ഒരുമിച്ചു കൂടുന്നതിൽ വീഴ്ച വരുത്തരുത്
“ഒരുമിച്ചു കൂടുന്നതിൽ ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ, നാം വീഴ്ച വരുത്തരുത്. മറിച്ച്, ആ ദിനം അടുത്തടുത്തുവരുന്നതുകൊണ്ട് ഏറെയേറെ അന്യോന്യം ഉത്തേജിപ്പിക്കുക” എന്നു തിരുവെഴുത്തു പറയുന്നു. (എബ്രായർ 10:25, ഓശാന ബൈബിൾ) വ്യക്തമായും, ‘സ്നേഹത്തിനും സത്പ്രവൃത്തികൾക്കും അന്യോന്യം പ്രോത്സാഹിപ്പിക്കാൻ’ ഒരു ആരാധനാസ്ഥലത്തു കൂടിവരാൻ സത്യാരാധകർക്കു കടപ്പാടുണ്ട്.—എബ്രായർ 10:24, NW.
പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്തലനായ പൗലൊസ് മേൽപ്പറഞ്ഞ വാക്കുകൾ എഴുതിയപ്പോൾ, യഹൂദന്മാരുടെ ആരാധനാസ്ഥലമായി ഉതകിയ പ്രൗഢഗംഭീരമായ ഒരു ആലയം യെരൂശലേമിൽ ഉണ്ടായിരുന്നു. അവിടെ സിനഗോഗുകളും ഉണ്ടായിരുന്നു. “എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയ”ത്തിലും യേശു പഠിപ്പിച്ചിരുന്നു.—യോഹന്നാൻ 18:20, പി.ഒ.സി. ബൈബിൾ.
പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടിവരാൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചപ്പോൾ ഏതു തരത്തിലുള്ള യോഗസ്ഥലമാണു പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്? ക്രൈസ്തവ ലോകത്തിലെ മതസൗധങ്ങളുടെ മുൻനിഴലായിരുന്നോ യെരൂശലേമിലെ ആലയ ക്രമീകരണം? നാമധേയ ക്രിസ്ത്യാനികൾ പ്രൗഢഗംഭീരമായ ദേവാലയങ്ങളിൽ കൂടിവരാൻ തുടങ്ങിയത് എപ്പോഴാണ്?
‘ദൈവനാമത്തിനായി ഒരു ആലയം’
ദൈവത്തെ ആരാധിക്കാനുള്ള സ്ഥലത്തെ സംബന്ധിച്ച ആദ്യത്തെ നിർദേശങ്ങൾ കാണുന്നത് പുറപ്പാടു എന്ന ബൈബിൾ പുസ്തകത്തിലാണ്. “തിരുനിവാസം” അഥവാ “സമാഗമനകൂടാരം” നിർമിക്കാൻ യഹോവ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്യർക്കു നിർദേശം നൽകി. നിയമപെട്ടകവും മറ്റു വിശുദ്ധ ഉപകരണങ്ങളും അവിടെ സൂക്ഷിക്കണമായിരുന്നു. പൊ.യു.മു. 1512-ൽ അതിന്റെ പണി പൂർത്തിയായപ്പോൾ “യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.” ചുമന്നുകൊണ്ടുപോകാമായിരുന്ന ഈ സമാഗമനകൂടാരം നാലു നൂറ്റാണ്ടിലേറെ, ദൈവത്തെ സമീപിക്കാനുള്ള ദിവ്യ ക്രമീകരണത്തിന്റെ മുഖ്യ സവിശേഷതയായി ഉതകി. (പുറപ്പാടു, അധ്യായങ്ങൾ 25-27; 40:33-38) ‘യഹോവയുടെ മന്ദിരം’ എന്നും ‘യഹോവയുടെ ആലയം’ എന്നും ബൈബിൾ ഇതിനെ പരാമർശിക്കുന്നു.—1 ശമൂവേൽ 1:9, 24.
