നിങ്ങളുടെ ഗ്രഹണ പ്രാപ്തികൾ വികസിപ്പിക്കുക
1 നാം ഇന്ന് ജീവിക്കുന്നത് ക്ലേശപൂർണമായ അന്ത്യനാളുകളിൽ ആയതിനാൽ എല്ലായിടത്തുമുള്ള ദൈവജനത്തിന് പലവിധ സമ്മർദങ്ങളും പരിശോധനകളും നേരിടേണ്ടി വരുന്നു. (2 തിമൊ. 3:1-5) വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ നമുക്കെല്ലാം പ്രോത്സാഹനം ആവശ്യമാണ്. (1 കൊരി. 16:13, NW) യഹോവയുടെ സഹായത്താൽ നമുക്ക് അതിനു കഴിയും. അതിനു നാം ക്രമമായി ദൈവവചനത്തിൽനിന്നു ഭക്ഷിക്കുകയും അവന്റെ ആത്മാവിൽ ആശ്രയിക്കുകയും അവന്റെ സംഘടനയോട് അടുത്തു പറ്റിനിൽക്കുകയും വേണം.—സങ്കീ. 37:28; റോമ. 8:38, 39; വെളി. 2:10.
2 അക്കാരണത്താലാണ് ഈ വർഷത്തെ പ്രത്യേക സമ്മേളനദിന പരിപാടിയിൽ “ഗ്രഹണപ്രാപ്തികളിൽ പൂർണ വളർച്ച പ്രാപിച്ചവർ ആയിത്തീരുവിൻ” എന്ന വിഷയം വികസിപ്പിച്ചത്. 1 കൊരിന്ത്യർ 14:20-നെ (NW) ആസ്പദമാക്കിയുള്ളതായിരുന്നു അത്. അവിടെ അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകൾ നാം ഇപ്രകാരം വായിക്കുന്നു: “സഹോദരന്മാരേ, ഗ്രഹണപ്രാപ്തികളിൽ കുഞ്ഞുങ്ങൾ ആകാതിരിപ്പിൻ. മറിച്ച്, തിന്മ സംബന്ധിച്ചു ശിശുക്കളായിരിപ്പിൻ; അതേസമയം, ഗ്രഹണപ്രാപ്തികളിൽ പൂർണ വളർച്ച പ്രാപിച്ചവർ ആയിത്തീരുവിൻ.” ആ സമ്മേളനത്തെ കുറിച്ച് നിങ്ങൾക്ക് എന്തു തോന്നി?
3 “എത്ര പ്രോത്സാഹജനകം!” “ഞങ്ങൾക്ക് അവശ്യം വേണ്ടിയിരുന്നത്!” അതിനെ കുറിച്ചു കേൾക്കാൻ കഴിഞ്ഞ അഭിപ്രായങ്ങളിൽ രണ്ടെണ്ണം മാത്രമാണിത്. തന്റെ 12 വയസ്സുള്ള മകൾ സ്നാപനമേൽക്കുന്നതു കാണാൻ സാക്ഷിയല്ലാത്ത ഒരാൾ പ്രത്യേക സമ്മേളന ദിനത്തിനു വന്നിരുന്നു. പരിപാടികൾ തന്നിൽ വളരെ നല്ല മതിപ്പ് ഉളവാക്കിയെന്നും അവ തന്റെ കുടുംബത്തിനു പ്രയോജനം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെതന്നെയാണോ നിങ്ങൾക്കും തോന്നുന്നത്? പരിപാടിയിലെ ചില സവിശേഷ ആശയങ്ങൾ നമുക്കു വീണ്ടുമൊന്ന് ഓർമയിലേക്കു കൊണ്ടുവരാം.
