ഭയഗംഭീരമായ പ്രപഞ്ചം
‘എന്തോ വിട്ടുപോയിരിക്കുന്നു’—എന്താണ്?
ഒരു തെളിഞ്ഞ രാത്രിയിൽ ആകാശത്തിൽ കാണുന്ന നക്ഷത്രങ്ങളെ കണ്ണുപറിക്കാതെ നോക്കിയിരുന്നശേഷം തണുത്തു വിറച്ച്, കണ്ണുചിമ്മിക്കൊണ്ടു നാം വീടിനുള്ളിൽ പ്രവേശിക്കുന്നു. വിശാലമായ സൗന്ദര്യത്തിന്റെ ഓർമകളും ഒരു നൂറായിരം ചോദ്യങ്ങളും നമ്മുടെ മനസ്സുകളിൽ ഓടിക്കളിക്കുന്നു. പ്രപഞ്ചം എന്തിനാണു സ്ഥിതിചെയ്യുന്നത്? അത് എവിടെനിന്നാണു വന്നത്? അത് എങ്ങോട്ടാണു പോകുന്നത്? പലരും ഉത്തരം നൽകാൻ ശ്രമിക്കുന്ന ചോദ്യങ്ങളാണ് ഇവ.
തന്നെ ഗോളമെമ്പാടുമുള്ള ശാസ്ത്ര സമ്മേളനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും കൊണ്ടെത്തിച്ച, പ്രപഞ്ച ശാസ്ത്രത്തെക്കുറിച്ചുള്ള അഞ്ചു വർഷത്തെ ഗവേഷണത്തിനുശേഷം ശാസ്ത്ര എഴുത്തുകാരനായ ഡെനിസ് ഓവർബൈ ലോക പ്രശസ്ത ഭൗതികജ്ഞനായ സ്റ്റിവൻ ഹോക്കിങ്ങുമായുള്ള തന്റെ സംഭാഷണത്തെക്കുറിച്ച് ഇപ്രകാരം വർണിച്ചു: “അവസാനം ഹോക്കിങ്ങിൽനിന്നും ഞാൻ അറിയാൻ ആഗ്രഹിച്ചത് ഹോക്കിങ്ങിൽനിന്ന് അറിയാൻ ഞാൻ എപ്പോഴും ആഗ്രഹിച്ച കാര്യമായിരുന്നു: മരിക്കുമ്പോൾ നാം എങ്ങോട്ടു പോകുന്നു.”
വിരോധാഭാസം കലർന്നതാണെങ്കിലും ഈ വാക്കുകൾ നമ്മുടെ യുഗത്തെക്കുറിച്ചു വളരെയധികം വെളിപ്പെടുത്തുന്നു. നക്ഷത്രങ്ങളെക്കുറിച്ചും അവയെക്കുറിച്ചു പഠിക്കുന്ന പ്രപഞ്ചശാസ്ത്രജ്ഞൻമാരുടെ സിദ്ധാന്തങ്ങൾ, വൈരുദ്ധ്യമാർന്ന വീക്ഷണങ്ങൾ എന്നിവയെക്കുറിച്ചുമൊന്നുമല്ല വളരെയധികം ചോദ്യങ്ങളുള്ളത്. സഹസ്രാബ്ദങ്ങളായി മനുഷ്യവർഗത്തെ വിടാതെ പിടികൂടിയിരിക്കുന്ന ആ അടിസ്ഥാന ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കുവേണ്ടിയാണ് ആളുകൾ ഇന്നും കൊതിക്കുന്നത്: എന്തുകൊണ്ടാണ് നാം ഇവിടെയായിരിക്കുന്നത്? ഒരു ദൈവമുണ്ടോ? മരിക്കുമ്പോൾ നാം എവിടെപ്പോകുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എവിടെയാണ്? അവ നക്ഷത്രങ്ങളിൽ കണ്ടെത്താനാവുമോ?
ആളുകൾ മതം വിട്ടുപോരുന്നതോടെ പ്രപഞ്ചശാസ്ത്രജ്ഞൻമാരെപ്പോലെയുള്ള ശാസ്ത്രജ്ഞൻമാർ “ഒരു മതേതര യുഗത്തിന്റെ ഏറ്റവും പറ്റിയ പുരോഹിതവർഗ”മായിത്തീർന്നിരിക്കുന്നു. “അമൂല്യമായ പ്രപഞ്ച രഹസ്യങ്ങളെല്ലാം ഇപ്പോൾ കുറേശ്ശെ കുറേശ്ശെയായി വെളിപ്പെടുത്തുന്നത് അവരാണ്, അല്ലാതെ മതനേതാക്കൻമാരല്ല. അവർ അതു ചെയ്യുന്നത് ആത്മീയ വെളിപ്പാടിന്റെ മുഖമൂടിക്കുള്ളിൽനിന്നുകൊണ്ടല്ല, പിന്നെയോ ആ അഭിക്ഷിക്തരൊഴിച്ച് മറ്റെല്ലാവർക്കും ദുർഗ്രഹമായ സമവാക്യങ്ങളുടെ രൂപത്തിലാണ്,” മറ്റൊരു ശാസ്ത്ര എഴുത്തുകാരനായ ജോൺ ബോസ്ലോ നിരീക്ഷിച്ചു. എന്നാൽ അവർ പ്രപഞ്ചത്തിന്റെ എല്ലാ രഹസ്യങ്ങളെയും വെളിപ്പെടുത്തുകയും മനുഷ്യവർഗത്തെ യുഗങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്യുമോ?
