പറുദീസയിലേക്കു തിരികെയുള്ള വഴി തുറക്കുന്നു
“[യേശു] അവനോട്: ‘ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും’ എന്നു പറഞ്ഞു.”—ലൂക്കോസ് 23:43.
1, 2. (എ) “പറുദീസ” എന്നതിന്റെ അർത്ഥമെന്ത്, ഏദൻതോട്ടം എന്തുപോലെയായിരുന്നിരിക്കണം? (ബി) “തോട്ടം” എന്നതിനുള്ള എബ്രായപദം ക്രിസ്തീയ ഗ്രീക്ക്തിരുവെഴുത്തുകളിൽ എങ്ങനെ വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നു?
മനുഷ്യകുടുംബം തുടക്കമിട്ടത് പറുദീസയിലാണ്. മമനുഷ്യന്റെ സൃഷ്ടിയെ സംബന്ധിച്ച് നാം വിശുദ്ധ തിരുവെഴുത്തുകളുടെ ആദ്യപുസ്തകത്തിൽ ഇങ്ങനെ വായിക്കുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിക്കാനും അവന്റെ നാസാരന്ധ്രങ്ങളിൽ ജീവശ്വാസം ഊതാനും നടപടികൾ സ്വീകരിച്ചു, മനുഷ്യൻ ഒരു ജീവനുള്ള ദേഹിയായിത്തീർന്നു. കൂടാതെ, യഹോവയായ ദൈവം കിഴക്ക്, ഏദനിൽ, ഒരു തോട്ടം നട്ടുണ്ടാക്കുകയും താൻ നിർമ്മിച്ചിരുന്ന മനുഷ്യനെ അവിടെ ആക്കിവെക്കുകയും ചെയ്തു.” (ഉല്പത്തി 2:7, 8) “ഏദൻ” എന്ന പേരിന്റെ അർത്ഥം “ഉല്ലാസം” എന്നാണ്. അങ്ങനെ, ഏദൻതോട്ടം വിവിധങ്ങളായ അനേകം മനോഹര സവിശേഷതകളോടുകൂടിയ ഉല്ലാസത്തിന്റെ ഒരു വിസ്തൃതമായ ഉദ്യാനമായിരുന്നു.
2 “പറുദീസ” എന്ന പദം ഗ്രീക്ക്ഭാഷയിൽനിന്ന് എടുത്തിട്ടുള്ളതാണ്. ആ ഭാഷയിൽ അതിന്റെ അർത്ഥം ഒരു ഉദ്യാനതുല്യമായ തോട്ടം എന്നാണ്. “തോട്ടം” എന്നർത്ഥമുള്ള ഗാൻ എന്ന എബ്രായ നാമത്തെ വിവർത്തനംചെയ്യാൻ ഉപയോഗിക്കുന്ന ഗ്രീക്ക്പദം പാരഡൈസോസ ആണ്. മത്തായി മുതൽ വെളിപ്പാടുവരെയുള്ള തിരുവെഴുത്തുകൾ എഴുതപ്പെട്ടത് ഗ്രീക്ക്ഭാഷയിലായിരുന്നു. ക്രി.വ. 33-ാമാണ്ടിലെ നീസാൻ 14-ാംതീയതി കാൽവരിയിലെ ദണ്ഡനസ്തംഭത്തിൽ മരണശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നപ്പോഴത്തെ കർത്താവായ യേശുക്രിസ്തുവിന്റെ മൊഴികൾ രേഖപ്പെടുത്തിയപ്പോൾ ഈ ഗ്രീക്ക്പദം ഉപയോഗിക്കപ്പെട്ടു.
ഒരു ദുഷപ്രവൃത്തിക്കാരനോട് യേശുവിന്റെ പറുദീസാവാഗ്ദാനം
3. (എ) അനുഭാവിയായിരുന്ന ഒരു ദുഷ്പ്രവൃത്തിക്കാരൻ യേശുവിനോട് എന്തു ചോദിച്ചു? (ബി) ദുഷ്പ്രവൃത്തിക്കാരന്റെ അപേക്ഷ യേശുവിലുള്ള അവന്റെ വിശ്വാസം സംബന്ധിച്ച് എന്തു പ്രകടമാക്കി?
