പഠനലേഖനം 14
‘എങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും’
“നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹ. 13:35.
ഗീതം 106 സ്നേഹം നട്ടുവളർത്താം
ചുരുക്കംa
1. ആദ്യമായി നമ്മുടെ മീറ്റിങ്ങിനു വരുമ്പോൾ പലരും ശ്രദ്ധിക്കുന്ന ഒരു കാര്യം എന്താണ്? (ചിത്രവും കാണുക.)
യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ആദ്യമായി മീറ്റിങ്ങിനു വന്ന ഒരു ദമ്പതികളെ ഭാവനയിൽ കാണുക. എല്ലാവരും സ്നേഹത്തോടെ അവരെ സ്വീകരിച്ചു. അതുപോലെ സഹോദരങ്ങൾക്കിടയിലെ സ്നേഹവും അവർ കണ്ടറിഞ്ഞു. വീട്ടിലേക്കു പോരുന്ന വഴി ആ സ്ത്രീ ഭർത്താവിനോടു പറയുന്നു, ‘നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ആളുകളെപ്പോലെയല്ല ഇവർ. എനിക്ക് എന്തായാലും ഇവരെ ഒരുപാട് ഇഷ്ടമായി.’
2. എന്തുകൊണ്ടാണ് ചിലർ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞിരിക്കുന്നത്?
2 ക്രിസ്തീയസഹോദരങ്ങളുടെ ഇടയിലെ സ്നേഹം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. അതിന്റെ അർഥം അവർക്ക് ഒരു കുറവുമില്ല എന്നല്ല. അവരും എല്ലാവരെയുംപോലെ അപൂർണരാണ്. (1 യോഹ. 1:8) പലപ്പോഴും സഹോദരങ്ങളെ അടുത്തറിയുമ്പോൾ അവരുടെ കുറ്റവും കുറവും ഒക്കെ നമ്മൾ കണ്ടേക്കാം. (റോമ. 3:23) ഇത്തരം കുറവുകൾ കണ്ടിട്ട് ചിലർ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞിട്ടുപോലുമുണ്ട്.
3. യേശുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്ന അടയാളം എന്താണ്? (യോഹന്നാൻ 13:34, 35)
3 ഈ ലേഖനത്തിന്റെ ആധാരവാക്യം ഒരിക്കൽക്കൂടി നോക്കുക. (യോഹന്നാൻ 13:34, 35 വായിക്കുക.) ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്ന അടയാളം എന്താണ്? അവരുടെ ഇടയിലെ സ്നേഹം. അല്ലാതെ അവർ ഒരു കുറവുമില്ലാത്തവരായിരിക്കുമെന്നു ബൈബിൾ എവിടെയും പറയുന്നില്ല. ഇനി ഇതെക്കുറിച്ചും ചിന്തിക്കുക: ‘നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്നു നിങ്ങൾ അറിയും എന്നല്ല യേശു പറഞ്ഞത്,’ പകരം “എല്ലാവരും അറിയും” എന്നാണ്. അങ്ങനെ പറഞ്ഞതിലൂടെ തന്റെ അനുഗാമികൾ മാത്രമല്ല ക്രിസ്തീയസഭയ്ക്കു പുറത്തുള്ളവരും നമ്മുടെ ഇടയിലെ ആത്മാർഥസ്നേഹം കണ്ടിട്ട് ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയുമെന്നു യേശു സൂചിപ്പിക്കുകയായിരുന്നു.
4. ചിലർ എന്ത് അറിയാൻ ആഗ്രഹിച്ചേക്കാം?
4 യഹോവയുടെ സാക്ഷികൾ അല്ലാത്ത ചില ആളുകൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘സ്നേഹം എങ്ങനെയാണു യേശുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്നത്? യേശു എങ്ങനെയാണു തന്റെ അപ്പോസ്തലന്മാരോടു സ്നേഹം കാണിച്ചത്? യേശുവിന്റെ മാതൃക ഇന്ന് എങ്ങനെ അനുകരിക്കാനാകും?’ നമ്മളും ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കാരണം അങ്ങനെ ചെയ്യുന്നതു മറ്റുള്ളവരെ കുറെക്കൂടി നന്നായി സ്നേഹിക്കാൻ നമ്മളെ സഹായിക്കും, പ്രത്യേകിച്ച് ആരെങ്കിലും നമ്മളോടു മോശമായി പെരുമാറുകയും മറ്റും ചെയ്യുമ്പോൾ.—എഫെ. 5:2.
