യഹോവയുടെ സ്ഥാപനത്തോടൊപ്പം വിശ്വസ്തമായി സേവിക്കൽ
“വിശ്വസ്തനോടു നീ വിശ്വസ്തതയോടെ പ്രവർത്തിക്കും.”—2 ശമൂവേൽ 22:26, NW.
1, 2. സഭയിൽ നാമെല്ലാം കണ്ടേക്കാവുന്ന വിശ്വസ്തതയുടെ ചില ദൃഷ്ടാന്തങ്ങളേവ?
ക്രിസ്തീയ യോഗത്തിനായി ഒരു മൂപ്പൻ രാത്രി വൈകി ഒരു പ്രസംഗം തയ്യാറാകുന്നു. അതു നിർത്തിയിട്ട് ഒന്നു വിശ്രമിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്; എങ്കിലും, ആട്ടിൻകൂട്ടത്തെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തിരുവെഴുത്തു ദൃഷ്ടാന്തങ്ങളും ഉപമകളും തേടിക്കൊണ്ട് അദ്ദേഹം തയ്യാറാകൽ തുടരുന്നു. ആ യോഗം നടക്കുന്ന രാത്രിയിൽ അതേ സഭയിലെ ക്ഷീണിതരായ ഒരു മാതാവിനും പിതാവിനും ആ സായാഹ്നം വീട്ടിൽ ചെലവഴിക്കാനാണ് ആഗ്രഹം; എങ്കിലും, അവർ ക്ഷമാപൂർവം തങ്ങളുടെ കുട്ടികളെ ഒരുക്കി യോഗത്തിനു പോകുന്നു. ആ യോഗത്തിനു ശേഷം, ഒരു കൂട്ടം ക്രിസ്ത്യാനികൾ മൂപ്പന്റെ പ്രസംഗത്തെക്കുറിച്ചു ചർച്ചചെയ്യുന്നു. ഒരിക്കൽ ആ സഹോദരൻ തന്നെ വ്രണപ്പെടുത്തിയെന്നു പറയാൻ ഒരു സഹോദരിക്കു പ്രലോഭനം തോന്നുന്നു; എങ്കിലും, അദ്ദേഹം പറഞ്ഞ ഒരു ആശയത്തെക്കുറിച്ച് ആ സഹോദരി ഉത്സാഹപൂർവം സംസാരിക്കുന്നു. ഇവിടെയെല്ലാം പൊതുവായ ഒരു സംഗതി ഉള്ളതായി നിങ്ങൾ കാണുന്നുവോ?
2 അതു വിശ്വസ്തതയാണ്. ആ മൂപ്പൻ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കാൻ വിശ്വസ്തമായി പ്രവർത്തിക്കുന്നു; ആ മാതാപിതാക്കൾ സഭായോഗങ്ങൾക്കു വിശ്വസ്തമായി ഹാജരാകുന്നു; ആ സഹോദരി മൂപ്പൻമാരെ വിശ്വസ്തമായി പിന്തുണയ്ക്കുന്നു. (എബ്രായർ 10:24, 25; 13:17; 1 പത്രൊസ് 5:2) അതേ, ജീവിതത്തിന്റെ എല്ലാ വശങ്ങളിലും യഹോവയെ അവന്റെ സ്ഥാപനത്തോടൊപ്പം വിശ്വസ്തമായി സേവിക്കാൻ ദൈവജനം ദൃഢനിശ്ചയം ചെയ്തിരിക്കുന്നതു നാം കാണുന്നു.
3. യഹോവയുടെ ഭൗമിക സ്ഥാപനത്തോടു നാം വിശ്വസ്തരായി തുടരുന്നതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
3 ഈ ദുഷിച്ച ലോകത്തിലേക്കു നോക്കുമ്പോൾ യഹോവ വളരെക്കുറച്ചു വിശ്വസ്തതയേ കാണുന്നുള്ളൂ. (മീഖാ 7:2) തന്റെ ജനത്തിന്റെ വിശ്വസ്തത നിരീക്ഷിക്കുമ്പോൾ അവന്റെ ഹൃദയം എത്രമാത്രം സന്തോഷത്തോടെ പ്രതികരിക്കും! അതേ, നിങ്ങളുടെ വിശ്വസ്തതയും അവന് ആനന്ദം പകരുന്നു. എന്നാൽ, അത് ആദിമ മത്സരിയായ സാത്താനെ കോപാകുലനാക്കുകയും അവനെ നുണയനെന്നു തെളിയിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:11; യോഹന്നാൻ 8:44) യഹോവയോടും അവന്റെ ഭൗമിക സ്ഥാപനത്തോടുമുള്ള നമ്മുടെ വിശ്വസ്തതയ്ക്കു തുരങ്കംവെക്കാൻ സാത്താൻ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുക. അവൻ ഇതു ചെയ്യുന്ന ചില വിധങ്ങൾ നമുക്കു പരിശോധിക്കാം. അന്ത്യംവരെ എങ്ങനെ വിശ്വസ്തരായി നിലകൊള്ളാനാകുമെന്നു നമുക്കങ്ങനെ മെച്ചമായി മനസ്സിലാക്കാം.—2 കൊരിന്ത്യർ 2:11.
അപൂർണതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വിശ്വസ്തതയെ നശിപ്പിച്ചേക്കാം
4. (എ) അധികാരസ്ഥാനത്തുള്ളവരെക്കുറിച്ചു വിമർശനാത്മക വീക്ഷണം പുലർത്തുന്നത് എളുപ്പമായിരിക്കുന്നതെന്തുകൊണ്ട്? (ബി) കോരഹ് യഹോവയുടെ സ്ഥാപനത്തോട് അവിശ്വസ്തനാണെന്നു തെളിഞ്ഞതെങ്ങനെ?
4 ഒരു വ്യക്തി ഉത്തരവാദിത്വസ്ഥാനത്ത് ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ തെറ്റുകൾ കൂടുതൽ പ്രകടമായേക്കാം. ‘സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരട്’ എടുക്കുക എത്ര എളുപ്പമാണ്! (മത്തായി 7:1-5) എന്നാൽ, തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവിശ്വസ്തതയ്ക്കിടയാക്കിയേക്കാം. ദൃഷ്ടാന്തീകരിക്കുന്നതിന്, കോരഹും ദാവീദും തമ്മിലുള്ള വൈപരീത്യം പരിഗണിക്കുക. കോരഹ് വളരെയേറെ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നു. സാധ്യതയനുസരിച്ച് അനേക വർഷങ്ങൾ അവൻ വിശ്വസ്തനായിരുന്നിട്ടുണ്ട്. എന്നാൽ അവൻ അത്യാഗ്രഹിയായിത്തീർന്നു. തന്റെ അടുത്ത മച്ചുനന്മാരായിരുന്ന മോശയുടെയും അഹരോന്റെയും അധികാരത്തിൽ അവൻ നീരസംപൂണ്ടു. മോശ മനുഷ്യരിൽവെച്ച് ഏറ്റവും സൗമ്യനായിരുന്നെങ്കിലും വ്യക്തമായും, കോരഹ് അവനെ വിമർശനാത്മക കണ്ണുകൾകൊണ്ടു നോക്കാൻ തുടങ്ങി. സാധ്യതയനുസരിച്ച് അവൻ മോശയിൽ തെറ്റുകൾ കണ്ടെത്തി. എന്നാൽ, ആ തെറ്റുകൾ യഹോവയുടെ സ്ഥാപനത്തോടുള്ള കോരഹിന്റെ അവിശ്വസ്തതയെ നീതീകരിച്ചില്ല. സഭയുടെ നടുവിൽനിന്ന് അവൻ നശിപ്പിക്കപ്പെട്ടു.—സംഖ്യാപുസ്തകം 12:3; 16:11; 31-33.