3 ആ സമയത്ത് രണ്ട് ദുഷ്പ്രവൃത്തിക്കാർ യേശുവിനോടുകൂടെ ദണ്ഡനസ്തംഭത്തിലേററപ്പെട്ടിരുന്നു. അവരിലൊരാൾ യേശുവിന്റെ മറെറ വശത്തു സ്തംഭത്തിലേററപ്പെട്ടിരുന്ന കൊള്ളക്കാരന്റെ രീതിയിൽ തുടർന്ന് യേശുവിനെ ദുഷിച്ചുസംസാരിക്കുന്നതു നിർത്തിയിരുന്നു. അനുഭാവിയായിരുന്ന ദുഷ്പ്രവൃത്തിക്കാരൻ തിരിഞ്ഞ്: “യേശുവേ, നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെ ഓർക്കേണമേ” എന്നു പറഞ്ഞു, അങ്ങനെ തന്റെ കൂടെ തൂക്കപ്പെട്ടിരിക്കുന്നുവെങ്കിലും യേശു ഒരു ഭാവിരാജ്യത്തിന്റെ അവകാശിയാണെന്നുള്ള വിശ്വാസം പ്രകടമാക്കി. (ലൂക്കോസ് 23:42; മർക്കോസ് 15:32) അത് കർത്താവായ യേശുവിന്റെ ഹൃദയത്തെ എങ്ങനെ സ്പർശിച്ചിരിക്കണം! സൗഹാർദ്ദമുണ്ടായിരുന്ന ആ കുററപ്പുള്ളി യേശുക്രിസ്തു നിർദ്ദോഷിയാണെന്നും അവൻ പരസ്യമായ അപമാനത്തിൽ തൂക്കിലേററപ്പെടുന്നതുപോലെയുള്ള ഒരു കഠിനശിക്ഷക്ക് അർഹനല്ലെന്നും വിശ്വസിച്ചു. (ലൂക്കോസ് 23:41) യേശു മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടുമെന്നും ഒരു രാജ്യത്തിലേക്കു വരുമെന്നും താൻ വിശ്വസിക്കുന്നതായി അയാൾ തന്റെ അപേക്ഷയാൽ പ്രകടമാക്കി. തനിക്കും ഒരു പുനരുത്ഥാനം ലഭിക്കാമെന്നും മരിച്ചവരിൽനിന്ന് തന്നെ വിളിച്ചുവരുത്തി ഭൂമിയിലെ പുതുക്കപ്പെട്ട ജീവനാൽ അനുഗ്രഹിക്കുന്നത് യേശു ആയിരിക്കുമെന്നുമുള്ള വിശ്വാസവും ദുഷ്പ്രവൃത്തിക്കാരൻ പ്രകടമാക്കി.
4. യേശു ദുഷ്പ്രവൃത്തിക്കാരന്റെ അപേക്ഷക്ക് എങ്ങനെ ഉത്തരം കൊടുത്തു, എന്തു സൂചിപ്പിച്ചുകൊണ്ട്?
4 “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിലുണ്ടായിരിക്കും” എന്ന് യേശു അവനോടു പറഞ്ഞപ്പോൾ അവൻ ആ അനുഭാവിയായ ദുഷ്പ്രവൃത്തിക്കാരന്റെ ഒരു പുനരുത്ഥാനത്തിലേക്കു വിരൽചൂണ്ടി. അത് വിശ്വാസം പ്രകടമാക്കിയ കുററവാളിക്ക് ഒരു യഥാർത്ഥ ആശ്വാസമായിരുന്നിരിക്കണം. ആ മമനുഷ്യന്റെ പുനരുത്ഥാനം നടക്കണമെങ്കിൽ യേശു ആദ്യം ഉയർപ്പിക്കപ്പെടണമായിരുന്നു. പിന്നീട് തന്റെ ദൈവദത്തമായ പുനരുത്ഥാനശക്തി പ്രയോഗിച്ചുകൊണ്ട് യേശു മനുഷ്യവർഗ്ഗലോകത്തിന്റെ പുനരുത്ഥാനദിവസം ഈ ദുഷ്പ്രവൃത്തിക്കാരനെ മരിച്ചവരുടെ ഇടയിൽനിന്ന് തിരികെ വിളിച്ചുവരുത്തും.—ലൂക്കോസ് 23:43; യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:20, 23; എബ്രായർ 9:15.
5, 6. (എ) നാടുവാഴിയായ പൊന്തിയോസ് പീലാത്തോസ് തൂക്കിലേററപ്പെട്ട യേശുവിനു മീതെ എന്തു എഴുതിവെപ്പിച്ചു? (ബി) യേശു ദുഷ്പ്രവൃത്തിക്കാരനോട് ഏതു ഭാഷയിൽ സംസാരിച്ചിരിക്കാനിടയുണ്ട്?
5 യേശു ആ വാഗ്ദാനം നൽകിയത് ഏതു ഭാഷയിലാണ്? ആ കാലത്ത് പലതും ഉപയോഗത്തിലുണ്ടായിരുന്നു. സ്തംഭത്തിലേററപ്പെട്ട യേശുക്രിസ്തുവിനെ തിരിച്ചറിയിച്ചുകൊണ്ട് കടന്നുപോകുന്നവർക്കെല്ലാം വായിക്കാൻ അവന്റെ തലക്കുമീതെ നാടുവാഴിയായ പൊന്തിയോസ് പീലാത്തോസ് എഴുതിവെപ്പിച്ച വാക്കുകളാൽ ഇതു പ്രകടമാക്കപ്പെടുന്നു. യോഹന്നാൻ 19:19, 20ലെ വിവരണം ഇങ്ങനെ പറയുന്നു: “പീലാത്തോസ് ഒരു സ്ഥാനപ്പേരും എഴുതി ദണ്ഡനസ്തംഭത്തിൻമേൽ വെച്ചു. അത് ഇങ്ങനെ എഴുതപ്പെട്ടിരുന്നു: ‘യഹൂദൻമാരുടെ രാജാവായ നസറായനായ യേശു.’ അതുകൊണ്ട് യഹൂദൻമാരിൽ അനേകർ ഈ സ്ഥാനപ്പേർ വായിച്ചു, എന്തുകൊണ്ടെന്നാൽ യേശു സ്തംഭത്തിൽ തറക്കപ്പെട്ട സ്ഥലം നഗരത്തിനടുത്തായിരുന്നു; അത് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടു.”
