പ്രാർത്ഥന കേൾക്കുന്നവനായ യഹോവയെ ഭയപ്പെടുക
“പ്രാർത്ഥന കേൾക്കുന്നവനേ, നിന്റെ പക്കലേക്കുതന്നെ സകല ജഡത്തിലുംപെട്ട ആളുകൾ വരും.”—സങ്കീർത്തനം 65:2.
1. പ്രാർത്ഥനയിൽ തന്നെ സമീപിക്കാൻ ആഗ്രഹിക്കുന്നവരെസംബന്ധിച്ച് യഹോവക്ക് നിബന്ധനകൾ ഉണ്ടായിരിക്കുമെന്ന് നാം പ്രതീക്ഷിക്കേണ്ടതെന്തുകൊണ്ട്?
യഹോവയാം ദൈവം “നിത്യതയുടെ രാജാവാ”ണ്. അവൻ “പ്രാർത്ഥന കേൾക്കുന്നവനു”മാണ്. അവന്റെ പക്കലേക്ക് “സകല ജഡത്തിലുംപെട്ട ആളുകൾ വരും.” (വെളിപ്പാട് 15:3; സങ്കീർത്തനം 65:2) എന്നാൽ അവർ എങ്ങനെ അവന്റെ അടുത്തേക്ക് വരണം? തങ്ങളുടെ സന്നിധാനത്തിലേക്കു കടന്നുവരാൻ അനുവദിക്കപ്പെടുന്നവരുടെ വസ്ത്രധാരണം, പെരുമാററം, എന്നിവപോലുള്ള കാര്യങ്ങളിൽ ഭൗമികരാജാക്കൻമാർ നിയന്ത്രണം വെക്കുന്നു. അതുകൊണ്ട് തീർച്ചയായും അഭയയാചനയും നന്ദിപ്രകടനവുമായി തന്റെ മുമ്പിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരുവനും അനുസരിക്കേണ്ടതായ നിബന്ധനകൾ നിത്യരാജാവിന് ഉണ്ടായിരിക്കാൻ നാം പ്രതീക്ഷിക്കണം.—ഫിലിപ്പിയർ 4:6, 7.
2. പ്രാർത്ഥന എന്ന വിഷയം സംബന്ധിച്ച് എന്തു ചോദ്യങ്ങൾ ഉദിക്കുന്നു?
2 തന്നെ പ്രാർത്ഥനയിൽ സമീപിക്കുന്നവരിൽനിന്ന് നിത്യരാജാവ് എന്താണ് ആവശ്യപ്പെടുന്നത്? പ്രാർത്ഥിക്കാനും കേൾക്കപ്പെടാനും ആർക്കാണു കഴിയുക? അവർക്ക് എന്തിനെപ്പററി പ്രാർത്ഥിക്കാൻ കഴിയും?
നിത്യരാജാവിനെ സമീപിക്കൽ
3. പുരാതനകാലത്തെ ദൈവദാസൻമാർ അർപ്പിച്ച പ്രാർത്ഥനകളുടെ ഏതു ദൃഷ്ടാന്തങ്ങൾ നൽകാൻ നിങ്ങൾക്കു കഴിയും, ഒരു മദ്ധ്യസ്ഥനിലൂടെയാണോ അവർ അവനെ സമീപിച്ചത്?
3 ഒരു പാപിയായിത്തീരുന്നതിനുമുമ്പ് ഒരു “ദൈവപുത്രൻ” ആയിരുന്ന ആദാം നിത്യതയുടെ രാജാവുമായി ആശയവിനിയമം നടത്തി. (ലൂക്കോസ് 3:38; ഉല്പത്തി 1:26-28) ആദാമിന്റെ പുത്രനായ ഹാബേൽ “തന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് ചില കടിഞ്ഞൂലുകളെ” ദൈവത്തിന് അർപ്പിച്ചപ്പോൾ നിസ്സംശയമായും ആ യാഗത്തോടൊപ്പം അഭയയാചനയുടെയും സ്തുതിയുടെയും വാക്കുകളും ഉണ്ടായിരുന്നു. (ഉല്പത്തി 4:2-4) നോഹ, അബ്രാഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരും ബലിപീഠങ്ങൾ പണിയുകയും തങ്ങളുടെ യാഗങ്ങളുമായി പ്രാർത്ഥനാപൂർവം യഹോവയെ സമീപിക്കുകയും ചെയ്തു. (ഉല്പത്തി 8:18-22; 12:7, 8; 13:3, 4, 18; 22:9-14; 26:23-25; 33:18-20; 35:1, 3, 7) കൂടാതെ ശലോമോന്റെയും എസ്രായുടെയും ദിവ്യമായി നിശ്വസ്തരാക്കപ്പെട്ട സങ്കീർത്തനക്കാരുടെയും പ്രാർത്ഥനകൾ സൂചിപ്പിക്കുന്നത് ഒരു മദ്ധ്യസ്ഥനെ കൂടാതെ ഇസ്രായേല്യർ ദൈവത്തെ സമീപിച്ചുവെന്നാണ്.—1 രാജാക്കൻമാർ 8:22-24; എസ്രാ 9:5, 6; സങ്കീർത്തനം 6:1, 2;: 43:1; 55:1; 61:1; 72:1; 80:1; 143:1.
