ദുർഗുണപൂരിതമായ ലോകത്തിൽ സദ്ഗുണം നിലനിർത്തൽ
“വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ.”—ഫിലിപ്പിയർ 2:14.
1, 2. കനാന്യരെ ഉന്മൂലനം ചെയ്യാൻ ദൈവം ആവശ്യപ്പെട്ടത് എന്തുകൊണ്ടായിരുന്നു?
യഹോവയുടെ കൽപ്പനകൾ അനുരഞ്ജനത്തിനു യാതൊരിടവും നൽകുന്നില്ല. ഇസ്രായേല്യർ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ തുടങ്ങുന്ന ഘട്ടത്തിലായിരുന്നു പ്രവാചകനായ മോശ അവരോട് ഇങ്ങനെ പറഞ്ഞത്: “അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം.”—ആവർത്തനപുസ്തകം 7:2; 20:17.
2 യഹോവ കരുണാമയനായ ദൈവമായിരിക്കെ, കനാനിലെ നിവാസികളെ ഉന്മൂലനം ചെയ്യാൻ അവൻ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടത്? (പുറപ്പാടു 34:6) ‘കനാന്യർ തങ്ങളുടെ ദേവപൂജയിൽ ചെയ്ത സകലമ്ലേച്ഛതകളും ചെയ്വാൻ ഇസ്രായേലിനെ പഠിപ്പിച്ചിട്ട് [ഇസ്രായേൽ] യഹോവയാം ദൈവത്തോടു പാപം ചെയ്യാതിരിക്കേണം’ എന്നതായിരുന്നു ഒരു കാരണം. (ആവർത്തനപുസ്തകം 20:18) “ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതു” എന്നും മോശ പറയുകയുണ്ടായി. (ആവർത്തനപുസ്തകം 9:4) ദുർഗുണത്തിന്റെ മൂർത്തിമത്ഭാവമായിരുന്നു കനാന്യർ. അവരുടെ ആരാധനയുടെ സവിശേഷതകളായിരുന്നു ലൈംഗികവൈകൃതവും വിഗ്രഹാരാധനയും. (പുറപ്പാടു 23:24; 34:12, 13; സംഖ്യാപുസ്തകം 33:52; ആവർത്തനപുസ്തകം 7:5) നിഷിദ്ധബന്ധുവേഴ്ച, സോദോമ്യപാപം, മൃഗസംഭോഗം എന്നിവയൊക്കെയായിരുന്നു ‘കനാൻദേശത്തിലെ നടപ്പുരീതികൾ.’ (ലേവ്യപുസ്തകം 18:3-25) നിഷ്കളങ്കരായ കുട്ടികളെ വ്യാജദൈവങ്ങൾക്കു ക്രൂരമായി ബലിയർപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 18:9-12) ഈ ജാതികളുടെ അസ്തിത്വം തന്റെ ജനത്തിന്റെ ശാരീരികവും ധാർമികവും ആത്മീയവുമായ ക്ഷേമത്തിനു ഭീഷണിയായിരിക്കുമെന്നു യഹോവ കരുതിയതിൽ തെല്ലും അതിശയിക്കാനില്ല!—പുറപ്പാടു 34:14-16.
3. കനാനിലെ നിവാസികളെ സംബന്ധിച്ച ദൈവത്തിന്റെ ആജ്ഞകൾ ഇസ്രായേല്യർ പൂർണമായി നിറവേറ്റാഞ്ഞതിന്റെ ഫലമെന്തായിരുന്നു?
