ദൂതൻമാർ—അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
ദൂതൻമാർ യഥാർത്ഥത്തിൽ ആസ്തിക്യത്തിലുണ്ടോ? അതോ അവർ കേവലം ഭാവനാസങ്കൽപ്പമോ? അവർ വാസ്തവത്തിൽ ആസ്തിക്യത്തിലുണ്ടെങ്കിൽ, അവർക്ക് നിങ്ങളുടെ ജീവിതത്തെ ബാധിക്കാൻ കഴിയുമോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് ആശ്രയയോഗ്യമായ ഒരേയൊരു ഉറവിടം മാത്രമേ ഉള്ളു. അത് ദൈവം മനുഷ്യവർഗ്ഗത്തിനു നൽകിയ നിശ്വസ്ത രേഖയാണ്—അവന്റെ വചനമായ വിശുദ്ധ ബൈബിൾ. അതിനെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും . . . കാര്യങ്ങൾ നേരേയാക്കുന്നതിനു പ്രയോജനപ്രദവും ആകുന്നു.”—2 തിമൊഥെയോസ് 3:16.
ഇപ്രകാരം, ദൂതൻമാരുടെ ആസ്തിക്യത്തെയും അവർ നമ്മെ ബാധിക്കുമോ എന്നതിനെയും കുറിച്ച് ബൈബിൾ വളച്ചുകെട്ടില്ലാത്ത ഉത്തരങ്ങൾ നൽകും എന്നതിന് നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയും. തീർച്ചയായും പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന് തന്റെ സൃഷ്ടികളുടെ കൂട്ടത്തിൽ ദൂതൻമാരുണ്ടായിരുന്നോ എന്നു നമ്മോട് പറയാൻ കഴിയും.
ദൂതൻമാർ യഥാർത്ഥമോ?
ബൈബിൾ വ്യക്തമായി ഇങ്ങനെ പ്രസ്താവിക്കുന്നു: “അവൻ (ദൈവം) തന്റെ ദൂതൻമാരെ ആത്മാക്കൾ ആക്കുന്നു.” (എബ്രായർ 1:7) അതുകൊണ്ട് സ്വർഗ്ഗീയ മണ്ഡലത്തിൽ സ്രഷ്ടാവിന് ആത്മസൃഷ്ടികളുണ്ട്. ഇവർ നമുക്ക് അദൃശ്യരാണ്, ഇവർ ശക്തരും ആണ്.—സങ്കീർത്തനം 104:4; 2 പത്രോസ് 2:11.
ദൂതൻമാർ വെറും അമൂർത്തവും അവ്യക്തവും ആയ അസ്തിത്വങ്ങൾ ആയിരിക്കാനാണോ ദൈവം അവരെ സംബന്ധിച്ചുദ്ദേശിച്ചത്? അങ്ങനെയായിരുന്നു സംഗതിയെങ്കിൽ ദൂതൻമാരെ വികാരങ്ങളുള്ളവരായി ബൈബിൾ ചിത്രീകരിക്കുന്നത്നെന്തുകൊണ്ടാണ്? ദൃഷ്ടാന്തത്തിന്, ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൂതൻമാർ “ഒന്നിച്ചാർത്തുല്ലസിക്കുകയും ദൈവപുത്രൻമാരെല്ലാം (ദൂതൻമാർ) ഹർഷാരവം മുഴക്കാൻ തുടങ്ങുകയും ചെയ്തു”വെന്നും അത് നമ്മോട് പറയുന്നു.—ഇയ്യോബ് 38:4-7.
ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള ഭൗമ സൃഷ്ടികളെപ്പോലെ, ബുദ്ധിശക്തിയുള്ള ആത്മസൃഷ്ടികളായ ദൂതൻമാർക്കും സ്വന്ത വ്യക്തിത്വം ഉള്ളതായി തോന്നുന്നു. ബൈബിൾ രണ്ട് ദൂതൻമാരുടെ പേരുകൾ മാത്രമെ (മീഖായേലും ഗബ്രിയേലും) പറയുന്നുള്ളുവെങ്കിലും ദൂതൻമാർക്ക് പേരുകളുണ്ടെന്ന വസ്തുത അവർക്ക് വ്യക്തിത്വം ഉണ്ടെന്ന് കാണിക്കുന്നു. (ലൂക്കോസ് 1:11,19, 26; യൂദാ 9) ബൈബിൾ ദൂതൻമാരെ ആരാധിക്കുന്നതിനെ ശക്തമായി കുററം വിധിക്കുന്നു, ഇതിൽ അവരോട് പ്രാർത്ഥിക്കുന്നതും ഉൾപ്പെടുന്നു. ദൂതൻമാരോട് പ്രാർത്ഥിക്കുന്നതിന് പകരമായി അപ്പോസ്തലനായ പൗലോസ് നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “സകലത്തിലും നന്ദിയോടുകൂടിയ പ്രാർത്ഥനയാലും അഭയയാചനകളാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പ്യർ 4:6; വെളിപ്പാട് 19:10; 22:8, 9.
എന്നാൽ ബോധമില്ലാത്ത യന്ത്രമനുഷ്യരെപ്പോലെ തെററിനും ശരിക്കും മദ്ധ്യെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ശേഷിയില്ലാത്തവരായിരിക്കത്തക്കവിധമാണോ ദൂതൻമാരെ ദൈവം സംവിധാനം ചെയ്തത്? അല്ല, ദുതൻമാർ മനുഷ്യരെപ്പോലെ തന്നെ സ്വതന്ത്ര ധാർമ്മിക കാര്യസ്ഥരാണ്. ഉദാഹരണത്തിന്, ചില ദൂതൻമാർ നോഹയുടെ നാളുകളിൽ ദൈവനിയമം ലംഘിച്ചപ്പോൾ ദൈവം അവരെ തിരസ്കരിക്കുകയും അവർ ദൈവത്തിന്റെ സ്വർഗ്ഗീയ സദസ്സുകളിൽ നിന്ന് നിഷ്കാസിതരാകുകയും ചെയ്തു. അവരുടെ അനുസരണം കെട്ട പെരുമാററം അവരുടെ ദൂത വ്യക്തിത്വത്തിന്റെ പ്രകടമായ പ്രതിഫലനമായിരുന്നു.—ഉൽപ്പത്തി 6:1, 2; 2 പത്രോസ് 2:4; മത്തായി 25:41.
ഇപ്രകാരം ദൂതൻമാരുടെ ആവിർഭാവം, ആസ്തിക്യം, പ്രകൃതി എന്നീ കാര്യങ്ങളെക്കുറിച്ച് ബൈബിൾ നമുക്ക് സഹായക വിവരങ്ങൾ നൽകുന്നു. ദൈവവചനം അവരെപ്പററി പറയുന്നതിനപ്പുറം പോകുന്നത് ബൈബിൾ ഉത്തരം നൽകാത്ത ചോദ്യങ്ങളെച്ചൊല്ലി അനാവശ്യമായി ചിന്തിച്ചുപോകുന്നതിന് ഒരു വ്യക്തിയെ ഇടയാക്കിയേക്കാം. അത് ദൂതൻമാർക്ക് അനർഹമായ ശ്രദ്ധയോ ആരാധനയോ നൽകുന്നതിലേക്ക് പോലും നയിച്ചേക്കാം. (കൊലോസ്യർ 2:18) “അധികം പ്രധാനമായ കാര്യങ്ങൾ നിശ്ചയപ്പെടുത്തുന്ന”തിനും ‘സുവാർത്ത എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് അപ്പുറം’ പോകാതിരിക്കുന്നതിനും ബൈബിൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.—ഫിലിപ്പ്യർ 1:10; ഗലാത്യർ 1:8.
ദൂതൻമാർ ദൈവോദ്ദേശ്യത്തിൽ
ദൂതൻമാരുടെ ഉത്ഭവത്തിന്റെയും സ്വഭാവലക്ഷണങ്ങളുടെയും കാര്യത്തിൽ പലരും യോജിപ്പ് പ്രകടിപ്പിച്ചേക്കാം എങ്കിലും അവരുടെ ആസ്തിക്യത്തിന്റെ കാരണത്തെക്കുറിച്ചോ ഇന്ന് നമ്മുടെ ജീവിതത്തെ ദൂതൻമാർ സ്വാധീനിക്കുന്നതെങ്ങനെ എന്നതിനേക്കുറിച്ചോ വാസ്തവത്തിൽ അറിവുള്ളവർ വിരളമാണ്.
