ബൈബിൾ പുസ്തക നമ്പർ 46—1 കൊരിന്ത്യർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: എഫേസൂസ്
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 55
1. പൗലൊസിന്റെ നാളുകളിൽ കൊരിന്ത് ഏതു തരം നഗരമായിരുന്നു?
കൊരിന്ത് “കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദൂഷ്യങ്ങൾ ഒത്തുകൂടിയ പ്രസിദ്ധവും ഭോഗാസക്തവുമായ ഒരു സ്ഥല”മായിരുന്നു.a പെലോപോണസൂസിനും യൂറോപ്പ് ഭൂഖണ്ഡത്തിലെ ഗ്രീസിനുമിടക്കുളള ഒരു ഇടുങ്ങിയ മുനമ്പിൽ സ്ഥിതിചെയ്ത കൊരിന്ത് വൻകരയിലേക്കുളള കരമാർഗത്തെ നിയന്ത്രിച്ചിരുന്നു. അപ്പോസ്തലനായ പൗലൊസിന്റെ നാളുകളിൽ 4,00,000 വരുന്ന അതിലെ ജനസംഖ്യയെ കവിഞ്ഞുനിന്നതു റോമും അലക്സാണ്ട്രിയയും സിറിയൻ അന്ത്യോക്യയും മാത്രമായിരുന്നു. കൊരിന്തിന്റെ കിഴക്കുഭാഗത്തായിരുന്നു ഈജിയൻ കടൽ. പടിഞ്ഞാറ് കൊരിന്ത് ഉൾക്കടലും അയോണിയൻ സമുദ്രവും കിടന്നിരുന്നു. അങ്ങനെ അഖായപ്രവിശ്യയുടെ തലസ്ഥാനമായിരുന്ന കൊരിന്ത് കെംക്രേയ, ലെഖായം എന്നീ രണ്ടു തുറമുഖങ്ങൾ സഹിതം നയതന്ത്രപരമായി വാണിജ്യപ്രാധാന്യമുളള ഒരു സ്ഥാനം വഹിച്ചിരുന്നു. അതു ഗ്രീക്ക് പാണ്ഡിത്യത്തിന്റെ ഒരു കേന്ദ്രവുമായിരുന്നു. “അതിലെ സമ്പത്ത് പ്രസിദ്ധമായിരിക്കത്തക്കവണ്ണം വളരെ കീർത്തിപ്പെട്ടതായിരുന്നു; അതിലെ നിവാസികളുടെ തിൻമയും ദുർവൃത്തിയും അങ്ങനെതന്നെയായിരുന്നു”b എന്നു പറയപ്പെട്ടിരിക്കുന്നു. അതിലെ മതാചാരങ്ങളുടെ കൂട്ടത്തിൽ അഫ്രോഡൈററിന്റെ (റോമൻ വീനസിന്റെ മറുഘടകം) ആരാധന ഉൾപ്പെട്ടിരുന്നു. ഭോഗാസക്തി കൊരിന്ത്യാരാധനയുടെ ഒരു ഉത്പന്നമായിരുന്നു.
2. കൊരിന്ത്യസഭ എങ്ങനെ സ്ഥാപിക്കപ്പെട്ടു, അതുകൊണ്ടു പൗലൊസുമായി അതിന് ഏതു ബന്ധമുണ്ടായിരുന്നു?
2 റോമൻലോകത്തിൽ തഴച്ചുകൊണ്ടിരുന്നതെങ്കിലും ധാർമികമായി അധഃപതിച്ച ഈ മഹാനഗരത്തിലേക്കായിരുന്നു അപ്പോസ്തലനായ പൗലൊസ് പൊ.യു. ഏതാണ്ട് 50-ൽ സഞ്ചരിച്ചത്. 18 മാസത്തെ അവന്റെ വാസക്കാലത്ത് അവിടെ ഒരു ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ടു. (പ്രവൃത്തികൾ 18:1-11) താൻ ക്രിസ്തുവിനെക്കുറിച്ചുളള സുവാർത്ത ആദ്യം എത്തിച്ചുകൊടുത്ത ഈ വിശ്വാസികളോടു പൗലൊസിന് എത്രയധികം സ്നേഹം തോന്നി! സ്ഥിതിചെയ്തിരുന്ന ആത്മീയ ബന്ധത്തെക്കുറിച്ച് അവരെ അനുസ്മരിപ്പിച്ചുകൊണ്ട് ലേഖനത്തിലൂടെ അവൻ പറഞ്ഞു: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കൻമാർ ഉണ്ടെങ്കിലും പിതാക്കൻമാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.”—1 കൊരി. 4:15.
3. കൊരിന്ത്യർക്കുളള തന്റെ ഒന്നാമത്തെ ലേഖനമെഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചത് എന്ത്?
3 കൊരിന്ത്യരുടെ ആത്മീയ ക്ഷേമത്തെക്കുറിച്ചുളള ആഴമായ താത്പര്യം മൂന്നാമത്തെ മിഷനറിപര്യടനവേളയിൽ അവർക്കു തന്റെ ഒന്നാമത്തെ ലേഖനം എഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചു. അവന്റെ കൊരിന്തിലെ താമസം കഴിഞ്ഞിട്ട് ഏതാനും വർഷങ്ങൾ കടന്നുപോയിരുന്നു. അപ്പോഴേക്കും പൊ.യു. 55 ആയിരുന്നു, പൗലൊസ് എഫേസൂസിലായിരുന്നു. പ്രത്യക്ഷത്തിൽ താരതമ്യേന പുതിയ കൊരിന്ത്യ സഭയിൽനിന്ന് ഒരു കത്ത് അവനു കിട്ടിയിരുന്നു, അതിന് ഒരു മറുപടി ആവശ്യമായിരുന്നു. കൂടാതെ, അസഹ്യപ്പെടുത്തുന്ന റിപ്പോർട്ടുകൾ പൗലൊസിനു കിട്ടിയിരുന്നു. (7:1; 1:11; 5:1; 11:18) തന്റെ ലേഖനത്തിന്റെ 7-ാം അധ്യായത്തിന്റെ ആദ്യവാക്യംവരെ അവരുടെ അന്വേഷണക്കത്തിനെ പരാമർശിക്കുകപോലും ചെയ്യാതിരിക്കത്തക്കവണ്ണം ഈ റിപ്പോർട്ടുകൾ വളരെ ദുഃഖഹേതുകമായിരുന്നു. വിശേഷാൽ തനിക്കു കിട്ടിയിരുന്ന റിപ്പോർട്ടുകൾ നിമിത്തമാണു കൊരിന്തിലെ തന്റെ സഹക്രിസ്ത്യാനികൾക്ക് എഴുതാൻ പൗലൊസ് നിർബന്ധിതനായത്.
4. പൗലൊസ് എഫേസൂസിൽനിന്ന് ഒന്നു കൊരിന്ത്യർ എഴുതിയെന്നതിന് എന്തു തെളിവുണ്ട്?