3 ദൈവത്തിന്റെ ആജ്ഞകൾ പൂർണമായി നിറവേറ്റാഞ്ഞതിനാൽ, ഇസ്രായേൽ വാഗ്ദത്തദേശം പിടിച്ചടക്കിയപ്പോൾ കനാനിലെ പല നിവാസികളും അതിജീവിച്ചു. (ന്യായാധിപന്മാർ 1:19-21) കാലക്രമത്തിൽ കനാന്യരുടെ കുടില സ്വാധീനം അവരെ ബാധിച്ചു. അതുകൊണ്ട് ഇങ്ങനെ പറയാൻ കഴിയുമായിരുന്നു: “[ഇസ്രായേല്യർ യഹോവയുടെ] ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർത്ഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവർ പിന്തുടർന്നു.” (2 രാജാക്കന്മാർ 17:15) വിഗ്രഹാരാധന, ലൈംഗിക അമിതത്വങ്ങൾ, ശിശുബലി തുടങ്ങി ഏതെല്ലാം ദുർഗുണങ്ങൾ നിമിത്തമാണോ കനാന്യരെ ഉന്മൂലനം ചെയ്യാൻ ദൈവം കൽപ്പിച്ചത് അതേ ദുർഗുണങ്ങൾതന്നെ വർഷങ്ങൾ പിന്നിടവേ ഇസ്രായേല്യരും ചെയ്തുപോന്നു!—ന്യായാധിപന്മാർ 10:6; 2 രാജാക്കന്മാർ 17:17; യിരെമ്യാവു 13:27.
4, 5. (എ) അവിശ്വസ്ത ഇസ്രായേലിനും യഹൂദയ്ക്കും എന്തു സംഭവിച്ചു? (ബി) ഫിലിപ്പിയർ 2:14, 15-ൽ കൊടുത്തിരിക്കുന്ന ഉദ്ബോധനം എന്താണ്, ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
4 അതുകൊണ്ട് പ്രവാചകനായ ഹോശേയ ഇങ്ങനെ പ്രഖ്യാപിച്ചു: “യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല. അവർ ആണയിടുന്നു; ഭോഷ്കുപറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു. അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.” (ഹോശേയ 4:1-3) പൊ.യു.മു. 740-ൽ, ദുഷിച്ച വടക്കേ രാജ്യമായ ഇസ്രായേലിനെ അസീറിയ ജയിച്ചടക്കി. അതു നടന്ന് ഏതാണ്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ, അവിശ്വസ്ത തെക്കേ രാജ്യമായ യഹൂദയെ ബാബിലോൻ കീഴടക്കി.
5 ദുർഗുണം നമ്മുടെമേൽ സ്വാധീനം ചെലുത്താൻ അനുവദിക്കുന്നത് എത്രയോ അപകടകരമാണെന്ന് ഈ സംഭവങ്ങൾ വരച്ചുകാണിക്കുന്നു. അനീതിയെ വെറുക്കുന്ന ദൈവം തന്റെ ജനത്തിന്റെ ഇടയിൽ അത് അനുവദിക്കുകയില്ല. (1 പത്രൊസ് 1:14-16) മേൽക്കുമേൽ ദുഷിച്ചുകൊണ്ടിരിക്കുന്ന ഒരു “ദുഷ്ടലോകത്തി”ലാണു നാം ജീവിക്കുന്നതെന്നതു സത്യമാണ്. (ഗലാത്യർ 1:3; 2 തിമൊഥെയൊസ് 3:13) അപ്പോൾപോലും “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു . . . ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന” വിധത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കാൻ ദൈവവചനം എല്ലാ ക്രിസ്ത്യാനികളെയും ഉദ്ബോധിപ്പിക്കുന്നു. (ഫിലിപ്പിയർ 2:14, 15) എന്നാൽ ദുർഗുണപൂരിതമായ ലോകത്തിൽ നമുക്കെങ്ങനെ സദ്ഗുണം നിലനിർത്താൻ സാധിക്കും? അതു വാസ്തവത്തിൽ സാധ്യമാണോ?
ദുർഗുണപൂരിതമായ റോമൻ ലോകം
6. സദ്ഗുണം നിലനിർത്തുകയെന്നത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഒരു വെല്ലുവിളിയായിരുന്നത് എന്തുകൊണ്ട്?