ബൈബിളിൽ “ദൂതൻ” എന്നതിന് ഉപയോഗിക്കപ്പെട്ടിരിക്കുന്ന രണ്ടു പദങ്ങൾ മാ.’ലാഖ്’ (എബ്രായ) എന്നതും അഗ്ഗെലോസ് (ഗ്രീക്ക്) എന്നതുമാണ്. ഇവ രണ്ടിനും “സന്ദേശവാഹകൻ” എന്ന അർത്ഥമാണുള്ളത്. ഇവ ദൂതൻമാരുടെ ധർമ്മങ്ങളിൽ ഒന്നിനെക്കുറിച്ച് നമ്മോട് ചിലത് പറയുന്നു. ദൂതൻമാർ ദൈവത്തിനും മനുഷ്യനും മദ്ധ്യെ സന്ദേശവാഹകർ, അഥവാ വിവരവാഹികൾ ആയി സേവനമനുഷ്ഠിക്കുന്നു.
ദൃഷ്ടാന്തത്തിന് തന്റെ പുത്രനായ യിസ്ഹാക്കിനേക്കുറിച്ചും അവനിലൂടെ വരാനിരുന്നതും നമുക്ക് അനുഭവിക്കാൻ കഴിയുന്നതുമായ അനുഗ്രഹത്തെക്കുറിച്ചും അബ്രഹാമിന് ഒരു സന്ദേശമെത്തിച്ചു കൊടുക്കാൻ ഒരു ദൂതനാണ് അയക്കപ്പെട്ടത്. (ഉൽപ്പത്തി 22:11-17) മോശെയുമായി ആശയവിനിയമം നടത്തുന്നതിന് ഒരു ദൂതൻ അയക്കപ്പെട്ടു. (പ്രവൃത്തികൾ 7:37,38) പ്രവാചകനായ ഏലിയാവിന് നിർദ്ദേശങ്ങളുമായി ദൈവം അയച്ചതും ഒരു ദൂതനെ ആയിരുന്നു. (2 രാജാക്കൻമാർ 1:3) വീണ്ടും, പൈതലായ യേശുവിനെ സംബന്ധിക്കുന്ന പ്രത്യേക നിർദ്ദേശങ്ങളുമായി അവന്റെ വളർത്തുപിതാവായ യോസെഫിന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടതും ഒരു ദൂതനായിരുന്നു.—മത്തായി 2:13.
ദൈവജനത്തെ സംരക്ഷിക്കുന്നതിനും ദൂതൻമാർ അയക്കപ്പെട്ടിട്ടുണ്ട്: “യഹോവയെ ഭയപ്പെടുന്നവർക്കു ചുററും എല്ലായിടത്തും അവന്റെ ദൂതൻ പാളയമടിച്ചിരിക്കുന്നു, അവൻ അവരെ രക്ഷിക്കുകയും ചെയ്യുന്നു.” (സങ്കീർത്തനം 34:7) ഉദാഹരണത്തിന് പത്രോസ് അപ്പോസ്തലനെ ഒരു ദൂതൻ തടവിൽ നിന്ന് രക്ഷിച്ചു. (പ്രവൃത്തികൾ 12:6-11) ലോത്തിനേയും അവന്റെ രണ്ടു പുത്രിമാരെയും സോദോം, ഗോമോറാ പ്രദേശങ്ങളുടെ മേലുള്ള നാശത്തെ അതിജീവിക്കുന്നതിന് തക്കവണ്ണം അവരെ ആ പ്രദേശത്തു നിന്ന് പുറത്തേക്ക് ആനയിച്ചുകൊണ്ടു പോയത് രണ്ടു ദൂതൻമാരായിരുന്നു. ലോത്തിന്റെ ഭാര്യ പക്ഷേ, ദൂതൻമാരോട് പൂർണ്ണ യോജിപ്പിൽ വർത്തിക്കാതിരുന്നതു നിമിത്തം ആ നഗരങ്ങളോടൊപ്പം അവളും നാശത്തിലകപ്പെട്ടു.—ഉൽപ്പത്തി 19:1-26.
