വിശ്വാസം
നിർവ്വചനം: “വിശ്വാസം പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെട്ടതല്ലെങ്കിലും യാഥാർത്ഥ്യങ്ങളുടെ പ്രത്യക്ഷ പ്രകടനം ആണ്.” (എബ്രാ. 11:1) യഥാർത്ഥ വിശ്വാസം ക്ഷണവിശ്വാസമല്ല, അതായത് ശരിയായ തെളിവില്ലാതെ എന്തെങ്കിലും വിശ്വസിക്കാനുളള മനസ്സൊരുക്കം അല്ല, അല്ലെങ്കിൽ അങ്ങനെയായിരിക്കാൻ ഒരു വ്യക്തി ആഗ്രഹിക്കുന്നതുകൊണ്ടു മാത്രമുളള വിശ്വാസമല്ല. യഥാർത്ഥ വിശ്വാസത്തിന് അടിസ്ഥാനപരമായ അല്ലെങ്കിൽ പ്രാഥമികമായ അറിവും തെളിവുകളുമായുളള പരിചയവും ആ തെളിവുകൾ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളോടുളള ഹൃദയംഗമമായ വിലമതിപ്പും ആവശ്യമാണ്. അപ്രകാരം, കൃത്യമായ അറിവില്ലാതെ യഥാർത്ഥ വിശ്വാസമുണ്ടായിരിക്കുക അസാദ്ധ്യമാണെങ്കിലും ഒരുവൻ വിശ്വസിക്കുന്നത് “ഹൃദയംകൊണ്ടാണ്” എന്ന് ബൈബിൾ പറയുന്നു.—റോമ. 10:10.
അനേകർക്ക് വിശ്വാസമില്ലാത്തതെന്തുകൊണ്ടാണ്?
വിശ്വാസം ദൈവാത്മാവിന്റെ ഫലങ്ങളിലൊന്നാണ്, തന്റെ ആത്മാവ് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദൈവം സന്തോഷപൂർവ്വം അതു നൽകുന്നു. (ഗലാ. 5:22; ലൂക്കോ. 11:13) അതുകൊണ്ട് വിശ്വാസമില്ലാത്ത ആളുകൾ ആ ആത്മാവ് ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നില്ല അല്ലെങ്കിൽ അവർ തെററായ ഉദ്ദേശ്യത്തോടെ അങ്ങനെ ചെയ്യുകയോ തങ്ങളുടെ ജീവിതത്തിൽ ആത്മാവ് പ്രവർത്തിക്കുന്നതിനെതിരെ ചെറുത്തു നിൽക്കുകയോ ചെയ്യുന്നു. പല സംഗതികൾ ഇതിനെ സ്വാധീനിക്കുന്നു:
കൃത്യമായ ബൈബിൾ പരിജ്ഞാനത്തിന്റെ അഭാവം: ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടതാകയാൽ ബൈബിൾ ദൈവാത്മാവിന്റെ ഒരു ഉൽപ്പന്നമാണ്. (2 തിമൊ. 3:16, 17; 2 ശമു. 23:2) അതു പഠിക്കുന്നതിലുളള പരാജയം യഥാർത്ഥ വിശ്വാസത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. സഭാംഗങ്ങൾക്ക് ബൈബിൾ ഉണ്ടായിരുന്നേക്കാമെങ്കിലും അവർ ദൈവവചനത്തിനു പകരം മനുഷ്യരുടെ ആശയങ്ങളാണ് പഠിപ്പിക്കപ്പെട്ടിട്ടുളളതെങ്കിൽ അവർക്ക് ദൈവത്തിലും അവന്റെ ഉദ്ദേശ്യങ്ങളിലും യഥാർത്ഥ വിശ്വാസം ഉണ്ടായിരിക്കുകയില്ല. ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർ സ്വന്തം ആശയങ്ങളിലൊ മററു മനുഷ്യരുടെ ആശയങ്ങളിലൊ ആശ്രയിക്കാൻ ചായ്വ് കാണിക്കും.—മത്തായി 15:3-9 താരതമ്യം ചെയ്യുക.
