അധ്യായം 27
“ഹാ, അവന്റെ നന്മ എത്ര വലിയത്!”
1, 2. ദൈവത്തിന്റെ നന്മ എത്ര ദൂരവ്യാപകമാണ്, ഈ ഗുണത്തിന് ബൈബിൾ എന്തു പ്രാധാന്യം നൽകുന്നു?
സൂര്യാസ്തമയത്തിന്റെ സുന്ദരദൃശ്യം ആസ്വദിച്ചുകൊണ്ട് കുറെ സുഹൃത്തുക്കൾ ഒരുമിച്ചു പുറത്തിരുന്ന് ആഹാരം കഴിക്കുകയാണ്. അവർ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അങ്ങകലെ, കറുത്തിരുണ്ട ആകാശത്തുനിന്ന് മഴയുടെ ആദ്യതുള്ളികൾ ദാഹിച്ചുനിൽക്കുന്ന കൃഷിയിടത്തു വീഴുമ്പോൾ ഒരു കർഷകൻ അതു നോക്കി സംതൃപ്തിയോടെ പുഞ്ചിരി തൂകുന്നു. മറ്റൊരിടത്ത്, ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ കുഞ്ഞ് പിച്ചവെച്ചുനടക്കുന്നതു കണ്ട് സന്തോഷിക്കുന്നു.
2 അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ഈ ആളുകൾ ഒരേ സംഗതിയിൽനിന്ന്—യഹോവയാം ദൈവത്തിന്റെ നന്മയിൽനിന്ന്—പ്രയോജനം അനുഭവിക്കുകയാണ്. “ദൈവം നല്ലവനാണ്” എന്ന് മതഭക്തരായ ആളുകൾ ആവർത്തിച്ചുപറയാറുണ്ട്. എന്നാൽ ബൈബിൾ ദൈവത്തിന്റെ ഈ ഗുണത്തിന് അതിലുമൊക്കെ ഏറെ പ്രാധാന്യം നൽകുന്നു. അതു പറയുന്നു: “ഹാ, അവന്റെ നന്മ എത്ര വലിയത്!” (സെഖര്യാവു 9:17, NW) പക്ഷേ ആ വാക്കുകളുടെ അർഥം എന്താണെന്ന് ഇക്കാലത്ത് അധികമാർക്കും അറിയില്ല. യഹോവയാം ദൈവത്തിന്റെ നന്മയിൽ യഥാർഥത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്, ദൈവത്തിന്റെ ഈ ഗുണം നമുക്ക് ഓരോരുത്തർക്കും എന്ത് അർഥമാക്കുന്നു?
ദിവ്യസ്നേഹത്തിന്റെ ഒരു പ്രമുഖവശം
3, 4. നന്മ എന്താണ്, യഹോവയുടെ നന്മയെ ഉചിതമായും ദിവ്യസ്നേഹത്തിന്റെ ഒരു പ്രകടനമെന്നു വർണിക്കാവുന്നത് എന്തുകൊണ്ട്?
3 അനേകം ആധുനിക ഭാഷകളിലും “നന്മ” എന്നത് പൊതുവായ അർഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം, നന്മ സദ്ഗുണത്തെയും ധാർമിക വൈശിഷ്ട്യത്തെയും പരാമർശിക്കുന്നു. അപ്പോൾ, ഒരു അർഥത്തിൽ, യഹോവ നന്മയുടെ നിറകുടമാണ് എന്നു നമുക്കു പറയാവുന്നതാണ്. ശക്തി, നീതി, ജ്ഞാനം എന്നിവ ഉൾപ്പെടെയുള്ള അവന്റെ സകല ഗുണങ്ങളും എല്ലാ അർഥത്തിലും പൂർണമാണ്. എന്നിരുന്നാലും, നന്മയെ യഹോവയുടെ സ്നേഹത്തിന്റെ ഒരു പ്രകടനം എന്ന് ഉചിതമായി വർണിക്കാവുന്നതാണ്. എന്തുകൊണ്ട്?
4 ക്രിയാത്മകമായ, മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന ഒരു ഗുണമാണ് നന്മ. മനുഷ്യരെ സംബന്ധിച്ചിടത്തോളം അത് നീതിയെക്കാൾപോലും ആകർഷകമായ ഒരു ഗുണമാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിച്ചു. (റോമർ 5:7, NW) നീതിമാനായ ഒരു വ്യക്തി നിയമത്തിന്റെ വ്യവസ്ഥകളോടു വിശ്വസ്തമായി പറ്റിനിൽക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്, എന്നാൽ നല്ലവനായ ഒരു വ്യക്തി അതിനെക്കാളധികം ചെയ്യുന്നു. മറ്റുള്ളവർക്കു ഗുണംചെയ്യാനുള്ള വഴികൾ തേടിക്കൊണ്ട് അയാൾ മുൻകൈ എടുക്കുന്നു. വ്യക്തമായും, യഹോവയുടെ അതിരറ്റ സ്നേഹത്തിൽനിന്ന് ഉത്ഭൂതമാകുന്നത് അത്തരം നന്മയാണ്.
