“നിങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിക്കുവിൻ”
“നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിക്കുവിൻ.”—2 കൊരിന്ത്യർ 13:5, NW.
1, 2. (എ) വിശ്വാസം സംബന്ധിച്ച അനിശ്ചിതാവസ്ഥ നമ്മിൽ എന്തു ഫലം ഉളവാക്കിയേക്കാം? (ബി) കൊരിന്തിലെ ഏതു സാഹചര്യം, നടക്കേണ്ടുന്ന വഴി സംബന്ധിച്ച് ചിലർക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കാം?
ഒരാൾ നാട്ടിൻപുറത്തുകൂടെ യാത്രചെയ്തുകൊണ്ടിരിക്കെ, ഒരു കവലയിൽ എത്തിച്ചേരുന്നു. ലക്ഷ്യത്തിൽ എത്താൻ ഏതു വഴിയിലൂടെ പോകണമെന്നു നിശ്ചയമില്ലാത്തതുകൊണ്ട് ആ വ്യക്തി ഒരു യാത്രക്കാരനോടു ചോദിക്കുന്നു. എന്നാൽ ലഭിക്കുന്ന വിവരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ആകെ കുഴങ്ങിയ അയാൾക്കു യാത്ര തുടരാൻ സാധിക്കുന്നില്ല. നമ്മുടെ വിശ്വാസത്തെക്കുറിച്ചു സംശയം തോന്നുമ്പോൾ നമ്മളും സമാനമായ അനിശ്ചിതാവസ്ഥയിൽ ആയിത്തീർന്നേക്കാം. അതിനു തീരുമാനങ്ങൾ എടുക്കാനുള്ള നമ്മുടെ പ്രാപ്തിയെ പ്രതികൂലമായി ബാധിക്കാൻ കഴിയും. നടക്കേണ്ടുന്ന വഴി സംബന്ധിച്ച് നാം നിശ്ചയമില്ലാത്തവരായിത്തീരാൻ അത് ഇടയാക്കുന്നു.
2 ഒന്നാം നൂറ്റാണ്ടിൽ, ഗ്രീസിലെ കൊരിന്ത്യ സഭയിലുണ്ടായിരുന്ന ചിലർക്കെങ്കിലും മേൽപ്പറഞ്ഞതിനു സമാനമായ ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നിരിക്കണം. കാരണം, ‘അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാർ,’ പൗലൊസ് അപ്പൊസ്തലന്റെ അധികാരത്തെ ചോദ്യംചെയ്യുന്നുണ്ടായിരുന്നു. “അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ” എന്നു പറഞ്ഞുകൊണ്ട് അവർ അവനെ കുറ്റപ്പെടുത്തിയിരുന്നു. (2 കൊരിന്ത്യർ 10:7-12; 11:5, 6) അത്തരമൊരു വീക്ഷണം, നടക്കേണ്ടുന്ന വഴി സംബന്ധിച്ച് കൊരിന്ത്യ സഭയിലെ ചിലർക്കെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കണം.
3, 4. കൊരിന്ത്യർക്കുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
3 പൊതുയുഗം 50-ൽ കൊരിന്ത് സന്ദർശിച്ചപ്പോൾ പൗലൊസ് അവിടെ സഭ സ്ഥാപിച്ചു. “ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു” പൗലൊസ് കൊരിന്തിൽ താമസിച്ചു. “കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.” (പ്രവൃത്തികൾ 18:5-11) കൊരിന്തിലെ സഹവിശ്വാസികളുടെ ആത്മീയ ക്ഷേമത്തിൽ പൗലൊസിന് അതിയായ താത്പര്യമുണ്ടായിരുന്നു. മാത്രമല്ല, അവിടെയുള്ള ചിലർ ചില കാര്യങ്ങളിൽ പൗലൊസിന്റെ ഉപദേശം തേടുകയും ചെയ്തിരുന്നു. (1 കൊരിന്ത്യർ 7:1) അതുകൊണ്ട് അവൻ അവർക്കു വളരെ മികച്ച ബുദ്ധിയുപദേശം നൽകി.