6 യേശു തന്റെ കന്യാമാതാവായിരുന്ന മറിയയിൽ ബേത്ലഹേമിൽ ജനിച്ചതുകൊണ്ട് അവൻ ഒരു യഹൂദൻ അഥവാ എബ്രായൻ ആയിട്ടാണ് ജനിച്ചത്. അതിൻപ്രകാരം, തന്റെ ജനനസ്ഥലത്തെ തന്റെ മൂന്നര വർഷത്തെ പ്രസംഗത്തിൽ അവൻ നിലവിലുള്ള എബ്രായയിൽ അഥവാ യഹൂദ്യഭാഷയിൽ പ്രസംഗിച്ചുവെന്ന് സ്പഷ്ടമാണ്. അതുകൊണ്ട് അനുതാപമുണ്ടായിരുന്ന ദുഷ്പ്രവൃത്തിക്കാരനോട് ആശ്വാസപ്രദമായ പ്രസ്താവനകൾ ചെയ്തപ്പോൾ അവൻ എബ്രായയിൽ സംസാരിച്ചിരിക്കാനിടയുണ്ട്. തന്നിമിത്തം പറുദീസയെ പരാമർശിച്ചപ്പോൾ അവൻ ഗാൻ എന്ന എബ്രായപദം ഉപയോഗിച്ചിരിക്കണം—ഉല്പത്തി 2:8ൽ ആ പദമാണ് കാണുന്നത്. അവിടെ ഗാൻ എന്ന മൂലപദം വിവർത്തനംചെയ്യുമ്പോൾ വിശുദ്ധ തിരുവെഴുത്തുകളുടെ ഗ്രീക്ക് സെപ്ററുവജിൻറ് ഭാഷാന്തരം പാരഡൈസോസ എന്ന പദം ഉപയോഗിക്കുന്നു.
7. യേശു ഉയർപ്പിക്കപ്പെട്ടപ്പോൾ അവൻ എങ്ങനെ മഹത്വീകരിക്കപ്പെട്ടു?
7 യേശു തന്റെ സ്തംഭത്തിലെ മരണത്തെ തുടർന്ന് മൂന്നാം ദിവസം എബ്രായ പഞ്ചാംഗത്തിലെ നീസാൻ 16-ാം തീയതി മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ടു. നാല്പതു ദിവസം കഴിഞ്ഞ് അവൻ സ്വർഗ്ഗത്തിലേക്കു തിരികെ പോയി. അതായിരുന്നു അവന്റെ ആദ്യഭവനം. ഇപ്പോൾ അത് കൂടുതൽ ഉന്നതമായ ഒരു അവസ്ഥയിലാണെന്നു മാത്രം. (പ്രവൃത്തികൾ 5:30, 31; ഫിലിപ്പിയർ 2:9) അവൻ ഇപ്പോൾ അമർത്യത ധരിച്ചിരിക്കുന്നു, അവന്റെ സ്വർഗ്ഗീയ പിതാവിനോടുകൂടെ അവൻ ആ ഗുണം പങ്കിടുന്നു. നീസാൻ 16ലെ ആ ഞായറാഴ്ച യേശു മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടുന്നതുവരെ അമർത്യത ഉണ്ടായിരുന്നത് യഹോവയാം ദൈവത്തിനു മാത്രമാണ്.—റോമർ 6:9; 1 തിമൊഥെയോസ് 6:15, 16.
മറുവില വഴി തുറന്നുതരുന്നു
8. ഭൂമിയെസംബന്ധിച്ച യഹോവയുടെ ആദിമ ഉദ്ദേശ്യം എന്തായിരുന്നു, അവൻ ആ ഉദ്ദേശ്യത്തോടു പററിനിൽക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
8 ഇവയെല്ലാം മുഴുഭൂമിയും ഒരു ആഗോള പറുദീസയായിത്തീരാൻ അതിനെ പറുദീസാഭംഗി അണിയിക്കുന്നതിനുള്ള ദൈവോദ്ദേശ്യത്തിൽപെട്ട നടപടികളായിരുന്നു. (ഉല്പത്തി 1:28; യെശയ്യാവ് 55:10, 11) 1 കൊരിന്ത്യർ 15:45-ൽ അപ്പോസ്തലനായ പൗലോസ് യേശുവിനെ “ഒടുക്കത്തെ ആദാം” എന്നു പരാമർശിക്കുന്നു. ഇതു സൂചിപ്പിക്കുന്നത് ദൈവം ഭൂമിയെ സംബന്ധിച്ച തന്റെ ആദ്യ ഉദ്ദേശ്യത്തോടു പററിനിന്നിരിക്കുന്നുവെന്നും ഒന്നാം മനുഷ്യനായ ആദാം നിറവേററുന്നതിൽ പരാജയപ്പെട്ട ഉദ്ദേശ്യം ആരെങ്കിലും നിവർത്തിക്കുമെന്നുമാണ്.
9. പറുദീസയിലേക്ക് തിരികെയുള്ള വഴി തുറക്കുന്നതിന് യേശു എന്തു നൽകി?
9 പൗലോസ് പറയുന്നതനുസരിച്ച് യേശു “ഒരു സാദൃശ്യമുള്ള മറുവില” പ്രദാനംചെയ്തു. (1 തിമൊഥെയോസ് 2:6) യേശുക്രിസ്തുതന്നെ ഇങ്ങനെ പറഞ്ഞിരുന്നു: “മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, പിന്നെയോ ശുശ്രൂഷിക്കാനും തന്റെ ദേഹിയെ അനേകർക്കു പകരമായി കൊടുക്കാനുമാണ്.” ഇത് യേശുക്രിസ്തുവിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക് നിത്യജീവൻ നേടുക സാദ്ധ്യമാക്കി.—മത്തായി 20:28; യോഹന്നാൻ 3:16.