5-7. “നല്ല ഗുരോ” എന്നു വിളിക്കപ്പെടാൻ യേശു വിസമ്മതിച്ചത് എന്തുകൊണ്ട്, ഏതു ഘനമേറിയ സത്യത്തിന് അവൻ അടിവരയിട്ടു?
5 യഹോവ തന്റെ നന്മയിൽ അതുല്യനുമാണ്. യേശു മരിക്കുന്നതിന് കുറേനാൾമുമ്പ്, ഒരു മനുഷ്യൻ “നല്ല ഗുരോ” എന്നു വിളിച്ചുകൊണ്ട് ഒരു ചോദ്യം ചോദിക്കാൻ അവനെ സമീപിച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊസ് 10:17, 18) ആ മറുപടി നിങ്ങളെ അമ്പരപ്പിച്ചേക്കാം. യേശു ആ മനുഷ്യനെ എന്തിനാണു തിരുത്തിയത്? യഥാർഥത്തിൽ യേശു ഒരു ‘നല്ല ഗുരു’ അല്ലായിരുന്നോ?
6 ആ മനുഷ്യൻ ‘നല്ല ഗുരു’ എന്ന സംബോധന മുഖസ്തുതിയോടെ ഒരു സ്ഥാനപ്പേരായി ഉപയോഗിക്കുകയായിരുന്നു എന്നു വ്യക്തമാണ്. പക്ഷേ യേശു എളിമയോടെ, അങ്ങേയറ്റം നല്ലവനായ തന്റെ സ്വർഗീയ പിതാവിലേക്ക് ആ മഹത്ത്വം തിരിച്ചുവിട്ടു. (സദൃശവാക്യങ്ങൾ 11:2) അതോടൊപ്പം യേശു ഘനമേറിയ ഒരു സത്യത്തിന് അടിവരയിടുക കൂടെയായിരുന്നു. നന്മയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് യഹോവയാണ്. നന്മ എന്തെന്നും തിന്മ എന്തെന്നും തീരുമാനിക്കാനുള്ള പരമമായ അവകാശം അവനു മാത്രമാണുള്ളത്. ആദാമും ഹവ്വായും മത്സര മനോഭാവത്തോടെ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷഫലം തിന്നുകൊണ്ട് ആ അവകാശം സ്വായത്തമാക്കാൻ ശ്രമിച്ചു. അവരിൽനിന്നു വ്യത്യസ്തമായി യേശു താഴ്മയോടെ, മാനദണ്ഡങ്ങൾ വെക്കാനുള്ള അവകാശം തന്റെ പിതാവിനു വിട്ടുകൊടുക്കുന്നു.
7 തന്നെയുമല്ല, സകല നന്മയുടെയും ഉറവ് യഹോവ ആണെന്ന് യേശുവിന് അറിയാമായിരുന്നു. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്നവനാണ് യഹോവ. (യാക്കോബ് 1:17) യഹോവയുടെ നന്മ അവന്റെ ഉദാരമനസ്കതയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നു നമുക്കു പരിശോധിക്കാം.
യഹോവയുടെ സമൃദ്ധമായ നന്മയുടെ തെളിവ്
8. യഹോവ സകല മനുഷ്യവർഗത്തോടും നന്മ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
8 ജീവിച്ചിരുന്നിട്ടുള്ള ഏതൊരാൾക്കും യഹോവയുടെ നന്മയിൽനിന്നു പ്രയോജനം കിട്ടിയിട്ടുണ്ട്. സങ്കീർത്തനം 145:9 പറയുന്നു: “യഹോവ എല്ലാവർക്കും നല്ലവൻ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) സമസ്തവ്യാപകമായ അവന്റെ നന്മയുടെ ചില ദൃഷ്ടാന്തങ്ങൾ ഏവയാണ്? ബൈബിൾ പറയുന്നു: “എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.” (പ്രവൃത്തികൾ 14:17) സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ വളരെ സന്തോഷിപ്പിക്കാറില്ലേ? ശുദ്ധജലം ലഭ്യമാക്കുന്ന, ഒരിക്കലും നിലയ്ക്കാത്ത ജലപരിവൃത്തിയും സമൃദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിനു സഹായിക്കുന്ന “ഫലപുഷ്ടിയുള്ള കാലങ്ങളും” സഹിതം ഈ ഭൂമിയെ രൂപകൽപ്പന ചെയ്തുകൊണ്ട് യഹോവ നന്മ പ്രകടമാക്കിയില്ലായിരുന്നെങ്കിൽ നമുക്ക് ആഹാരം ലഭിക്കുമായിരുന്നില്ല. തന്നെ സ്നേഹിക്കുന്നവർക്കു മാത്രമല്ല പിന്നെയോ എല്ലാവർക്കും യഹോവ അത്തരം നന്മ ലഭ്യമാക്കിയിരിക്കുന്നു. യേശു പറഞ്ഞു: “അവൻ ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.”—മത്തായി 5:45.