പിന്നീട് ദാവീദ് യെരൂശലേമിൽ രാജാവായിരുന്ന കാലത്ത്, യഹോവയുടെ മഹത്ത്വത്തിനായി സ്ഥിരമായ ഒരു ആലയം പണിയാൻ അവൻ അതിയായി ആഗ്രഹിച്ചു. എന്നാൽ, ദാവീദ് ഒരു യോദ്ധാവായതിനാൽ യഹോവ അവനോട് പറഞ്ഞു: “നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു.” പകരം, ആലയം നിർമിക്കാനായി ദാവീദിന്റെ മകനായ ശലോമോനെ യഹോവ തിരഞ്ഞെടുത്തു. (1 ദിനവൃത്താന്തം 22:6-10) ഏഴര വർഷത്തെ നിർമാണത്തിനുശേഷം പൊ.യു.മു 1026-ൽ ശലോമോൻ ആലയത്തിന്റെ സമർപ്പണം നടത്തി. ഇപ്രകാരം പറഞ്ഞുകൊണ്ട് യഹോവ ഈ ആലയത്തിന്മേലുള്ള തന്റെ അംഗീകാരം പ്രകടമാക്കി: “നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.” (1 രാജാക്കന്മാർ 9:3) ഇസ്രായേല്യർ വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം ആ ആലയത്തിന് യഹോവയുടെ പ്രീതി ഉണ്ടായിരിക്കുമായിരുന്നു. എന്നാൽ, ശരി ചെയ്യുന്നതിൽനിന്ന് അവർ പിന്തിരിഞ്ഞാൽ യഹോവ തന്റെ പ്രീതി പിൻവലിക്കുകയും ആ ‘ആലയം നാശക്കൂമ്പാരമായിത്തീരുകയും’ ചെയ്യുമായിരുന്നു.—1 രാജാക്കന്മാർ 9:4-9, പി.ഒ.സി. ബൈ; 2 ദിനവൃത്താന്തം 7:16, 19, 20.
കാലക്രമത്തിൽ ഇസ്രായേല്യർ സത്യാരാധനയിൽനിന്നു വ്യതിചലിക്കുകതന്നെ ചെയ്തു. (2 രാജാക്കന്മാർ 21:1-5) ‘അതുകൊണ്ടു അവൻ [യഹോവ] കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു. വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; അവർ അവിടെ അവന്നും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു.’ ബൈബിൾ രേഖ പ്രകടമാക്കുന്നതനുസരിച്ച്, പൊ.യു.മു. 607-ലാണ് ഇതു സംഭവിച്ചത്.—2 ദിനവൃത്താന്തം 36:15-21; യിരെമ്യാവു 52:12-14.
യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, ബാബിലോണിന്റെ കീഴിൽനിന്ന് യഹൂദന്മാരെ വിടുവിക്കാനായി ദൈവം പേർഷ്യൻ രാജാവായ കോരെശിനെ എഴുന്നേൽപ്പിച്ചു. (യെശയ്യാവു 45:1) 70 വർഷത്തെ പ്രവാസത്തിനു ശേഷം പൊ.യു.മു. 537-ൽ, ആലയം പുനർനിർമിക്കുക എന്ന ഉദ്ദേശ്യത്തിൽ അവർ യെരൂശലേമിലേക്കു മടങ്ങിവന്നു. (എസ്രാ 1:1-6; 2:1, 2; യിരെമ്യാവു 29:10) ആലയ നിർമാണത്തിനിടയിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും പൊ.യു.മു. 515-ൽ പണി പൂർത്തിയാകുകയും ദൈവത്തിന്റെ നിർമലാരാധന പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ശലോമോൻ പണിത ആലയത്തോളം മഹനീയമായിരുന്നില്ലെങ്കിലും, അത് 600 വർഷത്തോളം നിലനിന്നു. എന്നിരുന്നാലും, ഇസ്രായേല്യർ യഹോവയുടെ ആരാധന ഉപേക്ഷിച്ചതിനാൽ, ഈ ആലയവും കേടുപാടുകൾ തീർക്കാനാവാത്ത അവസ്ഥയിൽ കിടന്നു. യേശുക്രിസ്തു ഭൂമിയിൽ വന്ന സമയത്ത് ഹെരോദാവ് രാജാവ് പടിപടിയായി ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്നു. ഈ ആലയത്തിന്റെ ഭാവി എന്തായിരുന്നു?