എബ്രായർ1:7,14 എന്നിവിടങ്ങളിലെ പിൻവരുന്ന പ്രസ്താവനയെ ദൃഢീകരിക്കുംവിധം ദൂതസഹായത്തിന്റെ മററു നിരവധി ദൃഷ്ടാന്തങ്ങൾ ബൈബിൾ പരാമർശിക്കുന്നു: “ദൂതൻമാരെക്കുറിച്ചോ അവൻ പറയുന്നത്: ‘അവൻ തന്റെ ദൂതൻമാരെ ആത്മാക്കളും തന്റെ പരസ്യ സേവകൻമാരെ അഗ്നിജ്വാലയും ആക്കിത്തീർക്കുന്നു.’ അവരെല്ലാം രക്ഷ അവകാശമാക്കാൻ പോകുന്നവർക്കായി ശുശ്രൂഷ ചെയ്യാൻ അയക്കപ്പെട്ട പരസ്യസേവകാത്മാക്കളല്ലയോ?”
ഒരു ദൂതൻ യേശുവിന് വലിയ ആശ്വാസം കൈവരുത്തി. തന്റെ മരണത്തിന്റെ തലേ രാത്രി തനിക്കു മുമ്പാകെ എന്ത് അവശേഷിച്ചിരുന്നു എന്ന് യേശുവിന് അറിയാമായിരുന്നു—തന്നെ ഒററിക്കൊടുക്കുകയും പ്രഹരിക്കുകയും ക്രൂരമായി വധിക്കുകയും ചെയ്യുമെന്ന്. തന്റെ നിർമ്മലതയുടെ ഈ പരിശോധനയെ സഹിക്കുന്നതിന് അവന് ശക്തി ആവശ്യം ആയിരുന്നു. ആ നിർണ്ണായക സമയത്ത് ‘അവനെ ശക്തീകരിക്കാൻ’ ഒരു ദൂതൻ അവനു പ്രത്യക്ഷനായി. ആ ദൂതനിൽ നിന്നുള്ള ആശ്വാസം യേശുവിന് എന്തോരു അനുഗ്രഹമായിരുന്നിരിക്കണം! തൻനിമിത്തം, “അവന്റെ വിയർപ്പ് രക്തത്തുള്ളിയായി നിലത്തു വീഴുമാറ്” അവൻ അതിവേദന അനുഭവിച്ചുവെങ്കിലും മരണത്തോളം വിശ്വസ്തതയോടെ സഹിച്ചു നിൽക്കാൻ അവനു കഴിഞ്ഞു.—ലൂക്കോസ് 22:43,44.
ദൈവം തന്റെ ജനത്തിന്റെ ശത്രുക്കളെ നിഗ്രഹിക്കുന്നതിനും ദൂതൻമാരെ ഉപയോഗിച്ചിട്ടുണ്ട്. അസ്സീറിയൻ ലോകശക്തി ദൈവത്തിന്റെ പുരാതന ആരാധകരെ ഭീഷണിപ്പെടുത്തിയപ്പോൾ പിൻവരുന്ന സംഭവം ഉണ്ടായി: “രാത്രിയിൽ യഹോവയുടെ ദൂതൻ പുറപ്പെട്ട് അസ്സീറിയൻ പാളയത്തിലെ ഒരു ലക്ഷത്തെൺപത്തയ്യായിരം പേരെ വെട്ടിവീഴ്ത്തി. ജനം നന്നാരാവിലെ എഴുന്നേററപ്പോൾ, അതാ, അവരെല്ലാവരും ശവങ്ങളായി കിടന്നിരുന്നു.” (2 രാജാക്കൻമാർ 19:35) നിങ്ങൾക്ക് ദൂത്നൻമാരുടെ ഭയങ്കരമായ ശക്തി കാണാൻ കഴിയും—ദൈവത്തിന്റെയും അവന്റെ ജനത്തിന്റെയും 1,85,000 വൈരികളെ കൊന്നൊടുക്കുന്നതിന് ഒരേയൊരു ദൂതൻ മതിയായിരുന്നു!
