യോഹന്നാൻ എഴുതിയത്
4 യേശു യോഹന്നാനെക്കാൾ കൂടുതൽ ആളുകളെ ശിഷ്യരാക്കുകയും സ്നാനപ്പെടുത്തുകയും+ ചെയ്യുന്നുണ്ടെന്നു പരീശന്മാർ കേട്ടു. 2 (വാസ്തവത്തിൽ യേശുവല്ല, ശിഷ്യന്മാരാണു സ്നാനപ്പെടുത്തിയത്.) 3 ഇക്കാര്യം അറിഞ്ഞ യേശു യഹൂദ്യ വിട്ട് വീണ്ടും ഗലീലയിലേക്കു പോയി.+ 4 ശമര്യയിലൂടെ വേണമായിരുന്നു പോകാൻ. 5 അങ്ങനെ യേശു ശമര്യയിലെ സുഖാർ എന്ന നഗരത്തിൽ എത്തി. യാക്കോബ് മകനായ യോസേഫിനു നൽകിയ സ്ഥലത്തിന്+ അടുത്തായിരുന്നു അത്. 6 യാക്കോബിന്റെ കിണർ അവിടെയായിരുന്നു.+ യാത്ര ചെയ്ത് ക്ഷീണിച്ച യേശു കിണറിന് അരികെ ഇരുന്നു. സമയം ഏകദേശം ആറാം മണി ആയിരുന്നു.
7 അപ്പോൾ ഒരു ശമര്യക്കാരി വെള്ളം കോരാൻ വന്നു. യേശു ആ സ്ത്രീയോട്, “കുടിക്കാൻ കുറച്ച് വെള്ളം തരാമോ” എന്നു ചോദിച്ചു. 8 (യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഭക്ഷണം വാങ്ങാൻ നഗരത്തിലേക്കു പോയിരിക്കുകയായിരുന്നു.) 9 ശമര്യസ്ത്രീ യേശുവിനോടു ചോദിച്ചു: “താങ്കൾ ഒരു ജൂതനല്ലേ? എന്നിട്ടും ശമര്യക്കാരിയായ എന്നോടു വെള്ളം ചോദിക്കുന്നോ?” (ജൂതന്മാർക്കു ശമര്യക്കാരുമായി ഒരു സമ്പർക്കവുമില്ലായിരുന്നു.)+ 10 അപ്പോൾ യേശു സ്ത്രീയോടു പറഞ്ഞു: “ദൈവം സൗജന്യമായി തരുന്ന സമ്മാനം+ എന്താണെന്നും ‘കുടിക്കാൻ കുറച്ച് വെള്ളം തരാമോ’ എന്നു ചോദിക്കുന്നത് ആരാണെന്നും നിനക്ക് അറിയാമായിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം തരുകയും ചെയ്തേനേ.”+ 11 സ്ത്രീ പറഞ്ഞു: “യജമാനനേ, വെള്ളം കോരാൻ അങ്ങയുടെ കൈയിൽ ഒരു തൊട്ടിപോലുമില്ല. കിണറാണെങ്കിൽ ആഴമുള്ളതും. പിന്നെ അങ്ങയ്ക്ക് എവിടെനിന്ന് ഈ ജീവജലം കിട്ടും? 12 ഞങ്ങളുടെ പൂർവികനായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണു ഞങ്ങൾക്ക് ഈ കിണർ തന്നത്. അദ്ദേഹവും മക്കളും അദ്ദേഹത്തിന്റെ കന്നുകാലികളും ഇതിലെ വെള്ളമാണു കുടിച്ചിരുന്നത്.” 13 അപ്പോൾ യേശു പറഞ്ഞു: “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും. 14 എന്നാൽ ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ പിന്നെ ഒരിക്കലും ദാഹിക്കില്ല.+ അയാളിൽ ആ വെള്ളം നിത്യജീവനേകുന്ന ഒരു ഉറവയായി മാറും.”+ 15 സ്ത്രീ യേശുവിനോടു പറഞ്ഞു: “യജമാനനേ, എനിക്ക് ആ വെള്ളം വേണം. അങ്ങനെയാകുമ്പോൾ എനിക്കു ദാഹിക്കില്ലല്ലോ. പിന്നെ വെള്ളം കോരാൻ ഇവിടംവരെ വരുകയും വേണ്ടാ.”