5. ശൗലിനെതിരെ മത്സരിക്കാൻ ദാവീദിനു പ്രലോഭനം തോന്നിയിരിക്കാവുന്നതെന്തുകൊണ്ട്?
5 നേരേമറിച്ച്, ദാവീദ് ശൗൽ രാജാവിന്റെ കീഴിൽ സേവിച്ചു. ഒരിക്കൽ ഒരു നല്ല രാജാവായിരുന്ന ശൗൽ ശരിക്കും ദുഷ്ടനായിത്തീർന്നിരുന്നു. അസൂയാലുവായ ശൗലിന്റെ ആക്രമണങ്ങളെ അതിജീവിക്കുന്നതിന് ദാവീദിനു വിശ്വാസവും സഹിഷ്ണുതയും ‘അൽപ്പം കൗശലം പോലും’ ആവശ്യമായിരുന്നു. എന്നിട്ടും, പകരംവീട്ടാൻ ദാവീദിന് അവസരം ലഭിച്ചപ്പോൾ, യഹോവ അഭിഷേകം ചെയ്ത ഒരുവനെതിരെ അവിശ്വസ്തമായി പെരുമാറുന്നത് ‘യഹോവയുടെ വീക്ഷണത്തിൽ അചിന്തനീയമാണെ’ന്ന് അവൻ പറഞ്ഞു.—1 ശമൂവേൽ 26:11, NW.
6. മൂപ്പൻമാരിൽ ബലഹീനതകളും കുറ്റങ്ങളും കാണുന്നെങ്കിൽപോലും നാം ഒരിക്കലും എന്തു ചെയ്യരുത്?
6 നമ്മുടെ ഇടയിൽ നേതൃത്വസ്ഥാനത്തായിരിക്കുന്ന ചിലർ ന്യായത്തീർപ്പിൽ തെറ്റു ചെയ്യുന്നതായോ പരുഷമായി സംസാരിക്കുന്നതായോ പക്ഷപാതിത്വം കാട്ടുന്നതായോ തോന്നുമ്പോൾ, ഒരുപക്ഷേ സഭയിൽ ഒരു വിമർശന മനോഭാവത്തിന് ഇടയാക്കിക്കൊണ്ട്, നാം അവരെക്കുറിച്ചു പരാതി പറയുമോ? നാം പ്രതിഷേധിച്ചു ക്രിസ്തീയ യോഗങ്ങളിൽനിന്ന് അകന്നുനിൽക്കുമോ? തീർച്ചയായുമില്ല! ദാവീദിനെപ്പോലെ, യഹോവയോടും അവന്റെ സ്ഥാപനത്തോടും അവിശ്വസ്തരാകാൻ നമ്മെ പ്രേരിപ്പിക്കുന്നതിന് നാം മറ്റുള്ളവരുടെ തെറ്റുകളെ ഒരിക്കലും അനുവദിക്കുകയില്ല!—സങ്കീർത്തനം 119:165.
7. യെരൂശലേമിലെ ആലയത്തിൽ വികാസം പ്രാപിച്ചുവന്ന ചില ദുഷിച്ച നടപടികളേവ, യേശുവിന് അതെക്കുറിച്ച് എന്തു തോന്നി?
7 യേശുക്രിസ്തുവാണ് വിശ്വസ്തതയുടെ ഏറ്റവും മികച്ച മാനുഷ ദൃഷ്ടാന്തം. അവനെ യഹോവയുടെ “വിശ്വസ്തൻ” എന്നു പ്രാവചനികമായി വർണിച്ചിരിക്കുന്നു. (സങ്കീർത്തനം 16:10, NW) യെരൂശലേമിലെ ആലയത്തിന്റെ അധഃപതിച്ച ദുരുപയോഗം വിശ്വസ്തത പാലിക്കുകയെന്നത് ഒരു വെല്ലുവിളിയാക്കിയിട്ടുണ്ടായിരിക്കണം. മഹാപുരോഹിതന്റെ ജോലിയും ബലികളും തന്റെ സ്വന്തം ശുശ്രൂഷയെയും ബലിമരണത്തെയും മുൻനിഴലാക്കിയെന്നും ആളുകൾ ഇവയിൽനിന്നു പഠിക്കുന്നത് എത്ര മർമപ്രധാനമാണെന്നും യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് ആലയം “കള്ളൻമാരുടെ ഗുഹയാ”യിത്തീർന്നിരിക്കുന്നതു കണ്ടപ്പോൾ അവൻ ധാർമികരോഷംകൊണ്ടു. അതിനെ ശുദ്ധീകരിക്കാൻ അവൻ രണ്ടുതവണ ദൈവദത്ത അധികാരമുപയോഗിച്ച് നടപടികൾ സ്വീകരിച്ചു.a—മത്തായി 21:12, 13; യോഹന്നാൻ 2:15-17.
8. (എ) ആലയക്രമീകരണത്തോട് യേശു വിശ്വസ്തത കാണിച്ചതെങ്ങനെ? (ബി) യഹോവയെ അവന്റെ ശുദ്ധസ്ഥാപനത്തോടൊപ്പം സേവിക്കുന്നതിനെ നാം വിലമതിക്കുന്നുവെന്നു നമുക്കെങ്ങനെ പ്രകടമാക്കാൻ കഴിയും?
8 എന്നിട്ടും, യേശു ആലയ ക്രമീകരണത്തെ വിശ്വസ്തമായി പിന്താങ്ങി. ബാല്യംമുതൽ, ആലയത്തിലെ ഉത്സവങ്ങൾക്ക് അവൻ ഹാജരാകുകയും മിക്കപ്പോഴും അവിടെ പഠിപ്പിക്കുകയും ചെയ്തു. ആലയ നികുതി നൽകാൻ വാസ്തവത്തിൽ ബാധ്യസ്ഥനല്ലാതിരുന്നിട്ടും അവനതു നൽകി. (മത്തായി 17:24-27) ആലയ ഭണ്ഡാരത്തിൽ “തന്റെ ഉപജീവനം മുഴുവനും” ഇട്ടതിനു ദരിദ്രയായ വിധവയെ യേശു അനുമോദിച്ചു. അതിനുശേഷം കുറെനാൾ കഴിഞ്ഞ് യഹോവ ആ ആലയത്തെ സ്ഥിരമായി തള്ളിക്കളഞ്ഞു. എന്നാൽ അപ്പോൾവരെ, യേശു അതിനോടു വിശ്വസ്തനായിരുന്നു. (മർക്കൊസ് 12:41-44; മത്തായി 23:38) യഹോവയുടെ ഇന്നത്തെ ഭൗമിക സ്ഥാപനം ആലയമുൾപ്പെടെയുള്ള യഹൂദ വ്യവസ്ഥയെക്കാൾ വളരെയേറെ ഉന്നതമാണ്. അതു പൂർണതയുള്ളതല്ലെന്നതു സത്യമാണ്; അതുകൊണ്ടാണു ചിലപ്പോൾ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത്. എന്നാൽ അത് അഴിമതി നിറഞ്ഞതല്ല, യഹോവ അതിനെ നീക്കി മറ്റൊന്നു സ്ഥാപിക്കാൻ പോകുകയുമല്ല. നമ്മെ നീരസപ്പെടുത്താനോ വിമർശനാത്മക, നിഷേധാത്മക മനോഭാവം സ്വീകരിക്കാനോ അതിൽ കാണുന്ന ഏത് അപൂർണതകളെയും നാം ഒരിക്കലും അനുവദിക്കരുത്. മറിച്ച്, നമുക്ക് യേശുക്രിസ്തുവിന്റെ വിശ്വസ്തതയെ അനുകരിക്കാം.—1 പത്രൊസ് 2:21.
