“ആദ്യം സുവാർത്ത പ്രസംഗിക്കപ്പെടേണ്ടതാണ്”
“കൂടാതെ സകല ജനതകളിലും ആദ്യം സുവാർത്ത പ്രസംഗിക്കപ്പെടേണ്ടതാണ്.”—മർക്കോസ് 13:10.
1. ക്രൈസ്തവലോകത്തിലെ മതങ്ങളിൽനിന്നെല്ലാം യഹോവയുടെ സാക്ഷികളെ വ്യത്യസ്തരാക്കുന്ന ഒരു സംഗതി എന്താണ്, എന്തുകൊണ്ട്?
ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന എല്ലാവരിലും വച്ച് യഹോവയുടെ സാക്ഷികൾ മാത്രമേ സുവാർത്ത പ്രസംഗത്തെ കാര്യമായി എടുക്കുന്നുള്ളു. ഓരോ അംഗവും ദൈവോദ്ദേശ്യങ്ങളെക്കുറിച്ച് അയൽക്കാരനോടു സംസാരിക്കാൻ ക്രമമായ അടിസ്ഥാനത്തിൽ അയാളെ സന്ദർശിക്കാൻ കടപ്പാടു തോന്നുന്ന ഏക സമൂഹം അവരാണ്. ഇതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ഒരു ക്രിസ്ത്യാനിയെന്നനിലയിൽ താൻ ക്രിസ്തുവിന്റെ ഒരു പദാനുഗാമി ആയിരിക്കേണ്ടതാണെന്ന് ഓരോ സാക്ഷിയും വിചാരിക്കുന്നു. (1 പത്രോസ് 2:21) ഇത് എന്ത് അർത്ഥമാക്കുന്നു?
2. അനേകർ യേശുക്രിസ്തുവിനെ വീക്ഷിക്കുന്നതെങ്ങനെ, എന്നാൽ ഭൂമിയിലെ അവന്റെ മുഖ്യപ്രവർത്തനം എന്തായിരുന്നു?
2 അനേകരുടെ മനസ്സിൽ യേശുക്രിസ്തു സൽപ്രവൃത്തികൾ ചെയ്ത ഒരു മനുഷ്യൻ മാത്രമായിരുന്നു. അവൻ രോഗികളെ സൗഖ്യമാക്കുകയും വിശക്കുന്നവരെ പോഷിപ്പിക്കുകയും സഹായമാവശ്യമുണ്ടായിരുന്നവരോടു സ്നേഹവും ദയയും പ്രകടമാക്കുകയും ചെയ്തു. എന്നാൽ യേശു അതിലുമധികം ചെയ്തു. അവൻ എല്ലാററിലുമുപരിയായി ദൈവരാജ്യസുവാർത്തയുടെ ഒരു തീക്ഷ്ണതയുള്ള പ്രസംഗകനായിരുന്നു. യോർദ്ദാൻ നദിയിലെ തന്റെ സ്നാനത്തിനുശേഷം ചുരുക്കം ചില മാസങ്ങൾ കഴിഞ്ഞ് “ജനങ്ങളേ അനുതപിക്കുവിൻ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് യേശു പരസ്യമായി പ്രസംഗിച്ചുതുടങ്ങി. (മത്തായി 4:17) മർക്കോസിന്റെ വിവരണം പറയുന്നു: “യേശു ഗലീലയിലേക്കു പോകുകയും ദൈവത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: ‘നിയമിതകാലം തികഞ്ഞിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ജനങ്ങളേ അനുതപിച്ച് സുവാർത്തയിൽ വിശ്വസിക്കുക.”—മർക്കോസ് 1:14, 15.
3, 4. (എ) യേശു സകലതരം രോഗവും സൗഖ്യമാക്കിയെങ്കിലും അവൻ തന്റെ ശുശ്രൂഷയിൽ ഊന്നിപ്പറഞ്ഞതെന്തായിരുന്നു? (ബി) യേശു അയക്കപ്പെട്ടതെന്തിനായിരുന്നു? (സി) യേശു തന്റെ പ്രസംഗവേലയെ എന്തിനോട് ഉപമിച്ചു, അവൻ തന്റെ ശിഷ്യൻമാരോട് എന്തു ചെയ്യാൻ പറഞ്ഞു?
3 യേശു തന്നെ അനുഗമിക്കാൻ പത്രോസിനെയും അന്ത്രയോസിനെയും യാക്കോബിനെയും യോഹന്നാനെയും വിളിച്ചു. നാം ഇങ്ങനെ വായിക്കുന്നു: “അനന്തരം അവൻ മുഴു ഗലീലയിലുമുടനീളം ചുററി സഞ്ചരിച്ചു അവരുടെ സിന്നഗോഗുകളിൽ പഠിപ്പിക്കുകയും രാജ്യ സുവാർത്ത പ്രസംഗിക്കുകയും ജനത്തിന്റെ ഇടയിലെ സകലതരം രോഗവും സകലതരം ദൗർബ്ബല്യവും സൗഖ്യമാക്കുകയും ചെയ്തു.” ഗലീലയിലെ ജനക്കൂട്ടങ്ങൾ അവനെ പിടിച്ചു നിർത്താൻ ശ്രമിച്ചപ്പോൾ “മററു നഗരങ്ങളോടും ഞാൻ ദൈവരാജ്യസുവാർത്ത പ്രഖ്യാപിക്കേണ്ടതാകുന്നു, എന്തുകൊണ്ടെന്നാൽ ഇതിനായിട്ടാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്” എന്ന് അവൻ പറഞ്ഞു. അനന്തരം അവൻ യഹൂദ്യയിലെ സിന്നഗോഗുകളിൽ പ്രസംഗിച്ചുനടന്നു.—മത്തായി 4:18-23; ലൂക്കോസ് 4:4, 43, 44.