സ്നേഹം യേശുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്നത് എങ്ങനെ?
5. യോഹന്നാൻ 15:12, 13-ലെ യേശുവിന്റെ വാക്കുകളുടെ അർഥം എന്താണെന്നു വിശദീകരിക്കുക.
5 തന്റെ അനുഗാമികളെ തിരിച്ചറിയിക്കുന്ന ഒരു പ്രത്യേകതരം സ്നേഹത്തെക്കുറിച്ച് യേശു പറഞ്ഞു. (യോഹന്നാൻ 15:12, 13 വായിക്കുക.) യേശു ശിഷ്യന്മാർക്കു നൽകിയ കല്പന എന്താണെന്നു നോക്കുക: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.” ഏതു തരത്തിലുള്ള സ്നേഹമാണ് അത്? യേശുവിന്റെ തുടർന്നുള്ള വാക്കുകൾ കാണിക്കുന്നതുപോലെ ആത്മത്യാഗസ്നേഹം. അതായത്, ആവശ്യമെങ്കിൽ സഹാരാധകർക്കുവേണ്ടി മരിക്കാൻപോലും തയ്യാറാകുന്ന തരത്തിലുള്ള സ്നേഹം. അതാണ് യഥാർഥ ക്രിസ്തുശിഷ്യരെ തിരിച്ചറിയിക്കുന്നത്.b
6. സ്നേഹത്തിന്റെ പ്രാധാന്യം ദൈവവചനം എടുത്തുകാണിക്കുന്നത് എങ്ങനെ?
6 സ്നേഹം വളരെ പ്രധാനപ്പെട്ട ഒരു ഗുണമാണെന്നു ദൈവവചനം പഠിപ്പിക്കുന്നു. പലർക്കും വളരെ ഇഷ്ടപ്പെട്ട ചില ബൈബിൾവാക്യങ്ങളാണ് ഇവ: “ദൈവം സ്നേഹമാണ്.” (1 യോഹ. 4:8) “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.” (മത്താ. 22:39) “പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു.” (1 പത്രോ. 4:8) “സ്നേഹം ഒരിക്കലും നിലച്ചുപോകില്ല.” (1 കൊരി. 13:8) ഇവയും ഇതുപോലുള്ള മറ്റു വാക്യങ്ങളും, നമ്മൾ തമ്മിൽത്തമ്മിൽ സ്നേഹം കാണിക്കേണ്ടത് എത്ര പ്രധാനമാണെന്നു പഠിപ്പിക്കുന്നു.
7. തമ്മിൽത്തമ്മിൽ സ്നേഹിക്കാനോ ഐക്യത്തോടെ പ്രവർത്തിക്കാനോ ആളുകളെ പഠിപ്പിക്കാൻ സാത്താന് ഒരിക്കലും കഴിയില്ലാത്തത് എന്തുകൊണ്ട്?
7 ഇന്നു പല ആളുകളും ഇങ്ങനെ ചോദിക്കാറുണ്ട്: ‘ഇത്രയധികം മതങ്ങളുള്ളതുകൊണ്ട് സത്യമതം ഏതാണെന്നു ഞാൻ എങ്ങനെ തിരിച്ചറിയും? കാരണം എല്ലാ മതങ്ങളും തങ്ങൾ പഠിപ്പിക്കുന്നതു സത്യമാണെന്ന് അവകാശപ്പെടുന്നു. പക്ഷേ ഓരോ മതവും ദൈവത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പഠിപ്പിക്കുന്നത്.’ ഒരുപാട് വ്യാജമതങ്ങളെ സൃഷ്ടിച്ചുകൊണ്ട് സത്യമതത്തെ തിരിച്ചറിയുന്നതു ബുദ്ധിമുട്ടാക്കാൻ സാത്താനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള പരസ്പരം സ്നേഹിക്കുന്ന ആളുകളെ ഒരുമിച്ച് ചേർക്കാൻ അവനു സാധിച്ചിട്ടില്ല. അത് യഹോവയ്ക്കു മാത്രം കഴിയുന്ന കാര്യമാണ്. കാരണം യഹോവയാണ് ആത്മാർഥസ്നേഹത്തിന്റെ ഉറവ്. യഹോവയുടെ ആത്മാവും അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമേ ആളുകൾക്കിടയിൽ അത്തരത്തിലുള്ള സ്നേഹം ഉണ്ടായിരിക്കുകയുള്ളൂ. (1 യോഹ. 4:7) അതുകൊണ്ടാണു തന്റെ അനുഗാമികൾക്കിടയിൽ മാത്രമേ ഇത്തരത്തിലുള്ള ആത്മാർഥസ്നേഹം ഉണ്ടായിരിക്കുകയുള്ളൂ എന്നു യേശു പറഞ്ഞത്.