4. (എ) പ്രാർത്ഥനയിൽ ദൈവത്തെ സമീപിക്കാനുള്ള ഏതു പുതിയ രീതി ഒന്നാം നൂററാണ്ടിൽ നിലവിൽവന്നു? (ബി) പ്രാർത്ഥന യേശുവിന്റെ നാമത്തിൽ അർപ്പിക്കപ്പെടണമെന്നത് വിശേഷാൽ ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
4 പ്രാർത്ഥനയിൽ ദൈവത്തെ സമീപിക്കുന്നതിനുള്ള ഒരു പുതിയ രീതി നമ്മുടെ പൊതുയുഗം ഒന്നാം നൂററാണ്ടിൽ നിലവിൽവന്നു. അത് മനുഷ്യവർഗ്ഗത്തോടു പ്രത്യേകാൽ സ്നേഹമുണ്ടായിരുന്ന അവന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയായിരുന്നു. ഒരു മനുഷ്യനായിത്തീരുന്നതിനുമുമ്പത്തെ യേശുവിന്റെ ആസ്തിക്യത്തിൽ മനുഷ്യവർഗ്ഗത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ താത്പര്യമെടുത്തുകൊണ്ട് അവൻ ഒരു “വിദഗ്ദ്ധവേലക്കാരൻ” എന്ന നിലയിൽ സന്തോഷപൂർവം സേവിച്ചു. (സദൃശവാക്യങ്ങൾ 8:30, 31) ഒരു മനുഷ്യനെന്ന നിലയിൽ ഭൂമിയിലായിരുന്നപ്പോൾ യേശു അപൂർണ്ണരായിരുന്ന മനുഷ്യരെ സ്നേഹപൂർവം ആത്മീയമായി സഹായിക്കുകയും രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയുംപോലും ചെയ്തു. (മത്തായി 9:35-38; ലൂക്കോസ് 8:1-3, 49-56) എല്ലാററിലുമുപരിയായി യേശു ‘തന്റെ ദേഹിയെ അനേകർക്കുവേണ്ടി ഒരു മറുവിലയായി നൽകി.’ (മത്തായി 20:28) അപ്പോൾ മറുവിലയിൽനിന്നുള്ള പ്രയോജനം അനുഭവിക്കുന്നവർ മനുഷ്യവർഗ്ഗത്തെ ഇത്രയധികം സ്നേഹിക്കുന്ന ആ ഒരുവനിലൂടെ ദൈവത്തെ സമീപിക്കണം എന്നത് എത്ര ഉചിതമാണ്! ഇപ്പോൾ നിത്യരാജാവിനെ സമീപിക്കാനുള്ള ഏകമാർഗ്ഗം ഇതാണ്, എന്തുകൊണ്ടെന്നാൽ “എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്ക് വരുന്നില്ല” എന്നും “നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ അവൻ അത് നിങ്ങൾക്കു തരും” എന്നും യേശു തന്നെ പറഞ്ഞു. (യോഹന്നാൻ 14:6; 16:23) യേശുവിന്റെ നാമത്തിൽ എന്തെങ്കിലും ചോദിക്കുകയെന്നാൽ പ്രാർത്ഥന കേൾക്കുന്നവനെ സമീപിക്കാനുള്ള മാർഗ്ഗമായി അവനെ അംഗീകരിക്കുക എന്നാണതിന്റെ അർത്ഥം.
5. മനുഷ്യവർഗ്ഗലോകത്തോടുള്ള ദൈവത്തിന്റെ മനോഭാവമെന്താണ്, അതിന് പ്രാർത്ഥനയുമായി എന്തു ബന്ധമുണ്ട്?
5 ഒരു മറുവില പ്രദാനംചെയ്യുക വഴി യഹോവ പ്രകടമാക്കിയ സ്നേഹം നാം വിശേഷാൽ വിലമതിക്കേണ്ടതാണ്. യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏതൊരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻതക്കവണ്ണം ദൈവം [മനുഷ്യവർഗ്ഗ] ലോകത്തെ അത്രയധികം സ്നേഹിച്ചു.” (യോഹന്നാൻ 3:16) ദൈവസ്നേഹത്തിന്റെ ആഴം സങ്കീർത്തനക്കാരന്റെ വാക്കുകളിൽ നന്നായി വർണ്ണിക്കപ്പെട്ടിരിക്കുന്നു: “ആകാശം ഭൂമിയിൽനിന്ന് ഉയർന്നിരിക്കുന്നതുപോലെ തന്നെ ഭയപ്പെടുന്നവരോടുള്ള അവന്റെ സ്നേഹദയ സമുന്നതമായിരിക്കുന്നു. സൂര്യോദയം സൂര്യാസ്തമനത്തിൽനിന്ന് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകററിയിരിക്കുന്നു. ഒരു അപ്പൻ തന്റെ പുത്രൻമാരോടു കരുണ കാണിക്കുന്നതുപോലെ തന്നെ ഭയപ്പെടുന്നവരോട് യഹോവ കരുണ കാണിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ നാം പൊടിയാണെന്ന് ഓർത്തുകൊണ്ട് അവൻ നമ്മുടെ പ്രകൃതി നന്നായി അറിയുന്നു.” (സങ്കീർത്തനം 103:11-14) യഹോവയുടെ സമർപ്പിതസാക്ഷികളുടെ പ്രാർത്ഥനകൾ ഇത്ര സ്നേഹവാനായ ഒരു പിതാവിങ്കലേക്ക് അവന്റെ പുത്രൻ മുഖാന്തരം ഉയരുന്നുവെന്നത് എത്ര ഹൃദയോദ്ദീപകമാണ്!
ഒരു നിയന്ത്രിത പദവി
6. ഏതു മനോഭാവത്തോടെയാണ് യഹോവയെ പ്രാർത്ഥനയിൽ സമീപിക്കേണ്ടത്?