4 ഗ്രഹണപ്രാപ്തികൾ വികസിപ്പിക്കുന്നതിന് സൂക്ഷ്മ പരിജ്ഞാനം അത്യന്താപേക്ഷിതം: “നിങ്ങളുടെ ഗ്രഹണപ്രാപ്തികൾ ഇപ്പോൾ വളർത്തിയെടുക്കുക” എന്ന പ്രാരംഭ പ്രസംഗത്തിൽ, അനുദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിന് എന്ത് ആവശ്യമാണെന്നാണ് പ്രസംഗകൻ ഊന്നിപ്പറഞ്ഞത്? മാനസിക പ്രാപ്തി മാത്രം മതിയാകുന്നില്ല. നമ്മുടെ ബൈബിൾ ഗ്രാഹ്യം നാം വികസിപ്പിക്കുകയും ആഴമുള്ളതാക്കുകയും വേണം. അല്ലാത്തപക്ഷം, നമ്മുടെ ചുറ്റുപാടുമുള്ള തിന്മകൾ നമ്മെ കീഴ്പെടുത്തും. ഈ ഗ്രാഹ്യം നേടണമെങ്കിൽ ദിവ്യ മാർഗനിർദേശം ആവശ്യമാണ്. സങ്കീർത്തനക്കാരനെപ്പോലെ, യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാൻ കഴിയേണ്ടതിന് അവന്റെ നിയമങ്ങളും ഓർമിപ്പിക്കലുകളും നമ്മെ ഗ്രഹിപ്പിക്കാൻ പ്രാർഥനയിലൂടെ നാം അവനോട് അപേക്ഷിക്കണം.—സങ്കീ. 119:1, 2, 34, NW.
5 അടുത്ത പ്രസംഗത്തിലൂടെ, “ബൈബിൾ ഗ്രാഹ്യത്തിൽ പൂർണവളർച്ച പ്രാപിക്കുന്നതിനുള്ള സഹായങ്ങൾ” യഹോവ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നമുക്കു നൽകുന്നുവെന്ന് സർക്കിട്ട് മേൽവിചാരകൻ കാണിച്ചുതന്നു. “ഒരു കാര്യത്തെ അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു കാണാനും അതിന്റെ ഭാഗങ്ങൾക്ക് മുഴു സംഗതിയുമായുള്ള ബന്ധം മനസ്സിലാക്കുകവഴി അതിന്റെ ഘടന വിവേചിച്ച് അറിയാനും ഉള്ള പ്രാപ്തി” എന്ന് ഗ്രാഹ്യത്തെ നിർവചിക്കുകയുണ്ടായി. ഈ പ്രാപ്തി വികസിപ്പിക്കുന്നതിന് ആർക്കു നമ്മെ സഹായിക്കാനാകും? ആത്മീയ പുരോഗതി വരുത്തുന്നതിൽ നമ്മെ സഹായിക്കാൻ യഹോവ മനുഷ്യരാം ദാനങ്ങളെ പ്രദാനം ചെയ്തിരിക്കുന്നു. (എഫെ. 4:11, 12) ദൈവവചനം അനുദിനം വായിക്കാനും എല്ലാ സഭായോഗങ്ങൾക്കും ക്രമമായി ഹാജരാകാനും അവന്റെ ഭൗമിക സംഘടന നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീ. 1:2) വ്യക്തിപരമായ പഠനത്തിനും കുടുംബ അധ്യയനത്തിനും അതുപോലെതന്നെ സഭായോഗങ്ങൾ വയൽസേവനം എന്നിവയ്ക്കു തയ്യാറാകുന്നതിനും ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഈ കരുതലുകളെല്ലാം നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നോ? നിങ്ങൾക്കു ക്രമമായ അടിസ്ഥാനത്തിലുള്ള ഒരു വ്യക്തിഗത ബൈബിൾ വായനാ പരിപാടി ഉണ്ടോ? ലൗകിക പ്രവണതകൾക്കും ഭ്രമങ്ങൾക്കും തത്ത്വജ്ഞാനങ്ങൾക്കും വഞ്ചനാത്മക സ്വാധീനങ്ങൾക്കും ഇരയാകാതെ സംരക്ഷിക്കപ്പെടുന്നതിന് ഇത് അത്യാവശ്യമാണ്.—കൊലൊ. 2:6-8.