‘കല്ലിന്മേൽ കല്ല് ശേഷിക്കാതെ’
യെരൂശലേമിലെ ആലയത്തെ പരാമർശിച്ചുകൊണ്ട് യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഇടിഞ്ഞുപോകാതെ കല്ലിൻമേൽ കല്ലു ഇവിടെ ശേഷിക്കയില്ല.” (മത്തായി 24:1, 2) ആ വാക്കുകളുടെ നിവൃത്തിയായി, നൂറ്റാണ്ടുകളായി ദൈവാരാധനയുടെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന ആ സ്ഥലം, യഹൂദ കലാപം അടിച്ചമർത്താനായി വന്ന റോമൻ സൈന്യം പൊ.യു. 70-ൽ നശിപ്പിച്ചു.a ആ ആലയം പിന്നീടൊരിക്കലും പുനർനിർമിക്കപ്പെട്ടില്ല. ഏഴാം നൂറ്റാണ്ടിൽ ശിലാ താഴികക്കുടം എന്നറിയപ്പെടുന്ന ഒരു മുസ്ലീം തീർഥാടനകേന്ദ്രം അവിടെ നിർമിക്കപ്പെട്ടു. പണ്ട് യഹൂദന്മാർ ആരാധന നടത്തിയിരുന്ന ആ സ്ഥാനത്ത് അത് ഇപ്പോഴും നിലകൊള്ളുന്നു.
യേശുവിന്റെ അനുഗാമികൾക്കുള്ള ആരാധനാ ക്രമീകരണം എന്തായിരിക്കണമായിരുന്നു? യഹൂദ പശ്ചാത്തലത്തിൽനിന്നു വരുന്ന ആദിമ ക്രിസ്ത്യാനികൾ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുമായിരുന്ന ആ ആലയത്തിൽ ദൈവത്തെ തുടർന്നും ആരാധിക്കുമായിരുന്നോ? യഹൂദേതര ക്രിസ്ത്യാനികൾ ദൈവത്തെ എവിടെ ആരാധിക്കുമായിരുന്നു? ക്രൈസ്തവലോകത്തിലെ മതസൗധങ്ങൾ ആ ആലയത്തിനു പകരമായി വർത്തിക്കുമായിരുന്നോ? ഒരു ശമര്യ സ്ത്രീയുമായുള്ള യേശുവിന്റെ സംഭാഷണം ഇക്കാര്യം സംബന്ധിച്ചു നമുക്ക് ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു.
ശമര്യർ നൂറ്റാണ്ടുകളായി ദൈവത്തെ ആരാധിച്ചിരുന്നത് ശമര്യയിലെ ഗെരിസീം പർവതത്തിലുള്ള ഒരു വലിയ ആലയത്തിലായിരുന്നു. ശമര്യ സ്ത്രീ യേശുവിനോട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പിതാക്കൻമാർ ഈ മലയിൽ ആരാധന നടത്തി; എന്നാൽ, യഥാർത്ഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങൾ പറയുന്നു.” മറുപടിയായി യേശു പറഞ്ഞു: “സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.” യഹോവയെ ആരാധിക്കാൻ ഒരു ഭൗതിക ആലയത്തിന്റെ ആവശ്യം മേലാൽ ഇല്ലാതാകുമായിരുന്നു. കാരണം, യേശു വിശദീകരിച്ചു: “ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” (യോഹന്നാൻ 4:20, 21, 24, പി.ഒ.സി. ബൈ.) അപ്പൊസ്തലനായ പൗലൊസ് പിൽക്കാലത്ത് അഥേനക്കാരോട് പറഞ്ഞു: “പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവുമായ ദൈവം മനുഷ്യനിർമ്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്.”—പ്രവൃത്തികൾ 17:24, 25, പി.ഒ.സി. ബൈ.