യഹോവ ‘ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരുന്നു’
9. ആപ്പിൾ യഹോവയുടെ നന്മയെ ചിത്രീകരിക്കുന്നത് എങ്ങനെ?
9 സൂര്യന്റെയും മഴയുടെയും ഫലപുഷ്ടിയുള്ള കാലങ്ങളുടെയും രൂപത്തിൽ മനുഷ്യവർഗത്തോടു യഹോവ ഉദാരമായി പ്രകടമാക്കിയിരിക്കുന്ന നന്മയെ അനേകരും നിസ്സാരമായി കരുതുന്നു. ദൃഷ്ടാന്തത്തിന്, ആപ്പിളിന്റെ കാര്യമെടുക്കുക. മിതോഷ്ണ മേഖലകളിൽ സാധാരണമായി കാണപ്പെടുന്ന ഒരു ഫലമാണ് ആപ്പിൾ. നിറയെ ശുദ്ധമായ നീരും സുപ്രധാന പോഷകങ്ങളും അടങ്ങിയ അത് മനോഹരവും സ്വാദിഷ്ഠവുമാണ്. ചെമപ്പ്, സ്വർണനിറം, മഞ്ഞ, പച്ച തുടങ്ങിയ വർണങ്ങളിലായി ഏതാണ്ട് 7,500 വ്യത്യസ്ത ഇനം ആപ്പിളുകൾ ലോകവ്യാപകമായി ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ഒരു ചെറിയിലും അൽപ്പം മാത്രം വലിപ്പമുള്ളവ മുതൽ ഏതാണ്ട് ഒരു ചെറിയ തേങ്ങയുടെ വലിപ്പമുള്ളവ വരെ ഉണ്ട്. ഒരു ചെറിയ ആപ്പിൾകുരുവിനെ വളരെ നിസ്സാരമായ ഒരു വസ്തുവായിട്ടായിരിക്കും നിങ്ങൾ വീക്ഷിക്കുന്നത്. എന്നാൽ അതിൽനിന്നാണ് അതിമനോഹരമായ ഒരു വൃക്ഷം വളർന്നുവരുന്നത്. (ഉത്തമഗീതം 2:3, NW) ഓരോ വസന്തത്തിലും ആപ്പിൾമരം മനോഹരമായ പുഷ്പങ്ങളാൽ അണിഞ്ഞൊരുങ്ങുന്നു; ഓരോ ശരത്കാലത്തും അതു ഫലം ഉത്പാദിപ്പിക്കുന്നു. ഓരോ വർഷവും ഒരു ശരാശരി ആപ്പിൾമരം 19 കിലോ കൊള്ളുന്ന 20 പെട്ടി നിറയ്ക്കാൻ വേണ്ടത്ര ഫലം ഉത്പാദിപ്പിക്കുന്നു—അതും ഏതാണ്ട് 75 വർഷത്തേക്ക്.
10, 11. നമ്മുടെ ഇന്ദ്രിയങ്ങളിൽ യഹോവയുടെ നന്മ പ്രതിഫലിച്ചിരിക്കുന്നത് എങ്ങനെ?
10 തന്റെ അനന്തമായ നന്മയിൽ യഹോവ, ‘അതിശയമായി സൃഷ്ടിച്ചിരിക്കുന്ന’ ഒരു ശരീരം നമുക്കു നൽകിയിരിക്കുന്നു. തന്റെ പ്രവൃത്തികളെ ഗ്രഹിക്കാനും അവയിൽ ആഹ്ലാദിക്കാനും നമ്മെ സഹായിക്കത്തക്കവിധം രൂപകൽപ്പനചെയ്ത ഇന്ദ്രിയങ്ങൾ അവൻ നമുക്കു തന്നിട്ടുണ്ട്. (സങ്കീർത്തനം 139:14) ഈ അധ്യായത്തിന്റെ ആരംഭത്തിൽ വർണിച്ചിരിക്കുന്ന ആ രംഗങ്ങളെ കുറിച്ചു വീണ്ടും ചിന്തിക്കുക. അങ്ങനെയുള്ള നിമിഷങ്ങളിൽ ഏതു കാഴ്ചകൾ ആണു നിങ്ങൾക്കു സന്തോഷം കൈവരുത്തുന്നത്? ഒരു കുട്ടിയുടെ, സന്തോഷത്താൽ ചുവന്നുതുടുത്ത കവിൾത്തടങ്ങൾ? വയലേലകളിൽ പെയ്തുവീഴുന്ന മഴമുത്തുകൾ? ചെമപ്പും വയലറ്റും നിറങ്ങൾ ചാലിച്ചെടുത്ത് അസ്തമയസൂര്യൻ രചിക്കുന്ന സുന്ദരദൃശ്യം? 3,00,000 വ്യത്യസ്ത നിറങ്ങൾ തിരിച്ചറിയാൻ പര്യാപ്തമായ വിധത്തിലാണ് മനുഷ്യനേത്രം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്! നമ്മുടെ ശ്രവണേന്ദ്രിയം പ്രിയങ്കരമായ ഒരു ശബ്ദത്തിന്റെ സ്വരവ്യതിയാനങ്ങളും വൃക്ഷാഗ്രങ്ങളെ തഴുകുന്ന കാറ്റിന്റെ മർമരങ്ങളും പിച്ചവെക്കുന്ന ശിശുവിന്റെ നിഷ്കളങ്കമായ പൊട്ടിച്ചിരിയും പിടിച്ചെടുക്കുന്നു. ഇത്തരം ദൃശ്യങ്ങളും ശബ്ദങ്ങളും നമുക്ക് ആസ്വദിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്? ബൈബിൾ പറയുന്നു: “കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.” (സദൃശവാക്യങ്ങൾ 20:12) എന്നാൽ അവ രണ്ട് ഇന്ദ്രിയങ്ങൾ മാത്രമാണ്.