16 യേശു സ്ത്രീയോട്, “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്നു പറഞ്ഞു. 17 “എനിക്കു ഭർത്താവില്ല” എന്നു സ്ത്രീ പറഞ്ഞു. അപ്പോൾ യേശു പറഞ്ഞു: “‘എനിക്കു ഭർത്താവില്ല’ എന്നു നീ പറഞ്ഞതു ശരിയാണ്. 18 നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ളതു നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ്.” 19 സ്ത്രീ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങ് ഒരു പ്രവാചകനാണല്ലേ?+ 20 ഞങ്ങളുടെ പൂർവികർ ആരാധന നടത്തിപ്പോന്നത് ഈ മലയിലാണ്. എന്നാൽ ആരാധനയ്ക്കുള്ള സ്ഥലം യരുശലേമാണെന്നു+ നിങ്ങൾ പറയുന്നു.” 21 യേശു സ്ത്രീയോടു പറഞ്ഞു: “ഞാൻ പറയുന്നതു വിശ്വസിക്കൂ. നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യരുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. 22 അറിയാത്തതിനെയാണു നിങ്ങൾ ആരാധിക്കുന്നത്.+ ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു. കാരണം ജൂതന്മാരിൽനിന്നാണു രക്ഷ തുടങ്ങുന്നത്.+ 23 എങ്കിലും, സത്യാരാധകർ* പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്ന സമയം വരുന്നു; വാസ്തവത്തിൽ അതു വന്നുകഴിഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ് അന്വേഷിക്കുന്നത്.+ 24 ദൈവം ഒരു ആത്മവ്യക്തിയാണ്.+ ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.”+ 25 സ്ത്രീ യേശുവിനോടു പറഞ്ഞു: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹ വരുമെന്ന് എനിക്ക് അറിയാം. ക്രിസ്തു വരുമ്പോൾ ഞങ്ങൾക്ക് എല്ലാം വ്യക്തമാക്കിത്തരും.”+ 26 അപ്പോൾ യേശു സ്ത്രീയോടു പറഞ്ഞു: “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെയാണ് അത്.”+
27 ആ സമയത്താണു ശിഷ്യന്മാർ തിരിച്ചെത്തുന്നത്. യേശു ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവർക്ക് അതിശയം തോന്നി. എന്നാൽ, “എന്തിനാണ് ആ സ്ത്രീയോടു സംസാരിക്കുന്നത്” എന്നോ “എന്തെങ്കിലും വേണ്ടിയിട്ടാണോ” എന്നോ ആരും ചോദിച്ചില്ല. 28 ആ സ്ത്രീ കുടം അവിടെ വെച്ചിട്ട് നഗരത്തിൽ ചെന്ന് ആളുകളോടു പറഞ്ഞു: 29 “ഞാൻ ചെയ്തതൊക്കെ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. വന്ന് നേരിട്ട് കാണ്! ഒരുപക്ഷേ അതായിരിക്കുമോ ക്രിസ്തു?” 30 ഇതു കേട്ട് അവർ നഗരത്തിൽനിന്ന് യേശുവിനെ കാണാൻ പുറപ്പെട്ടു.
31 ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ,+ ഭക്ഷണം കഴിക്ക്” എന്നു പറഞ്ഞ് യേശുവിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. 32 എന്നാൽ യേശു അവരോട്, “എനിക്കു കഴിക്കാൻ നിങ്ങൾക്ക് അറിയില്ലാത്ത ഒരു ആഹാരമുണ്ട്” എന്നു പറഞ്ഞു. 33 അപ്പോൾ ശിഷ്യന്മാർ തമ്മിൽ പറഞ്ഞു: “അതിനു യേശുവിന് ആരും ഒന്നും കൊണ്ടുവന്ന് കൊടുത്തില്ലല്ലോ.” 34 യേശു അവരോടു പറഞ്ഞു: “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും+ അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം.+ 35 കൊയ്ത്തിന് ഇനിയും നാലു മാസമുണ്ടെന്നു നിങ്ങൾ പറയുന്നുണ്ടല്ലോ. പക്ഷേ ഞാൻ ഒരു കാര്യം പറയാം: തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.+ 36 കൊയ്ത്തുകാരൻ കൂലി വാങ്ങി നിത്യജീവനുവേണ്ടിയുള്ള വിളവ് ശേഖരിച്ചുതുടങ്ങിക്കഴിഞ്ഞു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുന്നു.+ 37 ‘ഒരാൾ വിതയ്ക്കുന്നു, മറ്റൊരാൾ കൊയ്യുന്നു’ എന്ന ചൊല്ല് ഇവിടെ യോജിക്കുന്നു. 38 നിങ്ങൾ അധ്വാനിച്ചുണ്ടാക്കാത്തതു കൊയ്യാനാണു ഞാൻ നിങ്ങളെ അയച്ചത്. അധ്വാനിച്ചതു മറ്റുള്ളവരാണ്. അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.”