8-9. യഹോവയുടെ സാക്ഷികൾക്കിടയിൽ കണ്ട സ്നേഹം പലരുടെയും ജീവിതത്തെ സ്വാധീനിച്ചത് എങ്ങനെ?
8 യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ നമ്മുടെ ഇടയിലെ ആത്മാർഥസ്നേഹം കണ്ടിട്ട് ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ ആരാണെന്നു തിരിച്ചറിയാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. ഇയൻ എന്നു പറയുന്ന ഒരു സഹോദരന്റെ കാര്യംതന്നെയെടുക്കുക. തന്റെ വീടിന് അടുത്തുള്ള സ്റ്റേഡിയത്തിൽ നടന്ന കൺവെൻഷന് ആദ്യമായി പങ്കെടുത്തതിനെക്കുറിച്ച് അദ്ദേഹം ഓർക്കുന്നു. അതിന് ഏതാനും മാസം മുമ്പാണ് സ്പോർട്സ് പരിപാടി കാണാൻവേണ്ടി അദ്ദേഹം അവിടെ പോയത്. അദ്ദേഹം പറയുന്നു: “പക്ഷേ അതും ഈ കൺവെൻഷനും തമ്മിൽ താരതമ്യം ചെയ്യാനേ പറ്റില്ല. അത്രയ്ക്കു വ്യത്യാസമായിരുന്നു. സാക്ഷികൾ നല്ല മര്യാദയോടെ പെരുമാറി. അവരുടെ കുട്ടികൾ നല്ല അച്ചടക്കമുള്ളവരായിരുന്നു. എല്ലാവരും മാന്യമായി വസ്ത്രം ധരിച്ചിരുന്നു.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “അവരുടെയൊക്കെ മുഖത്ത് നല്ല സംതൃപ്തിയും സമാധാനവും ഉണ്ടായിരുന്നു. അതാണല്ലോ ഞാനും തേടിനടന്നത്. അന്നു കേട്ട പ്രസംഗങ്ങളൊന്നും ഞാൻ ഓർക്കുന്നില്ല. പക്ഷേ സാക്ഷികളുടെ ആ നല്ല പെരുമാറ്റം, അത് എന്റെ മനസ്സിലങ്ങ് പതിഞ്ഞു.”c നമുക്കു തമ്മിൽത്തമ്മിലുള്ള സ്നേഹത്തിന്റെ ഫലമാണ് ഇതൊക്കെ. സഹോദരങ്ങളോടു നമുക്ക് ആത്മാർഥമായ സ്നേഹമുള്ളതുകൊണ്ടാണു ദയയോടെയും ബഹുമാനത്തോടെയും അവരോട് ഇടപെടുന്നത്.
9 ജോൺ എന്നു പേരുള്ള ഒരു സഹോദരനും ഇതുപോലൊരു അനുഭവമുണ്ടായി. മീറ്റിങ്ങിനു പോയിത്തുടങ്ങിയ സമയത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ‘അവരുടെ സൗഹാർദമനോഭാവം കണ്ടപ്പോൾ എനിക്കു വളരെ മതിപ്പു തോന്നി. അവർ എത്ര ദൈവഭയം ഉള്ളവരാണ് എന്നു ഞാൻ ചിന്തിച്ചു. അവരുടെ ആത്മാർഥമായ സ്നേഹം കണ്ടപ്പോൾ എനിക്കു ബോധ്യമായി, ഇതുതന്നെയാണ് സത്യമതമെന്ന്.’d ഇതും ഇതുപോലുള്ള മറ്റ് അനുഭവങ്ങളും യഹോവയുടെ സാക്ഷികളാണു സത്യക്രിസ്ത്യാനികൾ എന്നു തെളിയിക്കുന്നു.
10. സഹോദരങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നെന്നു തെളിയിക്കാനുള്ള ഒരു അവസരം ഏതാണ്? (അടിക്കുറിപ്പും കാണുക.)
10 ഈ ലേഖനത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ നമ്മുടെ സഹോദരങ്ങളാരും പൂർണരല്ല. ചിലപ്പോഴൊക്കെ നമ്മളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും അവർ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം.e (യാക്കോ. 3:2) അവരെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കാൻ പറ്റിയ ഒരു അവസരമാണ് അത്. സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും നമുക്ക് അതു ചെയ്യാനാകും. അക്കാര്യത്തിൽ യേശുവിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാമെന്നു നമുക്കു നോക്കാം.—യോഹ. 13:15.
യേശു എങ്ങനെയാണ് അപ്പോസ്തലന്മാരോടു സ്നേഹം കാണിച്ചത്?
11. യാക്കോബും യോഹന്നാനും മോശമായ ഏതു സ്വഭാവം തങ്ങൾക്കുണ്ടെന്നു കാണിച്ചു? (ചിത്രവും കാണുക.)
11 തന്റെ അനുഗാമികൾ എല്ലാം തികഞ്ഞവരായിരിക്കാൻ യേശു പ്രതീക്ഷിച്ചില്ല. പകരം അവരുടെ മോശം സ്വഭാവങ്ങൾ യേശു സ്നേഹത്തോടെ തിരുത്തുകയും അങ്ങനെ യഹോവയുടെ അംഗീകാരം നേടാൻ അവരെ സഹായിക്കുകയും ആണു ചെയ്തത്. ഒരിക്കൽ യേശുവിന്റെ രണ്ട് അപ്പോസ്തലന്മാരായ യാക്കോബും യോഹന്നാനും സ്വർഗരാജ്യത്തിൽ തങ്ങൾക്കു വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം കിട്ടാൻ ആഗ്രഹിച്ചു. അക്കാര്യം അമ്മയെക്കൊണ്ട് അവർ യേശുവിനോടു ചോദിപ്പിക്കുകയും ചെയ്തു. (മത്താ. 20:20, 21) അങ്ങനെ ചെയ്തതിലൂടെ തങ്ങളുടെ ഉള്ളിൽ അല്പം അഹങ്കാരവും സ്ഥാനമോഹവും ഉണ്ടെന്ന് അവർ കാണിക്കുകയായിരുന്നു.—സുഭാ. 16:18.
12. യാക്കോബും യോഹന്നാനും മാത്രമേ മോശമായ സ്വഭാവം കാണിച്ചുള്ളോ? വിശദീകരിക്കുക.
12 ആ അവസരത്തിൽ യാക്കോബും യോഹന്നാനും മാത്രമല്ല മോശമായ സ്വഭാവം കാണിച്ചത്. ഈ സംഭവത്തെക്കുറിച്ച് കേട്ടപ്പോൾ ബാക്കി അപ്പോസ്തലന്മാരുടെ പ്രതികരണം എന്തായിരുന്നെന്നു ബൈബിൾ പറയുന്നു: “മറ്റു പത്തു പേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി.” (മത്താ. 20:24) ബാക്കി അപ്പോസ്തലന്മാർ എല്ലാവരുംകൂടി യാക്കോബിനോടും യോഹന്നാനോടും എന്തൊക്കെ സംസാരിച്ചിരിക്കുമെന്നു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഒരുപക്ഷേ അവർ പറഞ്ഞുകാണും: ‘നിങ്ങൾ ആരാണെന്നാ നിങ്ങളുടെ വിചാരം? സ്വർഗരാജ്യത്തിൽ വലിയ സ്ഥാനം വേണമെന്നു പറയാൻ എന്ത് അവകാശമാണു നിങ്ങൾക്കുള്ളത്? നിങ്ങളെപ്പോലെതന്നെ ഞങ്ങളും യേശുവിന്റെകൂടെ ഒരുപാടു പ്രവർത്തിച്ചിട്ടുള്ളതാ. അതുകൊണ്ട് നിങ്ങളുടെ ആ ആഗ്രഹമൊക്കെ അങ്ങ് മനസ്സിൽവെച്ചാൽ മതി.’ അവർ എന്താണു പറഞ്ഞത്, ചിന്തിച്ചത് എന്നൊന്നും നമുക്ക് അറിയില്ല. പക്ഷേ തമ്മിൽത്തമ്മിൽ എപ്പോഴും സ്നേഹവും ദയയും കാണിക്കണമെന്ന കാര്യം ആ അവസരത്തിൽ അവർ മറന്നുപോയി.