11 ഘ്രാണേന്ദ്രിയം യഹോവയുടെ നന്മയുടെ മറ്റൊരു തെളിവാണ്. മനുഷ്യന്റെ മൂക്കിന് ഏതാണ്ട് 10,000 വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയും. ഏതാനും ചിലതിനെക്കുറിച്ചു ചിന്തിക്കുക: ഇഷ്ടപ്പെട്ട ഭക്ഷണം, പൂക്കൾ, പഴുത്തുവീണ ഇലകൾ, കനലിൽനിന്നുയരുന്ന നേരിയ പുക എന്നിവയുടെ ഗന്ധങ്ങൾ. നിങ്ങളുടെ സ്പർശനബോധം, മന്ദമാരുതന്റെ തലോടലും ഒരു പ്രിയസുഹൃത്തിന്റെ സാന്ത്വനദായകമായ ആശ്ലേഷവും ഒരു പഴത്തിന്റെ സംതൃപ്തിദായകമായ മിനുസവും അനുഭവിച്ചറിയാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. ആ പഴമൊന്നു കടിക്കുമ്പോൾ രുചി അറിയാനുള്ള നിങ്ങളുടെ പ്രാപ്തി രംഗപ്രവേശം ചെയ്യുന്നു. പഴത്തിന്റെ സങ്കീർണമായ രാസഘടന സൃഷ്ടിക്കുന്ന നേരിയ രുചിഭേദങ്ങളെ പോലും നിങ്ങളുടെ രസമുകുളങ്ങൾ തിരിച്ചറിയുന്നു. അതേ, യഹോവയെ സംബന്ധിച്ച് ‘നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ച നിന്റെ നന്മ എത്രവലിയതാകുന്നു’ എന്ന് ഉദ്ഘോഷിക്കാൻ നമുക്കു സകല കാരണവുമുണ്ട്. (സങ്കീർത്തനം 31:19) എന്നാൽ തന്റെ ഭക്തന്മാർക്കുവേണ്ടി യഹോവ നന്മ സംഗ്രഹിച്ചിരിക്കുന്നത് എങ്ങനെയാണ്?
നിത്യപ്രയോജനങ്ങൾ സഹിതമുള്ള നന്മ
12. യഹോവയിൽനിന്നുള്ള ഏതു കരുതലുകളാണ് ഏറ്റവും പ്രധാനം, എന്തുകൊണ്ട്?
12 യേശു ഇങ്ങനെ പറഞ്ഞു: “‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു’ എന്നു എഴുതിയിരിക്കുന്നു.” (മത്തായി 4:4) തീർച്ചയായും യഹോവയുടെ ആത്മീയ ദാനങ്ങൾ ഭൗതിക ദാനങ്ങളെക്കാൾ പ്രയോജനപ്രദമാണ്. കാരണം, അവ നമ്മെ നിത്യജീവനിലേക്കു നയിക്കുന്നു. ഈ പുസ്തകത്തിന്റെ 8-ാം അധ്യായത്തിൽ, ഒരു ആത്മീയ പറുദീസ അസ്തിത്വത്തിൽ കൊണ്ടുവരാൻ ഈ അവസാന നാളുകളിൽ യഹോവ തന്റെ പുനഃസ്ഥാപനശക്തി ഉപയോഗിച്ചിരിക്കുന്നതായി നാം കണ്ടു. ആ പറുദീസയുടെ ഒരു മുഖ്യസവിശേഷത സമൃദ്ധമായ ആത്മീയ ആഹാരമാണ്.
13, 14. (എ) യെഹെസ്കേൽ പ്രവാചകൻ ദർശനത്തിൽ എന്തു കണ്ടു, അത് ഇന്ന് നമുക്ക് എന്ത് അർഥമാക്കുന്നു? (ബി) തന്റെ വിശ്വസ്ത ദാസന്മാർക്കുവേണ്ടി യഹോവ ജീവദായകമായ ഏത് ആത്മീയ കരുതലുകൾ പ്രദാനം ചെയ്യുന്നു?