6 സദ്ഗുണം നിലനിർത്തുകയെന്നത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഒരു വെല്ലുവിളിയായിരുന്നു. കാരണം, റോമൻ സമൂഹത്തിന്റെ സമസ്തതലങ്ങളിലും ദുർഗുണം പടർന്നുകയറിയിരുന്നു. റോമൻ തത്ത്വചിന്തകനായ സെനിക്ക തന്റെ സമകാലികരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ദുഷ്ടതയുടെ ശക്തമായ കിടമത്സരത്തിൽ പുരുഷന്മാർ പോരാടുന്നു. ഓരോ ദിവസവും തിന്മ ചെയ്യാനുള്ള ആഗ്രഹം കൂടിവരുന്നു, അതിനോടുള്ള ഭയം കുറഞ്ഞുവരുന്നു.” അദ്ദേഹം റോമൻ സമൂഹത്തെ താരതമ്യപ്പെടുത്തിയത് “വന്യമൃഗങ്ങളുടെ ഒരു കൂട്ട”ത്തോടാണ്. ആ സ്ഥിതിക്ക്, വിനോദാർഥം ക്രൂരമായ വാൾപ്പയറ്റും മ്ലേച്ഛമായ നാടകരംഗങ്ങളും അവർ നടത്തിയിരുന്നതിൽ ഒട്ടും അതിശയിക്കാനില്ല.
7. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ പലരുടെയും ഇടയിൽ സാധാരണമായിരുന്ന ദുർഗുണങ്ങളെ പൗലൊസ് വിവരിച്ചതെങ്ങനെ?
7 പിൻവരുന്നപ്രകാരം എഴുതിയപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ആളുകളുടെ അധമമായ പെരുമാറ്റമായിരുന്നിരിക്കാം പൗലൊസ് അപ്പോസ്തലന്റെ മനസ്സിലുണ്ടായിരുന്നത്: “അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽതന്നേ പ്രാപിച്ചു.” (റോമർ 1:26, 27) അശുദ്ധമായ ജഡമോഹങ്ങളുടെ പിന്നാലെ പാഞ്ഞ റോമൻ സമൂഹത്തിൽ ദുർഗുണം നടമാടി.
8. ഗ്രീക്ക്, റോമൻ സമൂഹത്തിൽ കുട്ടികളെ പലപ്പോഴും ചൂഷണം ചെയ്തിരുന്നതെങ്ങനെ?
8 റോമാക്കാരുടെ ഇടയിൽ സ്വവർഗരതി എത്ര വ്യാപകമായിരുന്നുവെന്നു ചരിത്രം വ്യക്തമാക്കുന്നില്ല. എങ്കിലും, റോമാക്കാർക്കു മുമ്പുണ്ടായിരുന്ന ഗ്രീക്കുകാരുടെ സ്വാധീനം അവരുടെമേൽ ഉണ്ടായിരുന്നുവെന്നതിൽ തർക്കമില്ല. ഗ്രീക്കുകാരുടെ ഇടയിൽ സ്വവർഗരതി നിലവിലിരുന്നു. ബാലന്മാരെ ദുഷിപ്പിച്ചിരുന്ന പ്രായമുള്ള പുരുഷന്മാർ, ഗുരു-ശിഷ്യ ബന്ധത്തിന്റെ തണലിൽ കുട്ടികളെ അധമമായ ലൈംഗിക പെരുമാറ്റത്തിന് ഇരയാക്കിയിരുന്നു. കുട്ടികളോടുള്ള അത്തരം ദുർഗുണത്തിന്റെയും ദ്രോഹത്തിന്റെയും പിന്നിൽ സാത്താനും ഭൂതങ്ങളുമായിരുന്നുവെന്നതിൽ സംശയമില്ല.—യോവേൽ 3:3; യൂദാ 6, 7.
9, 10. (എ) പല തരത്തിലുള്ള ദുർഗുണങ്ങളെ 1 കൊരിന്ത്യർ 6:9, 10 കുറ്റം വിധിച്ചതെങ്ങനെ? (ബി) കൊരിന്ത്യസഭയിലെ ചിലരുടെ പശ്ചാത്തലം എന്തായിരുന്നു, അവരുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടായി?
9 ദിവ്യനിശ്വസ്തതയിൽ എഴുതവേ, കൊരിന്തിലെ ക്രിസ്ത്യാനികളോടു പൗലൊസ് പറഞ്ഞു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
10 “ദുർന്നടപ്പുകാർ . . . ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പറഞ്ഞുകൊണ്ട് പൗലൊസിന്റെ നിശ്വസ്ത ലേഖനം ലൈംഗിക അധാർമികതയെ കുറ്റം വിധിക്കുന്നു. എന്നിരുന്നാലും, അനേകം ദുർഗുണങ്ങളെക്കുറിച്ചു പരാമർശിച്ചശേഷം പൗലൊസ് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കഴുകി ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു.’ ദുഷ്പ്രവൃത്തിക്കാർക്കു ദൈവത്തിന്റെ സഹായത്തോടെ അവന്റെ ദൃഷ്ടിയിൽ ശുദ്ധരായിത്തീരുക സാധ്യമായിരുന്നു.
11. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അക്കാലത്തെ ദുഷ്ടമായ ചുറ്റുപാടിൽ എങ്ങനെ കഴിഞ്ഞുകൂടി?
11 അതേ, ഒന്നാം നൂറ്റാണ്ടിലെ ദുർഗുണപൂരിതമായ ലോകത്തിൽപ്പോലും ക്രിസ്തീയ സദ്ഗുണം തഴച്ചുവളർന്നു. വിശ്വാസികൾ ‘മനസ്സു പുതുക്കി രൂപാന്തരപ്പെട്ടു.’ (റോമർ 12:2) “മുമ്പിലത്തെ നടപ്പു” അവർ ഉപേക്ഷിക്കുകയും ‘ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിക്കുകയും’ ചെയ്തു. അങ്ങനെ അവർ ലോകത്തിന്റെ ദുർഗുണങ്ങളിൽനിന്ന് ഓടിയകന്ന് “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരി”ക്കുകയുണ്ടായി.—എഫെസ്യർ 4:22-24.
ഇന്നത്തെ ദുർഗുണപൂരിതമായ ലോകം
12. 1914-നുശേഷം ലോകത്തിലുണ്ടായ മാറ്റം എന്താണ്?
12 നമ്മുടെ കാലമോ? നാം ജീവിക്കുന്ന ലോകം എന്നത്തെക്കാളും ദുർഗുണപൂരിതമാണ്. പ്രത്യേകിച്ചും 1914 മുതൽ ആഗോളമായി ധാർമിക അപക്ഷയം സംഭവിച്ചിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) സദ്ഗുണം, ധാർമികത, സത്പേര്, സദാചാരമൂല്യങ്ങൾ എന്നിങ്ങനെയുള്ള പരമ്പരാഗത ആശയങ്ങൾ തള്ളിക്കളയുകവഴി പലരും സ്വാർഥമതികളും “മനം തഴമ്പിച്ചുപോയ”വരും ആയിത്തീർന്നിരിക്കുന്നു. (എഫെസ്യർ 4:19) ന്യൂസ്വീക്ക് മാഗസിൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ധാർമിക ആപേക്ഷികവാദത്തിന്റെ യുഗത്തിലാണു നാം ജീവിക്കുന്നത്.” ഇന്നത്തെ ധാർമികാന്തരീക്ഷം “ശരിയും തെറ്റും സംബന്ധിച്ച ആശയങ്ങളെ വ്യക്തിഗത താത്പര്യത്തോടോ വൈകാരിക മമതയോടോ സാംസ്കാരിക തിരഞ്ഞെടുപ്പിനോടോ ബന്ധപ്പെട്ട കാര്യങ്ങളാക്കി മാറ്റിയിരിക്കുന്നു.”
13. (എ) ഇന്നത്തെ മിക്ക വിനോദങ്ങളും ദുർഗുണത്തെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ? (ബി) അനുചിതമായ വിനോദത്തിന് ആളുകളുടെമേൽ മോശമായ എന്തു ഫലമുണ്ടായിരിക്കാൻ സാധിക്കും?
