ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയം എത്ര ദൃഢമാണ്?
‘മുമ്പെ രാജ്യം അന്വേഷിപ്പിൻ.’—മത്തായി 6:33.
1, 2. തൊഴിൽസംബന്ധമായി ഒരു ചെറുപ്പക്കാരൻ എന്തു നടപടി സ്വീകരിച്ചു, എന്തുകൊണ്ട്?
സഭയ്ക്കു കൂടുതൽ പ്രയോജനമുള്ള ഒരു വ്യക്തി ആയിത്തീരുക എന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ആഗ്രഹം. എന്നാൽ ജോലി നിമിത്തം യോഗങ്ങളിൽ ക്രമമായി ഹാജരാകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അദ്ദേഹം എന്താണു ചെയ്തത്? ജീവിതം ലളിതമാക്കുകയും ഉദ്യോഗം രാജിവെക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ക്രിസ്തീയ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുകയില്ലാത്ത മറ്റൊരു ജോലി കണ്ടെത്തി. മുമ്പത്തെക്കാൾ വരുമാനം വളരെ കുറവാണെങ്കിലും, കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കരുതാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിയുന്നുണ്ട്. മാത്രമല്ല, സഭയെ കൂടുതൽ മെച്ചമായി പിന്തുണയ്ക്കാനും ഇന്ന് അദ്ദേഹത്തിനു സാധിക്കുന്നു.
2 ആ ചെറുപ്പക്കാരൻ അത്തരമൊരു നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് അറിയാമോ? നിങ്ങൾ അദ്ദേഹത്തിന്റെ സ്ഥാനത്ത് ആയിരുന്നെങ്കിൽ സമാനമായ വിധങ്ങളിൽ പ്രവർത്തിക്കുമായിരുന്നോ? അനേകം ക്രിസ്ത്യാനികൾ അങ്ങനെ ചെയ്തിരിക്കുന്നു എന്നതു പ്രശംസനീയമാണ്. “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” എന്ന യേശുവിന്റെ വാഗ്ദാനത്തിലുള്ള അവരുടെ ദൃഢവിശ്വാസമാണ് അത്തരം പ്രവർത്തനങ്ങളിൽ നിഴലിക്കുന്നത്. (മത്തായി 6:33) സുരക്ഷിതത്വത്തിനായി ലോകത്തെ ആശ്രയിക്കുന്നതിനുപകരം അവർ യഹോവയിൽ ആശ്രയിക്കുന്നു.—സദൃശവാക്യങ്ങൾ 3:23, 26.
3. ദൈവരാജ്യം ഒന്നാമതു വെക്കുന്നത് ഇക്കാലത്തു പ്രായോഗികമാണോയെന്ന് ചിലർ ചിന്തിച്ചേക്കാവുന്നത് എന്തുകൊണ്ട്?
3 നാം ജീവിക്കുന്ന പ്രയാസകരമായ ഈ നാളുകൾ കണക്കിലെടുക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ തീരുമാനം ജ്ഞാനപൂർവകം ആയിരുന്നോയെന്നു ചിലർ ചിന്തിച്ചേക്കാം. മനുഷ്യരാശിയുടെ ഒരു വിഭാഗം ഇന്നു കൊടുംദാരിദ്ര്യത്തിൽ കഴിയുമ്പോൾ മറ്റൊരു കൂട്ടം ലോകം കണ്ടിട്ടുള്ളതിലേക്കും ആഡംബരപൂർണമായ ജീവിതം നയിക്കുന്നു. ദരിദ്രദേശങ്ങളിലുള്ള മിക്കവരും കഷ്ടപ്പാടുകൾക്ക് അൽപ്പമെങ്കിലും ശമനം കൈവരുത്തുന്ന ഏതൊരു അവസരവും ഇരുകയ്യും നീട്ടി സ്വീകരിക്കും. അതേസമയം, സമ്പന്ന ദേശങ്ങളിലെ അനേകരും ദുർബലമായ സമ്പദ്വ്യവസ്ഥകൾ, തൊഴിൽകമ്പോളത്തിലെ അസ്ഥിരത, തൊഴിലുടമകളുടെ വർധിച്ചുവരുന്ന നിബന്ധനകൾ എന്നിവയ്ക്കെല്ലാം മധ്യേ തങ്ങളുടെ ഉയർന്ന ജീവിത നിലവാരം നിലനിറുത്താനുള്ള സമ്മർദത്തിൻ കീഴിലാണ്. ഉപജീവനം കണ്ടെത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സമ്മർദം കണക്കിലെടുക്കുമ്പോൾ ‘ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുന്നത് ഇക്കാലത്തു പ്രായോഗികമാണോ?’ എന്നു ചിലർ ചോദിച്ചേക്കാം. യേശുവിന്റെ ശ്രോതാക്കളായിരുന്ന ജനക്കൂട്ടത്തെക്കുറിച്ചു ചിന്തിക്കുന്നത് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും.
