിക്കാതെ നൂറ്റാണ്ടുകളോളം അതിജീവിച്ചിരിക്കുന്നു. കാരണം, മണ്ണിനടിയിൽ അത് 6 മീറ്ററിലധികം താഴ്ചയിലായിരുന്നു.
ഇന്ന് അവിടെ എത്തുന്ന ഒരു സന്ദർശകന്, തീയേറ്ററിന്റെ പ്രധാന ഭാഗങ്ങൾ വളരെ കൃത്യമായി തിരിച്ചറിയാൻ കഴിയും. നർത്തകർക്കും ഗായകസംഘത്തിനും വേണ്ടി ഉണ്ടായിരുന്ന നിരപ്പായ, വൃത്താകാര ഓർക്കെസ്ത്രയുടെ ചുറ്റുമായി, കനം കുറഞ്ഞ് നീളമുള്ള മാർബിൾ കഷണങ്ങൾ പതിപ്പിച്ചിരുന്നു. അതിന്റെ തറ മണ്ണിട്ട് ഉറപ്പിച്ചിരുന്നു, മധ്യഭാഗത്തായി ഒരു ബലിപീഠവും ഉണ്ടായിരുന്നു. ഓർക്കെസ്ത്രയ്ക്കു പിന്നിലായാണ് തുറന്ന മുൻവശത്തോടുകൂടിയ രംഗമുറി. ഇപ്പോൾ അതിന്റെ അസ്ഥിവാരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആദ്യകാലങ്ങളിൽ അഭിനേതാക്കൾ അഭിനയിച്ചിരുന്നത് ഓർക്കെസ്ത്രയ്ക്കുള്ളിലായിരുന്നു, ഓർക്കെസ്ത്രയ്ക്കും രംഗമുറിക്കും ഇടയിലായി ഉറപ്പിച്ചിരുന്ന, കറക്കാവുന്ന ത്രികോണാകൃതിയിലുള്ള ബോർഡുകളിലെ പാനലുകളിൽ രംഗസംവിധാനങ്ങളും പെയിന്റു ചെയ്തിരുന്നു. പിന്നീട്, ഓർക്കെസ്ത്ര ഗായകസംഘത്തിനു വിട്ടുകൊടുത്തിട്ട് അഭിനേതാക്കൾ രംഗമുറിയിൽത്തന്നെ അഭിനയിക്കാൻ തുടങ്ങി, രംഗസംവിധാനങ്ങൾ രംഗമുറിയുടെ ഭിത്തികളിലേക്കു മാറ്റുകയും ചെയ്തു.
തുടക്കത്തിൽ, 6,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് എപ്പിഡൊറസ് തീയേറ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ, പൊ.യു.മു രണ്ടാം നൂറ്റാണ്ടിൽ, മേൽഭാഗത്തായി 21 നിര ഇരിപ്പിടങ്ങൾകൂടി നിർമിക്കപ്പെട്ടു. അങ്ങനെ മൊത്തം ഇരിപ്പിടങ്ങളുടെ എണ്ണം 13,000 ആയി. മുൻ ഭാഗത്തെ നിരകൾ വിശിഷ്ടാതിഥികൾക്കായി വേർതിരിച്ചിരുന്നു. ചെങ്കല്ലുകൊണ്ടു നിർമിച്ച, ചാരുകളോടു കൂടിയ ആ ഇരിപ്പിടങ്ങൾ മറ്റുള്ളവയിൽനിന്നെല്ലാം വ്യത്യസ്തങ്ങളായിരുന്നു.
അത്ഭുതകരമായ ധ്വനികപ്രഭാവം
എപ്പിഡൊറസിലെ തീയേറ്റർ അതിന്റെ സവിശേഷമായ ധ്വനികപ്രഭാവത്തിനു (acoustics) പേരുകേട്ടതാണ്. “ദീർഘനിശ്വാസം ഉതിർക്കുന്നതിന്റെ അല്ലെങ്കിൽ ഒരു കടലാസ് കഷണം കീറുന്നതിന്റെ അത്രയും നേരിയ ശബ്ദം പോലും ഏറ്റവും പിൻനിരയിൽ ഇരിക്കുന്നവർക്കു വരെ വ്യക്തമായി കേൾക്കാം” എന്ന് പുരാവസ്തു ശാസ്ത്ര പ്രൊഫസറായ എസ്. ഇ. ഇ. യാക്കോവിഡിസ് പറയുന്നു.