വ്യക്തമായും, ക്രിസ്തീയ-പൂർവ കാലഘട്ടത്തിലെ ആലയ ക്രമീകരണവുമായി ക്രൈസ്തവ ലോകത്തിലെ മതസൗധങ്ങൾക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല, ആദിമ ക്രിസ്ത്യാനികൾക്ക് അത്തരം കെട്ടിടങ്ങൾ നിർമിക്കേണ്ട ആവശ്യവുമില്ലായിരുന്നു. എന്നാൽ, അപ്പൊസ്തലന്മാരുടെ കാലശേഷം, മുൻകൂട്ടി പറയപ്പെട്ടതുപോലെ സത്യോപദേശത്തിൽനിന്നുള്ള വ്യതിചലനം അഥവാ വിശ്വാസത്യാഗം സംഭവിച്ചു. (പ്രവൃത്തികൾ 20:29, 30) റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്ൻ ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്തെന്നു കരുതപ്പെടുന്ന പൊ.യു. 313-ന് വർഷങ്ങൾക്കു മുമ്പുതന്നെ, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്നവർ യേശുവിന്റെ ഉപദേശങ്ങളിൽനിന്നു വ്യതിചലിച്ചു തുടങ്ങി.
“ക്രിസ്ത്യാനിത്വ”ത്തെ പുറജാതീയ റോമൻ മതത്തിൽ ലയിപ്പിക്കുന്നതിൽ കോൺസ്റ്റന്റയ്ൻ ഒരു പങ്കുവഹിച്ചു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “റോമിലെ മൂന്നു വലിയ ക്രൈസ്തവ ബസിലിക്കകളുടെ—സെന്റ് പീറ്റേഴ്സ്, സെന്റ് പോൾസ് ഔട്ട്സൈഡ് ദ വാൾസ്, സെന്റ് ജോൺ ലാറ്റെറൻ എന്നിവയുടെ—നിർമാണത്തിന് ഉത്തരവിട്ടത് കോൺസ്റ്റന്റയ്ൻതന്നെ ആയിരുന്നു. . . . മധ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട പള്ളികളുടെ പൊതു സവിശേഷതയായിരുന്ന കുരിശിന്റെ ആകൃതിയിലുള്ള രൂപകൽപ്പനയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്.” റോമിലെ പുനർനിർമിക്കപ്പെട്ട സെന്റ് പീറ്റേഴ്സ് ബസിലിക്ക ഇപ്പോഴും റോമൻ കത്തോലിക്കാ സഭയുടെ സുപ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്നു.
“ക്രിസ്ത്യാനിത്വത്തിന്റെ ആവിർഭാവത്തിനു മുമ്പ് റോമിൽ സർവസാധാരണമായിരുന്ന കുറെ [പുറജാതീയ] മതാചാരങ്ങളും ആരാധനാസമ്പ്രദായങ്ങളും സഭ സ്വീകരിച്ചു” എന്നു ചരിത്രകാരനായ വിൽ ഡൂറന്റ് പറയുന്നു. അതിൽ “ബസിലിക്കയുടെ രൂപകൽപ്പന”യും ഉൾപ്പെട്ടിരുന്നു. 10 മുതൽ 15 വരെയുള്ള നൂറ്റാണ്ടുകളിൽ, വാസ്തുവിദ്യയ്ക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട്, പള്ളികളുടെയും കത്തീഡ്രലുകളുടെയും നിർമാണത്തിൽ ഒരു കുതിച്ചുകയറ്റമുണ്ടായി. അങ്ങനെയാണ്, കലാപ്രാധാന്യമുള്ള സ്മാരകമന്ദിരങ്ങളായി കണക്കാക്കപ്പെടുന്ന അനേകം ക്രൈസ്തവ ദേവാലയങ്ങൾ നിലവിൽ വന്നത്.
പള്ളിയിൽ പോയി ആരാധിക്കുമ്പോഴെല്ലാം ആളുകൾക്ക് എല്ലായ്പോഴും ആത്മീയ നവോന്മേഷവും പ്രോത്സാഹനവും ലഭിക്കാറുണ്ടോ? ബ്രസീൽകാരനായ ഫ്രാൻസിസ്കോ പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം പള്ളി എന്നു പറഞ്ഞാൽ, മതത്തിലെ ഏറ്റവും വിരസമായ ഒരു ഘടകമായിരുന്നു. ആവർത്തിച്ചുള്ള നിരർഥകമായ ഒരു ചടങ്ങായിരുന്നു കുർബാന. എന്റെ യഥാർഥ ആത്മീയ ആവശ്യങ്ങളെ യാതൊരു പ്രകാരത്തിലും അതു തൃപ്തിപ്പെടുത്തിയിരുന്നില്ല. അതൊന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്നേ എനിക്കുണ്ടായിരുന്നുള്ളൂ.” എന്നിരുന്നാലും, യഥാർഥ വിശ്വാസികൾ കൂടിവരാൻ കല്പിക്കപ്പെട്ടിരിക്കുന്നു. ഒന്നിച്ചുകൂടാനായി ഏതു ക്രമീകരണമാണ് അവർ പിൻപറ്റേണ്ടത്?