6 അറിയിപ്പുകൂടാതെ തങ്ങളുടെ രാജകൊട്ടാരങ്ങളിലേക്ക് കടന്നുചെല്ലാൻ മാനുഷരാജാക്കൻമാർ ഏതൊരുവനെയും അനുവദിക്കാറില്ല. ഒരു രാജാവുമായുള്ള ഒരു കൂടിക്കാഴ്ച ഒരു നിയന്ത്രിതപദവിയാണ്. നിത്യതയുടെ രാജാവിനോടുള്ള പ്രാർത്ഥനയും അങ്ങനെതന്നെയാണ്. ദൈവത്തിന്റെ മഹത്തായ രാജകീയപദവിയോടുള്ള വിലമതിപ്പോടെ യേശുക്രിസ്തുവിലൂടെ അവനെ സമീപിക്കുന്നവർക്ക് തീർച്ചയായും തങ്ങളുടെ പ്രാർത്ഥനകൾ കേൾക്കപ്പെടുമെന്ന് പ്രതീക്ഷിക്കാൻ കഴിയും. നിത്യരാജാവ് ആദരവോടെയും ആരാധനാമനോഭാവത്തോടെയും സമീപിക്കപ്പെടണം. കേൾക്കപ്പെടാൻ ആഗ്രഹിക്കുന്നവർ “യഹോവാഭയം” പ്രകടമാക്കണം.—സദൃശവാക്യങ്ങൾ 1:7.
7. “യഹോവാഭയം” എന്താണ്?
7 “യഹോവാഭയം” എന്താണ്? അത് ദൈവത്തെ അപ്രീതിപ്പെടുത്തുന്നതുസംബന്ധിച്ച ആരോഗ്യാവഹമായ ഭയം സഹിതം അവനോടുള്ള ആഴമായ ആദരവാണ്. ഈ ആദരപൂർവകമായ ഭയം അവന്റെ സ്നേഹദയയോടും നൻമയോടുമുള്ള നന്ദിയിൽനിന്ന് ഉത്ഭവിക്കുന്നു. (സങ്കീർത്തനം 106:1) തന്നെ അനുസരിക്കുന്നവർക്ക് മരണം ഉൾപ്പെടെയുള്ള ശിക്ഷ നൽകാനുള്ള അവകാശവും അധികാരവുമുള്ള നിത്യതയുടെ രാജാവായി അവനെ അംഗീകരിക്കുന്നത് അതിൽ ഉൾപ്പെട്ടിരിക്കുന്നു. യഹോവയോടുള്ള ഭയം പ്രകടമാക്കുന്ന വ്യക്തികൾക്ക് കേൾക്കപ്പെടുമെന്നുള്ള പ്രതീക്ഷയോടെ അവനോട് പ്രാർത്ഥിക്കാൻ കഴിയും.
8. തന്നെ ഭയപ്പെടുന്നവരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നത് എന്തുകൊണ്ടാണ്?
8 സ്വാഭാവികമായി ദുഷ്ടരും അവിശ്വസ്തരും സ്വയനീതിക്കാരുമായ ആളുകളുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നില്ല. (സദൃശവാക്യങ്ങൾ 15:29; യെശയ്യാവ് 1:15; ലൂക്കോസ് 18:9-14) എന്നാൽ യഹോവയെ ഭയപ്പെടുന്നവർ അവന്റെ നീതിയുള്ള നിലവാരങ്ങളോടു പൊരുത്തപ്പെട്ടിട്ടുള്ളതിനാൽ ശ്രവിക്കപ്പെടുന്നു. എന്നാൽ അവർ അതിലധികവും ചെയ്തിരിക്കുന്നു. യഹോവയെ ഭയപ്പെടുന്നവർ പ്രാർത്ഥനയിൽ ദൈവത്തിന് ഒരു സമർപ്പണം നടത്തുകയും ജലസ്നാപനത്തിന് വിധേയരായിക്കൊണ്ട് അതിനെ പ്രതീകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അപ്രകാരം അവർക്ക് സ്വതന്ത്രമായി പ്രാർത്ഥനയിൽ ദൈവത്തെ സമീപിക്കാനുള്ള പദവിയുണ്ട്.
9, 10. സ്നാപനമേൽക്കാത്ത വ്യക്തികൾക്ക് കേൾക്കപ്പെടുമെന്നുള്ള പ്രതീക്ഷയോടെ പ്രാർത്ഥിക്കാൻ കഴിയുമോ?
9 ദൈവത്താൽ ശ്രവിക്കപ്പെടുന്നതിന് ഒരു വ്യക്തി ദിവ്യേഷ്ടത്തോടു ചേർച്ചയിൽ പ്രാർത്ഥനാപൂർവകമായ വികാരങ്ങൾ പ്രകടമാക്കണം. അതെ, അയാൾക്ക് ആത്മാർത്ഥതയുണ്ടായിരിക്കണം. എന്നാൽ അതിലുമധികം ആവശ്യമാണ്. “വിശ്വാസം കൂടാതെ [ദൈവത്തെ] നന്നായി പ്രസാദിപ്പിക്കാൻ കഴിയില്ല” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി, “എന്തുകൊണ്ടെന്നാൽ ദൈവത്തെ സമീപിക്കുന്നവൻ ദൈവം ഉണ്ടെന്നും തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലദായകനായിത്തീരുന്നുവെന്നും വിശ്വസിക്കേണ്ടതാണ്.” (എബ്രായർ 11:6) കൊള്ളാം, അപ്പോൾ കേൾക്കപ്പെടുമെന്നുള്ള പ്രതീക്ഷയോടെ പ്രാർത്ഥിക്കാൻ സ്നാപനമേൽക്കാത്ത ആളുകളെ പ്രോൽസാഹിപ്പിക്കാൻ കഴിയുമോ?
