യഹോവയുടെ സാക്ഷികൾ മറ്റ് മതങ്ങളിൽനിന്ന് വ്യത്യസ്തമായി കർത്താവിന്റെ അത്താഴം ആചരിക്കുന്നത് എന്തുകൊണ്ട്?
“കർത്താവിന്റെ അത്താഴം,” അവസാനത്തെ അത്താഴം, യേശുവിന്റെ മരണത്തിന്റെ സ്മാരകം എന്നൊക്കെ അറിയപ്പെടുന്ന കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിൽ ഞങ്ങൾ ബൈബിളിനോട് കർശനമായി പറ്റിനിൽക്കുന്നു. (1 കൊരിന്ത്യർ 11:20, ജയിംസ് രാജാവിന്റെ ഭാഷാന്തരം) എന്നാൽ, മറ്റ് ക്രൈസ്തവവിഭാഗങ്ങൾ ചെയ്തുവരുന്ന ആചാരങ്ങളും അവരുടെ വിശ്വാസങ്ങളും ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല.
ഉദ്ദേശ്യം
കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നത് യേശുവിനെ ഓർക്കാനും നമുക്കുവേണ്ടി യേശു ചെയ്ത യാഗത്തോടുള്ള നന്ദി അർപ്പിക്കാനും ആണ്. (മത്തായി 20:28; 1 കൊരിന്ത്യർ 11:24) ഈ ആചരണം ദൈവകൃപയും പാപങ്ങളുടെ ക്ഷമയും നേടിത്തരുന്ന കൂദാശയോ മതാനുഷ്ഠാനമോ അല്ല.a കാരണം, ബൈബിൾ പഠിപ്പിക്കുന്നത്, യേശുവിലുള്ള വിശ്വാസത്തിലൂടെയാണ് നമ്മുടെ പാപങ്ങൾ മോചിക്കപ്പെടുന്നതെന്നാണ്. അല്ലാതെ, ഇത്തരത്തിലുള്ള ഏതെങ്കിലും മതചടങ്ങുകൊണ്ടല്ല.—റോമർ 3:25; 1 യോഹന്നാൻ 2:1, 2.
എത്ര കൂടെക്കൂടെ ആചരിക്കണം
‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ ആചരിക്കണമെന്ന് യേശു ശിഷ്യന്മാരോട് കല്പിച്ചെങ്കിലും അത് എത്ര കൂടെക്കൂടെ വേണം എന്ന് പറഞ്ഞിരുന്നില്ല. (ലൂക്കോസ് 22:19) അതുകൊണ്ട്, ഇത് മാസന്തോറുമോ ആഴ്ചതോറുമോ ദിവസന്തോറുമോ ദിവസത്തിൽ പല പ്രാവശ്യമോ അല്ലെങ്കിൽ ഒരാൾ ആഗ്രഹിക്കുന്നത്ര കൂടെക്കൂടെയോ ആകാമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ പരിചിന്തിക്കേണ്ട ചില വസ്തുതകൾ ഇവയാണ്.
യഹൂദർ പെസഹാ ആചരിച്ചിരുന്ന അതേ തീയതിയിൽത്തന്നെയാണ് യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയത്, അന്നുതന്നെ പിന്നീടൊരു സമയത്ത് യേശു മരിക്കുകയും ചെയ്തു. (മത്തായി 26:1, 2) ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. കാരണം, തിരുവെഴുത്തുകൾ യേശുവിന്റെ യാഗത്തെ പെസഹാകുഞ്ഞാടുമായാണ് താരതമ്യം ചെയ്യുന്നത്. (1 കൊരിന്ത്യർ 5:7, 8) പെസഹാ ആചരിച്ചിരുന്നതാകട്ടെ വർഷത്തിലൊരിക്കലും. (പുറപ്പാട് 12:1-6; ലേവ്യ 23:5) അതുപോലെ, ആദ്യകാലക്രിസ്ത്യാനികളും യേശുവിന്റെ മരണത്തിന്റെ ഓർമ ആണ്ടിലൊരിക്കലാണ് ആചരിച്ചിരുന്നത്.b ഈ ബൈബിളധിഷ്ഠിത മാതൃകയാണ് യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നതും.