‘വിചാരപ്പെടരുത്’
4, 5. ദൈനംദിന ആവശ്യങ്ങളെപ്രതി ദൈവജനം അമിതമായി വിചാരപ്പെടേണ്ടതില്ലാത്തത് യുക്തിസഹമാണെന്ന് യേശു ദൃഷ്ടാന്തീകരിച്ചത് എങ്ങനെ?
4 ഗലീലക്കാർ ഉൾപ്പെടെ, പല സ്ഥലങ്ങളിൽനിന്നായി ഗലീലയിൽ എത്തിയ ഒരു വലിയ ജനക്കൂട്ടത്തോടാണ് യേശു സംസാരിച്ചുകൊണ്ടിരുന്നത്. (മത്തായി 4:25) അക്കൂട്ടത്തിൽ സമ്പന്നർ ഉണ്ടായിരുന്നിരിക്കില്ല, ഉണ്ടെങ്കിൽത്തന്നെ വിരളമായിരുന്നു. മിക്കവരും ദരിദ്രർ ആയിരുന്നിരിക്കാനാണു സാധ്യത. എന്നിട്ടും, ഭൗതിക സമ്പത്തു നേടുന്നതിനല്ല, അതിനെക്കാൾ അത്യന്തം മൂല്യവത്തായ ആത്മീയ നിക്ഷേപങ്ങൾ സ്വരുക്കൂട്ടുന്നതിനു മുൻഗണന നൽകാനാണ് യേശു അവരെ പ്രോത്സാഹിപ്പിച്ചത്. (മത്തായി 6:19-21, 24) അവൻ പറഞ്ഞു: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ?”—മത്തായി 6:25.
5 യേശുവിന്റെ ആ വാക്കുകൾ അപ്രായോഗികമാണെന്ന് അവിടെ ഉണ്ടായിരുന്ന പലരും കരുതിയിരിക്കാം. കഠിനമായി അധ്വാനിക്കാത്തപക്ഷം കുടുംബം പട്ടിണിയാകുമെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിരുന്നാലും, പക്ഷികളുടെ കാര്യം യേശു അവരെ ഓർമിപ്പിച്ചു. പക്ഷികൾ ഓരോ ദിവസവും ആഹാരവും ചേക്കേറാൻ ഒരിടവും കണ്ടെത്തേണ്ടതുണ്ടെങ്കിലും, യഹോവ അവയ്ക്കായി കരുതുന്നു. ആരുടെയും പരിപാലനമില്ലാതെ വളരുന്ന പൂക്കളെ അവൻ പരിപാലിക്കുന്ന വിധവും യേശു ചൂണ്ടിക്കാട്ടി. ശലോമോൻപോലും തന്റെ സർവ മഹത്ത്വത്തിലും അവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല. പക്ഷികളെയും പുഷ്പങ്ങളെയും യഹോവ പരിപാലിക്കുന്നെങ്കിൽ നമ്മെ അവൻ എത്രയധികം പരിപാലിക്കും? (മത്തായി 6:26-30) യേശു പറഞ്ഞതുപോലെ നമ്മുടെ ജീവനും ശരീരവും, ജീവൻ നിലനിറുത്താൻ നാം വാങ്ങുന്ന ഭക്ഷണത്തെക്കാളും ശരീരത്തിൽ ധരിക്കാൻ നാം കണ്ടെത്തുന്ന വസ്ത്രത്തെക്കാളും വളരെയേറെ പ്രധാനമാണ്. യഹോവയെ സേവിക്കാൻ കാര്യമായ ഒരു ശ്രമവും ചെയ്യാതെ, ഭക്ഷണത്തിനും വസ്ത്രത്തിനുമായി മാത്രം നാം പാടുപെടുന്നപക്ഷം ജീവിതത്തിന്റെ ഉദ്ദേശ്യംതന്നെ നാം ഗ്രഹിക്കുന്നില്ലെന്നുവരും.—സഭാപ്രസംഗി 12:13.