10 പ്രാർത്ഥന നിയന്ത്രിതമായ ഒരു പദവിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് യരൂശലേമിലെ ദൈവാലയത്തിലേക്ക് തിരിഞ്ഞ് പ്രാർത്ഥിക്കുന്ന അന്യദേശക്കാരെ മാത്രം ശ്രവിക്കേണമേയെന്ന് ശലോമോൻരാജാവ് ആവശ്യപ്പെട്ടു. (1രാജാക്കൻമാർ 8:41-43) നൂററാണ്ടുകൾക്കുശേഷം പുറജാതിക്കാരനും വിദേശിയുമായിരുന്ന കോർന്നേല്യോസ് ഒരു ദൈവഭക്തനെന്ന നിലയിൽ “നിരന്തരം ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” സൂക്ഷ്മപരിജ്ഞാനം ലഭിച്ചപ്പോൾ കോർന്നേല്യോസ് തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും ദൈവം അവന് പരിശുദ്ധാത്മാവിനെ നൽകുകയും ചെയ്തു. അതേതുടർന്ന് കോർന്നേല്യോസും മററു പുറജാതിക്കാരും സ്നാപനമേററു. (പ്രവൃത്തികൾ 10:1-44) കോർന്നേല്യോസിനെപ്പോലെ ഇന്ന് സമർപ്പണത്തിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏതൊരാളെയും പ്രാർത്ഥിക്കാൻ പ്രോൽസാഹിപ്പിക്കാവുന്നതാണ്. എന്നാൽ തിരുവെഴുത്തുകൾ പഠിക്കുന്നതുസംബന്ധിച്ച് ആത്മാർത്ഥതയില്ലാത്ത, പ്രാർത്ഥനസംബന്ധിച്ച ദിവ്യനിബന്ധനകൾ അറിഞ്ഞുകൂടാത്ത, ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ഒരു മനോഭാവം പ്രകടമാക്കിയിട്ടില്ലാത്ത ഒരു വ്യക്തി യഹോവയെ ഭയപ്പെടുന്നുവെന്നോ അയാൾക്ക് വിശ്വാസമുണ്ടെന്നോ അല്ലെങ്കിൽ ആത്മാർത്ഥതയോടെ യഹോവയെ അന്വേഷിക്കുന്നുവെന്നോ പറയാൻ കഴിയില്ല. അത്തരം ഒരു വ്യക്തി ദൈവത്തിന് സ്വീകാര്യമായ പ്രാർത്ഥനകൾ അർപ്പിക്കാവുന്ന ഒരു സ്ഥാനത്തല്ല.
11. സമർപ്പണത്തിലേക്കു പുരോഗമിച്ചുകൊണ്ടിരുന്ന ചിലർക്ക് എന്തു സംഭവിച്ചിരിക്കുന്നു, അവർ തങ്ങളോടുതന്നെ എന്തു ചോദിക്കണം?
11 ഒരു കാലത്ത് സമർപ്പണത്തിലേക്കു പുരോഗമിച്ചുകൊണ്ടിരുന്ന ചില വ്യക്തികൾ പിന്നീട് മടിച്ചുനിൽക്കുന്നതായി കാണപ്പെട്ടേക്കാം. ദൈവത്തിന് പൂർണ്ണമായ ഒരു സമർപ്പണം നടത്താൻ വേണ്ടത്ര ദൈവസ്നേഹം തങ്ങളുടെ ഹൃദയത്തിലില്ലെങ്കിൽ തങ്ങൾക്കിപ്പോഴും പ്രാർത്ഥനയുടെ അത്ഭുതകരമായ ഈ പദവിയുണ്ടോയെന്ന് അവർ തങ്ങളോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷത്തിൽ ഇല്ല, എന്തുകൊണ്ടെന്നാൽ ദൈവത്തെ സമീപിക്കുന്നവർ ആത്മാർത്ഥതയോടെ ദൈവത്തെയും, കൂടാതെ നീതിയും സൗമ്യതയും അന്വേഷിക്കേണ്ടതാകുന്നു. (സെഫന്യാവ് 2:3) യഥാർത്ഥത്തിൽ യഹോവയെ ഭയപ്പെടുന്ന ഓരോരുത്തനും ദൈവത്തിന് സമർപ്പണംനടത്തുകയും സ്നാപനമേററുകൊണ്ട് അതു പ്രതീകപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശ്വാസിയാണ്. (പ്രവൃത്തികൾ 8:13; 18:8) സ്നാപനമേററ വിശ്വാസികൾക്കുമാത്രമേ നിത്യതയുടെ രാജാവിനെ പ്രാർത്ഥനയിൽ സമീപിക്കാനുള്ള അനിയന്ത്രിതമായ പദവിയുള്ളു.
“പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കൽ”
12. ഒരു വ്യക്തി “പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുന്നു” എന്നു പറയാൻ കഴിയുന്നത് എപ്പോഴാണ്?