തീയതിയും സമയവും
യേശു ഏർപ്പെടുത്തിയ മാതൃക എത്ര കൂടെക്കൂടെ സ്മാരകം ആചരിക്കണമെന്ന് കണ്ടുപിടിക്കാൻ മാത്രമല്ല അതിന്റെ തീയതിയും സമയവും മനസ്സിലാക്കാനും സഹായിക്കുന്നു. ബൈബിളിന്റെ ചാന്ദ്രമാസകലണ്ടർ പ്രകാരം എ.ഡി. 33 നീസാൻ 14-ാം തീയതി സൂര്യാസ്തമയത്തിന് ശേഷമാണ് യേശു ഈ ആചരണം ഏർപ്പെടുത്തിയത്. (മത്തായി 26:18-20, 26) ആദ്യകാലക്രിസ്ത്യാനികളുടെ മാതൃക പിൻപറ്റിക്കൊണ്ട് ഓരോ വർഷവും ഇതേ തീയതിയിൽ ഞങ്ങൾ സ്മാരകം ആചരിക്കുന്നു.c
യേശു ആചരണം ഏർപ്പെടുത്തിയ എ.ഡി. 33-ലെ നീസാൻ 14 ഒരു വെള്ളിയാഴ്ചയായിരുന്നെങ്കിലും ആ തീയതി ഓരോ വർഷവും ആഴ്ചയിലെ വ്യത്യസ്തദിവസങ്ങളിലായിരിക്കും വരുന്നത്. ഞങ്ങൾ ആ തീയതി കണ്ടുപിടിക്കുന്നത് യേശുവിന്റെ കാലത്തെ അതേ രീതി ഉപയോഗിച്ചാണ്. അല്ലാതെ, ആധുനിക യഹൂദകലണ്ടറുകൾ സ്വീകരിച്ചുവരുന്ന രീതിയിലല്ല.d
അപ്പവും വീഞ്ഞും
പെസഹാ ഭക്ഷണത്തിനു ശേഷം ബാക്കിവന്ന പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ആണ് യേശു ഈ പുതിയ ആചരണത്തിന് ഉപയോഗിച്ചത്. (മത്തായി 26:26-28) ഈ മാതൃക പിൻപറ്റിക്കൊണ്ട് ഞങ്ങൾ പുളിപ്പോ മറ്റു ചേരുവകളോ ചേർക്കാത്ത അപ്പവും ചുവന്ന വീഞ്ഞും ആണ് ഉപയോഗിക്കുന്നത്. ഈ വീഞ്ഞ് മധുരിപ്പിച്ചതോ വീര്യം കൂട്ടിയതോ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തതോ ആയ വീഞ്ഞോ വെറും മുന്തിരിച്ചാറോ, അല്ല.
ചില വിഭാഗങ്ങൾ യീസ്റ്റോ പുളിമാവോ ചേർത്ത അപ്പം ഇതിനായി ഉപയോഗിക്കുന്നു. എന്നാൽ, ബൈബിളിൽ പുളിമാവ് സാധാരണയായി പാപത്തെയും ദുഷിപ്പിനെയും ആണ് സൂചിപ്പിക്കുന്നത്. (ലൂക്കോസ് 12:1; 1 കൊരിന്ത്യർ 5:6-8; ഗലാത്യർ 5:7-9) അതുകൊണ്ട്, ക്രിസ്തുവിന്റെ പാപമില്ലാത്ത ശരീരത്തെ പ്രതിനിധാനം ചെയ്യാൻ പുളിമാവോ മറ്റു ചേരുവകളോ ചേർക്കാത്ത അപ്പമാണ് ന്യായമായും ഉപയോഗിക്കേണ്ടത്. (1 പത്രോസ് 2:22) ബൈബിൾ പിന്താങ്ങാത്ത മറ്റൊരു ആചരണമാണ് വീഞ്ഞിനു പകരം വെറും മുന്തിരിച്ചാറ് ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യാൻ ക്രൈസ്തവസഭകളെ പ്രേരിപ്പിക്കുന്നത് ലഹരി ഉപയോഗിക്കുന്നതിനെതിരെ അവർ ഏർപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തുപരമല്ലാത്ത വിലക്കാണ്.—1 തിമൊഥെയൊസ് 5:23.
ചിഹ്നങ്ങൾ, അക്ഷരീയ മാംസമോ രക്തമോ അല്ല
സ്മാരകത്തിൽ വിതരണം ചെയ്യുന്ന പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ അഥവാ പ്രതീകങ്ങൾ മാത്രമാണ്. ചിലർ കരുതുന്നതുപോലെ അവ അത്ഭുതകരമായി യേശുവിന്റെ ശരീരവും രക്തവും ആയി മാറുകയോ അവയുമായി കൂടിക്കലരുകയോ ചെയ്യുന്നില്ല. ഇങ്ങനെ പറയുന്നതിന്റെ തിരുവെഴുത്തടിസ്ഥാനം നമുക്ക് നോക്കാം.
