അധ്യായം 8
“അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്”
1-4. (എ) യേശു ഒരു ശമര്യ സ്ത്രീയെ നൈപുണ്യത്തോടെ പഠിപ്പിച്ചത് എങ്ങനെ, അതിന് എന്തു ഫലമുണ്ടായി? (ബി) അപ്പൊസ്തലന്മാരുടെ പ്രതികരണം എന്തായിരുന്നു?
യേശുവും അപ്പൊസ്തലന്മാരും നടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. യെഹൂദ്യയിൽനിന്ന് വടക്കോട്ട് ഗലീലയിലേക്കാണ് അവർ പോകുന്നത്. ശമര്യയിലൂടെ പോയാൽ വെറും മൂന്നു ദിവസംകൊണ്ട് അവിടെ എത്താം. ഉച്ചയോടടുത്ത് അവർ ശമര്യയിലെ സുഖാർ എന്ന പട്ടണത്തിലെത്തുന്നു. ക്ഷീണമകറ്റാനായി അൽപ്പനേരം അവർ അവിടെ വിശ്രമിക്കുന്നു.
2 ശിഷ്യന്മാർ ഭക്ഷണ സാധനങ്ങൾ വാങ്ങാനായി പോകുമ്പോൾ യേശു പട്ടണത്തിനു പുറത്തുള്ള ഒരു കിണറ്റിനരികെവന്ന് അവിടെ ഇരിക്കുന്നു. അപ്പോഴാണ് ഒരു ശമര്യസ്ത്രീ വെള്ളം കോരാനായി അവിടേക്കു വരുന്നത്. യേശുവിന് വേണമെങ്കിൽ അവളെ അവഗണിക്കാം. അവൻ ‘യാത്രചെയ്തു ക്ഷീണിച്ചിരിക്കുക’യാണല്ലോ. (യോഹന്നാൻ 4:6) അതുകൊണ്ട് ഈ സ്ത്രീ വന്നതും പോയതുമൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ അവൻ കണ്ണടച്ചിരുന്നാലും അതിൽ തെറ്റു പറയാനാവില്ല. ഇനി ആ സ്ത്രീയെ സംബന്ധിച്ചാണെങ്കിൽ, ഒരു യഹൂദൻ തന്നെ പുച്ഛത്തോടെ വീക്ഷിക്കാനേ ഇടയുള്ളൂവെന്ന് അവൾ കരുതിയിട്ടുണ്ടാകാം. (അതിന്റെ കാരണം നാം 4-ാം അധ്യായത്തിൽ കണ്ടിരുന്നു.) എന്നിട്ടും യേശു അവളുമായി സംസാരിക്കാൻ തുടങ്ങുന്നു.
3 ഒരു ദൃഷ്ടാന്തം പറഞ്ഞുകൊണ്ടാണ് യേശു സംഭാഷണം തുടങ്ങുന്നത്. ആ ശമര്യസ്ത്രീ അവിടെ വന്നത് വെള്ളം കോരാനാണ്. അതുകൊണ്ട് അവൾ എന്നും ചെയ്തുപോരുന്ന ആ കാര്യംതന്നെ അവൻ ദൃഷ്ടാന്തമായി ഉപയോഗിക്കുന്നു. അവളുടെ ആത്മീയ ദാഹം ശമിപ്പിക്കുന്ന ജീവജലത്തെക്കുറിച്ച് യേശു ആ അവസരത്തിൽ സംസാരിക്കുന്നു. തർക്കത്തിനു വഴിവെക്കുന്ന ചില വിഷയങ്ങൾ പലതവണ അവൾ എടുത്തിട്ടെങ്കിലും യേശു നയപൂർവം ഒഴിഞ്ഞുമാറുന്നു.a താൻ പറഞ്ഞുവരുന്ന വിഷയത്തിൽനിന്ന് അവൻ വ്യതിചലിക്കുന്നതേയില്ല. ആത്മീയവിഷയങ്ങൾക്ക്, അതായത് സത്യാരാധനയെയും യഹോവയാംദൈവത്തെയും കുറിച്ചുള്ള കാര്യങ്ങൾക്ക്, ഊന്നൽ നൽകിയാണ് അവൻ സംസാരിക്കുന്നത്. അവന്റെ വാക്കുകൾ ആ സ്ത്രീയുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നു. അതുകൊണ്ട് അവൾ പട്ടണത്തിൽ ചെന്ന് മറ്റുള്ളവരോട് അതേക്കുറിച്ച് സംസാരിക്കുന്നു. അവരും യേശു പറയുന്നതു കേൾക്കാൻ അവന്റെ അടുക്കലേക്കു വരുന്നു.—യോഹന്നാൻ 4:3-42.
