യഹോവയുടെ കുടുംബം അമൂല്യ ഐക്യം ആസ്വദിക്കുന്നു
“നോക്കൂ! സഹോദരൻമാർ ഐക്യത്തിൽ ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും എത്ര ഉല്ലാസകരവുമാണ്!”—സങ്കീർത്തനം 133:1, NW.
1. ഇന്ന് അനേകം കുടുംബങ്ങളുടെയും അവസ്ഥ എന്താണ്?
കുടുംബം ഇന്നു പ്രതിസന്ധിയിലാണ്. അനേകം കുടുംബങ്ങളിൽ വിവാഹ ബന്ധം തകർച്ചയുടെ വക്കിലാണ്. വിവാഹമോചനം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുന്നു. വിവാഹമോചനം നേടിയ ദമ്പതികളുടെ അനേകം കുട്ടികൾ വലിയ വ്യഥയനുഭവിക്കുന്നു. കോടിക്കണക്കിനു കുടുംബങ്ങൾ അസന്തുഷ്ടവും ഛിദ്രിതവുമാണ്. എന്നാൽ, ശരിയായ സന്തോഷവും യഥാർഥ ഐക്യവും അറിയുന്ന ഒരു കുടുംബം ഉണ്ട്. അതു യഹോവയാം ദൈവത്തിന്റെ സാർവത്രിക കുടുംബമാണ്. അതിൽ ദിവ്യേഷ്ടത്തോടുള്ള യോജിപ്പിൽ അസംഖ്യം അദൃശ്യ ദൂതൻമാർ തങ്ങളുടെ നിയമിത ചുമതലകൾ നിർവഹിക്കുന്നു. (സങ്കീർത്തനം 103:20, 21) പക്ഷേ ഭൂമിയിൽ അത്തരം ഐക്യം ആസ്വദിക്കുന്ന ഒരു കുടുംബമുണ്ടോ?
2, 3. (എ) ആരാണ് ഇപ്പോൾ ദൈവത്തിന്റെ സാർവത്രിക കുടുംബത്തിന്റെ ഭാഗമായിരിക്കുന്നത്, ഇന്ന് എല്ലാ യഹോവയുടെ സാക്ഷികളെയും നമുക്ക് എന്തിനോട് ഉപമിക്കാവുന്നതാണ്? (ബി) ഏതു ചോദ്യങ്ങൾ നാം ചർച്ചചെയ്യും?
2 അപ്പോസ്തലനായ പൗലോസ് എഴുതി: “ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.” (എഫെസ്യർ 3:14, 15) ഭൂമിയിലെ സകല കുടുംബ വംശങ്ങളും അതിന്റെ നാമത്തിനു ദൈവത്തോടു കടപ്പെട്ടിരിക്കുന്നു, കാരണം അവനാകുന്നു സ്രഷ്ടാവ്. സ്വർഗത്തിൽ മാനുഷ കുടുംബമൊന്നും ഇല്ലെങ്കിലും, പ്രതീകാത്മകമായി പറയുമ്പോൾ ദൈവം തന്റെ സ്വർഗീയ സ്ഥാപനത്തെ വിവാഹം ചെയ്തിരിക്കുന്നു, സ്വർഗങ്ങളിൽ തന്നോടൊപ്പം ചേരുന്ന ഒരു ആത്മീയ മണവാട്ടി യേശുവിന് ഉണ്ടായിരിക്കും. (യെശയ്യാവു 54:5; ലൂക്കൊസ് 20:34, 35; 1 കൊരിന്ത്യർ 15:50; 2 കൊരിന്ത്യർ 11:2) ഭൂമിയിലെ വിശ്വസ്ത അഭിഷിക്തർ ഇപ്പോൾ ദൈവത്തിന്റെ സാർവത്രിക കുടുംബത്തിന്റെ ഭാഗവും യേശുവിന്റെ ഭൗമിക പ്രത്യാശയുള്ള “വേറെ ആടുകൾ” അതിന്റെ സാധ്യതയുള്ള അംഗങ്ങളുമാണ്. (യോഹന്നാൻ 10:16; റോമർ 8:14-17; 1996 ജനുവരി 15 വീക്ഷാഗോപുരം, പേജ് 31) എന്നിരുന്നാലും, ഇന്നത്തെ യഹോവയുടെ സാക്ഷികളെ എല്ലാവരെയും ഒരു ഏകീകൃത ലോകവ്യാപക കുടുംബത്തോട് ഉപമിക്കാവുന്നതാണ്.
3 നിങ്ങൾ ദൈവദാസൻമാരുടെ വിസ്മയാവഹമായ സാർവദേശീയ കുടുംബത്തിന്റെ ഭാഗമാണോ? നിങ്ങൾ അങ്ങനെയാണെങ്കിൽ, ഒരുവന് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ അനുഗ്രഹങ്ങളിൽ ഒന്ന് നിങ്ങൾ ആസ്വദിക്കുന്നു. യഹോവയുടെ ആഗോള കുടുംബം, അതായത് അവന്റെ ദൃശ്യ സ്ഥാപനം, സംഘർഷത്തിന്റെയും അനൈക്യത്തിന്റെയും ഒരു ലൗകിക മരുഭൂമിയിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഒരു മരുപ്പച്ചയാണെന്നു ലക്ഷങ്ങൾ സാക്ഷ്യം വഹിക്കും. യഹോവയുടെ ലോകവ്യാപക കുടുംബത്തിന്റെ ഐക്യം എങ്ങനെ വർണിക്കപ്പെടാമായിരുന്നു? അത്തരം ഐക്യത്തെ ഏതു ഘടകങ്ങൾ ഉന്നമിപ്പിക്കുന്നു?