പ്രപഞ്ചശാസ്ത്രജ്ഞൻമാർ ഇപ്പോൾ എന്താണു വെളിപ്പെടുത്തുന്നത്? വിശദാംശങ്ങൾ സംബന്ധിച്ച് തുടരെത്തുടരെ ഒളിച്ചുകളി നടത്തുമ്പോൾപ്പോലും മിക്കവരും നമ്മുടെ നാളിലെ ലൗകികമതമായിത്തീർന്നിരിക്കുന്ന മഹാസ്ഫോടന “ദൈവശാസ്ത്ര”ത്തിന്റെ ഏതെങ്കിലും ഭാഷ്യത്തെ പിന്തുണയ്ക്കുന്നവരാണ്. “എങ്കിലും, സൃഷ്ടിയുടെ വർണനയോട് ഒത്തുവരത്തക്കവണ്ണം ഉണ്ടാക്കിയ അങ്ങേയറ്റം ലളിതമായ ഒരു മാതൃകയായിട്ടാണ് പുതിയതും വൈരുദ്ധ്യപൂർണവുമായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ, മഹാസ്ഫോടന സിദ്ധാന്തം അധികമധികം പ്രകടമായിവരുന്നത്. 1990-കളുടെ തുടക്കമായതോടെ മഹാസ്ഫോടന മാതൃകയ്ക്ക് . . . അടിസ്ഥാനപരമായ മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ള കഴിവു കുറയുകയായിരുന്നു,” ബോസ്ലോ അഭിപ്രായപ്പെട്ടു. “അത് 1990-കളുടെ അവസാനം വരെപ്പോലും പിടിച്ചുനിൽക്കുകയില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള സൈദ്ധാന്തികർ ഏതാനും പേരൊന്നുമല്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രപഞ്ചത്തെ സംബന്ധിച്ച ഇന്നത്തെ ചില ഊഹാപോഹങ്ങൾ ഒരുപക്ഷേ ശരിയെന്നു തെളിഞ്ഞേക്കാം, ഒരുപക്ഷേ തെറ്റെന്നും—ഓറിയോൺ നക്ഷത്രപടലത്തിലെ വർണരാജിയിൽ യഥാർഥത്തിൽ പല ഘടകങ്ങൾ സംയോജിച്ച് ഗ്രഹങ്ങൾ ഉണ്ടാകുന്നുണ്ടായിരിക്കാം, ചിലപ്പോൾ ഇല്ലായിരിക്കാം. അതുപോലെതന്നെയാണ് ഈ ഊഹാപോഹങ്ങളും. ഈ ഭൂമിയിലുള്ള ആർക്കും കൃത്യമായി അറിയില്ല എന്നതാണ് അനിഷേധ്യമായ സത്യം. സിദ്ധാന്തങ്ങൾ പെരുകുന്നു. എന്നാൽ സത്യസന്ധരായ നിരീക്ഷകർ മാർഗരറ്റ് ഗെല്ലറുടെ സൂക്ഷ്മബുദ്ധിയോടെയുള്ള നിരീക്ഷണം തന്നെ ആവർത്തിക്കുന്നു. ഇത്രയുമൊക്കെ സരസമായി സംസാരിച്ചിട്ടും പ്രപഞ്ചത്തെ സംബന്ധിച്ച ശാസ്ത്രത്തിന്റെ ഇന്നത്തെ ഗ്രാഹ്യത്തിൽ എന്തോ അടിസ്ഥാന കാര്യം വിട്ടുപോയിരിക്കുന്നതായി തോന്നുന്നു എന്നാണ് അവരുടെ നിരീക്ഷണം.