10. (എ) പ്രീതി ലഭിച്ച ഒരു പരിമിത എണ്ണം മനുഷ്യരേസംബന്ധിച്ച് ദൈവം എന്തു നിശ്ചയിച്ചു? (ബി) “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ തെരഞ്ഞെടുപ്പ് എപ്പോൾ തുടങ്ങി, ആരാൽ?
10 യേശു മരിച്ചവരിൽനിന്നുള്ള തന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണംചെയ്തപ്പോൾ അവന് മനുഷ്യകുടുംബത്തിനുവേണ്ടി ദൈവത്തിന് മറുവിലയാഗത്തിന്റെ മൂല്യം കാഴ്ചവെക്കാൻ കഴിഞ്ഞു. എന്നിരുന്നാലും, ഭൂമിയിലെ ജനതകളിൽനിന്ന് “തന്റെ നാമത്തിനുവേണ്ടി ഒരു ജനത്തെ” എടുക്കുകയെന്നത് അവന്റെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. (പ്രവൃത്തികൾ 15:14) വെളിപ്പാട് 7:4ഉം 14:1-4ഉം അനുസരിച്ച് അവരുടെ എണ്ണം കേവലം 1,44,000 ആയിരിക്കേണ്ടതാണ്, ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യത്തിലേക്ക് വിളിക്കപ്പെട്ട “ചെറിയ ആട്ടിൻകൂട്ടം”തന്നെ. (ലൂക്കോസ് 12:32) യഹോവയാം ദൈവത്തിന്റെ പ്രത്യേക പ്രീതിയുള്ള ഇവരുടെ തെരഞ്ഞെടുപ്പ് യേശുക്രിസ്തുവിന്റെ 12 അപ്പോസ്തലൻമാരുടെ തെരഞ്ഞെടുപ്പോടെ തുടങ്ങി. (മത്തായി 10:2-4; പ്രവൃത്തികൾ 1:23-26) യേശു തന്റെ സഭയുടെ അടിസ്ഥാന അംഗങ്ങളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നെ തെരഞ്ഞെടുത്തില്ല, എന്നാൽ ഞാൻ നിങ്ങളെ തെരഞ്ഞെടുത്തു.” (യോഹന്നാൻ 15:16) ഇവരായിരിക്കും ദൈവരാജ്യത്തിൻകീഴിൽ വരാനിരിക്കുന്ന ആഗോള പറുദീസയെ പ്രഘോഷിക്കുന്ന വേലയുടെ മുന്നണിയിലുള്ളത്.
രാജ്യത്തിന്റെ വരവിന്റെ സമയം
11. മശിഹൈകരാജ്യം എപ്പോൾ സ്ഥാപിക്കപ്പെടേണ്ടതായിരുന്നു?
11 നാമിപ്പോൾ യഹോവയുടെ രാജ്യം വരാൻ കർത്താവായ യേശുക്രിസ്തവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നതിൽ തുടരുന്നു. (മത്തായി 6:9, 10; യോഹന്നാൻ 14:13, 14) മശിഹൈകരാജ്യം “ജനതകളുടെ നിയമിത കാലങ്ങളുടെ” അവസാനത്തിൽ സ്ഥാപിക്കപ്പെടേണ്ടതായിരുന്നു. (ലൂക്കോസ് 21:24) ആ ജാതികളുടെ കാലങ്ങൾ 1914 ആയതോടെ തികഞ്ഞു.a
12. തന്റെ അദൃശ്യസാന്നിദ്ധ്യത്തെ ലക്ഷ്യപ്പെടുത്തുന്ന ശ്രദ്ധേയമായ കാര്യങ്ങളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിനു ചേർച്ചയായി 1914ൽ എന്തു നടന്നു?
12 മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ ലോകയുദ്ധം ആ വർഷത്തിൽ തുടങ്ങി. അത് ഭൂമിമേലുള്ള യേശുവിന്റെ രാജ്യാധികാരത്തിലുള്ള അദൃശ്യസാന്നിദ്ധ്യത്തെ ലക്ഷ്യപ്പെടുത്തുന്ന ശ്രദ്ധേയമായ കാര്യങ്ങളെക്കുറിച്ചുള്ള അവന്റെ പ്രവചനത്തോടു ചേർച്ചയിലായിരുന്നു. അവന്റെ ശിഷ്യൻമാർ അവനോട് ഈ ചോദ്യം ചോദിച്ചിരുന്നു: “ഞങ്ങളോടു പറയൂ, ഈ കാര്യങ്ങൾ എപ്പോഴായിരിക്കും, നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളമെന്തായിരിക്കും?” മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഒരു സ്ഥലത്തിനു പിന്നാലെ മറെറാന്നിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടായിരിക്കും. ഇവയെല്ലാം കൊടിയ വിപത്തിന്റെ കഠോര വേദനകളുടെ ആരംഭമാകുന്നു. രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:3, 7, 8, 14; മർക്കോസ് 13:10.
13. (എ) ദൈവരാജ്യപ്രസംഗം ഏതു കാര്യത്തിലാണ് സുവാർത്തയായിരിക്കുന്നത്? (ബി) ദൈവരാജ്യം വരാനുള്ള പ്രാർത്ഥന എത്ര നാൾ നടത്തപ്പെട്ടിട്ടുണ്ട്, അവന്റെ ഭൂമിയിലെ സാക്ഷികൾ ഈ പ്രാർത്ഥന നടത്തുന്നതിൽ ഒരിക്കലും ക്ഷീണിച്ചുപോയിട്ടില്ലേ?