സമനിലയുള്ള ഒരു വീക്ഷണം
6. (എ) ക്രിസ്ത്യാനികൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്? (ബി) ക്രിസ്ത്യാനികൾ ആരിൽ സമ്പൂർണ ആശ്രയം വെക്കുന്നു?
6 ദൈവം കുടുംബത്തിനായി എങ്ങനെയെങ്കിലുമൊക്കെ കരുതിക്കൊള്ളുമെന്നു പ്രതീക്ഷിച്ചുകൊണ്ട് ജോലി ചെയ്യാതിരിക്കാനല്ല യേശു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചത് എന്നതു വ്യക്തമാണ്. പക്ഷികൾപോലും സ്വന്തം ആവശ്യത്തിനും കുഞ്ഞുങ്ങൾക്കുമുള്ള ഭക്ഷണം തേടിപ്പോകേണ്ടതുണ്ട്. അതുകൊണ്ട് ഭക്ഷിക്കണമെങ്കിൽ ആദിമ ക്രിസ്ത്യാനികൾ അധ്വാനിക്കണമായിരുന്നു. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ അവർ നിറവേറ്റേണ്ടിയിരുന്നു. ദാസ്യവൃത്തി ചെയ്യുന്നവരും അടിമകളും ആയിരുന്ന ക്രിസ്ത്യാനികൾ യജമാനന്മാർക്കുവേണ്ടി ഉത്സാഹപൂർവം പണിയെടുക്കണമായിരുന്നു. (2 തെസ്സലൊനീക്യർ 3:10-12; 1 തിമൊഥെയൊസ് 5:8; 1 പത്രൊസ് 2:18) സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ പൗലൊസ് അപ്പൊസ്തലൻ മിക്കപ്പോഴും കൂടാരപ്പണി ചെയ്തിരുന്നു. (പ്രവൃത്തികൾ 18:1-4; 1 തെസ്സലൊനീക്യർ 2:9) എങ്കിലും, ആ ക്രിസ്ത്യാനികൾ സുരക്ഷിതത്വത്തിനായി ലൗകിക തൊഴിലിൽ ആശ്രയിച്ചില്ല. അവരുടെ ആശ്രയം യഹോവയിലായിരുന്നു. തത്ഫലമായി മറ്റുള്ളവർക്ക് അനുഭവവേദ്യമല്ലാത്ത ഒരു ആന്തരിക സമാധാനം അനുഭവിക്കാൻ അവർക്കു കഴിഞ്ഞു. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതംപോലെയാകുന്നു.”—സങ്കീർത്തനം 125:1.
7. യഹോവയിൽ ദൃഢമായി ആശ്രയിക്കാത്ത ഒരു വ്യക്തിയുടെ വീക്ഷണം എന്തായിരിക്കാം?
7 യഹോവയിൽ ദൃഢമായി ആശ്രയം വെക്കാത്തവർ വ്യത്യസ്തമായി ചിന്തിച്ചേക്കാം. ഭൗതിക സമ്പത്ത് ജീവിതം ഭദ്രമാക്കാൻ ആവശ്യമായ ഒരു മുഖ്യ സംഗതിയാണെന്നു ഭൂരിപക്ഷം മനുഷ്യരും കരുതുന്നു. അതിനാൽ നല്ല ശമ്പളമുള്ള ഉദ്യോഗം ലഭിക്കാൻ മക്കളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തിൽ, യൗവനത്തിന്റെ നല്ലൊരു ഭാഗം ഉന്നതവിദ്യാഭ്യാസത്തിനായി ഉഴിഞ്ഞുവെക്കാൻ മാതാപിതാക്കൾ അവരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, അത്തരം അനുധാവനത്തിന്റെ ഫലമായി ചില ക്രിസ്തീയ കുടുംബങ്ങൾ വലിയ വിലയൊടുക്കേണ്ടിവന്നിട്ടുണ്ട്. അവരുടെ മക്കൾ ആത്മീയ ലക്ഷ്യങ്ങൾ വിട്ട് ഭൗതികത്വത്തിനു പിന്നാലെ പോയിരിക്കുന്നു.
8. ക്രിസ്ത്യാനികൾ ഏതു വിധത്തിൽ സമനില പാലിക്കുന്നു?
