വാഗ്ദത്തദേശത്തു നിന്നുള്ള രംഗങ്ങൾ
യോപ്പാ ശ്രദ്ധേയമായ പുരാതന തുറമുഖം
പുരാതന ഇസ്രായേലിന് മണൽ നിറഞ്ഞ നീണ്ട ഒരു കടൽത്തീരമുണ്ടായിരുന്നു. എന്നിരുന്നാലും ഇസ്രായേല്യർ സമുദ്രസഞ്ചാരികളായ ഒരു ജനമായി വിശേഷാൽ അറിയപ്പെട്ടിരുന്നില്ല. അവരുടെ കടൽത്തീരത്തിന്റെ പ്രകൃതി ഒരു ഘടകമായിരുന്നിരിക്കാം.
അത് മിക്കവാറും കടൽപ്പുറങ്ങളുടെയും നൈൽനദി സമുദ്രത്തിൽ കൊണ്ടെത്തിച്ച പൂഴിക്കുന്നുകളുടെയും നിർവിഘ്നമായ ഒരു നിരയായിരുന്നു.a ഈജിപ്ററിന്റെ അതിർമുതൽ അതിലൂടെ നിങ്ങൾ സമുദ്രസഞ്ചാരം ചെയ്തിരുന്നെങ്കിൽ കർമ്മേൽ പർവതത്തിനു തെക്ക് യഥാർത്ഥത്തിൽ പ്രമുഖമായ ഒരു സ്വാഭാവിക തുറമുഖം നിങ്ങൾ കാണുമായിരുന്നില്ല.
എന്നാൽ ഇസ്രായേലിന്റെ തീരപ്രദേശത്ത് ഏതാണ്ട് പകുതി ദൂരം സഞ്ചരിക്കുമ്പോൾ നിങ്ങൾ ഒരു കുന്നിൽ യോപ്പാ നഗരം കാണുമായിരുന്നു. ചിത്രം പ്രകടമാക്കുന്നതുപോലെ തീരത്തുനിന്നു മാറിയുള്ള പാറകളുടെ ഒരു ശൃംഖല ഒരു ചെറിയ ഉൾക്കടൽ നിർമ്മിച്ചു. തൽഫലമായുണ്ടായ തുറമുഖം കുറേക്കൂടെ വടക്ക് ആക്രെയിലുള്ളതിനെക്കാൾ (പ്തൊലെമായിസ്) മോശമായിരുന്നുവെങ്കിലും അത് പിന്നെയും യോപ്പയെ ശ്രദ്ധേയമാക്കി. (പ്രവൃത്തികൾ 21:7) മഹാനായ ഹെരോദാവ് കൃത്രിമ കൈസര്യ തുറമുഖം നിർമ്മിക്കുന്നതുവരെ ഈ തീരത്ത് കപ്പലുകൾക്ക് കിടക്കുന്നതിന് ഏററവും പററിയ സ്ഥാനം യോപ്പയായിരുന്നു. ഇത് യോപ്പയെ സംബന്ധിച്ച ചില ബൈബിൾ പരാമർശനങ്ങളെ പ്രദീപ്തമാക്കുന്നു.
ആലയം പണിക്ക് ശലോമോനെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ സോർ രാജാവായ ഹീരാം ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ [ലബനോനിൽനിന്നുള്ള മരങ്ങൾ] ചങ്ങാടങ്ങളായി യോപ്പയിലേക്ക് സമുദ്രത്തിലൂടെ നിന്റെ അടുക്കൽ കൊണ്ടുവരാം. നീ നിന്റെ ഭാഗത്ത് അവ യെരുശലേമിലേക്ക് കൊണ്ടുപോകണം.” (2 ദിനവൃത്താന്തം 2:1, 11, 16) ഈ ചങ്ങാടങ്ങൾ ഫൊയ്നീക്യ തുറമുഖങ്ങളായ സോരിൽ നിന്നൊ സീദോനിൽനിന്നൊ പുറപ്പെട്ടിരിക്കാം. (യെശയ്യാവ് 23:1, 2; യെഹെസ്ക്കേൽ 27:8, 9) കർമ്മേൽ കടന്ന് ദേവദാരു വൃക്ഷചങ്ങാടങ്ങൾ യോപ്പയിൽ എത്തി. അവിടെ നിന്ന് ദേവദാരുക്കൾ 34 മൈൽ കിഴക്ക്⁄തെക്കുകിഴക്ക് ഉള്ള യെരുശലേമിലേക്ക് കൊണ്ടുപോകാൻ കഴിയുമായിരുന്നു. യഹൂദൻമാർ പ്രവാസത്തിനുശേഷം ആലയം പുനർനിർമ്മിച്ചപ്പോഴും ദേവദാരു മരങ്ങൾക്ക് കിടക്കാനുള്ള തുറമുഖം യോപ്പ ആയിരുന്നു.—എസ്രാ 3:7.