13 യഹോവയുടെ രാജ്യത്തിന്റെ ഈ സുവാർത്ത ഇപ്പോൾ 200-ൽപരം രാജ്യങ്ങളിൽ പ്രസംഗിക്കപ്പെടുന്നുണ്ട്, കൂടുതൽ പ്രദേശങ്ങളിലേക്ക് അതു വ്യാപിപ്പിക്കാൻ ശ്രമംചെയ്യപ്പെടുന്നുമുണ്ട്. അത് ഇനിയും വരാനുള്ള ഒരു ലോകഗവൺമെൻറിനെക്കുറിച്ചുള്ള വാർത്തയല്ല, പിന്നെയോ ഇപ്പോൾത്തന്നെ അധികാരത്തിലിരിക്കുന്ന, ഭരിക്കുന്ന, ഒരു രാജ്യത്തിന്റേതാണ്. ആ രാജ്യം 1914-ൽ സ്ഥാപിക്കപ്പെട്ടു. അത് 1,900-ൽപരം വർഷംമുമ്പ് യേശു വിവരിച്ച പ്രാർത്ഥനയുടെ ഉത്തരത്തിന് രംഗവേദിയൊരുക്കി. ആ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആ രാജ്യത്തിന്റെ രാജാവായിരിക്കേണ്ടവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതുമുതൽ അതിന്റെ സ്ഥാപകനോട് ആ പ്രാർത്ഥന നടത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആ രാജ്യത്തിന്റെ ഉടമ അതിനുവേണ്ടിയുള്ള അപേക്ഷ ദീർഘനാളുകളായി കേട്ടുകൊണ്ടാണിരിക്കുന്നത്. ആ കാലത്തെല്ലാം ഭൂമിയിലെ അവന്റെ സാക്ഷികൾ അർപ്പിച്ച പ്രാർത്ഥന കേൾക്കുന്നത് അവന് പ്രസാദമായിരുന്നു, എന്തുകൊണ്ടെന്നാൽ അത് ആ രാജ്യത്തിന്റെ വരവിലുള്ള അവരുടെ വിശ്വാസത്തോട് അവർ പററിനിന്നുവെന്ന് പ്രകടമാക്കി. അതു തങ്ങൾക്കു പഴകിപ്പോയെന്നുള്ള മട്ടിൽ “സ്വർഗ്ഗസ്ഥനായ പിതാവി”നോട് ആ പ്രാർത്ഥന നടത്തുന്നതിൽ അവർ ക്ഷീണിതരായില്ല.—മത്തായി 6:9, 10.
14. യഹോവയുടെ സാക്ഷികൾ ദൈവരാജ്യം പ്രസംഗിക്കുന്നതിൽ നിർബന്ധംപിടിക്കുന്നതെന്തുകൊണ്ട്?
14 യഹോവയുടെ സാക്ഷികൾ ആ രാജ്യം 1914-ൽ സ്വർഗ്ഗത്തിൽ സ്ഥാപിക്കപ്പെട്ടുവെന്നു വിശ്വസിക്കുകയും ഘോഷിക്കുകയും ചെയ്യുമ്പോൾത്തന്നെ അവർ രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കുന്നതിൽ നിർബന്ധംപിടിക്കുന്നു. ആ സ്ഥാപിതരാജ്യം ഭൂമിയുടെ സമ്പൂർണ്ണനിയന്ത്രണം ഏറെറടുക്കാതെ മനുഷ്യവർഗ്ഗത്തിന്റെ സകല ഗോത്രങ്ങളുടെമേലും വർഗ്ഗങ്ങളുടെമേലും ശക്തിയും അധികാരവും പ്രയോഗിക്കുന്നതിൽ തുടരാൻ ഈ ലോകരാജ്യങ്ങളെ അനുവദിച്ചിരിക്കുന്നതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. (റോമർ 13:1) അതുകൊണ്ട് ഒരു പൂർണ്ണമായ അർത്ഥത്തിൽ, അതായത്, അത് സർവഭൂമിമേലും അധികാരം പ്രയോഗിക്കുന്ന ഏകഗവൺമെൻറായിരിക്കുന്ന അളവോളം അതു വരേണ്ടിയിരിക്കുന്നു.—ദാനിയേൽ 2:44.
15. ക്രി.വ. 33ലെ പെന്തെക്കോസ്തുമുതൽ ഇസ്രയേലിലെ രാജാക്കൻമാർ അഭിഷേകംചെയ്യപ്പെട്ടപ്പോഴത്തേതിനെക്കാൾ മഹത്തരമായ തോതിൽ എന്തു നടന്നുകൊണ്ടാണിരിക്കുന്നത്?