6 നമ്മുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കേണ്ടതുണ്ട്: “ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിച്ചുകൊണ്ട് ആത്മീയത പരിരക്ഷിക്കുക” എന്ന തന്റെ ആദ്യ പ്രസംഗത്തിൽ, സന്ദർശക പ്രസംഗകൻ, ലോകത്തിലെ ആളുകൾക്ക് ശരിയും തെറ്റും വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്ന സംഗതി വിശദീകരിച്ചു. (യെശ. 5:20, 21) ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങൾ അംഗീകരിക്കാനും പിൻപറ്റാനും അവർ വിസമ്മതിക്കുന്നതിന്റെ ഫലമാണത്. നേരെ മറിച്ച്, യഹോവയുടെ സംഘടനയിൽനിന്ന് ആത്മീയ പരിശീലനം ലഭിച്ചിട്ടുള്ള നാം ദൈവത്തിന്റെ പ്രമാണങ്ങൾ തിരിച്ചറിയുന്നു. നമ്മുടെ പ്രവർത്തനങ്ങളെയും നടത്തയെയും നേർവഴിയിൽ നയിക്കാൻ അവ നമ്മെ സഹായിക്കുന്നു. തന്മൂലം, ദൈവത്തിന്റെ ദൃഷ്ടിയിൽ നല്ലതും അംഗീകാരയോഗ്യവും അവന്റെ പൂർണതയുള്ള ഹിതത്തിനു ചേർച്ചയിലുമായിരിക്കുന്ന കാര്യങ്ങൾ ഏതെല്ലാമാണെന്ന് ഉറപ്പുവരുത്താൻ പറ്റിയ സാഹചര്യത്തിലാണു നമ്മൾ.—റോമ. 12:2, NW.
7 ലോകത്തിന്റെ ആശയക്കുഴപ്പവും അതിന്റെ ദാരുണമായ ഭവിഷ്യത്തുകളും ഒഴിവാക്കാൻ നാം തുടർച്ചയായി നമ്മുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അത് എങ്ങനെ സാധിക്കും? എബ്രായർ 5:12-14-ൽ, വചനത്തിന്റെ “പാൽ” മാത്രം കുടിക്കുന്നതിലുപരി ആവശ്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. സഭാ പുസ്തക അധ്യയനത്തിൽ യെശയ്യാ പ്രവചനം പഠിക്കുന്നതിലൂടെ ലഭിക്കുന്നതു പോലുള്ള കട്ടിയായ ആത്മീയ ആഹാരം നമുക്ക് ആവശ്യമാണ്. എന്നിട്ട്, പഠിക്കുന്ന കാര്യങ്ങൾ നാം ഉടനടി നമ്മുടെ ജീവിതത്തിൽ ബാധകമാക്കണം. അങ്ങനെ ചെയ്യുമ്പോൾ യഹോവയുടെ തത്ത്വങ്ങളുടെയും പ്രമാണങ്ങളുടെയും ഔചിത്യം സംബന്ധിച്ചു നമുക്കു ബോധ്യം വരുന്നു. ഇത് തെറ്റും ശരിയും വ്യക്തമായി തിരിച്ചറിയാൻ നമ്മുടെ ഗ്രഹണ പ്രാപ്തികളെ പരിശീലിപ്പിക്കുന്നു.