ഒരുപക്ഷേ മരങ്ങളോടുകൂടെ സഞ്ചരിച്ച പണിക്കാർ ശൽക്ക മാതൃകയോടു സമാനമായ ഫൊയ്നിക്യ കപ്പലുകളിൽ സഞ്ചരിച്ചു. നിങ്ങൾ അതിനെക്കുറിച്ചു പഠിക്കുമ്പോൾ യഹോവ യോനായെ നിനവെയിലേക്ക് നിയോഗിച്ചശേഷം ആ പ്രവാചകൻ എതിർ ദിശയിൽ ഓടി എന്നോർക്കുക. “[യോനാ] ഒടുവിൽ യോപ്പയിൽ എത്തുകയും തർശീശിലേക്കുപോകുന്ന ഒരു കപ്പൽ കാണുകയും ചെയ്തു. അങ്ങനെ അവൻ കപ്പൽകൂലി കൊടുക്കുകയും യഹോവയുടെ മുമ്പാകെ നിന്ന് അവരോടുകൂടെ തർശീശിലേക്കു പോകാൻ അതിലേക്കു കടക്കുകയും ചെയ്തു.”—യോനാ 1:1-3.
പ്രത്യക്ഷ
ത്തിൽ, യോനാ സമുദ്രസഞ്ചാരയോഗ്യമായ ഇത്തരം ചരക്കുകപ്പലിലാണ് കയറിയത്. അത് യോപ്പയിൽ നിന്ന് തർശീശിലേക്കുള്ള (പുരാതന സ്പെയിനായിരിക്കാനിടയുണ്ട്) നീണ്ട സമുദ്രയാത്ര നടത്താൻ പ്രാപ്തമായിരുന്നു. അതിന് ഒരുപക്ഷേ ഒരു ഉയർന്ന കൊത്തിയെടുത്ത അണിയമുണ്ടായിരുന്നു. അതിനടുത്ത് ഒരു ശിലാനങ്കൂരം തൂങ്ങിക്കിടന്നിരുന്നു. യാത്രക്കാർക്കും തുഴക്കാർക്കും കുറെ ചരക്കുകൾക്കും ഡക്കിൽ ഇടമുണ്ടായിരുന്നു. അത് ഈ മാതൃകയിൽ കാണിച്ചിട്ടില്ല. ഡക്കിനടിയിൽ ഒരു പള്ളയുണ്ടായിരുന്നു. അവിടെ കൂടുതൽ ചരക്കുകൾ ശേഖരിച്ചുവെക്കാൻ കഴിയുമായിരുന്നു. യോനാ ഉറങ്ങാൻ അവിടേക്കാണ് പോയത്. കപ്പൽ കടുപ്പമുള്ള പൈൻപലകകൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരുന്നു. ഒരു വലിയ ശീലപ്പായ് താങ്ങാനുള്ള ഒരു ദേവദാരു പായ്മരവും ഉണ്ടായിരുന്നു. നീണ്ട തുഴകളുടെ (ഒരുപക്ഷേ ബാശാനിൽനിന്നുള്ള ഓക്ക് മരംകൊണ്ടുള്ളത്) നിര ഇരുവശത്തും കാണുക. ഇപ്പോൾ സമുദ്രത്തിൽ ഉഗ്രമായ കൊടുങ്കാററിനാൽ ഭീഷണിപ്പെടുത്തപ്പെടുന്ന കപ്പലിനെക്കുറിച്ചു സങ്കൽപ്പിക്കുക. നാവികർ സഹായത്തിനായി തങ്ങളുടെ ദൈവങ്ങളോട് നിലവിളിക്കുന്നത് കേൾക്കുക. ഒടുവിൽ തങ്ങൾ നശിക്കാതിരിക്കാൻ അവർ യോനായെ കപ്പലിൽനിന്ന് പുറത്തേക്ക് തള്ളിയിടാൻ നിർബന്ധിതരായിത്തീരുന്നു.—യെഹെസ്ക്കേൽ 27:5-9; യോനാ 1:4-15.