എത്ര വിശിഷ്ടവും എത്ര ഉല്ലാസകരവും!
4. സങ്കീർത്തനം 133 സഹോദര ഐക്യത്തെക്കുറിച്ചു പറയുന്നതു നിങ്ങളുടെ സ്വന്തം വാക്കുകളിൽ നിങ്ങൾ എങ്ങനെ പ്രകടിപ്പിക്കും?
4 സങ്കീർത്തനക്കാരനായ ദാവീദ് സഹോദര ഐക്യത്തെ ആഴമായി വിലമതിച്ചു. അതിനെക്കുറിച്ചു പാടാൻ പോലും അവൻ പ്രചോദിതനായി! “നോക്കൂ! സഹോദരൻമാർ ഐക്യത്തിൽ ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും എത്ര ഉല്ലാസകരവുമാകുന്നു! അത് അഹരോന്റെ താടിയിലേക്ക്, അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടുകിടക്കുന്ന താടിയിലേക്കുതന്നെ ഒഴുകിയിറങ്ങുന്ന, തലയിലെ വിശിഷ്ട തൈലം പോലെയാകുന്നു. അതു സീയോൻ പർവതങ്ങളിൽ പൊഴിയുന്ന ഹെർമോന്യ തുഷാരം പോലെ ആകുന്നു. എന്തുകൊണ്ടെന്നാൽ അവിടെ അനുഗ്രഹം, അനിശ്ചിതകാലത്തേക്കുള്ള ജീവൻപോലും ഉണ്ടായിരിക്കാൻ യഹോവ കൽപ്പിച്ചിരിക്കുന്നു” എന്ന് ആലപിക്കവേ തന്റെ കിന്നരവുമായി നിൽക്കുന്ന ദാവീദിനെ ഒന്നു വിഭാവന ചെയ്യൂ.—സങ്കീർത്തനം 133:1-3, NW.
5. സങ്കീർത്തനം 133:1, 2-ന്റെ അടിസ്ഥാനത്തിൽ ഇസ്രായേല്യരും ദൈവത്തിന്റെ ഇന്നത്തെ ദാസൻമാരും തമ്മിൽ എന്തു താരതമ്യം നടത്താൻ കഴിയും?
5 ആ വാക്കുകൾ ദൈവത്തിന്റെ പുരാതന ജനമായിരുന്ന ഇസ്രായേല്യർ ആസ്വദിച്ചിരുന്ന സഹോദര ഐക്യത്തിന് ബാധകമായിരുന്നു. തങ്ങളുടെ മൂന്നു വാർഷിക ഉത്സവങ്ങൾക്കായി യെരുശലേമിലായിരുന്നപ്പോൾ അവർ ഐക്യത്തിൽ ഒരുമിച്ചു വസിച്ചു. വ്യത്യസ്ത ഗോത്രങ്ങളിൽനിന്ന് ഉള്ളവർ ആയിരുന്നെങ്കിലും അവർ ഒരു കുടുംബമായിരുന്നു. ഒരുമിച്ചായിരിക്കുന്നതിന് അവരുടെ മേൽ ഒരു പരിപുഷ്ടിപ്പെടുത്തുന്ന ഫലമുണ്ടായിരുന്നു, ഉല്ലാസകരമായ സുഗന്ധമുള്ള നവോന്മേഷപ്രദമായ അഭിഷേക തൈലം പോലെതന്നെ. അത്തരം തൈലം അഹരോന്റെ തലയിൽ ഒഴിക്കുമ്പോൾ അത് അവന്റെ താടിയിലേക്ക് ഒലിച്ചിറങ്ങി വസ്ത്രത്തിന്റെ വിളുമ്പിലേക്ക് ഒഴുകിയിരുന്നു. ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം സമ്മേളിത ജനത്തിൽ മൊത്തത്തിൽ വ്യാപരിച്ച ഒരു നല്ല സ്വാധീനം കൂടിവരവിന് ഉണ്ടായിരുന്നു. തെറ്റിദ്ധാരണകൾ നീക്കംചെയ്ത് ഐക്യം ഉന്നമിപ്പിച്ചിരുന്നു. യഹോവയുടെ ആഗോള കുടുംബത്തിൽ ഇന്നു സമാനമായ ഐക്യം സ്ഥിതിചെയ്യുന്നു. പതിവായി സഹവസിക്കുന്നത് അതിലെ അംഗങ്ങളിൽ ഒരു പരിപുഷ്ടിപ്പെടുത്തുന്ന ആത്മീയ ഫലം ഉളവാക്കുന്നു. ഏതു തെറ്റിദ്ധാരണകളും അല്ലെങ്കിൽ വിയോജിപ്പുകളും ദൈവവചനത്തിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുമ്പോൾ നീങ്ങുന്നു. (മത്തായി 5:23, 24; 18:15-17) തങ്ങളുടെ സഹോദര ഐക്യത്തിൽനിന്നു പരിണമിക്കുന്ന പരസ്പര പ്രോത്സാഹനം യഹോവയുടെ ജനം അതിയായി വിലമതിക്കുന്നു.