വിട്ടുപോയിരിക്കുന്നു—രുചിക്കാത്ത വസ്തുതകളെ നേരിടാനുള്ള മനസ്സൊരുക്കം
മിക്ക ശാസ്ത്രജ്ഞൻമാരും—ഇതിൽ മിക്ക പ്രപഞ്ചശാസ്ത്രജ്ഞൻമാരും ഉൾപ്പെടുന്നു—പരിണാമ സിദ്ധാന്തത്തെ അനുകൂലിക്കുന്നു. ബുദ്ധിവൈഭവത്തിനും ഉദ്ദേശ്യത്തിനും സൃഷ്ടിയിൽ പങ്കുണ്ടെന്നുള്ള വസ്തുത അവർക്കു പിടിക്കുന്നില്ല. ദൈവത്തെ സ്രഷ്ടാവായി കേവലം പരാമർശിക്കുമ്പോൾ തന്നെ അവർ കിടുകിടാ വിറയ്ക്കുന്നു. പൊതു വിശ്വാസത്തിനു വിരുദ്ധമായ അത്തരമൊരു കാര്യത്തെക്കുറിച്ചു പരിചിന്തിക്കുന്നതു പോലും അവർക്കു വെറുപ്പാണ്. ‘യാതൊരു അന്വേഷണവും നടത്താത്ത’ അഹങ്കാരിയായ വ്യക്തിയെക്കുറിച്ചു സങ്കീർത്തനം 10:4 ഇങ്ങനെ നിന്ദാപൂർവം സംസാരിക്കുന്നു; “ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.” അവന്റെ സൃഷ്ടിദേവൻ യാദൃച്ഛികതയാണ്. എന്നാൽ പരിജ്ഞാനം വർധിക്കുകയും യാദൃച്ഛികതയും ആകസ്മികതയും തെളിവുകളുടെ വർധിച്ചുവരുന്ന ഭാരത്തിനടിയിൽപ്പെട്ടു തകരുകയും ചെയ്യുമ്പോൾ, ശാസ്ത്രജ്ഞൻ ഒരിക്കൽ താൻ അംഗീകരിക്കാതിരുന്ന ബുദ്ധിവൈഭവത്തിലേക്കും രൂപകൽപ്പനയിലേക്കും കൂടുതലായി തിരിയുന്നു. തുടർന്നുവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക:
“തെളിവനുസരിച്ച് പ്രപഞ്ചശാസ്ത്ര പഠനങ്ങളിൽനിന്ന് ഒരു ഘടകം വിട്ടുപോയിട്ടുണ്ട്. റൂബിക് ക്യൂബിൽ നിറങ്ങൾ ക്രമീകരിക്കാൻ ബുദ്ധി ആവശ്യമായതുപോലെതന്നെ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനും ബുദ്ധിയുടെ ആവശ്യമുണ്ട്” എന്നു ജ്യോതിഭൗതികശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ ബുദ്ധിശക്തിയുള്ള പ്രപഞ്ചം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിന്റെ 189-ാം പേജിൽ എഴുതി.
“ഞാൻ പ്രപഞ്ചത്തെക്കുറിച്ച് എത്രയധികം പരിശോധിക്കുകയും അതിന്റെ ശില്പവിദ്യയുടെ വിശദാംശങ്ങളെക്കുറിച്ച് എത്രയധികം പഠിക്കുകയും ചെയ്യുന്നുവോ, മനുഷ്യൻ അസ്തിത്വത്തിൽ വരാൻ പോകുന്നു എന്നതിനെക്കുറിച്ച് ഏതോ വിധത്തിൽ പ്രപഞ്ചം അറിഞ്ഞിരിക്കണമെന്നതിനുള്ള കൂടുതലായ തെളിവുകൾ ഞാൻ കണ്ടെത്തുന്നു.”—ഫ്രീമാൻ ഡൈസൻ എഴുതിയ പ്രപഞ്ചത്തെ അലോസരപ്പെടുത്തൽ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിന്റെ 250-ാം പേജ്.
“നമ്മെപ്പോലുള്ള സൃഷ്ടികളുടെ ആവിർഭാവത്തിനു നിർണായകമായിരുന്ന പ്രപഞ്ച സവിശേഷതകൾ ഏതെല്ലാമായിരുന്നു? നമ്മുടെ പ്രപഞ്ചത്തിന് ഈ സവിശേഷതകൾ ഉള്ളതു യാദൃച്ഛികമായാണോ, അതോ ഏതെങ്കിലും ദുർജ്ഞേയ കാരണമുണ്ടോ അതിനു പിന്നിൽ? . . . പ്രപഞ്ചം മനുഷ്യവർഗത്തിനു തികച്ചും അനുയോജ്യമായ വിധത്തിൽ നിർമിക്കപ്പെട്ടതാണെന്ന് ഉറപ്പുനൽകുന്ന ദുർജ്ഞേയമായ ഏതെങ്കിലും രൂപരേഖയുണ്ടോ?”—ജോൺ ഗ്രിബിനും മാർട്ടിൻ റീസും എഴുതിയ പ്രപഞ്ച ആകസ്മികതകൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിന്റെ xiv-ഉം 4-ഉം പേജുകൾ.
ഈ സവിശേഷതകളെക്കുറിച്ച, മുകളിൽ പരാമർശിച്ച തന്റെ പുസ്തകത്തിലെ 220-ാം പേജിൽ ഫ്രെഡ് ഹോയ്ലും അഭിപ്രായപ്പെടുന്നു: “അത്തരം സവിശേഷതകൾ ആനന്ദകരമായ യാദൃച്ഛികതകളുടെ ഒരു ഇഴപോലെ സ്വാഭാവിക ലോകമെന്ന ഉടയാടയിൽ നെയ്തുചേർക്കപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു. എന്നാൽ ജീവന് അനിവാര്യമായ ഈ വിചിത്രമായ യാദൃച്ഛികതകൾ വളരെയധികമുള്ളതുകൊണ്ട് അവയ്ക്കു നിദാനമായ ഒരു വിശദീകരണം ആവശ്യമുള്ളതായി തോന്നുന്നു.”
