യഹോവ നൽകുന്ന ആശ്വാസം പങ്കുവെക്കൽ
“നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിന്നും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.”—2 കൊരിന്ത്യർ 1:7.
1, 2. ഇന്നു ക്രിസ്ത്യാനികളായിത്തീർന്നിരിക്കുന്ന അനേകരുടെയും അനുഭവം എന്തായിരുന്നിട്ടുണ്ട്?
വീക്ഷാഗോപുരത്തിന്റെ ഇപ്പോഴത്തെ അനേകം വായനക്കാരും വളർന്നുവന്നതു ദൈവസത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം കൂടാതെയാണ്. അതു നിങ്ങളുടെ കാര്യത്തിലും ശരിയായിരിക്കാം. അങ്ങനെയെങ്കിൽ, നിങ്ങളുടെ ഗ്രാഹ്യദൃഷ്ടികൾ തുറക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നിയെന്ന് അനുസ്മരിക്കുക. ഉദാഹരണത്തിന്, മരിച്ചവർ യാതന അനുഭവിക്കുന്നില്ല, മറിച്ച് അബോധാവസ്ഥയിലാണെന്നു നിങ്ങൾ ആദ്യമായി മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നിയില്ലേ? മരിച്ചവർക്കുള്ള പ്രത്യാശയെക്കുറിച്ച്, ശതകോടിക്കണക്കിന് ആളുകൾ ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമെന്ന്, മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിച്ചില്ലേ?—സഭാപ്രസംഗി 9:5, 10; യോഹന്നാൻ 5:28, 29.
2 ദുഷ്ടതയ്ക്ക് അന്തം വരുത്തുമെന്നും ഈ ഭൂമിയെ ഒരു പറുദീസയാക്കി രൂപാന്തരപ്പെടുത്തുമെന്നുമുള്ള ദൈവത്തിന്റെ വാഗ്ദാനത്തിന്റെ കാര്യമോ? നിങ്ങൾ ഇതിനെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ, അതു നിങ്ങളെ ആശ്വസിപ്പിക്കുകയും ആകാംക്ഷാഭരിതമായ പ്രതീക്ഷയാൽ നിറയ്ക്കുകയും ചെയ്തില്ലേ? ഒരിക്കലും മരിക്കാതിരിക്കാനും വരാനിരിക്കുന്ന ഭൗമിക പറുദീസയിലേക്ക് അതിജീവിക്കാനുമുള്ള സാധ്യതയെക്കുറിച്ച് ആദ്യം മനസ്സിലാക്കിയപ്പോൾ നിങ്ങൾക്കെന്തു തോന്നി? നിങ്ങൾ പുളകമണിഞ്ഞു എന്നതിൽ സംശയമില്ല. അതേ, ഇപ്പോൾ ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന, ദൈവത്തിന്റെ ആശ്വാസദായകമായ സന്ദേശത്തിന്റെ ഒരു സ്വീകർത്താവായിരുന്നിട്ടുണ്ട് നിങ്ങൾ.—സങ്കീർത്തനം 37:9-11, 29; യോഹന്നാൻ 11:26; വെളിപ്പാടു 21:3-5.
3. ദൈവത്തിന്റെ ആശ്വാസദായക സന്ദേശം മറ്റുള്ളവരുമൊത്തു പങ്കുവെക്കുന്നവരും കഷ്ടം അനുഭവിക്കുന്നത് എന്തുകൊണ്ട്?
3 എന്നിരുന്നാലും, നിങ്ങൾ മറ്റുള്ളവരുമൊത്തു ബൈബിൾ സന്ദേശം പങ്കുവെക്കാൻ ശ്രമിച്ചപ്പോൾ, “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ” എന്നു നിങ്ങളും തിരിച്ചറിയാൻ ഇടയായി. (2 തെസ്സലൊനീക്യർ 3:2) ബൈബിൾ വാഗ്ദത്തങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചപ്പോൾ നിങ്ങളുടെ മുൻസുഹൃത്തുക്കളിൽ ചിലർ നിങ്ങളെ പരിഹസിച്ചിരിക്കാം. യഹോവയുടെ സാക്ഷികളുമൊത്തു സഹവസിച്ചു ബൈബിൾ പഠനം തുടർന്നപ്പോൾ നിങ്ങൾ കഷ്ടവും സഹിച്ചിരിക്കാം. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയപ്പോൾ എതിർപ്പു രൂക്ഷമായിരുന്നിരിക്കാം. ദൈവാശ്വാസം സ്വീകരിക്കുന്ന സകലരുടെയുംമേൽ സാത്താനും അവന്റെ ലോകവും കൊണ്ടുവരുന്ന കഷ്ടം നിങ്ങൾ അനുഭവിക്കാൻ തുടങ്ങി.
4. പുതു താത്പര്യക്കാർ കഷ്ടങ്ങളോട് ഏതെല്ലാം വ്യത്യസ്ത വിധങ്ങളിൽ പ്രതികരിച്ചേക്കാം?