മതം സംബന്ധിച്ച മോഹവിമുക്തി: ദൈവവചനം പഠിപ്പിക്കുന്നതായി അവകാശപ്പെടുകയും അതു പറയുന്നതിന് ചേർച്ചയിൽ ജീവിക്കാൻ പരാജയപ്പെടുകയും ചെയ്യുന്ന ക്രൈസ്തവലോകത്തിലെ സഭകളുടെ കപടഭക്തി നിമിത്തം അനേകമാളുകൾ മോഹവിമുക്തരായിരിക്കുന്നു. മററു ചിലർ അക്രൈസ്തവമതങ്ങളോട് പററിനിന്നവരായിരുന്നു, എന്നാൽ അവർ അതിന്റെ ആചാരങ്ങളിൽ നിന്നുളള മോശമായ ഫലങ്ങൾ കാണുകയോ അവരുടെ വിശ്വാസങ്ങൾ ജീവിത പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് തങ്ങളെ യഥാർത്ഥത്തിൽ സഹായിച്ചിട്ടില്ല എന്നു മനസ്സിലാക്കുകയോ ചെയ്തിരിക്കുന്നു. സത്യദൈവത്തെ സംബന്ധിച്ച് സൂക്ഷ്മമായ പരിജ്ഞാനമില്ലാത്തതിനാൽ അത്തരം ആളുകൾ മതത്തോട് ബന്ധപ്പെട്ട എല്ലാററിൽ നിന്നും അകന്നുപോകുന്നു.—റോമർ 6:3, 4; മത്തായി 7:21-23 താരതമ്യം ചെയ്യുക.
ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല: മിക്കയാളുകൾക്കും ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല, അതുകൊണ്ട് സംഭവിക്കുന്ന മോശമായ എല്ലാകാര്യങ്ങൾക്കും അവർ അവനെ കുററപ്പെടുത്തുന്നു. തിൻമയിലേക്കുളള മനുഷ്യന്റെ ചായ്വ് ദൈവത്തിന്റെ ഇഷ്ടത്താലല്ല മറിച്ച് ആദാമിന്റെ പാപം നിമിത്തമാണെന്ന് അവർ തിരിച്ചറിയുന്നില്ല. (റോമ. 5:12) പിശാചായ സാത്താന്റെ അസ്തിത്വവും ലോകകാര്യാദികളിൻമേലുളള അവന്റെ സ്വാധീനവും അവർ തിരിച്ചറിയാതിരുന്നേക്കാം, അതുകൊണ്ട് സാത്താൻ ചെയ്യുന്ന ഹീനകാര്യങ്ങൾക്കെല്ലാം അവർ ദൈവത്തെ കുററപ്പെടുത്തുന്നു. (1 യോഹ. 5:19; വെളി. 12:12) അവർക്ക് ഈ കാര്യങ്ങൾ സംബന്ധിച്ച് ഒരളവിലുളള തിരിച്ചറിവുണ്ടെങ്കിൽ നടപടിയെടുക്കുന്ന കാര്യത്തിൽ ദൈവം കാലതാമസം വരുത്തുന്നുവെന്ന് അവർക്ക് തോന്നിയേക്കാം, എന്തുകൊണ്ടെന്നാൽ അഖിലാണ്ഡപരമാധികാരത്തിന്റെ വിവാദപ്രശ്നം അവർ വ്യക്തമായി കാണുകയോ ഇന്നുവരെയുളള ദൈവത്തിന്റെ ക്ഷമ അവർക്കു രക്ഷക്കുളള അനർഹമായ അവസരം പ്രദാനം ചെയ്യുന്നുവെന്ന് അവർ തിരിച്ചറിയുകയോ ചെയ്യുന്നില്ല. (റോമ. 2:4; 2 പത്രോ. 3:9) ദുഷ്ടത പ്രവർത്തിക്കുന്നവരെയെല്ലാം എന്നേക്കുമായി നശിപ്പിക്കുന്നതിന് ദൈവം ഒരു സമയം നിശ്ചയിച്ചിരിക്കുന്നു എന്നും അവർ പൂർണ്ണമായി തിരിച്ചറിയുന്നില്ല.—വെളി. 22:10-12; 11:18; ഹബ. 2:3.