8 അതുകൊണ്ട് ജ്ഞാനികളായ ക്രിസ്ത്യാനികൾ യേശുവിന്റെ ബുദ്ധിയുപദേശം ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ ഇന്നും ബാധകമാണെന്നു തിരിച്ചറിയുകയും സമനില പാലിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ദീർഘനേരം ജോലി ചെയ്യേണ്ടിവന്നാൽപ്പോലും അധികം പ്രധാനപ്പെട്ട ആത്മീയ കാര്യങ്ങൾ അവഗണിച്ചുകൊണ്ട് അവർ ഒരിക്കലും അങ്ങനെ ചെയ്യില്ല.—സഭാപ്രസംഗി 7:12.
വിചാരപ്പെടുന്നത് ഒഴിവാക്കാൻ കൂടുതലായ ബുദ്ധിയുപദേശം
9. യഹോവയിൽ സമ്പൂർണമായി ആശ്രയിക്കുന്നവർക്ക് ദിവ്യസംരക്ഷണം സംബന്ധിച്ച് യേശു ഉറപ്പുനൽകുന്നത് എങ്ങനെ?
9 ഗിരിപ്രഭാഷണത്തിൽ യേശു ശ്രോതാക്കളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു [“വ്യഗ്രതയോടെ അന്വേഷിക്കുന്നു,” NW]; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.” (മത്തായി 6:31, 32) എത്ര പ്രോത്സാഹജനകമായ വാക്കുകൾ! സമ്പൂർണമായി യഹോവയിൽ ആശ്രയിക്കുന്നപക്ഷം അവൻ എല്ലായ്പോഴും നമ്മെ പിന്തുണയ്ക്കും. യേശുവിന്റെ വാക്കുകൾ ചിന്തോദ്ദീപകവും ആണ്. നാം “വ്യഗ്രതയോടെ” ഭൗതിക വസ്തുവകകൾ അന്വേഷിക്കുന്നെങ്കിൽ സത്യക്രിസ്ത്യാനികളല്ലാത്ത “ജാതി”കളെപ്പോലെയായിരിക്കും നാം ചിന്തിക്കുന്നതെന്ന് അവ നമ്മെ ഓർമപ്പെടുത്തുന്നു.
10. ബുദ്ധിയുപദേശത്തിനായി ഒരു ചെറുപ്പക്കാരൻ തന്നെ സമീപിച്ചപ്പോൾ, അദ്ദേഹത്തിനു കൂടുതൽ പ്രിയം ഏതു കാര്യത്തിലായിരുന്നെന്ന് യേശു വെളിപ്പെടുത്തിയത് എങ്ങനെ?
10 വളരെ സമ്പന്നനായ ഒരു ചെറുപ്പക്കാരൻ, നിത്യജീവൻ നേടാൻ എന്തു ചെയ്യണമെന്ന് യേശുവിനോട് ഒരിക്കൽ ചോദിച്ചു. അപ്പോഴും പ്രാബല്യത്തിൽ ഉണ്ടായിരുന്ന ന്യായപ്രമാണത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇവ ഒക്കെയും ഞാൻ പ്രമാണിച്ചുപോരുന്നു; ഇനി കുറവുള്ളതു എന്ത്”? യേശുവിന്റെ പിൻവരുന്ന മറുപടി അപ്രായോഗികമാണെന്നു പലർക്കും തോന്നിയിരിക്കാം. യേശു പറഞ്ഞു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.” (മത്തായി 19:16-21) സമ്പത്തു നഷ്ടമാകുന്നതിനെക്കുറിച്ചു ചിന്തിക്കാനാകാതെ ആ ചെറുപ്പക്കാരൻ ദുഃഖിതനായി തിരിച്ചുപോയി. യഹോവയോട് എത്രയൊക്കെ സ്നേഹം ഉണ്ടായിരുന്നെങ്കിലും അതിലും വലുതായിരുന്നു തന്റെ സ്വത്തുക്കളോടുള്ള അദ്ദേഹത്തിന്റെ പ്രിയം.
11, 12. (എ) സമ്പത്തു സംബന്ധിച്ച് യേശു ചിന്തോദ്ദീപകമായ എന്തു പ്രസ്താവന നടത്തി? (ബി) യഹോവയെ സേവിക്കുന്നതിന് സമ്പത്ത് എങ്ങനെ തടസ്സമായേക്കാം?
