പാഠം 15
യേശു ആരാണ്?
ചരിത്രത്തിലെ പ്രമുഖവ്യക്തികളിൽ ഒരാളാണു യേശു. മിക്കവാറും എല്ലാവരുംതന്നെ ആ പേര് കേട്ടിട്ടുണ്ടാകും. എന്നാൽ പലർക്കും യേശുവിനെക്കുറിച്ച് കൂടുതലായൊന്നും അറിയില്ല. യേശുവിനെക്കുറിച്ച് അനേകർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. എന്നാൽ ബൈബിൾ എന്താണ് യേശുവിനെക്കുറിച്ച് പറയുന്നത്?
1. യേശു ആരാണ്?
സ്വർഗത്തിൽ വസിക്കുന്ന, ആത്മശരീരമുള്ള ഒരു ശക്തനായ വ്യക്തിയാണ് യേശു. മറ്റെല്ലാം സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവമായ യഹോവ സൃഷ്ടിച്ചത് യേശുവിനെയാണ്. അതുകൊണ്ടാണ് യേശുവിനെ ‘എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവൻ’ എന്നു ബൈബിൾ വിളിക്കുന്നത്. (കൊലോസ്യർ 1:15) യഹോവ നേരിട്ട് സൃഷ്ടിച്ച ഒരേ ഒരു വ്യക്തിയായതുകൊണ്ട് ‘ഏകജാതനായ മകൻ’ എന്നും യേശുവിനെ വിളിക്കുന്നു. (യോഹന്നാൻ 3:16) മറ്റെല്ലാം സൃഷ്ടിക്കാൻ പിതാവായ യഹോവയെ സഹായിച്ചുകൊണ്ട് യേശു കൂടെയുണ്ടായിരുന്നു. (സുഭാഷിതങ്ങൾ 8:30 വായിക്കുക.) യേശുവിന് ഇപ്പോഴും യഹോവയുമായി അടുത്ത ബന്ധമുണ്ട്. ദൈവത്തിൽനിന്നുള്ള സന്ദേശങ്ങളും നിർദേശങ്ങളും അറിയിച്ചുകൊണ്ട് യേശു ദൈവത്തിനുവേണ്ടി സംസാരിക്കുന്നു. അതുകൊണ്ട് യേശുവിനെ “വചനം” എന്നും വിളിക്കുന്നു.—യോഹന്നാൻ 1:14.
2. യേശു ഭൂമിയിലേക്ക് വന്നത് എന്തിനാണ്?
ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ് യഹോവ ഒരു അത്ഭുതം ചെയ്തു. യഹോവ പരിശുദ്ധാത്മാവ് ഉപയോഗിച്ച് സ്വർഗത്തിലുണ്ടായിരുന്ന യേശുവിന്റെ ജീവനെ മറിയ എന്ന കന്യകയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. (ലൂക്കോസ് 1:34, 35 വായിക്കുക.) അങ്ങനെ യേശു ഒരു മനുഷ്യനായി ജനിച്ചു. മുൻകൂട്ടിപ്പറഞ്ഞ മിശിഹ അഥവാ ക്രിസ്തു ആകാനും മനുഷ്യകുടുംബത്തെ രക്ഷിക്കാനും വേണ്ടിയായിരുന്നു യേശു ഭൂമിയിലേക്കു വന്നത്.a മിശിഹയെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും യേശുവിന്റെ കാര്യത്തിൽ അങ്ങനെതന്നെ സംഭവിച്ചു. അതുകൊണ്ട് ആളുകൾക്ക് യേശു “ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്തുവാണ്” എന്നു തിരിച്ചറിയാൻ കഴിഞ്ഞു.—മത്തായി 16:16.
3. യേശു ഇപ്പോൾ എവിടെയാണ്?