8 ചിലർ ആത്മീയമായി വഴിതെറ്റിപ്പോയിരിക്കുന്നു എന്നതു സങ്കടകരമാണ്. എന്തുകൊണ്ടാണ് അതു സംഭവിച്ചത്? യഹോവയുടെ ദൃഷ്ടിയിൽ ശരിയായതും നേരുള്ളതും ആയ കാര്യങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. തത്ഫലമായി, അവർ റേഡിയോയിലോ ടെലിവിഷനിലോ വരുന്ന, പ്രമുഖ വ്യക്തികളുമായുള്ള തിരുവെഴുത്തുപരമായി ചോദ്യം ചെയ്യത്തക്ക വിവരങ്ങളടങ്ങിയ ചർച്ചകൾക്കോ അഭിമുഖങ്ങൾക്കോ അധഃപതിപ്പിക്കുന്ന സംഗീതത്തിനോ കമ്പ്യൂട്ടർ ചാറ്റ് റൂമുകളിലെ മോശമായ സ്വാധീനത്തിനോ ഒക്കെ ഇരകളായിരിക്കുന്നു. ജ്ഞാനപൂർവം പ്രവർത്തിക്കുന്നതിനാൽ അധാർമികരോ ഭോഷന്മാരോ ദുഷ്ടരോ ആയവരുടെ സ്വാധീനത്തിൽ പെട്ടുപോകുന്നതു നാം ഒഴിവാക്കും.—സദൃ. 13:20; ഗലാ. 5:7; 1 തിമൊ. 6:20, 21.
9 യുവജനങ്ങൾ “തിന്മെക്കു ശിശുക്കൾ” ആയിരിക്കണം: ഗ്രഹണപ്രാപ്തികൾ വികസിപ്പിക്കുന്നതിന് വിശേഷാൽ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രണ്ടു പ്രസംഗങ്ങൾ ഉണ്ടായിരുന്നു. “തിന്മെക്കു ശിശുക്കൾ” ആയിരിക്കുക എന്നാൽ യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധമായിരിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക, അതായത് അക്കാര്യത്തിൽ ശിശുക്കളെപ്പോലെ നിഷ്കളങ്കരായിരിക്കുക എന്നാണെന്നു പ്രസംഗകർ വ്യക്തമാക്കി. (1 കൊരി. 14:20) യാതൊരു തിന്മയ്ക്കും വശംവദരാകാതെ അതിനോടു ചെറുത്തുനിൽക്കാനും അതിനാൽ ബാധിക്കപ്പെടാതിരിക്കാനും കഴിയേണ്ടതിന് സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന കാര്യത്തിൽ ജാഗരൂകരായിരിക്കാൻ നമുക്കെല്ലാം പ്രോത്സാഹനം ലഭിച്ചു. (എഫെ. 5:15-17) ആത്മീയ കാര്യങ്ങളുടെ ഗ്രാഹ്യത്തിനു നേരിട്ടു സഹായിക്കാത്തതരം വായനയ്ക്കായി എത്രമാത്രം സമയം ചെലവഴിക്കുന്നുവെന്നു കണക്കാക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടു. നിങ്ങൾ അതു ചെയ്തോ? പരിശോധനാ ഫലം എന്തു വെളിപ്പെടുത്തി? ദിവസവും ബൈബിൾ വായിക്കുന്നതിനു പുറമേ, സംഘടന പ്രദാനം ചെയ്യുന്ന സാഹിത്യങ്ങൾ ക്രമമായി വായിക്കാനും ദൃഢനിശ്ചയമുള്ളവരായിരിക്കുക. അങ്ങനെ ചെയ്യുന്നത്, ചെറുപ്പക്കാർ ഉൾപ്പെടെ നമ്മെ എല്ലാവരെയും “ഗ്രാഹ്യം സമ്പാദിക്കാൻ” സഹായിക്കും.—സദൃ. 4:7-9, NW.