4 പൗലൊസ് ഇങ്ങനെ എഴുതി: “നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിക്കുവിൻ.” (2 കൊരിന്ത്യർ 13:5, NW) ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നത്, നടക്കേണ്ടുന്ന വഴി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ കൊരിന്തിലെ സഹോദരങ്ങളെ സഹായിക്കുമായിരുന്നു. ആ ബുദ്ധിയുപദേശത്തിന് ഇന്നു നമ്മെയും സംരക്ഷിക്കാൻ കഴിയും. അങ്ങനെയെങ്കിൽ, പൗലൊസിന്റെ ഉപദേശം നമുക്ക് എങ്ങനെയാണു പിൻപറ്റാനാകുക? നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്ന് എങ്ങനെ പരിശോധിക്കാൻ കഴിയും? നാം എങ്ങനെയുള്ളവരാണെന്നു തെളിയിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
“നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിച്ചുകൊണ്ടിരിക്കുവിൻ”
5, 6. നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിക്കുന്നതിന് നമുക്ക് എന്തു മാനദണ്ഡമാണുള്ളത്, അത് ഏറ്റവും യോജിച്ച മാനദണ്ഡം ആയിരിക്കുന്നത് എന്തുകൊണ്ട്?
5 ഒരു പരിശോധന നടത്തുമ്പോൾ സാധാരണഗതിയിൽ, അതിനു വിധേയനാകുന്ന ആളോ വിധേയമാകുന്ന വസ്തുവോ ഉണ്ടായിരിക്കും. കൂടാതെ പരിശോധനയ്ക്ക് ഒരു അടിസ്ഥാനം അല്ലെങ്കിൽ മാനദണ്ഡം ഉണ്ടായിരിക്കും. ഇവിടെ, നാം സ്വീകരിച്ചിരിക്കുന്ന വിശ്വാസസംഹിതയല്ല, വ്യക്തികളെന്ന നിലയിൽ നാം തന്നെയാണു പരിശോധനയ്ക്കു വിധേയരാകേണ്ടത്. പരിശോധനയ്ക്ക് അടിസ്ഥാനമായി നമുക്ക് പൂർണതയുള്ള ഒരു മാനദണ്ഡമുണ്ട്. സങ്കീർത്തനക്കാരനായ ദാവീദ് രചിച്ച ഒരു ഗീതം ഇങ്ങനെ പറയുന്നു: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.” (സങ്കീർത്തനം 19:7, 8) യഹോവയുടെ തികവുറ്റ നിയമങ്ങളും നീതിനിഷ്ഠമായ വ്യവസ്ഥകളും ആശ്രയയോഗ്യമായ ഓർമിപ്പിക്കലുകളും നിർമലമായ കൽപ്പനകളും ബൈബിളിൽ ഉണ്ട്. അതിൽ കാണപ്പെടുന്ന സന്ദേശം പരിശോധനയ്ക്ക് ഏറ്റവും യോജിച്ച മാനദണ്ഡമാണ്.
6 ദൈവനിശ്വസ്തമായ ആ സന്ദേശത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) അതേ, ദൈവവചനത്തിനു നമ്മുടെ ഹൃദയം എങ്ങനെയുള്ളതാണെന്ന്, ഉള്ളിന്റെയുള്ളിൽ നാം ആരാണെന്ന് പരിശോധിക്കാൻ കഴിയും. മൂർച്ചയേറിയതും ശക്തവും ആയ ഈ സന്ദേശം വ്യക്തിപരമായ ജീവിതത്തിൽ നമുക്ക് എങ്ങനെ ബാധകമാക്കാൻ സാധിക്കും? അതു സംബന്ധിച്ച് സങ്കീർത്തനക്കാരനു യാതൊരു സംശയവും ഇല്ലായിരുന്നു. അവൻ ഇങ്ങനെ പാടി: “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ” അഥവാ സന്തുഷ്ടൻ. (സങ്കീർത്തനം 1:2) യഹോവയുടെ ‘ന്യായപ്രമാണം’ അഥവാ നിയമങ്ങൾ കാണപ്പെടുന്നത് അവന്റെ എഴുതപ്പെട്ട വചനമായ ബൈബിളിലാണ്. യഹോവയുടെ വചനം വായിക്കുന്നതിൽ നാം സന്തോഷം കണ്ടെത്തണം. ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കാൻ നാം തീർച്ചയായും സമയമെടുക്കണം. അങ്ങനെ ചെയ്യവേ, നമ്മെ പരിശോധിക്കാൻ, അവിടെ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെ നാം അനുവദിക്കുകയും വേണം.
7. നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിക്കാനുള്ള പ്രാഥമിക മാർഗം എന്താണ്?
7 അപ്പോൾ, നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിക്കാനുള്ള പ്രാഥമിക മാർഗം ഇതാണ്: ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക, നാം പഠിക്കുന്ന കാര്യങ്ങളുമായി നമ്മുടെ നടത്ത എത്രത്തോളം യോജിപ്പിലാണെന്നു നോക്കുക. ദൈവവചനം മനസ്സിലാക്കുന്നതിനു വളരെയേറെ സഹായം ലഭ്യമാണെന്നതിൽ നമുക്കു സന്തോഷിക്കാൻ കഴിയും.
8. “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ പ്രസിദ്ധീകരണങ്ങൾക്ക് നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിക്കാൻ സഹായിക്കാനാകുന്നത് എങ്ങനെ?
8 “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം പ്രദാനംചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലൂടെ യഹോവ നമ്മെ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു. (മത്തായി 24:45, NW) ഈ പ്രസിദ്ധീകരണങ്ങൾ നമുക്കു തിരുവെഴുത്തുകൾ വിശദീകരിച്ചു തരുന്നു. ഉദാഹരണത്തിന്, യഹോവയോട് അടുത്തു ചെല്ലുവിൻa എന്ന പുസ്തകത്തിന്റെ മിക്ക അധ്യായങ്ങളുടെയും അവസാനത്തിൽ കാണാവുന്ന “ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ” എന്ന ചതുരത്തെക്കുറിച്ചു ചിന്തിക്കുക. പുസ്തകത്തിന്റെ ഈ സവിശേഷത, വ്യക്തിപരമായ ധ്യാനത്തിനുള്ള എത്ര നല്ല അവസരമാണു പ്രദാനംചെയ്യുന്നത്! നമ്മുടെ മാസികകളായ വീക്ഷാഗോപുരവും ഉണരുക!യും ചർച്ചചെയ്യുന്ന നിരവധി വിഷയങ്ങളും നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിക്കാൻ സഹായിക്കുന്നു. വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ചില ലക്കങ്ങളിൽ സദൃശവാക്യങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളെക്കുറിച്ച് ഒരു ക്രിസ്തീയ വനിത ഇങ്ങനെ പറഞ്ഞു: “ഈ ലേഖനങ്ങൾ വളരെ പ്രായോഗികമാണെന്ന് എനിക്കു പറയാൻ കഴിയും. എന്റെ സംസാരവും നടത്തയും മനോഭാവവും വാസ്തവത്തിൽ യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കു ചേർച്ചയിലാണോ എന്നു പരിശോധിക്കാൻ അവ എന്നെ സഹായിക്കുന്നു.”
9, 10. യഹോവ ചെയ്തിരിക്കുന്ന ഏതെല്ലാം ക്രമീകരണങ്ങൾ, നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിച്ചുകൊണ്ടിരിക്കാൻ നമ്മെ സഹായിക്കുന്നു?
9 സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിൽനിന്നും നമുക്കു വലിയ തോതിൽ മാർഗനിർദേശവും പ്രോത്സാഹനവും ലഭിക്കുന്നു. ഇവയെല്ലാം തന്റെ ജനത്തിനുവേണ്ടി യഹോവ ലഭ്യമാക്കുന്ന ആത്മീയ കരുതലുകളുടെ ഭാഗമാണ്. ഈ ജനത്തെക്കുറിച്ചു യെശയ്യാവ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.” (യെശയ്യാവു 2:2, 3) യഹോവയുടെ വഴികളെക്കുറിച്ച് അത്തരം പ്രബോധനം ലഭിക്കുന്നതു തീർച്ചയായും ഒരു അനുഗ്രഹമാണ്.
10 ക്രിസ്തീയ മൂപ്പന്മാരുടെയും ആത്മീയ യോഗ്യതയുള്ള മറ്റുള്ളവരുടെയും ബുദ്ധിയുപദേശമാണ് നമ്മെത്തന്നെ പരിശോധിക്കാനുള്ള മറ്റൊരു വഴി. മൂപ്പന്മാരെക്കുറിച്ചു ബൈബിൾ പറയുന്നു: “സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” (ഗലാത്യർ 6:1) നമ്മെ യഥാസ്ഥാനപ്പെടുത്താനുള്ള ഈ കരുതലിനെപ്രതി നമുക്ക് എത്രയധികം നന്ദിയുള്ളവരായിരിക്കാൻ കഴിയും!
11. നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിക്കുന്നതിന് എന്ത് ആവശ്യമാണ്?
11 നമ്മുടെ പ്രസിദ്ധീകരണങ്ങളും ക്രിസ്തീയ യോഗങ്ങളും നിയമിത പുരുഷന്മാരും യഹോവയുടെ അത്ഭുതകരമായ കരുതലുകളാണ്. എന്നിരുന്നാലും നാം വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്ന് ഉറപ്പുവരുത്തുന്നതിന് ആത്മപരിശോധന ആവശ്യമാണ്. അതുകൊണ്ട് നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ തിരുവെഴുത്തിൽനിന്നുള്ള ഉദ്ബോധനം കേൾക്കുകയോ ചെയ്യുമ്പോൾ നാം സ്വയം ഇങ്ങനെ ചോദിക്കേണ്ടതുണ്ട്: ‘ഇത് എന്നെക്കുറിച്ചാണോ പറയുന്നത്? ഞാൻ ഇങ്ങനെ ചെയ്യുന്നുണ്ടോ? ഞാൻ ക്രിസ്തീയ വിശ്വാസസംഹിതയോടു പറ്റിനിൽക്കുന്നുണ്ടോ?’ മേൽപ്പറഞ്ഞ കരുതലുകളിലൂടെ ലഭിക്കുന്ന വിവരങ്ങളോടുള്ള നമ്മുടെ മനോഭാവത്തിന് നമ്മുടെ ആത്മീയ അവസ്ഥയുടെമേലും സ്വാധീനമുണ്ട്. ബൈബിൾ ഇപ്രകാരം പറയുന്നു: “പ്രാകൃതമനുഷ്യൻ [അഥവാ ജഡികമനുഷ്യൻ] ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. . . . ആത്മികനോ സകലത്തെയും വിവേചിക്കുന്നു.” (1 കൊരിന്ത്യർ 2:14, 15) നമ്മുടെ പുസ്തകങ്ങൾ, മാസികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവയിൽനിന്നു വായിക്കുകയും യോഗങ്ങളിൽനിന്നും മൂപ്പന്മാരിൽനിന്നും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു വിലമതിപ്പോടുകൂടിയ ഒരു ആത്മീയ വീക്ഷണം നിലനിറുത്താൻ നാം യത്നിക്കേണ്ടതല്ലേ?
“നിങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിക്കുവിൻ”
12. നാം എങ്ങനെയുള്ളവരാണെന്നു തെളിയിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു?
12 നാം എങ്ങനെയുള്ളവരാണെന്നു തെളിയിക്കുന്നതിൽ സ്വയം വിലയിരുത്തുന്നത് ഉൾപ്പെടുന്നു. നാം സത്യം സ്വീകരിച്ചിട്ടുണ്ടായിരിക്കാം, എന്നാൽ നമ്മുടെ ജീവിതം സത്യത്തോട് എത്രമാത്രം ചേർച്ചയിലാണ്? നാം എങ്ങനെയുള്ളവരാണെന്നു തെളിയിക്കുന്നതിൽ ആത്മീയ പക്വതയ്ക്കും ആത്മീയ കരുതലുകളോടുള്ള യഥാർഥ വിലമതിപ്പിനും തെളിവു നൽകുന്നത് ഉൾപ്പെടുന്നു.
13. എബ്രായർ 5:14 അനുസരിച്ച്, നമ്മുടെ പക്വതയ്ക്കു തെളിവു നൽകുന്നത് എന്താണ്?