ഈ തീയേറ്റർ സന്ദർശിക്കുന്ന പല വിനോദസഞ്ചാരികളും ഓർക്കെസ്ത്രയുടെ മധ്യത്തിൽ നിന്നുകൊണ്ട് പദ്യോച്ചാരണം നടത്താനോ പാട്ടു പാടാനോ ഏറ്റവും ഒടുവിലത്തെ നിരയിൽ ഇരിക്കുന്ന സുഹൃത്തുക്കളോടു മന്ത്രിക്കാനോ ഒക്കെ ഇഷ്ടപ്പെടുന്നു. ഇത്ര വലിയ ഓഡിറ്റോറിയത്തിന്റെ ഓരോ മുക്കിലും മൂലയിലും പോലും ശബ്ദം കേൾക്കാൻ കഴിയുന്നു എന്ന പ്രത്യേകത അവരിൽ മതിപ്പുളവാക്കാറുണ്ട്.
ആംഫിതീയേറ്ററിന്റേതുപോലുള്ള ഇതിന്റെ ദീർഘ-അർധവൃത്താകൃതിയും രംഗസ്ഥലത്തിനു ചുറ്റും കുളപ്പടവുകൾപോലെ കെട്ടിയിരിക്കുന്ന ഇരിപ്പിടങ്ങളും നിമിത്തമാണ് ഈ ശബ്ദസംവിധാനം സാധ്യമാകുന്നത്. പ്രകൃതിദത്തമായ ആംഫിതീയേറ്ററുകളിൽ—മിക്കവാറും കുന്നിൻ ചെരിവുകളിൽ—കൂടിവന്നിരുന്ന വൻ പുരുഷാരത്തോട് യേശു നടത്തിയ പ്രസംഗത്തെയാണ് ഇതു നമ്മെ ഓർമിപ്പിക്കുന്നത്. ഈ സംവിധാനം നിമിത്തം അവൻ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായി കേൾക്കാൻ കഴിയുമായിരുന്നു.—മത്തായി 5:1, 2; 13:1, 2.
കൂടാതെ, എപ്പിഡൊറസിലെ ഇരിപ്പിടങ്ങളുടെ നിരകൾ അധികം ചെരിവ് ഇല്ലാതെ ഏതാണ്ട് കുത്തനെ ക്രമീകരിച്ചിരിക്കുന്നതിനാൽ, സ്റ്റേജും ഏറ്റവും പുറകിലെ ഇരിപ്പിടങ്ങളും തമ്മിലുള്ള ദൂരം കുറവാണ്. അതുകൊണ്ട്, ശബ്ദതരംഗങ്ങൾ പിൻനിരയിൽ എത്തുമ്പോഴേക്കും ദുർബലമാകുന്നില്ല.
അത്തരം നല്ല ധ്വനികപ്രഭാവം സാധ്യമാക്കുന്ന മറ്റൊരു സംഗതി, ഇരിപ്പിടങ്ങളുടെ നിരകൾ തമ്മിൽ ആവശ്യത്തിലധികം അകലം ഇല്ല എന്നതാണ്. അതുകൊണ്ട് ഒരേ സ്ഥായിയിലും വ്യക്തതയോടെയും ശബ്ദത്തിന് എല്ലായിടത്തും വ്യാപിക്കാൻ സാധിക്കുന്നു. ഓർക്കെസ്ത്രയുടെയും ഇരിപ്പിടങ്ങളുടെയും, ശബ്ദതരംഗങ്ങളെ പ്രതിഫലിപ്പിക്കാൻ തക്ക കട്ടിയും ഉറപ്പുമുള്ള പ്രതലം, ഉപയോഗിച്ചിരിക്കുന്ന മാർബിളിന്റെ ഗുണമേന്മ, പ്രശാന്തമായ അന്തരീക്ഷം, ഓർക്കെസ്ത്രയിൽനിന്ന് കാണികളുടെ അടുത്തേക്കു വീശുന്ന ഇളങ്കാറ്റ് എന്നിവ ആയിരുന്നു ശബ്ദ പ്രതിഫലനത്തിൽ ഉൾപ്പെട്ടിരുന്ന മറ്റു ഘടകങ്ങൾ.