4 സങ്കടകരമെന്നു പറയട്ടെ, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, കഷ്ടങ്ങൾ ചിലർക്ക് ഇടർച്ചയായിത്തീരുകയും ക്രിസ്തീയ സഭയുമായുള്ള സഹവാസം അവർ നിർത്തുന്നതിനു കാരണമാകുകയും ചെയ്യുന്നുണ്ട്. (മത്തായി 13:5, 6, 20, 21) മറ്റുള്ളവർ തങ്ങൾ പഠിക്കുന്ന ആശ്വാസദായകമായ വാഗ്ദത്തങ്ങളിൽ മനസ്സു കേന്ദ്രീകരിച്ചുകൊണ്ടു കഷ്ടങ്ങളിൽ സഹിച്ചുനിൽക്കുന്നു. അവസാനം അവർ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായി സ്നാപനമേൽക്കുകയും ചെയ്യുന്നു. (മത്തായി 28:19, 20; മർക്കൊസ് 8:34) തീർച്ചയായും, ക്രിസ്ത്യാനി സ്നാപനമേൽക്കുന്നതോടെ കഷ്ടങ്ങൾ അവസാനിക്കുന്നില്ല. ഉദാഹരണത്തിന്, അധാർമിക പശ്ചാത്തലമുണ്ടായിരുന്ന ഒരു വ്യക്തിക്കു നിർമലനായി നിലകൊള്ളുന്നതിന് ഒരു കഠിന പോരാട്ടം ആവശ്യമായിരിക്കാം. മറ്റുചിലർക്കാകട്ടെ, അവിശ്വാസികളായ കുടുംബാംഗങ്ങളിൽനിന്നു നിരന്തരം എതിർപ്പിനെ നേരിടേണ്ടിവരുന്നു. ഏതു തരത്തിലുള്ള കഷ്ടമായാലും, ദൈവത്തോടുള്ള സമർപ്പണ ജീവിതം വിശ്വസ്തതയോടെ പിന്തുടരുന്ന സകലർക്കും ഒരു സംഗതിയെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. വളരെ വ്യക്തിഗതമായ ഒരു വിധത്തിൽ അവർ ദൈവത്തിന്റെ ആശ്വാസവും സഹായവും അനുഭവിക്കും.
‘സർവാശ്വാസവും നല്കുന്ന ദൈവം’
5. പൗലോസ് അനുഭവിച്ച അനേകം പരിശോധനകളോടൊപ്പം, അവൻ മറ്റെന്തും അനുഭവിച്ചു?
5 ദൈവം പ്രദാനം ചെയ്യുന്ന ആശ്വാസം ആഴത്തിൽ വിലമതിച്ച ഒരുവനായിരുന്നു പൗലോസ് അപ്പോസ്തലൻ. ആസ്യയിലും മക്കദോന്യയിലും വിശേഷാൽ പീഡനാത്മകമായിരുന്ന ഒരു സമയത്തിനുശേഷം, ശാസന നൽകിക്കൊണ്ടു താൻ എഴുതിയ ലേഖനത്തോടു കൊരിന്ത്യ സഭ നന്നായി പ്രതികരിച്ചുവെന്നു കേട്ടതിൽ അവനു വലിയ ആശ്വാസം തോന്നി. ഇത് രണ്ടാമതൊരു ലേഖനം എഴുതാൻ അവനു പ്രേരണയായി. അതിൽ ഈ പ്രശംസാവാക്കുകൾ അടങ്ങിയിരുന്നു: “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. . . . ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:3, 4.
6. നാം 2 കൊരിന്ത്യർ 1:3, 4-ൽ കാണുന്ന പൗലോസിന്റെ വാക്കുകളിൽനിന്ന് എന്തു പഠിക്കുന്നു?
6 ഈ നിശ്വസ്ത വചനങ്ങൾ നമുക്കു വളരെയധികം വിവരങ്ങൾ നൽകുന്നു. നമുക്ക് അവയെ അപഗ്രഥിച്ചുനോക്കാം. ദൈവത്തിനു സ്തുതിയോ കൃതജ്ഞതയോ പ്രകടിപ്പിക്കുമ്പോൾ അല്ലെങ്കിൽ തന്റെ ലേഖനത്തിൽ ഒരു അപേക്ഷ നടത്തുമ്പോൾ, ക്രിസ്തീയ സഭയുടെ ശിരസ്സായ യേശുക്രിസ്തുവിനോടുള്ള ആഴമായ വിലമതിപ്പും പൗലോസ് സാധാരണമായി ഉൾപ്പെടുത്തുന്നതായി നാം കാണുന്നു. (റോമർ 1:8; 7:25; എഫെസ്യർ 1:3; എബ്രായർ 13:20, 21) അതുകൊണ്ട്, പൗലോസ് ഈ സ്തുതിപ്രകടനം “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവ”ത്തെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തുന്നു. എന്നിട്ട്, തന്റെ ലേഖനങ്ങളിൽ ആദ്യമായി, “മനസ്സലിവു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു ഗ്രീക്കു നാമം അവൻ ഉപയോഗിക്കുന്നു. മറ്റൊരാളുടെ കഷ്ടപ്പാടിൽ ദുഃഖം പ്രകടമാക്കാൻ ഉപയോഗിക്കുന്ന ഒരു പദത്തിൽനിന്നാണ് ഈ നാമം വരുന്നത്. അങ്ങനെ, ദൈവത്തിന്റെ വിശ്വസ്തദാസരിൽ കഷ്ടം സഹിക്കുന്ന ഏതൊരാളുടെയുംനേർക്കു ദൈവത്തിനുള്ള മനസ്സലിവിനെ—അവർക്കായി ദയാപുരസ്സരം പ്രവർത്തിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്ന മനസ്സലിവിനെ—വർണിക്കുകയാണ് പൗലോസ്. അവസാനം, ഈ അഭികാമ്യ ഗുണത്തിന്റെ ഉറവ് എന്നനിലയിൽ യഹോവയെ “മനസ്സലിവുള്ള പിതാവു” എന്നു വിളിച്ചുകൊണ്ട് പൗലോസ് അവനിലേക്ക് ഉറ്റുനോക്കി.