4 എന്നാൽ എഫേസൂസിൽനിന്നാണു പൗലൊസ് ഒന്നു കൊരിന്ത്യർ എഴുതിയതെന്നു നാം എങ്ങനെ അറിയുന്നു? ഒരു സംഗതി, അഭിവന്ദനങ്ങളോടെ ലേഖനം അവസാനിപ്പിക്കുമ്പോൾ അപ്പോസ്തലൻ അക്വിലായുടെയും പ്രിസ്കയുടെയും (പ്രിസ്കില്ല) വന്ദനങ്ങൾ ഉൾപ്പെടുത്തുന്നു എന്നതാണ്. (16:19) അവർ കൊരിന്തിൽനിന്ന് എഫേസൂസിലേക്കു മാറിപ്പാർത്തിരുന്നുവെന്നു പ്രവൃത്തികൾ 18:18, 19 പ്രകടമാക്കുന്നു. അക്വിലായും പ്രിസ്കില്ലയും അവിടെ പാർത്തിരുന്നതുകൊണ്ടും ഒന്നു കൊരിന്ത്യരുടെ ഉപസംഹാര അഭിവന്ദനങ്ങളിൽ അവരെ ഉൾപ്പെടുത്തിയിരിക്കുന്നതുകൊണ്ടും ലേഖനമെഴുതിയപ്പോൾ പൗലൊസ് എഫേസൂസിലായിരുന്നിരിക്കണം. എന്നിരുന്നാലും അനിശ്ചിതത്വം അവശേഷിപ്പിക്കാത്ത ഒരു ആശയം “എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും” എന്ന 1 കൊരിന്ത്യർ 16:8-ലെ പൗലൊസിന്റെ പ്രസ്താവനയാണ്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതുകൊണ്ടു പ്രത്യക്ഷത്തിൽ എഫേസൂസിലെ വാസത്തിന്റെ അവസാനത്തോടടുത്ത് അവിടെവെച്ചു പൗലൊസ് ഒന്നു കൊരിന്ത്യർ എഴുതി.
5. കൊരിന്ത്യർക്കുളള ലേഖനങ്ങളുടെ വിശ്വാസ്യതയെ സ്ഥാപിക്കുന്നത് എന്ത്?
5 ഒന്നു കൊരിന്ത്യരുടെയും രണ്ടു കൊരിന്ത്യരുടെയും വിശ്വാസ്യതയെ ചോദ്യംചെയ്യാവുന്നതല്ല. ആദിമ ക്രിസ്ത്യാനികൾ ഈ ലേഖനം പൗലൊസിന്റേതായി സമ്മതിക്കുകയും കാനോനികതയുളളതായി അംഗീകരിക്കുകയും ചെയ്തു, അവയെ അവർ തങ്ങളുടെ ശേഖരങ്ങളിൽ ഉൾപ്പെടുത്തി. യഥാർഥത്തിൽ, ഒന്നു ക്ലെമൻറ് എന്ന പേരിൽ റോമിൽനിന്നു കൊരിന്തിലേക്കയച്ച പൊ.യു. ഏതാണ്ട് 95-ലെ ഒരു എഴുത്തിൽ ഒന്നു കൊരിന്ത്യരെ കുറഞ്ഞപക്ഷം ആറു പ്രാവശ്യം സൂചിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ടെന്നു പറയപ്പെടുന്നു. പ്രത്യക്ഷത്തിൽ ഒന്നു കൊരിന്ത്യരെ പരാമർശിച്ചുകൊണ്ട്, “വാഴ്ത്തപ്പെട്ട അപ്പോസ്തലനായ പൗലൊസിന്റെ ലേഖനം സ്വീകരിക്കാൻ” എഴുത്തുകാരൻ ആ എഴുത്തു കിട്ടിയവരെ പ്രോത്സാഹിപ്പിച്ചു.c ജസ്ററിൻ മാർട്ടെറും അതനാഗൊറസും ഐറേനിയസും തെർത്തുല്യനും ഒന്നു കൊരിന്ത്യരിൽനിന്നു നേരിട്ട് ഉദ്ധരിക്കുന്നുണ്ട്. ഒന്നും രണ്ടും കൊരിന്ത്യർ ഉൾപ്പെടെയുളള പൗലൊസിന്റെ ലേഖനങ്ങളുടെ ഒരു കോർപ്പസ് അല്ലെങ്കിൽ ശേഖരം “ഒന്നാം നൂററാണ്ടിന്റെ അവസാനത്തെ ദശാബ്ദത്തിൽ രൂപീകരിക്കപ്പെടുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു”വെന്നതിനു ശക്തമായ തെളിവുണ്ട്.d
6. കൊരിന്ത്യസഭയിൽ ഏതു പ്രശ്നങ്ങൾ സ്ഥിതിചെയ്തിരുന്നു, പൗലൊസ് എന്തിൽ വിശേഷാൽ തത്പരനായിരുന്നു?
6 കൊരിന്ത്യർക്കുളള പൗലൊസിന്റെ ഒന്നാമത്തെ ലേഖനം കൊരിന്ത്യ സഭക്കുളളിലേക്കുതന്നെ നോക്കാനുളള അവസരം നമുക്കു നൽകുന്നു. ഈ ക്രിസ്ത്യാനികൾക്കു പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു, സംശയം തീർന്നുകിട്ടേണ്ട ചോദ്യങ്ങൾ അവർക്കുണ്ടായിരുന്നു. സഭക്കുളളിൽ കക്ഷിപിരിവുകൾ ഉണ്ടായിരുന്നു, കാരണം ചിലർ മനുഷ്യരെ അനുഗമിക്കുകയായിരുന്നു. ലൈംഗികദുർമാർഗത്തിന്റെ ഞെട്ടിക്കുന്ന ഒരു കേസ് ഉയർന്നുവന്നിരുന്നു. ചിലർ മതപരമായി വിയോജിപ്പുളള ഭവനങ്ങളിലാണു ജീവിച്ചത്. അവർ തങ്ങളുടെ അവിശ്വാസികളായ ഇണകളോടുകൂടെ കഴിയണമോ, അതോ വേർപിരിയണമോ? വിഗ്രഹങ്ങൾക്കു ബലിചെയ്യപ്പെട്ട മാംസം ഭക്ഷിക്കുന്നതുസംബന്ധിച്ചെന്ത്? അവർക്ക് അതു ഭക്ഷിക്കാമോ? കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണം ഉൾപ്പെടെയുളള യോഗങ്ങൾ നടത്തുന്നതുസംബന്ധിച്ചു കൊരിന്ത്യർക്കു ബുദ്ധ്യുപദേശം ആവശ്യമായിരുന്നു. സഭയിൽ സ്ത്രീകളുടെ സ്ഥാനം എന്തായിരിക്കണം? കൂടാതെ അവരുടെയിടയിൽ പുനരുത്ഥാനത്തെ നിഷേധിച്ചവർ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ നിരവധിയായിരുന്നു. എങ്കിലും അപ്പോസ്തലൻ വിശേഷാൽ ഒരു ആത്മീയ യഥാസ്ഥാപനം കൈവരുത്തുന്നതിൽ തത്പരനായിരുന്നു.
7. നാം ഏതു മനോഭാവത്തോടെ ഒന്നു കൊരിന്ത്യർ പരിചിന്തിക്കണം, എന്തുകൊണ്ട്?