4 ശിഷ്യന്മാർ മടങ്ങിയെത്തിയപ്പോൾ യേശു ഒരു സ്ത്രീയോടു സംസാരിക്കുന്നതാണു കണ്ടത്. അവർക്കപ്പോൾ എന്താണു തോന്നിയത്? അവർക്ക് യാതൊരു സന്തോഷവും തോന്നിയില്ല. മറിച്ച് യേശു ആ സ്ത്രീയോടു സംസാരിക്കുന്നതിൽ അവർക്ക് അതിശയമാണുണ്ടായത്. അവർ അവളോട് ഒന്നും മിണ്ടിയില്ല. അവൾ പോയശേഷം തങ്ങൾ കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ അവർ യേശുവിനെ നിർബന്ധിക്കുന്നു. എന്നാൽ യേശു അവരോട്, “നിങ്ങൾക്ക് അറിയാത്ത ആഹാരം എനിക്കു ഭക്ഷിക്കാനുണ്ട്” എന്നു പറയുന്നു. ആരായിരിക്കും അവനു ഭക്ഷണം കൊണ്ടുവന്നു കൊടുത്തത് എന്ന് അവർ ചിന്തിച്ചുനിൽക്കുമ്പോൾ താൻ പറഞ്ഞതിന്റെ പൊരുൾ യേശു വെളിപ്പെടുത്തുന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമത്രേ എന്റെ ആഹാരം.” (യോഹന്നാൻ 4:32, 34) അങ്ങനെ, താൻ നിർവഹിക്കേണ്ട വേലയാണ് ആഹാരത്തെക്കാൾ തനിക്കു പ്രധാനമെന്ന് യേശു വ്യക്തമാക്കി. ശിഷ്യന്മാരും അങ്ങനെതന്നെ ചിന്തിക്കണമെന്ന് യേശു ആഗ്രഹിച്ചു. എന്താണ് ആ വേല?
5. (എ) യേശു ചെയ്യേണ്ടിയിരുന്ന വേല എന്താണ്? (ബി) ഈ അധ്യായത്തിൽ നാം എന്തിനെക്കുറിച്ചു ചിന്തിക്കും?
5 യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.” (ലൂക്കോസ് 4:43) യേശു ഭൂമിയിലേക്കു വന്നത് ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കാനും പഠിപ്പിക്കാനുമായിരുന്നു.b യേശുവിന്റെ അനുഗാമികൾക്കും ഇന്ന് അതേ വേലയാണ് ചെയ്യാനുള്ളത്. അതുകൊണ്ട് യേശു എന്തു പ്രസംഗിച്ചു, എന്തിനു പ്രസംഗിച്ചു എന്നും തന്റെ നിയോഗത്തോടുള്ള അവന്റെ മനോഭാവം എന്തായിരുന്നു എന്നും ചിന്തിക്കുന്നത് പ്രധാനമാണ്.
യേശു പ്രസംഗിച്ചത് എന്തുകൊണ്ട്?
6, 7. സുവിശേഷം മറ്റുള്ളവരുമായി പങ്കുവെക്കുന്ന ‘ഏതൊരു ഉപദേഷ്ടാവിന്റെയും’ മനോഭാവം എങ്ങനെയുള്ളതായിരിക്കണമെന്നാണ് യേശു പറഞ്ഞത്? ഉദാഹരിക്കുക.
6 താൻ പഠിപ്പിച്ച സത്യങ്ങളെ യേശു എങ്ങനെയാണ് വീക്ഷിച്ചിരുന്നത് എന്നും താൻ പഠിപ്പിച്ച ആളുകളോടുള്ള അവന്റെ മനോഭാവം എന്തായിരുന്നു എന്നും നമുക്കു നോക്കാം. യഹോവ തന്നെ പഠിപ്പിച്ച സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനെ താൻ എങ്ങനെയാണു വീക്ഷിക്കുന്നത് എന്ന് യേശു ഒരു ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കി. അവൻ ഇപ്രകാരം പറഞ്ഞു: “സ്വർഗരാജ്യത്തെക്കുറിച്ചു പഠിപ്പിക്കപ്പെട്ട ഏതൊരു ഉപദേഷ്ടാവും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും ആയവ പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു.” (മത്തായി 13:52) ഈ ദൃഷ്ടാന്തത്തിലെ വീട്ടുടയവൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?
7 പണ്ട് ഹിസ്കീയാവ് ചെയ്തതുപോലെ തന്റെ വസ്തുവകകൾ പ്രദർശിപ്പിക്കുക എന്നതല്ല അയാളുടെ ലക്ഷ്യം. (2 രാജാക്കന്മാർ 20:13-20) അപ്പോൾ, “തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും ആയവ പുറത്തെടു”ക്കാൻ ഈ വീട്ടുടയവനെ പ്രേരിപ്പിക്കുന്നത് എന്താണ്? അത് ഇങ്ങനെ ഉദാഹരിക്കാം: നിങ്ങളുടെ ഒരു അധ്യാപകനെ കാണാൻ നിങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിരിക്കുകയാണ്. അദ്ദേഹം ഒരു അലമാരയുടെ വലിപ്പു തുറന്ന് അതിൽനിന്ന് രണ്ടുകത്തുകൾ എടുത്ത് നിങ്ങളെ കാണിക്കുന്നു. ഒരെണ്ണം വളരെ പഴയതാണ്; മറ്റേത് താരതമ്യേന പുതിയതും. അദ്ദേഹത്തിന്റെ പിതാവ് അയച്ച കത്തുകളാണ് അവ. ആദ്യത്തേത് വർഷങ്ങൾക്കുമുമ്പ്, അദ്ദേഹം കുട്ടിയായിരുന്നപ്പോൾ ലഭിച്ചതാണ്; രണ്ടാമത്തേതാകട്ടെ ആയിടെയും. തിളങ്ങുന്ന കണ്ണുകളോടെ, ആ കത്തുകൾ താൻ എത്ര വിലമതിക്കുന്നെന്നും അതിലെ ഉപദേശങ്ങൾ തന്നെ എത്ര സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വിവരിക്കുന്നു. നിങ്ങൾക്കും അതിലെ ഗുണദോഷങ്ങൾ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന് ആ കത്തുകൾ എത്ര വിലപ്പെട്ടതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നു വ്യക്തമാകുന്നു. (ലൂക്കോസ് 6:45) വീമ്പിളക്കുക എന്ന ലക്ഷ്യത്തിലല്ല അതിലെ വിവരങ്ങൾ അദ്ദേഹം നിങ്ങളുമായി പങ്കുവെച്ചത്, എന്തെങ്കിലും നേട്ടമുണ്ടാക്കാനുമല്ല. മറിച്ച്, നിങ്ങൾക്കുംകൂടെ അതിൽനിന്നു പ്രയോജനം ലഭിക്കാനും അവയുടെ മൂല്യം നിങ്ങൾക്കു മനസ്സിലാക്കിത്തരാനുമാണ്.