13 ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും അധമമായ വിനോദം സാധാരണമാണ്. ടെലിവിഷനിലും റേഡിയോയിലും ചലച്ചിത്രങ്ങളിലും വീഡിയോയിലുമൊക്കെയുള്ളത് ലൈംഗികോന്മുഖമായ കാര്യങ്ങളാണ്. ദുർഗുണം കമ്പ്യൂട്ടർ ശൃംഖലകളിൽപ്പോലും നുഴഞ്ഞുകയറ്റം നടത്തിയിരിക്കുന്നു. ഇന്നത്തെ കമ്പ്യൂട്ടർ ശൃംഖലകളിൽ അശ്ലീലവിവരങ്ങൾ വർധിച്ചുവരുകയാണ്, എല്ലാ പ്രായക്കാർക്കും അതു പ്രാപ്യമായിത്തീർന്നിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമെന്താണ്? ഒരു പത്രത്തിന്റെ കോളമെഴുത്തുകാരൻ പറയുന്നു: “രക്തച്ചൊരിച്ചിലും അക്രമവും തരംതാണ ലൈംഗികതയും നമ്മുടെ ജനകീയ സംസ്കാരത്തിൽ നിറഞ്ഞിരിക്കുമ്പോൾ, നാം അവയുമായി പരിചിതരാകുന്നു. നമ്മുടെ വളർച്ച മുരടിക്കുന്നു. അധമത്വം നമ്മിലുളവാക്കുന്ന ഞെട്ടൽ കുറഞ്ഞുവരുന്നതിനാൽ അതു കൂടുതൽ സഹനീയമായിത്തീരുന്നു.”—1 തിമൊഥെയൊസ് 4:1, 2 താരതമ്യം ചെയ്യുക.
14, 15. ലോകവ്യാപകമായി ലൈംഗിക ധാർമികതയ്ക്ക് അപക്ഷയം സംഭവിച്ചിരിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
14 ദ ന്യൂയോർക്ക് ടൈംസിൽ വന്ന ഈ റിപ്പോർട്ടു പരിചിന്തിക്കുക: “25 വർഷം മുമ്പ് ഞെട്ടലുളവാക്കിയിരുന്ന സംഗതി ഇപ്പോൾ സ്വീകാര്യമായ ജീവിതരീതിയായി മാറിയിരിക്കുന്നു. വിവാഹം കഴിക്കാതെ ഒന്നിച്ചു പാർക്കുന്ന ഇണകളുടെ എണ്ണം [ഐക്യനാടുകളിൽ] 1980-നും 1991-നും ഇടയിൽ 80 ശതമാനമായി വർധിച്ചു.” ഇതു വടക്കേ അമേരിക്കയിലെ മാത്രം ഒരു പ്രതിഭാസമല്ല. ഏഷ്യാവീക്ക് മാഗസിൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “[ഏഷ്യയിൽ] ഉടനീളമുള്ള രാജ്യങ്ങളിൽ ഒരു സാംസ്കാരിക സംവാദം കൊടുമ്പിരികൊണ്ടിരിക്കുന്നു. ലൈംഗിക സ്വാതന്ത്ര്യം പരമ്പരാഗത മൂല്യങ്ങളോടു പൊരുതുന്നു എന്നതാണു വിഷയം, മാറ്റത്തിനുള്ള സമ്മർദം അടിക്കടി വർധിക്കുകയാണ്.” പല നാടുകളിലും വ്യഭിചാരത്തിനും വിവാഹപൂർവ ലൈംഗികതയ്ക്കുമുള്ള അംഗീകാരം വർധിച്ചുവരുന്നുവെന്നാണു കണക്കുകൾ കാണിക്കുന്നത്.
15 നമ്മുടെ കാലത്തു സാത്താന്യ പ്രവർത്തനം തീവ്രമായിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (വെളിപ്പാടു 12:12) അപ്പോൾ, ദുർഗുണം ഞെട്ടിക്കുംവിധം വ്യാപകമായിരിക്കുന്നതിൽ നാം അമ്പരന്നുപോകരുത്. ഉദാഹരണത്തിന്, കുട്ടികൾക്കു നേരേയുള്ള ലൈംഗികചൂഷണം പകർച്ചവ്യാധിപോലെ വർധിച്ചിരിക്കുന്നു.a “ലോകത്തിലെ എല്ലാ രാജ്യങ്ങളിലുംതന്നെ വാണിജ്യ ലൈംഗിക ചൂഷണം കുട്ടികളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്” എന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷവും “ലോകവ്യാപകമായി പത്തു ലക്ഷത്തിലധികം കുട്ടികളെ ബലാൽക്കാരേണ ബാലവേശ്യാവൃത്തിയിൽ ഏർപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയി ലൈംഗിക ഉദ്ദേശ്യങ്ങൾക്കായി വിൽക്കുകയും ബാല അശ്ലീലസാഹിത്യങ്ങൾ നിർമിക്കുന്നതിൽ ഉപയോഗിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.” സ്വവർഗരതിയും വ്യാപകമാണ്. അതിനെ ഒരു “ഗതിഭേദിത ജീവിതരീതി”യായി ചിത്രീകരിക്കുന്നതിൽ രാഷ്ട്രീയക്കാരും മതനേതാക്കന്മാരും നേതൃത്വമെടുക്കുന്നു.