7 സഭക്കുളളിലെ അവസ്ഥകൾക്കും സമ്പൽസമൃദ്ധിയും ഭോഗാസക്തിയും സഹിതമുളള പുരാതന കൊരിന്തിലെ ചുററുപാടിനും ആധുനികസമാന്തരങ്ങളുളളതുകൊണ്ടു ദിവ്യനിശ്വസ്തതയിൽ എഴുതപ്പെട്ട പൗലൊസിന്റെ ശുദ്ധമായ ബുദ്ധ്യുപദേശം നമ്മുടെ ശ്രദ്ധ പിടിച്ചുപററുന്നു. പൗലൊസ് പറഞ്ഞതു നമ്മുടെ സ്വന്തം നാളിലേക്ക് അർഥസമ്പൂർണമായതിനാൽ തന്റെ പ്രിയപ്പെട്ട കൊരിന്ത്യ സഹോദരീസഹോദരൻമാർക്കുളള അവന്റെ ഒന്നാമത്തെ ലേഖനത്തിന്റെ ചിന്താപൂർവകമായ പരിചിന്തനം തീർച്ചയായും പ്രയോജനകരമെന്നു തെളിയും. കാലത്തിന്റെയും സ്ഥലത്തിന്റെയും ആത്മാവ് ഇപ്പോൾ അനുസ്മരിക്കുക. നാം പുരാതന കൊരിന്തിലെ സഹവിശ്വാസികളോടുളള പൗലൊസിന്റെ തുളച്ചുകയറുന്ന, ഉത്തേജകമായ, നിശ്വസ്തവാക്കുകൾ പുനരവലോകനം ചെയ്യുമ്പോൾ, കൊരിന്ത്യക്രിസ്ത്യാനികൾ ചെയ്യുമായിരുന്നതുപോലെ, ആത്മപരിശോധനാരീതിയിൽ ചിന്തിക്കുക.
ഒന്നു കൊരിന്ത്യരുടെ ഉളളടക്കം
8. (എ) പൗലൊസ് സഭയിലെ വിഭാഗീയതയുടെ ഭോഷത്വം തുറന്നുകാട്ടുന്നത് എങ്ങനെ? (ബി) ദൈവത്തിന്റെ കാര്യങ്ങൾ ഗ്രഹിക്കുന്നതിന് എന്താവശ്യമാണെന്നു പൗലൊസ് പ്രകടമാക്കുന്നു?
8 പൗലൊസ് വിഭാഗീയതയെ തുറന്നുകാട്ടുകയും ഐക്യം നേടാൻ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. (1:1–4:21). പൗലൊസിന് കൊരിന്ത്യരെക്കുറിച്ചു ശുഭാശംസകളാണുളളത്. എന്നാൽ അവരുടെയിടയിലെ കക്ഷിപിരിവുകൾ, ഭിന്നതകൾ, സംബന്ധിച്ചെന്ത്? ‘ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നു.’ (1:13) താൻ അവരിൽ വളരെ കുറച്ചുപേരെ മാത്രം സ്നാപനപ്പെടുത്തിയതിൽ അപ്പോസ്തലൻ നന്ദിയുളളവനാണ്, അതുകൊണ്ട് അവന്റെ നാമത്തിൽ അവർ സ്നാപനപ്പെടുത്തപ്പെട്ടതായി അവർക്കു പറയാൻ കഴിയുന്നതല്ല. സ്തംഭത്തിലേററപ്പെട്ട ക്രിസ്തുവിനെയാണു പൗലൊസ് പ്രസംഗിക്കുന്നത്. ഇതു യഹൂദൻമാർക്ക് ഇടർച്ചക്കു കാരണവും ജനതകൾക്കു ഭോഷത്വവുമാണ്. എന്നാൽ ജ്ഞാനികളെയും ബലവാൻമാരെയും ലജ്ജിപ്പിക്കുന്നതിനു ദൈവം ലോകത്തിലെ ഭോഷത്വപരവും ദുർബലവുമായ കാര്യങ്ങൾ തിരഞ്ഞെടുത്തു. അതുകൊണ്ടു പൗലൊസ് അതിഭാഷണം ഉപയോഗിക്കാതെ തന്റെ വാക്കുകളിലൂടെ ദൈവത്തിന്റെ ആത്മാവിനെയും ശക്തിയെയും കാണാൻ സഹോദരൻമാരെ അനുവദിക്കുന്നു, അവരുടെ വിശ്വാസം മനുഷ്യരുടെ ജ്ഞാനത്തിലല്ല, പിന്നെയോ ദൈവശക്തിയിലായിരിക്കേണ്ടതിനുതന്നെ. ഞങ്ങൾ ദൈവാത്മാവു വെളിപ്പെടുത്തുന്ന കാര്യങ്ങൾ സംസാരിക്കുന്നുവെന്നു പൗലൊസ് പറയുന്നു, എന്തുകൊണ്ടെന്നാൽ “ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.” പ്രാകൃതമനുഷ്യന് ഇതു ഗ്രഹിക്കാൻ കഴിയില്ല, എന്നാൽ ആത്മീയ മനുഷ്യനുമാത്രമേ കഴിയൂ.—2:10.
9. യാതൊരുവനും മനുഷ്യരിൽ പ്രശംസിക്കരുതെന്ന് ഏതു വാദത്താൽ പൗലൊസ് പ്രകടമാക്കുന്നു?
9 അവർ മനുഷ്യരെ അനുഗമിക്കുകയാണ്, ചിലർ അപ്പൊല്ലോസിനെയും ചിലർ പൗലൊസിനെയും. എന്നാൽ ഇവർ ആരാണ്? കൊരിന്ത്യർ ആർമുഖേന വിശ്വാസികളായിത്തീർന്നോ ആ ശുശ്രൂഷകർ മാത്രമാണ്. നടുകയും നനക്കുകയും ചെയ്യുന്നവർ ഏതുമില്ല, കാരണം “ദൈവമത്രേ വളരുമാറാക്കിയതു.” അവർ അവന്റെ “കൂട്ടുവേലക്കാർ” ആണ്. ആരുടെ പ്രവൃത്തികൾ നിലനിൽക്കുമെന്ന് അഗ്നിപരിശോധന വെളിപ്പെടുത്തും. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം” എന്നു പൗലൊസ് അവരോടു പറയുന്നു, അവരിൽ അവന്റെ ആത്മാവു വസിക്കുന്നു. “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.” അതുകൊണ്ടു യാതൊരുവനും മനുഷ്യരിൽ പ്രശംസിക്കാതിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ തീർച്ചയായും സകലവും ദൈവത്തിന്റേതാണ്.—3:6, 9, 16, 19.
10. കൊരിന്ത്യരുടെ പ്രശംസ അസ്ഥാനത്തായിരുന്നത് എന്തുകൊണ്ട്, സാഹചര്യത്തിനു പരിഹാരമുണ്ടാക്കാൻ പൗലൊസ് ഏതു നടപടികളാണ് എടുക്കുന്നത്?
10 പൗലൊസും അപ്പൊല്ലോസും ദൈവത്തിന്റെ പാവനരഹസ്യങ്ങളുടെ വിനീതരായ ഗൃഹവിചാരകൻമാരാണ്. ഗൃഹവിചാരകൻമാർ വിശ്വസ്തരായി കാണപ്പെടണം. വീമ്പിളക്കാൻ കൊരിന്തിലെ സഹോദരൻമാർ ആരാണ്, അവർക്കു ലഭിച്ചതല്ലാതെ മറെറന്താണുളളത്? ദൂതൻമാർക്കും മനുഷ്യർക്കും നാടകക്കാഴ്ചയായിത്തീർന്നിരിക്കുന്ന അപ്പോസ്തലൻമാർ സകലത്തിന്റെയും ചവറായി ഇപ്പോഴും ഭോഷൻമാരും ദുർബലരുമായിരിക്കെ, അവർ ധനികരായിത്തീർന്നിരിക്കുന്നുവോ, രാജാക്കൻമാരെപ്പോലെ ഭരിക്കാൻ തുടങ്ങിയിരിക്കുന്നുവോ, വളരെ ബുദ്ധിമാൻമാരും ശക്തരുമായിത്തീർന്നിരിക്കുന്നുവോ? ക്രിസ്തുവിനോടുളള ബന്ധത്തിലെ തന്റെ രീതികൾ ഓർക്കുന്നതിനും തന്റെ അനുകാരികളായിത്തീരുന്നതിനും അവരെ സഹായിക്കുന്നതിനു പൗലൊസ് തിമൊഥെയൊസിനെ അയയ്ക്കുകയാണ്. യഹോവക്കിഷ്ടമെങ്കിൽ, പൗലൊസ്തന്നെ താമസിയാതെ ചെല്ലുകയും ചീർത്തിരിക്കുന്നവരുടെ സംസാരം മാത്രമല്ല, അവരുടെ ശക്തികൂടെ അറിയുകയും ചെയ്യും.