4 വീണ്ടും ഗലീലയിലേക്കു മടങ്ങിവന്ന് യേശു “ദൈവരാജ്യസുവാർത്ത പ്രസംഗിച്ചും ഘോഷിച്ചും കൊണ്ട് നഗരം തോറും ഗ്രാമംതോറും സഞ്ചരിച്ചു.” (ലൂക്കോസ് 8:1) അവൻ തന്റെ പ്രസംഗവേലയെ കൊയ്ത്തിനോട് ഉപമിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: “കൊയ്ത്തു വലുതാകുന്നു, എന്നാൽ വേലക്കാർ ചുരുക്കമാണ്. ആകയാൽ തന്റെ കൊയ്ത്തിന് വേലക്കാരെ അയയ്ക്കാൻ കൊയ്ത്തിന്റെ യജമാനനോട് അപേക്ഷിക്കുക.” (മത്തായി 9:35-38) ജനക്കൂട്ടങ്ങൾ അവന് വിശ്രമം കൊടുക്കാതിരുന്നപ്പോൾപോലും “അവൻ അവരെ ദയാപൂർവ്വം സ്വീകരിക്കുകയും അവരോടു ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുകയും ചെയ്തു, രോഗശാന്തി ആവശ്യമുണ്ടായിരുന്നവരെ അവൻ സൗഖ്യമാക്കി.”—ലൂക്കോസ് 9:11.
5. യേശു തന്റെ അപ്പോസ്തലൻമാരെയും മററ് ശിഷ്യൻമാരെയും ശുശ്രൂഷക്ക് അയച്ചപ്പോൾ, അവൻ അവർക്ക് എന്തു നിർദ്ദേശങ്ങൾ കൊടുത്തു?
5 യേശു രോഗികളെ സൗഖ്യമാക്കുകയും ചിലപ്പോഴൊക്കെ വിശക്കുന്നവരെ പോഷിപ്പിക്കുകയും ചെയ്തു. എന്നാൽ മറെറല്ലാററിനുമുപരിയായി അവൻ ദൈവരാജ്യത്തെക്കുറിച്ച് മററുള്ളവരോടു പറയുന്നതിൽ തിരക്കുള്ളവനായിരുന്നു. തന്റെ അനുഗാമികളും അതുതന്നെ ചെയ്യാൻ അവൻ ആവശ്യപ്പെട്ടു. തന്റെ അപ്പോസ്തലൻമാരെ പരിശീലിപ്പിച്ചിട്ട് പ്രസംഗിക്കുന്നതിന് അവരെ ഈരണ്ടായി അയയ്ക്കുകയും “നിങ്ങൾ പോകുമ്പോൾ ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് പ്രസംഗിക്കുക” എന്നു പറയുകയും ചെയ്തു. (മത്തായി 10:7) “ദൈവരാജ്യം പ്രസംഗിക്കുന്നതിനും സൗഖ്യമാക്കുന്നതിനുമായി അവൻ അവരെ അയച്ചു”വെന്ന് ലൂക്കോസ് പ്രസ്താവിക്കുന്നു. (ലൂക്കോസ് 9:2) ‘രോഗികളെ സൗഖ്യമാക്കാനും ദൈവരാജ്യം അടുത്തുവന്നിരിക്കുന്നുവെന്ന് അവരോടു പറഞ്ഞുകൊണ്ടിരിക്കാനു’മുള്ള കല്പന യേശു 70 ശിഷ്യൻമാർക്കും കൊടുത്തു.—ലൂക്കോസ് 10:9.
6. സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് യേശു തന്റെ അനുഗാമികൾക്ക് അവരുടെ ശുശ്രൂഷ സംബന്ധിച്ചു എന്തു നിർദ്ദേശങ്ങൾ കൊടുത്തു?
6 സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനു മുമ്പ് പ്രസംഗവേല തുടരുന്നതിനും അതു വികസിപ്പിക്കുന്നതിനും പോലും യേശു തന്റെ അനുഗാമികൾക്കു നിയോഗം കൊടുത്തു. “പോയി ഞാൻ നിങ്ങളോടു കൽപ്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് . . . അവരെ ശിഷ്യരാക്കാൻ” അവൻ അവരോടു കല്പിച്ചു. (മത്തായി 28:19, 20) കൂടുതലായി അവൻ ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നെത്തുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കുകയും നിങ്ങൾ യരൂശലേമിലും മുഴുയഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അതിവിദൂര ഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കുകയും ചെയ്യും.” (പ്രവൃത്തികൾ 1:8) അങ്ങനെ, യേശുവും അവന്റെ അപ്പോസ്തലൻമാരും ദൈവരാജ്യസുവാർത്തയുടെ പ്രസംഗത്തിന് പ്രഥമശ്രദ്ധ കൊടുത്തു.