ജഡികാഗ്രഹങ്ങളാലും വീക്ഷണങ്ങളാലും ഭരിക്കപ്പെടുന്ന ജീവിതങ്ങൾ: പൊതുവെ ഈടുററ വിശ്വാസമില്ലാത്ത ആളുകൾ മററു താൽപ്പര്യങ്ങളുടെ അനുധാവനത്തിന് തങ്ങളുടെ ജീവിതം നീക്കിവച്ചിരിക്കുന്നു. ബൈബിൾ വിശ്വസിക്കുന്നു എന്ന് ചിലർ പറഞ്ഞേക്കാം, എന്നാൽ അവർ ഒരിക്കലും അതു നന്നായി പഠിച്ചിട്ടില്ല അല്ലെങ്കിൽ അവർ വായിക്കുന്നതിനെപ്പററിയും അതിന്റെ കാരണങ്ങളെപ്പററിയും അതു അനുദിനജീവിതത്തിൽ എങ്ങനെ ബാധകമാകുന്നു എന്നതിനെപ്പററിയും വിലമതിപ്പോടെ ധ്യാനിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. (1 ദിനവൃത്താന്തം 28:9 താരതമ്യം ചെയ്യുക.) ചിലരുടെ സംഗതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തെ പോഷിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു, പകരം ദൈവത്തിൽ നിന്നും അവന്റെ വഴികളിൽ നിന്നും അകന്നുപോകാൻ തക്കവണ്ണം നീതികെട്ട കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തിന്റെ ചായ്വുകളെ ഭരിക്കാൻ അവർ അനുവദിച്ചു.—എബ്രാ. 3:12.
ഒരു വ്യക്തിക്ക് എങ്ങനെ വിശ്വാസം ആർജ്ജിക്കാൻ കഴിയും?
റോമ. 10:17: “വിശ്വാസം കേട്ടകാര്യത്തെ പിന്തുടർന്നു വരുന്നു.” (പ്രവൃത്തികൾ 17:11, 12; യോഹന്നാൻ 4:39-42; 2 ദിനവൃത്താന്തം 9:5-8 താരതമ്യം ചെയ്യുക.) ഒരു വ്യക്തി ബൈബിൾ എന്തു പറയുന്നു എന്ന് ആദ്യം കണ്ടുപിടിക്കണം, ബൈബിളിന്റെ ആശ്രയയോഗ്യത ബോദ്ധ്യമാകാൻ തക്കവണ്ണം അതു പരിശോധിക്കുകയാണെങ്കിൽ അയാൾ തന്റെ വിശ്വാസം ശക്തമാക്കും.)
റോമ. 10:10: “ഹൃദയംകൊണ്ട് ഒരുവൻ വിശ്വസിക്കുന്നു.” (ദൈവിക കാര്യങ്ങളിൽ വിലമതിപ്പ് കെട്ടുപണിചെയ്യാൻ തക്കവണ്ണം അവയെപ്പററി ധ്യാനിക്കുന്നതിനാൽ ഒരു വ്യക്തി അവയെ തന്റെ ആലങ്കാരിക ഹൃദയത്തിൽ പതിപ്പിക്കുന്നു.)
ഒരു വ്യക്തി ദൈവിക വാഗ്ദാനങ്ങൾക്ക് ചേർച്ചയായി പ്രവർത്തിക്കുകയും താൻ ചെയ്തതിൻമേലുളള ദൈവത്തിന്റെ അനുഗ്രഹം കാണുകയും ചെയ്യുമ്പോൾ വിശ്വാസം ശക്തമായിത്തീരുന്നു.—സങ്കീർത്തനം 106:9-12 കാണുക.