11. അവരുടെയിടയിൽ ഏതു ദുർമാർഗം ഉയർന്നുവന്നിരിക്കുന്നു, അതുസംബന്ധിച്ച് എന്തു ചെയ്യേണ്ടിയിരിക്കുന്നു, എന്തുകൊണ്ട്?
11 സഭയെ ശുദ്ധമായി സൂക്ഷിക്കുന്നതുസംബന്ധിച്ച് (5:1–6:20). കൊരിന്ത്യരുടെ ഇടയിൽ ഞെട്ടിക്കുന്ന ഒരു ദുർമാർഗ കേസ് റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു! ഒരു മനുഷ്യൻ തന്റെ പിതാവിന്റെ ഭാര്യയെ സ്വീകരിച്ചിരിക്കുന്നു. അൽപ്പം പുളിമാവ് മുഴു പിണ്ഡത്തെയും പുളിപ്പിക്കുന്നതുകൊണ്ട് അവനെ സാത്താനെ ഏൽപ്പിക്കണം. ഒരു സഹോദരനെന്നു വിളിക്കപ്പെട്ടശേഷം ദുഷ്ടനായ ഏതൊരാളോടുമുളള സമ്പർക്കം അവർ നിർത്തണം.
12. (എ) അന്യോന്യം കോടതികയററുന്നതുസംബന്ധിച്ച് പൗലൊസ് എന്ത് വാദിക്കുന്നു? (ബി) “ദുർന്നടപ്പുവിട്ടു ഓടുവിൻ” എന്ന് പൗലൊസ് പറയുന്നത് എന്തുകൊണ്ട്?
12 എന്തിന്, കൊരിന്ത്യർ അന്യോന്യം കോടതികയററുകപോലുമായിരുന്നു! വഞ്ചിക്കപ്പെടാൻ തങ്ങളേത്തന്നെ അനുവദിക്കുന്നത് ഏറെ മെച്ചമായിരിക്കുകയില്ലായിരുന്നോ? അവർ ലോകത്തെയും ദൂതൻമാരെയും വിധിക്കാൻ പോകുകയായതുകൊണ്ടു സഹോദരൻമാർക്കിടയിൽ ന്യായംവിധിക്കുന്നതിന് അവർക്ക് ആരെയെങ്കിലും കണ്ടെത്താൻ കഴികയില്ലേ? അതിൽപരമായി, അവർ ശുദ്ധരായിരിക്കണം, എന്തുകൊണ്ടെന്നാൽ പരസംഗികളും വിഗ്രഹാരാധകരും അതുപോലെയുളളവരും ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല. അവരിൽ ചിലർ അത്തരക്കാരായിരുന്നു. എന്നാൽ അവർ കഴുകി വെടിപ്പാക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. “ദുർന്നടപ്പു വിട്ടു ഓടുവിൻ,” പൗലൊസ് പറയുന്നു. “നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ . . . നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.”—6:18-20.
13. (എ) വിവാഹം കഴിക്കാൻ ചിലരെ പൗലൊസ് ബുദ്ധ്യുപദേശിക്കുന്നത് എന്തുകൊണ്ട്? വിവാഹം കഴിഞ്ഞാൽ അവർ എന്തു ചെയ്യണം? (ബി) ഏകാകിയായ ആൾ “ഏറെ മെച്ചമായി ചെയ്യുന്നത്” എങ്ങനെ?
13 ഏകാകിത്വവും വിവാഹവും സംബന്ധിച്ച ബുദ്ധ്യുപദേശം (7:1-40) വിവാഹത്തെ സംബന്ധിച്ച ഒരു ചോദ്യത്തിനു പൗലൊസ് ഉത്തരം കൊടുക്കുന്നു. പരസംഗത്തിന്റെ വ്യാപനം നിമിത്തം ഒരു പുരുഷനോ സ്ത്രീയോ വിവാഹംകഴിക്കുന്നതു ബുദ്ധിപൂർവകമായിരിക്കാം; വിവാഹിതർ അന്യോന്യം വിവാഹവിഹിതം കൊടുക്കാതിരിക്കരുത്. അവിവാഹിതരും വിധവമാരും പൗലൊസിനെപ്പോലെ ഏകാകികളായി കഴിയുന്നതു നന്നായിരിക്കും; എന്നാൽ അവർക്ക് ആത്മനിയന്ത്രണമില്ലെങ്കിൽ, അവർ വിവാഹം കഴിക്കട്ടെ. വിവാഹിതരായാൽ അവർ ഒരുമിച്ചുവസിക്കണം. ഒരാളുടെ ഇണ അവിശ്വാസിയായാലും വിശ്വാസി വിട്ടുപോകരുത്, എന്തുകൊണ്ടെന്നാൽ ആ വിധത്തിൽ വിശ്വാസി അവിശ്വാസിയെ രക്ഷിച്ചേക്കാം. പരിച്ഛേദനയും അടിമത്തവും സംബന്ധിച്ചാണെങ്കിൽ, ഓരോരുത്തരും വിളിക്കപ്പെട്ട അവസ്ഥയിൽ കഴിയുന്നതിൽ സംതൃപ്തരായിരിക്കട്ടെ. വിവാഹിതന്റെ കാര്യത്തിൽ, അയാൾ തന്റെ ഇണയുടെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നതിനാൽ അയാൾ വിഭജിതനാണ്. അതേസമയം ഏകാകിയായ ആൾ കർത്താവിന്റെ കാര്യങ്ങളിൽ മാത്രം ആകാംക്ഷയുളളവനാണ്. വിവാഹംകഴിക്കുന്നവർ പാപംചെയ്യുന്നില്ല, എന്നാൽ വിവാഹംകഴിക്കാതിരിക്കുന്നവർ “ഏറെ മെച്ചമായി ചെയ്യുന്നു.”—7:38, NW.
14. “ദൈവങ്ങളെ”യും “കർത്താക്കൻമാരെ”യും കുറിച്ച് പൗലൊസ് എന്തു പറയുന്നു, എന്നിരുന്നാലും വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട ഭക്ഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു ജ്ഞാനമായിരിക്കുന്നത് എപ്പോൾ?
14 സകലവും സുവാർത്തക്കുവേണ്ടി ചെയ്യുക (8:1–9:27). വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെടുന്ന ഭക്ഷണം സംബന്ധിച്ചെന്ത്? ഒരു വിഗ്രഹം ഏതുമില്ല! ലോകത്തിൽ അനേകം “ദൈവങ്ങളും” “കർത്താക്കൻമാരും” ഉണ്ട്, എന്നാൽ ക്രിസ്ത്യാനിക്കു “പിതാവായ ഏക ദൈവവും” “യേശുക്രിസ്തു എന്ന ഏക കർത്താവും” മാത്രമേ ഉളളു. (8:5, 6, NW) എന്നാൽ നിങ്ങൾ ഒരു വിഗ്രഹത്തിന് അർപ്പിക്കപ്പെട്ട മാംസം ഭക്ഷിക്കുന്നത് ആരെങ്കിലും നിരീക്ഷിക്കുന്നുവെങ്കിൽ അയാൾ ഇടറിയേക്കാം. ഈ സാഹചര്യങ്ങളിൽ, നിങ്ങളുടെ സഹോദരൻ ഇടറാനിടയാകാതിരിക്കുന്നതിന് അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പൗലൊസ് ബുദ്ധ്യുപദേശിക്കുന്നു.