ഒരു ഉത്തമ നാടകവേദി
എപ്പിഡൊറസിലേതു പോലുള്ള തീയേറ്ററുകൾ നിർമിച്ചപ്പോൾ പുരാതന ഗ്രീക്കുകാർ അതീവ ശ്രദ്ധയും വൈദഗ്ധ്യവും പ്രകടമാക്കിയതുകൊണ്ടാണ് കാണികൾക്കു നാടകങ്ങൾ തടസ്സംകൂടാതെ കാണാനും കേൾക്കാനും കഴിഞ്ഞത്. കൊയ്ത്ത്, മുന്തിരിവിളവെടുപ്പ് എന്നിവ ആഘോഷിക്കാനായി നടത്തിയിരുന്ന സദ്യകളും മരണവും പുതുജീവന്റെ ആവിർഭാവവും സംബന്ധിച്ച ആശയങ്ങളുമാണ് നാടകത്തിന് അടിത്തറ പാകിയത്. അത്തരം മദിരോത്സവ സദ്യകൾ, മദ്യത്തിന്റെയും ഫലപുഷ്ടിയുടെയും ദേവനായ ഡയനീഷ്യസിനെ പ്രകീർത്തിച്ചുകൊണ്ടുള്ളതായിരുന്നു. ഇത്തരം പ്രകടനങ്ങളിൽ പുരാണ ദൈവങ്ങളെ പുകഴ്ത്തുക മാത്രമല്ല, കഥകളും പറയുമായിരുന്നു. അങ്ങനെ മൂന്നു തരത്തിലുള്ള കഥാകഥനം വികാസം പ്രാപിച്ചു: ദുഃഖപര്യവസായി, സന്തോഷപര്യവസായി, ആക്ഷേപഹാസ്യം. ഈ സംഭവങ്ങളുടെ ജനസമ്മിതി തിരിച്ചറിഞ്ഞ നഗരാധിപന്മാർ, തങ്ങൾക്കു വലിയ രാഷ്ട്രീയ അധികാരം നേടിയെടുക്കാനുള്ള ഉപാധിയെന്ന നിലയിൽ അവയ്ക്കു പിന്തുണയേകി.
കാലക്രമത്തിൽ, ഡയനീഷ്യൻ ആഘോഷങ്ങൾക്ക് നാടകത്തിന്മേലുണ്ടായിരുന്ന സ്വാധീനത്തിനും മദിരോത്സവ ദൃശ്യങ്ങളുടെ ജനപ്രീതിക്കും മങ്ങലേറ്റു. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ പേരുകേട്ട നാടകകൃത്തുക്കളായ എസ്കലിസ്, സോഫോക്ലിസ്, യൂറിപ്പിഡീസ് എന്നിവരെപ്പോലുള്ളവർ തങ്ങളുടെ നാടകങ്ങൾക്കുള്ള പുതിയ ഇതിവൃത്തങ്ങൾക്കായി ഗ്രീക്ക് ചരിത്രത്തിലേക്കും പുരാണത്തിലേക്കും തിരിഞ്ഞു. നാടകത്തിന് പ്രചാരം വർധിച്ചതോടെയാണ് എപ്പിഡൊറസിലേതുപോലുള്ള വലിയ തീയേറ്ററുകൾ ആവശ്യമായിവന്നത്. നാടകങ്ങളിലെ ഓരോ വാക്കും—ഇതിൽ മിക്കപ്പോഴും, ശ്രദ്ധിച്ചിരുന്നാൽ മാത്രം പിടികിട്ടുന്ന വാക്കുകൾകൊണ്ടുള്ള കളികളും വാചകക്കസർത്തുകളും ഉൾപ്പെട്ടിരുന്നു—സദസ്സിന് കേൾക്കാൻ കഴിയണമായിരുന്നു. അതുകൊണ്ട്, തീയേറ്ററുകളുടെ നിർമാണത്തിൽ അസാധാരണമായ ശ്രദ്ധയും വൈദഗ്ധ്യവും ആവശ്യമായിരുന്നു.
ഓരോ നാടകത്തിനും ഒരു ഗായകസംഘവും (സാധാരണമായി 10 മുതൽ 15 വരെ പേർ) അഭിനേതാക്കളും (ഒരു രംഗത്തിൽ മൂന്നിൽ കൂടുതൽ ആളുകൾ സംസാരിച്ചിരുന്നില്ല) ആവശ്യമായിരുന്നു. ഗായകസംഘത്തിന്റെ പാട്ട് അനുസരിച്ച് നടിക്കുന്ന അഭിനേതാക്കളെ ഹിപ്പോക്രിറ്റി എന്നാണു വിളിച്ചിരുന്നത്. കാലാന്തരത്തിൽ, കപടമായി പ്രവർത്തിക്കുകയോ നടിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെ ആലങ്കാരികമായി വർണിക്കാൻ ഈ പദം ഉപയോഗിക്കാൻ തുടങ്ങി. യേശുവിന്റെ നാളിലെ കപടസ്വഭാവക്കാരായ ശാസ്ത്രിമാരെയും പരീശന്മാരെയും വർണിക്കാൻ മത്തായിയുടെ സുവിശേഷം ഈ പദം ഉപയോഗിച്ചു.—മത്തായി 23:13.