6, 7. ഇസ്രായേല്യരുടെ ഐക്യം ഹെർമോന്യ തുഷാരം പോലെയായിരുന്നത് എങ്ങനെയായിരുന്നു, ദൈവത്തിന്റെ അനുഗ്രഹം ഇന്ന് എവിടെ കാണാൻ കഴിയും?
6 ഇസ്രായേല്യർ ഐക്യത്തിൽ ഒരുമിച്ചു വസിക്കുന്നത് ഹെർമോൻ പർവതത്തിലെ തുഷാരംപോലെയും ആയിരുന്നത് എങ്ങനെ? കൊള്ളാം, ഈ പർവതത്തിന്റെ ശൃംഗം സമുദ്രനിരപ്പിൽനിന്ന് 2,800 മീറ്ററിലധികം ഉയരത്തിലായതിനാൽ മിക്കവാറും വർഷം മുഴുവനും അതു മഞ്ഞുമൂടിക്കിടക്കുന്നു. ഹെർമോന്റെ മഞ്ഞുമൂടിയ ശൃംഗം രാത്രി ബാഷ്പത്തിന്റെ ദ്രവീകരണത്തിന് ഇടയാക്കുന്നു. അങ്ങനെ, ദീർഘമായ വരണ്ട കാലത്തു സസ്യങ്ങളെ സംരക്ഷിക്കുന്ന മഞ്ഞ് സമൃദ്ധമായി ഉത്പാദിപ്പിക്കുന്നു. ഹെർമോൻ പർവതനിരയിൽനിന്നുള്ള തണുത്ത വായൂപ്രവാഹത്തിന് അത്തരം ബാഷ്പങ്ങളെ യെരുശലേം പ്രദേശംവരെ തെക്കോട്ടു കൊണ്ടുപോകാൻ കഴിയും. അവിടെ അവ മഞ്ഞായി ഘനീഭവിക്കുന്നു. അതുകൊണ്ട്, സങ്കീർത്തനക്കാരൻ ‘സീയോൻ പർവതത്തിൽ പൊഴിയുന്ന ഹെർമോന്യ തുഷാര’ത്തെക്കുറിച്ചു ശരിയായിത്തന്നെ പറഞ്ഞു. യഹോവയുടെ ആരാധകരുടെ കുടുംബത്തിന്റെ ഐക്യത്തെ ഉന്നമിപ്പിക്കുന്ന നവോന്മേഷദായകമായ സ്വാധീനത്തെക്കുറിച്ചുള്ള എന്തൊരു നല്ല ഓർമിപ്പിക്കൽ!
7 ക്രിസ്തീയ സഭ സ്ഥാപിക്കപ്പെടുന്നതിനു മുൻപു സത്യാരാധനയുടെ കേന്ദ്രം സീയോൻ അഥവാ യെരുശലേം ആയിരുന്നു. അതുകൊണ്ട്, അവിടെയാണ് അനുഗ്രഹം ഉണ്ടായിരിക്കാൻ യഹോവ കൽപ്പിച്ചത്. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം യെരുശലേമിലെ വിശുദ്ധമന്ദിരത്തിൽ പ്രാതിനിധ്യരൂപത്തിൽ വസിച്ചിരുന്നതിനാൽ അനുഗ്രഹങ്ങൾ അവിടെനിന്നും ഉത്ഭവിക്കുമായിരുന്നു. എന്നാൽ, സത്യാരാധന മേലാൽ എതെങ്കിലും ഒരു പ്രദേശത്തെ ആശ്രയിച്ചിരിക്കാത്തതിനാൽ ദൈവദാസൻമാരുടെ അനുഗ്രഹവും സ്നേഹവും ഐക്യവും ഇന്നു ഭൂമിയിലുടനീളം കാണാൻ കഴിയും. (യോഹന്നാൻ 13:34, 35) ഈ ഐക്യത്തെ ഉന്നമിപ്പിക്കുന്ന ചില ഘടകങ്ങൾ ഏതെല്ലാമാണ്?
ഐക്യത്തെ ഉന്നമിപ്പിക്കുന്ന ഘടകങ്ങൾ
8. യോഹന്നാൻ 17:20, 21-ൽ ഐക്യത്തെക്കുറിച്ചു നാം എന്തു പഠിക്കുന്നു?