മരണത്തോടെ മനുഷ്യനായുള്ള യേശുവിന്റെ ജീവിതം അവസാനിച്ചെങ്കിലും ദൈവം യേശുവിനെ ശക്തനായ ഒരു ആത്മവ്യക്തിയായി ഉയിർപ്പിച്ചു. പിന്നീട് യേശു സ്വർഗത്തിലേക്ക് തിരികെ പോയി. അവിടെ ദൈവം യേശുവിനെ “മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി.” (ഫിലിപ്പിയർ 2:9) ഇപ്പോൾ സ്വർഗത്തിൽ യഹോവ കഴിഞ്ഞാൽ അടുത്ത വലിയ അധികാരം യേശുവിനാണ് ഉള്ളത്.
ആഴത്തിൽ പഠിക്കാൻ
യേശു ശരിക്കും ആരാണ്? യേശുവിനെക്കുറിച്ച് കൂടുതൽ അറിയുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ഈ കാര്യങ്ങൾ ഇനി നോക്കാം.
4. യേശു സർവശക്തനായ ദൈവമല്ല
യേശു ഇപ്പോൾ ശക്തനായ ഒരു ആത്മവ്യക്തിയായി സ്വർഗത്തിലുണ്ട്. എങ്കിലും യേശു യഹോവയ്ക്കു കീഴ്പെട്ടിരിക്കുന്നു. കാരണം, യഹോവ യേശുവിന്റെ പിതാവും ദൈവവും ആണ്. ബൈബിൾ അത് വ്യക്തമായി പറയുന്നു. വീഡിയോ കാണുക. സർവശക്തനായ ദൈവത്തിന്റെയും യേശുവിന്റെയും സ്ഥാനത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്നു മനസ്സിലാക്കാം.
യഹോവയും യേശുവും തമ്മിലുള്ള ബന്ധം എന്താണെന്നു വ്യക്തമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ സഹായിക്കും. ഓരോ വാക്യവും വായിച്ചതിനു ശേഷം അതിനു താഴെയുള്ള ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ലൂക്കോസ് 1:30-32 വായിക്കുക.
യേശുവും ‘അത്യുന്നതനായ’ യഹോവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദൂതൻ എന്താണു പറഞ്ഞത്?
മത്തായി 3:16, 17 വായിക്കുക.
യേശുവിന്റെ സ്നാനസമയത്ത് സ്വർഗത്തിൽനിന്ന് കേട്ട വാക്കുകൾ എന്തായിരുന്നു?
ആ ശബ്ദം ആരുടേതായിരുന്നു?
യോഹന്നാൻ 14:28 വായിക്കുക.
ഒരു അപ്പനാണോ മകനാണോ പ്രായവും അധികാരവും കൂടുതൽ?
യേശു യഹോവയെ പിതാവ് എന്നു വിളിച്ചു. അതിൽനിന്ന് എന്തു മനസ്സിലാക്കാം?
യോഹന്നാൻ 12:49 വായിക്കുക.
താനും പിതാവും ഒരേ വ്യക്തിതന്നെയാണ് എന്നാണോ യേശു ഉദ്ദേശിച്ചത്? നിങ്ങൾക്ക് എന്തു തോന്നുന്നു?
5. യേശു മിശിഹയാണ് എന്നതിന്റെ തെളിവുകൾ
മനുഷ്യരെ രക്ഷിക്കാൻ ദൈവം തിരഞ്ഞെടുത്ത മിശിഹ ആരാണെന്ന് എങ്ങനെ മനസ്സിലാക്കാം? അതിനു സഹായിക്കുന്ന ധാരാളം പ്രവചനങ്ങൾ ബൈബിളിലുണ്ട്. വീഡിയോ കാണുക. യേശു ഭൂമിയിൽ വന്നപ്പോൾ നിറവേറിയ പ്രവചനങ്ങളിൽ ചിലതു കാണാം.
താഴെ കൊടുത്തിരിക്കുന്ന ബൈബിൾപ്രവചനങ്ങൾ വായിക്കുക. എന്നിട്ട് ചോദ്യങ്ങൾ ചർച്ച ചെയ്യുക.