8. ദൈവവചനത്തിൽനിന്നു പഠിക്കുന്നത് വിലതീരാത്ത സത്യങ്ങളാണെന്നു വിശ്വസിക്കാൻ നമുക്ക് എന്തു കാരണമുണ്ട്?
8 ദൈവത്തിന്റെ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് മഹാഗുരുവായ യേശുവിനെ പ്രേരിപ്പിച്ച ഘടകങ്ങളും അതൊക്കെത്തന്നെ. അവന് ആ സത്യങ്ങൾ ഏറെ വിലപ്പെട്ടതായിരുന്നു. ആ സത്യങ്ങളെ അവൻ സ്നേഹിച്ചിരുന്നു. അവ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവന് വലിയ ഉത്സാഹമായിരുന്നു. ‘ഏതൊരു ഉപദേഷ്ടാവിനും,’ അതായത് തന്റെ അനുഗാമികളിൽ ഓരോരുത്തർക്കും, ഇതേ മനോഭാവം ഉണ്ടായിരിക്കാൻ അവൻ ആഗ്രഹിച്ചു. നമുക്ക് അങ്ങനെയൊരു മനോഭാവമുണ്ടോ? ദൈവവചനത്തിൽനിന്നു പഠിക്കുന്ന ഓരോ സത്യത്തെയും സ്നേഹിക്കാൻ നമുക്ക് മതിയായ കാരണമുണ്ട്. നാളുകളായി പഠിച്ചുവന്ന ഉപദേശങ്ങളായാലും അടുത്തയിടെ ഉപദേശങ്ങളിൽ വന്ന ചില പൊരുത്തപ്പെടുത്തലുകളായാലും നമുക്ക് ആ സത്യങ്ങൾ ഏറെ വിലപ്പെട്ടതാണ്. യഹോവ നമ്മെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളോടുള്ള സ്നേഹം മനസ്സിൽ കെടാതെ സൂക്ഷിക്കുകയും അവയെക്കുറിച്ച് ഉത്സാഹത്തോടെ മറ്റുള്ളവരോടു സംസാരിക്കുകയും ചെയ്യുന്നെങ്കിൽ ആ സത്യങ്ങളെ സ്നേഹിക്കാൻ നമുക്ക് മറ്റുള്ളവരെ സഹായിക്കാനാകും.
9. (എ) താൻ പഠിപ്പിച്ച ആളുകളോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു? (ബി) യേശുവിന്റെ മനോഭാവം നമുക്ക് എങ്ങനെ പകർത്താം?
9 താൻ പഠിപ്പിച്ച ആളുകളെയും യേശു സ്നേഹിച്ചിരുന്നു. അതേക്കുറിച്ച് 3-ാം ഭാഗത്ത് നാം വിശദമായി പഠിക്കും. “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും” എന്ന് മിശിഹായെക്കുറിച്ച് പ്രാവചനികമായി പറയപ്പെട്ടിരുന്നു. (സങ്കീർത്തനം 72:13) അതെ, യേശുവിന് ആളുകളെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. അവരുടെ ചിന്തകളെയും ചോദനകളെയും അവൻ അറിയാൻ ശ്രമിച്ചിരുന്നു. അവരെ ഭാരപ്പെടുത്തിയിരുന്ന കാര്യങ്ങളും സത്യം മനസ്സിലാക്കുന്നതിൽനിന്ന് അവരെ തടയുന്ന സംഗതികളും അവൻ മനസ്സിലാക്കിയിരുന്നു. (മത്തായി 11:28; 16:13; 23:13, 15) ഉദാഹരണമായി ശമര്യസ്ത്രീയുടെ കാര്യംതന്നെയെടുക്കുക. യേശു തന്നോട് കരുണയോടെ സംസാരിച്ചത് അവളെ ഏറെ സ്വാധീനിച്ചു. അവൾ യാതൊന്നും പറയാതെതന്നെ യേശു അവളുടെ സാഹചര്യം മനസ്സിലാക്കിയത്, യേശുവിനെ ഒരു പ്രവാചകനായി അംഗീകരിക്കാനും അവനെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കാനും അവളെ പ്രേരിപ്പിച്ചു. (യോഹന്നാൻ 4:16-19, 39) യേശുവിന്റെ അനുഗാമികൾക്കു പക്ഷേ ആളുകളുടെ ഹൃദയങ്ങൾ വായിക്കാനുള്ള കഴിവില്ല. എന്നിരുന്നാലും യേശുവിനെപ്പോലെ ആളുകളിൽ താത്പര്യമെടുക്കാൻ അവർക്കു കഴിയും. അതെ, അവരെക്കുറിച്ച് നമുക്കു ചിന്തയുണ്ട് എന്ന് നമുക്ക് അവരെ അറിയിക്കാൻ സാധിക്കും. മാത്രമല്ല, അവരുടെ താത്പര്യങ്ങൾക്കും പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി അവരോടു സംസാരിക്കാനും നമുക്കാകും.