13. തന്റെ അപ്പോസ്തലന്മാരുടെ കുറ്റവും കുറവും ഒക്കെ കണ്ടപ്പോഴും യേശു എങ്ങനെയാണ് അവരോട് ഇടപെട്ടത്? (മത്തായി 20:25-28)
13 യേശു അപ്പോൾ എന്താണു ചെയ്തത്? അപ്പോസ്തലന്മാരോടു ദേഷ്യപ്പെട്ടില്ല. ‘ഏതു സാഹചര്യത്തിലും തമ്മിൽത്തമ്മിൽ സ്നേഹിക്കുന്ന, കുറെക്കൂടി താഴ്മയുള്ള അപ്പോസ്തലന്മാരെ കിട്ടുമോ എന്നു നോക്കട്ടെ’ എന്നു പറഞ്ഞുമില്ല. പകരം യേശു അവരോടു വളരെ ക്ഷമയോടെ സംസാരിച്ചു. കാരണം, ശരി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് അവർ എന്ന കാര്യത്തിൽ യേശുവിന് ഉറപ്പുണ്ടായിരുന്നു. (മത്തായി 20:25-28 വായിക്കുക.) ആരാണ് വലിയവൻ എന്നതിനെക്കുറിച്ചുള്ള തർക്കം ഇതിനു മുമ്പും പിന്നീടും ഉണ്ടായിട്ടുണ്ട്. എന്തായാലും യേശു എപ്പോഴും അവരോടു സ്നേഹത്തോടെതന്നെ ഇടപെട്ടു.—മർക്കോ. 9:34; ലൂക്കോ. 22:24.
14. അപ്പോസ്തലന്മാർ വളർന്നുവന്ന സാഹചര്യം എങ്ങനെയുള്ളതായിരുന്നു?
14 അപ്പോസ്തലന്മാർ വളർന്നുവന്ന സാഹചര്യം അവരുടെ ചിന്തയെ എങ്ങനെ സ്വാധീനിച്ചിരിക്കാമെന്ന കാര്യം യേശു ഓർത്തു. (യോഹ. 2:24, 25) അന്നത്തെ മതനേതാക്കന്മാർ ചിന്തിച്ചിരുന്നത്, ഉയർന്ന സ്ഥാനമാനങ്ങൾ ഉണ്ടായിരുന്നാലേ സമൂഹത്തിൽ നിലയും വിലയും ഉള്ളൂ എന്നാണ്. (മത്താ. 23:6; ഈ വാക്യത്തിന്റെ പഠനക്കുറിപ്പിൽ കൊടുത്തിരിക്കുന്ന സിനഗോഗിലെ മുൻനിര എന്ന വീഡിയോയിൽ കൂടുതൽ വിവരങ്ങൾ കാണാം.) കൂടാതെ, ആ മതനേതാക്കന്മാർ തങ്ങൾ മറ്റുള്ളവരെക്കാൾ നീതിമാന്മാരാണെന്നും ഭാവിച്ചിരുന്നു.f (ലൂക്കോ. 18:9-12) അപ്പോസ്തലന്മാർ വളർന്നുവന്ന ആ സാഹചര്യം അവർ തങ്ങളെക്കുറിച്ചുതന്നെയും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്ന വിധത്തെ സ്വാധീനിച്ചിരിക്കാമെന്നു യേശു മനസ്സിലാക്കി. (സുഭാ. 19:11) ഇനി, അവർക്ക് ഒരിക്കലും തെറ്റു പറ്റില്ലെന്നും യേശു ചിന്തിച്ചില്ല. അവർ ശരി ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല ഹൃദയമുള്ള ആളുകളാണെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് താഴ്മയുള്ളവരായിരിക്കാനും സ്ഥാനമോഹങ്ങളൊക്കെ ഉപേക്ഷിച്ച് മറ്റുള്ളവരോടു സ്നേഹത്തോടെ ഇടപെടാനും യേശു ക്ഷമയോടെ അവരെ പഠിപ്പിച്ചു.
യേശുവിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
15. യാക്കോബും യോഹന്നാനും ഉൾപ്പെട്ട സംഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
15 യാക്കോബും യോഹന്നാനും ഉൾപ്പെട്ട ആ സംഭവത്തിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. സ്വർഗരാജ്യത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടത് അവരുടെ ഭാഗത്തെ തെറ്റായിരുന്നു. എന്നാൽ ബാക്കി അപ്പോസ്തലന്മാർ അതിനോടു പ്രതികരിച്ച വിധവും ശരിയായില്ല. കാരണം തത്കാലത്തേക്കെങ്കിലും അത് അവരുടെ ഇടയിലെ ഐക്യം തകരുന്നതിന് ഇടയാക്കി. പക്ഷേ യേശു ആ 12 പേരോടും ദയയോടെയും സ്നേഹത്തോടെയും ആണ് ഇടപെട്ടത്. എന്താണു നമുക്കുള്ള പാഠം? മറ്റുള്ളവരുടെ ചില തെറ്റുകൾ നമ്മളെ വിഷമിപ്പിച്ചേക്കാമെങ്കിലും അവരുടെ തെറ്റുകളോടും കുറവുകളോടും നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതു പ്രധാനമാണ്. ഇക്കാര്യത്തിൽ ശരിയായൊരു തീരുമാനമെടുക്കാൻ നമ്മളെ എന്തു സഹായിക്കും? ആരെങ്കിലും നമ്മളെ ദ്രോഹിച്ചതായി തോന്നിയാൽ നമുക്കു നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കാം: ‘അദ്ദേഹം അങ്ങനെ ചെയ്തെന്നു കരുതി ഞാൻ എന്തിനാണ് ഇത്രമാത്രം അസ്വസ്ഥനാകുന്നത്? മാറ്റം വരുത്തേണ്ട മോശമായൊരു സ്വഭാവം എനിക്കുണ്ടെന്നാണോ അതു കാണിക്കുന്നത്? ഇനി, ആ വ്യക്തി ബുദ്ധിമുട്ടു നിറഞ്ഞ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയാണോ? അഥവാ ദേഷ്യം തോന്നാൻ ന്യായമായ കാരണമുണ്ടെങ്കിൽപ്പോലും എനിക്ക് അദ്ദേഹത്തോടു സ്നേഹം കാണിക്കാനും ക്ഷമിക്കാനും കഴിയില്ലേ?’ മറ്റുള്ളവരോടു സ്നേഹത്തോടെ ഇടപെടുമ്പോൾ നമ്മൾ യേശുവിന്റെ യഥാർഥ അനുഗാമികളാണെന്നു തെളിയിക്കുകയായിരിക്കും.
16. യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് മറ്റ് എന്തുകൂടെ പഠിക്കാം?
16 സഹോദരങ്ങളെ ശരിക്കും മനസ്സിലാക്കാൻ ശ്രമിക്കുന്നതു പ്രധാനമാണെന്നും യേശുവിന്റെ മാതൃക പഠിപ്പിക്കുന്നു. (സുഭാ. 20:5) യേശുവിന് ആളുകളുടെ ഹൃദയത്തിൽ എന്താണുള്ളതെന്ന് അറിയാൻ പറ്റുമായിരുന്നു. നമുക്ക് അതിനു കഴിയില്ല. എങ്കിലും നമ്മളെ ആരെങ്കിലും അസ്വസ്ഥരാക്കുമ്പോൾ അവരോടു ക്ഷമയോടെ ഇടപെടാനാകും. (എഫെ. 4:1, 2; 1 പത്രോ. 3:8) സഹോദരങ്ങളെ അടുത്തറിയുന്നെങ്കിൽ അങ്ങനെ ചെയ്യുന്നത് എളുപ്പമായിരിക്കും. അതു മനസ്സിലാക്കാൻ നമുക്ക് ഒരു അനുഭവം നോക്കാം.