8 യഹോവയുടെ ആരാധകരുടെ ഐക്യം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ ഉൾപ്പെടെ കൃത്യമായി മനസ്സിലാക്കിയ ദൈവത്തിന്റെ വചനത്തോടുള്ള അനുസരണത്തിൽ അധിഷ്ഠിതമാണ്. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനും ഒരു ബലിമരണം വരിക്കുന്നതിനുമായി തന്റെ പുത്രനെ യഹോവ ലോകത്തിലേക്ക് അയച്ചതോടെ ഏകീകൃത ക്രിസ്തീയ സഭയുടെ രൂപീകരണത്തിനുള്ള വഴിതുറന്നു. (യോഹന്നാൻ 3:16; 18:37) “ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും [“എന്നോട് ഐക്യത്തിലും,” NW] ഞാൻ നിന്നിലും [“നിന്നോട് ഐക്യത്തിലും,” NW] ആകുന്നതുപോലെ അവരും നമ്മിൽ [നമ്മോട് ഐക്യത്തിൽ,” NW] ആകേണ്ടതിന്നു തന്നേ” എന്നു പ്രാർഥിച്ചപ്പോൾ അതിലെ അംഗങ്ങൾക്കിടയിൽ യഥാർഥ ഐക്യം ഉണ്ടായിരിക്കണമായിരുന്നുവെന്നു യേശു വ്യക്തമാക്കി. (യോഹന്നാൻ 17:20, 21) ദൈവത്തിനും അവന്റെ പുത്രനും ഇടയിൽ നിലനിൽക്കുന്നതിനോടു സമാനമായ ഒരു ഐക്യം യേശുവിന്റെ അനുഗാമികൾ നേടിയെടുത്തു. ഇതു സംഭവിച്ചത് അവർ ദൈവവചനത്തോടും യേശുവിന്റെ പഠിപ്പിക്കലുകളോടും ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ടാണ്. ഇതേ മനോഭാവം യഹോവയുടെ ഇന്നത്തെ ലോകവ്യാപക കുടുംബത്തിലെ ഐക്യത്തിന്റെ ഒരു പ്രമുഖ ഘടകമാണ്.
9. യഹോവയുടെ ജനത്തിന്റെ ഐക്യത്തിൽ പരിശുദ്ധാത്മാവ് എന്തു പങ്കുവഹിക്കുന്നു?
9 നമുക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി ഉണ്ടെന്നുള്ളതാണു യഹോവയുടെ ജനത്തെ ഏകീകരിക്കുന്ന മറ്റൊരു ഘടകം. യഹോവയുടെ വചനത്തിലെ വെളിപ്പെടുത്തപ്പെട്ട സത്യം മനസ്സിലാക്കുന്നതിനും അങ്ങനെ അവനെ ഐക്യത്തോടെ സേവിക്കുന്നതിനും അതു നമ്മെ പ്രാപ്തരാക്കുന്നു. (യോഹന്നാൻ 16:12, 13) കലഹം, അസൂയ, കോപാവേശം, മത്സരം തുടങ്ങിയ ഭിന്നിപ്പിക്കുന്ന ജഡത്തിന്റെ പ്രവൃത്തികളെ ഒഴിവാക്കാൻ പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നു. പകരം, ദൈവത്തിന്റെ ആത്മാവ് സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയുടെ ഏകീകരിക്കുന്ന ഫലം വളർത്തിയെടുക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.—ഗലാത്യർ 5:19-23.
10. (എ) ഒരു ഏകീകൃത മാനുഷ കുടുംബത്തിൽ നിലനിൽക്കുന്ന സ്നേഹവും യഹോവയ്ക്കു സമർപ്പിതരായവരുടെ ഇടയിൽ പ്രകടമായിരിക്കുന്ന സ്നേഹവും തമ്മിൽ എന്തു സമാന്തരം കാണാവുന്നതാണ്? (ബി) തന്റെ ആത്മീയ സഹോദരങ്ങളുമായി സമ്മേളിക്കുന്നതു സംബന്ധിച്ച തന്റെ വികാരങ്ങളെ ഭരണസംഘത്തിലെ ഒരംഗം പ്രകടിപ്പിച്ചതെങ്ങനെ?
10 ഒരു ഏകീകൃത കുടുംബത്തിലെ അംഗങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഒരുമിച്ചായിരിക്കാൻ അവർ സന്തോഷമുള്ളവരാണ്. സമാനമായി, യഹോവയുടെ ആരാധകരുടെ ഏകീകൃത കുടുംബത്തിലുള്ളവർ അവനെയും അവന്റെ പുത്രനെയും സഹവിശ്വാസികളെയും സ്നേഹിക്കുന്നു. (മർക്കൊസ് 12:30; യോഹന്നാൻ 21:15-17; 1 യോഹന്നാൻ 4:20) സ്നേഹമുള്ള ഒരു സ്വാഭാവിക കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കുന്നതുപോലെ, അത്യുത്തമ ആത്മീയ ഭക്ഷണത്തിൽനിന്നും നല്ല സഹവാസത്തിൽനിന്നും പ്രയോജനം നേടുന്നതിന് ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സന്നിഹിതരാകുന്നതിൽ ദൈവത്തിനു സമർപ്പിതരായവർ മോദിക്കുന്നു. (മത്തായി 24:45-47; എബ്രായർ 10:24, 25) യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗം ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “എനിക്ക്, സഹോദരങ്ങളുമായി കൂടിവരുന്നതു ജീവിതത്തിലെ ഏറ്റവും മഹത്തായ ഉല്ലാസങ്ങളിൽ ഒന്നും പ്രോത്സാഹനത്തിന്റെ ഒരു ഉറവുമാണ്. സാധ്യമെങ്കിൽ ആദ്യം എത്തുന്നവരോടൊപ്പം രാജ്യഹാളിലായിരിക്കാനും അവസാനം പോകുന്നവരോടൊപ്പം പോകാനും ഞാൻ ഇഷ്ടപ്പെടുന്നു. ദൈവത്തിന്റെ ജനവുമായി സംസാരിക്കുമ്പോൾ എനിക്ക് ഒരു ആന്തരിക സന്തോഷം അനുഭവപ്പെടുന്നു. അവരുടെ ഇടയിലായിരിക്കുമ്പോൾ എന്റെ കുടുംബത്തോടൊത്തു വീട്ടിലായിരിക്കുന്നതുപോലെ എനിക്കു തോന്നുന്നു.” നിങ്ങൾക്ക് അങ്ങനെയാണോ അനുഭവപ്പെടുന്നത്?—സങ്കീർത്തനം 27:4.