നമ്മുടെ സ്വന്തം അപൂർണതകൾ
9, 10. (എ) അവിശ്വസ്ത നടത്തയിലേക്കു നമ്മെ വശീകരിക്കാനായി സാത്താന്റെ വ്യവസ്ഥിതി നമ്മുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുന്നതെങ്ങനെ? (ബി) ഗുരുതരമായ പാപം ചെയ്ത ഒരുവൻ എന്തു ചെയ്യണം?
9 നമ്മുടെ അപൂർണതകളെ ചൂഷണം ചെയ്തുകൊണ്ടും അവിശ്വസ്തത ഊട്ടിവളർത്താൻ സാത്താൻ ശ്രമിക്കുന്നു. യഹോവയുടെ ദൃഷ്ടിയിൽ തെറ്റായതു ചെയ്യാൻ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ട് അവന്റെ വ്യവസ്ഥിതി നമ്മുടെ ദൗർബല്യങ്ങളെ മുതലെടുക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ഓരോ വർഷവും ആയിരങ്ങൾ അധാർമികതയ്ക്കു വഴിപ്പെടുന്നു. ഒരു ഇരട്ട ജീവിതം നയിച്ചുകൊണ്ട്, അതായത് ഒരു ദുഷ്ടജീവിതഗതിയിൽ തുടരുമ്പോൾതന്നെ വിശ്വസ്ത ക്രിസ്ത്യാനികളായി കഴിയുന്നുവെന്നു നടിച്ചുകൊണ്ട്, ചിലർ ഈ അവിശ്വസ്തതയെ കൂടുതൽ വഷളാക്കിയിരിക്കുന്നു. ഈ വിഷയത്തെ അധികരിച്ച്, ഉണരുക! മാസികയിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽ വന്ന ലേഖനങ്ങളോടു പ്രതികരിച്ചുകൊണ്ട് ഒരു യുവതി എഴുതി: “ആ ലേഖനങ്ങൾ ശരിക്കും എന്റെ ജീവിതകഥയായിരുന്നു.” യഹോവയോട് ഒരു സ്നേഹവുമില്ലാത്ത ചെറുപ്പക്കാരുമായി അവൾ രഹസ്യ സൗഹൃദം വളർത്തിയെടുത്തിരുന്നു. ഫലമോ? അവൾ എഴുതുന്നു: “എന്റെ ജീവിതം പടുകുഴിയിലായി, ഞാൻ അധാർമികതയിൽ ഉൾപ്പെട്ടു. അങ്ങനെ എനിക്കു ശാസന ലഭിച്ചു. യഹോവയുമായുള്ള എന്റെ ബന്ധം തകരാറിലായിരുന്നു. മാതാപിതാക്കൾക്കും മൂപ്പൻമാർക്കും എന്നിലുള്ള വിശ്വാസവും നഷ്ടമായി.”b
10 മൂപ്പൻമാരിൽനിന്നു സഹായം ലഭിച്ച ഈ യുവതി യഹോവയ്ക്കുള്ള വിശ്വസ്ത സേവനത്തിലേക്കു മടങ്ങിവന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഒട്ടേറെപ്പേർ ഏറ്റവും മോശമായ ഭവിഷ്യത്തുകൾ അനുഭവിക്കുന്നു. ചിലർ സഭയിലേക്ക് ഒരിക്കലും മടങ്ങിവരുന്നതുമില്ല. ഈ ദുഷ്ടലോകത്തിൽ വിശ്വസ്തരായിരിക്കുന്നതും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുന്നതും എത്രയോ മെച്ചമാണ്! ലൗകിക സഹവാസവും അധഃപതിപ്പിക്കുന്ന വിനോദവും പോലുള്ള കാര്യങ്ങളിൽ വീക്ഷാഗോപുരം, ഉണരുക! മാസികകൾ നൽകുന്ന മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുക. അവിശ്വസ്ത നടത്തയിലേക്കു നിങ്ങൾ ഒരിക്കലും വീണുപോകാതിരിക്കട്ടെ. എന്നാൽ നിങ്ങൾക്കതു സംഭവിക്കുന്നെങ്കിൽ, അതു സംഭവിച്ചിട്ടില്ലാത്തതുപോലെ നടിക്കരുത്. (സങ്കീർത്തനം 26:4) പകരം സഹായം തേടുക. അതു നൽകാനാണു ക്രിസ്തീയ മാതാപിതാക്കളും മൂപ്പൻമാരുമുള്ളത്.—യാക്കോബ് 5:14.
11. നമ്മെക്കുറിച്ചുതന്നെ പ്രതീക്ഷയ്ക്കു വകയില്ലാത്തവിധം മോശമായ വീക്ഷണം പുലർത്തുന്നതു തെറ്റായിരിക്കുന്നതെന്തുകൊണ്ട്, നമ്മുടെ വീക്ഷണം തിരുത്തുന്നതിനു ബൈബിളിലെ ഏതു മുൻമാതൃകയ്ക്കു നമ്മെ സഹായിക്കാനാകും?