7. യഹോവ ‘സർവ്വാശ്വാസവും നല്കുന്ന ദൈവ’മാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
7 കഷ്ടം അനുഭവിക്കുന്ന ഒരുവനു ദൈവത്തിന്റെ “മനസ്സലിവു” ആശ്വാസം കൈവരുത്തുന്നു. അതുകൊണ്ട്, തുടർന്ന് പൗലോസ് യഹോവയെ “സർവ്വാശ്വാസവും നല്കുന്ന ദൈവ”മായി വർണിക്കുന്നു. അങ്ങനെ, സഹവിശ്വാസികളുടെ ദയാവായ്പിൽനിന്നു നാം എന്തെല്ലാം ആശ്വാസം അനുഭവിച്ചാലും, ഉറവ് എന്നനിലയിൽ നമുക്കു യഹോവയിങ്കലേക്കു നോക്കാനാവും. ദൈവത്തിൽനിന്ന് ഉത്ഭവിക്കാത്തതായി യഥാർഥത്തിലുള്ള, നിലനിൽക്കുന്ന യാതൊരു ആശ്വാസവുമില്ല. കൂടാതെ, തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചത് അവനാണ്. അതു നമ്മെ ആശ്വാസകരായിത്തീരാൻ പ്രാപ്തരാക്കുന്നു. മാത്രവുമല്ല, ആശ്വാസം ആവശ്യമുള്ളവരുടെ നേരെ മനസ്സലിവു പ്രകടമാക്കാൻ ദൈവദാസരെ പ്രേരിപ്പിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്.
ആശ്വാസദായകരായിരിക്കാൻ പരിശീലിപ്പിക്കപ്പെടുന്നു
8. നമ്മുടെ പരിശോധനകളുടെ ഉറവ് ദൈവമല്ലെങ്കിലും, നാം കഷ്ടം സഹിക്കുന്നതിനു നമ്മുടെമേൽ പ്രയോജനകരമായ എന്തു ഫലമുണ്ടായിരിക്കാനാവും?
8 തന്റെ വിശ്വസ്ത ദാസരുടെമേൽ വ്യത്യസ്ത പരിശോധനകൾ യഹോവയാം ദൈവം അനുവദിക്കുന്നുവെങ്കിലും, അവൻ ഒരിക്കലും അത്തരം പരിശോധനകളുടെ ഉറവല്ല. (യാക്കോബ് 1:13) എന്നിരുന്നാലും, നാം കഷ്ടം സഹിക്കുമ്പോൾ അവൻ നൽകുന്ന ആശ്വാസത്തിനു മറ്റുള്ളവരുടെ ആവശ്യങ്ങളോടു കൂടുതൽ ഉണർവുള്ളവരാകാൻ നമ്മെ പരിശീലിപ്പിക്കാനാവും. എന്തു ഫലത്തോടെ? “ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.” (2 കൊരിന്ത്യർ 1:4) അങ്ങനെ സഹവിശ്വാസികളുമായും നാം ക്രിസ്തുവിനെ അനുകരിക്കുകയും ‘ദുഃഖിതന്മാരെയൊക്കെ ആശ്വസിപ്പി’ക്കുകയും ചെയ്യവേ നമ്മുടെ ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരുമായും അവന്റെ ആശ്വാസം ഫലപ്രദമായി പങ്കുവെക്കുന്നവരായിരിക്കാൻ യഹോവ നമ്മെ പരിശീലിപ്പിക്കുന്നു.—യെശയ്യാവു 61:2; മത്തായി 5:4.
9. (എ) കഷ്ടം സഹിക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) നാം വിശ്വസ്തതയോടെ കഷ്ടം സഹിക്കുമ്പോൾ, മറ്റുള്ളവർക്ക് ആശ്വാസം ലഭിക്കുന്നതെങ്ങനെ?
9 ക്രിസ്തുവിലൂടെ ദൈവത്തിൽനിന്നു തനിക്കു ലഭിച്ച അളവറ്റ ആശ്വാസം ഹേതുവായി അനവധി ദുരിതങ്ങൾ പൗലോസ് സഹിച്ചു. (2 കൊരിന്ത്യർ 1:5) ദൈവത്തിന്റെ അനർഘമായ വാഗ്ദത്തങ്ങളെ കുറിച്ചു ധ്യാനിച്ചും അവന്റെ പരിശുദ്ധാത്മാവിന്റെ പിന്തുണയ്ക്കായി പ്രാർഥിച്ചും നമ്മുടെ പ്രാർഥനയ്ക്കുള്ള ദൈവത്തിന്റെ ഉത്തരങ്ങൾ ലഭിച്ചുംകൊണ്ട് നമുക്കും സമൃദ്ധമായ ആശ്വാസം അനുഭവിക്കാനാവും. അങ്ങനെ യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിലും പിശാചിനെ നുണയൻ എന്നു തെളിയിക്കുന്നതിലും തുടരാൻ നാം ബലിഷ്ഠരാക്കപ്പെടും. (ഇയ്യോബ് 2:4; സദൃശവാക്യങ്ങൾ 27:11) ഏതൊരു കഷ്ടവും നാം വിശ്വസ്തതയോടെ സഹിക്കുമ്പോൾ, പൗലോസിനെപ്പോലെ നാം എല്ലാ മഹത്ത്വവും യഹോവയ്ക്കു നൽകണം. അവന്റെ ആശ്വാസമാണു പരിശോധനയിൻകീഴിൽ വിശ്വസ്തയോടെ നിലകൊള്ളാൻ ക്രിസ്ത്യാനികളെ പ്രാപ്തരാക്കുന്നത്. വിശ്വസ്ത ക്രിസ്ത്യാനികളുടെ സഹിഷ്ണുതയ്ക്കു സഹോദരവർഗത്തിന്മേൽ ആശ്വാസദായകമായ ഒരു ഫലമുണ്ട്. അതു മറ്റുള്ളവരെ അതേ ‘കഷ്ടങ്ങൾ തന്നേ സഹി’ക്കുന്നതിൽ ദൃഢചിത്തരാക്കുകയും ചെയ്യും.—2 കൊരിന്ത്യർ 1:6.
