പഠനലേഖനം 10
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
സ്നാനത്തിനു ശേഷവും യേശുവിനെ അനുഗമിക്കുന്നതിൽ തുടരുക
“എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നും എന്നെ അനുഗമിക്കട്ടെ.”—ലൂക്കോ. 9:23.
ഉദ്ദേശ്യം
സമർപ്പണം നമ്മുടെയെല്ലാം ജീവിതത്തെ എങ്ങനെയാണു സ്വാധീനിക്കുന്നത് എന്നു മനസ്സിലാക്കാൻ ഈ ലേഖനം സഹായിക്കും. പ്രത്യേകിച്ചും വിശ്വസ്തരായിത്തുടരാൻ പുതുതായി സ്നാനമേറ്റവരെ സഹായിക്കുന്ന ഒന്നാണ് ഇത്.
1-2. സ്നാനത്തിനു ശേഷം ഒരു വ്യക്തിക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
സ്നാനപ്പെട്ട് യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകുന്നത് എത്ര വലിയ സന്തോഷമാണ്! അത് ഒരു ബഹുമതിതന്നെയാണ്. അതിന് അവസരം ലഭിച്ചവർ തീർച്ചയായും സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകളോട് പൂർണമായും യോജിക്കും. അദ്ദേഹം ഇങ്ങനെ എഴുതി: “തിരുമുറ്റത്ത് വസിക്കാനായി അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ.”—സങ്കീ. 65:4.
2 യഹോവ എല്ലാവരെയും തന്റെ തിരുമുറ്റത്തേക്കു ക്ഷണിക്കുമോ? ഇല്ല. കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ താനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ ആഗ്രഹിക്കുന്നു എന്നു തെളിയിക്കുന്നവരോടാണ് യഹോവ അടുത്തുവരുന്നത്. (യാക്കോ. 4:8) സമർപ്പിച്ച് സ്നാനപ്പെടുമ്പോൾ ഒരു പ്രത്യേകവിധത്തിൽ നിങ്ങൾ യഹോവയോട് അടുക്കും. സ്നാനമേറ്റുകഴിഞ്ഞാൽ യഹോവ ‘ഒന്നിനും കുറവില്ലാത്ത വിധം നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയും’ എന്ന് ഉറപ്പുണ്ടായിരിക്കുക.—മലാ. 3:10; യിരെ. 17:7, 8.
3. സമർപ്പിച്ച് സ്നാനമേറ്റ ഒരു ക്രിസ്ത്യാനിക്കു ഗൗരവമേറിയ എന്ത് ഉത്തരവാദിത്വമുണ്ട്? (സഭാപ്രസംഗകൻ 5:4, 5)
3 സ്നാനം ഒരു തുടക്കം മാത്രമാണ്. സ്നാനപ്പെട്ടുകഴിയുമ്പോൾ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും, തെറ്റു ചെയ്യാനുള്ള പ്രലോഭനമോ വിശ്വാസത്തിന്റെ പേരിലുള്ള പരിശോധനയോ ഒക്കെ നേരിട്ടാൽപ്പോലും. (സഭാപ്രസംഗകൻ 5:4, 5 വായിക്കുക.) ക്രിസ്തുശിഷ്യനെന്ന നിലയിൽ നിങ്ങൾ യേശുവിന്റെ മാതൃകയും കല്പനകളും അടുത്ത് പിൻപറ്റാനും കഠിനശ്രമം ചെയ്യും. (മത്താ. 28:19, 20; 1 പത്രോ. 2:21) അതിനു സഹായിക്കുന്നതാണ് ഈ ലേഖനം.
പരിശോധനകളോ പ്രലോഭനങ്ങളോ ഉണ്ടായാലും ‘യേശുവിനെ അനുഗമിക്കുക’
4. ഏത് അർഥത്തിലാണ് യേശുവിന്റെ അനുഗാമികൾ “ദണ്ഡനസ്തംഭം” എടുക്കുന്നത്? (ലൂക്കോസ് 9:23)
4 സ്നാനപ്പെട്ട് കഴിഞ്ഞാൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? യേശു പറഞ്ഞത് തന്റെ അനുഗാമികൾ “ദണ്ഡനസ്തംഭം” എടുക്കേണ്ടിവരും എന്നാണ്. അവർ “എന്നും” അങ്ങനെ ചെയ്യേണ്ടിവരുമെന്നു യേശു പറഞ്ഞു. (ലൂക്കോസ് 9:23 വായിക്കുക.) തന്റെ അനുഗാമികൾ എപ്പോഴും ദുരിതം അനുഭവിച്ചുകൊണ്ടിരിക്കും എന്നാണോ യേശു ഉദ്ദേശിച്ചത്? അങ്ങനെയല്ല. അനുഗ്രഹങ്ങളോടൊപ്പം അവർ ചില പ്രശ്നങ്ങളും നേരിടേണ്ടിവരുമെന്നാണ് യേശു സൂചിപ്പിച്ചത്. അതിൽ ചിലതു വളരെ വേദനിപ്പിക്കുന്നതും ആയിരുന്നേക്കാം.—2 തിമൊ. 3:12.
5. ദൈവരാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടുമെന്നാണ് യേശു പറഞ്ഞത്?
5 ചിലപ്പോൾ കുടുംബത്തിന്റെ എതിർപ്പു സഹിച്ചായിരിക്കാം നിങ്ങൾ പഠിച്ചുവന്നത്. അല്ലെങ്കിൽ ദൈവരാജ്യം ഒന്നാമതു വെക്കാനായി നിങ്ങൾ കൂടുതൽ പണവും വസ്തുവകകളും ഉണ്ടാക്കാനുള്ള അവസരങ്ങൾ വേണ്ടെന്നു വെച്ചിട്ടുണ്ടാകാം. (മത്താ. 6:33) ആ ത്യാഗങ്ങളെല്ലാം യഹോവ അറിയുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. (എബ്രാ. 6:10) യേശുവിന്റെ ഈ വാക്കുകൾ സത്യമാണെന്ന് നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും: “എന്നെപ്രതിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതിയും വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും ഈ കാലത്തുതന്നെ ഉപദ്രവത്തോടുകൂടെ 100 മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും; വരാൻപോകുന്ന വ്യവസ്ഥിതിയിൽ നിത്യജീവനും!” (മർക്കോ. 10:29, 30) ഈ അനുഗ്രഹങ്ങൾ നിങ്ങൾ ചെയ്ത ത്യാഗങ്ങളെക്കാളെല്ലാം എത്രയോ വലുതാണ്!—സങ്കീ. 37:4.
6. സ്നാനത്തിനു ശേഷവും ‘ജഡത്തിന്റെ മോഹത്തിനെതിരെ’ നിങ്ങൾ പോരാടേണ്ടത് എന്തുകൊണ്ട്?
6 സ്നാനപ്പെട്ട് കഴിഞ്ഞും ‘ജഡത്തിന്റെ മോഹവുമായി’ നിങ്ങൾ തുടർന്നും പോരാടേണ്ടിവരും. (1 യോഹ. 2:16) കാരണം, എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ആദാമിന്റെ ഒരു പിൻഗാമിയാണ്, അപൂർണനാണ്. അതുകൊണ്ടുതന്നെ പൗലോസ് അപ്പോസ്തലനു തോന്നിയതുപോലെ ചിലപ്പോഴൊക്കെ നിങ്ങൾക്കും തോന്നിയേക്കാം. പൗലോസ് എഴുതി: “എന്റെ ഉള്ളിലെ മനുഷ്യൻ ദൈവത്തിന്റെ നിയമത്തിൽ ശരിക്കും സന്തോഷിക്കുന്നു. എങ്കിലും എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന മറ്റൊരു നിയമം എന്റെ ശരീരത്തിൽ ഞാൻ കാണുന്നു. അത് എന്നെ എന്റെ ശരീരത്തിലുള്ള പാപത്തിന്റെ നിയമത്തിന് അടിമയാക്കുന്നു.” (റോമ. 7:22, 23) തെറ്റായ മോഹങ്ങൾക്ക് എതിരെ പോരാടേണ്ടിവരുമ്പോൾ നിങ്ങൾക്കും ഇതുപോലെ നിരുത്സാഹം തോന്നിയേക്കാം. എന്നാൽ യഹോവയ്ക്കു സമർപ്പിച്ചപ്പോൾ കൊടുത്ത വാക്കിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രലോഭനത്തിന് എതിരെ പോരാടാനുള്ള ശക്തി നിങ്ങൾക്കു തരും. ശരിക്കുംപറഞ്ഞാൽ, നിങ്ങൾ അങ്ങനെയൊരു വാക്കു കൊടുത്തിരിക്കുന്നതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാണ്. എന്തുകൊണ്ട്?
7. യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നത് വിശ്വസ്തരായിരിക്കാൻ നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
7 യഹോവയ്ക്കു സമർപ്പിക്കുമ്പോൾ നിങ്ങൾ സ്വയം ത്യജിക്കുകയാണ്. എന്നു പറഞ്ഞാൽ, നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ആണെങ്കിൽ അവയെല്ലാം നമ്മൾ വേണ്ടെന്നുവെക്കും. (മത്താ. 16:24) അതുകൊണ്ട് ജീവിതത്തിൽ ഒരു പരിശോധന വരുമ്പോൾ എന്തു ചെയ്യണമെന്ന് ആലോചിച്ച് നമ്മൾ സമയം കളയില്ല. കാരണം അത്തരമൊരു സാഹചര്യത്തിൽ നമ്മുടെ മുമ്പിൽ ഒരു വഴിയേ ഉള്ളൂ: യഹോവയോടു വിശ്വസ്തരായിരിക്കുക. ബാക്കിയുള്ള വഴികളെല്ലാം നമ്മൾ സമർപ്പിച്ചപ്പോൾത്തന്നെ അടച്ചുകളഞ്ഞു. നിങ്ങളുടെ ആ തീരുമാനത്തിൽ നിങ്ങൾ ഉറച്ചുനിൽക്കും. അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും, “ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല” എന്നു പറഞ്ഞ ഇയ്യോബിനെപ്പോലെയായിരിക്കും നിങ്ങൾ.—ഇയ്യോ. 27:5.
8. യഹോവയ്ക്കു സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രാർഥനയെക്കുറിച്ച് ചിന്തിക്കുന്നത് പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ എങ്ങനെ സഹായിക്കും?
8 യഹോവയ്ക്കു സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രാർഥനയെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ ഏതു പ്രലോഭനത്തെയും ചെറുത്തുനിൽക്കാനുള്ള ശക്തി നിങ്ങൾക്കു കിട്ടും. ഉദാഹരണത്തിന്, മറ്റൊരാളുടെ ഇണയുമായി നിങ്ങൾ ശൃംഗരിക്കാൻ തുടങ്ങുമോ? ഒരിക്കലുമില്ല. കാരണം സമർപ്പിച്ചപ്പോൾ ഇതുപോലുള്ള കാര്യങ്ങളൊന്നും ചെയ്യില്ല എന്നു നിങ്ങൾ പറഞ്ഞതാണ്. അതിലൂടെ നിങ്ങൾക്ക് പല വേദനകളും ഒഴിവാക്കാനാകും. കാരണം മോശമായ ചിന്തകൾ മനസ്സിൽ വേരുപിടിച്ച് കഴിഞ്ഞാൽ അതു കളയുന്നത് ബുദ്ധിമുട്ടാണ്. അതെ, നിങ്ങൾ ‘ദുഷ്ടന്മാരുടെ വഴിയിൽനിന്ന് മാറിപ്പോകും.’—സുഭാ. 4:14, 15.
9. യഹോവയ്ക്കു സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രാർഥനയെക്കുറിച്ച് ചിന്തിക്കുന്നത് ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കാൻ എങ്ങനെ സഹായിക്കും?
9 മറ്റൊരു സാഹചര്യം നോക്കാം. നിങ്ങൾക്കു ജോലിക്കുള്ള ഒരു അവസരം കിട്ടുന്നു, പക്ഷേ അതു സ്വീകരിച്ചാൽ ക്രമമായി മീറ്റിങ്ങുകൾക്കു പോകാൻ പറ്റില്ല. അപ്പോൾ, എന്തു തീരുമാനമെടുക്കും എന്ന് ഓർത്ത് നിങ്ങൾ സംശയിച്ചുനിൽക്കുമോ? ഇല്ല. കാരണം, സമർപ്പിച്ചപ്പോൾത്തന്നെ അത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്നു നിങ്ങൾ തീരുമാനിച്ചതാണ്. അതുകൊണ്ടുതന്നെ ‘ആദ്യം ആ ജോലി സ്വീകരിക്കാം, അതിനുശേഷം യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ എന്തെങ്കിലും വഴി കണ്ടുപിടിക്കാം’ എന്ന് ഒരിക്കലും ചിന്തിക്കില്ല. യേശുവിന്റെ മാതൃകയെക്കുറിച്ച് ഓർക്കുന്നത് നിങ്ങളെ സഹായിക്കും. യേശു തന്റെ പിതാവിനെ സന്തോഷിപ്പിക്കാൻ തീരുമാനിച്ചുറച്ചിരുന്നു. നിങ്ങൾക്കും യേശുവിനെപ്പോലെ ഉറച്ച മനസ്സുള്ളവരായിരിക്കാം. അപ്പോൾ ദൈവത്തിന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിങ്ങൾ പെട്ടെന്നു തള്ളിക്കളയും; അതിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.—മത്താ. 4:10; യോഹ. 8:29.