39 “ഞാൻ ചെയ്തിട്ടുള്ളതൊക്കെ ആ മനുഷ്യൻ എന്നോടു പറഞ്ഞു”+ എന്നു സാക്ഷി പറഞ്ഞ സ്ത്രീയുടെ വാക്കു നിമിത്തം ആ നഗരത്തിലെ ധാരാളം ശമര്യക്കാർ യേശുവിൽ വിശ്വസിച്ചു. 40 യേശുവിനെ കാണാൻ വന്ന ശമര്യക്കാർ അവരുടെകൂടെ താമസിക്കാൻ യേശുവിനോട് അപേക്ഷിച്ചു. അങ്ങനെ രണ്ടു ദിവസം യേശു അവിടെ കഴിഞ്ഞു. 41 യേശുവിന്റെ വാക്കുകൾ കേട്ട് കുറെ ആളുകൾകൂടെ വിശ്വസിച്ചു. 42 അവർ ആ സ്ത്രീയോടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഞങ്ങൾ വിശ്വസിച്ചത്. പക്ഷേ ഇനി അങ്ങനെയല്ല. കാരണം ഞങ്ങൾ ഇപ്പോൾ നേരിട്ട് കേട്ടിരിക്കുന്നു. ഈ മനുഷ്യൻതന്നെയാണു ലോകരക്ഷകൻ എന്നു ഞങ്ങൾക്ക് ഇപ്പോൾ അറിയാം.”+
43 രണ്ടു ദിവസത്തിനു ശേഷം യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി. 44 ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമതി കിട്ടില്ല എന്ന് യേശുതന്നെ പറഞ്ഞിരുന്നു.+ 45 എന്നാൽ യേശു ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ യേശുവിനെ സ്വീകരിച്ചു. കാരണം അവരും പെരുന്നാളിനു+ പോയിരുന്നതുകൊണ്ട് പെരുന്നാളിന്റെ സമയത്ത് യേശു യരുശലേമിൽവെച്ച് ചെയ്തതെല്ലാം അവർ കണ്ടിരുന്നു.+
46 പിന്നെ യേശു വീണ്ടും ഗലീലയിലെ കാനായിൽ ചെന്നു. അവിടെവെച്ചായിരുന്നു യേശു വെള്ളം വീഞ്ഞാക്കിയത്.+ രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളുടെ മകൻ കഫർന്നഹൂമിൽ രോഗിയായി കിടപ്പുണ്ടായിരുന്നു. 47 യേശു യഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ടപ്പോൾ ആ മനുഷ്യൻ യേശുവിന്റെ അടുത്ത് എത്തി, വന്ന് തന്റെ മകനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ചു. അവൻ മരിക്കാറായിരുന്നു. 48 എന്നാൽ യേശു അയാളോട്, “അടയാളങ്ങളും അത്ഭുതങ്ങളും കാണാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല”+ എന്നു പറഞ്ഞു. 49 ആ ഉദ്യോഗസ്ഥൻ യേശുവിനോട്, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചുപോകുന്നതിനു മുമ്പേ വരേണമേ” എന്ന് അപേക്ഷിച്ചു. 50 യേശു അയാളോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. മകന്റെ രോഗം ഭേദമായി.”+ ആ മനുഷ്യൻ യേശു പറഞ്ഞ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. 51 വഴിയിൽവെച്ചുതന്നെ അയാളുടെ അടിമകൾ അയാളെ കണ്ട് മകന്റെ രോഗം മാറി എന്ന് അറിയിച്ചു. 52 എപ്പോഴാണ് അവന്റെ രോഗം മാറിയത് എന്ന് അയാൾ തിരക്കി. “ഇന്നലെ ഏഴാം മണി നേരത്ത് അവന്റെ പനി വിട്ടു”+ എന്ന് അവർ പറഞ്ഞു. 53 “മകന്റെ രോഗം ഭേദമായി”+ എന്നു യേശു തന്നോടു പറഞ്ഞ അതേസമയത്തുതന്നെയാണ് അതു സംഭവിച്ചതെന്ന് ആ പിതാവിനു മനസ്സിലായി. അങ്ങനെ അയാളും വീട്ടിലുള്ള എല്ലാവരും വിശ്വാസികളായിത്തീർന്നു. 54 യഹൂദ്യയിൽനിന്ന് ഗലീലയിൽ വന്ന് യേശു ചെയ്ത രണ്ടാമത്തെ അടയാളമായിരുന്നു ഇത്.+