നമ്മുടെ കാലത്തു രാജ്യം പ്രസംഗിക്കപ്പെടണം
7. “വ്യവസ്ഥിതിയുടെ സമാപന”ത്തിങ്കൽ ചെയ്യേണ്ട ഒരു പ്രസംഗവേലയെ സംബന്ധിച്ച് യേശു എന്തു പറഞ്ഞു?
7 “വ്യവസ്ഥിതിയുടെ സമാപന”ത്തിങ്കൽ നടക്കേണ്ട സംഭവങ്ങളെക്കുറിച്ചുള്ള തന്റെ പ്രവചനത്തിൽ, യേശു ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:3, 14) അല്ലെങ്കിൽ മർക്കോസ് 13:10-ൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ, “കൂടാതെ, സകല ജനതകളിലും ആദ്യം സുവാർത്ത പ്രസംഗിക്കപ്പെടേണ്ടതാണ്.”—വെളിപ്പാട് 14:6, 7.
8. (എ) അപ്പോസ്തലൻമാരുടെ കാലത്ത് സുവാർത്തയിൽ എന്ത് ഉൾപ്പെട്ടിരുന്നു? (ബി) സുവാർത്തയുടെ സന്ദേശത്തിൽ ഇന്ന് എന്ത് ഉൾപ്പെടുന്നു?
8 “അന്ത്യനാളുകളിൽ” രാജ്യത്തിന്റെ സുവാർത്തയിൽ യേശു ഭൂമിയിലായിരുന്നപ്പോഴത്തേതിലധികം ഉൾപ്പെടുന്നുണ്ട്. മശിഹായും രാജാവുമെന്നനിലയിൽ താൻ ജനങ്ങളുടെ ഇടയിലുണ്ടെന്നുള്ള വസ്തുതയിലേക്ക് ശ്രദ്ധ ആകർഷിച്ചുകൊണ്ട് രാജ്യം സമീപിച്ചിരിക്കുന്നുവെന്ന് യേശു പ്രസംഗിച്ചു. (2 തിമൊഥെയോസ് 3:1; മത്തായി 4:17; ലൂക്കോസ് 17:21) ആദിമ ക്രിസ്ത്യാനികൾ പ്രസംഗിച്ച സുവാർത്തയിൽ യേശുവിന്റെ പുനരുത്ഥാനത്തിന്റെയും സ്വർഗ്ഗാരോഹണത്തിന്റെയും സംഗതി ഉൾപ്പെട്ടിരുന്നു, അത് വരാനിരിക്കുന്ന രാജ്യത്തിൽ വിശ്വാസമർപ്പിക്കുന്നതിന് സൗമ്യതയുള്ളവരെ പ്രോത്സാഹിപ്പിച്ചു. (പ്രവൃത്തികൾ 2:22-24, 32; 3:19-21; 17:2, 3; 26:23; 28:23, 31) നാം “വ്യവസ്ഥിതിയുടെ സമാപന”ത്തിൽ എത്തിയിരിക്കുന്നതുകൊണ്ട് രാജ്യസുവാർത്തയുടെ പ്രസംഗത്തിൽ രാജ്യം സ്വർഗ്ഗത്തിൽ സ്ഥാപിതമായിരിക്കുന്നുവെന്ന ശ്രദ്ധേയമായ സന്ദേശം ഉൾപ്പെടുന്നു.—വെളിപ്പാട് 11:15-18; 12:10.
ആർ സുവാർത്ത പ്രസംഗിക്കും?
9. (എ)ഇന്നത്തെ എല്ലാ ക്രിസ്ത്യാനികൾക്കും സുവാർത്ത പ്രസംഗിക്കാനുള്ള കടപ്പാടില്ലെന്ന് ചിലർ വാദിച്ചേക്കാവുന്നതെങ്ങനെ? (ബി) കഴിഞ്ഞ കാലത്തു തന്റെ വചനം പ്രസംഗിക്കാൻ യഹോവ ആരെ ഉപയോഗിച്ചു, ഇത് ഇന്ന് നമുക്ക് എന്ത് അർത്ഥമാക്കുന്നു?