10. സ്നാനത്തിനു ശേഷവും ‘യേശുവിനെ അനുഗമിക്കുന്നതിൽ’ തുടരാൻ യഹോവ നിങ്ങളെ എങ്ങനെ സഹായിക്കും?
10 പ്രശ്നങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമ്പോൾ എന്തു ചെയ്യുന്നുവെന്നത് ‘യേശുവിനെ അനുഗമിക്കാൻ’ നിങ്ങൾ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടോ എന്നു തെളിയിക്കും. യേശുവിനെ അനുഗമിക്കാൻ യഹോവ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. ബൈബിൾ പറയുന്നു: “ദൈവം വിശ്വസ്തനാണ്. നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല. നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും.”—1 കൊരി. 10:13.
തുടർന്നും യേശുവിനെ അനുഗമിക്കാൻ എന്തു ചെയ്യാം?
11. യേശുവിനെ അനുഗമിക്കാനുള്ള ഏറ്റവും നല്ല ഒരു വഴി എന്താണ്? (ചിത്രവും കാണുക.)
11 യേശു ഉത്സാഹത്തോടെ പ്രവർത്തിച്ചു, യഹോവയോടു കൂടെക്കൂടെ പ്രാർഥിച്ചു, അങ്ങനെ യഹോവയോടു ചേർന്നുനിന്നു. (ലൂക്കോ. 6:12) സ്നാനത്തിനു ശേഷവും യേശുവിനെ അനുഗമിക്കുന്നതിൽ തുടരാൻ നമുക്കു പലതും ചെയ്യാനാകും. അതിനുള്ള നല്ലൊരു വഴി എപ്പോഴും യഹോവയോടു കൂടുതൽ അടുക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്. ബൈബിൾ പറയുന്നു: “നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.” (ഫിലി. 3:16) യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ തീരുമാനിച്ച സഹോദരങ്ങളുടെ അനുഭവങ്ങൾ നിങ്ങൾ ഇടയ്ക്കിടെ കേൾക്കുന്നുണ്ടാകും. ചിലപ്പോൾ അവർ രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുത്തിട്ടുണ്ടാകും. അല്ലെങ്കിൽ ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്കു മാറിയിട്ടുണ്ടാകും. തങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താൻ അങ്ങേയറ്റം ആഗ്രഹിക്കുന്നവരാണ് യഹോവയുടെ ജനം. (പ്രവൃ. 16:9) നിങ്ങൾക്ക് അങ്ങനെയൊരു ലക്ഷ്യം വെക്കാനാകുമെങ്കിൽ ഒരു നിമിഷംപോലും മടിച്ചുനിൽക്കേണ്ടാ. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് അങ്ങനെയൊരു സാഹചര്യം ഇല്ലെങ്കിലോ? മറ്റുള്ളവരെപ്പോലെയൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നു ചിന്തിക്കേണ്ടാ. എന്തുവന്നാലും അവസാനത്തോളം വിശ്വസ്തരായി തുടരുക എന്നതാണ് ഏറ്റവും പ്രധാനം. (മത്താ. 10:22) നിങ്ങളുടെ കഴിവും സാഹചര്യവും പോലെ യഹോവയെ സേവിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും എന്ന് ഓർക്കുക. സ്നാനത്തിനു ശേഷവും യേശുവിനെ അനുഗമിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു വിധമാണ് അത്.—സങ്കീ. 26:1.
12-13. നിങ്ങളുടെ ഉത്സാഹം കുറയുന്നതായി തോന്നിയാൽ എന്തു ചെയ്യാനാകും? (1 കൊരിന്ത്യർ 9:16, 17) (“നിറുത്താതെ ഓടുക” എന്ന ചതുരവും കാണുക.)
