യഹസ്കേൽ
47 പിന്നെ ദേവാലയത്തിന്റെ വാതിൽക്കലേക്ക്+ എന്നെ തിരികെ കൊണ്ടുവന്നു. അവിടെ, ദേവാലയത്തിന്റെ വാതിൽപ്പടിയുടെ അടിയിൽനിന്ന് കിഴക്കോട്ടു വെള്ളം ഒഴുകുന്നതു ഞാൻ കണ്ടു.+ കാരണം, ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. ദേവാലയത്തിന്റെ വലതുവശത്ത്, അടിയിൽനിന്ന് വെള്ളം താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. അതു യാഗപീഠത്തിന്റെ തെക്കുവശത്തുകൂടെ ഒഴുകി.
2 പിന്നെ വടക്കേ കവാടംവഴി+ എന്നെ വെളിയിൽ കൊണ്ടുവന്നു. എന്നിട്ട് പുറത്തുകൂടെ ചുറ്റിനടത്തി കിഴക്കോട്ടു ദർശനമുള്ള പുറത്തെ കവാടത്തിന്+ അടുത്തേക്കു കൊണ്ടുപോയി. അപ്പോൾ അതാ, ആ കവാടത്തിന്റെ വലതുവശത്തുകൂടെ വെള്ളം കുറേശ്ശെ ഒഴുകുന്നു.
3 അപ്പോൾ ആ മനുഷ്യൻ ഒരു അളവുനൂലും പിടിച്ച്+ കിഴക്കോട്ടു പോയി. അദ്ദേഹം 1,000 മുഴം* അളന്നു. എന്നിട്ട് എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം കാൽക്കുഴവരെയുണ്ടായിരുന്നു.
4 അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. എന്നിട്ട് എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം കാൽമുട്ടുവരെയുണ്ടായിരുന്നു.
പിന്നെയും 1,000 മുഴം അളന്നിട്ട് അദ്ദേഹം എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം അരവരെയുണ്ടായിരുന്നു.
5 അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. അപ്പോഴേക്കും അതു വലിയൊരു ജലപ്രവാഹമായി മാറിയിരുന്നു; അതിലൂടെ നടക്കാൻ പറ്റുമായിരുന്നില്ല. നല്ല ആഴമുണ്ടായിരുന്നതുകൊണ്ട് നീന്തുകയായിരുന്നു ഏകമാർഗം; ആ ജലപ്രവാഹത്തിലൂടെ നടന്നുപോകുക അസാധ്യമായിരുന്നു.
6 അദ്ദേഹം എന്നോട്, “മനുഷ്യപുത്രാ, ഇതു കണ്ടോ” എന്നു ചോദിച്ചു.
എന്നിട്ട് എന്നെ ആ നദിയുടെ തീരത്തേക്കു തിരിച്ച് നടത്തി. 7 തിരിച്ചെത്തിയപ്പോൾ നദിയുടെ ഇരുകരകളിലും ധാരാളം മരങ്ങൾ ഞാൻ കണ്ടു.+ 8 അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ വെള്ളം കിഴക്കൻ പ്രദേശത്തേക്ക് ഒഴുകി അരാബവഴി*+ കടലിൽ പതിക്കുന്നു. അതു കടലിൽ എത്തുമ്പോൾ+ അവിടെയുള്ള വെള്ളം ശുദ്ധമാകും. 9 ഈ വെള്ളം* ഒഴുകിച്ചെല്ലുന്നിടത്തെല്ലാം അനേകമനേകം ജീവജാലങ്ങൾ ജീവിക്കും. ഈ വെള്ളം ഒഴുകിച്ചെല്ലുന്നതുകൊണ്ട് അവിടെ ഇഷ്ടംപോലെ മീനുകൾ ഉണ്ടാകും. കടൽവെള്ളം ശുദ്ധമാകും. നദി ഒഴുകിയെത്തുന്നിടത്തെല്ലാം ഏതു ജീവിയും ജീവിക്കും.
10 “മീൻപിടുത്തക്കാർ അതിന്റെ കരയിൽ ഏൻ-ഗദി+ മുതൽ ഏൻ-എഗ്ലയീം വരെയുള്ള സ്ഥലത്ത് നിൽക്കും. അവിടെ വല ഉണക്കാനുള്ള ഒരു സ്ഥലമുണ്ടായിരിക്കും. മഹാസമുദ്രത്തിലേതുപോലെ*+ പല തരം മീനുകൾ സുലഭമായി അതിലുണ്ടായിരിക്കും.