9 ഇന്ന് ആർ പ്രസംഗവേലയിൽ പങ്കെടുക്കണം? അത് ഓരോരുത്തരുടെയും കടപ്പാടല്ലെന്ന് ക്രൈസ്തവലോകം വിചാരിക്കുന്നുവെന്നു സ്പഷ്ടമാണ്, സുവാർത്ത പ്രസംഗിക്കപ്പെടുമെന്നു യേശു പറഞ്ഞപ്പോൾ ആ വേല ആർ ചെയ്യുമെന്ന് അവൻ എടുത്തു പറഞ്ഞില്ലെന്നുള്ളതു സത്യംതന്നെ. യഹോവയുടെ വചനത്തിൽ വിശ്വാസമർപ്പിക്കുകയും തങ്ങളുടെ ജീവിതത്തിൽ അതു ബാധകമാക്കിത്തുടങ്ങുകയും ചെയ്തിട്ടുള്ളവരെയല്ലാതെ മററാരെയാണ് യഹോവ അത്തരമൊരു വേലക്ക് ഉപയോഗിക്കുന്നത്? നോഹയുടെ നാളുകളിൽ വരാനിരിക്കുന്ന ഒരു നാശത്തെക്കുറിച്ച് ദുഷ്ട മനുഷ്യവർഗ്ഗലോകത്തിന് മുന്നറിയിപ്പു കൊടുക്കാൻ യഹോവ തീരുമാനിച്ചപ്പോൾ അവൻ “സത്യദൈവത്തോടുകൂടെ നടന്ന” ഒരു മനുഷ്യനെ ഉപയോഗിച്ചു. (ഉല്പത്തി 6:9, 13, 14; 2 പത്രോസ് 2:5) യിസ്രായേലിന് പ്രവാചക സന്ദേശങ്ങൾ എത്തിക്കാൻ അവൻ ആഗ്രഹിച്ചപ്പോൾ അവൻ ‘പ്രവാചകൻമാരായ തന്റെ ദാസൻമാരെ’ അയച്ചു. (യിരെമ്യാവ് 7:25; ആമോസ് 3:7, 8) യിസ്രായേൽ എന്ന സമർപ്പിത ജനത തന്റെ സാക്ഷികളുടെ ഒരു ജനതയായിരുന്നു. (പുറപ്പാട് 19:5, 6; യെശയ്യാവ് 43:10-12) അതെ, യഹോവ തന്റെ സാക്ഷികളായി തന്റെ സമർപ്പിത ദാസൻമാരെ ഉപയോഗിക്കുന്നു.
10. ശിഷ്യരെ ഉളവാക്കാനുള്ള കല്പന എല്ലാ ക്രിസ്ത്യാനികൾക്കും ബാധകമാകുന്നുവെന്ന് മത്തായി 28:19, 20-ലെ വാചകരീതിയിൽനിന്ന് എങ്ങനെ കാണാൻ കഴിയും?
10 മത്തായി 28:19, 20-ൽ കൊടുത്തിരിക്കുന്ന ശിഷ്യരെ ഉളവാക്കാനുള്ള കല്പന അപ്പോസ്തലൻമാർക്കു മാത്രമാണ് കൊടുക്കപ്പെട്ടതെന്നും തന്നിമിത്തം പൊതുവിൽ ക്രിസ്ത്യാനികൾക്കു ബാധകമാകുന്നില്ലെന്നും ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ യേശു പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുക: “ആകയാൽ പോയി ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് . . . അവരെ ശിഷ്യരാക്കുക.” യേശു കല്പിച്ച സകല കാര്യങ്ങളും അനുഷ്ഠിക്കാൻ അവന്റെ അനുഗാമികൾ പുതിയ ശിഷ്യരെ പഠിപ്പിക്കണമായിരുന്നു. അവൻ കല്പിച്ച കാര്യങ്ങളിലൊന്ന് ‘പോയി ശിഷ്യരെ ഉളവാക്കുക’ എന്നതായിരുന്നു. തീർച്ചയായും, ഈ പ്രത്യേക കല്പനയും അനുഷ്ഠിക്കാൻ സകല പുതിയ ശിഷ്യരെയും പഠിപ്പിക്കണമായിരുന്നു.
11. (എ) ഒന്നാം നൂററാണ്ടിൽ ക്രിസ്തീയ സഭയുടെ മേൽ എന്തു കടപ്പാടു സ്ഥിതി ചെയ്തിരുന്നു? (ബി ഒരുവൻ രക്ഷിക്കപ്പെടുന്നതിന് എന്താവശ്യമാണ്? ഇതിൽ എന്തുൾപ്പെടുന്നു?
11 ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭ ‘അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് തങ്ങളെ വിളിച്ചവന്റെ മാഹാത്മ്യങ്ങളെ എല്ലായിടത്തും ഘോഷിക്കേണ്ടതിനുള്ള പ്രത്യേക സ്വത്തായ ദൈവജനം’ എന്നു വിളിക്കപ്പെട്ടു. (1 പത്രോസ് 2:9) അതിലെ അംഗങ്ങൾ ദൈവരാജ്യത്തിന് തീക്ഷ്ണമായി സാക്ഷ്യം വഹിച്ചു. (പ്രവൃത്തികൾ 8:4, 12) അഭിഷിക്ത ക്രിസ്ത്യാനികളായ റോമിലെ സകല “വിശുദ്ധൻമാരോടും” “രക്ഷക്കുവേണ്ടി ഒരുവൻ വായ്കൊണ്ടു പരസ്യപ്രഖ്യാപനം ചെയ്യുന്നു”വെന്നും “യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നും പറയപ്പെട്ടു. (റോമർ 1:7; 10:9, 10, 13) ഒരുവന്റെ സ്നാനസമയത്തു ചെയ്യപ്പെടുന്ന രക്ഷക്കുവേണ്ടിയുള്ള ഈ പരസ്യപ്രഖ്യാപനത്തിൽ യഹോവയുടെ രാജ്യത്തിന്റെ സുവാർത്തയുടെ പരസ്യപ്രസംഗവും ഉൾപ്പെടുന്നു.