12 എന്നാൽ ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നുകയാണ്, നിങ്ങളുടെ പ്രാർഥന ആത്മാർഥമല്ല, ശുശ്രൂഷ ഒരുതരം ചടങ്ങുപോലെയാണ്, പഴയപോലെ ബൈബിൾവായന ആസ്വദിക്കാൻ കഴിയുന്നില്ല എന്നൊക്കെ. സ്നാനത്തിനു ശേഷം ഇങ്ങനെയൊക്കെ തോന്നിയാൽ അതിനർഥം നിങ്ങൾക്കു പരിശുദ്ധാത്മാവ് നഷ്ടപ്പെട്ടു എന്നല്ല. അപൂർണരായതുകൊണ്ട് ചിലപ്പോൾ നിങ്ങളുടെ ഉത്സാഹമൊക്കെ അൽപ്പം തണുത്തുപോയേക്കാം. അങ്ങനെ സംഭവിച്ചാൽ പൗലോസ് അപ്പോസ്തലന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കുക. യേശുവിനെ അനുകരിക്കാൻ ആത്മാർഥമായി ശ്രമിച്ചെങ്കിലും ചിലപ്പോഴൊക്കെ അതിനുള്ള ശക്തമായ ആഗ്രഹം തനിക്കില്ലെന്ന് പൗലോസ് തിരിച്ചറിഞ്ഞു. (1 കൊരിന്ത്യർ 9:16, 17 വായിക്കുക.) അദ്ദേഹം പറഞ്ഞു: “ഞാൻ അതു ചെയ്യുന്നതു മനസ്സോടെയല്ലെങ്കിൽപ്പോലും, അതു ചെയ്യാൻ ഒരു കാര്യസ്ഥനായി എന്നെ നിയോഗിച്ചിട്ടുള്ളതുകൊണ്ട് ഞാൻ അതു ചെയ്തേ മതിയാകൂ.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, അത്ര ശക്തമായ ആഗ്രഹം തോന്നാതിരുന്നപ്പോൾപ്പോലും, തന്റെ ശുശ്രൂഷ ചെയ്തുതീർക്കാൻ പൗലോസ് ഉറച്ച തീരുമാനമെടുത്തു.
13 അതുപോലെ, ശരിയായതു ചെയ്യാൻ തോന്നാത്തപ്പോൾപ്പോലും അങ്ങനെ ചെയ്യുമെന്നു നിങ്ങളും ഉറച്ച തീരുമാനമെടുക്കുക. ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽ തുടർന്നാൽ നമ്മുടെ ഉത്സാഹക്കുറവൊക്കെ പതിയെ മാറിയേക്കാം. എന്തുവന്നാലും നിങ്ങളുടെ ആത്മീയദിനചര്യയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. അങ്ങനെയാകുമ്പോൾ സ്നാനത്തിനു ശേഷവും യേശുവിനെ അനുഗമിക്കുന്നതിൽ തുടരാൻ നിങ്ങൾക്കാകും. ഏതു സാഹചര്യത്തിലും നിങ്ങൾ അതു മുടങ്ങാതെ ചെയ്യുന്നതു കാണുമ്പോൾ സഹോദരങ്ങൾക്കും പ്രോത്സാഹനമാകും.—1 തെസ്സ. 5:11.