ലോകത്തിന്റെ ദുർഗുണങ്ങൾ ത്യജിക്കൽ
16. ലൈംഗിക ധാർമികത സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ സ്വീകരിക്കുന്ന നിലപാടെന്താണ്?
16 ലൈംഗിക ധാർമികത സംബന്ധിച്ച് അനുവാദാത്മക നിലവാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരോടു യഹോവയുടെ സാക്ഷികൾ കൂട്ടുചേരാറില്ല. തീത്തൊസ് 2:11, 13 ഇങ്ങനെ പറയുന്നു: “സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.” വിവാഹപൂർവ ലൈംഗികത, വ്യഭിചാരം, സ്വവർഗരതിക്രിയകൾ എന്നിങ്ങനെയുള്ള ദുർഗുണങ്ങളോടു നാം കടുത്ത വിദ്വേഷം, ശക്തമായ വെറുപ്പ് നട്ടുവളർത്തുന്നു.b (റോമർ 12:9; എഫെസ്യർ 5:3-5) പൗലൊസ് ഈ ഉദ്ബോധനം നൽകി: “കർത്താവിന്റെ [“യഹോവയുടെ,” NW] നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ.”—2 തിമൊഥെയൊസ് 2:19.
17. ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച് യഥാർഥ ക്രിസ്ത്യാനികൾക്കുള്ള വീക്ഷണമെന്താണ്?
17 നിസ്സാര ദുർഗുണങ്ങൾ എന്ന ലോകത്തിന്റെ വീക്ഷണത്തെ സത്യക്രിസ്ത്യാനികൾ നിരാകരിക്കുന്നു. ഉദാഹരണത്തിന്, പലരുമിന്ന് ലഹരിപാനീയ ദുരുപയോഗത്തെ രസമായി വീക്ഷിക്കുന്നു. എന്നാൽ യഹോവയുടെ ജനം എഫെസ്യർ 5:18-ലെ ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നു: “വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരാ”കുവിൻ. കുടിക്കാനാഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനി അതിൽ മിതത്വം പാലിക്കേണ്ടതുണ്ട്.—സദൃശവാക്യങ്ങൾ 23:29-32.
18. കുടുംബാംഗങ്ങളോട് ഇടപെടുന്ന കാര്യത്തിൽ ബൈബിൾ തത്ത്വങ്ങൾ യഹോവയുടെ ദാസരെ വഴിനയിക്കുന്നതെങ്ങനെ?
18 ഇണയുടെയും കുട്ടികളുടെയും നേരേ ആക്രോശിക്കുന്നതും അലറുന്നതും ദ്രോഹകരമായ വാക്കുകൾക്കൊണ്ട് അധിക്ഷേപിക്കുന്നതും സ്വീകാര്യമായ പെരുമാറ്റമാണെന്ന ലോകത്തിലെ ചിലരുടെ വീക്ഷണം യഹോവയുടെ ദാസരെന്ന നിലയിൽ നാം തള്ളിക്കളയുന്നു. സദ്ഗുണത്തിന്റെ ഗതി പിന്തുടരാനുള്ള ദൃഢനിശ്ചയത്തോടെ ക്രിസ്തീയ ഭാര്യാഭർത്താക്കന്മാർ പൗലൊസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം ബാധകമാക്കാൻ കൂട്ടായി പ്രവർത്തിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.”—എഫെസ്യർ 4:31, 32.
19. ബിസിനസ് ലോകത്തിൽ ദുർഗുണം എത്ര വ്യാപകമാണ്?