യേശു എന്തു പ്രസംഗിച്ചു?
10, 11. (എ) യേശു എന്താണു പ്രസംഗിച്ചത്? (ബി) ദൈവരാജ്യം ആവശ്യമായിവന്നത് എങ്ങനെ?
10 യേശു എന്താണു പ്രസംഗിച്ചത്? യേശുവിൽ വിശ്വസിക്കുന്നതായി പറയുന്ന പല സഭകളുടെയും ഉപദേശങ്ങൾ പരിശോധിച്ചുകൊണ്ട് മേൽപ്പറഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ യേശു ഘോഷിച്ചിരുന്നത് സാമൂഹികപരിഷ്കരണത്തെയോ ഭരണസംവിധാനങ്ങൾ ഉടച്ചുവാർക്കുന്നതിനെയോ കുറിച്ചുള്ള എന്തോ സന്ദേശമാണ് എന്നു നിങ്ങൾക്കു തോന്നിയേക്കാം. അതുമല്ലെങ്കിൽ, വ്യക്തിപരമായ രക്ഷയായിരുന്നു അവന്റെ പ്രസംഗവിഷയം എന്ന ധാരണയായിരിക്കാം ലഭിക്കുക. എന്നാൽ “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു” എന്നാണ് യേശു പറഞ്ഞത്. എന്താണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്?
11 യഹോവയുടെ പരമാധികാരത്തിന്റെ ഉചിതത്വത്തെ സാത്താൻ ചോദ്യംചെയ്തപ്പോൾ യേശു സ്വർഗത്തിൽ ഉണ്ടായിരുന്നു എന്ന് ഓർക്കുക. നീതിനിഷ്ഠനായ തന്റെ പിതാവിനെ സാത്താൻ ദുഷിക്കുന്നതും സൃഷ്ടികളിൽനിന്ന് നന്മ പിടിച്ചുവെക്കുന്ന നീതികെട്ട ഒരു ഭരണാധിപനായി അവനെ വരച്ചുകാണിക്കുന്നതും യേശുവിനെ എത്രയധികം വേദനിപ്പിച്ചിരിക്കണം! ഭാവിയിൽ മുഴുവൻ മാനവകുടുംബത്തിന്റെയും മാതാപിതാക്കളായിരിക്കേണ്ട ആദാമും ഹവ്വായും സാത്താന്റെ ആ നുണ വിശ്വസിച്ചതും അവനെ എത്ര ദുഃഖിപ്പിച്ചിരിക്കണം! ആ മത്സരംനിമിത്തം മനുഷ്യവർഗം പാപത്തിന്റെയും മരണത്തിന്റെയും പിടിയിലാകുന്നതു കണ്ടതും ദൈവപുത്രനെ വ്യസനിപ്പിച്ചിരിക്കണം. (റോമർ 5:12) എങ്കിലും ഒരുനാൾ ദൈവരാജ്യം മുഖാന്തരം തന്റെ പിതാവ് എല്ലാം ശരിയാക്കുമെന്ന തിരിച്ചറിവ് അവനെ സന്തോഷിപ്പിച്ചു.
12, 13. (എ) ദൈവരാജ്യം ഏതെല്ലാം കാര്യങ്ങൾ പരിഹരിക്കും? (ബി) ദൈവരാജ്യം പ്രസംഗിക്കുന്നതിനായിരുന്നു യേശു മുഖ്യസ്ഥാനം നൽകിയത് എന്നു പറയുന്നത് എന്തുകൊണ്ട്?