11 ആരും പ്രതീക്ഷിക്കാത്ത ഒരു പ്രസ്താവന നടത്താൻ ആ സംഭവം യേശുവിനെ പ്രേരിപ്പിച്ചു: “ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം . . . ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം.” (മത്തായി 19:23, 24) ഒരു ധനികനും ദൈവരാജ്യം അവകാശമാക്കുകയില്ലെന്നാണോ യേശു അർഥമാക്കിയത്? അല്ല. എന്തെന്നാൽ തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു സകലവും സാദ്ധ്യം.” (മത്തായി 19:25, 26) തീർച്ചയായും അക്കാലത്ത്, സമ്പന്നരായ ചിലർ യഹോവയുടെ സഹായത്താൽ അഭിഷിക്ത ക്രിസ്ത്യാനികൾ ആയിത്തീർന്നു. (1 തിമൊഥെയൊസ് 6:17) എന്നിരുന്നാലും, അതിശയിപ്പിക്കുന്ന ആ വാക്കുകൾ പറയാൻ യേശുവിനു തക്കതായ കാരണം ഉണ്ടായിരുന്നു. അതിലൂടെ അവൻ ഒരു മുന്നറിയിപ്പു നൽകുകയായിരുന്നു.
12 ധനികനായ ആ ചെറുപ്പക്കാരനെപ്പോലെ ഒരു വ്യക്തി തന്റെ വസ്തുവകകളോടു പ്രിയം വളർത്തിയെടുക്കുന്നപക്ഷം, യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുന്നതിന് അവ അദ്ദേഹത്തിന് ഒരു തടസ്സമായേക്കാം. ഇപ്പോൾത്തന്നെ ധനികരായിരിക്കുന്നവരുടെയും “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്ന”വരുടെയും കാര്യത്തിൽ അതു സത്യമായിരുന്നേക്കാം. (1 തിമൊഥെയൊസ് 6:9, 10) ഭൗതിക കാര്യങ്ങളിൽ അമിതമായി ആശ്രയിക്കുമ്പോൾ ഒരുവന്റെ ‘ആത്മീയ ആവശ്യം സംബന്ധിച്ചുള്ള ബോധം’ മന്ദീഭവിക്കാൻ സാധ്യതയുണ്ട്. (മത്തായി 5:3, NW) തത്ഫലമായി, യഹോവയുടെ പിന്തുണ മുമ്പത്തെപ്പോലെ ആവശ്യമില്ലെന്ന് അദ്ദേഹം ചിന്തിച്ചെന്നുവരാം. (ആവർത്തനപുസ്തകം 6:10-12) സഭയിലുള്ളവർ തന്നോടു പ്രത്യേക പരിഗണന കാണിക്കാൻ അദ്ദേഹം പ്രതീക്ഷിച്ചേക്കാം. (യാക്കോബ് 2:1-4) യഹോവയെ സേവിക്കുന്നതിനു പകരം തന്റെ സമ്പദ്സമൃദ്ധി ആസ്വദിച്ചുകൊണ്ട് അദ്ദേഹം സമയത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചേക്കാം.
ശരിയായ വീക്ഷണം നട്ടുവളർത്തുക
13. ലവൊദിക്യർ തെറ്റായ ഏതു വീക്ഷണം പുലർത്തിയിരുന്നു?
13 ഒന്നാം നൂറ്റാണ്ടിൽ ലവൊദിക്യയിലെ സഭയിലുണ്ടായിരുന്നവർ സമ്പാദ്യങ്ങളുടെ കാര്യത്തിൽ തെറ്റായ വീക്ഷണം പുലർത്തിയിരുന്നു. യേശു അവരോടു പറഞ്ഞു: “ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിന്നും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരി”ക്കുന്നു. ലവൊദിക്യരുടെ ആത്മീയമായ ദയനീയ അവസ്ഥയ്ക്കു കാരണം അവരുടെ സമ്പത്ത് ആയിരുന്നില്ല. മറിച്ച്, യഹോവയിൽ ആശ്രയിക്കുന്നതിനു പകരം അവർ സമ്പത്തിൽ ആശ്രയിച്ചു എന്നതായിരുന്നു. തത്ഫലമായി, ആത്മീയ അർഥത്തിൽ ശീതോഷ്ണവാന്മാർ ആയിരുന്ന അവരെ യേശു പെട്ടെന്നുതന്നെ തന്റെ “വായിൽനിന്നു ഉമിണ്ണുകളയു”മായിരുന്നു.—വെളിപ്പാടു 3:14-17.