12 ഒരു വ്യക്തി ദൈവത്തിന് സമർപ്പണം നടത്തുകയും സ്നാപനമേൽക്കുന്നതിനാൽ അതു പ്രതീകപ്പെടുത്തുകയും ചെയ്തശേഷം അയാൾ ‘പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കാൻ’ കഴിയുന്ന ഒരു അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് യൂദാ ഇപ്രകാരം എഴുതി: “നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ അടിസ്ഥാനമാക്കി നിങ്ങളെത്തന്നെ കെട്ടുപണിചെയ്തുകൊണ്ടും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവൻ ലാക്കാക്കി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുകൊണ്ടും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുക.” (യൂദാ 20, 21) ദൈവത്തിന്റെ ആത്മാവിന്റെ അല്ലെങ്കിൽ കർമ്മോദ്യുക്തശക്തിയുടെ സ്വാധീനത്തിൻകീഴിലും അവന്റെ വചനത്തിൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങളോടുള്ള ചേർച്ചയിലും പ്രാർത്ഥിക്കുമ്പോൾ ഒരു വ്യക്തി പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുകയാണ്. എങ്ങനെ പ്രാർത്ഥിക്കണമെന്നും പ്രാർത്ഥനയിൽ എന്താവശ്യപ്പെടണമെന്നും യഹോവയുടെ ആത്മാവിന്റെ നിശ്വസ്തതയിൽ എഴുതപ്പെട്ട തിരുവെഴുത്തുകൾ നമുക്കു കാണിച്ചുതരുന്നു. ഉദാഹരണത്തിന് ദൈവം തന്റെ പരിശുദ്ധാത്മാവിനെ നമുക്ക് തരേണമേ എന്ന് നമുക്ക് ആത്മധൈര്യത്തോടെ പ്രാർത്ഥിക്കാം. (ലൂക്കോസ് 11:13) നാം പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകൾ യഹോവ ഇഷ്ടപ്പെടുന്ന ഒരു ഹൃദയനില പ്രകടമാക്കുന്നു.
13. നാം പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുന്നുവെങ്കിൽ നാം എന്ത് ഒഴിവാക്കും, യേശുവിന്റെ ഏതു ബുദ്ധിയുപദേശം നാം ബാധകമാക്കും?
13 നാം പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകൾ ശബ്ദധോരണിയേറിയ വാക്കുകളാൽ നിറഞ്ഞവയായിരിക്കുന്നില്ല. അവ മനഃപാഠമാക്കിയ സൂത്രവാക്യങ്ങളുടെ ആവർത്തനവുമായിരിക്കുന്നില്ല. ഇല്ല, അവയിൽ മിക്കവാറും അർത്ഥമില്ലാത്ത കീർത്തനങ്ങൾ, ആത്മാർത്ഥതയില്ലാത്ത സ്തുതിവാക്കുകൾ, ഉണ്ടായിരിക്കുകയില്ല. അത്തരം പ്രാർത്ഥനകൾ ക്രൈസ്തവലോകത്തിലും വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെ ഇതരഭാഗങ്ങളിലും ധാരാളമായിട്ടുണ്ട്. എന്നാൽ സത്യക്രിസ്ത്യാനികൾ യേശുവിന്റെ ബുദ്ധിയുപദേശത്തിന് ശ്രദ്ധകൊടുക്കുന്നു: “പ്രാർത്ഥിക്കുകയിൽ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ ആയിരിക്കരുത്. എന്തുകൊണ്ടെന്നാൽ മനുഷ്യരാൽ കാണപ്പെടേണ്ടതിന് സിനഗോഗുകളിലും പ്രധാന വീഥികളുടെ കോണുകളിലും നിന്ന് പ്രാർത്ഥിക്കാൻ അവർ ഇഷ്ടപ്പെടുന്നു . . . പ്രാർത്ഥിക്കുകയിൽ പുറജാതിക്കാരെപ്പോലെ നിങ്ങൾ ജല്പനംചെയ്യരുത്; എന്തുകൊണ്ടെന്നാൽ വാക്കുകളുടെ പെരുപ്പത്താൽ കേൾക്കപ്പെടുമെന്ന് അവർ [തെററായി] വിചാരിക്കുന്നു. അതുകൊണ്ട് അവരെപ്പോലെയായിരിക്കരുത്.”—മത്തായി 6:5-8, ബൈയിംഗ്ടൺ.
14. പ്രാർത്ഥനസംബന്ധിച്ച് ചിലർ വെളിച്ചംവീശുന്ന എന്തു പ്രസ്താവനകൾ നടത്തിയിട്ടുണ്ട്?
14 യേശുവിനെയും ബൈബിളെഴുത്തുകാരെയും കൂടാതെ മററുള്ളവരും പ്രാർത്ഥനസംബന്ധിച്ച് വെളിച്ചംവീശുന്ന പ്രസ്താവനകൾ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലീഷ്ഗ്രന്ഥകാരനായ ജോൺ ബനിയൻ (1628-88) ഇപ്രകാരം പറഞ്ഞു: “പ്രാർത്ഥന ദൈവം വാഗ്ദാനംചെയ്തിട്ടുള്ള കാര്യങ്ങൾക്കുവേണ്ടി ആത്മാവിന്റെ ശക്തിയിലും സഹായത്തിലും ആത്മാർത്ഥതയോടെയും അർത്ഥവത്തായും സ്നേഹനിർഭരമായും യേശുക്രിസ്തുമുഖേന നമ്മുടെ ദേഹിയെ ദൈവമുമ്പാകെ പകരുന്നതാണ്.” ഒരു പ്യൂരിററൻ ശുശ്രൂഷകനായിരുന്ന തോമസ് ബ്രൂക്സ് (1608-80) ഇപ്രകാരം നിരീക്ഷിച്ചു: “നിങ്ങളുടെ പ്രാർത്ഥനകൾ എത്ര പകിട്ടേറിയവയായിരുന്നാലും ദൈവം അവയുടെ വാഗ്സാമർത്ഥ്യം നോക്കുന്നില്ല; അവ എത്ര ദീർഘമായിരുന്നാലും അവയുടെ ക്ഷേത്രഗണിതം നോക്കുന്നില്ല; അവ എത്ര എണ്ണമായിരുന്നാലും അവയുടെ അങ്കഗണിതം പരിഗണിക്കുന്നില്ല; അവ എത്ര അടുക്കും ചിട്ടയുമുള്ളതായിരുന്നാലും അവയുടെ യുക്തിയുക്തത നോക്കുന്നില്ല; എന്നാൽ അവയുടെ ആത്മാർത്ഥത അവൻ നോക്കുകതന്നെ ചെയ്യുന്നു.” മേൽപ്പറഞ്ഞ പരാമർശനങ്ങളോട് ബനിയന്റെ ഈ അഭിപ്രായംകൂടെ കൂട്ടിച്ചേർക്കാം: “പ്രാർത്ഥനയിൽ വാക്കുകളില്ലാത്ത ഹൃദയമുണ്ടായിരിക്കുന്നതാണ് ഹൃദയമില്ലാത്ത വാക്കുകളുണ്ടായിരിക്കുന്നതിനെക്കാൾ നല്ലത്.” എന്നാൽ നമുക്ക് ആത്മാർത്ഥതയുണ്ടായിരിക്കുകയും നാം ദിവ്യനിബന്ധനകൾ പാലിക്കുകയും ചെയ്യുകയാണെങ്കിൽ നിത്യതയുടെ രാജാവ് നമ്മുടെ പ്രാർത്ഥന കേൾക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെയാണ്?