12, 13. (എ) എബ്രായർ 10:23-ൽ പറഞ്ഞിരിക്കുന്ന “നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപന”ത്തിൽ എന്ത് ഉൾപ്പെടുന്നു? (ബി) സങ്കീർത്തനം 96 സഭക്കു പുറത്തെ പരസ്യപ്രഖ്യാപനത്തിന്റെ ആവശ്യം കാണിക്കുന്നതെങ്ങനെ, വെളിപ്പാട് 7:9, 10 ഇതിനെ പിന്താങ്ങുന്നതെങ്ങനെ?
12 അപ്പോസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “നമുക്ക് ചാഞ്ചല്യം കൂടാതെ നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം മുറുകെപ്പിടിക്കാം, എന്തെന്നാൽ വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാകുന്നു.” (എബ്രായർ 10:23) ഈ പരസ്യപ്രഖ്യാപനം സഭാമീററിംഗുകൾക്കു പരിമിതപ്പെട്ടിരിക്കുന്നില്ല. (സങ്കീർത്തനം 40:9, 10) സങ്കീർത്തനം 96:2, 3, 10-ൽ സഭക്കു പുറത്ത് ജനതകളോട് പ്രസംഗിക്കാനുള്ള ഒരു പ്രവാചക കല്പനയാണ് നാം വ്യക്തമായി കാണുന്നത്, ഈ വാക്കുകളിൽ: “ദിനംതോറും അവനാലുള്ള രക്ഷയുടെ സുവാർത്ത അറിയിക്കുക. ജനതകളുടെ ഇടയിൽ അവന്റെ മഹത്വവും, സകല ജനങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുത പ്രവൃത്തികളും ഘോഷിക്കുക. ‘യഹോവതന്നെ രാജാവായിരിക്കുന്നു’ എന്ന് ജനതകളുടെ ഇടയിൽ പറയുക.” തീർച്ചയായും മത്തായി 28:19, 20-ലും പ്രവൃത്തികൾ 1:8-ലും ജനതകളോടു പ്രസംഗിക്കാൻ യേശു ക്രിസ്ത്യാനികളോടു കല്പിച്ചു.
13 അഭിഷിക്ത എബ്രായ ക്രിസ്ത്യാനികളോടുള്ള പൗലോസിന്റെ കൂടുതലായ വാക്കുകളിൽ ഈ പരസ്യ പ്രസംഗത്തെയാണു പരാമർശിച്ചിരിക്കുന്നത്: “അവൻ മുഖാന്തരം നമുക്ക് എല്ലായ്പ്പോഴും ദൈവത്തിന് ഒരു സ്തുതിയാഗം, അതായത്, അവന്റെ നാമത്തിന് പരസ്യ പ്രഖ്യാപനം നടത്തുന്ന അധരഫലം, അർപ്പിക്കാം.” (എബ്രായർ 13:15) വെളിപ്പാടു പുസ്തകത്തിൽ, സകല ജനതകളിൽനിന്നും കൂട്ടിച്ചേർക്കപ്പെടുന്ന “മഹാപുരുഷാര”വും ഉറച്ച ശബ്ദത്തിൽ “രക്ഷക്കുവേണ്ടി ഞങ്ങൾ സിംഹാസനത്തിലിരിക്കുന്ന ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു” എന്ന് വിളിച്ചു പറയുന്നതായി കാണപ്പെടുന്നു. (വെളിപ്പാട് 7:9, 10) അങ്ങനെ, “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ ഈ കാലത്ത് ക്രിസ്തുവിന്റെ ആത്മീയ സഹോദരൻമാരുടെ ശേഷിപ്പും “മഹാപുരുഷാര”മായിരിക്കുന്ന ചെമ്മരിയാടുതുല്യരായ അവരുടെ സഹപ്രവർത്തകരും ചേർന്ന യഹോവയുടെ സമർപ്പിതസാക്ഷികളാലാണ് സുവാർത്താപ്രസംഗം നിർവ്വഹിക്കപ്പെടുന്നത്. എന്നാൽ അവർ യഥാർത്ഥത്തിൽ എങ്ങനെയാണ് ഈ വേല ചെയ്യേണ്ടത്?
“പരസ്യമായും വീടുതോറും”
14. യേശു തന്റെ പ്രസംഗിക്കൽ എവിടെ നിർവ്വഹിച്ചുകൊണ്ടിരുന്നു, ഇതിൽനിന്നു നമുക്ക് ഏതു തത്വം പഠിക്കാൻ കഴിയും?