14. എബ്രായ ക്രിസ്ത്യാനികളെ പൗലൊസ് അനുമോദിച്ചത് എന്തുകൊണ്ട്?
14 നേരെ മറിച്ച്, പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ അനുമോദിച്ചു; മുമ്പൊരിക്കൽ പീഡനം ഉണ്ടായപ്പോൾ അവർ പ്രശംസനീയമായ മനോഭാവം പ്രദർശിപ്പിച്ചിരുന്നു. അവൻ പറഞ്ഞു: “തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.” (എബ്രായർ 10:34) സ്വത്തുക്കൾ നഷ്ടമായെങ്കിലും ആ ക്രിസ്ത്യാനികൾ മാനസികമായി തകർന്നുപോയില്ല. തങ്ങൾക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത്—‘നിലനിൽക്കുന്ന ഉത്തമസമ്പത്ത്’—കാത്തുസൂക്ഷിച്ചിരുന്നതിനാൽ അവർ തുടർന്നും സന്തുഷ്ടരായിരുന്നു. യേശുവിന്റെ ഉപമയിലെ, വിലയേറിയ ഒരു മുത്തിനുവേണ്ടി സർവവും ത്യജിച്ച വ്യാപാരിയെപ്പോലെ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേണ്ടിവന്നാലും രാജ്യപ്രത്യാശ കൈവിട്ടുകളയാതിരിക്കാൻ അവർ ദൃഢനിശ്ചയം ഉള്ളവരായിരുന്നു. (മത്തായി 13:45, 46) എത്ര നല്ല മനോഭാവം!
15. ലൈബീരിയയിലെ ഒരു ക്രിസ്തീയ സ്ത്രീ രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെച്ചത് എങ്ങനെ?
15 ഇന്ന് അനേകരും സമാനമായ ഒരു നല്ല മനോഭാവം നട്ടുവളർത്തിയിരിക്കുന്നു. ലൈബീരിയയിലെ ഒരു ക്രിസ്തീയ യുവതിയുടെ ഉദാഹരണം നോക്കുക. അവൾക്ക് അവിടത്തെ സർവകലാശാലയിൽ ചേരാൻ അവസരം ലഭിച്ചു. ആ രാജ്യത്തുള്ളവരെ സംബന്ധിച്ചിടത്തോളം, അത്തരമൊരു അവസരം സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. എന്നാൽ ഒരു പയനിയർ എന്ന നിലയിൽ മുഴുസമയ സുവിശേഷവേലയിൽ ഏർപ്പെട്ടിരുന്ന അവൾക്ക് താത്കാലികമായി ഒരു പ്രത്യേക പയനിയറായി സേവിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. ഒന്നാമതു രാജ്യം അന്വേഷിക്കാനും മുഴുസമയ സേവനത്തിൽ തുടരാനും ആയിരുന്നു അവളുടെ തീരുമാനം. നിയമനപ്രദേശത്തു പ്രവർത്തനം തുടങ്ങി മൂന്നു മാസത്തിനുള്ളിൽ അവൾ 21 ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. ഭൗതിക നേട്ടങ്ങൾ പരിത്യജിച്ചുകൊണ്ടുപോലും ഈ യുവസഹോദരിയും അവളെപ്പോലുള്ള ആയിരക്കണക്കിനു മറ്റുള്ളവരും ഒന്നാമതു രാജ്യം അന്വേഷിക്കുന്നു. ഭൗതികത്വ ചിന്താഗതിയുള്ള ഈ ലോകത്തിൽ എങ്ങനെയാണ് അവർ അത്തരമൊരു മനോഭാവം നിലനിറുത്തുന്നത്? അവർ മികച്ച പല ഗുണങ്ങളും നട്ടുവളർത്തിയിരിക്കുന്നു. അവയിൽ ചിലത് നമുക്കിപ്പോൾ ചർച്ച ചെയ്യാം.
16, 17. (എ) യഹോവയിൽ ആശ്രയിക്കാൻ വിനയം പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നാം വിശ്വാസം നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്?