11 നമ്മുടെ അപൂർണതകൾ മറ്റൊരു വിധത്തിലും നമ്മെ അപകടപ്പെടുത്തിയേക്കാം. അവിശ്വസ്ത പ്രവൃത്തി ചെയ്യുന്ന ചിലർ യഹോവയെ പ്രസാദിപ്പിക്കാനുള്ള ശ്രമങ്ങൾ നിർത്തുന്നു. ദാവീദ് വളരെ ഗുരുതരമായ പാപങ്ങൾ ചെയ്തെന്ന് ഓർമിക്കുക. എന്നിട്ടും, ദാവീദിന്റെ മരണത്തിന് വളരെക്കാലത്തിനു ശേഷം, യഹോവ അവനെ ഒരു വിശ്വസ്ത ദാസൻ എന്നനിലയിൽ ഓർമിച്ചു. (എബ്രായർ 11:32; 12:1) എന്തുകൊണ്ട്? കാരണം യഹോവയെ പ്രസാദിപ്പിക്കാനുള്ള ശ്രമങ്ങൾ അവൻ ഒരിക്കലും നിർത്തിയില്ല. സദൃശവാക്യങ്ങൾ 24:16 പറയുന്നു: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും.” തീർച്ചയായും, നാം പോരാടിക്കൊണ്ടിരിക്കുന്ന ചില ദൗർബല്യങ്ങൾ നിമിത്തം നിസ്സാരമായ പാപങ്ങളിലേക്ക് ആവർത്തിച്ചാവർത്തിച്ചു വഴുതിവീഴുന്നെങ്കിൽ, ‘എഴുന്നേൽക്കു’ന്നതിൽ അതായത് ആത്മാർഥമായി അനുതപിച്ച് വിശ്വസ്ത സേവനത്തിന്റെ ഗതി പുനരാരംഭിക്കുന്നതിൽ തുടരുന്നെങ്കിൽ യഹോവയുടെ ദൃഷ്ടിയിൽ നാം അപ്പോഴും നീതിമാന്മാരായിരുന്നേക്കാം.—2 കൊരിന്ത്യർ 2:7 താരതമ്യം ചെയ്യുക.
അവിശ്വസ്തതയുടെ കുടില രൂപങ്ങൾ സംബന്ധിച്ചു ജാഗരൂകരായിരിക്കുക!
12. പരീശൻമാരുടെ സംഗതിയിൽ ഒരു കർക്കശമായ, നിയമാനുഷ്ഠാന വീക്ഷണഗതി അവിശ്വസ്തതയിലേക്കു നയിച്ചതെങ്ങനെ?
12 അവിശ്വസ്തത വഞ്ചനാത്മകമായ രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നു. അതു വിശ്വസ്തതയുടെ മുഖംമൂടി അണിയുകപോലും ചെയ്തേക്കാം! ദൃഷ്ടാന്തത്തിന്, തങ്ങൾ മുന്തിയ വിധത്തിൽ വിശ്വസ്തരാണെന്ന് സാധ്യതയനുസരിച്ച് യേശുവിന്റെ നാളിലെ പരീശൻമാർ കരുതിയിരുന്നിരിക്കാം.c വിശ്വസ്തനായിരിക്കുന്നതും വഴക്കമില്ലാത്ത ഒരു നിയമാനുഷ്ഠാനവാദി ആയിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം കാണാൻ അവർ പരാജയപ്പെട്ടു, കാരണം അവർ കർക്കശരും പരുഷരായ ന്യായവിധിമനോഭാവക്കാരുമായിരുന്നു. (സഭാപ്രസംഗി 7:16 താരതമ്യം ചെയ്യുക.) ഇങ്ങനെ അവർ വാസ്തവത്തിൽ, തങ്ങൾ സേവിക്കേണ്ടിയിരുന്ന ജനത്തോടും തങ്ങൾ പഠിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന ന്യായപ്രമാണത്തിന്റെ അന്തസ്സത്തയോടും യഹോവയോടുതന്നെയും അവിശ്വസ്തരായിരുന്നു. നേരേമറിച്ച് യേശു സ്നേഹത്തിലധിഷ്ഠിതമായ, ന്യായപ്രമാണത്തിന്റെ അന്തസ്സത്തയോടു വിശ്വസ്തനായിരുന്നു. അങ്ങനെ, മിശിഹൈക പ്രവചനങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ അവൻ ആളുകളെ കെട്ടുപണിചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.—യെശയ്യാവു 42:3; 50:4; 61:1, 2.
13. (എ) ക്രിസ്തീയ മാതാപിതാക്കൾ എപ്രകാരം അവിശ്വസ്തരായേക്കാം? (ബി) കുട്ടികൾക്കു ശിക്ഷണം നൽകുന്നതിൽ മാതാപിതാക്കൾ അമിതമായി പരുഷരോ വിമർശകരോ കുറ്റംകണ്ടുപിടിക്കുന്നവരോ ആയിരിക്കരുതാത്തത് എന്തുകൊണ്ട്?
13 കുറെയൊക്കെ അധികാരമുള്ള ക്രിസ്ത്യാനികൾ ഈ സംഗതിയിൽ യേശുവിന്റെ മാതൃകയിൽനിന്ന് അതിയായി പ്രയോജനം നേടുന്നു. ദൃഷ്ടാന്തത്തിന്, കുട്ടികൾക്കു ശിക്ഷണം നൽകണമെന്ന് വിശ്വസ്തരായ മാതാപിതാക്കൾക്കറിയാം. (സദൃശവാക്യങ്ങൾ 13:24) എന്നിരുന്നാലും, കോപിച്ചുകൊണ്ടുള്ള പരുക്കൻ ശിക്ഷണത്താലോ തുടർച്ചയായ വിമർശന ശരവർഷത്താലോ തങ്ങൾ കുട്ടികളെ പ്രകോപിതരാക്കുന്നില്ലെന്ന് അവർ ഉറപ്പുവരുത്തുന്നു. മാതാപിതാക്കളെ ഒരിക്കലും പ്രീതിപ്പെടുത്താൻ കഴിയില്ലെന്നോ അവരുടെ മതം അവരെ കുറ്റംകണ്ടുപിടിക്കുന്നവരോ വിമർശകരോ മാത്രമേ ആക്കുന്നുള്ളുവെന്നോ വിചാരിക്കുന്ന കുട്ടികൾ നിരുത്സാഹിതരായിത്തീർന്നേക്കാം. ഒടുവിൽ അവർ സത്യവിശ്വാസത്തിൽനിന്ന് അകന്നുപോകാൻപോലും ഇതു കാരണമായേക്കാം.—കൊലൊസ്സ്യർ 3:21.
14. ക്രിസ്തീയ ഇടയൻമാർ തങ്ങൾ സേവിക്കുന്ന ആട്ടിൻകൂട്ടത്തോടു വിശ്വസ്തരാണെന്നു തെളിയിച്ചേക്കാവുന്നതെങ്ങനെ?
14 സമാനമായി, ക്രിസ്തീയ മൂപ്പൻമാരും സഞ്ചാരമേൽവിചാരകൻമാരും ആട്ടിൻകൂട്ടം നേരിടുന്ന പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും ശ്രദ്ധ നൽകുന്നു. വിശ്വസ്ത ഇടയൻമാരെന്ന നിലയിൽ അവർ ആവശ്യമുള്ളപ്പോൾ ബുദ്ധ്യുപദേശം നൽകുന്നു. എല്ലാ വസ്തുതകളും സ്വരൂപിച്ചെന്ന് ഉറപ്പുവരുത്തിയും തങ്ങൾ പറയുന്ന കാര്യങ്ങൾ ബൈബിളിലും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിലും ശ്രദ്ധാപൂർവം അടിസ്ഥാനപ്പെടുത്തിയുംകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. (സങ്കീർത്തനം 119:105; സദൃശവാക്യങ്ങൾ 18:13) ആത്മീയ പരിപുഷ്ടിക്കും പോഷണത്തിനുമായി ആടുകൾ തങ്ങളെ ആശ്രയിക്കുന്നുവെന്നും അവർക്കറിയാം. അതുകൊണ്ട് നല്ല ഇടയനായ യേശുക്രിസ്തുവിനെ അനുകരിക്കാൻ അവർ ശ്രമിക്കുന്നു. വാരംതോറും ക്രിസ്തീയ യോഗങ്ങളിൽ അവർ ആടുകളെ വിശ്വസ്തമായി ശുശ്രൂഷിക്കുന്നു—അവരെ പിച്ചിച്ചീന്തുകയല്ല, മറിച്ച് കെട്ടുപണിചെയ്യുകയും അവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയുമാണ് ആ ഇടയന്മാർ ചെയ്യുന്നത്.—മത്തായി 20:28; എഫെസ്യർ 4:11, 12; എബ്രായർ 13:20, 21.