തന്റെ രക്തം കുടിക്കാനാണ് യേശു അനുഗാമികളോട് ആവശ്യപ്പെട്ടതെങ്കിൽ രക്തം കഴിക്കുന്നത് സംബന്ധിച്ച ദൈവനിയമം ലംഘിക്കാൻ യേശുതന്നെ അവരോട് പറയുകയായിരിക്കില്ലേ? (ഉൽപത്തി 9:4; പ്രവൃത്തികൾ 15:28, 29) അങ്ങനെ ഒരിക്കലും സംഭവിക്കില്ല. കാരണം, രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവനിയമം ലംഘിക്കാൻ യേശു ഒരിക്കലും ആളുകളെ പഠിപ്പിക്കുകയില്ല.—യോഹന്നാൻ 8:28, 29.
അപ്പൊസ്തലന്മാർ യേശുവിന്റെ യഥാർഥരക്തം കുടിക്കുകയായിരുന്നെങ്കിൽ തന്റെ രക്തം “ചൊരിയപ്പെടാനിരിക്കുന്നു” എന്ന് യേശു പറയുമായിരുന്നില്ല. ഇത് സൂചിപ്പിക്കുന്നത് തന്റെ യാഗം ഇനി നടക്കാനുള്ള ഒരു സംഗതിയാണെന്നാണ്.—മത്തായി 26:28.
യേശുവിന്റെ യാഗം “ഒരിക്കലായിട്ട്” ഉള്ളതായിരുന്നു. (എബ്രായർ 9:25, 26) സന്ധ്യാഭക്ഷണസമയത്ത് അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവും ആയി മാറിയെങ്കിൽ അതിൽ പങ്കുപറ്റുന്നവർ ആ യാഗം വീണ്ടും ആവർത്തിക്കുന്നതുപോലെ ആകുമായിരുന്നു.
“എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ” എന്നാണ് യേശു പറഞ്ഞത്. അല്ലാതെ, “എന്നെ യാഗമായി അർപ്പിക്കുവിൻ” എന്നല്ല.—1 കൊരിന്ത്യർ 11:24.
അപ്പവും വീഞ്ഞും യഥാർഥത്തിൽ യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു എന്ന ‘വസ്തുഭേദ’ പഠിപ്പിക്കലിൽ വിശ്വസിക്കുന്നവർ അതിന് ആധാരമായി ചില ബൈബിൾപദങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, പല ബൈബിൾപരിഭാഷകളിലും വീഞ്ഞിനെപ്പറ്റി യേശു ‘ഇത് എന്റെ രക്തം ആകുന്നു’ എന്ന് പറഞ്ഞതായി രേഖപ്പെടുത്തുന്നു. (മത്തായി 26:28) എന്നാൽ യേശുവിന്റെ ഈ വാക്കുകൾ, “ഇത് അർഥമാക്കുന്നത് എന്റെ രക്തത്തെയാണ്,” “ഇത് എന്റെ രക്തത്തെ പ്രതിനിധാനം ചെയ്യുന്നു,” “ഇത് എന്റെ രക്തത്തെ പ്രതീകപ്പെടുത്തുന്നു” എന്നൊക്കെ പരിഭാഷപ്പെടുത്താവുന്നതാണ്.e മുമ്പ് പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ യേശു ഒരു രൂപകാലങ്കാരമുപയോഗിച്ച് പഠിപ്പിക്കുകയായിരുന്നു എന്നതാണ് വസ്തുത.—മത്തായി 13:34, 35.
കഴിക്കുന്നത് ആരൊക്കെ?
കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുമ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരു ചെറിയകൂട്ടം മാത്രമാണ് അപ്പവും വീഞ്ഞും കഴിക്കുന്നത്. അതിന്റെ കാരണം എന്താണ്?