ദൃഷ്ടാന്തം: ‘ഞാൻ ആ മനുഷ്യനെ വിശ്വസിക്കുന്നു. വാക്കുപാലിക്കുന്ന കാര്യത്തിൽ എനിക്ക് അയാളെ ആശ്രയിക്കാൻ കഴിയും; എനിക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ അയാൾ എന്റെ സഹായത്തിനെത്തും’ എന്ന് നിങ്ങൾക്ക് പറയാൻ കഴിയുന്ന ഒരു സുഹൃത്ത് ഒരു പക്ഷേ നിങ്ങൾക്കുണ്ടായിരിക്കാം. ഇന്നലെ നിങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ഏതൊരാളെപ്പററിയും നിങ്ങൾ അതു പറയാൻ സാദ്ധ്യതയില്ല, ഉവ്വോ? നിങ്ങൾ ദീർഘനാൾ സഹവസിച്ചിട്ടുളള, ആവർത്തിച്ചാവർത്തിച്ച് തന്റെ ആശ്രയ യോഗ്യത തെളിയിച്ചിട്ടുളളയാളായിരിക്കണം അയാൾ. മതവിശ്വാസത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. വിശ്വാസമുണ്ടായിരിക്കുന്നതിന് യഹോവയെയും അവൻ കാര്യങ്ങൾ ചെയ്യുന്ന വിധത്തെയും കുറിച്ച് അറിയുന്നതിന് നിങ്ങൾ സമയമെടുക്കേണ്ടതുണ്ട്.
ഒരു ദൈവമുണ്ടെന്നുളള വിശ്വാസം
“ദൈവം” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ പേജുകൾ 145-151 വരെ കാണുക.
നീതിയുളള ഒരു പുതിയ വ്യവസ്ഥിതിയുടെ ഭാവി പ്രത്യാശയിലുളള വിശ്വാസം
തന്റെ ദാസൻമാരോടുളള യഹോവയുടെ ഇടപെടലിന്റെ രേഖ പരിചയമായിക്കഴിയുമ്പോൾ ഒരു വ്യക്തി യോശുവയുടെ വീക്ഷണത്തിൽ പങ്കുചേരാൻ ഇടയാകുന്നു. അവൻ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു പറഞ്ഞ നല്ല കാര്യങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല എന്ന് നിങ്ങളുടെ മുഴു ഹൃദയത്തിലും ദേഹികളിലും നിങ്ങൾക്ക് ബോദ്ധ്യമായിരിക്കുന്നു. അവയെല്ലാം നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നു. അവയിൽ ഒരു വാക്കുപോലും പരാജയപ്പെട്ടിട്ടില്ല.”—യോശു. 23:14.
പുതുക്കപ്പെട്ട ആരോഗ്യം, മരിച്ചവരിൽ നിന്നുളള പുനരുത്ഥാനം എന്നിവ പോലുളള കാര്യങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനങ്ങൾ യേശുക്രിസ്തു കാണിച്ച അത്ഭുതങ്ങളുടെ രേഖയാൽ ദൃഢമാക്കപ്പെട്ടിരിക്കുന്നു. ഇവ കെട്ടുകഥകളല്ല. ബൈബിൾ വിവരണങ്ങൾ വായിക്കുകയും അവ ആധികാരിക ചരിത്രത്തിന്റെ അടയാളങ്ങൾ വഹിക്കുന്നുണ്ട് എന്നതിന് തെളിവ് കാണുകയും ചെയ്യുക. ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളുടെ പേർ പറയപ്പെട്ടിരിക്കുന്നു; സമകാലിക ലൗകിക ഭരണാധികാരികളുടെ പേർ നൽകപ്പെട്ടിരിക്കുന്നു; ഒന്നിലധികം ദൃക്സാക്ഷികളുടെ വിവരണങ്ങൾ കാത്തു സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ തെളിവുകളെപ്പററി ധ്യാനിക്കുന്നത് ബൈബിൾ വാഗ്ദാനങ്ങളിലുളള നിങ്ങളുടെ വിശ്വാസം ശക്തമാക്കും.
യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിലേക്കും അവരുടെ പൊതു സമ്മേളനങ്ങളിലേക്കും കടന്നുചെല്ലുക, ബൈബിൾ തത്വങ്ങളുടെ ബാധകമാക്കൽ ജീവിതത്തിന് മാററം വരുത്തുന്നുവെന്ന്, അതിന് ആളുകളെ സത്യസന്ധരും ധാർമ്മികമായി നേരുളളവരുമാക്കാൻ കഴിയുമെന്നുളളതിന്, അതിന് എല്ലാ വർഗ്ഗങ്ങളിലെയും രാഷ്ട്രങ്ങളിലെയും ആളുകളെ യഥാർത്ഥ സാഹോദര്യത്തിൽ ഒരുമിച്ച് ജീവിക്കുന്നതിനും പ്രവർത്തിക്കുന്നതിനും പ്രാപ്തരാക്കാൻ കഴിയുമെന്നുളളതിന് നിങ്ങൾക്ക് തന്നെ തെളിവ് കാണാൻ കഴിയും.
ഒരു വ്യക്തിക്ക് വിശ്വാസമുണ്ടെങ്കിൽ പ്രവൃത്തികൾ വാസ്തവത്തിൽ ആവശ്യമാണോ?
യാക്കോ. 2:17, 18, 21, 22, 26: “വിശ്വാസം, അതിന് പ്രവൃത്തികളില്ലെങ്കിൽ അതിൽതന്നെ നിർജ്ജീവമാണ്. എന്നിരുന്നാലും ഒരുവൻ പറയും: ‘നിങ്ങൾക്ക് വിശ്വാസമുണ്ട്, എനിക്ക് പ്രവൃത്തിയും. പ്രവൃത്തി കൂടാതെയുളള നിന്റെ വിശ്വാസം എന്നെ കാണിക്കുക, എന്റെ പ്രവൃത്തികളാലുളള എന്റെ വിശ്വാസം ഞാനും കാണിക്കാം.’ നമ്മുടെ പിതാവായ അബ്രഹാം തന്റെ പുത്രനായ യിസഹാക്കിനെ യാഗപീഠത്തിൽ അർപ്പിച്ചശേഷം പ്രവൃത്തികളാലല്ലോ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടത്? അവന്റെ വിശ്വാസം അവന്റെ പ്രവൃത്തിയോടുകൂടെ വ്യാപരിച്ചുവെന്നും അവന്റെ വിശ്വാസം പ്രവൃത്തിയാൽ പൂർണ്ണമാക്കപ്പെട്ടുവെന്നും നാം കാണുന്നു. വാസ്തവത്തിൽ, ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ തന്നെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാണ്.”
ദൃഷ്ടാന്തം: ഒരു യുവാവ് ഒരു യുവതിയെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ട് അവളോട് പ്രേമാഭ്യർത്ഥന നടത്തിയേക്കാം. എന്നാൽ അയാൾ ഒരിക്കലും തന്നെ വിവാഹം കഴിക്കാൻ അവളോട് ആവശ്യപ്പെടുന്നില്ലെങ്കിൽ തന്റെ സ്നേഹം പൂർണ്ണമാണെന്ന് അയാൾ പ്രകടമാക്കുന്നുണ്ടോ? അതുപോലെതന്നെ നമ്മുടെ വിശ്വാസവും നമ്മുടെ സ്നേഹവും യഥാർത്ഥമാണെന്ന് പ്രകടമാക്കാനുളള ഒരു മാർഗ്ഗമാണ് പ്രവൃത്തികൾ. നാം ദൈവത്തെ അനുസരിക്കുന്നില്ലെങ്കിൽ നാം അവനെ യഥാർത്ഥത്തിൽ സ്നേഹിക്കുകയോ അവന്റെ നീതിയുളള വഴികളിൽ നമുക്ക് വിശ്വാസമുണ്ടായിരിക്കുകയോ ചെയ്യുന്നില്ല. (1 യോഹ. 5:3, 4) എന്നാൽ നമ്മുടെ പ്രവൃത്തി എന്തുതന്നെ ആയിരുന്നാലും നമുക്ക് രക്ഷ നേടിയെടുക്കാൻ കഴിയുകയില്ല. നിത്യജീവൻ എന്നത് യേശുക്രിസ്തു മുഖാന്തരം ദൈവത്തിൽനിന്ന് ലഭിക്കുന്ന ഒരു ദാനമാണ്, നമ്മുടെ പ്രവൃത്തികൾക്കുളള പ്രതിഫലമല്ല.—എഫേ. 2:8, 9.