14 യേശു നേരിട്ട് ജനങ്ങളോടു പ്രസംഗിച്ചു. ദൃഷ്ടാന്തമായി, അവൻ സിന്നഗോഗുകളിൽ പ്രസംഗിച്ചതായി നാം വായിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആളുകൾ ശബ്ബത്തിൽ അവിടെ സമ്മേളിക്കുകയും തിരുവെഴുത്തുകളുടെ ഒരു വായനയും ചർച്ചയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. (മത്തായി 4:23; ലൂക്കോസ് 4:15-21) യേശു വഴിയരികിലും സമുദ്രതീരത്തും പർവ്വതസാനുക്കളിലും ഒരു നഗരത്തിനു പുറത്തെ കിണററിങ്കലും വീടുകളിലും ആളുകളോടു പ്രസംഗിച്ചു. ആളുകൾ എവിടെ ഉണ്ടായിരുന്നോ അവിടെയെല്ലാം യേശു പ്രസംഗിച്ചു.—മത്തായി 5:1, 2; മർക്കോസ് 1:29-34; 2:1-4, 13; 3:14; 4:1, 2; ലൂക്കോസ് 5:1-3; 9:57-60; യോഹന്നാൻ 4:4-26.
15. (എ) യേശു തന്റെ ശിഷ്യൻമാരെ പ്രസംഗിക്കാനയച്ചപ്പോൾ അവൻ എന്തു നിർദ്ദേശങ്ങൾ കൊടുത്തു? (ബി) ചില ബൈബിൾ വ്യാഖ്യാതാക്കൾ ഇതിനെ വിശദീകരിച്ചിരിക്കുന്നതെങ്ങനെ?
15 യേശു തന്റെ ശിഷ്യൻമാരെ പ്രസംഗിക്കാനയച്ചപ്പോഴും അവൻ ആളുകളുടെ അടുക്കലേക്ക് നേരിട്ട് അവരെ അയച്ചു. മത്തായി 10:1-15, 40-42-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ നിർദ്ദേശങ്ങളിൽ ഇതു കാണപ്പെടുന്നു. 11-ാം വാക്യത്തിൽ അവൻ ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഏതു നഗരത്തിലോ ഗ്രാമത്തിലോ പ്രവേശിച്ചാലും അതിൽ അർഹതയുള്ളത് ആരെന്ന് അന്വേഷിക്കുക, നിങ്ങൾ വിട്ടുപോകുന്നതുവരെ അവിടെ പാർക്കുക.” “വിശ്വാസയോഗ്യനായ ആരെയെങ്കിലും ചോദിച്ചറിയുക”യെന്നാണ് യെരൂശലേം ബൈബിൾ ഈ വാക്യം വിവർത്തനം ചെയ്യുന്നത്, സൽക്കീർത്തിയുള്ളതും അങ്ങനെ ദൂതിന് അർഹതയുള്ളതും ആരെന്ന് കണ്ടുപിടിക്കാൻ ഗ്രാമത്തിൽ പ്രമുഖനോ അറിവുള്ളവനോ ആയ ആരോടെങ്കിലും ശിഷ്യൻമാർ ചോദിക്കേണ്ടിയിരുന്നുവെന്നപോലെ. (വെയ്മത്തും കിംഗ് ജയിംസ് വേർഷനും കൂടെ കാണുക.) 11-ാം വാക്യത്തിന് ചില ബൈബിൾ വ്യാഖ്യാതാക്കൾ കൊടുക്കുന്ന വിശദീകരണം ഇതാണ്.
16. മത്തായി 10:11-ലെ യേശുവിന്റെ വാക്കുകളുടെ കൂടുതൽ വസ്തുനിഷ്ഠമായ ഏതു പരിചിന്തനം അപ്പോസ്തലൻമാർ അർഹതയുള്ളവരെ എങ്ങനെ അന്വേഷിക്കണമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു?
16 എന്നിരുന്നാലും, ക്രൈസ്തവലോകത്തിലെ ദൈവശാസ്ത്രജ്ഞൻമാരിൽ ഏറിയ പങ്കും വീടുതോറും പോകുന്നില്ലെന്ന് മനസ്സിൽ പിടിക്കേണ്ടതാണ്, സ്വന്തം അനുഭവത്തിന്റെ സംബന്ധത്തിൽ തിരുവെഴുത്തുകളെ വ്യാഖ്യാനിക്കാനാണ് അനേകം ബൈബിൾ വ്യാഖ്യാതാക്കൾ പ്രവണത കാട്ടുന്നത്. യേശുവിന്റെ നിർദ്ദേശങ്ങളുടെ കൂടുതൽ വസ്തുനിഷ്ഠമായ ഒരു പരിചിന്തനം അവന്റെ ശിഷ്യൻമാർ വീടുതോറുമോ പരസ്യമായോ ആളുകളെ വ്യക്തിഗതമായി തെരയുന്നതിനെയും അവർക്ക് രാജ്യസന്ദേശം സമർപ്പിക്കുന്നതിനെയും സംബന്ധിച്ചാണ് അവൻ സംസാരിക്കുന്നതെന്നു സൂചിപ്പിക്കുന്നു. (മത്തായി 10:7) അവരുടെ പ്രതികരണം അവർക്ക് അർഹതയുണ്ടോ ഇല്ലയോ എന്നു സൂചിപ്പിക്കും.—മത്തായി 10:12-15.