“മനുഷ്യൻ പ്രപഞ്ചത്തിന് അനുയോജ്യനാണെന്നു മാത്രമല്ല, പ്രപഞ്ചവും മനുഷ്യന് അനുയോജ്യമാണ്. ഭൗതികശാസ്ത്രത്തിലെ ഏതെങ്കിലും അടിസ്ഥാനപരമായ മാനരഹിത സ്ഥിരാങ്കത്തിന് ഏതെങ്കിലും വിധത്തിൽ ഏതാനും ശതമാനത്തിന്റെ വ്യത്യാസം വന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു സങ്കൽപ്പിക്കാമോ? അത്തരമൊരു പ്രപഞ്ചത്തിൽ മനുഷ്യൻ ഒരിക്കലും അസ്തിത്വത്തിലേക്കു വരികയില്ലായിരുന്നു. അതാണ് നരവംശ തത്ത്വത്തിന്റെ (anthropic principle) കേന്ദ്രാശയം. ആ തത്ത്വം അനുസരിച്ച്, ലോകത്തിലെ മുഴു യന്ത്രങ്ങളുടെയും രൂപകൽപ്പനയുടെയും നടുവിൽ ഒരു ജീവദായക ഘടകമുണ്ട്.”—ജോൺ ബാരോയും ഫ്രാങ്ക് റ്റിപ്ളറും എഴുതിയ ദ ആന്ത്രോപിക് കോസ്മോളജിക്കൽ പ്രിൻസിപ്പിൾ എന്ന പ്രസിദ്ധീകരണത്തിന്റെ vii-ാം പേജ്.
ദൈവം, രൂപകൽപ്പന, ഭൗതികശാസ്ത്രത്തിലെ സ്ഥിരാങ്കങ്ങൾ
പ്രപഞ്ചത്തിലെ ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ, ഭൗതികശാസ്ത്രത്തിലെ ചില അടിസ്ഥാന സ്ഥിരാങ്കങ്ങൾ ഏതെല്ലാമാണ്? 1995 ജനുവരി 8-ലെ ദ ഓറഞ്ച് കൗണ്ടി രജിസ്റ്ററിലെ ഒരു റിപ്പോർട്ട് ഈ സ്ഥിരസംഖ്യകളിൽ ചിലതു പട്ടികപ്പെടുത്തി. അത് പിൻവരുന്ന പ്രകാരം പ്രസ്താവിച്ചുകൊണ്ട് ഈ സവിശേഷതകൾ എത്രമാത്രം യോജ്യമായിരിക്കണമെന്ന് ഊന്നിപ്പറഞ്ഞു: “പ്രപഞ്ച പരിധി നിർണയിക്കുന്ന അനേകം അടിസ്ഥാന ഭൗതികശാസ്ത്ര സ്ഥിരാങ്കങ്ങളുടെ പാരിമാണിക മൂല്യങ്ങൾ—ഉദാഹരണത്തിന്, ഒരു ഇലക്ട്രോണിന്റെ ചാർജ്, പ്രകാശത്തിന്റെ നിശ്ചിത പ്രവേഗം, പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളുടെ ശക്തികളുടെ അനുപാതം—അത്ഭുതകരമാം വിധം കൃത്യമാണ്. ചിലതാണെങ്കിൽ ദശാംശത്തിനുശേഷം 120 സ്ഥാനങ്ങൾ വരെ കൃത്യമാണ്. ഒരു ജീവോത്പാദന പ്രപഞ്ചത്തിന്റെ വികാസം ഈ കൃത്യതകളോട് അങ്ങേയറ്റം സംവേദനക്ഷമതയുള്ളതാണ്. ഒരു നാനോസെക്കന്റോ (ഒരു സെക്കൻറിന്റെ ശതകോടിയിലൊന്ന്) ഒരു അങ്സ്ട്രോമോ (ഒരു മീറ്ററിന്റെ ആയിരംകോടിയിലൊന്നിനു തുല്യം) പോലുള്ള ഏതെങ്കിലും ഒരു നിസ്സാര വ്യത്യാസം അവിടെയോ ഇവിടെയോ സംഭവിച്ചിരുന്നെങ്കിൽ തീർച്ചയായും പ്രപഞ്ചം മൃതവും വന്ധ്യവും ആയിരിക്കുമായിരുന്നു.”
എന്നിട്ട് ഈ റിപ്പോർട്ടിന്റെ ലേഖകൻ സാധാരണ പരാമർശിക്കാത്ത ഒരു കാര്യം പരാമർശിച്ചു: “ഏതോ നിഗൂഢ പ്രവണത ആ പ്രക്രിയയിൽ, ഒരുപക്ഷേ നമ്മുടെ വരവിനുവേണ്ടി പ്രപഞ്ചത്തെ സുസജ്ജമാക്കിയ ബുദ്ധിപൂർവവും ഉദ്ദേശ്യപൂർവകവുമായ ഒരു ശക്തിയുടെ പ്രവർത്തനത്തിൽ, ഒളിച്ചിരിപ്പുണ്ടെന്നു സങ്കൽപ്പിക്കുക കൂടുതൽ സയുക്തികമായി തോന്നുന്നു.”