15. പൗലൊസ് ശുശ്രൂഷയിൽ എങ്ങനെ വർത്തിക്കുന്നു?
15 ശുശ്രൂഷയെപ്രതി പൗലൊസ് തനിക്കുതന്നെ അനേകം കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നു. ഒരു അപ്പോസ്തലനെന്ന നിലയിൽ “സുവിശേഷത്താൽ ഉപജീവി”ക്കുന്നതിന് അവന് അവകാശമുണ്ട്, എന്നാൽ അങ്ങനെ ചെയ്യുന്നതിൽനിന്ന് അവൻ പിൻമാറിനിന്നിരിക്കുന്നു. എന്നിരുന്നാലും പ്രസംഗിക്കാനുളള നിർബന്ധം അവന്റെമേൽ വെക്കപ്പെട്ടിരിക്കുന്നു; യഥാർഥത്തിൽ, “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” എന്ന് അവൻ പറയുന്നു. അങ്ങനെ അവൻ “സുവിശേഷം നിമിത്തം” സകലവും ചെയ്തുകൊണ്ട് “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു” തന്നേത്തന്നെ എല്ലാവർക്കും ദാസനാക്കിത്തീർക്കുകയും “എല്ലാവർക്കും എല്ലാമായി”ത്തീരുകയും ചെയ്തു. മത്സരത്തിൽ ജയിക്കുന്നതിനും അക്ഷയകിരീടം നേടുന്നതിനും മററുളളവരോടു പ്രസംഗിച്ചശേഷം അവൻതന്നെ “കൊളളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു” തന്റെ ശരീരത്തെ ദണ്ഡിപ്പിക്കുകയാണ്.—9:14, 16, 19, 22, 23, 27.
16. (എ) ക്രിസ്ത്യാനികൾ ‘പൂർവപിതാക്കൻമാരിൽ’നിന്ന് എന്തു മുന്നറിയിപ്പു സ്വീകരിക്കേണ്ടതാണ്? (ബി) വിഗ്രഹാരാധന സംബന്ധിച്ചു ക്രിസ്ത്യാനികൾക്ക് എല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യാവുന്നത് എങ്ങനെ?
16 ഹാനികരമായ കാര്യങ്ങൾക്കെതിരെ മുന്നറിയിപ്പ് (10:1-33). ‘പൂർവപിതാക്കൻമാരെ’ സംബന്ധിച്ചെന്ത്? ഇവർ മേഘത്തിൻകീഴായിരുന്നു, മോശയിലേക്കു സ്നാപനമേൽക്കുകയും ചെയ്തിരുന്നു. അവരിൽ മിക്കവരും ദൈവാംഗീകാരം പ്രാപിച്ചില്ല, എന്നാൽ മരുഭൂമിയിൽ വീഴിക്കപ്പെട്ടു. എന്തുകൊണ്ട്? അവർ ഹാനികരമായ കാര്യങ്ങൾ ആഗ്രഹിച്ചു. ക്രിസ്ത്യാനികൾ ഇതിൽനിന്നു മുന്നറിയിപ്പു സ്വീകരിക്കുകയും വിഗ്രഹാരാധന, പരസംഗം എന്നിവയിൽനിന്നും യഹോവയെ പരീക്ഷിക്കുന്നതിൽനിന്നും പിറുപിറുക്കുന്നതിൽനിന്നും ഒഴിഞ്ഞുനിൽക്കുകയും വേണം. നിൽക്കുന്നുവെന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. പ്രലോഭനമുണ്ടാകും, എന്നാൽ ദൈവദാസൻമാർക്കു സഹിക്കാവുന്നതിനതീതമായി അവർ പരീക്ഷിക്കപ്പെടാൻ ദൈവം അനുവദിക്കുകയില്ല; അവർക്കു സഹിക്കാൻ കഴിയത്തക്കവണ്ണം അവൻ ഒരു പോംവഴി ഉണ്ടാക്കും. “അതുകൊണ്ട്” പൗലൊസ് എഴുതുന്നു, “വിഗ്രഹാരാധന വിട്ടോടുവിൻ.” (10:1, 14) യഹോവയുടെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികളാവാൻ നമുക്കാവില്ല. എന്നിരുന്നാലും, നിങ്ങൾ ഒരു വീട്ടിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ മാംസത്തിന്റെ ഉറവിനെക്കുറിച്ച് അന്വേഷണം നടത്തരുത്. എന്നിരുന്നാലും അതു വിഗ്രഹങ്ങൾക്കു ബലിചെയ്തതാണെന്ന് ആരെങ്കിലും നിങ്ങളെ അറിയിക്കുന്നുവെങ്കിൽ ആ ഒരുവന്റെ മനഃസാക്ഷി നിമിത്തം അതു ഭക്ഷിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുക. “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ,” പൗലൊസ് എഴുതുന്നു.—10:31.
17. (എ) പൗലൊസ് ശിരഃസ്ഥാനം സംബന്ധിച്ച് ഏതു തത്ത്വം വെക്കുന്നു? (ബി) കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ഒരു ചർച്ചയോടു സഭയിലെ ഭിന്നതയുടെ പ്രശ്നത്തെ അവൻ ബന്ധപ്പെടുത്തുന്നത് എങ്ങനെ?
17 ശിരഃസ്ഥാനം; കർത്താവിന്റെ സന്ധ്യാഭക്ഷണം (11:1-34). “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ,” പൗലൊസ് പ്രഖ്യാപിക്കുന്നു. അനന്തരം അവൻ ശിരഃസ്ഥാനം സംബന്ധിച്ച ദിവ്യ തത്ത്വം വിവരിച്ചുതുടങ്ങുന്നു: സ്ത്രീയുടെ തല പുരുഷനാണ്, പുരുഷന്റെ തല ക്രിസ്തുവാണ്, ക്രിസ്തുവിന്റെ തല ദൈവമാണ്. അതുകൊണ്ട്, ഒരു സ്ത്രീ സഭയിൽ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുമ്പോൾ അവളുടെ തലമേൽ “അധികാരത്തിന്റെ ഒരു അടയാളം” ഉണ്ടായിരിക്കണം. പൗലൊസിന് കൊരിന്ത്യരെ പ്രശംസിക്കാൻ കഴിയുന്നില്ല, കാരണം അവർ കൂടിവരുമ്പോൾ അവരുടെ ഇടയിൽ ഭിന്നതകളുണ്ട്. ഈ അവസ്ഥയിൽ അവർക്കു കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ ഉചിതമായി എങ്ങനെ പങ്കുകൊളളാൻ കഴിയും? യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയപ്പോൾ സംഭവിച്ചത് അവൻ പുനരവലോകനം ചെയ്യുന്നു. “ശരീരത്തെ” വിവേചിക്കുന്നതിലുളള പരാജയം നിമിത്തം തനിക്കുതന്നെ എതിരായി ന്യായവിധി വരുത്തിക്കൂട്ടാതിരിക്കാൻ, ഭക്ഷിക്കുന്നതിനുമുമ്പ് ഓരോരുത്തനും സ്വയം സൂക്ഷ്മപരിശോധന നടത്തണം.—11:1, 10, 29.
