പത്രോസ് എഴുതിയ രണ്ടാമത്തെ കത്ത്
3 പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ ഇത്. ചില കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട്+ നിങ്ങളുടെ ചിന്താശേഷിയെ ഉണർത്താനാണ് ഈ കത്തിലൂടെയും ഞാൻ ശ്രമിക്കുന്നത്. 2 അങ്ങനെ വിശുദ്ധപ്രവാചകന്മാർ മുമ്പ് പറഞ്ഞ* വാക്കുകളും രക്ഷകനായ കർത്താവ് നിങ്ങളുടെ അപ്പോസ്തലന്മാരിലൂടെ നൽകിയ കല്പനയും നിങ്ങൾക്ക് ഓർക്കാനാകും. 3 അവസാനകാലത്ത്, സ്വന്തം മോഹങ്ങളനുസരിച്ച് ജീവിക്കുന്ന പരിഹാസികൾ+ പരിഹാസത്തോടെ വരുമെന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുക. 4 “ക്രിസ്തു തന്റെ സാന്നിധ്യത്തെക്കുറിച്ച് വാഗ്ദാനം ചെയ്തിട്ട് എന്തായി?+ നമ്മുടെ പൂർവികർ മരിച്ചപ്പോൾ* കാര്യങ്ങൾ എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് ഇപ്പോഴും; എല്ലാം ദൈവം സൃഷ്ടിച്ച സമയത്തേതുപോലെതന്നെയാണ്” എന്ന് അവർ പറയും.+
5 പണ്ടുമുതലേ ആകാശമുണ്ടായിരുന്നെന്നും ദൈവത്തിന്റെ വചനത്താൽ ഭൂമി വെള്ളത്തിനു നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും+ 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനഃപൂർവം മറന്നുകളയുന്നു.+ 7 അതേ വചനത്താൽ ഇപ്പോഴത്തെ ആകാശവും ഭൂമിയും, ദൈവഭക്തിയില്ലാത്ത മനുഷ്യരെ ന്യായം വിധിച്ച് നശിപ്പിക്കുന്ന ദിവസംവരെ തീക്കായി സൂക്ഷിച്ചിരിക്കുന്നു.+
8 എന്നാൽ പ്രിയപ്പെട്ടവരേ, ഒരു കാര്യം നിങ്ങൾ മറന്നുപോകരുത്; യഹോവയുടെ* ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആണ്.+ 9 ചിലർ കരുതുന്നതുപോലെ യഹോവ* തന്റെ വാഗ്ദാനം നിറവേറ്റാൻ താമസിക്കുന്നില്ല.+ ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.+ 10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോലെ വരും.+ അന്ന് ആകാശം വലിയൊരു മുഴക്കത്തോടെ* നീങ്ങിപ്പോകും;+ മൂലകങ്ങൾ ചുട്ടുപഴുത്ത് ഉരുകിപ്പോകും; ഭൂമിയും അതിലെ പണികളും വെളിവാകും.*+
11 ഇവയെല്ലാം ഇങ്ങനെ ഉരുകിത്തീരാനിരിക്കുന്നതുകൊണ്ട് വിശുദ്ധമായ പെരുമാറ്റരീതികളിലും ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുന്നതിലും* നിങ്ങൾ എങ്ങനെയുള്ളവരായിരിക്കണമെന്നു ചിന്തിച്ചുകൊള്ളുക! 12 ആകാശം കത്തിനശിക്കുകയും+ മൂലകങ്ങൾ കൊടുംചൂടിൽ വെന്തുരുകുകയും ചെയ്യുന്ന യഹോവയുടെ* ദിവസത്തിന്റെ+ സാന്നിധ്യത്തിനായി നിങ്ങൾ കാത്തിരിക്കുകയും അത് എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കുകയും* വേണം. 13 ദൈവത്തിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ;+ അവിടെ നീതി കളിയാടും.*+
14 പ്രിയപ്പെട്ടവരേ, നിങ്ങൾ ഇവയ്ക്കുവേണ്ടി കാത്തിരിക്കുന്നതുകൊണ്ട്, ഒടുവിൽ ദൈവം നോക്കുമ്പോൾ നിങ്ങൾ കറയും കളങ്കവും ഇല്ലാതെ ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്നവരാണെന്നു കാണേണ്ടതിനു നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.+ 15 നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷ എന്നു കരുതുക. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസും അദ്ദേഹത്തിനു ലഭിച്ച ജ്ഞാനമനുസരിച്ച് ഇതേ കാര്യം നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ.+ 16 പൗലോസ് തന്റെ എല്ലാ കത്തുകളിലും ഇക്കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. അവയിൽ ചിലതു മനസ്സിലാക്കാൻ പ്രയാസമാണ്. എന്നാൽ അറിവില്ലാത്തവരും വിശ്വാസത്തിൽ ഉറപ്പില്ലാത്തവരും ആയ ചിലർ മറ്റു തിരുവെഴുത്തുകളെപ്പോലെ അവയെയും സ്വന്തം നാശത്തിനുവേണ്ടി വളച്ചൊടിക്കുന്നു.
17 അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങൾ ഇതു മുൻകൂട്ടി അറിഞ്ഞിരിക്കുന്നതുകൊണ്ട് നിയമലംഘകരുടെ തെറ്റിൽ കുടുങ്ങി അവരോടൊപ്പം വഴിതെറ്റിനടന്ന് സ്വന്തം സ്ഥിരത വിട്ട് വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.+ 18 അനർഹദയയിലും നമ്മുടെ കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവിലും വളർന്നുകൊണ്ടിരിക്കുക. യേശുവിന് ഇപ്പോഴും എന്നുമെന്നേക്കും മഹത്ത്വം! ആമേൻ.