15 യേശു ആ രാജ്യത്തിന്റെ രാജാവായി നിയുക്തനായിരിക്കുന്നെങ്കിലും അവൻ ഒററക്കല്ല ഭരിക്കുന്നത്. യഹോവയാം ദൈവത്തിന്റെ മശിഹൈകരാജ്യത്തിൽ തന്റെ രാജകീയ പുത്രന്റെ കൂട്ടവകാശികളായിരിക്കാൻ അവന്റെ 1,44,000 അനുഗാമികളെ അവൻ നിയമിച്ചിട്ടുണ്ട്. (ദാനിയേൽ 7:27) പുരാതന ഇസ്രായേലിലെ രാജാക്കൻമാർ മഹാപുരോഹിതനാൽ വിശുദ്ധാഭിഷേക തൈലം കൊണ്ട് അഭിഷേകംചെയ്യപ്പെട്ടതുപോലെ ക്രി.വ. 33ലെ പെന്തെക്കോസ്തുദിവസം മുതൽ യഹോവ യേശുക്രിസ്തുവിന്റെ 1,44,000 കൂട്ടവകാശികളെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകംചെയ്യുകയും “രാജാധിരാജാവും കർത്താധികർത്താവു”മൊത്തുള്ള സ്വർഗ്ഗത്തിലെ ആത്മജീവിതത്തിനായി ജനിപ്പിക്കുകയും ചെയ്തിരിക്കുന്നു.—വെളിപ്പാട് 19:16; 1 രാജാക്കൻമാർ 1:39 താരതമ്യംചെയ്യുക.
“ഒടുക്കത്തെ ആദാ”മിനാൽ പറുദീസ പുനഃസ്ഥാപിക്കപ്പെടാനിരിക്കുന്നു
16. യേശുവിന്റെ സ്തംഭത്തിലെ മരണത്തിങ്കൽ രാജ്യത്തിന്റെ പ്രതീക്ഷ എന്തായിരുന്നു, എന്നാൽ അവൻ തെററായ വാർത്തയുടെ ഒരു ഘോഷകനല്ലാഞ്ഞതെന്തുകൊണ്ട്?
16 ക്രി.വ. 33-ലെ യേശുവിന്റെ തൂക്കിക്കൊലയുടെ സമയത്ത് അവന് ഒരു രാജ്യമുണ്ടായിരിക്കുക സാദ്ധ്യമാണെന്നുപോലും അശേഷം തോന്നിയില്ല. എന്നാൽ തന്റെ ദൈവരാജ്യപ്രസംഗത്തിൽ അവൻ തെററായ ഒരു വാർത്ത ഘോഷിക്കുന്നവനായിരുന്നില്ല. അവന്റെ സ്തംഭത്തിലെ മരണശേഷം മൂന്നാം ദിവസം യേശുവിന്റെ ശിഷ്യൻമാർ അസാദ്ധ്യമായ ഒരു ഗവൺമെൻറിനുവേണ്ടിയല്ല പ്രാർത്ഥിക്കുന്നതെന്ന് രാജ്യസ്ഥാപകൻ ഉറപ്പുവരുത്തി. പ്രാർത്ഥിക്കപ്പെട്ട രാജ്യത്തിൽ തന്നെ പ്രതിനിധാനംചെയ്യാനുള്ളവനെ യഹോവ പുനരുത്ഥാനപ്പെടുത്തുകയും അവനെ അമർത്യത ധരിപ്പിക്കുകയും ചെയ്തു.
17, 18. (എ) യേശു “ഒടുക്കത്തെ ആദാം” എന്നു വിളിക്കപ്പെടുന്നതിന്റെ അർത്ഥമെന്താണ്? (ബി) 1914 മുതലുള്ള ലോകസംഭവങ്ങൾ എന്തു സൂചിപ്പിക്കുന്നു?
17 ഭൂമിയിലെ ഒന്നാമത്തെ പറുദീസയുടെ സ്രഷ്ടാവ് പറുദീസയെ പുതുക്കുന്നതിനും ആഗോള ഉദ്യാനത്തെ അധിവസിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നതിനുമുള്ള കടപ്പാട് തന്റെ മേൽ വെക്കുമെന്ന് യേശുവിനറിയാമായിരുന്നു. 1 കൊരിന്ത്യർ 15:45, 47ൽ നാം ഇങ്ങനെ വായിക്കുന്നു: “‘ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ഒരു ദേഹിയായിത്തീർന്നു’വെന്നുപോലും എഴുതപ്പെട്ടിരിക്കുന്നു. ഒടുക്കത്തെ ആദാം ജീവദായകനായ ഒരു ആത്മാവായിത്തീർന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നുള്ളവനും പൊടികൊണ്ടു നിർമ്മിക്കപ്പെട്ടവനുമാകുന്നു; രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവനാണ്.” രണ്ടാമത്തെ ആദാം സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു. ഇവിടെ പറുദീസ വീണ്ടും സ്ഥാപിക്കാൻ യഹോവ ഉപയോഗിക്കുന്നത് അവനെയാണ്. ഈ അടിസ്ഥാനത്തിലാണ് കർത്താവായ യേശു അനുഭാവിയായിരുന്ന ദുഷ്പ്രവൃത്തിക്കാരനോട് “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കു”മെന്നു പറഞ്ഞത്. (ലൂക്കോസ് 23:43) മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവായ “ഒടുക്കത്തെ ആദാ”മിന്റെ കൈകളിലെ സ്വർഗ്ഗരാജ്യത്തിൻകീഴിൽ ഭൂമിയിൽ പറുദീസ സ്ഥാപിക്കപ്പെടുമെന്ന് വീണ്ടും ഈ സംഭാഷണത്തിൽനിന്ന് പ്രകടമാണ്.