എപ്പിഡൊറസും പുരാതന നാടകവും ഇന്ന്
പുരാതന നാടകാവതരണം ഗ്രീസിലെ എപ്പിഡൊറസിലും മറ്റിടങ്ങളിലും അരങ്ങേറിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ, പുരാതന ഗ്രീക്ക് നാടകങ്ങൾ, പ്രത്യേകിച്ച്, ദുഃഖപര്യവസായിയായ നാടകങ്ങൾ, ഒരു കലാലയ പാഠ്യ പദ്ധതി മാത്രമായിരുന്നു. എന്നാൽ, 1932-ൽ ഗ്രീസിലെ നാഷണൽ തീയേറ്റർ സ്ഥാപിതമായതോടെ, പുരാതന നാടകകൃത്തുക്കളുടെ കൃതികൾ ആധുനിക ഗ്രീക്കിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്.
1945 മുതൽ, എപ്പിഡൊറിയ നാടകോത്സവം ഒരു വാർഷിക പരിപാടി ആയിത്തീർന്നിരിക്കുന്നു. ഓരോ വേനൽക്കാലത്തും, ഗ്രീസിലും വിദേശത്തും ഉള്ള പല നാടക കമ്പനികളും എപ്പിഡൊറസ് തീയേറ്ററിൽവന്ന് പുരാതന നാടകങ്ങൾ അവതരിപ്പിക്കാറുണ്ട്. വിനോദസഞ്ചാരികളും തീയേറ്ററിനെ സ്നേഹിക്കുന്നവരുമായ ആയിരക്കണക്കിനാളുകൾ ഏതാണ്ട് 2,500 വർഷങ്ങൾക്കു മുമ്പെഴുതിയ നാടകത്തിന്റെ ആധുനിക ആവിഷ്കാരം കാണാനായി ഇവിടം സന്ദർശിക്കുന്നു.
നിങ്ങൾക്ക് ഗ്രീസ് സന്ദർശിക്കാൻ അവസരം കിട്ടിയാൽ എപ്പിഡൊറസ് സന്ദർശിക്കാൻ മറക്കരുത്. മനോജ്ഞമായ ഈ തീയേറ്റർ കണ്ടുകഴിഞ്ഞാൽ നിങ്ങളും പൊസേനിയാസിന്റെ നിഗമനത്തിൽ എത്തിച്ചേർന്നേക്കാം: ‘എപ്പിഡൊറസിന്റെ സൗകുമാര്യത്തോട് കിടപിടിക്കുന്ന വാസ്തുശില്പ നിർമിതികൾ ഇല്ല.’
[13-ാം പേജിലെ ചതുരം]
തീയേറ്ററുംആദിമ ക്രിസ്ത്യാനികളും
‘ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കുന്നു’ എന്ന് എപ്പിഡൊറസിന് അടുത്തായി താമസിച്ചിരുന്ന കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് അപ്പൊസ്തലനായ പൗലൊസ് എഴുതി. (1 കൊരിന്ത്യർ 4:9; എബ്രായർ 10:33) അധിക്ഷേപിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതു നിമിത്തം അവർ, ഒരു തീയേറ്ററിൽ സാർവത്രിക സദസ്സിനു മുമ്പാകെ ആയിരിക്കുന്നതുപോലെയാണ് എന്നാണ് അവൻ അർഥമാക്കിയത്. പൗലൊസിന്റെ നാളുകളിൽ നാടകങ്ങൾ പ്രചാരമേറിയ ഒരു വിനോദ രൂപമായിരുന്നു. എന്നിരുന്നാലും, അക്കാലത്തെ നാടകങ്ങളിൽ മിക്കപ്പോഴും അവതരിപ്പിച്ചിരുന്ന കടുത്ത അക്രമത്തിനും അധാർമികതയ്ക്കും എതിരെ ആദിമ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു ലഭിച്ചിരുന്നു. (എഫെസ്യർ 5:3-5) ചിലപ്പോഴൊക്കെ കാണികൾക്കു വിനോദം പ്രദാനം ചെയ്യാനായി ക്രിസ്ത്യാനികളെ റോമാ സാമ്രാജ്യത്തിലെ തീയേറ്ററുകളിലേക്കും പോർക്കളങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടു പോയിട്ടുണ്ട്. അവർ വന്യ മൃഗങ്ങളുമായി മല്ലിടാൻ പോലും നിർബന്ധിതരായിത്തീർന്നിട്ടുണ്ട്.
[12-ാം പേജിലെ ചിത്രങ്ങൾ]
സോഫോക്ലിസ്
എസ്കലിസ്
യൂറിപ്പിഡീസ്
[കടപ്പാട്]
ഗ്രീക്ക് നാടകകൃത്തുക്കൾ: Musei Capitolini, Roma
[11-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Courtesy GNTO