13 ക്രിസ്തീയ പക്വതയ്ക്കുള്ള എന്തു തെളിവാണ് നമുക്കു നമ്മിൽത്തന്നെ അന്വേഷിക്കാൻ കഴിയുന്നത്? അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.” (എബ്രായർ 5:14) നമ്മുടെ ഇന്ദ്രിയങ്ങളെ അഥവാ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുന്നത് ഇതിനുള്ള തെളിവാണ്. ഒരു കായികതാരത്തിന് തന്റെ മത്സര ഇനത്തിൽ തിളങ്ങാൻ കഴിയണമെങ്കിൽ, പേശികൾക്കു തുടർച്ചയായ ഉപയോഗത്തിലൂടെ അയാൾ പരിശീലനം കൊടുക്കേണ്ടതുണ്ട്. അതുപോലെ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് നമ്മുടെ ഗ്രഹണപ്രാപ്തികളെ നാമും പരിശീലിപ്പിക്കണം.
14, 15. ദൈവവചനത്തിലെ ആഴമേറിയ കാര്യങ്ങൾ പഠിക്കുന്നതിന് നാം ഉത്സാഹപൂർവം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
14 എന്നാൽ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുന്നതിന് ആദ്യംതന്നെ നാം പരിജ്ഞാനം ആർജിക്കേണ്ടതുണ്ട്. അതിന് ശുഷ്കാന്തിയോടെയുള്ള വ്യക്തിപരമായ പഠനം അത്യന്താപേക്ഷിതമാണ്. നാം ക്രമമായി വ്യക്തിപരമായ പഠനത്തിലേർപ്പെടുമ്പോൾ, പ്രത്യേകിച്ച് ദൈവവചനത്തിലെ ആഴമായ കാര്യങ്ങൾ പഠിക്കുമ്പോൾ നമ്മുടെ ഗ്രഹണപ്രാപ്തികൾ മെച്ചപ്പെടുന്നു. കഴിഞ്ഞുപോയ വർഷങ്ങളിൽ, ആഴമേറിയ പല വിഷയങ്ങളും വീക്ഷാഗോപുരത്തിൽ ചർച്ചചെയ്തിട്ടുണ്ട്. ആഴമേറിയ സത്യങ്ങൾ ചർച്ചചെയ്യുന്ന ലേഖനങ്ങളോടുള്ള നമ്മുടെ പ്രതികരണം എന്താണ്? അവയിൽ “ഗ്രഹിപ്പാൻ പ്രയാസമുള്ള” ചില കാര്യങ്ങൾ ഉള്ളതുകൊണ്ട് അവ ഒഴിവാക്കാനുള്ള പ്രവണത നമുക്കുണ്ടോ? (2 പത്രൊസ് 3:16) പകരം, അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിനു നാം കൂടുതലായ ശ്രമം ചെലുത്തുന്നു.—എഫെസ്യർ 3:18.
15 വ്യക്തിപരമായ പഠനം നമുക്കു ബുദ്ധിമുട്ടായി തോന്നുന്നെങ്കിലോ? അത് ആസ്വദിക്കാൻ പഠിക്കുന്നതിനു നാം ശ്രമം ചെയ്യേണ്ടത് അതിപ്രധാനമാണ്.b (1 പത്രൊസ് 2:2, 3എ) പക്വതയിലേക്കു വളരുന്നതിന് കട്ടിയായ ഭക്ഷണത്തിൽനിന്ന്, ദൈവവചനത്തിലെ ആഴമേറിയ കാര്യങ്ങളിൽനിന്ന് നാം പോഷണം ആർജിക്കാൻ പഠിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ നമ്മുടെ ഗ്രഹണപ്രാപ്തികൾ പരിമിതമായിരിക്കും. എന്നിരുന്നാലും പക്വതയ്ക്കു തെളിവു നൽകുന്നതിൽ പരിജ്ഞാനം ആർജിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. ഉത്സാഹപൂർവകമായ പഠനത്തിലൂടെ നേടിയെടുക്കുന്ന പരിജ്ഞാനം നാം അനുദിനജീവിതത്തിൽ ബാധകമാക്കണം.
16, 17. ‘വചനം ചെയ്യുന്നവർ’ അഥവാ പ്രവർത്തിക്കുന്നവർ ആയിരിക്കുന്നതു സംബന്ധിച്ച് ശിഷ്യനായ യാക്കോബ് എന്ത് ഉദ്ബോധനമാണു നൽകുന്നത്?