13 ബൈബിളിലെ വലിയ പുനഃസ്ഥാപന പ്രവചനങ്ങളിലൊന്നിൽ, പുനഃസ്ഥാപിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്ത ഒരു ആലയത്തിന്റെ ദർശനം യെഹെസ്കേലിനു കൊടുക്കപ്പെട്ടു. ആ ആലയത്തിൽനിന്ന് ഒരു നീരൊഴുക്ക് പുറപ്പെട്ടു. ഒഴുകിക്കൊണ്ടിരിക്കെ അതിന്റെ വീതിയും ആഴവും കൂടിക്കൂടി വന്നു, ഒടുവിൽ അത് “ഒരു നദി” ആയിത്തീർന്നു. ഒഴുകിച്ചെന്ന ഇടങ്ങളിലെല്ലാം ആ നദി അനുഗ്രഹങ്ങൾ കൈവരുത്തി. അതിന്റെ തീരങ്ങളിൽ തഴച്ചുവളർന്നുനിന്നിരുന്ന വൃക്ഷങ്ങൾ ആഹാരവും രോഗശാന്തിയും പ്രദാനംചെയ്തു. ഉപ്പുവെള്ളം നിറഞ്ഞ ജീവജാലങ്ങളില്ലാത്ത ചാവുകടലിനുപോലും ആ നദി ജീവനും ഉത്പാദനക്ഷമതയും കൈവരുത്തി. (യെഹെസ്കേൽ 47:1-12) എന്നാൽ അതിന്റെയെല്ലാം അർഥമെന്തായിരുന്നു?
14 യെഹെസ്കേൽ കണ്ട ആലയം ചിത്രീകരിച്ചപ്രകാരം, യഹോവ നിർമലാരാധനയ്ക്കുള്ള തന്റെ ക്രമീകരണം പുനഃസ്ഥാപിക്കുമെന്നാണ് ദർശനം അർഥമാക്കിയത്. ദർശനത്തിലെ നദിയെപ്പോലെ തന്റെ ജനത്തിലേക്കു പ്രവഹിക്കുന്ന, ജീവനുവേണ്ടിയുള്ള ദൈവത്തിന്റെ സമൃദ്ധമായ കരുതലുകൾ പൂർവാധികം വർധിച്ചുകൊണ്ടിരിക്കും. 1919-ൽ നിർമലാരാധന പുനഃസ്ഥാപിക്കപ്പെട്ടതു മുതൽ യഹോവ തന്റെ ജനത്തെ ജീവദായകമായ കരുതലുകളാൽ അനുഗ്രഹിച്ചിരിക്കുന്നു. എങ്ങനെ? ബൈബിളുകൾ, ബൈബിൾ സാഹിത്യങ്ങൾ, യോഗങ്ങൾ, കൺവെൻഷനുകൾ എന്നിവയെല്ലാം ദശലക്ഷങ്ങൾക്ക് മർമപ്രധാനമായ സത്യങ്ങൾ എത്തിച്ചുകൊടുക്കാൻ സഹായിച്ചിരിക്കുന്നു. ഇങ്ങനെയുള്ള മുഖാന്തരങ്ങളാൽ യഹോവ ജീവനുവേണ്ടിയുള്ള തന്റെ കരുതലുകളിൽ ഏറ്റവും പ്രധാനമായ ഒന്നിനെ കുറിച്ച്—യഹോവയെ യഥാർഥത്തിൽ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന സകലർക്കും അവന്റെ മുമ്പാകെ ശുദ്ധമായ നിലയും നിത്യജീവന്റെ പ്രത്യാശയും കൈവരുത്തുന്ന ക്രിസ്തുവിന്റെ മറുവിലയാഗത്തെ കുറിച്ച്—ആളുകളെ പഠിപ്പിച്ചിരിക്കുന്നു.a അതുകൊണ്ട് ഈ അന്ത്യനാളുകളിൽ ഉടനീളം, ലോകം ആത്മീയക്ഷാമം അനുഭവിക്കവേ, യഹോവയുടെ ജനം ഒരു ആത്മീയ വിരുന്ന് ആസ്വദിച്ചുകൊണ്ടിരിക്കുന്നു.—യെശയ്യാവു 65:13.
15. ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് യഹോവയുടെ നന്മ വിശ്വസ്ത മനുഷ്യവർഗത്തിലേക്ക് ഏതർഥത്തിൽ ഒഴുകും?
15 എന്നാൽ യെഹെസ്കേൽ ദർശനത്തിൽ കണ്ട നദിയുടെ ഒഴുക്ക് ഈ പഴയ വ്യവസ്ഥിതി അവസാനിക്കുന്നതോടെ നിലയ്ക്കുന്നില്ല. മറിച്ച്, ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് അതു പൂർവാധികം സമൃദ്ധമായി ഒഴുകും. അന്ന്, മിശിഹൈക രാജ്യം മുഖേന യഹോവ, യേശുവിന്റെ ബലിയുടെ മൂല്യം പൂർണമായും ഉപയുക്തമാക്കിക്കൊണ്ട് വിശ്വസ്ത മനുഷ്യവർഗത്തെ ക്രമേണ പൂർണതയിലേക്ക് ഉയർത്തും. അന്നു നാം യഹോവയുടെ നന്മയെപ്രതി എത്ര ആഹ്ലാദിക്കും!