മീഖ 5:2 വായിക്കുക. മിശിഹയുടെ ജനനത്തെക്കുറിച്ചുള്ള പ്രവചനം.b
യേശു ജനിച്ചപ്പോൾ ഈ പ്രവചനം നിവൃത്തിയായോ?—മത്തായി 2:1.
സങ്കീർത്തനം 34:20; സെഖര്യ 12:10 എന്നീ വാക്യങ്ങൾ വായിക്കുക. മിശിഹയുടെ മരണത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ.
ഈ പ്രവചനങ്ങൾ അങ്ങനെതന്നെ സംഭവിച്ചോ?—യോഹന്നാൻ 19:33-37.
ഈ പ്രവചനങ്ങളെല്ലാം അതുപോലെതന്നെ നടക്കാനായി യേശുവിന് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ?
ഇത് യേശുവിനെക്കുറിച്ച് എന്താണു തെളിയിക്കുന്നത്?
6. യേശുവിനെക്കുറിച്ച് പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും
യേശുവിനെക്കുറിച്ചും ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ യേശുവിനുള്ള സ്ഥാനത്തെക്കുറിച്ചും പഠിക്കേണ്ടതിന്റെ പ്രാധാന്യം ബൈബിൾ എടുത്തുപറയുന്നു. യോഹന്നാൻ 14:6; 17:3 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മൾ യേശുവിനെക്കുറിച്ച് പഠിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യഹോവാസാക്ഷികൾക്ക് യേശുവില്ലല്ലോ.”
നിങ്ങൾ എന്തു പറയും?
ചുരുക്കത്തിൽ
യേശു ശക്തനായ ആത്മവ്യക്തിയാണ്, ദൈവത്തിന്റെ പുത്രനാണ്, മിശിഹയാണ്.
ഓർക്കുന്നുണ്ടോ?
യേശുവിനെ എന്തുകൊണ്ടാണ് ‘എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവൻ’ എന്നു വിളിക്കുന്നത്?
യേശു ഭൂമിയിൽ വരുന്നതിനു മുമ്പ് എന്തു ചെയ്യുകയായിരുന്നു?
യേശു മിശിഹയാണെന്ന് എങ്ങനെ അറിയാം?
കൂടുതൽ മനസ്സിലാക്കാൻ
യേശു മിശിഹയാണെന്നു മനസ്സിലാക്കാനുള്ള കൂടുതലായ തെളിവുകൾ നോക്കാം.
മനുഷ്യർക്ക് മക്കളുണ്ടാകുന്ന രീതിയിലാണ് യഹോവ യേശുവിനെ സൃഷ്ടിച്ചതെന്ന് ബൈബിൾ പറയുന്നുണ്ടോ?
“യേശുവിനെ ദൈവപുത്രനെന്നു വിളിക്കുന്നത് എന്തുകൊണ്ട്?” (വെബ്സൈറ്റിലെ ലേഖനം)
ത്രിത്വം എന്ന ഉപദേശം ഒരു ബൈബിൾ പഠിപ്പിക്കലല്ല. എന്തുകൊണ്ട്?
ബൈബിൾ യേശുവിനെപ്പറ്റി എന്താണു പറയുന്നതെന്നു വ്യക്തമായി മനസ്സിലാക്കിയ ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് വായിക്കുക.
a മനുഷ്യകുടുംബത്തെ രക്ഷിക്കാൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്നു സൂചിപ്പിക്കുന്ന സ്ഥാനപ്പേരുകളാണ് മിശിഹ, ക്രിസ്തു എന്നിവ. മനുഷ്യരെ രക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നും യേശു അത് എങ്ങനെയാണ് ചെയ്തതെന്നും 26, 27 പാഠങ്ങളിൽ പഠിക്കും.
b മിശിഹ ഭൂമിയിൽ വരുന്നതിനെപ്പറ്റി കൃത്യമായി പറയുന്ന ഒരു പ്രവചനത്തെക്കുറിച്ച് മനസ്സിലാക്കാൻ പിൻകുറിപ്പ് 2 കാണുക.