19 സത്യസന്ധതയില്ലായ്മ, വഞ്ചന, ഭോഷ്കുപറച്ചിൽ, കഴുത്തറപ്പൻ ബിസിനസ് തന്ത്രങ്ങൾ, മോഷണം തുടങ്ങിയവ ഇന്നു സർവസാധാരണമാണ്. സിഎഫ്ഒ എന്ന ബിസിനസ് മാസികയിൽ വന്ന ഒരു ലേഖനം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “4,000 തൊഴിലാളികളെ ഉൾപ്പെടുത്തിയ ഒരു സർവേ . . . അവരിൽ 31 ശതമാനവും കഴിഞ്ഞ വർഷം ‘ഗുരുതരമായ ദുഷ്പെരുമാറ്റ’ത്തിനു സാക്ഷ്യം വഹിച്ചതായി കണ്ടെത്തി.” ഭോഷ്കുപറച്ചിൽ, രേഖകളിൽ കൃത്രിമം കാണിക്കൽ, ലൈംഗികദ്രോഹം, മോഷണം തുടങ്ങിയവ അത്തരം ദുഷ്പെരുമാറ്റത്തിൽ ഉൾപ്പെട്ടിരുന്നു. യഹോവയുടെ ദൃഷ്ടിയിൽ നാം ധാർമികമായി ശുദ്ധരായി നിലനിൽക്കണമെങ്കിൽ, അത്തരം പ്രവൃത്തികൾ നാം ഒഴിവാക്കുകയും നമ്മുടെ സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പുലർത്തുകയും വേണം.—മീഖാ 6:10, 11.
20. ക്രിസ്ത്യാനികൾക്കു “ദ്രവ്യാഗ്രഹം” ഉണ്ടായിരിക്കരുതാത്തത് എന്തുകൊണ്ട്?
20 പെട്ടെന്നു പണമുണ്ടാക്കാനുള്ള ഒരു പരിപാടി ഏറ്റെടുത്താൽ ദൈവസേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്നു കരുതിയ ഒരാൾക്കു സംഭവിച്ചതെന്തെന്നു പരിചിന്തിക്കുക. കിട്ടാൻ പോകുന്ന ലാഭത്തെ പെരുപ്പിച്ചു കാണിച്ച് ഒരു നിക്ഷേപപദ്ധതിയിൽ മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ അയാൾക്കു കഴിഞ്ഞു. കാര്യങ്ങൾ പ്രതീക്ഷയ്ക്കൊത്തു നടക്കാതിരുന്നപ്പോൾ അങ്ങേയറ്റം നിരാശനായ അയാൾ, വന്നുപെട്ട സാമ്പത്തിക നഷ്ടം നികത്തുന്നതിന്, തന്നെ ഭരമേൽപ്പിച്ച പണം മോഷ്ടിച്ചു. ഇത്തരം പ്രവൃത്തികളും അനുതാപമില്ലാത്ത മനോഭാവവും നിമിത്തം അയാൾ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടു. “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്ന ബൈബിൾ മുന്നറിയിപ്പ് തീർച്ചയായും സത്യമാണ്.—1 തിമൊഥെയൊസ് 6:9, 10.
21. ലോകത്തിൽ അധികാരമുള്ളവർക്കിടയിൽ ഏതു പെരുമാറ്റം സാധാരണമാണ്, എന്നാൽ ക്രിസ്തീയ സഭയിൽ ഉത്തരവാദിത്വസ്ഥാനം വഹിക്കുന്നരുടെ നടത്ത എങ്ങനെയുള്ളതായിരിക്കണം?
21 ലോകത്തിൽ അധികാരവും സ്വാധീനവുമുള്ള മനുഷ്യർക്കു മിക്കപ്പോഴും സദ്ഗുണമില്ലെന്നു മാത്രമല്ല, അവർ ‘അധികാരം ദുഷിപ്പിക്കുന്നു’ എന്ന ചൊല്ലിന്റെ സത്യതയെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. (സഭാപ്രസംഗി 8:9) ചില രാജ്യങ്ങളിൽ കൈക്കൂലിയും മറ്റു തരത്തിലുള്ള അഴിമതിയും ജഡ്ജിമാർ, പൊലീസുകാർ, രാഷ്ട്രീയക്കാർ എന്നിവരുടെയൊക്കെ ഇടയിൽ സർവസാധാരണമാണ്. എന്നിരുന്നാലും, ക്രിസ്തീയ സഭയിൽ നേതൃത്വമെടുക്കുന്നവർ സദ്ഗുണമുള്ളവരായിരിക്കുകയും മറ്റുള്ളവരെ ഭരിക്കാതിരിക്കുകയും വേണം. (ലൂക്കൊസ് 22:25, 26) മൂപ്പന്മാരും അതുപോലെതന്നെ ശുശ്രൂഷാദാസന്മാരും സേവിക്കേണ്ടത് “ദുരാഗ്രഹത്തോടെ” ആയിരിക്കരുത്. വ്യക്തിഗതമായി പണമുണ്ടാക്കാൻ പ്രതീക്ഷിച്ചുകൊണ്ട് ന്യായനിർവഹണത്തെ വികലമാക്കാനോ സ്വാധീനിക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും അവർ പ്രതിരോധിക്കേണ്ടതുണ്ട്.—1 പത്രൊസ് 5:2; പുറപ്പാടു 23:8; സദൃശവാക്യങ്ങൾ 17:23; 1 തിമൊഥെയൊസ് 5:21.