15. തങ്ങളുടേത് അസ്ഥാനത്തുള്ള വിശ്വസ്തതയായിരുന്നെന്ന് ഒന്നാം നൂറ്റാണ്ടിലെ ചിലർ പ്രകടമാക്കിയതെങ്ങനെ?
15 അവിശ്വസ്തതയുടെ വഞ്ചകമായ മറ്റൊരു രൂപം അസ്ഥാനത്തുള്ള വിശ്വസ്തതയാണ്. ബൈബിൾപരമായ അർഥത്തിലുള്ള യഥാർഥ വിശ്വസ്തത യഹോവയോടുള്ള വിശ്വസ്തതയ്ക്കുപരി മറ്റൊരു കൂറും പുലർത്താൻ നമ്മെ അനുവദിക്കുന്നില്ല. ഒന്നാം നൂറ്റാണ്ടിലെ ഒട്ടനവധി യഹൂദൻമാർ മോശൈക ന്യായപ്രമാണത്തോടും യഹൂദ വ്യവസ്ഥിതിയോടും ദൃഢമായി പറ്റിനിന്നു. എന്നാൽ, തന്റെ അംഗീകാരം ആ മത്സര ജനതയിൽനിന്നു പിൻവലിച്ച് ആത്മീയ ഇസ്രായേലിനു നൽകാനുള്ള യഹോവയുടെ സമയം സമാഗതമായിരുന്നു. താരതമ്യേന ചുരുക്കം ചിലർ മാത്രമേ യഹോവയോടു വിശ്വസ്തത പാലിച്ചുകൊണ്ട് ഈ സുപ്രധാന മാറ്റത്തെ സ്വാഗതം ചെയ്തുള്ളൂ. സത്യക്രിസ്ത്യാനികൾക്കിടയിൽ പോലും ചില യഹൂദമതാനുകൂലികൾ ക്രിസ്തുവിൽ നിവൃത്തിയേറിക്കഴിഞ്ഞിരുന്ന മോശൈക ന്യായപ്രമാണത്തിലെ “ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു” തിരികെപ്പോകണമെന്നു ശഠിച്ചു.—ഗലാത്യർ 4:9; 5:6-12; ഫിലിപ്പിയർ 3:2, 3.
16. യഹോവയുടെ വിശ്വസ്ത ദാസൻമാർ പൊരുത്തപ്പെടുത്തലുകളോടു പ്രതികരിക്കുന്നതെങ്ങനെ?
16 അതിനു വിപരീതമായി, യഹോവയുടെ ആധുനികകാല ജനം മാറ്റങ്ങളുടെ സമയത്തു വിശ്വസ്തരായി തുടരുമെന്നു തെളിയിച്ചിരിക്കുന്നു. വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ പ്രകാശം തുടർച്ചയായി ശോഭയേറിവരവേ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നു. (സദൃശവാക്യങ്ങൾ 4:18) മത്തായി 24:34-ൽ ഉപയോഗിച്ചിരിക്കുന്ന “തലമുറ” എന്ന പ്രയോഗവും മത്തായി 25:31-46-ൽ പരാമർശിച്ചിരിക്കുന്ന “ചെമ്മരിയാടുക”ളുടെയും “കോലാടുക”ളുടെയും ന്യായവിധിസമയവും ചില പ്രത്യേക തരത്തിലുള്ള പൊതുജന സേവനത്തോടുള്ള മനോഭാവവും സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം മെച്ചപ്പെടുത്താൻ അടുത്തയിടെ “വിശ്വസ്തനും വിവേകിയുമായ അടിമ” നമ്മെ സഹായിച്ചിരിക്കുന്നു. (മത്തായി 24:45, NW) യഹോവയുടെ സാക്ഷികളിൽ അനേകർ അത്തരം വിഷയങ്ങൾ സംബന്ധിച്ച മുൻ ഗ്രാഹ്യത്തോടു കർശനമായി പറ്റിനിൽക്കുകയും പുരോഗതി വരുത്താൻ വിസമ്മതിക്കുകയും ചെയ്തിരുന്നെങ്കിൽ ചില വിശ്വാസത്യാഗികൾ സന്തോഷിക്കുമായിരുന്നുവെന്നതിൽ സംശയമില്ല. അത്തരമൊരു പ്രതികരണം ഉണ്ടായിട്ടില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയുടെ ജനം വിശ്വസ്തരാണ്.
17. നാം സ്നേഹിക്കുന്നവർ ചില അവസരങ്ങളിൽ നമ്മുടെ വിശ്വസ്തതയെ പരീക്ഷിച്ചേക്കാവുന്നതെങ്ങനെ?
17 എന്നാൽ, അസ്ഥാനത്തുള്ള വിശ്വസ്തത നമ്മെ വ്യക്തിപരമായി ബാധിച്ചേക്കാം. പ്രിയ സുഹൃത്തോ കുടുംബാംഗമോ ബൈബിൾ തത്ത്വങ്ങൾ ലംഘിക്കുന്ന ഒരു ഗതി തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ വിശ്വസ്തത പിച്ചിച്ചീന്തപ്പെടുന്നതായി നമുക്കു തോന്നിയേക്കാം. സ്വാഭാവികമായും കുടുംബാംഗങ്ങളോടു നമുക്കു വിശ്വസ്തത തോന്നും. എന്നാൽ ഒരിക്കലും അവരോടുള്ള നമ്മുടെ കൂറിനെ യഹോവയോടുള്ള വിശ്വസ്തതയ്ക്കുപരിയായി പ്രതിഷ്ഠിക്കരുത്! (1 ശമൂവേൽ 23:16-18 താരതമ്യം ചെയ്യുക.) ഗുരുതരമായ പാപം മറയ്ക്കാൻ നാം തെറ്റുചെയ്തവരെ സഹായിക്കുകയോ അവരെ ‘സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്താൻ’ ശ്രമിക്കുന്ന മൂപ്പൻമാർക്കെതിരായി അവരുടെ പക്ഷം പിടിക്കുകയോ ചെയ്യരുത്. (ഗലാത്യർ 6:1) അപ്രകാരം ചെയ്യുന്നത് യഹോവയോടും അവന്റെ സ്ഥാപനത്തോടും നാം സ്നേഹിക്കുന്ന ആ വ്യക്തിയോടുമുള്ള അവിശ്വസ്തതയായിരിക്കും. ഒരു പാപിക്കും അയാൾ അർഹിക്കുന്ന ശിക്ഷണത്തിനും ഇടയിൽ വിലങ്ങുതടിയായി നിൽക്കുകവഴി ഫലത്തിൽ യഹോവയുടെ സ്നേഹത്തിന്റെ ഒരു പ്രകടനം അയാളിൽ എത്തിച്ചേരുന്നതു നാം തടയുകയായിരിക്കും. (എബ്രായർ 12:5-7) “സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫല”മാണെന്നുകൂടി ഓർമിക്കുക. (സദൃശവാക്യങ്ങൾ 27:6) ദൈവവചനത്തിൽ അധിഷ്ഠിതമായ, വളച്ചുകെട്ടില്ലാത്ത ബുദ്ധ്യുപദേശം നാം സ്നേഹിക്കുന്ന, തെറ്റുചെയ്ത ഒരുവന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിച്ചേക്കാം. എന്നാൽ, കാലക്രമത്തിൽ അതു ജീവരക്ഷാകരമാണെന്നു തെളിയും!