10 “ബൈബിൾ തത്ത്വങ്ങൾ ഗ്രാഹ്യത്തോടെ ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങൾ”: അതായിരുന്നു പ്രത്യേക സമ്മേളനദിന പരിപാടിയിലെ അവസാന പ്രസംഗത്തിന്റെ വിഷയം. ജീവദായക ഗ്രാഹ്യത്തിന്റെ ഉറവാണ് യഹോവ എന്ന് പ്രസംഗകൻ വിശദീകരിച്ചു. ആ ഗ്രാഹ്യം മുഴു മനുഷ്യവർഗത്തിന്റെയും ഗ്രാഹ്യത്തെക്കാൾ അളവറ്റവിധം ശ്രേഷ്ഠമാണ്. യഹോവയുടെ ഗ്രാഹ്യം സമ്പാദിക്കാൻ അവസരം ലഭിക്കുന്നതിനെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ! അതു ലഭിക്കാൻ ആത്മാർഥമായി അന്വേഷിക്കുകയും വിശ്വാസത്തോടെ അതിനായി അപേക്ഷിക്കുകയും ചെയ്യുന്നവർക്ക് യഹോവ അത് ഉദാരമായി നൽകുന്നു. (സദൃ. 2:3-5, 9; 28:5; NW) അവന്റെ വാഗ്ദാനത്തെ നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ?
11 ബൈബിൾ വായിക്കുമ്പോൾ അതിലെ തത്ത്വങ്ങൾ തിരിച്ചറിയാൻ പഠിക്കുന്നതിനു നാം പ്രോത്സാഹിപ്പിക്കപ്പെട്ടു. (2 തിമൊ. 3:16, 17) യഹോവ പറയുന്ന കാര്യങ്ങളുടെ ഒരു സൂക്ഷ്മമായ ഗ്രാഹ്യം സമ്പാദിക്കാൻ കഴിയേണ്ടതിന് അതു ശ്രദ്ധാപൂർവം പഠിക്കുക. ഈ തത്ത്വങ്ങളെ കുറിച്ചു ധ്യാനിക്കുന്നതിനു സമയമെടുക്കുക, അവയെ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ഉറപ്പിച്ചുനിറുത്തുക. അത് നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുകയും അങ്ങനെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾക്കു വിജയം കണ്ടെത്തുന്നതിനു സാധിക്കുകയും ചെയ്യും. (യോശു. 1:8) അനേകരും അഭിമുഖീകരിക്കുന്ന ചില സാഹചര്യങ്ങൾ നമുക്കു പരിചിന്തിക്കാം. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ എപ്രകാരം സഹായിക്കുമെന്നു നമുക്കു നോക്കാം.
12 ‘ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും ചമയവും ഞാൻ സ്വീകരിക്കണമോ?’ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിലുള്ള ലോകത്തിന്റെ ഭ്രാന്തമായ രീതികൾ ഒരു മത്സരാത്മാവിനെ പ്രതിഫലിപ്പിക്കുന്നു. അത്തരം ആത്മാവ്, അലക്ഷ്യവും അനാകർഷകവുമായി വസ്ത്രം ധരിക്കാനോ ലൈംഗികത പ്രദർശിപ്പിക്കാനോ ആളുകളെ സ്വാധീനിക്കുന്നു. അത്തരം പ്രേരണകളെ ചെറുത്തു തോൽപ്പിക്കാൻ വ്യക്തമായ ഏതു ബൈബിൾ തത്ത്വങ്ങൾ നമ്മെ സഹായിക്കും? ഗ്രഹണപ്രാപ്തികളിൽ പരിശീലനം ലഭിച്ചവർ എന്ന നിലയിൽ നാം 1 തിമൊഥെയൊസ് 2:9, 10-ൽ കാണുന്ന, ‘ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ ദൈവഭക്തിയെ സ്വീകരിക്കുന്ന [ആളുകൾക്ക്] ഉചിതമാകുംവണ്ണം’ വസ്ത്രം ധരിക്കുക എന്ന തത്ത്വം പരിഗണിക്കും. ബാധകമാകുന്ന മറ്റു തത്ത്വങ്ങളിൽ 2 കൊരിന്ത്യർ 6:3-ലും കൊലൊസ്സ്യർ 3:18, 20-ലും പരാമർശിച്ചിരിക്കുന്നവ ഉൾപ്പെടുന്നു.