ഒന്നാം നൂററാണ്ടിലെ യോപ്പ ക്രിസ്ത്യാനികളുടെ ഒരു സഭയുടെ ആസ്ഥാനമായിരുന്നു. അവരിൽ ചിലർ തുറമുഖത്തൊഴിലാളികളൊ മുൻനാവികരൊ ആയിരുന്നിരിക്കാം. ഈ ബഹളം നിറഞ്ഞ തുറമുഖത്തിലെ ഒരു സഭാംഗമായിരുന്നു ഡോർക്കാസ് (തബീഥാ) എന്ന യഹൂദ സ്ത്രീ. “അവൾ സൽപ്രവൃത്തികളും ദാനധർമ്മങ്ങളും ധാരാളമായി ചെയ്തുകൊണ്ടിരുന്നു.” ക്രി.വ. 36-ൽ ഡോർക്കാസ് രോഗിയാവുകയും മരിക്കുകയും ചെയ്തു. അത് അവളുടെ ധാരാളമായ സൽപ്രവൃത്തികളെ ഓർത്തുകൊണ്ട് അനേകർ കരയാൻ ഇടയാക്കി. സഹക്രിസ്ത്യാനികൾ അപ്പോസ്തലനായ പത്രോസിനെ ലുദ്ദയിൽ നിന്ന് (ടെൽഅവീവ് വിമാനത്താവളത്തിനടുത്തുള്ള ആധുനിക ലോദ്) യോപ്പയിലേക്ക് വരുത്തി. പത്രോസ് ഈ പ്രിയപ്പെട്ട സഹോദരിയെ ഉയർപ്പിച്ചു. ആ അത്ഭുതം “യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ വിശ്വാസികളായിത്തീർന്നു.”—പ്രവൃത്തികൾ 9:36-42.
പത്രോസ് യോപ്പയിൽ ഒരു തുകൽക്കൊല്ലനായ ശിമോന്റെ വീട്ടിൽ കുറേനാൾ പാർത്തു. അവിടെ അപ്പോസ്തലന് ഒരു ദർശനം കിട്ടി. അത് യോപ്പാ സഭയിലെ ചില സഹോദരൻമാരെ തീരദേശപാതയിലൂടെ വടക്ക് പുതിയ കൈസര്യ തുറമുഖത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിലേക്ക് അവനെ നയിച്ചു. അവിടെ പത്രോസ് റോമൻ സൈനികോദ്യോഗസ്ഥനായിരുന്ന കൊർന്നേല്യൊസിനോട് പ്രസംഗിക്കുകയും അവനെ സ്നാപനം കഴിപ്പിക്കുകയും ചെയ്തു. അവനായിരുന്നു ഒരു ആത്മാഭിഷിക്ത ക്രിസ്ത്യാനിയായിത്തീർന്ന പരിച്ഛേദന ഏൽക്കാഞ്ഞ ആദ്യത്തെ വിജാതീയൻ. (പ്രവൃത്തികൾ 9:43–10:48) ക്രിസ്തീയ ചരിത്രത്തിലെ ഈ നിർണ്ണായക വികാസത്തിന്റെ വാർത്തയുമായി സഹോദരൻമാർ മടങ്ങിയെത്തിയപ്പോൾ യോപ്പയിൽ എന്തു സന്തോഷവും ആവേശവും ഉണ്ടായിരുന്നിരിക്കണം!
ഇന്ന് ആധുനിക ടെൽഅവീവ്-ജാഫായുടെ ഭാഗമായ യോപ്പയിലേക്ക് അനേകം സന്ദർശകർ പര്യടനം നടത്തുന്നുണ്ട്. അവർക്ക് ഈ ശ്രദ്ധേയമായ തുറമുഖത്ത് നടന്ന ബൈബിൾ സംഭവങ്ങളെ വീണ്ടും അനായാസം സജീവമാക്കാൻ കഴിയും. (w89 9/1)
[അടിക്കുറിപ്പ്]
a നിങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ 1989-ലെ കലണ്ടറിന്റെ കവറിലുള്ള ഉപഗ്രഹചിത്രത്തിൽ ഈ മണൽനിറഞ്ഞ കടൽത്തീരം അനായാസം കാണാൻ കഴിയും. ഈ കലണ്ടർ യോപ്പയുടെ മുകളിലത്തെ വീക്ഷണത്തിന്റെ ഒരു വലിപ്പമേറിയ ചിത്രവും പ്രദാനം ചെയ്യുന്നു.
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.