ജ്യോതിശ്ശാസ്ത്രത്തിന്റെയും പ്രപഞ്ചശാസ്ത്രത്തിന്റെയും പ്രൊഫസറായ ജോർജ് ഗ്രീൻസ്റ്റീൻ ദ സിംബയോട്ടിക് യൂണിവേഴ്സ് എന്ന തന്റെ പുസ്തകത്തിൽ ഈ ഭൗതികശാസ്ത്ര സ്ഥിരാങ്കങ്ങളുടെ ഒരു നീണ്ട പട്ടിക നൽകുകയുണ്ടായി. തീരെ ചെറിയ ഒരു ഡിഗ്രിയുടെ വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ ആറ്റങ്ങളോ നക്ഷത്രങ്ങളോ പ്രപഞ്ചമോ ഒരിക്കലും ഉണ്ടായിരിക്കുകയില്ലാതിരിക്കത്തക്കവണ്ണം അത്രമാത്രം കൃത്യമായ സ്ഥിരാങ്കങ്ങൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഈ ബന്ധങ്ങളുടെ വിശദാംശങ്ങൾ കൂടെക്കൊടുത്തിരിക്കുന്ന ചതുരത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഭൗതിക ജീവൻ സാധ്യമായിരിക്കുന്നതിന് അവ ഉണ്ടായിരുന്നേ പറ്റൂ. അതു സങ്കീർണമാണ്. എല്ലാ വായനക്കാർക്കും അതു മനസ്സിലാകുകയില്ലായിരിക്കാം. എന്നാൽ ഈ മേഖലകളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള ജ്യോതിഭൗതികശാസ്ത്രജ്ഞൻമാരും മറ്റു പലരും അവയെ തിരിച്ചറിയുന്നു.
ഈ പട്ടിക നീണ്ടുപോയതോടെ ഗ്രീൻസ്റ്റീൻ അന്ധാളിച്ചുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വളരെയധികം ആകസ്മികതകൾ! ഞാൻ എത്രയധികം വായിച്ചുവോ ഇത്തരം ‘ആകസ്മികതകൾ’ യാദൃച്ഛികമായി സംഭവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് എനിക്ക് അത്രയധികം ബോധ്യമായി. എന്നാൽ ഈ ബോധ്യം വളർന്നതോടെ മറ്റൊരു സംഗതിയും വളർന്നുവന്നു. ഈ ‘മറ്റൊരു സംഗതി’യെ വാക്കുകളിൽ വർണിക്കുക ഇപ്പോഴും ദുഷ്കരമാണ്. അത് ഒരു ശക്തമായ വിരക്തിയായിരുന്നു, ചിലപ്പോൾ അതു മിക്കവാറും ഭൗതികപ്രകൃതിയുള്ളതായിരുന്നു. ഞാൻ അസ്വാസ്ഥ്യംകൊണ്ടു തീർച്ചയായും പുളഞ്ഞുപോയി. ഒരു പരമോന്നതന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവ് പെട്ടെന്ന്, ഉദ്ദേശിക്കാതെ, യാദൃച്ഛികമായി കണ്ടെത്തിയിരിക്കാൻ സാധ്യതയുണ്ടോ? ഇടയ്ക്കുകയറിവന്നു നമ്മുടെ പ്രയോജനത്തിനുവേണ്ടി ഇത്ര ദീർഘവീക്ഷണത്തോടുകൂടി പ്രപഞ്ചത്തിന്റെ വിദഗ്ധ നിർമാണം നടത്തിയതു ദൈവമായിരിക്കുമോ?”
ഈ ചിന്തയാൽ അസ്വസ്ഥതയും ഭീതിയും തോന്നിയ ഗ്രീൻസ്റ്റീൻ തന്റെ ശാസ്ത്രീയ മത യാഥാസ്ഥിതികത്വം പെട്ടെന്നു പിൻവലിക്കുകയും തിരിച്ചെടുക്കുകയും ചെയ്തിട്ട് ഇങ്ങനെ പ്രഖ്യാപിച്ചു: “ദൈവമൊന്നുമല്ല അതിന്റെ കാരണക്കാരൻ.” അങ്ങനെ പറയുന്നതിൽ കഴമ്പില്ല—ദൈവം സ്ഥിതിചെയ്യുന്നുവെന്ന ചിന്ത ദഹിക്കാത്തവിധം അദ്ദേഹത്തിന് അത്രമാത്രം അരുചികരമായിരുന്നു!
ഒരു സ്വാഭാവിക മനുഷ്യാവശ്യം
പ്രപഞ്ചശാസ്ത്രജ്ഞൻമാരുൾപ്പെടെയുള്ള ആത്മാർഥരായ ശാസ്ത്രജ്ഞൻമാരുടെ കഠിന പ്രയത്നത്തെ അവമാനിക്കാൻ ഉദ്ദേശിച്ചു പറയുന്നതല്ല ഇതൊന്നും. സത്യദൈവമായ യഹോവയുടെ ശക്തിയും ജ്ഞാനവും സ്നേഹവും വെളിപ്പെടുത്തുന്ന സൃഷ്ടിയെ സംബന്ധിച്ച അവരുടെ അനേകം കണ്ടുപിടിത്തങ്ങളെ യഹോവയുടെ സാക്ഷികൾ പ്രത്യേകിച്ചും വിലമതിക്കുന്നു. റോമർ 1:20 ഇപ്രകാരം പ്രഖ്യാപിക്കുന്നു: “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.”