വിശ്വസ്തത പീഡനത്തിൽ സഹിച്ചുനിൽക്കുന്നു
18, 19. (എ) നാബോത്തിൽനിന്ന് ആഹാബ് ആഗ്രഹിച്ചത് എന്താണ്, നാബോത്ത് അതു നിരസിച്ചതെന്തുകൊണ്ട്? (ബി) നാബോത്തിന്റെ വിശ്വസ്തത അവൻ ഒടുക്കിയ വിലയ്ക്കു തക്ക മൂല്യമുള്ളതായിരുന്നോ? വിശദീകരിക്കുക.
18 ചിലപ്പോൾ സാത്താൻ നമ്മുടെ വിശ്വസ്തതയെ നേരിട്ട് ആക്രമിക്കുന്നു. നാബോത്തിന്റെ കാര്യം പരിചിന്തിക്കുക. അവന്റെ മുന്തിരിത്തോട്ടം വിൽക്കാൻ ആഹാബ് രാജാവ് നിർബന്ധിച്ചപ്പോൾ അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതി വരുത്തരുതേ.” (1 രാജാക്കന്മാർ 21:3) നാബോത്ത് മർക്കടമുഷ്ടി കാണിക്കുകയായിരുന്നില്ല; അവൻ വിശ്വസ്തത കാണിക്കുകയായിരുന്നു. യാതൊരു ഇസ്രായേല്യനും പരമ്പരാഗതമായി കിട്ടിയ ഭൂസ്വത്ത് എന്നേക്കുമായി വിറ്റുകളയരുതെന്ന് മോശൈക ന്യായപ്രമാണം ആജ്ഞാപിച്ചിരുന്നു. (ലേവ്യപുസ്തകം 25:23-28) ആ ദുഷ്ട രാജാവ് തന്നെ കൊല്ലുമെന്ന് നാബോത്തിനു നിശ്ചയമായും അറിയാമായിരുന്നു, കാരണം യഹോവയുടെ ഒട്ടനവധി പ്രവാചകൻമാരെ കൊന്നൊടുക്കാൻ ആഹാബ് തന്റെ ഭാര്യയായ ഈസേബെലിനെ അനുവദിച്ചിരുന്നു! എന്നിട്ടും നാബോത്ത് അചഞ്ചലനായി നിലകൊണ്ടു.—1 രാജാക്കന്മാർ 18:4.
19 വിശ്വസ്തതയ്ക്കു ചിലയവസരങ്ങളിൽ വിലയൊടുക്കേണ്ടിവരുന്നു. “നീചന്മാരായ” ചിലരുടെ സഹായത്താൽ ഈസേബെൽ നാബോത്ത് ചെയ്യാത്ത ഒരു കുറ്റകൃത്യത്തിന് അവനെതിരെ കള്ളത്തെളിവുണ്ടാക്കി. തത്ഫലമായി അവനും അവന്റെ മക്കളും വധിക്കപ്പെട്ടു. (1 രാജാക്കന്മാർ 21:7-16; 2 രാജാക്കന്മാർ 9:26) നാബോത്തിന്റെ വിശ്വസ്തത അസ്ഥാനത്തുള്ളതായിരുന്നുവെന്നാണോ അതിന്റെ അർഥം? അല്ല! പുനരുത്ഥാനത്തിന്റെ സമയംവരെ ശവക്കുഴിയിൽ സുരക്ഷിതമായി ഉറങ്ങുന്ന, ഇപ്പോഴും യഹോവയുടെ ഓർമയിൽ “ജീവിച്ചിരിക്കുന്ന” വിശ്വസ്തരായ അനേകം സ്ത്രീപുരുഷന്മാരിൽ ഒരാളാണു നാബോത്ത്.—ലൂക്കൊസ് 20:38; പ്രവൃത്തികൾ 24:15.
20. നമ്മുടെ വിശ്വസ്തത നിലനിർത്താൻ പ്രത്യാശയ്ക്കു നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
20 അതേ വാഗ്ദാനം ഇന്നത്തെ യഹോവയുടെ വിശ്വസ്തർക്കും ഉറപ്പേകുന്നു. ഈ ലോകത്തിൽ വിശ്വസ്തതയ്ക്കു വലിയ വില ഒടുക്കേണ്ടിവന്നേക്കാമെന്നു നമുക്കറിയാം. യേശുക്രിസ്തു തന്റെ വിശ്വസ്തതയ്ക്കു വിലയൊടുക്കിയത് സ്വന്തം ജീവനായിരുന്നു. തന്റെ അനുഗാമികളുടെ ഗതിയും വിഭിന്നമായിരിക്കില്ലെന്ന് അവൻ അവരോടു പറഞ്ഞു. (യോഹന്നാൻ 15:20) ഭാവിയെ സംബന്ധിച്ച അവന്റെ പ്രത്യാശ അവനെ നിലനിർത്തിയതുപോലെ നമ്മുടെ പ്രത്യാശ നമ്മെയും നിലനിർത്തുന്നു. (എബ്രായർ 12:2) അങ്ങനെ എല്ലാത്തരം പീഡനങ്ങൾക്കും മധ്യേ നമുക്കു വിശ്വസ്തരായി നിലകൊള്ളാനാകും.
21. യഹോവ തന്റെ വിശ്വസ്തർക്ക് എന്ത് ഉറപ്പു നൽകുന്നു?