ദൈവത്തെ ദുഷിച്ച ഹെരോദാവിനും ഒരു ദൂതന്റെ ശക്തിയെ നേരിടേണ്ടി വന്നു. ഹെരോദാവിന് താൻ ദൈവസദൃശ്യനെന്നു തോന്നിയപ്പോൾ, “അവൻ ദൈവത്തിന് മഹത്വം കൊടുക്കാതിരുന്നതിനാൽ യഹോവയുടെ ദൂതൻ ഉടനെ അവനെ പ്രഹരിച്ചു; അവൻ കൃമിക്കിരയാകയും പ്രാണനെ വിടുകയും ചെയ്തു.”—പ്രവൃത്തികൾ 12:21-23.
ഉടനെ, ദൈവം ഈ മുഴു ദുഷ്ട വ്യവസ്ഥിതിക്കും അറുതി വരുത്തുമ്പോൾ വീണ്ടും ദൂതൻമാർ വധാധികൃതൻമാരായി ഉപയോഗിക്കപ്പെടും. “മനുഷ്യപുത്രൻ തന്റെ ദൂതൻമാരെ അയക്കും, അവർ അവന്റെ രാജ്യത്തിൽ നിന്ന് ഇടർച്ച ഉളവാക്കുന്ന എല്ലാററിനേയും അധർമ്മം പ്രവർത്തിക്കുന്ന വ്യക്തികളേയും ശേഖരിച്ച് തീച്ചൂളയിൽ എറിഞ്ഞുകളയും.”—മത്തായി 13:41, 42
ഇപ്രകാരം ദൂതൻമാർ അനേകരും ഊഹിക്കുന്നതിൽ നിന്ന് വളരെ ഭിന്നരാണ്. ജർമ്മൻ മതഗ്രന്ഥകാരനായ ഡോ. മാൻഫ്രെഡ് ബാർഥെൽ ഇങ്ങനെ പ്രസ്താവിച്ചു: “കർത്താവിന്റെ ദൂതൻമാരെ പഴയനിയമ ഗ്രന്ഥകർത്താക്കൾ കണ്ടതുപോലെ സങ്കൽപ്പിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യമായി നമ്മുടെ ആശംസാ കാർഡുകളെ അലങ്കരിക്കുന്ന . . . ഉണ്ണിക്കെരൂബുകളെ നമ്മൾ മറന്നുകളയേണ്ടിവരും.”—യഥാർത്ഥത്തിൽ ബൈബിൾ പറയുന്നത്.
ദൂതൻമാർ നിങ്ങളെ ബാധിക്കുന്ന തെങ്ങനെ?
പക്ഷെ പിൻവരുന്ന ചോദ്യം അവശേഷിക്കുന്നു: ദൂതൻമാർ ഇന്ന് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ഇന്ന് അവർ നമ്മെ ബാധിക്കുന്നുണ്ടോ? ഉവ്വ്, തീർച്ചയായും അവർ ബാധിക്കുന്നു!
“വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചുള്ള തന്റെ പ്രവചനത്തിൽ യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞുവെന്ന് ഓർമ്മിക്കുക: “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ [രാജ്യാധികാരം പ്രാപിച്ച്] തന്നോടൊപ്പം സകല ദൂതൻമാരുമായി വരുമ്പോൾ, അവൻ തന്റെ മഹത്വമേറിയ സിംഹാസനത്തിൽ ഇരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടുകയും, അവൻ ജനങ്ങളെ തമ്മിൽ തമ്മിൽ വേർതിരിക്കുകയും ചെയ്യും.”—മത്തായി 24:3; 25:31,32.
ജനങ്ങളുടെ ഈ വിഭജനം എങ്ങനെ നിറവേററപ്പെടും? യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അതെ, ദൈവം ഭൂമിയിലുള്ള തന്റെ ജനത്തെ ഈ ആഗോള പ്രസംഗവേല നിർവ്വഹിക്കാൻ ഉപയോഗിക്കുന്നു.
മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഏകപരിഹാരം കൊണ്ടുവരുന്ന ഗവൺമെൻറ് ദൈവരാജ്യമാണ്. ഇന്ന് അതിനെ സംബന്ധിക്കുന്ന സന്ദേശം ദൂതൻമാരുടെ പിന്തുണയുള്ള മുപ്പതു ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾ, ലോകമൊട്ടാകെ പ്രഘോഷിച്ചുകൊണ്ടിരിക്കുന്നു. “വ്യവസ്ഥിതിയുടെ സമാപനകാലത്ത് ഇങ്ങനെയായിരിക്കും: ദൂതൻമാർ പുറപ്പെട്ടു നീതിമാൻമാരിൽ നിന്ന് ദുഷ്ടൻമാരെ വേർതിരിക്കും.”—മത്തായി 13:49.
ദൂതൻമാർ നയിക്കുന്ന ഈ പ്രസംഗവേലക്ക് ഇന്ന് ജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ തങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്തവിധം തിരക്കുള്ളവരാണെന്ന് പറയുകയോ അല്ലെങ്കിൽ ശ്രദ്ധിക്കാൻ കേവലം വിസമ്മതിക്കുകയോ ചെയ്യുന്നു. മററു ചിലർ വിമുഖരോ അനിശ്ചിതരോ ആണ്. എങ്കിലും ഭാവിയെപ്പററി ചിന്തയുള്ള സത്യസന്ധഹൃദയരായ അനേകർ മനസ്സൊരുക്കത്തോടെ പ്രതികരിച്ചിട്ടുണ്ട്. എങ്ങനെ?
തങ്ങളുടെ “ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ള”വരും ‘നീതിക്കുവേണ്ടി വിശക്കുന്ന’വരുമായ ദശലക്ഷങ്ങളോടൊപ്പം യഹോവയുടെ സാക്ഷികൾ ഭവന ബൈബിൾ അദ്ധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. (മത്തായി 5:3,6) രക്ഷയുടെ ദൂതുമായി അത്തരം ആത്മാർത്ഥ ഹൃദയരായ ആളുകളുമായി ബന്ധപ്പെടുന്നതിന് ദൈവദാസൻമാരെ ദൂതൻമാർ മിക്കപ്പോഴും നയിക്കുന്നുണ്ട് എന്ന് നിരവധി അനുഭവങ്ങൾ കാണിക്കുന്നു. “ഭൂമിയിൽ വസിക്കുന്നവരോട് സന്തോഷ വർത്തമാനം അറിയിക്കാൻ നിത്യ സുവാർത്തയുമായി” “മദ്ധ്യാകാശേ പറക്കുന്ന” “ഒരു ദൂത”നെ വെളിപ്പാട് 14:6 പ്രതീകാത്മകമായി വർണ്ണിക്കുന്നു. അത് നിശ്ചയമായും ഇപ്പോൾ സംഭവിക്കുന്നു! ഇത് നിങ്ങളുടെ ഭാവിയെ എങ്ങനെ ബാധിക്കും?
ദൂതൻമാർ നിങ്ങളുടെ ഭാവിയിൽ
ബൈബിൾ നമ്മുടെ കാലങ്ങളെ ഈ വർത്തമാനകാല വ്യവസ്ഥിതിയുടെ “അവസാനനാളുകൾ” ആയി വ്യക്തമായി തിരിച്ചറിയിക്കുന്നു. (2 തിമോഥെയോസ് 3:1-5) ദൂതൻമാർ ഇന്ന് “നാലു കാററുകളെ പിടിച്ചുകൊണ്ട് ഭൂമിയുടെ നാലു കോണുകളിൽ നിൽക്കുന്നു”വെന്നും ബൈബിൾ നമ്മോട് പറയുന്നു. (വെളിപ്പാട് 7:1) ഈ സൂചിതാർത്ഥ വർണ്ണനയുടെ അർത്ഥമെന്താണ്?