“അവരുടെ വീട്ടിലെ സഭ”
ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികൾ കൂടിവന്നിരുന്ന വിധം പരിശോധിച്ചാൽ ക്രിസ്ത്യാനികൾ എപ്രകാരമാണ് കൂടിവരേണ്ടത് എന്നു മനസ്സിലാക്കാൻ കഴിയും. അവർ സ്വകാര്യ ഭവനങ്ങളിൽ കൂടിവന്നിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. ഉദാഹരണമായി, അപ്പൊസ്തലനായ പൗലൊസ് എഴുതി: “ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനംചെയ്വിൻ. അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ.” (റോമർ 16:3, 5; കൊലൊസ്സ്യർ 4:15; ഫിലേമോൻ 2) സത്യക്രിസ്ത്യാനികളുടെ ആരാധനയ്ക്ക് പ്രൗഢമായ മതമന്ദിരങ്ങൾ ആവശ്യമില്ല.
ആദിമ ക്രിസ്തീയ സഭകളിൽ യോഗങ്ങൾ നടന്നിരുന്നത് എങ്ങനെയാണ്? ശിഷ്യനായ യാക്കോബ് ക്രിസ്തീയ യോഗത്തെ പരാമർശിക്കാൻ സിനഗോഗ് എന്ന ഗ്രീക്ക് പദത്തിന്റെ ഒരു രൂപമാണ് ഉപയോഗിച്ചത്. (യാക്കോബ് 2:2, NW, അടിക്കുറിപ്പ്) ഈ പദത്തിന്റെ അർഥം “ഒരുമിച്ചുകൂടൽ” എന്നാണ്, അത് എക്ലീസിയയുടെ പര്യായമായും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കാലക്രമത്തിൽ സിനഗോഗ് എന്ന പദത്തിന്, യോഗം നടത്തപ്പെടുന്ന സ്ഥലം അല്ലെങ്കിൽ കെട്ടിടം എന്ന അർഥം കൈവന്നു. ഒരു സിനഗോഗിൽ നടന്നിരുന്ന കാര്യങ്ങളുമായി ആദിമ കാലത്തെ യഹൂദ ക്രിസ്ത്യാനികൾ പരിചിതരായിരുന്നു.b
യഹൂദന്മാർ യെരൂശലേമിലെ ആലയത്തിൽ കൂടിവന്നത് തങ്ങളുടെ വാർഷിക ഉത്സവങ്ങൾക്കായിരുന്നു. അതേസമയം, സിനഗോഗുകൾ യഹോവയെ കുറിച്ചു പഠിക്കാനും ന്യായപ്രമാണത്തിൽനിന്നു പ്രബോധനം നേടാനും ഉള്ള പ്രാദേശിക കേന്ദ്രങ്ങളായി ഉതകി. പ്രാർഥന, തിരുവെഴുത്തുകളുടെ വായന, തിരുവെഴുത്തു വ്യാഖ്യാനം, ഉദ്ബോധനം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കാം സിനഗോഗുകളിൽ നടന്നിരുന്നത്. പൗലൊസും കൂടെയുള്ളവരും അന്ത്യോക്യയിലെ ഒരു സിനഗോഗിൽ ചെന്നപ്പോൾ, “സിനഗോഗിലെ അധികാരികൾ ആളയച്ചു അവരോട് ഇപ്രകാരം പറയിച്ചു: ‘സഹോദരൻമാരേ, നിങ്ങളിലാർക്കെങ്കിലും ജനങ്ങൾക്ക് ഉപദേശം നല്കാനുണ്ടെങ്കിൽ പറയാം.’” (പ്രവൃത്തികൾ 13:15, പി.ഒ.സി. ബൈ.) സ്വകാര്യ ഭവനങ്ങളിൽ കൂടിവന്നിരുന്ന ആദിമ യഹൂദ ക്രിസ്ത്യാനികൾ സമാനമായ ഒരു മാതൃക പിൻപറ്റിയിരുന്നു എന്നതിനു സംശയമില്ല. തങ്ങളുടെ യോഗങ്ങൾ സഭാംഗങ്ങളെ തിരുവെഴുത്തുപരമായി പ്രബോധിപ്പിക്കുന്നുവെന്നും ആത്മീയമായി കെട്ടുപണി ചെയ്യുന്നുവെന്നും അവർ ഉറപ്പുവരുത്തിയിരുന്നു.