21 നമ്മിൽ താരതമ്യേന ചുരുക്കം ചിലർ മാത്രമേ ഇന്നു വിശ്വസ്തതയുടെമേൽ അത്തരം നേരിട്ടുള്ള ആക്രമണം അനുഭവിക്കുന്നുള്ളുവെന്നതു സത്യംതന്നെ. എന്നാൽ, അന്ത്യം വരുന്നതിനുമുമ്പ് ദൈവജനത്തിന് കൂടുതലായ പീഡനങ്ങൾ നേരിട്ടേക്കാം. വിശ്വസ്തത നിലനിർത്താമെന്നു നമുക്കെങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും? ഇപ്പോൾ നമ്മുടെ വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതിനാൽ. യഹോവ നമുക്കു മഹത്തായൊരു നിയമനം നൽകിയിട്ടുണ്ട്—അവന്റെ രാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നത്. നമുക്ക് ഈ വേല വിശ്വസ്തതയോടെ നിവർത്തിക്കാം. (1 കൊരിന്ത്യർ 15:58) യഹോവയുടെ സ്ഥാപനത്തോടുള്ള നമ്മുടെ വിശ്വസ്തതയെ കാർന്നുതിന്നുന്നതിനു മാനുഷ അപൂർണതകളെ അനുവദിക്കാതിരിക്കുകയും അസ്ഥാനത്തെ വിശ്വസ്തതപോലുള്ള അവിശ്വസ്തതയുടെ വഞ്ചകമായ രൂപങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുന്നെങ്കിൽ, നമ്മുടെ വിശ്വസ്തത കൂടുതൽ കഠിനമായി പരിശോധിക്കപ്പെടുമ്പോൾ അത് അഭിമുഖീകരിക്കാൻ നാം സജ്ജരായിരിക്കും. എന്തൊക്കെയായാലും, തന്റെ വിശ്വസ്ത ദാസൻമാരോട് യഹോവ സുനിശ്ചിതമായും വിശ്വസ്തനാണെന്നു നമുക്ക് എല്ലായ്പോഴും ഉറപ്പുള്ളവരായിരിക്കാം. (2 ശമൂവേൽ 22:26) അതേ, അവൻ തന്റെ വിശ്വസ്തരെ കാത്തുപരിപാലിക്കും!—സങ്കീർത്തനം 97:10.
[അടിക്കുറിപ്പുകൾ]
a ലാഭകരമായ അത്തരം വാണിജ്യ പ്രസ്ഥാനങ്ങളെ ആക്രമിക്കാൻതക്ക ധൈര്യം യേശുവിനുണ്ടായിരുന്നു. ഒരു ചരിത്രകാരൻ പറയുന്നതനുസരിച്ച്, ആലയ നികുതിക്കായി പ്രത്യേക തരത്തിലുള്ള ഒരു പുരാതന യഹൂദ നാണയം വേണമായിരുന്നു. അതുകൊണ്ട് ആലയസന്ദർശകർ നികുതി അടയ്ക്കുന്നതിന് നാണയവിനിയമം നടത്തണമായിരുന്നു. നാണയവിനിമയത്തിന് ഒരു നിർദിഷ്ട കൂലി നിശ്ചയിക്കാൻ നാണയവിനിമയക്കാരെ അനുവദിച്ചിരുന്നു. ഇത് അവർക്കു വളരെയേറെ പണം നേടിക്കൊടുത്തു.
b 1993 ഡിസംബർ 22-ലെയും 1994 ജനുവരി 8-ലെയും 1994 ജനുവരി 22-ലെയും ഉണരുക! (ഇംഗ്ലീഷ്) കാണുക.
c ഗ്രീക്കു സ്വാധീനത്തെ നേരിടുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ് രൂപംകൊണ്ട ഒരു സംഘമായ ഹാസിഡിമിൽനിന്നാണ് അവരുടെ കൂട്ടം ഉരുത്തിരിഞ്ഞത്. “വിശ്വസ്തരായവർ” അഥവാ “മതഭക്തിയുള്ളവർ” എന്നർഥമുള്ള ഖാസിഡിം എന്ന എബ്രായ പദത്തിൽനിന്നാണ് ഹാസിഡിം എന്ന നാമധേയം അവർ സ്വീകരിച്ചത്. യഹോവയുടെ ‘വിശ്വസ്തരായവർ’ എന്ന തിരുവെഴുത്തു പരാമർശം തങ്ങൾക്ക് ഒരു പ്രത്യേക വിധത്തിൽ ബാധകമാണെന്ന് അവർ ഒരുപക്ഷേ കരുതിയിട്ടുണ്ടാകും. (സങ്കീർത്തനം 50:5) അവരും അവർക്കു ശേഷംവന്ന പരീശൻമാരും ന്യായപ്രമാണ നിയമങ്ങളുടെ ഭ്രാന്തന്മാരായ, സ്വനിയമിത സംരക്ഷകരായിരുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ നമ്മെ അവിശ്വസ്തതയിലേക്കു നയിക്കാൻ മറ്റുള്ളവരുടെ അപൂർണതകളെ അനുവദിക്കാതിരിക്കാൻ നമുക്കെങ്ങനെ കഴിയും?
□ നമ്മുടെതന്നെ അപൂർണതകൾ അവിശ്വസ്ത നടത്തയിലേക്കു നമ്മെ നയിച്ചേക്കാവുന്നത് ഏതു വിധങ്ങളിൽ?
□ അസ്ഥാനത്തു വിശ്വസ്തത പ്രകടമാക്കാനുള്ള ചായ്വുകളെ നമുക്കെങ്ങനെ ചെറുക്കാം?
□ പീഡനകാലത്തുപോലും വിശ്വസ്തത പുലർത്താൻ നമ്മെ എന്തു സഹായിക്കും?
[9-ാം പേജിലെ ചതുരം]
ബെഥേലിൽ വിശ്വസ്തമായി സേവിക്കൽ
“സകലവും ഉചിതമായും ക്രമമായും നടക്കട്ടെ,” അപ്പോസ്തലനായ പൗലൊസ് എഴുതി. (1 കൊരിന്ത്യർ 14:39) സഭയുടെ പ്രവർത്തനത്തിന് ‘ക്രമ’ത്തിന്റെ, സംഘാടനത്തിന്റെ ആവശ്യമുണ്ടെന്ന് പൗലൊസ് മനസ്സിലാക്കിയിരുന്നു. സമാനമായി ഇന്ന്, സഭാംഗങ്ങളെ വ്യത്യസ്ത പുസ്തകാധ്യയന സ്ഥലങ്ങളിൽ നിയമിക്കുക, വയൽസേവനയോഗങ്ങൾ ക്രമീകരിക്കുക, പ്രദേശം പ്രവർത്തിച്ചു തീർത്തോയെന്നു പരിശോധിക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളിൽ മൂപ്പൻമാർ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അത്തരം ക്രമീകരണങ്ങൾ ചിലപ്പോൾ വിശ്വസ്തതയുടെ പരിശോധനകളായേക്കാം. അവ ദിവ്യനിശ്വസ്ത കൽപ്പനകളല്ല. എല്ലാവരുടെയും ഇഷ്ടപ്രകാരം അവ ചെയ്യാനും സാധ്യമല്ല.
ക്രിസ്തീയ സഭയിലെ ചില പ്രായോഗിക ക്രമീകരണങ്ങളോടു വിശ്വസ്തരായിരിക്കുന്നതു ചിലയവസരങ്ങളിൽ ഒരു വെല്ലുവിളിയാണെന്നു നിങ്ങൾ കണ്ടെത്തുന്നുവോ? അങ്ങനെയെങ്കിൽ, ബെഥേലിന്റെ ദൃഷ്ടാന്തം സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. യു.എസ്. ആസ്ഥാനമുൾപ്പെടെ, വാച്ച് ടവർ സൊസൈറ്റിയുടെ 104 ബ്രാഞ്ചുകൾക്കും “ദൈവത്തിന്റെ ഭവനം” എന്നർഥമുള്ള എബ്രായ പദമായ ബെഥേൽ എന്ന പേരു നൽകിയിരിക്കുന്നു.* ഈ സ്ഥലങ്ങൾ യഹോവയോടുള്ള ഭയാദരവിനെ പ്രതിഫലിപ്പിക്കണമെന്ന് ബെഥേലിൽ താമസിച്ച്, അവിടെ വേലചെയ്യുന്ന സ്വമേധയാ സേവകർ ആഗ്രഹിക്കുന്നു. ഇത് ഓരോരുത്തരുടെയും ഭാഗത്തു വിശ്വസ്തത ആവശ്യമാക്കിത്തീർക്കുന്നു.