16 വിനയം: ബൈബിൾ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുത്.” (സദൃശവാക്യങ്ങൾ 3:5-7) ലൗകിക കാഴ്ചപ്പാടനുസരിച്ച് ഒരു പ്രത്യേക പ്രവർത്തനഗതി പ്രായോഗികം ആണെന്നു ചിലപ്പോൾ തോന്നിയേക്കാം. (യിരെമ്യാവു 17:9) എങ്കിലും ഒരു യഥാർഥ ക്രിസ്ത്യാനി മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കും. (സങ്കീർത്തനം 48:14) സഭാപരമായ കാര്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിങ്ങനെയുള്ള തന്റെ “എല്ലാവഴികളിലും” ആ വ്യക്തി വിനയപൂർവം യഹോവയുടെ ബുദ്ധിയുപദേശം തേടും.—സങ്കീർത്തനം 73:24.
17 യഹോവയുടെ വാഗ്ദാനങ്ങളിലുള്ള വിശ്വാസം: “ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ,” പൗലൊസ് പറഞ്ഞു. (എബ്രായർ 11:6) യഹോവ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുമെന്ന കാര്യത്തിൽ നാം സംശയമുള്ളവർ ആണെങ്കിൽ, “ലോകത്തെ [“പൂർണമായി,” NW] അനുഭവിക്കു”ന്നതു ന്യായയുക്തമായ ഒരു സംഗതിയായി കാണപ്പെട്ടേക്കാം. (1 കൊരിന്ത്യർ 7:31) എന്നാൽ നമ്മുടെ വിശ്വാസം ശക്തമാണെങ്കിൽ, ഒന്നാമതു രാജ്യം അന്വേഷിക്കാൻ നാം ദൃഢനിശ്ചയം ഉള്ളവർ ആയിരിക്കും. ശക്തമായ വിശ്വാസം ആർജിക്കാൻ എങ്ങനെ കഴിയും? നിരന്തരവും ഹൃദയംഗമവുമായ പ്രാർഥന, ക്രമമായി നടത്തുന്ന വ്യക്തിപരമായ പഠനം എന്നിവയിലൂടെ യഹോവയുമായി അടുത്ത ബന്ധത്തിലേക്കു വരുക എന്നതാണ് അതിനുള്ള വഴി. (സങ്കീർത്തനം 1:1-3; ഫിലിപ്പിയർ 4:6, 7; യാക്കോബ് 4:8) ദാവീദ് രാജാവിനെപ്പോലെ നമുക്ക് ഇങ്ങനെ പ്രാർഥിക്കാവുന്നതാണ്: “യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു. . . . നിന്റെ നന്മ എത്ര വലിയതാകുന്നു”!—സങ്കീർത്തനം 31:14, 19.
18, 19. (എ) ശുഷ്കാന്തി യഹോവയിലുള്ള നമ്മുടെ ആശ്രയം ശക്തമാക്കുന്നത് എങ്ങനെ? (ബി) ത്യാഗങ്ങൾ ചെയ്യാൻ ഒരു ക്രിസ്ത്യാനിക്കു മനസ്സൊരുക്കം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
18 യഹോവയുടെ സേവനത്തിലുള്ള ശുഷ്കാന്തി: യഹോവയുടെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്തെ പൗലൊസ് ഉത്സാഹവുമായി ബന്ധപ്പെടുത്തി. അവൻ ഇങ്ങനെ എഴുതി: “നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.” (എബ്രായർ 6:11) നാം യഹോവയുടെ സേവനത്തിൽ തിരക്കുള്ളവർ ആണെങ്കിൽ അവൻ നമ്മെ പിന്തുണയ്ക്കും. ആ പിന്തുണ അനുഭവവേദ്യമാകുന്ന ഓരോ അവസരത്തിലും അവനിലുള്ള നമ്മുടെ ആശ്രയം കൂടുതൽ ബലിഷ്ഠമാകുകയും നാം “ഉറപ്പുള്ളവരും കുലുങ്ങാത്തവരും” ആയിത്തീരുകയും ചെയ്യും. (1 കൊരിന്ത്യർ 15:58) നമ്മുടെ വിശ്വാസം പുതുക്കപ്പെടുകയും പ്രത്യാശ സുനിശ്ചിതമാകുകയും ചെയ്യും.—എഫെസ്യർ 3:16-19.