10, 11. (എ) പുരാതന കൊരിന്ത്യ സഭയ്ക്കു കഷ്ടം വരുത്തിവെച്ച ഏതാനും സംഗതികളേവ? (ബി) പൗലോസ് കൊരിന്ത്യ സഭയെ ആശ്വസിപ്പിച്ചതെങ്ങനെ, അവൻ എന്തു പ്രത്യാശ പ്രകടമാക്കി?
10 എല്ലാ ക്രിസ്ത്യാനികളുടെയുംമേൽ വരുന്ന കഷ്ടപ്പാടുകൾ കൊരിന്ത്യർക്കും നേരിട്ടു. അതിനുപുറമേ, അനുതാപം പ്രകടമാക്കാത്ത ഒരു പരസംഗക്കാരനെ പുറത്താക്കാൻ അവർക്കു ബുദ്ധ്യുപദേശവും ആവശ്യമായിരുന്നു. (1 കൊരിന്ത്യർ 5:1, 2, 11, 13) ഇതിനെതിരെ നടപടി എടുക്കാഞ്ഞതും ശണ്ഠയ്ക്കും ഭിന്നതയ്ക്കും അറുതിവരുത്താഞ്ഞതും സഭയുടെമേൽ കളങ്കംവരുത്തി. എന്നാൽ അവസാനം അവർ പൗലോസിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുകയും യഥാർഥ അനുതാപം പ്രകടമാക്കുകയും ചെയ്തു. അതുകൊണ്ട്, അവൻ അവരെ ഊഷ്മളമായി അനുമോദിക്കുകയും തന്റെ ലേഖനത്തോടുള്ള ഉത്തമ പ്രതികരണം തന്നെ ആശ്വസിപ്പിച്ചുവെന്നു പ്രസ്താവിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 7:8, 10, 11, 13) പുറത്താക്കപ്പെട്ട വ്യക്തിയും അനുതപിച്ചുവെന്നു വ്യക്തമാണ്. അതുകൊണ്ടാണ് ‘അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു’ എന്നു പൗലോസ് അവരെ ഉപദേശിച്ചത്.—2 കൊരിന്ത്യർ 2:7.
11 പൗലോസിന്റെ രണ്ടാമത്തെ ലേഖനം കൊരിന്ത്യ സഭയെ തീർച്ചയായും ആശ്വസിപ്പിച്ചിരിക്കണം. ഇത് അവന്റെ ഒരു ഉദ്ദേശ്യമായിരുന്നുതാനും. അവൻ വിശദമാക്കി: “നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിന്നും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.” (2 കൊരിന്ത്യർ 1:7) തന്റെ ലേഖനത്തിന്റെ അവസാനഭാഗത്ത് പൗലോസ് ഉദ്ബോധിപ്പിച്ചു: “ആശ്വസിച്ചുകൊൾവിൻ . . . സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”—2 കൊരിന്ത്യർ 13:11.
12. എല്ലാ ക്രിസ്ത്യാനികൾക്കും എന്ത് ആവശ്യം ഉണ്ട്?
12 എന്തൊരു പ്രധാന പാഠമാണു നമുക്ക് ഇതിൽനിന്നു പഠിക്കാനാവുന്നത്! ദൈവം തന്റെ വചനത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും ഭൗമിക സ്ഥാപനത്തിലൂടെയും നൽകുന്ന “ആശ്വാസം” ക്രിസ്തീയ സഭയിലെ എല്ലാ അംഗങ്ങളും ‘പങ്കുവെക്കേണ്ട’യാവശ്യമുണ്ട്. പുറത്താക്കപ്പെട്ടവർ അനുതപിക്കുകയും തങ്ങളുടെ തെറ്റായ ഗതി തിരുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവർക്കുപോലും ആശ്വാസം ആവശ്യമായിരിക്കാം. അങ്ങനെ, “വിശ്വസ്തനും വിവേകിയുമായ അടിമ” അവരെ സഹായിക്കുന്നതിനായി ദയാപുരസ്സരമായ ഒരു കരുതൽ ഏർപ്പാടാക്കിയിട്ടുണ്ട്. പുറത്താക്കപ്പെട്ട ചിലരെ രണ്ടു മൂപ്പന്മാർ വർഷത്തിലൊരിക്കൽ സന്ദർശിക്കും. അവർ മേലാൽ മത്സരമനോഭാവം കാണിക്കുകയോ കൊടിയ പാപത്തിൽ ഏർപ്പെടുകയോ ചെയ്യുന്നില്ലായിരിക്കാം. അതുകൊണ്ടു തിരിച്ചെടുക്കപ്പെടുന്നതിനുള്ള അത്യാവശ്യ പടികൾ സ്വീകരിക്കുന്നതിനു സഹായം ആവശ്യമായിരിക്കാം.—മത്തായി 24:45; യെഹെസ്കേൽ 34:16.
ആസ്യയിൽ പൗലോസിനുണ്ടായ കഷ്ടം
13, 14. (എ) ആസ്യയിൽ താൻ അനുഭവിച്ച കഠിന കഷ്ടസമയത്തെ പൗലോസ് വർണിച്ചതെങ്ങനെ? (ബി) ഏതു സംഭവമായിരിക്കാം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്?