‘പരിശോധിച്ചുകൊണ്ടിരിക്കുക, എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക’
14. ഏതു കാര്യം നമ്മൾ ക്രമമായി പരിശോധിക്കണം, എന്തുകൊണ്ട്? (2 കൊരിന്ത്യർ 13:5)
14 സ്നാനത്തിനു ശേഷം നമ്മളെത്തന്നെ ക്രമമായി പരിശോധിക്കുന്നതും യേശുവിനെ അനുഗമിക്കുന്നതിൽ തുടരാൻ നമ്മളെ സഹായിക്കും. (2 കൊരിന്ത്യർ 13:5 വായിക്കുക.) നിങ്ങൾ ദിവസവും പ്രാർഥിക്കുന്നുണ്ടോ, ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടോ, മീറ്റിങ്ങുകൾക്കു പോകുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ടോ എന്നെല്ലാം ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഈ കാര്യങ്ങൾ കൂടുതൽ ആസ്വദിച്ച് ചെയ്യാനും അതിൽനിന്ന് കൂടുതൽ പ്രയോജനം നേടാനും എങ്ങനെ കഴിയുമെന്നു ചിന്തിക്കുക. ഉദാഹരണത്തിന് നിങ്ങളോടുതന്നെ ചോദിക്കുക: ‘അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാൻ എനിക്കു കഴിയുമോ? ശുശ്രൂഷ കൂടുതൽ ആസ്വദിക്കാൻ എനിക്ക് എന്തെല്ലാം ചെയ്യാനാകും? ഓരോ കാര്യവും എടുത്തുപറഞ്ഞ് പ്രാർഥിക്കുന്ന ശീലം എനിക്കുണ്ടോ? യഹോവയിൽ പൂർണമായി ആശ്രയിക്കുന്നുണ്ടെന്ന് എന്റെ പ്രാർഥനകൾ തെളിയിക്കുന്നുണ്ടോ? ക്രിസ്തീയയോഗങ്ങൾക്കു ഞാൻ മുടങ്ങാതെ പോകുന്നുണ്ടോ? മീറ്റിങ്ങുകളിൽ ഞാൻ ശ്രദ്ധിച്ചാണോ ഇരിക്കുന്നത്? ഞാൻ നന്നായി അഭിപ്രായങ്ങൾ പറയുന്നുണ്ടോ?’
15-16. പ്രലോഭനത്തെ ചെറുക്കുന്ന കാര്യത്തിൽ റോബർട്ട് സഹോദരന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
15 നമ്മുടെ ബലഹീനതകൾ എന്തൊക്കെയാണെന്നു സത്യസന്ധമായി പരിശോധിക്കുന്നതും പ്രധാനമാണ്. അതിന് ഉദാഹരണമാണ് റോബർട്ട് സഹോദരനുണ്ടായ ഒരു അനുഭവം. അദ്ദേഹം പറയുന്നു: “എനിക്ക് ഏകദേശം 20 വയസ്സുണ്ടായിരുന്നപ്പോൾ, കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ഒരു ദിവസം ജോലി കഴിഞ്ഞ് എന്നെ വീട്ടിലേക്കു വിളിച്ചു. വീട്ടിൽ അവൾ ‘തനിച്ച്’ ആണെന്നും വേറെയാരും ഉണ്ടാകില്ലെന്നും പറഞ്ഞു. ആദ്യം ഞാൻ പലതും പറഞ്ഞ് ഒഴിവാകാൻ നോക്കി. അവസാനം വരില്ലെന്നു തീർത്തുപറഞ്ഞു. അതിന്റെ കാരണവും വിശദീകരിച്ചു.” റോബർട്ട് പ്രലോഭനത്തെ ചെറുത്തുനിന്നു എന്നത് എടുത്തുപറയേണ്ട കാര്യംതന്നെയാണ്. എന്നാൽ പിന്നീട് ആ സംഭവത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ഇതിലും നന്നായി ആ സാഹചര്യം കൈകാര്യം ചെയ്യാൻ പറ്റുമായിരുന്നു എന്ന് റോബർട്ടിനു തോന്നി. അദ്ദേഹം പറയുന്നു: “പോത്തിഫറിന്റെ ഭാര്യ പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ യോസേഫ് പ്രതികരിച്ചതുപോലെ പ്രതികരിക്കാൻ എനിക്കു കഴിഞ്ഞില്ല. നിശ്ചയദാർഢ്യത്തോടെ, പെട്ടെന്ന് ഞാൻ ആ ക്ഷണം നിരസിച്ചില്ല. (ഉൽപ. 39:7-9) സത്യം പറഞ്ഞാൽ, അൽപ്പം ബുദ്ധിമുട്ടിയാണല്ലോ ‘ഇല്ല’ എന്നു പറഞ്ഞതെന്ന് ഞാൻ ഒരു നിമിഷം ഓർത്തുപോയി. യഹോവയുമായുള്ള സൗഹൃദം ഇനിയും ശക്തമാക്കേണ്ടതുണ്ടെന്നു മനസ്സിലാക്കാൻ ഈ അനുഭവം എന്നെ സഹായിച്ചു.”