11. ഏതു വേലയിൽ യഹോവയുടെ സാക്ഷികൾ വിശേഷാൽ സന്തോഷം കണ്ടെത്തുന്നു, ദൈവസേവനത്തെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കുന്നതിൽനിന്ന് എന്തു ഫലമുളവാകുന്നു?
11 ഒരു ഏകീകൃത കുടുംബം കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്നു. സമാനമായി, തങ്ങളുടെ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേല ഐക്യത്തോടെ ചെയ്യുന്നതിൽ യഹോവയുടെ ആരാധകരുടെ കുടുംബത്തിലുള്ളവർ സന്തോഷം കണ്ടെത്തുന്നു. (മത്തായി 24:14; 28:19, 20) അതിൽ പതിവായി പങ്കെടുക്കുന്നതു നമ്മെ യഹോവയുടെ മറ്റു സാക്ഷികളുമായി കൂടുതൽ അടുപ്പിക്കുന്നു. ദൈവസേവനത്തെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കുന്നതും അവന്റെ ജനത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും പിന്താങ്ങുന്നതും നമുക്കിടയിലെ കുടുംബാത്മാവിനെ ഉന്നമിപ്പിക്കുന്നു.
ദിവ്യാധിപത്യ ക്രമം അനുപേക്ഷണീയമാണ്
12. സന്തുഷ്ടവും ഏകീകൃതവുമായ കുടുംബത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്, ഏതു ക്രമീകരണം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭകളിൽ ഐക്യം ഉന്നമിപ്പിച്ചു?
12 സ്നേഹമുള്ള ശക്തമായ നേതൃത്വത്തോടുകൂടിയതും ക്രമമുള്ളതുമായ ഒരു കുടുംബം ഏകീകൃതവും സന്തുഷ്ടവുമായിരിക്കാനിടയുണ്ട്. (എഫെസ്യർ 5:22, 32; 6:1) യഹോവ സമാധാനപരമായ ക്രമത്തിന്റെ ഒരു ദൈവമാണ്. അവന്റെ കുടുംബത്തിലുള്ളവർ എല്ലാവരും അവനെ “പരമോന്നതൻ” എന്നനിലയിൽ ആദരിക്കുന്നു. (ദാനീയേൽ 7:18, 21, 25, 27; 1 കൊരിന്ത്യർ 14:33) അവൻ തന്റെ പുത്രനായ യേശുക്രിസ്തുവിനെ എല്ലാറ്റിന്റെയും അവകാശിയായി നിയമിച്ചിരിക്കുന്നുവെന്നും സ്വർഗത്തിലെയും ഭൂമിയിലെയും എല്ലാ അധികാരവും അവന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നുവെന്നും അവർ തിരിച്ചറിയുന്നു. (മത്തായി 28:18; എബ്രായർ 1:1, 2) ക്രിസ്തു ശിരസ്സായുള്ള ക്രിസ്തീയ സഭ ക്രമമുള്ള, ഒരു ഏകീകൃത സ്ഥാപനമാണ്. (എഫെസ്യർ 5:23) ഒന്നാം നൂറ്റാണ്ടിലെ സഭകളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിന് അപ്പോസ്തലന്മാരും ആത്മീയമായി പക്വതയുള്ള മറ്റു “മൂപ്പന്മാരും” ഉൾപ്പെട്ട ഒരു ഭരണസംഘം ഉണ്ടായിരുന്നു. വ്യക്തിഗത സഭകൾക്കു നിയമിത മേൽവിചാരകൻമാർ, അഥവാ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഉണ്ടായിരുന്നു. (പ്രവൃത്തികൾ 15:6; ഫിലിപ്പിയർ 1:1) നേതൃത്വമെടുക്കുന്നവരെ അനുസരിക്കുന്നത് ഐക്യം ഉന്നമിപ്പിച്ചു.—എബ്രായർ 13:17.
13. യഹോവ ആളുകളെ എങ്ങനെ ആകർഷിക്കുന്നു, ഇതിൽനിന്ന് എന്തു ഫലം ഉളവാകുന്നു?