യഹോവയാം ദൈവവും പുരാതന ഇസ്രായേൽ രാഷ്ടവ്രും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടിയുടെ സ്ഥാനത്ത് യേശുവിന്റെ ചൊരിയപ്പെട്ട രക്തം “ഒരു പുതിയ ഉടമ്പടി” സ്ഥാപിച്ചു. (എബ്രായർ 8:10-13) ആ പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ടവരാണ് സ്മാരകചിഹ്നങ്ങളായ അപ്പവും വീഞ്ഞും കഴിക്കുന്നത്. ഒരു പ്രത്യേകരീതിയിൽ ദൈവത്താൽ “വിളിക്കപ്പെട്ടവർ” മാത്രമാണ് അപ്പവും വീഞ്ഞും കഴിക്കുന്നത്, അല്ലാതെ എല്ലാ ക്രിസ്ത്യാനികളും ഇത് കഴിക്കുന്നില്ല. (എബ്രായർ 9:15; ലൂക്കോസ് 22:20) കേവലം, 1,44,000 പേർക്ക് മാത്രമാണ് ഈ പദവി ഉള്ളതെന്നും അവർ ക്രിസ്തുവിനോടുകൂടി സ്വർഗത്തിൽ ഭരിക്കുമെന്നും ബൈബിൾ പറയുന്നു.—ലൂക്കോസ് 22:28-30; വെളിപാട് 5:9, 10; 14:1, 3.
ക്രിസ്തുവിനോടൊപ്പം ഭരിക്കാനിരിക്കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിൽനിന്നും വ്യത്യസ്തമായി “മഹാപുരുഷാരം” എന്ന് വിളിക്കപ്പെടുന്ന ഭൂരിഭാഗം ആളുകൾക്ക് ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണുള്ളത്. (ലൂക്കോസ് 12:32; വെളിപാട് 7:9, 10) ഞങ്ങളിൽ, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ അപ്പവും വീഞ്ഞും കഴിക്കുന്നില്ലെങ്കിലും ഞങ്ങൾക്കുവേണ്ടി യേശു ചെയ്ത യാഗത്തിന് നന്ദി അർപ്പിക്കാൻ ചെറിയ ആട്ടിൻകൂട്ടത്തോടൊപ്പം പതിവായി കൂടിവരുന്നു.—1 യോഹന്നാൻ 2:2.
a മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്), വാല്യം IX, പേജ് 212 ഇങ്ങനെ പറയുന്നു: “കൂദാശ” എന്ന പദം പുതിയനിയമത്തിൽ കാണുന്നില്ല;” അതുപോലെ μυστήριον (മിസ്റ്റീരിയോൺ) എന്ന ഗ്രീക്ക് പദം സ്നാനത്തോടോ കർത്താവിന്റെ അത്താഴത്തോടോ മറ്റ് ഏതെങ്കിലും ആചരണത്തോടോ ബന്ധപ്പെടുത്തിയതായി കാണുന്നില്ല.
b മതങ്ങളെക്കുറിച്ചുള്ള ഒരു സർവവിജ്ഞാനകോശം (The New Schaff-Herzog Encyclopedia of Religious Knowledge, വാല്യം IV, പേജ് 43-44), മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) വാല്യം VIII, പേജ് 836.
c ബൈബിൾ ചരിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകം (The New Cambridge History of the Bible വാല്യം 1, പേജ് 841) കാണുക.
d ആധുനിക യഹൂദകലണ്ടർ പ്രകാരം, ജ്യോതിശ്ശാസ്ത്രപരമായി പുതുചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതു മുതലാണ് നീസാൻ മാസത്തിന്റെ ആരംഭം കണക്കാക്കുന്നത്. എന്നാൽ, ഒന്നാം നൂറ്റാണ്ടിൽ ഈ രീതിയല്ല പിൻപറ്റിയിരുന്നത്. പകരം, പുതുചന്ദ്രൻ യെരുശലേമിൽ എന്ന് കാണുന്നു എന്നതനുസരിച്ചാണ് മാസം കണക്കുകൂട്ടിയിരുന്നത്. അതാണെങ്കിൽ, ജ്യോതിശ്ശാസ്ത്രപരമായി പുതുചന്ദ്രനെ കണ്ടതിനു ശേഷം ഒന്നോ അതിലധികമോ ദിവസം കഴിഞ്ഞായിരിക്കും. ഇതാണ്, യഹോവയുടെ സാക്ഷികൾ സ്മാരകം ആചരിക്കുന്ന തീയതിയും ആധുനിക യഹൂദർ പെസഹാ ആഘോഷിക്കുന്ന തീയതിയും തമ്മിൽ വ്യത്യാസമുണ്ടാകുന്നതിന്റെ കാരണം.
e ജയിംസ് മോഫറ്റിന്റെ ബൈബിളിന്റെ ഒരു പുതിയ പരിഭാഷ; ചാൾസ് ബി. വില്യംസിന്റെ ജനകീയ ഭാഷയിലുള്ള ഒരു പരിഭാഷ; ഹ്യൂ ജെ. സ്കോൺഫീൽഡിന്റെ ആധികാരിക പുതിയ നിയമം എന്നിവ കാണുക.