18 ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതലുള്ള സംഭവങ്ങൾ യേശുക്രിസ്തു ഉച്ചരിച്ച പ്രവചനങ്ങളോട് യോജിക്കുന്നു, അങ്ങനെ അന്നുമുതൽ യേശു അധികാരത്തിലിരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇപ്പോൾ ഏഴിൽപരം ദശാബ്ദങ്ങളായി 1914 മുതൽ ജീവിക്കുന്ന ഈ 20-ാം നൂററാണ്ടിലെ തലമുറയിൽപെട്ട ആളുകൾ മത്തായി 24-ാം അദ്ധ്യായത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രവചനത്തിലെ സംഭവങ്ങളുടെ നിവൃത്തി അനുഭവിച്ചിരിക്കുന്നു. അതുകൊണ്ട്, ഈ കാലഘട്ടം അതിന്റെ അവസാനത്തോടടുക്കുകയാണ്, ഭൂമിയിലെ പറുദീസയുടെ പുനഃസ്ഥിതീകരണം സമീപിച്ചുമിരിക്കുന്നു.—മത്തായി 24:32-35; സങ്കീർത്തനം 90:10 താരതമ്യംചെയ്യുക.
ആവേശകരമായ ഒരു പുതിയലോകയുഗം മുമ്പിൽ
19, 20. (എ) അർമ്മഗെദ്ദോനുശേഷം, യഹോവ തന്നെ സ്നേഹിക്കുന്നവരെ എന്തിലേക്കു പ്രവേശിപ്പിക്കും? (ബി) അർമ്മഗെദ്ദോൻ കഴിഞ്ഞാൽ താമസിയാതെ എന്തു ചെയ്യേണ്ടതുണ്ട്?
19 സംശയത്തിന്റെ യാതൊരു അനിശ്ചിതത്വവുമില്ലാതെ അർമ്മഗെദ്ദോൻയുദ്ധക്കളത്തിൽ തന്റെ സാർവത്രിക പരമാധികാരം സംസ്ഥാപിച്ചശേഷം യഹോവ തന്നെ സ്നേഹിക്കുന്നവരെ കടത്തുന്നത് വിരസമായ, മുഷിപ്പനായ, ഒരു വ്യവസ്ഥിതിയിലേക്കായിരിക്കുകയില്ല. ദൈവപുത്രനും മശിഹൈകരാജാവുമായ യേശുവിന്റെ ആരോഗ്യാവഹമായ വാഴ്ചയിൻകീഴിൽ മനുഷ്യവർഗ്ഗത്തിനുവേണ്ടി വരാൻ പോകുന്ന യുഗം തീർച്ചയായും അത്യന്തം ആവേശകരമായ ഒന്നായിരിക്കും. ഹാ, പ്രയോജനകരമായ എത്രയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരിക്കും! യഹോവയുടെ സ്വർഗ്ഗീയസൈന്യങ്ങളും ശ്രദ്ധാപൂർവം നയിക്കപ്പെടുന്ന തിൻമയുടെ ശക്തികളും തമ്മിലുള്ള ആഗോളപോരാട്ടത്താൽ ഭൂമുഖത്തു വരുത്തപ്പെട്ട സകല വടുക്കളും നീക്കംചെയ്യപ്പെടും. യാതൊരു കണികയും ശേഷിക്കയില്ല.
20 എന്നാൽ ജനതകൾ പിമ്പിൽ വിടുന്ന സകല യുദ്ധോപകരണങ്ങളും സംബന്ധിച്ചെന്ത്? അവയുടെ തീപിടിക്കുന്ന ഭാഗങ്ങൾ നീക്കംചെയ്യാൻ എടുക്കുന്ന സമയദൈർഘ്യത്തിന്റെ പ്രതീകാത്മകസൂചനയുടെ വീക്ഷണത്തിൽ അവയുടെ അളവ് ഭയങ്കരമായിരിക്കും. (യെഹെസ്ക്കേൽ 39:8-10) അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് ജനതകളുടെ യുദ്ധസജ്ജീകരണങ്ങളുടേതായി ശേഷിക്കുന്ന ഏതു വസ്തുക്കളെയും പ്രയോജനകരങ്ങളായ ഉദ്ദേശ്യങ്ങൾക്കായി മാററിയെടുക്കാൻ കഴിഞ്ഞേക്കും.—യെശയ്യാവ് 2:2-4.
21. ജലപ്രളയത്തെ അതിജീവിച്ചവരുടെ അനുഭവത്തിനു സമാനമായി അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരെ ഏതു സാഹചര്യം അഭിമുഖീകരിക്കും, എന്നാൽ എന്തു വലിയ വ്യത്യാസത്തോടെയായിരിക്കും?
21 ആഗോളജലപ്രളയത്തെ അത്ഭുതകരമായി അതിജീവിച്ച നോഹയുടെയും അവന്റെ കുടുംബത്തിന്റെയും അനുഗൃഹീതരായ ആധുനിക മറുഘടകം നോഹയുടെ കുടുംബം കണ്ടെത്തിയത്തിനോടു സമാനമായ ഒരു ഭൗമികസാഹചര്യത്തെ അഭിമുഖീകരിക്കും. എന്നിരുന്നാലും, പിശാചായ സാത്താനും അവന്റെ ഭൂതസൈന്യങ്ങളും ഭൂമിക്കു ചുററുമുള്ള അദൃശ്യ ആകാശങ്ങളെ മേലാൽ ബാധിക്കുകയില്ല, എന്നാൽ അവർ പത്തു ശതാബ്ദങ്ങളിലേക്ക് പൂർണ്ണമായും പ്രവർത്തനരഹിതരാക്കപ്പെടും. (വെളിപ്പാട് 20:1-3) അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് “സർവശക്തനായ ദൈവത്തിന്റെ മഹാദിവസ”ത്തിലൂടെ കടന്ന ഭൂമിയെ കീഴടക്കാനുള്ള വെല്ലുവിളിപരമായ ജോലിയുണ്ടായിരിക്കും, ആ ദിവസം ഈ ഗോളത്തിൽ അവശേഷിപ്പിക്കുന്ന ഏതു ഫലങ്ങളെയും നേരിട്ടുകൊണ്ടുതന്നെ.—വെളിപ്പാട് 16:14.