13 കൊരിന്ത്യ സഭ അതുവരെ അനുഭവിച്ചതരം കഷ്ടപ്പാടിനെ പൗലോസ് സഹിച്ചുനിൽക്കേണ്ടിവന്ന നിരവധി കഷ്ടങ്ങളുമായി താരതമ്യം ചെയ്യാനാവില്ല. അതുകൊണ്ട്, അവന് അവരെ ഇങ്ങനെ അനുസ്മരിപ്പിക്കാനായി: “ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു. ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.”—2 കൊരിന്ത്യർ 1:8-10.
14 പൗലോസ് എഫെസൂസിലെ ലഹളയെ പരാമർശിക്കുകയായിരുന്നുവെന്നു ചില ബൈബിൾ പണ്ഡിതന്മാർ വിശ്വസിക്കുന്നു. ആ ലഹളയ്ക്കു പൗലോസിന്റെ ജീവൻ മാത്രമല്ല, രണ്ടു മക്കദോന്യ കൂട്ടുയാത്രികരായ ഗായൊസിന്റെയും അരിസ്തർഹോസിന്റെയും ജീവൻ അപഹരിക്കാൻ കഴിയുമായിരുന്നു. ആളുകൾ തിങ്ങിനിറഞ്ഞ രംഗസ്ഥലത്തേക്ക് ഈ രണ്ടു ക്രിസ്ത്യാനികളെയും ബലമായി പിടിച്ചുകൊണ്ടുപോയി. “എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു” ആ ആളുകൾ “രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.” അവസാനം, ഒരു നഗരോദ്യോഗസ്ഥൻ ജനക്കൂട്ടത്തെ ശാന്തരാക്കുന്നതിൽ വിജയിച്ചു. ഗായൊസിന്റെയും അരിസ്തർഹോസിന്റെയും ജീവനുനേരെയുണ്ടായ ഈ ഭീഷണി പൗലോസിനെ അതിയായി ദുഃഖിപ്പിച്ചിരിക്കണം. വാസ്തവത്തിൽ, മതഭ്രാന്തരായ ആ ആളുകളുടെ അടുക്കൽച്ചെന്ന് അവരോടു ന്യായവാദം ചെയ്യാൻ അവൻ ആഗ്രഹിച്ചു. എന്നാൽ ഈ വിധത്തിൽ തന്റെ ജീവൻ അപായപ്പെടുത്തുന്നതിൽനിന്ന് അവൻ തടയപ്പെട്ടു.—പ്രവൃത്തികൾ 19:26-41.
15. അങ്ങേയറ്റം ഗുരുതരമായ ഏതു സ്ഥിതിവിശേഷമായിരിക്കാം 1 കൊരിന്ത്യർ 15:32-ൽ വർണിക്കുന്നത്?
15 എന്നിരുന്നാലും, മേൽപ്പറഞ്ഞ സംഭവത്തെക്കാൾ അങ്ങേയറ്റം ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കാം പൗലോസ് വർണിച്ചത്. കൊരിന്ത്യർക്കുള്ള തന്റെ ആദ്യ ലേഖനത്തിൽ പൗലോസ് ഇങ്ങനെ ചോദിച്ചു: “ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം?” (1 കൊരിന്ത്യർ 15:32) മൃഗതുല്യരായ മനുഷ്യർ മാത്രമല്ല, സ്റ്റേഡിയത്തിലെ അക്ഷരീയ വന്യമൃഗങ്ങളും പൗലോസിന്റെ ജീവനു ഭീഷണിയായിരുന്നുവെന്ന് ഇത് അർഥമാക്കിയേക്കാം. രക്തദാഹിയായ ജനക്കൂട്ടം നോക്കിനിൽക്കുമ്പോൾ, കാട്ടുമൃഗങ്ങളോടു പോരാടാൻ നിർബന്ധിതരാക്കപ്പെടുന്ന ശിക്ഷ ചിലപ്പോൾ കുറ്റവാളികൾക്കു ലഭിച്ചിരുന്നു. താൻ അക്ഷരീയ വന്യമൃഗങ്ങളെ അഭിമുഖീകരിച്ചുവെന്നാണ് പൗലോസ് അർഥമാക്കിയതെങ്കിൽ, അക്ഷരീയ സിംഹങ്ങളുടെ വായിൽനിന്നു ദാനീയേൽ രക്ഷിക്കപ്പെട്ടതുപോലെ, ഒരു ക്രൂരമായ മരണത്തിൽനിന്ന് അവൻ അവസാന നിമിഷം അത്ഭുതകരമായി രക്ഷിക്കപ്പെട്ടിരിക്കാം.—ദാനീയേൽ 6:22.
ആധുനികകാല ദൃഷ്ടാന്തങ്ങൾ
16. (എ) യഹോവയുടെ സാക്ഷികളിൽ അനേകർക്കും പൗലോസ് അനുഭവിച്ച കഷ്ടങ്ങളുമായി താദാത്മ്യം പ്രാപിക്കാനാവുന്നതെന്തുകൊണ്ട്? (ബി) വിശ്വാസം ഹേതുവായി മരിച്ചവരുടെ കാര്യത്തിൽ നമുക്ക് എന്തു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കാവുന്നതാണ്? (സി) ക്രിസ്ത്യാനികൾ മരണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടുമ്പോൾ എന്തു നല്ല ഫലമുണ്ടായിട്ടുണ്ട്?