18. (എ) വിവിധ വരങ്ങളും ശുശ്രൂഷകളും ഉണ്ടായിരിക്കെ, ശരീരത്തിൽ ഭിന്നത ഉണ്ടായിരിക്കരുതാത്തത് എന്തുകൊണ്ട്? (ബി) സ്നേഹം അതിശ്രേഷ്ഠമായിരിക്കുന്നത് എന്തുകൊണ്ട്?
18 ആത്മീയവരങ്ങൾ; സ്നേഹവും അതിന്റെ അന്വേഷണവും (12:1–14:40). വിവിധ ആത്മീയവരങ്ങളുണ്ട്, എന്നാൽ ആത്മാവ് ഒന്നുതന്നെ; വിവിധ ശുശ്രൂഷകളും പ്രവർത്തനങ്ങളുമുണ്ട്, എന്നാൽ ഒരേ കർത്താവും ഒരേ ദൈവവും മാത്രം. അതുപോലെതന്നെ, ക്രിസ്തുവിന്റെ ഐക്യമുളള ഏക ശരീരത്തിൽ അനേകം അവയവങ്ങളുണ്ട്, മനുഷ്യശരീരത്തിലെപ്പോലെ ഓരോ അവയവത്തിനും മററുളളവയെ വേണം. ദൈവം തന്റെ ഹിതപ്രകാരം ശരീരത്തിൽ ഓരോ അവയവവും വെച്ചിരിക്കുന്നു, ഓരോരുത്തനും ചെയ്യാനുളള വേലയുണ്ട്, അതുകൊണ്ടു ‘ശരീരത്തിൽ ഭിന്നത ഉണ്ടായിരിക്കരുത്.’ (12:25, NW) സ്നേഹമില്ലെങ്കിൽ ആത്മീയ വരങ്ങൾ ഉപയോഗിക്കുന്നവർ ഏതുമില്ല. സ്നേഹം ദീർഘക്ഷമയുളളതും ദയയുളളതുമാണ്, അസൂയയുളളതല്ല, ചീർത്തിരിക്കുന്നതല്ല. അതു സത്യത്തിൽ മാത്രം സന്തോഷിക്കുന്നു. “സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.” (13:8, NW) പ്രവചിക്കലും അന്യഭാഷകളും പോലെയുളള ആത്മീയ വരങ്ങൾ നീങ്ങിപ്പോകും, എന്നാൽ വിശ്വാസവും പ്രത്യാശയും സ്നേഹവും നിലനിൽക്കുന്നു. ഇവയിൽ ഏററവും വലിയതു സ്നേഹമാകുന്നു.
19. സഭയെ കെട്ടുപണിചെയ്യുന്നതിനും കാര്യങ്ങളുടെ ക്രമത്തോടുകൂടിയ ഏർപ്പാടിനും പൗലൊസ് എന്തു ബുദ്ധ്യുപദേശം കൊടുക്കുന്നു?
19 “സ്നേഹം ആചരിപ്പാൻ” പൗലൊസ് ബുദ്ധ്യുപദേശിക്കുന്നു. സഭയുടെ പരിപോഷണത്തിനുവേണ്ടി ആത്മീയവരങ്ങൾ സ്നേഹത്തിൽ ഉപയോഗിക്കപ്പെടണം. ഈ കാരണത്താൽ, അന്യഭാഷകളിൽ സംസാരിക്കുന്നതിനെക്കാൾ പ്രവചിക്കലിനു മുൻഗണന കൊടുക്കേണ്ടതാണ്. അറിയപ്പെടുന്നില്ലാത്ത ഒരു ഭാഷയിൽ ആയിരം വാക്കു സംസാരിക്കുന്നതിനെക്കാൾ മററുളളവരെ പഠിപ്പിക്കുന്നതിനു ഗ്രാഹ്യത്തോടെ അവൻ അഞ്ചു വാക്കു സംസാരിക്കും. അന്യഭാഷകൾ അവിശ്വാസികൾക്ക് ഒരു അടയാളത്തിനുവേണ്ടിയാണ്, എന്നാൽ പ്രവചിക്കൽ വിശ്വാസികൾക്കുവേണ്ടിയാണ്. അവർ ഈ കാര്യങ്ങൾ സംബന്ധിച്ച തങ്ങളുടെ ഗ്രാഹ്യത്തിൽ “കുഞ്ഞുങ്ങൾ” ആയിരിക്കരുത്. സ്ത്രീകളെസംബന്ധിച്ചാണെങ്കിൽ, അവർ സഭയിൽ കീഴടങ്ങിയിരിക്കണം. “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.”—14:1, 20, 39.
20. (എ) ക്രിസ്തുവിന്റെ പുനരുത്ഥാനം സംബന്ധിച്ച് പൗലൊസ് എന്തു തെളിവു നൽകുന്നു? (ബി) പുനരുത്ഥാനത്തിന്റെ ക്രമം എന്താണ്, ഏതു ശത്രുക്കളെ നശിപ്പിക്കേണ്ടതാണ്?
20 പുനരുത്ഥാനപ്രത്യാശയുടെ ഉറപ്പ് (15:1–16:24). പുനരുത്ഥാനംപ്രാപിച്ച ക്രിസ്തു കേഫാവിനും 12 പേർക്കും, ഒരു സമയത്ത് 500-ൽപ്പരം സഹോദരൻമാർക്കും യാക്കോബിനും എല്ലാ അപ്പോസ്തലൻമാർക്കും എല്ലാവരിലും അവസാനമായി പൗലൊസിനും പ്രത്യക്ഷപ്പെട്ടു. ‘ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നമ്മുടെ പ്രസംഗവും വിശ്വാസവും വ്യർഥമാണ്,’ പൗലൊസ് എഴുതുന്നു. (15:14) ഓരോരുത്തരും അവനവന്റെ സ്വന്തം ക്രമത്തിലാണ് ഉയിർപ്പിക്കപ്പെടുന്നത്, ക്രിസ്തു ആദ്യഫലം, പിന്നീടു ക്രിസ്തുവിന്നുളളവർ അവന്റെ സാന്നിധ്യകാലത്ത്. ഒടുവിൽ സകല ശത്രുക്കളെയും തന്റെ കാൽക്കീഴാക്കിയശേഷം അവൻ രാജ്യം തന്റെ പിതാവിനെ ഏൽപ്പിക്കുന്നു. ഒടുക്കത്തെ ശത്രു ആയ മരണംപോലും നാസ്തിയാക്കപ്പെടേണ്ടതാണ്. പുനരുത്ഥാനമില്ലെങ്കിൽ പൗലൊസ് തുടർച്ചയായി മരണാപകടങ്ങളെ അഭിമുഖീകരിക്കുന്നതുകൊണ്ട് എന്തു പ്രയോജനം?
21. (എ) ദൈവരാജ്യം അവകാശമാക്കുവാനുളളവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു? (ബി) പൗലൊസ് ഏതു പാവനരഹസ്യം വെളിപ്പെടുത്തുന്നു, മരണത്തിൻമേലുളള ജയത്തെക്കുറിച്ച് അവൻ എന്തു പറയുന്നു?