യഹോവയുടെ നന്മയുടെ കൂടുതലായ വശങ്ങൾ
16. യഹോവയുടെ നന്മയിൽ മറ്റു ഗുണങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് ബൈബിൾ എങ്ങനെ പ്രകടമാക്കുന്നു?
16 യഹോവയുടെ നന്മയിൽ ഉദാരതയെക്കാളധികം ഉൾപ്പെട്ടിരിക്കുന്നു. ദൈവം മോശെയോട് ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ മഹിമ [“നന്മ,” NW] ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും.” പിന്നീട് വിവരണം ഇങ്ങനെ പറയുന്നു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ, കോപത്തിനു താമസമുള്ളവൻ, മഹാ സ്നേഹദയയും സത്യവും സമൃദ്ധമായി ഉള്ളവൻ.” (പുറപ്പാടു 33:19; 34:6, NW) അതുകൊണ്ട് യഹോവയുടെ നന്മയിൽ ഒട്ടനവധി വിശിഷ്ട ഗുണങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഇവയിൽ കേവലം രണ്ടെണ്ണം നമുക്കു പരിചിന്തിക്കാം.
17. എന്താണു കൃപ, നിസ്സാരരായ അപൂർണ മനുഷ്യരോടു യഹോവ അതു പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
17 ‘കൃപയുള്ളവൻ.’ ഈ ഗുണം തന്റെ സൃഷ്ടികളോട് യഹോവ ഇടപെടുന്ന രീതിയെക്കുറിച്ചു നമ്മോടു വളരെയധികം പറയുന്നു. അധികാരികളുടെ കാര്യത്തിൽ മിക്കപ്പോഴും സത്യമായിരിക്കുന്നതുപോലെ പരുഷനോ നിസ്സംഗനോ നിഷ്ഠുരനോ ആയിരിക്കുന്നതിനു പകരം, യഹോവ സൗമ്യനും ദയാലുവുമാണ്. ദൃഷ്ടാന്തത്തിന്, യഹോവ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: “കണ്ണുകളുയർത്തി, ദയവായി നീ നിൽക്കുന്ന ഇടത്തുനിന്ന്, വടക്കോടും തെക്കോട്ടും കിഴക്കോട്ടു പടിഞ്ഞാറോട്ടും നോക്കുക.” (ഉല്പത്തി 13:14, NW) പല ഭാഷാന്തരങ്ങളും “ദയവായി” എന്ന പദം വിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ മൂല എബ്രായപാഠത്തിൽ, പ്രസ്താവനയെ ആജ്ഞയിൽനിന്ന് വിനയപൂർവമായ അഭ്യർഥനയാക്കി മാറ്റുന്ന ഒരു പ്രത്യയം പദഘടനയിൽ ഉൾപ്പെടുന്നുവെന്ന് ബൈബിൾ പണ്ഡിതന്മാർ പറയുന്നു. സമാനമായ മറ്റ് ഉദാഹരണങ്ങളും ഉണ്ട്. (ഉല്പത്തി 31:12, NW; യെഹെസ്കേൽ 8:5, NW) ചിന്തിക്കുക, അഖിലാണ്ഡ പരമാധികാരി നിസ്സാരരായ മനുഷ്യരോട് “ദയവായി” എന്നു പറയുന്നു. പാരുഷ്യവും നിർദയത്വവും ധാർഷ്ട്യവുമൊക്കെ വളരെ സാധാരണമായിരിക്കുന്ന ഒരു ലോകത്തിൽ നമ്മുടെ ദൈവമായ യഹോവയുടെ കൃപയെ കുറിച്ചു വിചിന്തനം ചെയ്യുന്നത് നവോന്മേഷപ്രദമല്ലേ?
18. യഹോവ ‘സത്യം സമൃദ്ധമായുള്ളവൻ’ ആണെന്നു പറയുന്നത് ഏത് അർഥത്തിൽ, ആ വാക്കുകൾ ആശ്വാസകരമായിരിക്കുന്നത് എന്തുകൊണ്ട്?