12 എന്നാൽ പരിഹരിക്കപ്പെടേണ്ട ഏറ്റവും വലിയ വിവാദം എന്തായിരുന്നു? സാത്താനും അവന്റെ പക്ഷം ചേർന്നവരും യഹോവയുടെ വിശുദ്ധ നാമത്തിന്മേൽ വരുത്തിയ നിന്ദ നീക്കം ചെയ്യപ്പെടേണ്ടിയിരുന്നു. യഹോവയുടെ പരമാധികാരത്തിന്റെ ഉചിതത്വം, അതായത് അവന്റെ ഭരണമാണ് ഏറ്റവും നല്ലത് എന്ന വസ്തുത തെളിയിക്കപ്പെടേണ്ടിയിരുന്നു. മറ്റേതൊരു മനുഷ്യനെക്കാളും യേശുവിന് ഈ വിഷയങ്ങളെക്കുറിച്ച് അറിയാമായിരുന്നു. തന്റെ അനുഗാമികളെ പഠിപ്പിച്ച മാതൃകാപ്രാർഥനയിൽ യേശു പ്രാധാന്യം നൽകിയതും ഈ വിഷയങ്ങൾക്കായിരുന്നു: ആദ്യം തന്റെ പിതാവിന്റെ നാമം വിശുദ്ധീകരിക്കപ്പെടാനും രണ്ടാമത് തന്റെ പിതാവിന്റെ രാജ്യം ആഗതമാകാനും മൂന്നാമതായി ദൈവത്തിന്റെ ഹിതം ഭൂമിയിൽ നടപ്പാകാനും പ്രാർഥിക്കാൻ അവൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. (മത്തായി 6:9, 10) ക്രിസ്തുയേശു ഭരണാധിപനായ ദൈവരാജ്യം താമസിയാതെതന്നെ സാത്താന്റെ ദുഷിച്ച വ്യവസ്ഥിതിയെ നശിപ്പിച്ച് യഹോവയുടെ നീതിനിഷ്ഠമായ ഭരണാധിപത്യം എന്നന്നേക്കുമായി സംസ്ഥാപിക്കും.—ദാനീയേൽ 2:44.
13 ഈ ദൈവരാജ്യത്തെക്കുറിച്ചായിരുന്നു യേശു പ്രധാനമായും പ്രസംഗിച്ചത്. ദൈവരാജ്യം എന്താണെന്നും അത് യഹോവയുടെ ഉദ്ദേശ്യം നടപ്പിലാക്കുന്നത് എങ്ങനെയെന്നും ഓരോ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവൻ ആളുകൾക്കു വ്യക്തമാക്കിക്കൊടുത്തു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുക എന്ന ദൗത്യത്തിൽനിന്ന് തന്നെ വ്യതിചലിപ്പിക്കാൻ അവൻ യാതൊന്നിനെയും അനുവദിച്ചില്ല. അവന്റെ നാളിൽ അടിയന്തിര ശ്രദ്ധ അർഹിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു; അതുപോലെ സമൂഹത്തിൽ പലതരത്തിലുള്ള അന്യായങ്ങളും നടക്കുന്നുണ്ടായിരുന്നു. എന്നാൽ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചത് അതിലൊന്നുമായിരുന്നില്ല. മറിച്ച്, താൻ ഘോഷിക്കേണ്ടിയിരുന്ന സന്ദേശത്തിലും ചെയ്യേണ്ടിയിരുന്ന വേലയിലുമായിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ. അതിനർഥം അവൻ ഇടുങ്ങിയ ചിന്താഗതിക്കാരനും നിസ്സംഗനും ആയിരുന്നെന്നാണോ? വിരസതയുളവാക്കുമാറ് ഒരേ കാര്യംതന്നെ, അവൻ തന്നെയും പിന്നെയും പഠിപ്പിച്ചുകൊണ്ടുനടന്നുവെന്നാണോ? ഒരിക്കലുമല്ല!
14, 15. (എ) താൻ “ശലോമോനെക്കാൾ വലിയവൻ” ആണെന്ന് യേശു തെളിയിച്ചത് എങ്ങനെ? (ബി) യേശുവിന്റെ പഠിപ്പിക്കൽരീതി നമുക്ക് എങ്ങനെ പകർത്താം?
14 ഈ ഭാഗത്തുടനീളം കാണാൻ കഴിയുന്നതുപോലെ വൈവിധ്യങ്ങളോടെ, വളരെ ആകർഷകമായ വിധത്തിലായിരുന്നു യേശു ആളുകളെ പഠിപ്പിച്ചത്. ആളുകളുടെ ഹൃദയങ്ങളെ തൊട്ടുണർത്താൻപോന്നതായിരുന്നു അവന്റെ ഉപദേശങ്ങൾ. യഹോവയുടെ മൊഴികൾ രേഖപ്പെടുത്താൻ ‘ഇമ്പമായുള്ള വാക്കുകളും സത്യമായ വചനങ്ങളും’ ഉപയോഗിച്ച ജ്ഞാനിയായ ശലോമോൻ രാജാവിനെയാണ് യേശു അനുസ്മരിപ്പിച്ചത്. (സഭാപ്രസംഗി 12:10) യഹോവ ശലോമോന് “ഹൃദയവിശാലത” നൽകിയെന്ന് ബൈബിൾ പറയുന്നു. വൃക്ഷങ്ങൾ, മത്സ്യങ്ങൾ, പക്ഷിമൃഗാദികൾ തുടങ്ങി പലപല വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ ആ അപൂർണമനുഷ്യന് കഴിഞ്ഞു. ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ ദൂരദേശത്തുനിന്നുപോലും ആളുകൾ വരുമായിരുന്നു. (1 രാജാക്കന്മാർ 4:29-34) എന്നാൽ “ശലോമോനെക്കാൾ വലിയവൻ” ആയിരുന്നു യേശു. (മത്തായി 12:42) ശലോമോനെക്കാൾ ജ്ഞാനവും “ഹൃദയവിശാലതയും” അവനുണ്ടായിരുന്നു. ദൈവവചനത്തെക്കുറിച്ചുള്ള തികഞ്ഞ ഗ്രാഹ്യവും പക്ഷിമൃഗാദികൾ, മത്സ്യങ്ങൾ, കൃഷി, കാലാവസ്ഥ, സമകാലിക സംഭവങ്ങൾ, ചരിത്രം, സാമൂഹികാവസ്ഥകൾ തുടങ്ങിയവയെക്കുറിച്ചുള്ള ആഴമായ അറിവും യേശുവിന്റെ പഠിപ്പിക്കലിൽ പ്രതിഫലിച്ചിരുന്നു. അതേസമയം, മറ്റുള്ളവരിൽ മതിപ്പുളവാക്കുക എന്ന ലക്ഷ്യത്തിൽ അവൻ ഒരിക്കലും തന്റെ ജ്ഞാനം പ്രദർശിപ്പിച്ചില്ല. അവന്റെ സന്ദേശം ലളിതവും സുഗ്രഹവും ആയിരുന്നു. അവന്റെ മൊഴികൾ കേൾക്കാൻ ജനം ഉത്സാഹം കാണിച്ചതിൽ അതിശയിക്കാനില്ല!—മർക്കോസ് 12:37; ലൂക്കോസ് 19:48.