17. യേശുവിന്റെ ശിഷ്യൻമാർ ശുപാർശയേയോ ക്രമീകരണത്തെയോ അടിസ്ഥാനപ്പെടുത്തി യോഗ്യതയുള്ളവരെ സന്ദർശിക്കുകയല്ലായിരുന്നുവെന്ന് എന്തു തെളിയിക്കുന്നു?
17 ഇത് മത്തായി 10:14-ലെ യേശുവിന്റെ വാക്കുകളിൽനിന്ന് കാണാവുന്നതാണ്: “ആരെങ്കിലും നിങ്ങളെ സ്വീകരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുകയോ ചെയ്യാത്തടത്തെല്ലാം ആ വീട്ടിൽ നിന്നോ ആ നഗരത്തിൽനിന്നോ പോകുമ്പോൾ നിങ്ങളുടെ പാദങ്ങളിൽനിന്ന് പൊടി കുടഞ്ഞുകളയുക.” അവന്റെ ശിഷ്യൻമാർ ആളുകളോടു പ്രസംഗിക്കാൻ ക്ഷണിക്കപ്പെടാതെ അവരെ സന്ദർശിക്കുന്നതിനെക്കുറിച്ചായിരുന്നു യേശു സംസാരിച്ചത്. സന്ദേശത്തിന് ചെവികൊടുക്കുന്ന ഭവനങ്ങളിലൊന്നിൽ അവർ താമസസൗകര്യവും സ്വീകരിക്കുമായിരുന്നുവെന്നതു സത്യംതന്നെ. (മത്തായി 10:11) എന്നാൽ പ്രധാനസംഗതി പ്രസംഗവേലയായിരുന്നു. ലൂക്കോസ് 9:6-ൽ ഇങ്ങനെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “അപ്പോൾ അവർ പുറപ്പെട്ട് എല്ലായിടത്തും സുവാർത്ത പ്രഖ്യാപിച്ചുകൊണ്ടും രോഗശാന്തി വരുത്തിക്കൊണ്ടും ഗ്രാമംതോറും പ്രദേശത്തിലൂടെ പോയി.” (ലൂക്കോസ് 10:8, 9 കൂടെ കാണുക.) ഒരുപക്ഷേ “ഒരു കപ്പു തണുത്ത വെള്ളം” കൊടുത്തുകൊണ്ട്, അല്ലെങ്കിൽ താമസസൗകര്യം പോലും കൊടുത്തുകൊണ്ട് അവരെ പ്രവാചകൻമാരെന്ന നിലയിൽ തങ്ങളുടെ വീടുകളിൽ സ്വീകരിക്കുന്ന, അർഹതയുള്ളവർക്ക് തങ്ങളുടെ പ്രതിഫലം നഷ്ടപ്പെടുകയില്ലായിരുന്നു. അവർ രാജ്യ സന്ദേശം കേൾക്കുമായിരുന്നു.—മത്തായി 10:40-42.
18, 19. (എ) പ്രവൃത്തികൾ 5:42 അനുസരിച്ച്, ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ പ്രസംഗവേല എങ്ങനെ നിർവ്വഹിച്ചു? (ബി) പ്രവൃത്തികൾ 20:20, 21-ലെ പൗലോസിന്റെ വാക്കുകൾ അവൻ അവിശ്വാസികളോടുള്ള ഒരു ശുശ്രൂഷയെക്കുറിച്ചു സംസാരിക്കുകയായിരുന്നുവെന്നും ആന്തരികമായ ഒരു ഇടയവേലയെക്കുറിച്ചായിരുന്നില്ലെന്നും എങ്ങനെ പ്രകടമാക്കുന്നു?
18 ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ടശേഷം “എല്ലാ ദിവസവും ആലയത്തിലും വീടുതോറും അവർ യേശു എന്ന ക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്ത നിർത്താതെ പഠിപ്പിക്കുന്നതിലും ഘോഷിക്കുന്നതിലും തുടർന്നു.” (പ്രവൃത്തികൾ 5:42; റഫറൻസ് ബൈബിൾ അടിക്കുറിപ്പു കാണുക.) “വീടുതോറും” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കിലെ പദപ്രയോഗം കാററ ഓയ്ക്കോൻ ആണ്. ഇവിടെ കാററ എന്നത് വിഭജിതമായ അർത്ഥത്തിലാണ്. തന്നിമിത്തം, ശിഷ്യൻമാരുടെ പ്രസംഗം വീടുതോറും വിഭജിതമായിരുന്നുവെന്ന് പറയാവുന്നതാണ്. അവർ കേവലം മുന്നമേ ക്രമീകരിച്ചിരുന്ന സാമൂഹ്യസന്ദർശനങ്ങൾ നടത്തുകയല്ലായിരുന്നു. കാററയുടെ ഒരു സമാനമായ ഉപയോഗം ലൂക്കോസ് 8:1-ൽ “നഗരംതോറും ഗ്രാമം തോറും” എന്ന പ്രയോഗത്തിൽ കാണുന്നു.