18 ‘സത്യം സമൃദ്ധമായുള്ളവൻ.’ സത്യസന്ധതയില്ലായ്മ ഇന്നത്തെ ലോകത്തിന്റെ മുഖമുദ്ര ആയിത്തീർന്നിരിക്കുന്നു. എന്നാൽ “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല” എന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (സംഖ്യാപുസ്തകം 23:19) വാസ്തവത്തിൽ, ‘ദൈവത്തിനു വ്യാജം പറയാൻ കഴിയില്ല’ എന്ന് തീത്തൊസ് 1:2 (NW) പറയുന്നു. യഹോവയുടെ നന്മ, വ്യാജം പറയുക അവനെ സംബന്ധിച്ചിടത്തോളം അസാധ്യമാക്കിത്തീർക്കുന്നു. അതുകൊണ്ട്, യഹോവയുടെ വാഗ്ദാനങ്ങൾ തികച്ചും ആശ്രയയോഗ്യമാണ്; അവന്റെ വാക്കുകൾ എല്ലായ്പോഴും നിവൃത്തിയേറുകതന്നെ ചെയ്യും. യഹോവ “സത്യത്തിന്റെ ദൈവം” എന്നുപോലും വിളിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 31:5, NW) അവൻ വ്യാജങ്ങൾ പറയുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നുവെന്നു മാത്രമല്ല, സത്യം സമൃദ്ധമായി വിതരണം ചെയ്യുകയും ചെയ്യുന്നു. അവൻ രഹസ്യത്തിൽ കാര്യങ്ങൾ ചെയ്യുന്നവനോ വിവരങ്ങൾ മറച്ചുവെക്കുന്നവനോ നിഗൂഢസ്വഭാവക്കാരനോ അല്ല; മറിച്ച്, തന്റെ അതിരറ്റ ജ്ഞാനശേഖരത്തിൽനിന്ന് അവൻ തന്റെ വിശ്വസ്ത ദാസന്മാരെ ഉദാരമായി പ്രബുദ്ധരാക്കുന്നു.b അവർ ‘സത്യത്തിൽ നടക്കേണ്ടതിനു’ താൻ നൽകുന്ന സത്യങ്ങളനുസരിച്ച് എങ്ങനെ ജീവിക്കാമെന്നുപോലും അവൻ അവരെ പഠിപ്പിക്കുന്നു. (3 യോഹന്നാൻ 3) പൊതുവെ യഹോവയുടെ നന്മ നമ്മെ വ്യക്തിപരമായി എങ്ങനെ സ്വാധീനിക്കണം?
‘യഹോവയുടെ നന്മയെപ്രതി വെട്ടിത്തിളങ്ങുക’
19, 20. (എ) സാത്താൻ യഹോവയുടെ നന്മയിലുള്ള ഹവ്വായുടെ വിശ്വാസത്തിന് തുരങ്കംവെക്കാൻ ശ്രമിച്ചതെങ്ങനെ, അത് എന്തു ഫലം ഉളവാക്കി? (ബി) യഹോവയുടെ നന്മയ്ക്ക് ഉചിതമായി നമ്മുടെമേൽ എന്തു ഫലമുണ്ടായിരിക്കണം, എന്തുകൊണ്ട്?
19 ഏദെൻതോട്ടത്തിൽവെച്ച്, സാത്താൻ ഹവ്വായെ പ്രലോഭിപ്പിച്ചപ്പോൾ, യഹോവയുടെ നന്മയിലുള്ള അവളുടെ വിശ്വാസത്തിനു തന്ത്രപൂർവം തുരങ്കംവെച്ചുകൊണ്ടാണ് അവൻ തുടക്കമിട്ടത്. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം” എന്ന് യഹോവ ആദാമിനോടു പറഞ്ഞിരുന്നു. ആ തോട്ടത്തിൽ ആയിരക്കണക്കിനു വൃക്ഷങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിൽ ഒരു വൃക്ഷത്തിൽനിന്നുള്ള ഫലം ഭക്ഷിക്കരുതെന്നു മാത്രമേ യഹോവ കൽപ്പിച്ചുള്ളൂ. എന്നിട്ടും, സാത്താൻ ഹവ്വായോട് ചോദിച്ച ആദ്യചോദ്യം ഇതായിരുന്നു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ”? (ഉല്പത്തി 2:9, 16; 3:1) യഹോവ ഏതോ നന്മ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ഹവ്വായെക്കൊണ്ടു ചിന്തിപ്പിക്കാൻ യഹോവയുടെ വാക്കുകളെ സാത്താൻ വളച്ചൊടിച്ചു. സങ്കടകരമെന്നു പറയട്ടെ, അവന്റെ തന്ത്രം വിജയിച്ചു. ആവശ്യമുള്ളതെല്ലാം തനിക്കു പ്രദാനം ചെയ്ത ദൈവത്തിന്റെ നന്മയെ ഹവ്വാ സംശയിച്ചു തുടങ്ങി. അവളുടെ സന്തതിപരമ്പരയിൽപ്പെട്ട അനേകം സ്ത്രീപുരുഷന്മാരും അതുതന്നെ ചെയ്തിരിക്കുന്നു.