19 ത്യാഗമനഃസ്ഥിതി: യേശുവിനെ അനുഗമിക്കാൻ പൗലൊസ് ഭൗതികമായി ശോഭനമായ ഒരു ഭാവിക്കുള്ള സാധ്യത വിട്ടുകളഞ്ഞു. ഭൗതികമായ അർഥത്തിൽ ജീവിതം ഇടയ്ക്കൊക്കെ പ്രയാസകരം ആയിരുന്നെങ്കിലും അവൻ ശരിയായ തീരുമാനമാണ് എടുത്തത് എന്നതിനു യാതൊരു സംശയവുമില്ല. (1 കൊരിന്ത്യർ 4:11-13) യഹോവ സുഖലോലുപമായ ജീവിതം വാഗ്ദാനം ചെയ്യുന്നില്ല. ചിലപ്പോഴൊക്കെ അവന്റെ ദാസന്മാർ കഷ്ടങ്ങൾ സഹിക്കേണ്ടിവരും. ജീവിതരീതി ലളിതമാക്കാനും ത്യാഗങ്ങൾ ചെയ്യാനുമുള്ള മനസ്സൊരുക്കം യഹോവയെ സേവിക്കുന്നതിനുള്ള നമ്മുടെ തീരുമാനം എത്ര ദൃഢമാണെന്നതിനു തെളിവുനൽകുന്നു.—1 തിമൊഥെയൊസ് 6:6-8.
20. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്ന ഒരു വ്യക്തി ക്ഷമ പ്രകടമാക്കുന്നതു മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
20 ക്ഷമ: “സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ,” ശിഷ്യനായ യാക്കോബ് സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (യാക്കോബ് 5:7) അതിവേഗം മുന്നോട്ടു കുതിക്കുന്ന ഈ ലോകത്തിൽ ക്ഷമ പ്രകടിപ്പിക്കുക പ്രയാസമാണ്. കാര്യങ്ങൾക്കു പെട്ടെന്നു നീക്കുപോക്കുണ്ടാകാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്ന”വരെ അനുകരിക്കാൻ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 6:12) യഹോവയ്ക്കായി കാത്തിരിക്കാൻ സന്നദ്ധരായിരിക്കുക. നിശ്ചയമായും, പറുദീസാഭൂമിയിലെ നിത്യജീവൻ കാത്തിരിക്കാൻ തക്ക മൂല്യമുള്ളതാണ്!
21. (എ) രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുമ്പോൾ നാം എന്തു പ്രകടമാക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
21 അതേ, ഒന്നാമതു രാജ്യം അന്വേഷിക്കുക എന്ന യേശുവിന്റെ ബുദ്ധിയുപദേശം പ്രായോഗികമാണ്. അപ്രകാരം ചെയ്യുമ്പോൾ, നാം യഥാർഥമായും യഹോവയിൽ ആശ്രയിക്കുന്നെന്നും ക്രിസ്ത്യാനികൾക്കുള്ള സുരക്ഷിതമായ ഒരേയൊരു ജീവിതഗതി തിരഞ്ഞെടുക്കുന്നെന്നും പ്രകടമാക്കുന്നു. എന്നിരുന്നാലും, ‘മുമ്പെ [ദൈവത്തിന്റെ] നീതി അന്വേഷിപ്പിൻ’ എന്നും യേശു നമ്മെ ബുദ്ധിയുപദേശിച്ചു. ആ പ്രോത്സാഹനം ഇന്നു വിശേഷാൽ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ഭൗതിക വസ്തുക്കൾ സംബന്ധിച്ച് ഏതു വിധത്തിൽ സമനില പാലിക്കാൻ യേശു നമ്മെ പ്രോത്സാഹിപ്പിച്ചു?
• ഒട്ടകവും സൂചിക്കുഴയും സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു?
• ഒന്നാമതു ദൈവരാജ്യം അന്വേഷിക്കാൻ ഏതു ക്രിസ്തീയ ഗുണങ്ങൾ നമ്മെ സഹായിക്കുന്നു?
[21-ാം പേജിലെ ചിത്രം]
യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ച അനേകരും ദരിദ്രർ ആയിരുന്നു
[23-ാം പേജിലെ ചിത്രം]
ധനികനായ ചെറുപ്പക്കാരൻ യഹോവയെക്കാൾ തന്റെ സ്വത്തുക്കളെ സ്നേഹിച്ചു
[23-ാം പേജിലെ ചിത്രം]
വിലയേറിയ ഒരു മുത്തിനുവേണ്ടി യേശുവിന്റെ ഉപമയിലെ വ്യാപാരി സർവവും ത്യജിച്ചു
[24-ാം പേജിലെ ചിത്രം]
യഹോവയുടെ സേവനത്തിൽ നാം തിരക്കുള്ളവർ ആണെങ്കിൽ അവൻ നമ്മെ പിന്തുണയ്ക്കും