16 ഈ നാളിലെ അനേകം ക്രിസ്ത്യാനികൾക്കും പൗലോസ് അനുഭവിച്ച കഷ്ടങ്ങൾക്കു സമാനമായവ വർണിക്കാനാവും. (2 കൊരിന്ത്യർ 11:23-27) ഇന്നും, ക്രിസ്ത്യാനികൾ “[തങ്ങളുടെ] ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടി”ട്ടുണ്ട്. ഒട്ടേറെപേരും തങ്ങൾ ‘ജീവനോടിരിക്കുമോ’ എന്നു തോന്നുംവിധത്തിലുള്ള സ്ഥിതിവിശേഷങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. (2 കൊരിന്ത്യർ 1:8) കൂട്ടക്കൊല നടത്തുന്നവരുടെയും ക്രൂരമായി പീഡിപ്പിക്കുന്നവരുടെയും കയ്യാൽ ചിലർ മരിച്ചിട്ടുണ്ട്. ദൈവത്തിന്റെ ആശ്വാസദായക ശക്തി അവരെ സഹിച്ചുനിൽക്കുന്നതിനു പ്രാപ്തരാക്കിയെന്നും സ്വർഗീയ പ്രത്യാശയായാലും ഭൗമിക പ്രത്യാശയായാലും തങ്ങളുടെ ഹൃദയവും മനസ്സും ആ പ്രത്യാശയുടെ നിവൃത്തിയിൽ ഉറപ്പോടെ കേന്ദ്രീകരിച്ച് അവർ മരണമടഞ്ഞെന്നും നമുക്ക് ഉറപ്പുള്ളവരായിരിക്കാനാവും. (1 കൊരിന്ത്യർ 10:13; ഫിലിപ്പിയർ 4:13; വെളിപ്പാടു 2:10) മറ്റുള്ളവരുടെ കാര്യത്തിൽ, യഹോവ സംഗതികളുടെ ഗതിതിരിച്ചുവിടുകയും നമ്മുടെ സഹോദരങ്ങൾ മരണത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്തു. അത്തരം രക്ഷപ്പെടലിനു വിധേയരായവർ “മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ” വർധിച്ച ആശ്രയം വളർത്തിയെടുത്തു. (2 കൊരിന്ത്യർ 1:9) അതിനുശേഷം, അവർ ദൈവത്തിന്റെ ആശ്വാസദായക സന്ദേശം മറ്റുള്ളവരുമായി പങ്കുവെച്ചപ്പോൾ അവർക്കു കൂടുതൽ ബോധ്യത്തോടെ സംസാരിക്കാൻ കഴിഞ്ഞു.—മത്തായി 24:14.
17-19. റുവാണ്ടയിലെ നമ്മുടെ സഹോദരങ്ങൾ ദൈവാശ്വാസം പങ്കുവെക്കുന്നവരാണെന്ന് ഏതെല്ലാം അനുഭവങ്ങൾ പ്രകടമാക്കുന്നു?
17 ഈയിടെ റുവാണ്ടയിലെ നമ്മുടെ പ്രിയ സഹോദരങ്ങൾക്ക് പൗലോസിനും കൂട്ടുയാത്രക്കാർക്കും നേരിട്ടതിനു സമാനമായ അനുഭവമുണ്ടായി. അനേകർ കശാപ്പുചെയ്യപ്പെട്ടു, എന്നാൽ അവരുടെ വിശ്വാസം നശിപ്പിക്കുന്നതിനുള്ള സാത്താന്റെ ഉദ്യമം പാളി. അതേസമയം, ആ രാജ്യത്തുള്ള നമ്മുടെ സഹോദരങ്ങൾ ദൈവാശ്വാസം വ്യക്തിഗതമായ അനവധി വിധങ്ങളിൽ അനുഭവിച്ചു. റുവാണ്ടയിൽ പാർക്കുന്ന ടൂട്സി, ഹൂട്ടു എന്നീ വിഭാഗക്കാരുടെ വർഗഹത്യയ്ക്കിടയിൽ, സ്വന്തം ജീവൻ പണയപ്പെടുത്തി ടൂട്സികളെ സംരക്ഷിച്ച ഹൂട്ടുകളും ഹൂട്ടുകളെ സംരക്ഷിച്ച ടൂട്സികളും ഉണ്ടായിരുന്നു. സഹവിശ്വാസികളെ സംരക്ഷിച്ച ചിലരെ തീവ്രവാദികൾ വധിച്ചു. ഉദാഹരണത്തിന്, ചൻറൽ എന്നു പേരുള്ള ഒരു ടൂട്സി സഹോദരിയെ ഒളിപ്പിച്ചു പാർപ്പിച്ചതിന് ഗേഹെസി എന്നു പേരായ ഒരു ഹൂട്ടു സാക്ഷി കൊലചെയ്യപ്പെട്ടു. ചൻറലിന്റെ ടൂട്സി ഭർത്താവ് ജാനിനെ മറ്റൊരു സ്ഥലത്ത് ഷാർലറ്റ് എന്നുപേരായ ഒരു ഹൂട്ടു സഹോദരി ഒളിപ്പിച്ചിരിക്കുകയായിരുന്നു. 40 ദിവസത്തോളം ജാനും മറ്റൊരു ടൂട്സി സഹോദരനും ഒരു വലിയ പുകക്കുഴലിൽ ഒളിച്ചുപാർത്തു. രാത്രിയിൽമാത്രം അവർ അൽപ്പസമയത്തേക്ക് ഇടയ്ക്കിടെ വെളിയിൽ വരുമായിരുന്നു. ഹൂട്ടു സൈനിക ക്യാമ്പിന് അടുത്തു പാർത്തിരുന്നിട്ടും, ഈ സമയത്തെല്ലാം അവർക്കു ഭക്ഷണവും സംരക്ഷണവും പ്രദാനം ചെയ്തത് ഷാർലറ്റ് ആയിരുന്നു. ഈ പേജിൽ, പുനഃസമ്മേളിതരായ ജാനിന്റെയും ചൻറലിന്റെയും ചിത്രം നിങ്ങൾക്കു കാണാവുന്നതാണ്. പ്രിസ്കയും അക്വിലയും പൗലോസ് അപ്പോസ്തലനുവേണ്ടി ചെയ്തതുപോലെ, തങ്ങളുടെ ഹൂട്ടു സഹാരാധകർ തങ്ങൾക്കുവേണ്ടി ‘അവരുടെ കഴുത്തു വെച്ചുകൊടുത്തു’വെന്നതിൽ അവർക്കു നന്ദിയുണ്ട്.—റോമർ 16:3, 4.