11 “അതിനു ചതുപ്പുനിലങ്ങളും ചേറ്റുനിലങ്ങളും ഉണ്ടായിരിക്കും. പക്ഷേ ഇവ ശുദ്ധമാകില്ല. ഉപ്പിനായി ഇവയെ ഉപേക്ഷിക്കും.+
12 “ഭക്ഷ്യയോഗ്യമായ പഴങ്ങൾ തരുന്ന എല്ലാ തരം മരങ്ങളും നദിയുടെ ഇരുകരകളിലും വളരും. അവയുടെ ഇലകൾ വാടില്ല; അവ കായ്ക്കാതിരിക്കുകയുമില്ല. അവയ്ക്കു കിട്ടുന്ന വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട്+ ഓരോ മാസവും അവയിൽ പുതിയ കായ്കൾ ഉണ്ടാകും. അവയുടെ കായ്കൾ ആഹാരത്തിനും അവയുടെ ഇലകൾ രോഗം ഭേദമാക്കാനും ഉപകരിക്കും.”+
13 പരമാധികാരിയായ യഹോവ പറയുന്നു: “ഈ പ്രദേശമാണ് 12 ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശഭൂമിയായി നിങ്ങൾ വീതിച്ചുകൊടുക്കേണ്ടത്. യോസേഫിനു രണ്ട് ഓഹരി കിട്ടും.+ 14 നിങ്ങൾ അത് അവകാശമാക്കും. എല്ലാവർക്കും തുല്യമായ ഓഹരി* കിട്ടും. നിങ്ങളുടെ പൂർവികർക്ക് ഈ ദേശം കൊടുക്കുമെന്നു ഞാൻ സത്യം ചെയ്തിരുന്നു.+ ഇപ്പോൾ ഇതാ, നിങ്ങൾക്ക് ഇത് അവകാശമായി വീതിച്ചുകിട്ടിയിരിക്കുന്നു.*
15 “ദേശത്തിന്റെ വടക്കേ അതിർ: മഹാസമുദ്രത്തിൽനിന്ന് ഹെത്ലോനിലേക്കുള്ള+ വഴിക്ക് സെദാദ്,+ 16 ഹമാത്ത്,+ ബരോത്ത+ എന്നിവിടങ്ങളിലേക്കും ദമസ്കൊസിന്റെ പ്രദേശത്തിനും ഹമാത്തിന്റെ പ്രദേശത്തിനും ഇടയ്ക്കുള്ള സിബ്രയീമിലേക്കും ഹൗറാന്റെ+ അതിരിന് അടുത്തുള്ള ഹാസ്സെർ-ഹത്തിക്കോനിലേക്കും നീളുന്നു. 17 അങ്ങനെ, അതിർത്തി കടൽ മുതൽ ഹസർ-ഏനോൻ വരെയായിരിക്കും.+ അത് അങ്ങനെ ദമസ്കൊസിന്റെ അതിരിലൂടെ വടക്കോട്ടു പോയി ഹമാത്തിന്റെ അതിരിൽ എത്തുന്നു.+ ഇതാണു വടക്കേ അതിർ.
18 “കിഴക്കേ അതിർ, ഹൗറാൻ മുതൽ ദമസ്കൊസ് വരെയും അതുപോലെ ഗിലെയാദിനും+ ഇസ്രായേൽ ദേശത്തിനും ഇടയിൽ യോർദാനും ആണ്. അതിരിൽനിന്ന്* കിഴക്കേ കടൽവരെ* നീ അളക്കണം. ഇതാണു കിഴക്കേ അതിർ.
19 “തെക്കേ അതിർ,* താമാർ മുതൽ മെരീബത്ത്-കാദേശിലെ നീരുറവ് വരെ എത്തുന്നു.+ എന്നിട്ട്, നീർച്ചാലിലേക്കും* മഹാസമുദ്രത്തിലേക്കും നീളുന്നു.+ ഇതാണു തെക്കേ അതിർ.*
20 “പടിഞ്ഞാറുവശത്ത്, തെക്കേ അതിരുമുതൽ ലബോ-ഹമാത്തിന്*+ എതിരെയുള്ള സ്ഥലംവരെ മഹാസമുദ്രമാണ്. ഇതു പടിഞ്ഞാറേ അതിർ.”
21 “നിങ്ങൾ 12 ഇസ്രായേൽഗോത്രങ്ങളും ഈ ദേശം വീതിച്ചെടുക്കണം. 22 നിങ്ങൾ ദേശം നിങ്ങൾക്കും നിങ്ങളുടെ നാട്ടിൽ വന്നുതാമസിച്ചശേഷം മക്കൾ ഉണ്ടായ വിദേശികൾക്കും അവകാശമായി വീതിക്കണം. നിങ്ങൾ അവരെ ഇസ്രായേല്യരായി ജനിച്ചവരെപ്പോലെ കാണണം. നിങ്ങൾക്കൊപ്പം അവർക്കും ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം കിട്ടും. 23 ആ വിദേശി താമസിക്കുന്നത് ഏതു ഗോത്രത്തിന്റെ പ്രദേശത്താണോ അവിടെത്തന്നെ നിങ്ങൾ അവന് അവകാശം നൽകണം” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.