16 സത്യത്തോടു നാം വിലമതിപ്പു പ്രകടിപ്പിക്കുന്ന വിധം അഥവാ നമ്മുടെ വിശ്വാസത്തിന്റെ പ്രവൃത്തികൾ നാം എങ്ങനെയുള്ളവരാണെന്നതിനു കൂടുതലായ തെളിവു നൽകുന്നു. ഈ സ്വയം വിലയിരുത്തലിനെക്കുറിച്ചു വിവരിക്കാൻ ശിഷ്യനായ യാക്കോബ് വളരെ ശക്തമായ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു: “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനിൽക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.”—യാക്കോബ് 1:22-25.
17 ഫലത്തിൽ യാക്കോബ് ഇങ്ങനെയാണു പറയുന്നത്: ‘ദൈവവചനമാകുന്ന കണ്ണാടിയിൽ നോക്കി തന്നെത്താൻ വിലയിരുത്തുക. നിരന്തരം അങ്ങനെ ചെയ്യുക, ദൈവവചനത്തിന്റെ വെളിച്ചത്തിൽ നിങ്ങളെത്തന്നെ പരിശോധിക്കുക. നിങ്ങൾ കണ്ടത് എന്താണെന്ന് പെട്ടെന്നു മറന്നുപോകരുത്. ആവശ്യമായ തിരുത്തലുകൾ വരുത്തുക.’ ഈ ബുദ്ധിയുപദേശം പിൻപറ്റാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായിരിക്കാം.
18. യാക്കോബിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നത് ഒരു വെല്ലുവിളിയായിരിക്കുന്നത് എന്തുകൊണ്ട്?
18 ഉദാഹരണത്തിന്, രാജ്യപ്രസംഗവേലയിൽ പങ്കുപറ്റുകയെന്ന നിബന്ധനയെക്കുറിച്ചു ചിന്തിക്കുക. “ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും [പരസ്യപ്രഖ്യാപനം നടത്തുകയും] ചെയ്യുന്നു” എന്ന് പൗലൊസ് എഴുതി. (റോമർ 10:10) രക്ഷയ്ക്കായി വായ്കൊണ്ടു പരസ്യപ്രഖ്യാപനം നടത്തുന്നതിന് നാം ജീവിതത്തിൽ നിരവധി പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്. നമ്മിൽ മിക്കവർക്കും പ്രസംഗവേലയിൽ ഏർപ്പെടുക പൊതുവെ എളുപ്പമല്ല. അതിൽ തീക്ഷ്ണതയോടെ ഏർപ്പെടുന്നതിനും അതിനു ജീവിതത്തിൽ അർഹമായ സ്ഥാനം നൽകുന്നതിനും കൂടുതലായ മാറ്റങ്ങളും ത്യാഗങ്ങളും പോലും ആവശ്യമായി വന്നേക്കാം. (മത്തായി 6:33) എന്നാൽ ദൈവദത്തമായ ഈ വേല നാം ചെയ്യുമ്പോൾ, അത് യഹോവയ്ക്കു സ്തുതി കൈവരുത്തുന്നു എന്നതിനാൽ നാം സന്തുഷ്ടരായിത്തീരുന്നു. ആകട്ടെ, നാം തീക്ഷ്ണതയുള്ള രാജ്യഘോഷകരാണോ?
19. നമ്മുടെ വിശ്വാസത്തിന്റെ പ്രവൃത്തികളിൽ എന്തെല്ലാം ഉൾപ്പെടണം?
19 നമ്മുടെ വിശ്വാസത്തിന്റെ പ്രവൃത്തികളിൽ എന്തെല്ലാം ഉൾപ്പെടണം? പൗലൊസ് പ്രസ്താവിക്കുന്നു: “എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.” (ഫിലിപ്പിയർ 4:9) നാം പഠിച്ചതും സ്വീകരിച്ചതും കേട്ടതും കണ്ടതും ആയ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനാൽ, അതായത് ക്രിസ്തീയ സമർപ്പണത്തിന്റെയും ശിഷ്യത്വത്തിന്റെയും സമ്പൂർണ ഗതിയാൽ, നാം എങ്ങനെയുള്ളവരാണെന്നതിനു തെളിവു നൽകുന്നു. “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ,” പ്രവാചകനായ യെശയ്യാവിലൂടെ യഹോവ നമ്മെ പ്രബോധിപ്പിക്കുന്നു.—യെശയ്യാവു 30:21.
20. ഏതു തരത്തിലുള്ള വ്യക്തികൾ സഭയ്ക്ക് ഒരു അനുഗ്രഹമാണ്?