ഒരിക്കലും നിരസിക്കപ്പെടുന്നില്ല
15. ലൂക്കോസ് 11:5-8-ൽ യേശു ചുരുക്കത്തിൽ എന്താണ് പറഞ്ഞത്?
15 തന്റെ സമർപ്പിതദാസൻമാരുടെ പ്രാർത്ഥനകൾക്കു നേരെ യഹോവ ഒരിക്കലും ബധിരകർണ്ണങ്ങൾ തിരിക്കുന്നില്ല. തന്റെ ശിഷ്യൻമാർ പ്രാർത്ഥനസംബന്ധിച്ച നിർദ്ദേശം ആവശ്യപ്പെട്ടപ്പോഴത്തെ യേശുവിന്റെ ഹൃദയോദ്ദീപകമായ വാക്കുകളാൽ അത് വ്യക്തമാക്കപ്പെട്ടു. ഭാഗികമായി അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും ഒരു സുഹൃത്തുണ്ടായിട്ട് അർദ്ധരാത്രിയിൽ അവന്റെ അടുക്കൽചെന്ന് ‘സ്നേഹിതാ എനിക്ക് മൂന്ന് അപ്പം വായ്പതരണം, എന്തുകൊണ്ടെന്നാൽ എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു, അവന് വിളമ്പിക്കൊടുക്കാൻ എന്റെ പക്കൽ ഒന്നുമില്ല’ എന്നു പറയും? ‘എന്നെ ശല്യപ്പെടുത്തുന്നതു നിർത്തൂ. കതക് അടച്ചിരിക്കുകയാണ്, എന്റെ കൊച്ചുകുട്ടികളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേററ് നിനക്ക് എന്തെങ്കിലും തരുവാൻ എനിക്ക് കഴികയില്ല’ എന്ന് അയാൾ അകത്തുനിന്ന് മറുപടി പറയുന്നു. അയാളുടെ സ്നേഹിതനാകകൊണ്ട് അയാൾ എഴുന്നേററ് അയാൾക്ക് എന്തെങ്കിലും കൊടുക്കുകയില്ലെങ്കിലും അയാളുടെ ധൈര്യപൂർവമായ നിർബന്ധം നിമിത്തം തീർച്ചയായും അയാൾ എഴുന്നേൽക്കുകയും അയാൾക്ക് ആവശ്യമുള്ള വസ്തുക്കൾ അയാൾക്കു കൊടുക്കുകയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 11:1, 5-8) ഈ ദൃഷ്ടാന്തത്തിന്റെ ആശയമെന്തായിരുന്നു?
16. പ്രാർത്ഥനസംബന്ധിച്ച് നാം എന്തു ചെയ്യണമെന്നാണ് യേശു ആവശ്യപ്പെട്ടത്?
16 നമ്മെ സഹായിക്കാൻ യഹോവക്ക് മനസ്സില്ല എന്ന് യേശു തീർച്ചയായും അർത്ഥമാക്കിയില്ല. മറിച്ച് നാം ദൈവത്തെ പൂർണ്ണമായും ആശ്രയിക്കണമെന്നും നിരന്തരം പ്രാർത്ഥിക്കാൻ കഴിയത്തക്കവണ്ണം അവനെ സ്നേഹിക്കണമെന്നും ക്രിസ്തു ആവശ്യപ്പെടുന്നു. അതുകൊണ്ട്, യേശു ഇപ്രകാരം തുടർന്നു: “ചോദിച്ചുകൊണ്ടേയിരിക്കുക, എന്നാൽ നിങ്ങൾക്ക് ലഭിക്കും; അന്വേഷിച്ചുകൊണ്ടേയിരിക്കുക, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടേയിരിക്കുക, എന്നാൽ നിങ്ങൾക്കു തുറന്നുകിട്ടും. എന്തുകൊണ്ടെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു, അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു, മുട്ടുന്ന ഏവനും തുറന്നുകിട്ടുന്നു.” (ലൂക്കോസ് 11:9, 10) അപ്പോൾ തീർച്ചയായും പീഡനം അനുഭവിക്കേണ്ടിവരുമ്പോഴും ആഴത്തിൽ വേരോടിയിട്ടുള്ള വ്യക്തിപരമായ എന്തെങ്കിലും ബലഹീനതനിമിത്തം പ്രയാസം അനുഭവപ്പെടുമ്പോഴും അല്ലെങ്കിൽ പരീക്ഷിക്കപ്പെടുമ്പോഴും നാം പ്രാർത്ഥിച്ചുകൊണ്ടേയിരിക്കണം. തന്റെ വിശ്വസ്തദാസൻമാരെ സഹായിക്കാൻ യഹോവ എല്ലായ്പ്പോഴും തയ്യാറാണ്. “എന്നെ ശല്യപ്പെടുത്തുന്നതു നിർത്തൂ” എന്ന് അവൻ ഒരിക്കലും നമ്മോടു പറയുന്നില്ല.