ഭൂമിയുടെ “കോണുകളി”ൽ നിൽക്കുന്നതുകൊണ്ട് എല്ലാ ദിശകളിൽ നിന്നും വിനാശത്തിന്റെ “കാററുകളെ” അഴിച്ചുവിടുന്നതിന് തക്ക സ്ഥാനത്താണ് അവർ. ഭൂമിയുടെ യാതൊരു പ്രദേശവും ഒഴിവാക്കപ്പെടുകയില്ല, അതിന്റെ അർത്ഥം ഈ ദുഷ്ടവ്യവസ്ഥിതിക്കും അതിന്റെ സകല തുണയാളികൾക്കും “ഹാനി” അഥവാ നാശം എന്നാണ്. അടയാളം നൽകപ്പെടുമ്പോൾ നടപടി ആരംഭിക്കുന്നതിനുള്ള ഒരുക്കത്തോടെ ദൈവദൂതൻമാർ നിൽക്കുന്നതായിട്ടാണ് അവർ വർണ്ണിക്കപ്പെട്ടിരിക്കുന്നത്!—വെളിപ്പാട് 7:3; 19:11-21.
ഭൂവ്യാപകമായി പ്രസംഗിക്കപ്പെടുന്ന ദൂത പിൻതുണയുള്ള സന്ദേശത്തോട് പ്രതികരണം നടത്താത്തവരുടെ മേൽ മാത്രമേ വിനാശകരമായ ഹാനി വന്നു ഭവിക്കുകയുള്ളു. ദൈവത്തെ അന്വേഷിക്കുകയും രാജ്യദൂതിന് ചെവികൊടുക്കുകയും ചെയ്യുന്നവരെ അത് “ഹനിക്കുക”യില്ല. ദൈവവചനം പിൻവരുന്നപ്രകാരം പറയുന്നതുപോലെ അവർ സംരക്ഷിക്കപ്പെടും: “ഭൂമിയിലെ സകല സൗമ്യരുമായുള്ളോരേ, യഹോവയെ അന്വേഷിക്കുക . . . നീതി അന്വേഷിക്കുക, സൗമ്യത അന്വേഷിക്കുക. ഒരുപക്ഷെ നിങ്ങൾ യഹോവയുടെ കോപ ദിവസത്തിൽ മറയ്ക്കപ്പെട്ടേക്കാം.”—സെഫന്യാവ് 2:3
അത്തരം “സൗമ്യതയുള്ളവരുടെ” ഭാഗധേയം എന്തായിരിക്കും? സങ്കീർത്തനം 37:11 ഇങ്ങനെ പറയുന്നു: “സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും, സമാധാന സമൃദ്ധിയിൽ അവർ പരമാനന്ദം കണ്ടെത്തുകയും ചെയ്യും.” എത്ര കാലത്തേക്ക്? “നീതിമാൻമാർ ഭൂമിയെ കൈവശമാക്കുകയും, അവർ എന്നേക്കും അതിൽ വസിക്കുകയും ചെയ്യും.” (സങ്കീർത്തനം 37:29) അതിന്റെ അർത്ഥം യേശു സൂചിപ്പിച്ചതുപോലെ പറുദീസയായി രൂപാന്തരപ്പെടുത്തപ്പെടുന്ന ഒരു ഭൂമിയിൽ നിത്യജീവൻ സാധ്യമായിത്തീരും എന്നാണ്..—ലൂക്കോസ് 23:43.
ആ സ്ഥിതിക്ക് നിങ്ങൾ ചോദിക്കേണ്ട ചോദ്യം ഇതാണ്: ‘എന്റെ ഭാവി എന്തായിരിക്കും?’ ഉത്തരം, ദൂതനടത്തിപ്പിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അവർ പിൻതുണക്കുന്ന ദൂത് നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്യുമോ? നിങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ ദൈവത്തിന്റെ പിൻവരുന്ന സുനിശ്ചിത വാഗ്ദത്തത്തോടു കൂടിയ ഭാവിയിലേക്ക് ശുഭാപ്തിവിശ്വാസത്തോടു കൂടെ നോക്കാൻ കഴിയുന്നവരുടെ ഇടയിലായിരിക്കും നിങ്ങളും: “ലോകം ഒഴിഞ്ഞുപോകുന്നു, അതിന്റെ മോഹവും അങ്ങനെ തന്നെ, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു”.—1 യോഹന്നാൻ 2:17. (w87 12/15)
[7-ാം പേജിലെ ചിത്രം]
ദൂതൻമാർ ഇന്ന് ‘നാലു കാററുകളെ പിടിച്ചുകൊണ്ട് നിൽക്കുന്നു.’ എന്തുകൊണ്ട്?