22. അടുത്ത ലേഖനം എന്തിനെക്കുറിച്ചു ചർച്ച ചെയ്യുന്നതാണ്?
22 പൊതുവേ പറഞ്ഞാൽ, ദുർഗുണപൂരിതമായ നമ്മുടെ ലോകത്തിൽ സദ്ഗുണം കാത്തുസൂക്ഷിക്കുക എന്ന ഇന്നത്തെ വെല്ലുവിളി ക്രിസ്ത്യാനികൾ വിജയപ്രദമായി നേരിടുകയാണ്. എന്നാൽ, കേവലം ദുഷ്ടത ഒഴിവാക്കുന്നതു മാത്രമല്ല സദ്ഗുണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സദ്ഗുണം നട്ടുവളർത്തുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നതെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1993 ഒക്ടോബർ 8 (ഇംഗ്ലീഷ്) ലക്കത്തിൽ വന്ന “നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുക!” എന്ന ലേഖനപരമ്പര കാണുക.
b കഴിഞ്ഞകാലത്തു സ്വവർഗരതിക്രിയകളിൽ ഏർപ്പെട്ടിരുന്നവർക്ക്, ഒന്നാം നൂറ്റാണ്ടിലെ ചിലരെപ്പോലെ, തങ്ങളുടെ നടത്തയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. (1 കൊരിന്ത്യർ 6:11) സഹായകമായ വിവരങ്ങൾ ഉണരുക!യുടെ 1995 മാർച്ച് 22 ലക്കത്തിന്റെ 21-3 പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
പുനരവലോകന ആശയങ്ങൾ
□ കനാന്യരെ ഉന്മൂലനം ചെയ്യാൻ യഹോവ കൽപ്പിച്ചതെന്തുകൊണ്ട്?
□ എന്തെല്ലാം ദുർഗുണങ്ങൾ ഒന്നാം നൂറ്റാണ്ടിൽ സാധാരണമായിരുന്നു, അത്തരമൊരു ചുറ്റുപാടിൽ ക്രിസ്ത്യാനികൾ എങ്ങനെ കഴിഞ്ഞുകൂടി?
□ 1914-നുശേഷം ലോകം ആഗോള ധാർമിക അപക്ഷയത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
□ യഹോവയുടെ സാക്ഷികൾ എന്തെല്ലാം പൊതു ദുർഗുണങ്ങളാണു ത്യജിക്കേണ്ടത്?
[9-ാം പേജിലെ ചിത്രം]
ദുർഗുണപൂരിതമായ ഒരു ലോകത്തിലാണു ജീവിച്ചിരുന്നതെങ്കിലും, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സദ്ഗുണമുള്ളവരായിരുന്നു
[10-ാം പേജിലെ ചിത്രം]
ദുർഗുണം കമ്പ്യൂട്ടർ ശൃംഖലകളിൽപോലും നുഴഞ്ഞുകയറ്റം നടത്തിയിരിക്കുന്നു, അതുവഴി അനേകം ചെറുപ്പക്കാർക്കും മറ്റുള്ളവർക്കും അശ്ലീല സംഗതികൾ പ്രാപ്യമാണ്
[12-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ മറ്റുള്ളവരുടെ വഞ്ചനാകരമായ തന്ത്രങ്ങളെ അനുകരിക്കാതെ സദ്ഗുണം നിലനിർത്തേണ്ടതുണ്ട്