17. ഒരു സഹോദരനെ അടുത്തറിഞ്ഞത് ഒരു സർക്കിട്ട് മേൽവിചാരകനെ എങ്ങനെയാണു സഹായിച്ചത്?
17 കിഴക്കൻ ആഫ്രിക്കയിലുള്ള ഒരു സർക്കിട്ട് മേൽവിചാരകൻ ഒരു സഹോദരനെക്കുറിച്ച്, അദ്ദേഹം ഒരുതരത്തിലും ഒത്തുപോകാൻ പറ്റാത്ത പരുക്കൻ സ്വഭാവമുള്ള ആളാണെന്നാണു വിചാരിച്ചിരുന്നത്. എന്നാൽ സഹോദരൻ എന്തു ചെയ്തു? അദ്ദേഹം പറയുന്നു: “ആ സഹോദരനെ ഒഴിവാക്കുന്നതിനു പകരം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ നിശ്ചയിച്ചു.” അങ്ങനെ ചെയ്തതുകൊണ്ട് അദ്ദേഹം വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചും അത് അദ്ദേഹത്തിന്റെ സ്വഭാവത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ സർക്കിട്ട് മേൽവിചാരകനു കഴിഞ്ഞു. ആ സഹോദരനെക്കുറിച്ച് അദ്ദേഹം തുടരുന്നു: “പിതാവ് വളരെ കർക്കശസ്വഭാവമുള്ള വ്യക്തിയായിരുന്നു. അതിനു തന്റെ മേലുള്ള ഫലത്തെ അതിജീവിക്കാൻ അദ്ദേഹം എത്രത്തോളം ബുദ്ധിമുട്ടിയിരുന്നുവെന്നും അതിൽ എത്രത്തോളം പുരോഗതിവരുത്തിയിരിക്കുന്നു എന്നും തിരിച്ചറിഞ്ഞപ്പോൾ, എനിക്ക് അദ്ദേഹത്തോടു മതിപ്പു തോന്നി. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിത്തീർന്നു.” അതെ, നമ്മുടെ സഹോദരങ്ങളെ അടുത്തറിയാൻ ശ്രമിക്കുന്നെങ്കിൽ, അവരെ സ്നേഹിക്കുന്നതു നമുക്കു കൂടുതൽ എളുപ്പമായിത്തീരും.
18. സഹോദരങ്ങളിൽ ആരെങ്കിലും നമ്മളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഏതെല്ലാം ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കാം? (സുഭാഷിതങ്ങൾ 26:20)
18 നമ്മളെ വിഷമിപ്പിച്ച ഒരു സഹോദരനോടോ സഹോദരിയോടോ നേരിട്ട് കാര്യം സംസാരിക്കണമെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. എന്നാൽ അതു ചെയ്യുന്നതിനു മുമ്പ് ഇങ്ങനെയെല്ലാം ചിന്തിക്കുന്നതു നന്നായിരിക്കും: ‘കാര്യത്തിന്റെ എല്ലാ വശങ്ങളും എനിക്ക് അറിയാമോ?’ (സുഭാ. 18:13) ‘ഒരുപക്ഷേ ആ വ്യക്തി അത് അറിയാതെ ചെയ്തതായിരിക്കുമോ?’ (സഭാ. 7:20) ‘എനിക്കും ഇതുപോലുള്ള തെറ്റുകൾ പറ്റാറില്ലേ?’ (സഭാ. 7:21, 22) ‘ഇനി, ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ ചെന്ന് ഞാൻ കാര്യങ്ങൾ കൂടുതൽ വഷളാക്കുമോ?’ (സുഭാഷിതങ്ങൾ 26:20 വായിക്കുക.) ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ, ആ പ്രശ്നം വിട്ടുകളയാൻ സ്നേഹം നമ്മളെ പ്രേരിപ്പിച്ചേക്കാം.