18 ടൂട്സി സഹവിശ്വാസികളെ സംരക്ഷിച്ചതിനു മറ്റൊരു ഹൂട്ടു സാക്ഷിയായ റുവാക്കബുബുവിനെ ഈന്താരമാറ വാർത്താപത്രം പ്രശംസിക്കുകയുണ്ടായി.a അതു പ്രസ്താവിച്ചു: “ഇനി യഹോവയുടെ സാക്ഷികളിൽ ഒരുവനായ റുവാക്കബുബുവുമുണ്ട്. അദ്ദേഹം തങ്ങളുടെ സഹോദരങ്ങൾക്കിടയിൽ (സഹവിശ്വാസികൾ പരസ്പരം വിളിക്കുന്നത് അങ്ങനെയാണ്) അവിടെയും ഇവിടെയുമായി ആളുകളെ ഒളിപ്പിച്ചുപാർപ്പിക്കുന്നതിൽ തുടർന്നു. ആസ്തമരോഗിയായിരുന്നിട്ടും അദ്ദേഹം ദിവസംമുഴുവൻ അവർക്കു ഭക്ഷണവും കുടിവെള്ളവും കൊണ്ടുവരികയായിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അസാധാരണമാംവിധം ശക്തനാക്കി.”
19 നീക്കൊഡം, അത്തനാസീ എന്നീ താത്പര്യക്കാരായ ഹൂട്ടു ദമ്പതികളുടെ കാര്യവും പരിചിന്തിക്കുക. വർഗഹത്യ പൊട്ടിപ്പുറപ്പെടുംമുമ്പ് ഈ വിവാഹദമ്പതികൾ അൽഫോൻസ് എന്നു പേരുള്ള ഒരു ടൂട്സി സാക്ഷിയുമൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. തങ്ങളുടെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട് അവർ അൽഫോൻസിനെ തങ്ങളുടെ ഭവനത്തിൽ ഒളിപ്പിച്ചു. തങ്ങളുടെ ടൂട്സി സുഹൃത്തിനെക്കുറിച്ച് ഹൂട്ടുകളായ തങ്ങളുടെ അയൽക്കാർക്ക് അറിയാമായിരുന്നതിനാൽ തങ്ങളുടെ ഭവനം സുരക്ഷിത സ്ഥലമല്ലെന്ന് അവർ പിന്നീടു തിരിച്ചറിഞ്ഞു. അതുകൊണ്ട്, നീക്കൊഡമും അത്തനാസീയും അൽഫോൻസിനെ തങ്ങളുടെ ഉമ്മറത്തെ ഒരു ദ്വാരത്തിൽ ഒളിപ്പിച്ചു. ഇതൊരു നല്ല നീക്കമായിരുന്നു, കാരണം അൽഫോൻസിനെ തേടി മിക്കവാറും എല്ലാ ദിവസവും അയൽക്കാർ എത്തുമായിരുന്നു. 28 ദിവസം ഈ ദ്വാരത്തിൽ കഴിയവേ, യരീഹോയിൽ തന്റെ വീടിന്റെ മേൽക്കൂരയിൽ രണ്ട് ഇസ്രായേല്യരെ ഒളിപ്പിച്ച രാഹാബിന്റേതുപോലുള്ള ബൈബിൾ വിവരണങ്ങളെക്കുറിച്ച് അൽഫോൻസ് ധ്യാനിച്ചുകൊണ്ടിരുന്നു. (യോശുവ 6:17) തനിക്കുവേണ്ടി ജീവൻ പണയപ്പെടുത്തിയ ഹൂട്ടു ബൈബിൾവിദ്യാർഥികളോടു കൃതജ്ഞതയുള്ളവനായി ഇന്ന് അൽഫോൻസ് റുവാണ്ടയിൽ സുവാർത്തപ്രസംഗകനായി സേവനം തുടരുകയാണ്. നീക്കൊഡം, അത്തനാസീ എന്നിവരുടെ കാര്യമോ? അവരിപ്പോൾ യഹോവയുടെ സ്നാപനമേറ്റ സാക്ഷികളാണ്. താത്പര്യക്കാരുമൊത്ത് 20 ബൈബിളധ്യയനങ്ങളാണ് അവർ നടത്തുന്നത്.
20. റുവാണ്ടയിലെ നമ്മുടെ സഹോദരങ്ങളെ യഹോവ ഏതെല്ലാം വിധങ്ങളിൽ ആശ്വസിപ്പിച്ചിരിക്കുന്നു, എന്നാൽ അനേകർക്കും ഏതു തുടർച്ചയായ ആവശ്യമുണ്ട്?