16 റോബർട്ടിനെപ്പോലെ ആത്മപരിശോധന നടത്തുന്നെങ്കിൽ അതു നിങ്ങൾക്കും പ്രയോജനം ചെയ്യും. നിങ്ങൾ ഒരു പ്രലോഭനത്തെ വിജയകരമായി നേരിട്ടാലും സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ അതിനോട് ഇല്ല എന്നു പറയാൻ എത്രത്തോളം സമയമെടുത്തു?’ അങ്ങനെ ചിന്തിച്ചശേഷം മാറ്റം വരുത്താനുണ്ടെന്നു മനസ്സിലായാൽ വിഷമിക്കേണ്ടതില്ല. പകരം നമ്മുടെ ബലഹീനത തിരിച്ചറിയാൻ പറ്റിയല്ലോ എന്നോർത്ത് സന്തോഷിക്കുക. ഇക്കാര്യത്തെക്കുറിച്ച് പ്രാർഥനയിൽ യഹോവയോടു പറയുക. അതോടൊപ്പം യഹോവയുടെ ധാർമികനിലവാരങ്ങൾ അനുസരിക്കാനുള്ള ആഗ്രഹം ശക്തമാക്കുകയും വേണം. അതിനുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുക.—സങ്കീ. 139:23, 24.
17. റോബർട്ടിന്റെ അനുഭവത്തിൽ യഹോവയുടെ പേര് എങ്ങനെയാണ് ഉൾപ്പെട്ടിരുന്നത്?
17 റോബർട്ടിന്റെ അനുഭവത്തിൽനിന്ന് നമുക്ക് വേറൊരു കാര്യവും പഠിക്കാനുണ്ട്. അദ്ദേഹം പറയുന്നു: “ഞാൻ ആ ക്ഷണം നിരസിച്ചപ്പോൾ ‘നീ വിജയിച്ചു’ എന്ന് അവൾ എന്നോടു പറഞ്ഞു. അവൾ എന്താണ് ഉദ്ദേശിച്ചതെന്നു ഞാൻ ചോദിച്ചു. മുമ്പ് യഹോവയുടെ സാക്ഷിയായിരുന്ന ഒരു സുഹൃത്ത് അവളോടു പറഞ്ഞത്, യഹോവയുടെ സാക്ഷികൾക്കിടയിലെ ചെറുപ്പക്കാരെല്ലാം ഇരട്ടജീവിതമാണു നയിക്കുന്നതെന്നും ഒരു അവസരം കിട്ടിയാൽ ആരുമറിയാതെ തെറ്റു ചെയ്യും എന്നുമാണ്. അപ്പോൾ എന്നെവെച്ച് അതൊന്നു പരീക്ഷിച്ചുനോക്കുമെന്ന് അവൾ ആ സുഹൃത്തിനോടു പറഞ്ഞു. ആ സാഹചര്യത്തിൽ യഹോവയുടെ പേര് മഹത്ത്വപ്പെടുത്താൻ പറ്റിയല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നി.”
18. സ്നാനത്തിനു ശേഷം എന്തു ചെയ്യാനാണ് നിങ്ങളുടെ ഉറച്ച തീരുമാനം? (“നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന ഒരു പരമ്പര” എന്ന ചതുരവും കാണുക.)
18 യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേൽക്കുന്നതിലൂടെ എന്തുവന്നാലും യഹോവയുടെ പേര് വിശുദ്ധമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് നമ്മൾ കാണിക്കുകയാണ്. നിങ്ങൾ നേരിടുന്ന പ്രലോഭനങ്ങളും പരീക്ഷണങ്ങളും യഹോവ കാണുന്നുണ്ട് എന്ന് ഉറപ്പുണ്ടായിരിക്കുക. വിശ്വസ്തരായിരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ ഉറപ്പായും അനുഗ്രഹിക്കും. അതിനുള്ള ശക്തി പരിശുദ്ധാത്മാവിലൂടെ യഹോവ തരും. (ലൂക്കോ. 11:11-13) യഹോവയുടെ സഹായത്താൽ സ്നാനത്തിനു ശേഷവും യേശുവിനെ അനുഗമിക്കാൻ നിങ്ങൾക്കാകും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
ക്രിസ്ത്യാനികൾ ‘എന്നും ദണ്ഡനസ്തംഭം എടുക്കുന്നത്’ ഏത് അർഥത്തിലാണ്?
സ്നാനത്തിനു ശേഷവും യേശുവിനെ ‘അനുഗമിക്കാൻ’ നിങ്ങൾക്ക് എന്തു ചെയ്യാം?
സമർപ്പിച്ചപ്പോൾ നടത്തിയ പ്രാർഥനയെക്കുറിച്ച് ചിന്തിക്കുന്നത് വിശ്വസ്തരായിരിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം