യേശുവിന്റെ ജീവിതവും ശുശ്രൂഷയും
മത്തായിയെ വിളിക്കുന്നു
പക്ഷവാതക്കാരനെ സൗഖ്യമാക്കി അധികം താമസിയാതെ, യേശു കഫർന്നഹൂമിൽ നിന്ന് ഗലീലക്കടലിനടുത്തേക്ക് നീങ്ങുന്നു. അവിടെയും പുരുഷാരം അവന്റെയടുക്കൽ വരുന്നു. അവൻ അവരോട് ഉപദേശിച്ചുതുടങ്ങുന്നു. അവൻ നടന്നുപോകുമ്പോൾ ലേവി എന്ന് പേരുള്ള മത്തായി ചുങ്കസ്ഥലത്തിരിക്കുന്നത് കാണുന്നു. “എന്റെ അനുഗാമിയാവുക” എന്ന് പറഞ്ഞുകൊണ്ട് യേശു അവനെ ക്ഷണിക്കുന്നു.
ഒരുപക്ഷേ മത്തായി അതിനോടകം യേശുവിന്റെ ഉപദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. പത്രോസും അന്ത്രയോസും യാക്കോബും യോഹന്നാനും യേശുവിനാൽ വിളിക്കപ്പെടുന്നതിന് മുമ്പുതന്നെ അവന്റെ ഉപദേശങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നു. അവരെപ്പോലെ മത്തായിയും പെട്ടെന്നുതന്നെ യേശുവിന്റെ ക്ഷണത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നു. അവൻ എഴുന്നേററ്, ഒരു ചുങ്കക്കാരനെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുന്നു.
പിന്നീട്, ഒരുപക്ഷേ അവന്റെ ക്ഷണത്തിന്റെ സ്വീകരണം കൊണ്ടാടുന്നതിനുവേണ്ടി മത്തായി തന്റെ ഭവനത്തിൽ ഒരു വലിയ സ്വീകരണസദ്യ ഒരുക്കുന്നു. യേശുവിനെയും അവന്റെ ശിഷ്യൻമാരെയും കൂടാതെ മത്തായിയുടെ പൂർവ്വകാല സഹകാരികളും സന്നിഹിതരാണ്. ചുങ്കക്കാരെ സഹയഹൂദൻമാർ സാധാരണയായി അവജ്ഞയോടെ വീക്ഷിച്ചിരുന്നു. കാരണം അവർ തങ്ങളുടെ എതിരാളികളായ റോമൻ അധികാരികൾക്കുവേണ്ടി കരംപിരിച്ചിരുന്നു. മാത്രമല്ല, അവർ പലപ്പോഴും അന്യായമായി, ആളുകളിൽനിന്ന് സാധാരണയിൽ കൂടുതൽ കരം ബലാൽ ഈടാക്കിയിരുന്നു.
അത്തരക്കാരോടുകൂടെ യേശുവിനെ സദ്യക്ക് നിരീക്ഷിക്കുകയിൽ, പരീശൻമാർ അവന്റെ ശിഷ്യൻമാരോട് ഇപ്രകാരം ചോദിക്കുന്നു: “നിങ്ങളുടെ ഗുരു കരംപിരിവുകാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്ത്?” യേശു അത് കേട്ടാറെ, “ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ടാവശ്യമില്ല. ‘എനിക്ക് വേണ്ടത് യാഗമല്ല, കരുണയാണ്’ എന്നതിന്റെ അർത്ഥമെന്ത് എന്ന് പോയി പഠിപ്പിൻ. എന്തുകൊണ്ടെന്നാൽ ഞാൻ നീതിമാൻമാരെയല്ല പാപികളെയത്രെ വിളിപ്പാൻ വന്നത്” എന്നു പറഞ്ഞു.
സ്പഷ്ടമായും, മത്തായി ഈ കരംപിരിവുകാരെ തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചത് അവരും യേശുവിനെ ശ്രദ്ധിക്കുന്നതിനും ആത്മീയ സൗഖ്യം പ്രാപിക്കുന്നതിനുമാണ്. അതുകൊണ്ട് ദൈവവുമായി ഒരു ആരോഗ്യകരമായ ബന്ധത്തിലാകാൻ അവരെ സഹായിച്ചുകൊണ്ട് യേശു അവരുമായി സഹവസിക്കുന്നു. യേശു സ്വനീതിക്കാരായ പരീശൻമാരെപ്പോലെ കരംപിരിവുകാരെ നിന്ദിക്കുന്നില്ല. പ്രത്യുത, അനുകമ്പ പൂണ്ട്, അവൻ അവർക്ക് ഒരു ആത്മീയ വൈദ്യനായി സേവിക്കുന്നു.
അതുകൊണ്ട്, അവരുടെ പാപങ്ങൾ നിമിത്തം അവരെ കുററംവിധിച്ചുകൊണ്ടല്ല യേശു അവരോട് ഇടപെടുന്നത്. പകരം ശാരീരികമായി രോഗികളായിരുന്നവരോട് പ്രകടമാക്കിയ അതേ വിധത്തിൽ അവൻ അവരോട് മൃദുലാനുകമ്പ പ്രകടിപ്പിക്കുകയാണ്. ഉദാഹരണത്തിന്, അവൻ അനുകമ്പപൂണ്ട്, ഒരു കുഷ്ഠരോഗിയെ സമീപിച്ച് അവനെ സ്പർശിച്ചുകൊണ്ട് “എനിക്ക് മനസ്സുണ്ട് ശുദ്ധനാക” എന്ന് പറയുന്നത് ഓർക്കുക. നമുക്കും സഹായമാവശ്യമുള്ളവരെ, പ്രത്യേകാൽ ആത്മീയമായി സഹായിച്ചുകൊണ്ട് സമാനമായി കരുണ പ്രകടിപ്പിക്കാം. മത്തായി 8:3; 9:9-13; മർക്കോസ് 2:13-17; ലൂക്കോസ് 5:27-32.
◆ യേശു മത്തായിയെ കാണുമ്പോൾ അവൻ എവിടെയാണ്?
◆ മത്തായിയുടെ തൊഴിലെന്ത്, മററ് യഹൂദൻമാർ അത്തരക്കാരെ പുച്ഛിക്കുന്നതെന്ത്?
◆ യേശുവിനെതിരെ എന്ത് പരാതിയുണ്ടാകുന്നു, അവൻ എങ്ങനെ പ്രതികരിക്കുന്നു?
◆ യേശു പാപികളോടുകൂടെ സഹവസിക്കുന്നതെന്തുകൊണ്ട്? (w86 5/15)