13 ‘കുടുംബ ബന്ധങ്ങൾ ശക്തമായി നിലനിറുത്താൻ എനിക്ക് എന്തു ചെയ്യാനാകും?’ കുടുംബാംഗങ്ങൾക്ക് ഇടയിലെ നല്ല ആശയവിനിമയം ജീവത്പ്രധാനമാണ്. യാക്കോബ് 1:19 നമ്മോട് ഇപ്രകാരം പറയുന്നു: “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” കുടുംബാംഗങ്ങൾ അന്യോന്യം സംസാരിക്കുകയും ശ്രദ്ധിക്കുകയും വേണം, കാരണം കുടുംബത്തിലെ ആശയവിനിമയം ദ്വിദിശാ ഗതാഗതപാത പോലെയാണ്. നാം പറയുന്നത് സത്യമായിരിക്കുമ്പോൾ പോലും അതു പറയുന്നത് ക്രൂരമായോ അഹങ്കാരത്തോടെയോ നിർവികാരമായോ ആണെങ്കിൽ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ട് നാം ഭർത്താവോ ഭാര്യയോ, പിതാവോ മാതാവോ കുട്ടിയോ, ആരുതന്നെ ആയിരുന്നാലും നമ്മുടെ വാക്കുകൾ “എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരി”ക്കാൻ നാം ശ്രദ്ധിക്കണം.—കൊലൊ. 4:6.
14 ‘ഭൗതികത്വ ചിന്താഗതി എന്നെ ബാധിക്കുന്നുണ്ടോ?’ ഒരുവന്റെ ജീവിതത്തെ സങ്കീർണമാക്കുന്ന ലൗകിക സമ്മർദമാണു ഭൗതികത്വം. യഥാർഥ സന്തുഷ്ടി നേടാൻ അത് ഒരുവനെ സഹായിക്കുന്നില്ല. (സഭാ. 5:10; ലൂക്കൊ 12:15; 1 തിമൊ 6:9, 10) ഭൗതികത്വത്തിന്റെ കെണി ഒഴിവാക്കാൻ സഹായിക്കുന്നതിന് യേശു നമ്മെ സുപ്രധാനമായ ഈ തത്ത്വം പഠിപ്പിച്ചു: കണ്ണ് ലളിതമായി സൂക്ഷിക്കുക. സമനിലയുള്ളതും അത്ര സങ്കീർണമല്ലാത്തതുമായ ജീവിതം നയിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്, നമ്മുടെ കണ്ണുകൾ രാജ്യ താത്പര്യങ്ങളിൽ കേന്ദ്രീകരിക്കുന്നതും മറ്റെല്ലാം രണ്ടാം സ്ഥാനത്തു വെക്കുന്നതുമാണ്.—മത്താ. 6:22, 23, 33.
15 നമ്മുടെ ലക്ഷ്യം ആയിരിക്കേണ്ടത്: തീരുമാനങ്ങൾ എടുക്കുന്നതിൽ നമ്മെ വഴികാട്ടുന്നതിന് നീതിനിഷ്ഠമായ തത്ത്വങ്ങളുടെ ആശ്രയയോഗ്യമായ ഒരു ഉറവ് നമുക്കു ദൈവവചനത്തിൽ ഉണ്ട്. നാം ഈ തത്ത്വങ്ങൾ പഠിക്കുകയും അവയെ കുറിച്ചു ധ്യാനിക്കുകയും അവ നമ്മുടെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നു ഗ്രഹിക്കുകയും വേണം. അങ്ങനെ ‘നന്മതിന്മകളെ തിരിച്ചറിയാൻ നമ്മുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുന്നതിനാൽ’ നമുക്കുതന്നെ പ്രയോജനം ലഭിക്കും, നാം യഹോവയെ ബഹുമാനിക്കുകയും ചെയ്യും.—എബ്രാ. 5:14, NW.