13 എന്നാൽ ഈ ചിട്ടയെല്ലാം, യഹോവയുടെ ആരാധകരുടെ ഐക്യം സമർഥവും കനിവില്ലാത്തതുമായ നേതൃത്വത്തിന്റെ ഫലമാണെന്നു സൂചിപ്പിക്കുന്നുവോ? തീർച്ചയായും ഇല്ല! ദൈവത്തെയും അവന്റെ സ്ഥാപനത്തെയും സംബന്ധിച്ചു സ്നേഹരഹിതമായി യാതൊന്നുമില്ല. സ്നേഹം പ്രകടമാക്കിക്കൊണ്ട് യഹോവ ആളുകളെ ആകർഷിക്കുന്നു. ദൈവത്തിനുള്ള തങ്ങളുടെ മുഴുഹൃദയത്തോടുകൂടിയ സമർപ്പണത്തിന്റെ അടയാളമായി സ്നാപനമേറ്റുകൊണ്ട് ഓരോ വർഷവും ലക്ഷങ്ങൾ സ്വമേധയാ, സന്തോഷപൂർവം യഹോവയുടെ സ്ഥാപനത്തിന്റെ ഭാഗമായിത്തീരുന്നു. “ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ, ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും” എന്ന് ഇസ്രായേല്യരെ ഉദ്ബോധിപ്പിച്ച യോശുവയുടേതിനോടു സമാനമാണ് അവരുടെ മനോഭാവം.—യോശുവ 24:15.
14. യഹോവയുടെ സ്ഥാപനം ദിവ്യാധിപത്യപരമാണെന്നു നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
14 യഹോവയുടെ കുടുംബത്തിന്റെ ഭാഗമെന്നനിലയിൽ നാം സന്തുഷ്ടർ മാത്രമല്ല സുരക്ഷിതരുമാണ്. ഇതു സത്യമാണ്, കാരണം അവന്റെ സ്ഥാപനം ദിവ്യാധിപത്യപരമാണ്. ദൈവരാജ്യം ഒരു ദിവ്യാധിപത്യമാണ്. (ഗ്രീക്കിൽ ദൈവം എന്നർഥമുള്ള തിയോസിൽനിന്നും ഒരു ഭരണം എന്നർഥമുള്ള ക്രാറ്റോസിൽനിന്നും വന്നത്). ഇതു ദൈവത്താൽ നിയമിക്കപ്പെട്ടതും സ്ഥാപിക്കപ്പെട്ടതുമായ, ദൈവത്താലുള്ള ഒരു ഭരണമാണ്. യഹോവയുടെ അഭിഷിക്ത “വിശുദ്ധ ജനത” അവന്റെ ഭരണത്തിനു കീഴ്പെട്ടിരിക്കുന്നതിനാൽ, അതും ദിവ്യാധിപത്യപരമാണ്. (1 പത്രോസ് 2:9, NW) വലിയ ദിവ്യാധിപതിയായ യഹോവ നമ്മുടെ ന്യായാധിപനും നിയമദാതാവും രാജാവുമായതിനാൽ നമുക്കു സുരക്ഷിതത്വം തോന്നുന്നതിനു സകല കാരണവുമുണ്ട്. (യെശയ്യാവു 33:22) എന്നാൽ, എന്തെങ്കിലും തർക്കം ഉണ്ടാവുകയും നമ്മുടെ സന്തോഷത്തെയും സുരക്ഷിതത്വത്തെയും ഐക്യത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ എന്ത്?
ഭരണസംഘം നടപടി സ്വീകരിക്കുന്നു
15, 16. ഒന്നാം നൂറ്റാണ്ടിൽ ഏതു തർക്കം ഉണ്ടായി, എന്തുകൊണ്ട്?
15 ഒരു കുടുംബത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനു വല്ലപ്പോഴും ഒരു തർക്കം പരിഹരിക്കേണ്ടതായി വന്നേക്കാം. അപ്പോൾ, പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ ദൈവാരാധകരുടെ കുടുംബത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് ഒരു ആത്മീയ പ്രശ്നം പരിഹരിക്കേണ്ടതുണ്ടായിരുന്നുവെന്നു വിചാരിക്കുക. അപ്പോഴെന്ത്? ആത്മീയ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുത്തുകൊണ്ട് ഭരണസംഘം നടപടി സ്വീകരിച്ചു. അത്തരം നടപടിയുടെ ഒരു തിരുവെഴുത്തുരേഖ നമുക്കുണ്ട്.
16 ഗൗരവാവഹമായ ഒരു പ്രശ്നം പരിഹരിക്കുന്നതിനും അതുവഴി “ദൈവത്തിന്റെ ഭവനക്കാരു”ടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും ഭരണസംഘം പൊ. യു. ഏകദേശം 49-ൽ യെരുശലേമിൽ ഒരുമിച്ചുകൂടി. (എഫെസ്യർ 2:19) ഏതാണ്ട് 13 വർഷം മുൻപ് അപ്പോസ്തലനായ പത്രോസ് കൊർന്നേല്യോസിനോടു പ്രസംഗിക്കുകയും ആദ്യമായി വിജാതീയർ അഥവാ ജനതകളിലെ ആളുകൾ സ്നാപനമേറ്റ വിശ്വാസികളായിത്തീരുകയും ചെയ്തിരുന്നു. (പ്രവൃത്തികൾ 10-ാം അധ്യായം) പൗലോസിന്റെ ആദ്യ മിഷനറി യാത്രയിൽ നിരവധി വിജാതീയർ ക്രിസ്ത്യാനിത്വം സ്വീകരിച്ചു. (പ്രവൃത്തികൾ 13:1–14:28) യഥാർഥത്തിൽ, സിറിയയിലെ അന്ത്യോക്യയിൽ വിജാതീയ ക്രിസ്ത്യാനികളുടെ ഒരു സഭ സ്ഥാപിതമായി. പരിവർത്തനംചെയ്ത വിജാതീയർ പരിച്ഛേദനയേൽക്കുകയും മോശൈക ന്യായപ്രമാണം പാലിക്കുകയും ചെയ്യണമെന്നു ചില യഹൂദ ക്രിസ്ത്യാനികൾ കരുതി, എന്നാൽ മറ്റു ചിലർ വിയോജിച്ചു. (പ്രവൃത്തികൾ 15:1-5) ഈ വാദപ്രതിവാദം പൂർണ അനൈക്യത്തിലേക്ക്, വേറിട്ട യഹൂദ, വിജാതീയ സഭകളുടെ രൂപീകരണത്തിലേക്കുപോലും നയിക്കാമായിരുന്നു. അതുകൊണ്ടു ക്രിസ്തീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിനു ഭരണസംഘം സത്വര നടപടി സ്വീകരിച്ചു.
17. പ്രവൃത്തികൾ 15-ാം അദ്ധ്യായത്തിൽ ഏതു യോജിപ്പുള്ള ദിവ്യാധിപത്യ നടപടിക്രമം വിവരിച്ചിരിക്കുന്നു?
17 പ്രവൃത്തികൾ 15:6-22 പറയുന്നപ്രകാരം, “ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.” അന്ത്യോക്യയിൽനിന്നുള്ള ഒരു പ്രതിനിധി സംഘം ഉൾപ്പെടെ മറ്റുള്ളവരും സന്നിഹിതരായിരുന്നു. താൻ ‘മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിച്ചു’വെന്നു പത്രോസ് ആദ്യം വിശദീകരിച്ചു. പിന്നീടു “ജനസമൂഹം എല്ലാം” ബർന്നബാസും പൗലോസും “ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ [അഥവാ ജനതകളുടെ] ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും” വിവരിച്ചപ്പോൾ ശ്രദ്ധിച്ചു. അടുത്തതായി, പ്രശ്നം എങ്ങനെ പരിഹരിക്കാവുന്നതാണെന്നു യാക്കോബ് നിർദേശിച്ചു. ഭരണസംഘം ഒരു തീരുമാനം എടുത്തതിനെത്തുടർന്ന്, “തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലോസിനോടും ബർന്നബാസിനോടും കൂടെ അന്ത്യോക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു”വെന്നു നമ്മോടു പറയപ്പെട്ടിരിക്കുന്നു. ആ “തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർ [NW]”—യൂദായും ശീലാസും—സഹവിശ്വാസികൾക്കായി പ്രോത്സാഹജനകമായ ഒരു കത്തു കൊണ്ടുപോയി.
18. മോശൈക ന്യായപ്രമാണം ഉൾപ്പെടുന്ന ഏതു തീരുമാനം ഭരണസംഘം കൈക്കൊണ്ടു, ഇതു യഹൂദരും വിജാതീയരുമായ ക്രിസ്ത്യാനികളെ എങ്ങനെ ബാധിച്ചു?
18 ഭരണസംഘത്തിന്റെ തീരുമാനം പ്രഖ്യാപിക്കുന്ന കത്ത് ഈ വാക്കുകളോടെ ആരംഭിച്ചു: “അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യോക്യയിലും സുറിയയിലും കിലിക്ക്യയിലും ജാതികളിൽനിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം.” മറ്റുള്ളവർ ഈ ചരിത്രപ്രധാനമായ യോഗത്തിൽ സംബന്ധിച്ചു, എന്നാൽ പ്രത്യക്ഷത്തിൽ ഭരണസംഘത്തിൽ ഉൾപ്പെട്ടിരുന്നത് “അപ്പൊസ്തലന്മാരും മൂപ്പന്മാരു”മാണ്. ദൈവത്തിന്റെ ആത്മാവ് അവരെ നയിച്ചു, എന്തെന്നാൽ ആ കത്തു പ്രസ്താവിക്കുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (പ്രവൃത്തികൾ 15:23-29) ക്രിസ്ത്യാനികൾ പരിച്ഛേദനയേൽക്കുകയും മോശൈക ന്യായപ്രമാണം പാലിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. ഐക്യത്തിൽ പ്രവർത്തിക്കാനും സംസാരിക്കാനും ഈ തീരുമാനം യഹൂദരും വിജാതീയരുമായ ക്രിസ്ത്യാനികളെ സഹായിച്ചു. സഭകൾ സന്തോഷിക്കുകയും അമൂല്യ ഐക്യം തുടരുകയും ചെയ്തു, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ ആത്മീയ മാർഗദർശനത്തിൻകീഴിൽ ദൈവത്തിന്റെ ഇന്നത്തെ ഭൂവ്യാപക കുടുംബത്തിൽ സംഭവിക്കുന്നതുപോലെതന്നെ.—പ്രവൃത്തികൾ 15:30-35.
ദിവ്യാധിപത്യ ഐക്യത്തിൽ സേവിക്കുക
19. യഹോവയുടെ ആരാധകരുടെ കുടുംബത്തിൽ ഐക്യം തഴച്ചുവളർന്നിരിക്കുന്നത് എന്തുകൊണ്ട്?
19 ഒരു കുടുംബത്തിലെ അംഗങ്ങൾ പരസ്പരം സഹകരിക്കുമ്പോൾ ഐക്യം തഴച്ചുവളരുന്നു. യഹോവയുടെ ആരാധകരുടെ കുടുംബത്തിലും അതുതന്നെ സത്യമാണ്. ദിവ്യാധിപത്യ മനസ്കരായി, ഒന്നാം നൂറ്റാണ്ടിലെ സഭയിൽ മൂപ്പൻമാരും മറ്റുള്ളവരും ഭരണസംഘത്തോടുള്ള പൂർണ സഹകരണത്തിൽ ദൈവത്തെ സേവിക്കുകയും അതിന്റെ തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഭരണസംഘത്തിന്റെ സഹായത്തോടെ മൂപ്പൻമാർ ‘വചനം പ്രസംഗിച്ചു,’ സഭാംഗങ്ങൾ പൊതുവേ ‘യോജിപ്പിൽ സംസാരിച്ചു.’ (2 തിമൊഥെയൊസ് 4:1, 2; 1 കൊരിന്ത്യർ 1:10) അതുകൊണ്ടു യെരുശലേമിലോ അന്ത്യോക്യയിലോ റോമിലോ കൊരിന്തിലോ മറ്റെവിടെയെങ്കിലുമോ ആയിരുന്നാലും, ശുശ്രൂഷയിലും ക്രിസ്തീയ യോഗങ്ങളിലും ഒരേ തിരുവെഴുത്തു സത്യങ്ങൾ അവതരിപ്പിച്ചിരുന്നു. അത്തരം ദിവ്യാധിപത്യ ഐക്യം ഇന്നു സ്ഥിതിചെയ്യുന്നു.
20. നമ്മുടെ ക്രിസ്തീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിനു നാം എന്തു ചെയ്യണം?
20 നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന്, യഹോവയുടെ ആഗോള കുടുംബത്തിന്റെ ഭാഗമായ നാമെല്ലാം ദിവ്യാധിപത്യ സ്നേഹം പ്രകടമാക്കാൻ പ്രയത്നിക്കണം. (1 യോഹന്നാൻ 4:16) നാം ദൈവേഷ്ടത്തിനു കീഴ്പെടുകയും ‘വിശ്വസ്തനായ അടിമ’യോടും ഭരണസംഘത്തോടും ആഴമായ ആദരവു കാണിക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവത്തിനുള്ള നമ്മുടെ സമർപ്പണം പോലെതന്നെ, നമ്മുടെ അനുസരണം നിശ്ചയമായും സന്തോഷത്തോടെയും സ്വമനസ്സാലെയും ഉള്ളതാണ്. (1 യോഹന്നാൻ 5:3) സങ്കീർത്തനക്കാരൻ സന്തോഷത്തെയും അനുസരണത്തെയും എത്ര നന്നായി ബന്ധിപ്പിച്ചു! അവൻ പാടി: “യഹോവയെ സ്തുതിപ്പിൻ; യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ [സന്തുഷ്ടൻ, NW].”—സങ്കീർത്തനം 112:1.
21. ദിവ്യാധിപത്യ മനസ്കരാണെന്നു നമുക്കെങ്ങനെ സ്വയം തെളിയിക്കാൻ കഴിയും?
21 സഭയുടെ ശിരസ്സായ യേശു പൂർണമായും ദിവ്യാധിപത്യ മനസ്കനാണ്. അവൻ എല്ലായ്പോഴും തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നു. (യോഹന്നാൻ 5:30) അതുകൊണ്ടു യഹോവയുടെ സ്ഥാപനത്തോടുള്ള പൂർണ സഹകരണത്തിൽ ദിവ്യാധിപത്യപരമായും ഏകീകൃതമായും അവന്റെ ഇഷ്ടം ചെയ്തുകൊണ്ട് നമുക്കു നമ്മുടെ മാതൃകയായവനെ പിൻപറ്റാം. അപ്പോൾ ഹൃദയംഗമമായ സന്തോഷത്തോടെയും കൃതജ്ഞതയോടെയും നമുക്കു സങ്കീർത്തനക്കാരന്റെ ഗീതം പ്രതിധ്വനിപ്പിക്കാൻ കഴിയും: “നോക്കൂ! സഹോദരൻമാർ ഐക്യത്തിൽ ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും എത്ര ഉല്ലാസകരവുമാണ്!”
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ നമ്മുടെ ക്രിസ്തീയ ഐക്യം സങ്കീർത്തനം 133-നോട് എങ്ങനെ ബന്ധപ്പെട്ടിരുന്നേക്കാവുന്നതാണ്?
◻ ഐക്യത്തെ ഉന്നമിപ്പിക്കുന്ന ചില ഘടകങ്ങൾ ഏവ?
◻ ദൈവജനത്തിന്റെ ഐക്യത്തിനു ദിവ്യാധിപത്യ ക്രമം അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം നടപടി സ്വീകരിച്ചത് എങ്ങനെ?
◻ ദിവ്യാധിപത്യ ഐക്യത്തിൽ സേവിക്കുന്നതു നിങ്ങൾക്ക് എന്തർഥമാക്കുന്നു?
[13-ാം പേജിലെ ചിത്രം]
ഐക്യം കാത്തുസൂക്ഷിക്കാൻ ഭരണസംഘം നടപടി സ്വീകരിച്ചു