ശാസ്ത്രജ്ഞൻമാരുടെ അന്വേഷണങ്ങളും കഠിന പ്രയത്നങ്ങളും, ആഹാരം, പാർപ്പിടം, വസ്ത്രം എന്നിവയ്ക്കുവേണ്ടിയുള്ള ആവശ്യംപോലെതന്നെ മനുഷ്യവർഗത്തിന് അടിസ്ഥാനമായിരിക്കുന്ന ഒരു ആവശ്യത്തോടുള്ള മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ്. അത് ഭാവിയെക്കുറിച്ചും ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുമുള്ള ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറിയാനുള്ള ആവശ്യമാണ്. ദൈവം “മനുഷ്യരുടെ ഹൃദയങ്ങളിൽ നിത്യത വെച്ചിരി”ക്കുന്നു; “എങ്കിലും ദൈവം ആദിയോടന്തം ചെയ്തിരിക്കുന്നതിന്റെ ആഴം ഗ്രഹിക്കാൻ അവർക്കു കഴിയില്ല.”—സഭാപ്രസംഗി 3:11, ദ ഹോളി ബൈബിൾ—ന്യൂ ഇന്റർനാഷണൽ വേർഷൻ.
ഇതു മോശമായ ഒരു വാർത്തയല്ല. മനുഷ്യവർഗം ഒരിക്കലും എല്ലാം അറിയാൻ പോകുന്നില്ലെന്നും പഠിക്കാനുള്ള പുതിയ കാര്യങ്ങൾ അവർക്കൊരിക്കലും ഇല്ലാതെവരില്ലെന്നും അത് അർഥമാക്കുന്നു: “സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവന്നു സാധിക്കയില്ല.”—സഭാപ്രസംഗി 8:17.
ദൈവത്തെ പ്രശ്നത്തിനുള്ള “പരിഹാര”മാക്കുന്നതു കൂടുതലായ ഗവേഷണത്തിനുവേണ്ടിയുള്ള പ്രേരണയെ കെടുത്തിക്കളയുമെന്നു പറഞ്ഞുകൊണ്ട് ചില ശാസ്ത്രജ്ഞൻമാർ എതിർപ്പു പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും, ദൈവത്തെ ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായി തിരിച്ചറിയുന്ന ഒരാൾക്കു കണ്ടുപിടിക്കാൻ വശ്യതയാർന്ന ധാരാളം വിശദാംശങ്ങളും ചുഴിഞ്ഞുപരിശോധിക്കാനായി കൗതുകമുണർത്തുന്ന രഹസ്യങ്ങളും ഉണ്ട്. കണ്ടുപിടിത്തത്തിന്റെയും പഠനത്തിന്റെയും ആസ്വാദ്യകരമായ ഒരു സാഹസിക സംരംഭം ഏറ്റെടുക്കുന്നതിനുള്ള അനുമതി ഉള്ളതുപോലെയാണ് അത്!
യെശയ്യാവു 40:26-ലെ ക്ഷണം തിരസ്കരിക്കാൻ ആർക്കാണു കഴിയുക? “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ.” നാം ഈ ഏതാനും പേജുകളിലൂടെ നമ്മുടെ കണ്ണുകൾ മേലോട്ട് ഉയർത്തി നോക്കി. എന്നിട്ടു നാം കണ്ടിരിക്കുന്നതോ, പ്രപഞ്ചശാസ്ത്രജ്ഞൻമാർക്കു പിടികിട്ടാത്ത, ‘വിട്ടുപോയിരിക്കുന്ന എന്തോ ഒന്നു’ണ്ടെന്ന്. യുഗങ്ങളായി മനുഷ്യന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ആ കൂടെക്കൂടെ ഉദിക്കുന്ന ചോദ്യങ്ങൾക്കുള്ള അടിസ്ഥാന ഉത്തരങ്ങളും നാം കണ്ടെത്തിയിരിക്കുന്നു.
ഒരു പുസ്തകത്തിൽ ഉത്തരമുണ്ട്
ഉത്തരങ്ങൾ എല്ലായ്പോഴും ഉണ്ടായിരുന്നു. എന്നാൽ യേശുവിന്റെ നാളിലെ മതവാദികളെപ്പോലെ അനേകമാളുകളും തങ്ങളുടെ മാനുഷിക സിദ്ധാന്തങ്ങളോടും തങ്ങൾ തിരഞ്ഞെടുത്ത ജീവിത ശൈലിയോടും യോജിക്കാത്ത ഉത്തരങ്ങളുടെ നേർക്ക് തങ്ങളുടെ കണ്ണുകളെ അന്ധമാക്കുകയും കർണങ്ങളെ കൊട്ടിയടക്കുകയും ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തിരിക്കുന്നു. (മത്തായി 13:14, 15) പ്രപഞ്ചം എവിടെനിന്നാണു വന്നതെന്നും ഭൂമി ഇവിടെ എങ്ങനെ വന്നുവെന്നും ആരതിൽ പാർക്കുമെന്നും യഹോവ നമ്മോടു പറഞ്ഞിരിക്കുന്നു. ഭൂമിയിലെ മനുഷ്യ നിവാസികൾ അതിൽ കൃഷിചെയ്യണമെന്നും തങ്ങളോടൊപ്പം ഭൂമി പങ്കിടുന്ന സസ്യങ്ങളെയും ജന്തുക്കളെയും സ്നേഹത്തോടെ പരിപാലിക്കണമെന്നും അവൻ നമ്മോടു പറഞ്ഞിരിക്കുന്നു. കൂടാതെ, ആളുകൾ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നും അവർക്കു ജീവനിലേക്കു തിരിച്ചുവരാൻ കഴിയുമെന്നും ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിന് അവർ എന്തു ചെയ്യണമെന്നും അവൻ നമ്മോടു പറഞ്ഞിരിക്കുന്നു.
ദൈവത്തിന്റെ നിശ്വസ്ത വചനമായ ബൈബിളിന്റെ ഭാഷയിൽ ഉത്തരങ്ങൾ ലഭിക്കാൻ നിങ്ങൾ താത്പര്യപ്പെടുന്നെങ്കിൽ ദയവായി പിൻവരുന്ന വാക്യങ്ങൾ വായിക്കുക: ഉല്പത്തി 1:1, 26-28; 2:15; സദൃശവാക്യങ്ങൾ 12:10; മത്തായി 10:29; യെശയ്യാവു 11:6-9; 45:18; ഉല്പത്തി 3:19; സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5; പ്രവൃത്തികൾ 24:15; യോഹന്നാൻ 5:28, 29; 17:3; സങ്കീർത്തനം 37:10, 11; വെളിപ്പാടു 21:3-5.
നിങ്ങളുടെ കുടുംബത്തോടൊപ്പമോ ഒരു അയൽക്കാരനോടൊപ്പമോ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പമോ നിങ്ങളുടെ വീട്ടിൽവെച്ച് ഒരു ദിവസം വൈകുന്നേരം ഈ വാക്യങ്ങൾ വായിച്ചാലെന്താണ്? അതു വിജ്ഞാനപ്രദവും സജീവവുമായ ഒരു ചർച്ചയ്ക്ക് ഇടയാക്കും, തീർച്ച!
പ്രപഞ്ച രഹസ്യങ്ങൾ നിങ്ങളെ ജിജ്ഞാസുവാക്കുകയും അതിന്റെ സൗന്ദര്യം നിങ്ങളെ ഹഠാദാകർഷിക്കുകയും ചെയ്യുന്നുവോ? അതിന്റെ സ്രഷ്ടാവിനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കാത്തതെന്ത്? നമ്മുടെ ജിജ്ഞാസയിലും അത്ഭുതംകൂറലിലുമൊന്നും ഈ നിർജീവ ആകാശങ്ങൾക്കു താത്പര്യമില്ല. എന്നാൽ അവയുടെ സ്രഷ്ടാവായ യഹോവയാം ദൈവം നമ്മുടെയും സ്രഷ്ടാവാണ്. തന്നെക്കുറിച്ചും തന്റെ സൃഷ്ടികളെക്കുറിച്ചും പഠിക്കുന്നതിൽ തത്പരരായ സൗമ്യശീലമുള്ളവർക്കുവേണ്ടി അവൻ കരുതുന്നു. ഭൂമിയെമ്പാടും ഇപ്പോൾ നൽകപ്പെടുന്ന ആഹ്വാനമിതാണ്: “വരിക . . . കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.”—വെളിപ്പാടു 22:17.
യഹോവയിൽനിന്നുള്ള എത്രമാത്രം ഹൃദയോഷ്മളമായ ആഹ്വാനമാണിത്! മനസ്സോ ഉദ്ദേശ്യമോ ഇല്ലാത്ത ഒരു സ്ഫോടനത്താലുണ്ടാകുന്നതിനുപകരം, തുടക്കം മുതലേ നിങ്ങളെ മനസ്സിൽ വെച്ചുകൊണ്ടു പ്രവർത്തിക്കുന്ന, അപരിമേയമായ ബുദ്ധിവൈഭവവും നിശ്ചിത ഉദ്ദേശ്യവുമുള്ള ഒരു ദൈവം സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം. അവന്റെ അസീമമായ ഊർജത്തിന്റെ സംഭരണികൾ സശ്രദ്ധം നിയന്ത്രിച്ചുവെക്കപ്പെട്ടിരിക്കുന്നു. തന്റെ സേവകരുടെ നിലനിൽപ്പിന് അത് എല്ലായ്പോഴും ലഭ്യമാണ്. (യെശയ്യാവു 40:28-31) അവനെ അറിയാൻ ശ്രമിക്കുന്നതിനുള്ള നിങ്ങളുടെ പ്രതിഫലം പ്രൗഢമാർന്ന പ്രപഞ്ചത്തെപ്പോലെതന്നെ അനന്തമായിരിക്കും!
“ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”—സങ്കീർത്തനം 19:1.