കെട്ടുപണി ചെയ്യാനുതകുന്ന സഭകൾ
ആ ആദിമ ക്രിസ്ത്യാനികൾ ചെയ്തതുപോലെ, ബൈബിളിൽനിന്ന് പ്രബോധനം സ്വീകരിക്കാനും ആരോഗ്യാവഹമായ സഹവാസം ആസ്വദിക്കാനുമായി യഹോവയുടെ സാക്ഷികൾ ലളിതമായ ആരാധനാസ്ഥലങ്ങളിൽ കൂടിവരുന്നു. വർഷങ്ങളോളം അവർ സ്വകാര്യ ഭവനങ്ങളിൽ മാത്രമാണു കൂടിവന്നിരുന്നത്, ചിലയിടങ്ങളിൽ ഇപ്പോഴും അങ്ങനെതന്നെയാണു ചെയ്യുന്നത്. എന്നാൽ ഇന്ന് സഭകളുടെ എണ്ണം 90,000-ത്തിലധികമായി വർധിച്ചിരിക്കുന്നു. അവരുടെ പ്രധാന യോഗസ്ഥലങ്ങൾ രാജ്യഹാളുകൾ എന്നാണ് അറിയപ്പെടുന്നത്. ഈ കെട്ടിടങ്ങൾ പകിട്ടേറിയവയോ കാഴ്ചയ്ക്ക് പള്ളിപോലുള്ളവയോ അല്ല. ദൈവവചനത്തിൽനിന്നു കേട്ടു പഠിക്കാനായി 100 മുതൽ 200 വരെ പേർ അടങ്ങുന്ന സഭകൾക്ക് ആഴ്ചതോറും കൂടിവരാൻ സാധിക്കുന്ന വിധത്തിലുള്ള ലളിതമായ കെട്ടിടങ്ങളാണ് അവ.
യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളും വാരത്തിൽ മൂന്നു പ്രാവശ്യം യോഗങ്ങൾക്കായി കൂടിവരുന്നു. യോഗങ്ങളിലൊന്ന്, താത്പര്യജനകമായ ഒരു കാലോചിത വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരസ്യ പ്രസംഗമാണ്. അതിനുശേഷം വീക്ഷാഗോപുരം മാസികയുടെ സഹായത്തോടെ ഒരു ബൈബിൾ വിഷയത്തെയോ പ്രവചനത്തെയോ ആസ്പദമാക്കിയുള്ള ഒരു അധ്യയനം ഉണ്ടായിരിക്കും. ബൈബിൾ സന്ദേശം അവതരിപ്പിക്കുന്നതിൽ പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ള ഒരു സ്കൂളാണ് മറ്റൊരു യോഗം. അതിനെ തുടർന്ന്, മുഖ്യമായും ക്രിസ്തീയ ശുശ്രൂഷ നിറവേറ്റാനുള്ള പ്രായോഗിക നിർദേശങ്ങൾ പ്രദാനം ചെയ്യുന്ന ഒരു യോഗം ഉണ്ടായിരിക്കും. കൂടാതെ, ആഴ്ചയിലൊരിക്കൽ ബൈബിൾ അധ്യയനത്തിനുവേണ്ടി സാക്ഷികൾ ചെറിയ കൂട്ടങ്ങളായി സ്വകാര്യ ഭവനങ്ങളിൽ കൂടിവരുന്നു. ആർക്കുവേണമെങ്കിലും ഈ യോഗങ്ങളിൽ സംബന്ധിക്കാം. ഇവിടെ ഒരിക്കലും പണപ്പിരിവുകൾ നടത്താറില്ല.