20 റുവാണ്ടയിൽ വർഗഹത്യ തുടങ്ങിയ സമയത്ത് സുവാർത്തയുടെ 2,500 പ്രഘോഷകരായിരുന്നു അവിടെ ഉണ്ടായിരുന്നത്. നൂറുകണക്കിനുപേർ കൊലചെയ്യപ്പെടുകയോ രാജ്യത്തുനിന്നു പലായനം ചെയ്യാൻ നിർബന്ധിതരാകുകയോ ചെയ്തെങ്കിലും, സാക്ഷികളുടെ എണ്ണം 3,000-ത്തിലധികമായി വർധിച്ചു. ദൈവം നമ്മുടെ സഹോദരങ്ങളെ നിശ്ചയമായും ആശ്വസിപ്പിച്ചു എന്നതിനു തെളിവാണ് അത്. യഹോവയുടെ സാക്ഷികളുടെ ഇടയിലുള്ള അനേകം അനാഥരുടെയും വിധവമാരുടെയും കാര്യമോ? സ്വാഭാവികമായും, ഇപ്പോഴും കഷ്ടം അനുഭവിക്കുന്ന ഇവർക്കു തുടർച്ചയായുള്ള ആശ്വാസം ആവശ്യമാണ്. (യാക്കോബ് 1:27) ദൈവത്തിന്റെ പുതിയ ലോകത്തിൽ പുനരുത്ഥാനം നടക്കുമ്പോൾമാത്രമേ അവരുടെ കണ്ണുനീർ പൂർണമായും തുടച്ചുനീക്കപ്പെടുകയുള്ളൂ. എന്നിരുന്നാലും, തങ്ങളുടെ സഹോദരങ്ങളുടെ ശുശ്രൂഷ ലഭിക്കുന്നതുകൊണ്ടും “സർവ്വാശ്വാസവും നൽകുന്ന ദൈവ”ത്തിന്റെ ആരാധകരായതുകൊണ്ടും അവർക്കു ജീവിതത്തെ നേരിടാനാവുന്നു.
21. (എ) വേറെ ഏതെല്ലാം രാജ്യങ്ങളിലാണു നമ്മുടെ സഹോദരന്മാർക്കു ദൈവത്തിന്റെ ആശ്വാസം അതിയായി ആവശ്യമായിരുന്നത്, നമുക്കെല്ലാവർക്കും സഹായിക്കാനാവുന്ന ഒരു വിധം ഏത്? (“നാലു വർഷത്തെ യുദ്ധത്തിനിടയിൽ ആശ്വാസം” എന്ന ചതുരം കാണുക.) (ബി) ആശ്വാസത്തിനായുള്ള നമ്മുടെ ആവശ്യം പൂർണമായി നിറവേറ്റപ്പെടുന്നത് എപ്പോഴായിരിക്കും?
21 എറിട്രിയ, സിംഗപ്പൂർ, മുൻ യൂഗോസ്ലാവിയ എന്നിങ്ങനെയുള്ള മറ്റനേകം സ്ഥലങ്ങളിൽ, കഷ്ടങ്ങളുണ്ടായിരുന്നിട്ടും നമ്മുടെ സഹോദരങ്ങൾ യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരുകയാണ്. അവർക്ക് ആശ്വാസം ലഭിക്കുന്നതിനായി നിരന്തരം പ്രാർഥനകൾ നടത്തിക്കൊണ്ട് നമുക്ക് അത്തരം സഹോദരങ്ങളെ സഹായിക്കാം. (2 കൊരിന്ത്യർ 1:11) യേശുക്രിസ്തുവിലൂടെ ദൈവം “[നമ്മുടെ] കണ്ണിൽനിന്നു കണ്ണുനീർ എല്ലാം” പൂർണ അർഥത്തിൽ “തുടെച്ചുകള”യുന്ന സമയംവരെ നമുക്കു വിശ്വസ്തതയോടെ സഹിച്ചുനിൽക്കാം. അന്നു തന്റെ നീതിയുള്ള പുതിയ ലോകത്തിൽ യഹോവ പ്രദാനം ചെയ്യുന്ന ആശ്വാസം നാം പൂർണ അളവിൽ അനുഭവിക്കും.—വെളിപ്പാടു 7:17; 21:4; 2 പത്രൊസ് 3:13.
[അടിക്കുറിപ്പ്]
a 1995 ജനുവരി 1 വീക്ഷാഗോപുരം, പേജ് 26, റുവാക്കബുബുവിന്റെ പുത്രി, ദെബോറയുടെ അനുഭവം വിവരിച്ചിരുന്നു. അവളുടെ പ്രാർഥനയിൽ മനസ്സലിവു തോന്നിയ ഒരു സംഘം ഹൂട്ടു പടയാളികൾ കുടുംബത്തെ കൊലചെയ്യപ്പെടുന്നതിൽനിന്നു സംരക്ഷിച്ചു.
നിങ്ങൾക്ക് അറിയാമോ?
◻ യഹോവയെ ‘സർവ്വാശ്വാസവും നല്കുന്ന ദൈവം’ എന്നു വിളിക്കുന്നതെന്തുകൊണ്ട്?
◻ കഷ്ടങ്ങളെ നാമെങ്ങനെ വീക്ഷിക്കണം?
◻ ആരുമായി നമുക്ക് ആശ്വാസം പങ്കുവെക്കാനാവും?
◻ ആശ്വാസത്തിനായുള്ള നമ്മുടെ ആവശ്യം പൂർണമായി നിറവേറ്റപ്പെടുന്നതെങ്ങനെ?
[17-ാം പേജിലെ ചിത്രം]
ടൂട്സി സാക്ഷികളായിരുന്നിട്ടും റുവാണ്ടയിലെ വർഗഹത്യയ്ക്കിടയിൽ ഹൂട്ടു സാക്ഷികൾ ജാനിനെയും ചൻറലിനെയും വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിപ്പിച്ചു
[17-ാം പേജിലെ ചിത്രം]
റുവാണ്ടയിൽ യഹോവയുടെ സാക്ഷികൾ അയൽക്കാരുമായി ദൈവത്തിന്റെ ആശ്വാസദായക സന്ദേശം പങ്കുവെക്കുന്നതിൽ തുടരുന്നു