[13-ാം പേജിലെ ചതുരം]
ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ ചില ഭൗതികശാസ്ത്ര സ്ഥിരാങ്കങ്ങളുടെ ഒരു ലിസ്റ്റ്
ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും ചാർജുകൾ തുല്യവും വിപരീതവുമായിരിക്കണം; ന്യൂട്രോണിന്റെ ഭാരം ഇലക്ട്രോണിന്റേതിനെക്കാളും ഒരു ചെറിയ ശതമാനം കൂടുതലായിരിക്കണം; പ്രകാശസംശ്ലേഷണം നടക്കണമെങ്കിൽ സൂര്യന്റെ ഊഷ്മാവും ഹരിതകത്തിന്റെ ആഗിരണ സവിശേഷതകളും തമ്മിൽ ഒരു പൊരുത്തം ഉണ്ടായിരിക്കണം; ശക്തമായ ബലം അൽപ്പം കുറവായിരുന്നെങ്കിൽ സൂര്യന് ആണവ പ്രതിപ്രവർത്തനം വഴി ഊർജം ഉത്പാദിപ്പിക്കാൻ കഴിയുകയില്ലായിരുന്നു. എന്നാൽ അതിന്റെ ശക്തി അൽപ്പം കൂടുതലായിരുന്നെങ്കിൽ ഊർജം ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനം വല്ലാതെ അസ്ഥിരമാകുമായിരുന്നു; ചുവന്ന ഭീമൻ നക്ഷത്രങ്ങളുടെ അകക്കാമ്പുകളിലുള്ള അണുകേന്ദ്രങ്ങൾ തമ്മിലുള്ള വ്യത്യസ്തവും അത്ഭുതകരവുമായ രണ്ടു തൻമാത്രാ സ്ഥിരതാ പ്രതിഭാസങ്ങൾ ഇല്ലായിരുന്നെങ്കിൽ ഹീലിയമല്ലാതെ മറ്റൊരു മൂലകവും രൂപം കൊള്ളുകയില്ലായിരുന്നു. ബഹിരാകാശത്തിന് മൂന്നു മാനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ രക്തപ്രവാഹത്തിനും നാഡീവ്യവസ്ഥക്കും ആവശ്യമായ പരസ്പരബന്ധങ്ങൾ അസാധ്യമാകുമായിരുന്നു; ഇനിയും ബഹിരാകാശത്തിന് മൂന്നു മാനങ്ങളിലധികം ഉണ്ടായിരുന്നെങ്കിൽ ഗ്രഹങ്ങൾക്കു സൂര്യനെ സ്ഥിരമായി ഭ്രമണം ചെയ്യാൻ കഴിയുകയില്ലായിരുന്നു.—ദ സിംബയോട്ടിക് യൂണിവേഴ്സ്, 256-7 പേജുകൾ.
[14-ാം പേജിലെ ചതുരം]
ആരെങ്കിലും എന്റെ കാണാതായ പിണ്ഡത്തെ കണ്ടുവോ?
ചുഴിയാകൃതിയിലുള്ള എല്ലാ ആകാശഗംഗകളെയും പോലെ ആൻഡ്രോമിഡാ ആകാശഗംഗയും ഒരു ഭയങ്കര ചുഴലിക്കാറ്റുപോലെ ബഹിരാകാശത്തിൽകിടന്നു ഗംഭീരമായി ഭ്രമണം ചെയ്യുന്നു. ജ്യോതിശ്ശാസ്ത്രജ്ഞൻമാർക്കു പല ആകാശഗംഗകളുടെയും ഭ്രമണ നിരക്ക് പ്രകാശ വർണരാജികളിൽനിന്നു കണക്കാക്കാൻ കഴിയും. എന്നാൽ അതു കണക്കാക്കുമ്പോൾ അവർ കുഴപ്പിക്കുന്ന ഒരു സംഗതി കണ്ടെത്തുന്നു. ഭ്രമണ നിരക്കുകൾ അസാധ്യമായി തോന്നുന്നു! ചുഴിയാകൃതിയുള്ള എല്ലാ ആകാശഗംഗകളും വളരെ വേഗം ഭ്രമണം ചെയ്യുന്നതായി തോന്നുന്നു. ദൂരദർശിനിക്ക് അദൃശ്യമായ, ഇരുണ്ട പദാർഥത്തിന്റെ വലിപ്പമേറിയ ഒരു പ്രഭാവലയത്തിൽ ആകാശഗംഗയിലെ ദൃശ്യമായ നക്ഷത്രങ്ങൾ പതിഞ്ഞിരിക്കുന്നതുപോലെയാണ് അവയുടെ പെരുമാറ്റം. “ഇരുണ്ട പദാർഥത്തിന്റെ രൂപങ്ങൾ നമുക്കറിയില്ല,” ജ്യോതിശ്ശാസ്ത്രജ്ഞനായ ജെയിംസ് കേലെർ സമ്മതിക്കുന്നു. കാണാതായ പിണ്ഡത്തിന്റെ 90 ശതമാനം വിശദീകരിക്കപ്പെടാത്തതാണെന്നു പ്രപഞ്ചശാസ്ത്രജ്ഞൻമാർ കണക്കാക്കുന്നു. ഭാരിച്ച ന്യൂട്രിനോകളുടെ രൂപത്തിലോ അജ്ഞാതമെങ്കിലും അതിസമൃദ്ധമായ പദാർഥ രൂപത്തിലോ അവയെ കണ്ടെത്താൻ അവർ ആവേശം കൊള്ളുകയാണ്.
കാണാതായ പിണ്ഡത്തെ നിങ്ങൾ കണ്ടെത്തുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള പ്രപഞ്ചശാസ്ത്രജ്ഞനെ ഉടനടി അറിയിക്കാൻ മറക്കരുതേ!