15 യേശുവിന്റെ മാതൃക പകർത്താൻ ക്രിസ്ത്യാനികൾ ശ്രമിക്കുന്നു. അവന്റെ അത്രയും ജ്ഞാനമോ അറിവോ ഒന്നും നമുക്കില്ല. എങ്കിലും നമുക്കുള്ളത്ര അറിവിന്റെയും അനുഭവജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ ദൈവവചനത്തിലെ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ നമുക്കു കഴിയും. ഉദാഹരണത്തിന് യഹോവയ്ക്ക് തന്റെ മക്കളോടുള്ള സ്നേഹം ദൃഷ്ടാന്തീകരിക്കേണ്ടിവരുമ്പോൾ കുട്ടികളുള്ള ഒരു വ്യക്തിക്ക് സ്വന്തം മക്കളോടുള്ള തന്റെ വികാരങ്ങളെ അടിസ്ഥാനമാക്കി സംസാരിക്കാനാകും. തൊഴിൽ, വിദ്യാലയ ജീവിതം, സമകാലിക സംഭവങ്ങൾ, ജനതകൾ, സംസ്കാരങ്ങൾ എന്നിവയെ ആസ്പദമാക്കിയും ഒരാൾക്ക് ദൃഷ്ടാന്തങ്ങൾ രൂപപ്പെടുത്തിയെടുക്കാനാകും. അതേസമയം നമ്മുടെ സന്ദേശത്തിൽനിന്ന്, അതായത് ദൈവരാജ്യ സുവിശേഷത്തിൽനിന്ന്, ശ്രോതാക്കളുടെ ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്ന കാര്യങ്ങളിലേക്കു കടക്കാതിരിക്കാനും നാം ശ്രദ്ധിക്കും.—1 തിമൊഥെയൊസ് 4:16.
ശുശ്രൂഷയോടുള്ള യേശുവിന്റെ മനോഭാവം
16, 17. (എ) ശുശ്രൂഷയോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു? (ബി) തന്റെ ജീവിതത്തിൽ ശുശ്രൂഷയ്ക്കാണു പ്രഥമസ്ഥാനം എന്ന് യേശു തെളിയിച്ചത് എങ്ങനെ?
16 തന്റെ ശുശ്രൂഷയെ ഒരു നിധിപോലെയാണ് യേശു കണക്കാക്കിയത്. മാനുഷിക പാരമ്പര്യങ്ങളുടെയും ഉപദേശങ്ങളുടെയും മറനീക്കി തന്റെ സ്വർഗീയ പിതാവിന്റെ ശരിയായ വ്യക്തിത്വം ആളുകൾക്കു കാണിച്ചുകൊടുക്കാൻ യേശു സന്തോഷത്തോടെ യത്നിച്ചു. യഹോവയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നതിനും നിത്യജീവന്റെ പ്രത്യാശ നേടിയെടുക്കുന്നതിനും അവൻ ആളുകളെ സഹായിച്ചു. സുവിശേഷം നൽകുന്ന ആശ്വാസവും സന്തോഷവും ആളുകൾക്ക് പകർന്നുകൊടുക്കാൻ അവന് അതീവ ഉത്സാഹമായിരുന്നു. നമുക്ക് എങ്ങനെ അത് മനസ്സിലാക്കാം? പിൻവരുന്ന മൂന്നു കാര്യങ്ങൾ കാണുക.
17 ശുശ്രൂഷയ്ക്കായിരുന്നു അവന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം. ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ അവൻ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അതുകൊണ്ടാണ് 5-ാം അധ്യായത്തിൽ കണ്ടതുപോലെ യേശു ലളിതമായ ഒരു ജീവിതം നയിച്ചത്. തന്റെ ഉപദേശത്തിനൊത്ത് അവൻ ജീവിച്ചു: ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽ അവൻ തന്റെ ദൃഷ്ടി പതിപ്പിച്ചുനിറുത്തി. അവൻ വസ്തുവകകൾ വാരിക്കൂട്ടിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് സൂക്ഷിക്കാനും കേടുപോക്കാനുമൊക്കെയായി ധാരാളം സമയവും പണവും അവനു ചെലവഴിക്കേണ്ടിവന്നേനെ. അതെ, ശുശ്രൂഷയിൽനിന്നു ശ്രദ്ധ പതറാതിരിക്കേണ്ടതിന് അവൻ ലളിതമായ ജീവിതം നയിച്ചു.—മത്തായി 6:22; 8:20.
18. യേശു ആത്മത്യാഗ മനോഭാവത്തോടെ ശുശ്രൂഷയിൽ ഏർപ്പെട്ടത് ഏതുവിധങ്ങളിൽ?
18 യേശു ആത്മത്യാഗ മനോഭാവത്തോടെ ശുശ്രൂഷയിൽ ഏർപ്പെട്ടു. പലസ്തീൻദേശത്തുകൂടെ നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് അവൻ ആളുകളുമായി സുവിശേഷം പങ്കുവെച്ചത്. വീടുകളിലും ചന്തസ്ഥലങ്ങളിലും ചത്വരങ്ങളിലുമെല്ലാം അവൻ ആളുകളോടു സുവാർത്ത ഘോഷിച്ചു. പലപ്പോഴും, സാക്ഷീകരണവേലയിൽ ഏർപ്പെടാനായി വിശ്രമവും ആഹാരവും ജലപാനവും അടുത്ത സുഹൃത്തുക്കളോടൊത്തുള്ള സ്വകാര്യനിമിഷങ്ങളും വേണ്ടെന്നുവെക്കാൻപോലും യേശു തയ്യാറായി. മരണവേളയിൽപ്പോലും അവൻ മറ്റുള്ളവരോട് ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പങ്കുവെച്ചു.—ലൂക്കോസ് 23:39-43.
19, 20. സുവിശേഷം അടിയന്തിരതയോടെ ഘോഷിക്കേണ്ടതാണെന്നു വ്യക്തമാക്കാൻ യേശു ഏതു ദൃഷ്ടാന്തം ഉപയോഗിച്ചു?
19 അടിയന്തിരതയോടെ അവൻ ശുശ്രൂഷയിൽ ഏർപ്പെട്ടു. സുഖാറിലെ കിണറ്റിൻകരയിൽവെച്ച് യേശു ഒരു ശമര്യസ്ത്രീയുമായി സംസാരിച്ച സന്ദർഭത്തെപ്പറ്റി ചിന്തിക്കുക. ആ സന്ദർഭത്തിൽ സുവിശേഷം അടിയന്തിരതയോടെ ഘോഷിക്കേണ്ട ഒരാവശ്യമുള്ളതായി അപ്പൊസ്തലന്മാർക്കു തോന്നിക്കാണില്ല. എന്നാൽ അവരുടെ മനോഭാവം തിരുത്താൻ യേശു അനുയോജ്യമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “കൊയ്ത്തിന് ഇനിയും നാലുമാസമുണ്ട് എന്നു നിങ്ങൾ പറയുന്നുവല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കണ്ണുകളുയർത്തി വയലിലേക്കു നോക്കുവിൻ. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.”—യോഹന്നാൻ 4:35.
20 സാധ്യതയനുസരിച്ച് അത് കിസ്ലേവ് മാസം (നവംബർ/ഡിസംബർ) ആയിരുന്നു. എന്നാൽ, നീസാൻ 14-ന് കൊണ്ടാടുന്ന പെസഹായോടടുത്താണ് ബാർളിക്കൊയ്ത്ത് നടക്കുന്നത്. അതിന് പിന്നെയും നാലുമാസംകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് കർഷകർക്ക് ആ സമയത്ത് കൊയ്ത്തിനെക്കുറിച്ച് അത്ര വലിയ ചിന്തയൊന്നും ഉണ്ടാകാറില്ല. അതിന് ഇനിയും സമയമുണ്ടല്ലോ എന്നായിരിക്കും അവരുടെ ചിന്ത. എന്നാൽ യേശു പരാമർശിച്ച പ്രതീകാർഥത്തിലുള്ള കൊയ്ത്തിന്റെ കാര്യം അങ്ങനെയായിരുന്നോ? യേശുവിൽനിന്നു കേട്ടുപഠിക്കാനും അവന്റെ ശിഷ്യന്മാരായിത്തീരാനും അങ്ങനെ യഹോവ നൽകുന്ന മഹത്തായ പ്രത്യാശ സ്വന്തമാക്കാനും അനേകർ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ടായിരുന്നു. ആ ആലങ്കാരിക വയലിലേക്കു നോക്കുമ്പോൾ യേശുവിനു കാണാൻ കഴിഞ്ഞത് കൊയ്ത്തിനു പാകമായി നിൽക്കുന്ന ധാന്യക്കതിരുകളായിരുന്നു. അതെ, അടിയന്തിരതയോടെ കൊയ്ത്തുവേലയിൽ ഏർപ്പെടേണ്ട സമയമായിരുന്നു അത്. തന്നിമിത്തം ഒരവസരത്തിൽ ഒരു പട്ടണത്തിലെ നിവാസികൾ തങ്ങളെവിട്ടു പോകാൻ യേശുവിനെ അനുവദിക്കാതിരുന്നപ്പോൾ അവൻ അവരോട് പറഞ്ഞത് ഇതായിരുന്നു: “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.”—ലൂക്കോസ് 4:43.
21. യേശുവിനെ നമുക്ക് ഏതുവിധത്തിൽ അനുകരിക്കാം?
21 മേൽപ്പറഞ്ഞ മൂന്നുകാര്യങ്ങളിലും നമുക്ക് യേശുവിനെ അനുകരിക്കാം. നമ്മുടെ ജീവിതത്തിൽ ക്രിസ്തീയ ശുശ്രൂഷയ്ക്ക് നാം പ്രഥമ സ്ഥാനം നൽകണം. കുടുംബത്തോടും ജോലിയോടും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതുണ്ടായിരിക്കാമെങ്കിലും തീക്ഷ്ണതയോടും ക്രമമായും ശുശ്രൂഷയിൽ പങ്കുപറ്റിക്കൊണ്ട് നമ്മുടെ ജീവിതത്തിൽ ശുശ്രൂഷയ്ക്കാണ് പ്രഥമസ്ഥാനം എന്ന് നമുക്കും തെളിയിക്കാം. (മത്തായി 6:33; 1 തിമൊഥെയൊസ് 5:8) നമ്മുടെ സമയവും ഊർജവും വിഭവങ്ങളുമെല്ലാം നിർലോപം ചെലവഴിച്ചുകൊണ്ട് ശുശ്രൂഷ ഭംഗിയായി നിറവേറ്റാൻ നമുക്ക് കഠിനമായി യത്നിക്കാം. (ലൂക്കോസ് 13:24) ശുശ്രൂഷ അടിയന്തിരമായി നിറവേറ്റേണ്ട ഒന്നാണെന്ന വസ്തുത നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. (2 തിമൊഥെയൊസ് 4:2) സാക്ഷീകരിക്കാനുള്ള ഒരവസരവും നമുക്ക് പാഴാക്കാതിരിക്കാം.
22. അടുത്ത അധ്യായത്തിൽ നാം എന്തു കാണും?
22 ശുശ്രൂഷയെ യേശു എത്ര പ്രാധാന്യത്തോടെയാണു വീക്ഷിച്ചത് എന്ന് അവൻ ചെയ്ത മറ്റൊരു കാര്യത്തിൽനിന്നും മനസ്സിലാക്കാവുന്നതാണ്. തന്റെ മരണശേഷം ശിഷ്യന്മാർ ഈ പ്രസംഗവേല തുടർന്നുകൊണ്ടുപോകേണ്ടതിന് അവൻ അവർക്ക് പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നിയോഗം നൽകി. ആ നിയോഗത്തെക്കുറിച്ച് നാം അടുത്ത അധ്യായത്തിൽ കാണും.
a യേശു ഒരു യഹൂദനായിരിക്കെ ശമര്യക്കാരിയായ തന്നോടു സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിക്കുകവഴി അവൾ സൂചിപ്പിച്ചത്, നൂറ്റാണ്ടുകളായി രണ്ടുകൂട്ടർക്കുമിടയിൽ നിലനിന്നിരുന്ന വിദ്വേഷത്തെയായിരുന്നു. (യോഹന്നാൻ 4:9) തന്റെ ജനം യാക്കോബിന്റെ പിൻഗാമികളാണെന്നും അവൾ അവകാശപ്പെടുന്നു. ഇതാകട്ടെ യഹൂദന്മാർ ശക്തമായി എതിർത്തിരുന്ന ഒരു വാദഗതിയാണ്. (യോഹന്നാൻ 4:12) യഹൂദന്മാർ ശമര്യക്കാരെ “കട്ടേയർ” എന്നാണു വിളിച്ചിരുന്നത്. അവർ പേർഷ്യയിലെ കട്ടാഹ് എന്ന സ്ഥലത്തുനിന്ന് ഇസ്രായേലിൽ വന്നുപാർക്കാനിടയായവരുടെ പിൻമുറക്കാരാണെന്ന് വിളിച്ചറിയിക്കാനായിരുന്നു അത്.
b പ്രസംഗിക്കുക എന്നാൽ ഒരു സന്ദേശം പ്രഖ്യാപിക്കുക, ഘോഷിക്കുക എന്നൊക്കെയാണ് അർഥം. പഠിപ്പിക്കുക എന്നതിനും ഏറെക്കുറെ സമാനമായ അർഥമാണ് ഉള്ളതെങ്കിലും, ഘോഷിക്കുന്ന സന്ദേശത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് അത് ആഴത്തിൽ വിശകലനം ചെയ്യാൻ പഠിതാവിനെ സഹായിക്കുന്നതും അതിൽ ഉൾപ്പെടുന്നു. പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ പഠിതാക്കൾ പ്രചോദിതരാകത്തക്കവിധം അവരുടെ ഹൃദയങ്ങളെ ഉണർത്താനുള്ള മാർഗങ്ങൾ ഒരു നല്ല അധ്യാപകൻ കണ്ടെത്താൻ ശ്രമിക്കും.