19 ബഹുവചനത്തിൽ കാററ ഓയ്ക്കസ് എന്ന അതേ പ്രയോഗം പ്രവൃത്തികൾ 20:20-ൽ അപ്പോസ്തലനായ പൗലോസ് ഉപയോഗിക്കുന്നു. അവിടെ അവൻ ഇങ്ങനെ പ്രസ്താവിച്ചു: “പരസ്യമായും വീടുതോറും നിങ്ങളെ പഠിപ്പിക്കുന്നതിൽനിന്ന് . . . ഞാൻ പിൻമാറിനിന്നില്ല.” ചില ഭാഷാന്തരങ്ങളിൽ “വീടുതോറും” എന്ന പദപ്രയോഗം “നിങ്ങളുടെ വീടുകളിൽ” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. തന്നിമിത്തം, വിശ്വാസികളുടെ ഭവനങ്ങളിലെ ഇടയസന്ദർശനങ്ങളെയാണ് പൗലോസ് ഇവിടെ പരാമർശിക്കുന്നതെന്ന് ക്രൈസ്തവലോകത്തിലെ ബൈബിൾ വ്യാഖ്യാതാക്കളിൽ ചിലർ പറയുന്നു. എന്നാൽ അവൻ അവിശ്വാസികൾക്കായുള്ള ഒരു ശുശ്രൂഷയെക്കുറിച്ചു സംസാരിക്കുകയായിരുന്നുവെന്ന് പൗലോസിന്റെ അടുത്തവാക്കുകൾ പ്രകടമാക്കുന്നു, എന്തെന്നാൽ “ദൈവത്തിങ്കലെ അനുതാപത്തെയും നമ്മുടെ കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും കുറിച്ച് ഞാൻ യഹൂദൻമാർക്കും യവനർക്കും പൂർണ്ണമായി സാക്ഷ്യം വഹിച്ചു” എന്ന് അവൻ പ്രസ്താവിച്ചു.—പ്രവൃത്തികൾ 20:21.
20. (എ) യഹോവയുടെ സാക്ഷികൾ നമ്മുടെ കാലത്ത് എത്രത്തോളം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചിരിക്കുന്നു? (ബി) പ്രസംഗം തുടരുന്നതിനെ സംബന്ധിച്ച് ചിലർ എങ്ങനെ വിചാരിച്ചേക്കാം?
20 അതുകൊണ്ട്, “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്ക”പ്പെടേണ്ട നമ്മുടെ കാലത്ത് ആളുകളെ സമീപിക്കുന്നതിനുള്ള ഈ മാർഗ്ഗമാണ് ഉപയോഗിക്കേണ്ടത്. (മത്തായി 24:14) യഹോവയുടെ സാക്ഷികൾ 65-ലധികം വർഷങ്ങളായി പരസ്യമായും വീടുതോറും ദൈവത്തിന്റെ സ്ഥാപിത രാജ്യത്തിന്റെ സുവാർത്ത തീക്ഷ്ണമായി പ്രസംഗിച്ചുകൊണ്ടാണിരിക്കുന്നത്—ഇപ്പോൾ 210 രാജ്യങ്ങളിൽ. എത്ര മഹത്തായ സാക്ഷ്യമാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്! ഇന്നു മിക്ക ആളുകളും “പ്രതികരണമില്ലാതെ”യും, ചിലർ മുഷിവോടെ പോലുമാണ് സന്ദേശം കേൾക്കുന്നതെന്ന വസ്തുത ഗണ്യമാക്കാതെ തന്നെ. (മത്തായി 13:15) ആളുകൾ കേൾക്കാൻ വിസമ്മതിക്കുകയോ എതിർക്കുകയോപോലും ചെയ്യുന്ന സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നതിൽ സ്ഥിരനിഷ്ഠപ്രകടമാക്കുന്നതെന്തുകൊണ്ട്? അടുത്ത ലേഖനത്തിൽ ഈ ചോദ്യം പരിചിന്തിക്കപ്പെടും. (w88 1/1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യേശുവിന്റെ ശുശ്രൂഷയുടെ സ്വഭാവമെന്തായിരുന്നുവെന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?
◻ അപ്പോസ്തലൻമാർക്ക് അവരുടെ ശുശ്രൂഷ സംബന്ധിച്ച് എന്ത് നിർദ്ദേശങ്ങൾ കൊടുക്കപ്പെട്ടു?
◻ നമ്മുടെ കാലത്ത് ഏതു വേല ചെയ്യപ്പെടണം, എന്തുകൊണ്ട്?
◻ നമ്മുടെ നാളിൽ സുവാർത്തപ്രസംഗിക്കാൻ യഹോവ ആരെ ഉപയോഗിക്കും?
◻ പ്രസംഗവേല എവിടെ, എങ്ങനെ നിർവ്വഹിക്കപ്പെടേണ്ടതാണ്?