22. പറുദീസ ഭൂവ്യാപകമായി വികസിപ്പിക്കുന്നതിന്റെ വെല്ലുവിളിയോട് അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ എങ്ങനെ പ്രതികരിക്കും?
22 താരതമ്യേന ചുരുക്കം പേരാകയാൽ ഈ അർമ്മഗെദ്ദോൻയുദ്ധത്തിന്റെ അതിജീവകർ സാധാരണഗതിയിൽ പറുദീസയെ ഭൂവ്യാപകമായി വികസിപ്പിക്കുന്ന വമ്പിച്ച വേല ഭരമേൽപ്പിക്കപ്പെടുമ്പോൾ വളരെ ഭയചകിതരാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടേക്കാം. എന്നാൽ മറിച്ച് അങ്ങേയററം പുളകിതരായി അവർ ധീരവും അനുസരണപൂർവകവുമായ ഒരു തുടക്കമിടും. ഈ ഭൂമി ദൈവത്തിന്റെ പ്രതീകാത്മക പാദപീഠമാണെന്ന് അവർ പൂർണ്ണമായും തിരിച്ചറിയുന്നു, അവന്റെ പാദങ്ങൾ വെക്കാൻ അർഹമായ ഒരു അഴകാർന്ന അവസ്ഥയിലേക്ക് ഈ ഭൗമികമണ്ഡലത്തെ വരുത്താൻ അവർ ആത്മാർതമായി ആഗ്രഹിക്കുന്നു.
23. പറുദീസ പുനഃസ്ഥിതീകരിക്കുന്ന തങ്ങളുടെ വേല വിജയിക്കുമെന്നുള്ളതിന്റെ ഉറപ്പായി അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് എന്തു പിന്തുണയുണ്ട്?
23 ഭൂമിയെസംബന്ധിച്ച ദിവ്യ ഉത്തരവാദിത്വത്തിന്റെ നിവൃത്തിയായി ഈ സന്തോഷകരമായ സേവനം ഏറെറടുത്തശേഷം അവർ നിസ്സഹായരായി ഒററക്ക് വിടപ്പെടുകയില്ലെന്നറിയുന്നത് സന്തോഷപ്രദവും പ്രോൽസാഹകവുമാണ്. (യെശയ്യാവ് 65:17, 21-24 താരതമ്യം ചെയ്യുക.) അവർക്ക് പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസയുടെ വാഗ്ദാനം നൽകിയവനും തന്റെ സ്വർഗ്ഗാരോഹണദിവസം “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞവനുമായവന്റെ പൂർണ്ണമായ, അപരിമിതമായ പിന്തുണ ഉണ്ടായിരിക്കും. (മത്തായി 28:18) അവന് ഇപ്പോഴും ആ അധികാരമുണ്ട്. നാം അടുത്ത ലേഖനത്തിൽനിന്ന് കാണാൻ പോകുന്നതുപോലെ, അനുഭാവിയായ ദുഷ്പ്രവൃത്തിക്കാരനോടുള്ള അവന്റെ ശ്രദ്ധേയമായ വാഗ്ദാനം നിറവേററാൻ അവൻ പ്രാപ്തനാണ്. (w89 8⁄15)
[അടിക്കുറിപ്പ്]
a വിശദാംശങ്ങൾക്ക് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 142-7 വരെയുള്ള പേജുകൾ കാണുക. യെഹെസ്ക്കേൽ 21:27-ഉം കാണുക.
പുനരവലോകനചോദ്യങ്ങൾ
◻ കാൽവറിയിലെ യേശുവിന്റെ വാഗ്ദാനം മനുഷ്യവർഗ്ഗത്തിനും ഒരു കുററപ്പുള്ളിക്കും എന്തിന് ഉറപ്പുനൽകുന്നു?
◻ പറുദീസയിലേക്കു തിരികെയുള്ള വഴി തുറക്കുന്നതുസംബന്ധിച്ചു അടിസ്ഥാനപരമായിട്ടുള്ളതെന്താണ്?
◻ ഒന്നാം ആദാം എന്തുചെയ്യുന്നതിൽ പരാജയപ്പെട്ടു, എന്നാൽ “ഒടുക്കത്തെ ആദാം” എന്തു സാധിക്കും?
◻ അർമ്മഗെദ്ദോനുശേഷം, യഹോവ ഏതുതരം വ്യവസ്ഥിതിയിലേക്കു തന്റെ സ്നേഹിതരെ പ്രവേശിപ്പിക്കും?
[13-ാം പേജിലെ ചിത്രം]
“1914ൽ സകല രാജ്യങ്ങളുടെയും അവസാനം” എന്ന ലേഖനം 1914 ഓഗസ്ററ് 30ലെ “ദി വേൾഡ് മാഗസിനി”ൽ പ്രത്യക്ഷപ്പെട്ടു