21 എന്നാൽ മരിച്ചവർ എങ്ങനെയാണ് ഉയിർപ്പിക്കപ്പെടുക? ഒരു ചെടിയുടെ കാണ്ഡം വികാസം പ്രാപിക്കുന്നതിനു വിതയ്ക്കപ്പെട്ട ധാന്യമണി മരിക്കണം. മരിച്ചവരുടെ പുനരുത്ഥാനവും അതുപോലെയാണ്. “പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു . . . മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല.” (15:44, 50) പൗലൊസ് ഒരു പാവനരഹസ്യം പറയുന്നു: എല്ലാവരും മരണത്തിൽ നിദ്രകൊളളുകയില്ല. എന്നാൽ അന്ത്യകാഹളസമയത്ത്, കണ്ണിമെക്കുന്നതിനിടയിൽ അവർ മാററപ്പെടും. മർത്ത്യമായ ഇത് അമർത്ത്യത ധരിക്കുമ്പോൾ മരണം എന്നേക്കുമായി വിഴുങ്ങപ്പെടും. “ഹേ, മരണമേ, നിന്റെ ജയം എവിടെ? ഹേ, മരണമേ, നിന്റെ വിഷമുളളു എവിടെ?” പൗലൊസ് ഹൃദയപൂർവം ഉദ്ഘോഷിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമുക്കു ജയം നൽകുന്ന ദൈവത്തിന്നു സ്തോത്രം.”—15:55, 57.
22. പൗലൊസ് ഏതു സമാപന ബുദ്ധ്യുപദേശവും ഉദ്ബോധനവും കൊടുക്കുന്നു?
22 ഉപസംഹാരമായി, ഞെരുക്കമുളള സഹോദരൻമാരെ സഹായിക്കുന്നതിനു യെരുശലേമിലേക്ക് അയയ്ക്കാനുളള സംഭാവനകൾ ശേഖരിക്കുന്നതിൽ ക്രമം ഉണ്ടായിരിക്കാൻ പൗലൊസ് ഉപദേശിക്കുന്നു. മക്കദോന്യവഴിയുളള തന്റെ അടുത്ത സന്ദർശനത്തെക്കുറിച്ച് അവൻ പറയുകയും തിമൊഥെയോസും അപ്പൊല്ലോസും കൂടെ സന്ദർശിച്ചേക്കാമെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. “ഉണർന്നിരിപ്പിൻ,” പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. “വിശ്വാസത്തിൽ നിലനില്പ്പിൻ; പുരുഷത്വം കാണിപ്പിൻ, ശക്തിപ്പെടുവിൻ. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ.” (16:13, 14) പൗലൊസ് ആസ്യയിലെ സഭകളിൽനിന്ന് ആശംസകൾ അയയ്ക്കുന്നു. പിന്നീട് അവൻ തന്റെ സ്നേഹം അറിയിച്ചുകൊണ്ടു സ്വന്തം കൈപ്പടയിൽ ഒരു അന്തിമമായ ആശംസ എഴുതുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
23. (എ) തെററായ മോഹത്തിന്റെയും സ്വാശ്രയത്തിന്റെയും വിപത്കരമായ പരിണതഫലങ്ങളെ പൗലൊസ് എങ്ങനെ വിശദീകരിക്കുന്നു? (ബി) കർത്താവിന്റെ സന്ധ്യാഭക്ഷണവും ഉചിതമായ ഭക്ഷണങ്ങളും സംബന്ധിച്ച ബുദ്ധ്യുപദേശത്തിൽ പൗലൊസ് ഏതു പ്രമാണത്തെ ആശ്രയിക്കുന്നു?
23 അപ്പോസ്തലനായ പൗലൊസിന്റെ ഈ ലേഖനം എബ്രായ തിരുവെഴുത്തുകളെസംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വിപുലീകരിക്കുന്നതിൽ അത്യന്തം പ്രയോജനപ്രദമാണ്, അതിൽനിന്ന് അത് ധാരാളം ഉദ്ധരണികൾ എടുക്കുന്നുണ്ട്. പത്താം അധ്യായത്തിൽ മോശയുടെ കീഴിലെ ഇസ്രായേല്യർ ക്രിസ്തുവിനെ അർഥമാക്കിയ ഒരു ആത്മീയ പാറക്കൂട്ടത്തിൽനിന്നു കുടിച്ചുവെന്നു പൗലൊസ് ചൂണ്ടിക്കാട്ടുന്നു. (1 കൊരി. 10:4; സംഖ്യാ. 20:11) പിന്നീട് അവൻ മോശയുടെ കീഴിലെ ഇസ്രായേല്യരാൽ ഉദാഹരിക്കപ്പെടുന്ന പ്രകാരം ഹാനികരമായ കാര്യങ്ങൾ ആഗ്രഹിക്കുന്നതിന്റെ അപകടകരമായ പരിണതഫലങ്ങളെ പരാമർശിക്കുന്നു, ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.” നമുക്കു വീഴാൻകഴിയില്ലെന്നു വിചാരിച്ചുകൊണ്ട് ഒരിക്കലും സ്വാശ്രയക്കാരാകാതിരിക്കാം! (1 കൊരി. 10:11, 12; സംഖ്യാ. 14:2; 21:5; 25:9) വീണ്ടും അവൻ ന്യായപ്രമാണത്തിൽനിന്ന് ഒരു ദൃഷ്ടാന്തം എടുക്കുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ പങ്കുപററുന്നവർ യഹോവയുടെ മേശയിൽനിന്നു യോഗ്യമായി എങ്ങനെ ഭക്ഷിക്കണമെന്നു കാണിക്കാൻ അവൻ ഇസ്രായേലിലെ സംസർഗയാഗങ്ങളെ പരാമർശിക്കുന്നു. പിന്നീട്, മാംസച്ചന്തയിൽ വിൽക്കപ്പെടുന്ന എന്തും ഭക്ഷിക്കുന്നത് ഉചിതമാണെന്നുളള തന്റെ വാദത്തെ പിന്താങ്ങാൻ അവൻ “ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ” എന്നു പറഞ്ഞുകൊണ്ടു സങ്കീർത്തനം 24:1-ൽനിന്ന് ഉദ്ധരിക്കുന്നു.—1 കൊരി. 10:18, 21, 26; പുറ. 32:6; ലേവ്യ. 7:11-15.
24. തന്റെ വാദങ്ങൾക്ക് ഉപോൽബലകമായി പൗലൊസ് വേറെ ഏത് എബ്രായ തിരുവെഴുത്തുകളെ പരാമർശിക്കുന്നു?
24 “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുളള”തിന്റെ ശ്രേഷ്ഠതയും ഈ ലോകത്തിലെ “ജ്ഞാനികളുടെ വിചാര”ത്തിന്റെ വ്യർഥതയും കാണിക്കുമ്പോൾ പൗലൊസ് വീണ്ടും എബ്രായ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു. (1 കൊരി. 2:9; 3:20; യെശ. 64:4; സങ്കീ. 94:11) ദുഷ്പ്രവൃത്തിക്കാരനെ പുറത്താക്കുന്നതുസംബന്ധിച്ച 5-ാം അധ്യായത്തിലെ തന്റെ നിർദേശങ്ങൾക്കുളള ആധികാരിക പ്രമാണം എന്നനിലയിൽ ‘നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം’ എന്ന യഹോവയുടെ നിയമം അവൻ ഉദ്ധരിക്കുന്നു. (ആവ. 17:7) ശുശ്രൂഷയാൽ ഉപജീവിക്കാനുളള തന്റെ അവകാശം ചർച്ചചെയ്യുമ്പോൾ പൗലൊസ് വീണ്ടും മോശയുടെ ന്യായപ്രമാണത്തെ പരാമർശിക്കുന്നു. പണിചെയ്തുകൊണ്ടിരിക്കുന്ന മൃഗങ്ങൾക്കു തീററി തടയാൻ മുഖക്കൊട്ട കെട്ടരുതെന്നും ആലയസേവനത്തിലേർപ്പെട്ടിരിക്കുന്ന ലേവ്യർക്ക് അവരുടെ ഓഹരി യാഗപീഠത്തിൽനിന്നു കിട്ടേണ്ടതാണെന്നും അവിടെ പറഞ്ഞിരിക്കുന്നു.—1 കൊരി. 9:8-14; ആവ. 25:4; 18:1.