19. നിങ്ങൾ എന്തു ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു?
19 ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ യേശുവിന്റെ യഥാർഥ ശിഷ്യന്മാരാണെന്നു തെളിയിച്ചുകൊണ്ടാണിരിക്കുന്നത്. സഹോദരങ്ങൾക്കു കുറവുകളൊക്കെയുണ്ടെങ്കിലും അവരെ ആത്മാർഥമായി സ്നേഹിച്ചുകൊണ്ട് വ്യക്തികളെന്ന നിലയിലും നമ്മൾ യേശുവിന്റെ ശരിക്കുള്ള അനുഗാമികളാണെന്നു തെളിയിക്കുന്നു. നമ്മൾ ഇത്തരത്തിൽ സ്നേഹം കാണിക്കുമ്പോൾ സത്യമതം ഏതാണെന്നു തിരിച്ചറിയാൻ അത് ഒരുപക്ഷേ ആളുകളെ സഹായിക്കും. അങ്ങനെ അവരും സ്നേഹത്തിന്റെ ദൈവമായ യഹോവയുടെ ആരാധകരായിത്തീർന്നേക്കാം. അതുകൊണ്ട് സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ആ സ്നേഹം തുടർന്നും കാണിക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം.
ഗീതം 17 “എനിക്കു മനസ്സാണ്”
a നമ്മുടെ ഇടയിലെ ആത്മാർഥമായ സ്നേഹം കണ്ടിട്ട് പലരും സത്യം പഠിക്കാൻ തയ്യാറായിട്ടുണ്ട്. എന്നാൽ നമുക്കെല്ലാം കുറവുകളുണ്ട്. അതുകൊണ്ടുതന്നെ തമ്മിൽത്തമ്മിൽ സ്നേഹം കാണിക്കുന്നത് എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല. ഈ ലേഖനത്തിൽ, സ്നേഹം കാണിക്കുന്നത് എന്തുകൊണ്ട് പ്രധാനമാണെന്നും മറ്റുള്ളവർ നമ്മളോടു മോശമായി പെരുമാറുമ്പോൾപ്പോലും നമുക്ക് എങ്ങനെ യേശുവിനെ അനുകരിച്ചുകൊണ്ട് സ്നേഹം കാണിക്കാമെന്നും പഠിക്കും.
c “ഇപ്പോഴാണ് എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായത്” എന്ന ലേഖനം വായിക്കാൻ jw.org വെബ്സൈറ്റിൽ തിരയുക.
d “ഈ ജീവിതം കൊള്ളാമല്ലോ എന്ന് എനിക്കു തോന്നി” എന്ന ലേഖനം വായിക്കാൻ jw.org വെബ്സൈറ്റിൽ തിരയുക.
e ഈ ലേഖനം 1 കൊരിന്ത്യർ 6:9, 10-ൽ പറഞ്ഞിരിക്കുന്നതുപോലുള്ള, മൂപ്പന്മാർ കൈകാര്യം ചെയ്യേണ്ട ഗുരുതരമായ പാപങ്ങളെക്കുറിച്ചല്ല ചർച്ച ചെയ്യുന്നത്.
f പിൽക്കാലത്ത് ഒരു റബ്ബി ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു: “ലോകത്ത് അബ്രാഹാമിനെപ്പോലുള്ള മുപ്പതു നീതിമാന്മാരെങ്കിലുമുണ്ട്. മുപ്പതു നീതിമാന്മാരാണുള്ളതെങ്കിൽ അവരിൽ രണ്ടു പേർ ഞാനും എന്റെ മകനും ആയിരിക്കും. പത്ത് പേരേ ഉള്ളെങ്കിൽ ഞാനും എന്റെ മകനും ആയിരിക്കും അവരിൽ രണ്ടു പേർ. അഞ്ചു പേരേ ഉള്ളെങ്കിൽ അവരിൽ രണ്ടു പേർ ഞാനും എന്റെ മകനും ആയിരിക്കും. രണ്ടു പേരേ ഉള്ളെങ്കിൽ അതു ഞാനും എന്റെ മകനും ആയിരിക്കും. ഇനി ഒരാളേ ഉള്ളെങ്കിൽ അതു ഞാനായിരിക്കും.”