20 ദൈവവചനം ശുഷ്കാന്തിയോടെ പഠിക്കുകയും തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കുകയും കുറ്റമറ്റവിധം നിർമലത പാലിക്കുകയും ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാർ സഭയ്ക്കു വലിയ അനുഗ്രഹമാണ്. അവരുടെ സാന്നിധ്യം അവർ സഹവസിക്കുന്ന സഭയുടെ കെട്ടുറപ്പു വർധിപ്പിക്കുന്നു. ധാരാളം പുതിയവർക്കു ശ്രദ്ധ നൽകേണ്ടതുള്ളതിനാൽ ഇവരുടെ സാന്നിധ്യം വിശേഷാൽ സഹായകമാണ്. ‘വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിച്ചുകൊണ്ടിരിക്കാനും’ നാം ‘എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിക്കാനും’ ഉള്ള പൗലൊസിന്റെ ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ നമുക്കും മറ്റുള്ളവരുടെമേൽ നല്ല സ്വാധീനമായിത്തീരാൻ കഴിയും.
ദൈവേഷ്ടം ചെയ്യുന്നതിൽ സന്തോഷിക്കുവിൻ
21, 22. ദൈവേഷ്ടം ചെയ്യുന്നതിൽ നമുക്കു സന്തോഷിക്കാൻ കഴിയുന്നത് എങ്ങനെ?
21 പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ് ഇങ്ങനെ പാടി: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീർത്തനം 40:8) ദൈവേഷ്ടം ചെയ്യുന്നതിൽ ദാവീദ് സന്തോഷിച്ചു. എന്തുകൊണ്ട്? ദാവീദിന്റെ ഹൃദയത്തിൽ യഹോവയുടെ നിയമം ഉണ്ടായിരുന്നതുകൊണ്ട്. താൻ നടക്കേണ്ട വഴി സംബന്ധിച്ച് ദാവീദിനു യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല.
22 ദൈവത്തിന്റെ നിയമം നമ്മുടെ ഉള്ളിലുണ്ടെങ്കിൽ നടക്കേണ്ട വഴി സംബന്ധിച്ച് നമുക്കു സംശയം തോന്നുകയില്ല. നാം ദൈവേഷ്ടം ചെയ്യുന്നതിൽ സന്തോഷമുള്ളവരായിരിക്കും. അതുകൊണ്ട്, യഹോവയെ ഹൃദയംഗമമായി സേവിക്കാൻ നമുക്ക് ഉത്സാഹപൂർവം ‘തീവ്രശ്രമം ചെയ്യാം.’—ലൂക്കൊസ് 13:24, NW.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
b എങ്ങനെ പഠിക്കണമെന്നതു സംബന്ധിച്ച സഹായകമായ നിർദേശങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിന്റെ 27-32 പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• നാം വിശ്വാസത്തിൽ നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ കഴിയുന്നത് എങ്ങനെ?
• നാം എങ്ങനെയുള്ളവരാണെന്നു തെളിയിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
• നമ്മുടെ ക്രിസ്തീയ പക്വതയ്ക്ക് എന്തെല്ലാം തെളിവു നൽകാൻ കഴിയും?
• നാം എങ്ങനെയുള്ളവരാണെന്നു വിലയിരുത്താൻ നമ്മുടെ വിശ്വാസത്തിന്റെ പ്രവൃത്തികൾ സഹായിക്കുന്നത് എങ്ങനെ?
[23-ാം പേജിലെ ചിത്രം]
വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിക്കാനുള്ള പ്രാഥമിക മാർഗം നിങ്ങൾക്ക് അറിയാമോ?
[24-ാം പേജിലെ ചിത്രം]
ഗ്രഹണപ്രാപ്തികൾക്കു പരിശീലനം നൽകിക്കൊണ്ട് നാം ക്രിസ്തീയ പക്വതയ്ക്കു തെളിവു നൽകുന്നു
[25-ാം പേജിലെ ചിത്രങ്ങൾ]
‘കേട്ടുമറക്കുന്നവരായിരിക്കാതെ വചനം പ്രവർത്തിക്കുന്നവർ’ ആയിരുന്നുകൊണ്ട് നാം എങ്ങനെയുള്ളവരാണെന്നു തെളിയിക്കുന്നു