25. ഒന്നു കൊരിന്ത്യരിൽ അടങ്ങിയിരിക്കുന്ന പ്രയോജനകരമായ പ്രബോധനത്തിലെ മുന്തിയ ചില ആശയങ്ങൾ ഏവ?
25 കൊരിന്ത്യക്രിസ്ത്യാനികൾക്കുളള പൗലൊസിന്റെ ഒന്നാമത്തെ ലേഖനത്തിൽനിന്നു നിശ്വസ്തബോധനത്തിന്റെ എന്തു പ്രയോജനങ്ങളാണു നമുക്കു കിട്ടിയിരിക്കുന്നത്! ഭിന്നതകൾക്കും മനുഷ്യരെ അനുഗമിക്കുന്നതിനുമെതിരായി നൽകപ്പെട്ടിരിക്കുന്ന ബുദ്ധ്യുപദേശത്തെക്കുറിച്ചു ധ്യാനിക്കുക. (അധ്യായങ്ങൾ 1-4) ദുർമാർഗകേസും സഭക്കുളളിലെ സദാചാരത്തിന്റെയും ശുദ്ധിയുടെയും ആവശ്യം പൗലൊസ് ഊന്നിപ്പറയുന്നതെങ്ങനെയെന്നും ഓർക്കുക. (അധ്യായങ്ങൾ 5, 6) ഏകാകിത്വം, വിവാഹം, വേർപിരിയൽ എന്നിവയോടു ബന്ധപ്പെട്ട അവന്റെ നിശ്വസ്ത ബുദ്ധ്യുപദേശം പരിചിന്തിക്കുക. (അധ്യായം 7) വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട ഭക്ഷ്യങ്ങളെക്കുറിച്ചുളള അപ്പോസ്തലന്റെ ചർച്ചയെയും മററുളളവർക്ക് ഇടർച്ചവരുത്തുന്നതിനും വിഗ്രഹാരാധനയിലേക്കു വീണുപോകുന്നതിനുമെതിരെ ജാഗരിക്കേണ്ടതിന്റെ ആവശ്യകത എത്ര ശക്തമായി മുൻപന്തിയിലേക്കു വരുത്തപ്പെട്ടുവെന്നതിനെയും കുറിച്ചു ചിന്തിക്കുക. (അധ്യായങ്ങൾ 8-10) ഉചിതമായ കീഴ്പ്പെടൽ സംബന്ധിച്ച ബുദ്ധ്യുപദേശം, ആത്മീയവരങ്ങളുടെ ഒരു പരിചിന്തനം, സ്നേഹമെന്ന നിലനിൽക്കുന്ന, നിലയ്ക്കാത്ത, ഗുണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുളള ആ അത്യന്തം പ്രായോഗികമായ ചർച്ച—ഇവയും പുനരവലോകനത്തിനു വിധേയമായി. ക്രിസ്തീയ യോഗങ്ങളിൽ ക്രമത്തിന്റെ ആവശ്യത്തെ അപ്പോസ്തലൻ എത്ര നന്നായി ഊന്നിപ്പറഞ്ഞു! (അധ്യായങ്ങൾ 11-14) നിശ്വസ്തതയിൽ അവൻ പുനരുത്ഥാനത്തിന്റെ അത്യത്ഭുതകരമായ എന്തൊരു പ്രതിവാദമാണു രേഖയിലാക്കിയത്! (അധ്യായം 15) ഇതെല്ലാംമാത്രമല്ല ഇതിൽ കൂടുതലും മനോദൃഷ്ടിയിലൂടെ കടന്നുപോയിരിക്കുന്നു.—നമ്മുടെ നാളിൽ ക്രിസ്ത്യാനികൾക്ക് അതു വളരെ വിലപ്പെട്ടതാണ്!
26. (എ) പുനരുത്ഥാനം പ്രാപിച്ച ക്രിസ്തു രാജാവായി ഭരിക്കുമ്പോൾ ദീർഘനാളായി മുൻകൂട്ടിപ്പറഞ്ഞിരുന്ന ഏതു വേല അവൻ ചെയ്യുന്നു? (ബി) പുനരുത്ഥാനപ്രത്യാശയുടെ അടിസ്ഥാനത്തിൽ പൗലൊസ് ഏതു ശക്തമായ പ്രോത്സാഹനം നൽകുന്നു?
26 ഈ ലേഖനം ദൈവരാജ്യമെന്ന മഹത്തായ ബൈബിൾപ്രതിപാദ്യം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തെ ശ്രദ്ധാർഹമായി വർധിപ്പിക്കുന്നു. നീതികെട്ടവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്നുളള ശക്തമായ ഒരു മുന്നറിയിപ്പ് അതു നൽകുന്നു. ഒരു വ്യക്തിയെ അയോഗ്യനാക്കുന്ന അനേകം ദൂഷ്യങ്ങളെ അതു പട്ടികപ്പെടുത്തുന്നു. (1 കൊരി. 6:9, 10) എന്നാൽ അതിപ്രധാനമായി, അതു പുനരുത്ഥാനവും ദൈവരാജ്യവും തമ്മിലുളള ബന്ധം വിശദീകരിക്കുന്നു. പുനരുത്ഥാനത്തിലെ “ആദ്യഫല”മായ ക്രിസ്തു, ദൈവം “സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു” എന്ന് അതു പ്രകടമാക്കുന്നു. അനന്തരം, അവൻ മരണം ഉൾപ്പെടെ സകല ശത്രുക്കളെയും നശിപ്പിച്ചുകഴിയുമ്പോൾ “രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും . . . ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു” തന്നേ. ഒടുവിൽ, ഏദെനിൽ ചെയ്ത രാജ്യവാഗ്ദത്തത്തിന്റെ നിവൃത്തിയായി സർപ്പത്തിന്റെ തലയുടെ പൂർണമായ തകർക്കൽ ക്രിസ്തുവും ഒപ്പം പുനരുത്ഥാനം പ്രാപിക്കുന്ന അവന്റെ ആത്മീയ സഹോദരൻമാരുംകൂടെ നിർവഹിക്കുന്നു. സ്വർഗീയരാജ്യത്തിൽ ക്രിസ്തുയേശുവിനോടുകൂടെ അക്ഷയതയിൽ പങ്കുചേരാനുളളവരുടെ പുനരുത്ഥാന പ്രത്യാശ തീർച്ചയായും മഹത്താണ്. പുനരുത്ഥാനപ്രത്യാശയുടെ അടിസ്ഥാനത്തിലാണു പൗലൊസ് ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നത്: “ആകയാൽ എന്റെ പ്രിയ സഹോദരൻമാരേ, നിങ്ങൾ ഉറപ്പുളളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരി. 15:20-28, 58; ഉല്പ. 3:15; റോമ. 16:20.
[അടിക്കുറിപ്പുകൾ]
a ഹാലിയുടെ ബൈബിൾ കൈപ്പുസ്തകം, 1988, എച്ച്. എച്ച്. ഹാലി, പേജ് 593.
b സ്മിത്തിന്റെ ബൈബിൾനിഘണ്ടു (ഇംഗ്ലീഷ്), 1863, വാല്യം 1, പേജ് 353.
c വ്യാഖ്യാതാവിന്റെ ബൈബിൾ, വാല്യം 10, 1953, പേജ് 13.
d വ്യാഖ്യാതാവിന്റെ ബൈബിൾ, വാല്യം 9, 1954, പേജ് 356.