20 അത്തരം സംശയങ്ങൾ കൈവരുത്തിയ ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ആഴം നമുക്കറിയാം. അതുകൊണ്ട് യിരെമ്യാവു 31:12-ലെ (NW) വാക്കുകൾ നമുക്കു ശ്രദ്ധിക്കാം. ‘അവർ തീർച്ചയായും യഹോവയുടെ നന്മയാൽ വെട്ടിത്തിളങ്ങും’ എന്ന് ആ വാക്യം പറയുന്നു. യഹോവയുടെ നന്മ തീർച്ചയായും നാം സന്തോഷത്താൽ വെട്ടിത്തിളങ്ങാൻ ഇടയാക്കണം. ഇത്ര നന്മ നിറഞ്ഞ നമ്മുടെ ദൈവത്തിന്റെ ആന്തരങ്ങളെ നാം ഒരിക്കലും സംശയിക്കേണ്ടതില്ല. നമുക്കു പൂർണമായി അവനെ ആശ്രയിക്കാവുന്നതാണ്. കാരണം, തന്നെ സ്നേഹിക്കുന്നവർക്കു നന്മ വരാനല്ലാതെ മറ്റൊന്നും അവൻ ആഗ്രഹിക്കുന്നില്ല.
21, 22. (എ) യഹോവയുടെ നന്മയോട് ഏതു വിധത്തിൽ പ്രതികരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു? (ബി) അടുത്ത അധ്യായത്തിൽ നാം ഏതു ഗുണം ചർച്ചചെയ്യും, അതു നന്മയിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
21 കൂടാതെ, ദൈവത്തിന്റെ നന്മയെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ ഒരു അവസരം ലഭിക്കുമ്പോൾ നാം സന്തോഷിക്കുന്നു. യഹോവയുടെ ജനത്തെ കുറിച്ച് സങ്കീർത്തനം 145:7 പറയുന്നു: “അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും.” നാം ജീവിക്കുന്ന ഓരോ ദിവസവും യഹോവയുടെ നന്മയിൽനിന്ന് ഏതെങ്കിലും വിധത്തിൽ നമുക്കു പ്രയോജനം ലഭിക്കുന്നു. സാധ്യമാകുന്നിടത്തോളം, പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് യഹോവ നമുക്കായി ചെയ്തിരിക്കുന്ന നന്മകൾക്കായി അവനു നന്ദികൊടുക്കുന്നത് ഒരു പതിവാക്കരുതോ? ആ ഗുണത്തെ കുറിച്ചു ചിന്തിക്കുന്നതും അതിനെപ്രതി ദിനംതോറും യഹോവയ്ക്കു നന്ദികൊടുക്കുന്നതും അതിനെ കുറിച്ച് മറ്റുള്ളവരോടു പറയുന്നതും നമ്മുടെ നല്ലവനായ ദൈവത്തെ അനുകരിക്കാൻ നമ്മെ സഹായിക്കും. യഹോവ ചെയ്യുന്നതുപോലെ നന്മചെയ്യാൻ നാം മാർഗങ്ങൾ തേടുമ്പോൾ, നാം അവനോട് പൂർവാധികം അടുത്തു ചെല്ലും. വൃദ്ധനായിരുന്ന യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു.”—3 യോഹന്നാൻ 11.
22 യഹോവയുടെ നന്മ മറ്റു ഗുണങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ദൈവം ‘സ്നേഹദയ [അഥവാ വിശ്വസ്ത സ്നേഹം] സമൃദ്ധമായി ഉള്ളവൻ ആകുന്നു.’ (പുറപ്പാടു 34:6, NW) നന്മയെ പോലെ യഹോവ അത്ര പൊതുവായി പ്രകടമാക്കുന്ന ഒന്നല്ല ഈ ഗുണം; കാരണം, വിശേഷാൽ തന്റെ വിശ്വസ്ത ദാസന്മാരോടുള്ള ബന്ധത്തിലാണ് അവൻ അതു പ്രകടമാക്കുന്നത്. അവൻ അതു ചെയ്യുന്ന വിധത്തെ കുറിച്ച് നാം അടുത്ത അധ്യായത്തിൽ പഠിക്കുന്നതായിരിക്കും.
a യഹോവയുടെ നന്മയുടെ ഏറ്റവും വലിയ തെളിവാണ് മറുവില. ദശലക്ഷക്കണക്കിനു വരുന്ന ആത്മജീവികളിൽനിന്ന്, നമുക്കുവേണ്ടി മരിക്കാൻ യഹോവ തിരഞ്ഞെടുത്തത് തന്റെ പ്രിയപ്പെട്ട ഏകജാത പുത്രനെയാണ്.
b ബൈബിൾ സമുചിതമായി സത്യത്തെ വെളിച്ചത്തോടു ബന്ധപ്പെടുത്തുന്നു. “നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 43:3) തന്നിൽനിന്നു പഠിക്കാൻ അല്ലെങ്കിൽ പ്രബോധനം നേടാൻ ആഗ്രഹിക്കുന്നവരുടെമേൽ യഹോവ സമൃദ്ധമായ ആത്മീയ പ്രകാശം ചൊരിയുന്നു.—2 കൊരിന്ത്യർ 4:6; 1 യോഹന്നാൻ 1:5.