രാജ്യഹാളിലെ യോഗങ്ങൾ അത്യന്തം പ്രയോജനപ്രദമാണെന്നു നേരത്തേ പരാമർശിച്ച ഫ്രാൻസിസ്കോ മനസ്സിലാക്കി. അദ്ദേഹം പറയുന്നു: “പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള സൗകര്യപ്രദമായ ഒരു കെട്ടിടത്തിലാണ് ഞാൻ ആദ്യമായി യോഗത്തിനു പോയത്. നല്ല മതിപ്പോടെയാണ് ഞാൻ ആ ഹാളിൽനിന്നു പോന്നത്. അവിടെ ഹാജരായിരുന്ന എല്ലാവരും സൗഹൃദഭാവമുള്ളവരായിരുന്നു, അവർക്കിടയിലെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞു. വീണ്ടും അവിടെ പോകാൻ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. അന്നു മുതൽ ഞാൻ ഒരു യോഗവും മുടക്കിയിട്ടില്ല. ഈ ക്രിസ്തീയ യോഗങ്ങൾ പ്രോത്സാഹജനകമാണ്, അവ എന്റെ ആത്മീയ ആവശ്യം തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ചില കാരണങ്ങളാൽ എനിക്ക് നിരുത്സാഹം തോന്നുമ്പോൾപ്പോലും, പ്രോത്സാഹിതനായി വീട്ടിൽ തിരിച്ചെത്തുമെന്ന ഉത്തമബോധ്യത്തോടെ ഞാൻ രാജ്യഹാളിൽ പോകുന്നു.”
യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ യോഗങ്ങളിൽ ബൈബിൾ പഠിക്കുന്നതിനും കെട്ടുപണി ചെയ്യുന്ന സഹവാസം ആസ്വദിക്കുന്നതിനുമുള്ള അവസരങ്ങൾക്കു പുറമേ ദൈവത്തെ സ്തുതിക്കാനുള്ള അവസരവും നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള രാജ്യഹാൾ സന്ദർശിക്കാൻ ഞങ്ങൾ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. അങ്ങനെ ചെയ്താൽ നിങ്ങൾ സന്തുഷ്ടനായിരിക്കും.
[അടിക്കുറിപ്പുകൾ]
a റോമാക്കാർ ആലയം പൂർണമായും തകർത്തുകളഞ്ഞു. വിലാപമതിൽ—ദൂരസ്ഥലങ്ങളിൽനിന്നുപോലും യഹൂദന്മാർ പ്രാർഥിക്കാനായി ഇവിടെ വരാറുണ്ട്—ആലയത്തിന്റെയല്ല, ആലയ പ്രാകാരത്തിന്റെ ഭാഗമാണ്.
b ആലയം നിലവിലില്ലാതിരുന്ന 70 വർഷത്തെ പ്രവാസകാലത്തോ അല്ലെങ്കിൽ പ്രവാസത്തിൽനിന്നു മടങ്ങിവന്ന ഉടനെ ആലയത്തിന്റെ പണി നടന്നുകൊണ്ടിരുന്ന സമയത്തോ ആയിരിക്കാം സിനഗോഗുകൾ സ്ഥാപിതമായത് എന്നു കരുതപ്പെടുന്നു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, പാലസ്തീനിൽ പട്ടണംതോറും ഓരോ സിനഗോഗുണ്ടായിരുന്നു, വലിയ നഗരങ്ങളിലാകട്ടെ ഒന്നിലധികവും.
[4, 5 പേജുകളിലെ ചിത്രങ്ങൾ]
സമാഗമനകൂടാരവും പിന്നീട് ആലയങ്ങളും യഹോവയെ ആരാധിക്കാനുള്ള ഉത്തമ കേന്ദ്രങ്ങളായി ഉതകി
[6-ാം പേജിലെ ചിത്രം]
റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക
[7-ാം പേജിലെ ചിത്രം]
ആദിമ ക്രിസ്ത്യാനികൾ സ്വകാര്യ ഭവനങ്ങളിൽ കൂടിവന്നിരുന്നു
[8, 9 പേജുകളിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികൾ സ്വകാര്യ ഭവനങ്ങളിലും രാജ്യഹാളുകളിലും യോഗങ്ങൾ നടത്തുന്നു