17, 18. (എ) പരിശുദ്ധാത്മാവിനുവേണ്ടി യാചിക്കാൻ യേശു എങ്ങനെയാണ് നമ്മെ പ്രോൽസാഹിപ്പിച്ചത്, എന്ത് അവന്റെ വാക്കുകളെ കൂടുതൽ അർത്ഥവത്താക്കുന്നു? (ബി) യേശു എങ്ങനെയാണ് ഒരു ഭൗമികപിതാവിന്റെ ഇടപെടലുകളെ ദൈവത്തിന്റേതിനോടു താരതമ്യംചെയ്തത്?
17 നാം ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കണമെങ്കിൽ നമുക്ക് അവന്റെ പരിശുദ്ധാത്മാവ് അല്ലെങ്കിൽ പ്രവർത്തനനിരതമായ ശക്തി ആവശ്യമാണ്. അതുകൊണ്ട് യേശു ഇപ്രകാരം തുടർന്നു: “മകൻ മത്സ്യം ചോദിച്ചാൽ മത്സ്യത്തിനു പകരം ഒരുപക്ഷേ ഒരു പാമ്പിനെ കൊടുക്കുന്ന ഏതൊരു പിതാവാണ് നിങ്ങളുടെ ഇടയിലുള്ളത്? അല്ലെങ്കിൽ അവൻ ഒരു മുട്ടയുംകൂടെ ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? അതുകൊണ്ട് ദുഷ്ടരായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗത്തിലുള്ള പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്രയധികമായി നല്കും!” (ലൂക്കോസ് 11:11-13) മത്തായി 7:9-11 അപ്പത്തിനുപകരം കല്ല് കൊടുക്കുന്നതിനെ പററി പറയുന്നു. പുരാതന ബൈബിൾനാടുകളിലെ അപ്പം വലിപ്പത്തിലും ആകൃതിയിലും ഒരു പരന്ന വട്ടക്കല്ലുപോലെ ആയിരുന്നു എന്നു നാം തിരിച്ചറിയുന്നുവെങ്കിൽ യേശുവിന്റെ വാക്കുകൾ കൂടുതൽ അർത്ഥവത്താകുന്നു. ചില പാമ്പുകൾ ചിലയിനം മീനുകളെപ്പോലെയാണ്, ഒരു മുട്ടപോലെ തോന്നിക്കുന്ന ഒരുതരം ചെറിയ വെളുത്ത തേളുകളുമുണ്ട്. എന്നാൽ അപ്പമോ മത്സ്യമോ മുട്ടയോ ചോദിച്ചാൽ ഏതുതരം പിതാവാണ് തന്റെ കുഞ്ഞിന് ഒരു കല്ലോ പാമ്പിനെയോ അല്ലെങ്കിൽ തേളിനേയോ കൊടുക്കുന്നത്?
18 അടുത്തതായി, യേശു ഒരു ഭൗമികപിതാവിന്റെ ഇടപെടലുകളെ തന്റെ ആരാധകരുടെ കുടുംബത്തിലെ അംഗങ്ങളോടുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങളുമായി താരതമ്യംചെയ്യുന്നു. അവകാശപ്പെടുത്തിയ പാപപൂർണ്ണത നിമിത്തം അധികമായോ അല്പമായോ ദുഷ്ടരായിരിക്കുന്ന നാം നമ്മുടെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകുന്നുവെങ്കിൽ താഴ്മയോടെ യാചിക്കുന്ന തന്റെ വിശ്വസ്തദാസൻമാർക്ക് നമ്മുടെ സ്വർഗ്ഗീയപിതാവ് പരിശുദ്ധാത്മാവ് എന്ന അത്യുത്തമദാനം എത്രയധികമായി നൽകാൻ നമുക്കു പ്രതീക്ഷിക്കാവുന്നതാണ്!
19. (എ) ലൂക്കോസ് 11:11-13-ലും മത്തായി 7:9-11-ലും രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ എന്തു വെളിപ്പെടുത്തുന്നു? (ബി) നാം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നുവെങ്കിൽ നമ്മുടെ പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കും?
19 നാം ദൈവത്തോട് അവന്റെ പരിശുദ്ധാത്മാവിനെ കൂടുതലായി നൽകാൻ യാചിക്കണമെന്ന് യേശുവിന്റെ വാക്കുകൾ വെളിപ്പെടുത്തുന്നു. അതിനാൽ നയിക്കപ്പെടുന്നുവെങ്കിൽ ‘നമ്മുടെ ജീവിത ഭാഗധേയം സംബന്ധിച്ച് നാം പരാതിപറയുകയില്ല.’ പരിശോധനകളും നിരുത്സാഹപ്പെടുത്തുന്ന അനുഭവങ്ങളും നമുക്ക് യഥാർത്ഥത്തിൽ ദ്രോഹംചെയ്യുന്നതായി വീക്ഷിക്കുകയുമില്ല. (യൂദാ 16) “സ്ത്രീയിൽനിന്ന് പിറന്ന മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമാകുന്നു” എന്നതു സത്യംതന്നെ; അനേകർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും പ്രശ്നങ്ങളിൽനിന്നും ഹൃദയവേദനകളിൽനിന്നും വിമുക്തരായിരുന്നിട്ടില്ല. (ഇയ്യോബ് 14:1) എന്നാൽ നമ്മുടെ പരിശോധനകളെ നമ്മുടെ പ്രാർത്ഥന കേൾക്കുന്നവൻ എങ്ങനെയൊ നമുക്കു നീട്ടിത്തരുന്ന കല്ലുകളും പാമ്പുകളും തേളുകളുമായി നമുക്ക് വീക്ഷിക്കാതിരിക്കാം. അവൻ സ്നേഹത്തിന്റെ സാരസംഗ്രഹംതന്നെയാണ്, അവൻ ആരെയും തിൻമകളാൽ പരീക്ഷിക്കുന്നതുമില്ല. മറിച്ച് അവൻ ‘എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരമൊക്കെയും’ നൽകുന്നു. ആത്യന്തികമായി, തന്നെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന എല്ലാവർക്കും അവൻ കാര്യങ്ങളെല്ലാം നേരെയാക്കും. (യാക്കോബ് 1:12-17; 1 യോഹന്നാൻ 4:8) തങ്ങൾ അനുഭവിക്കേണ്ടിവരുന്ന കഠിന പരിശോധനകൾ പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും തങ്ങളുടെ പ്രയോജനത്തിൽ കലാശിച്ചിട്ടുണ്ടെന്നും തങ്ങളുടെ ജീവിതത്തിൽ ദൈവാത്മാവിന്റെ ഫലങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അനേക വർഷങ്ങളായി സത്യത്തിൽ നടന്നിട്ടുള്ളവർക്ക് തങ്ങളുടെ അനുഭവത്തിൽനിന്നറിയാം. (3 യോഹന്നാൻ 4) വാസ്തവത്തിൽ ഇതിലും മെച്ചമായ ഏതു വിധത്തിലാണ് നാം നമ്മുടെ സ്വർഗ്ഗീയപിതാവിൽ ആശ്രയിക്കാൻ പഠിക്കുന്നതും ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവ നട്ടുവളർത്താൻ സഹായിക്കപ്പെടുന്നതും?—ഗലാത്യർ 5:22, 23.
20. ലൂക്കോസ് 11:5-13-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾക്ക് നമ്മുടെമേൽ എന്തു ഫലമുണ്ടായിരിക്കേണ്ടതാണ്?
20 അപ്രകാരം, ലൂക്കോസ് 11:5-13ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ യഹോവയുടെ സ്നേഹത്തെയും ആർദ്രതയെയുംകുറിച്ച് നമുക്ക് അനുഗൃഹീതമായ ഉറപ്പുനൽകുന്നു. ഇത് നമ്മുടെ ഹൃദയങ്ങളെ ആഴമായ നന്ദിയും സ്നേഹവുംകൊണ്ടു നിറക്കണം. അതു നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും നിത്യരാജാവിന്റെ പാദപീഠത്തെ കൂടെക്കൂടെ സമീപിക്കാനും അവന്റെ സ്നേഹനിർഭരമായ സാന്നിദ്ധ്യത്തിലായിരിക്കാനുമുള്ള നമ്മുടെ ആഗ്രഹത്തെ വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതാണ്. മാത്രവുമല്ല, നാമൊരിക്കലും വെറുംകയ്യോടെ മടക്കിയയക്കപ്പെടുകയില്ല എന്നും യേശുവിന്റെ വാക്കുകൾ നമുക്ക് ഉറപ്പുനൽകുന്നു. നാം നമ്മുടെ ഭാരങ്ങളെ നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെമേൽ ഇട്ടുകൊള്ളുന്നതിൽ അവിടത്തേക്ക് അങ്ങേയററം സന്തോഷമേയുള്ളു. (സങ്കീർത്തനം 55:22; 121:1-3) അവന്റെ വിശ്വസ്തരായ സമർപ്പിതദാസരെന്ന നിലയിൽ നാം അവന്റെ പരിശുദ്ധാത്മാവിനുവേണ്ടി യാചിക്കുമ്പോൾ അവൻ അതു നമുക്ക് ധാരാളമായി തരുന്നു. ഇത് നമ്മുടെ സ്നേഹവാനായ ദൈവമാണ്, അവൻ നമ്മുടെ പ്രാർത്ഥനകേൾക്കുന്നവനാണ് എന്ന് നമുക്ക് പൂർണ്ണവിശ്വാസമുണ്ടായിരിക്കാൻ കഴിയും. (w90 5⁄15)
നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?
◻ ആരിലൂടെയാണ് നാം പ്രാർത്ഥനയിൽ ദൈവത്തെ സമീപിക്കേണ്ടത്, എന്തുകൊണ്ട്?
◻ പ്രാർത്ഥന ഒരു നിയന്ത്രിതപദവിയായിരിക്കുന്നത് ഏതു വിധത്തിലാണ്?
◻ ‘പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക’യെന്നാൽ അർത്ഥമെന്താണ്?
◻ യഹോവയുടെ സ്നാപനമേററ വിശ്വസ്തസാക്ഷികളുടെ പ്രാർത്ഥനകൾ കേൾക്കപ്പെടുന്നുവെന്ന് തിരുവെഴുത്തുകളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
[15-ാം പേജിലെ ചിത്രം]
മാനുഷപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങൾ കൊടുക്കുന്നതുപോലെ യഹോവ തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ കൊടുക്കുന്നു