ബെഥേൽ സന്ദർശിക്കുന്നവർ അവിടെ കാണുന്ന ക്രമത്തെയും ശുചിത്വത്തെയും കുറിച്ച് മിക്കപ്പോഴും സംസാരിക്കുന്നു. അവിടെ വേലചെയ്യുന്നവർ സംഘടിതരും സന്തുഷ്ടരുമാണ്; അവരുടെ സംസാരവും പെരുമാറ്റരീതികളും വേഷവിധാനവും പക്വതയുള്ള, ബൈബിൾ പരിശീലിത ക്രിസ്തീയ മനസ്സാക്ഷിയെ പ്രതിഫലിപ്പിക്കുന്നു. ബെഥേൽകുടുംബത്തിലെ എല്ലാ അംഗങ്ങളും ദൈവവചനത്തിലെ നിലവാരങ്ങളോടു വിശ്വസ്തമായി പറ്റിനിൽക്കുന്നു.
അതിനുപുറമേ, അത്തരമൊരു വലിയ കുടുംബം നല്ലരീതിയിൽ ഒത്തൊരുമിച്ചു വേലചെയ്യുന്നതിന് ആവശ്യമായ ചില പ്രായോഗിക ക്രമീകരണങ്ങൾ ദയാപൂർവം വിവരിക്കുന്ന, ഐക്യത്തിൽ ഒത്തൊരുമിച്ചു വസിക്കൽ (ഇംഗ്ലീഷ്) എന്ന ശീർഷകത്തോടുകൂടിയ, ഒരു പത്രിക ഭരണസംഘം അവർക്കു നൽകുന്നു. (സങ്കീർത്തനം 133:1) ദൃഷ്ടാന്തത്തിന്, താമസം, ഭക്ഷണം, ശുചിത്വം, വസ്ത്രധാരണം, ചമയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും മറ്റും അതു പ്രതിപാദിക്കുന്നു. വ്യക്തിഗത താത്പര്യങ്ങൾ മറ്റൊരു ഗതിയിൽ തങ്ങളെ നയിച്ചേക്കാവുന്ന അവസരങ്ങളിൽ പോലും ബെഥേൽ കുടുംബാംഗങ്ങൾ അത്തരം ക്രമീകരണങ്ങളെ വിശ്വസ്തമായി പിന്താങ്ങുകയും അവയോടു പറ്റിനിൽക്കുകയും ചെയ്യുന്നു. നിർവികാരമായ നിയമങ്ങളും ചട്ടങ്ങളുമെന്ന നിലയിലല്ല, മറിച്ച് ഐക്യവും യോജിപ്പും പ്രോത്സാഹിപ്പിക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രയോജനകരമായ ഒരു കൂട്ടം മാർഗരേഖകളായിട്ടാണ് അവർ ഈ പത്രികയെ വീക്ഷിക്കുന്നത്. ഈ ബൈബിളധിഷ്ഠിത നടപടിക്രമങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മേൽവിചാരകന്മാർ വിശ്വസ്തരാണ്. വിശുദ്ധമായ ബെഥേൽ സേവനം തുടരുന്നതിനു ബെഥേൽ കുടുംബത്തെ കെട്ടുപണിചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവർ അവയെ ക്രിയാത്മകമായ ഒരു വിധത്തിൽ ഉപയോഗിക്കുന്നു.
*ഫാക്ടറിയും ഓഫീസും താമസസ്ഥലവും ഉൾപ്പെട്ട ഈ കെട്ടിടസമുച്ചയങ്ങൾ ദൈവത്തിന്റെ വലിയ ആത്മീയാലയം അഥവാ ആത്മീയഭവനം അല്ല. ദൈവത്തിന്റെ ആത്മീയാലയം സത്യാരാധനയ്ക്കു വേണ്ടിയുള്ള അവന്റെ ക്രമീകരണമാണ്. (മീഖാ 4:1) അതുകൊണ്ടുതന്നെ, ഭൂമിയിലെ ഏതെങ്കിലും കെട്ടിടത്തിൽ അതു പരിമിതപ്പെട്ടിരിക്കുന്നില്ല.
[10-ാം പേജിലെ ചതുരം]
വിശ്വസ്തതാവാദിയും നിയമാനുഷ്ഠാനവാദിയും
“വിശ്വസ്തതാവാദിയും നിയമാനുഷ്ഠാനവാദിയും തമ്മിലുള്ള ഈ വ്യത്യാസം എല്ലാ കാലഘട്ടങ്ങളിലും എല്ലാ സ്ഥലങ്ങളിലും കണ്ടേക്കാ”മെന്ന് എൻസൈക്ലോപീഡിയ ഓഫ് റിലിജൻ ആൻഡ് എത്തിക്സ് 1916-ൽ അഭിപ്രായപ്പെട്ടു. അത് ഇങ്ങനെ വിശദീകരിച്ചു: “തന്നോടു പറഞ്ഞിരിക്കുന്നതു ചെയ്യുന്ന നിയമാനുഷ്ഠാനവാദി യാതൊരു നിയമവും ലംഘിക്കുന്നില്ല; ലിഖിതവും വായിക്കാവുന്നതുമായ വചനത്തോട് അയാൾ വിശ്വസ്തത പുലർത്തുന്നു. വിശ്വസ്തതാവാദിയും അതു ചെയ്യുന്നു, എന്നാൽ ഏത് ഉദ്ദേശ്യത്തിന് ഉപകരിക്കണമോ ആ ഉദ്ദേശ്യത്തിന്റെ അന്തസ്സത്തയോട് തന്റെ മനോഭാവത്തെ ചേർച്ചയിൽ കൊണ്ടുവരുന്ന, മുഴു മനസ്സിനെയും തന്റെ കർത്തവ്യത്തിൽ കേന്ദ്രീകരിക്കുന്ന അയാളെ . . . കൂടുതൽ ആശ്രയിക്കാൻ കഴിയും.” പിന്നീട് അതേ ഗ്രന്ഥം അഭിപ്രായപ്പെട്ടു: “വിശ്വസ്തനായിരിക്കുന്നതിൽ നിയമം അനുസരിക്കുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. . . . മുഴു ഹൃദയത്തോടും മനസ്സോടും കൂടെ സേവിക്കുന്നവൻ എന്ന നിലയിൽ വിശ്വസ്തനായ ഒരുവൻ നിയമം അനുസരിക്കുന്ന ഒരുവനിൽനിന്നു വ്യത്യസ്തനാണ്. . . . തെറ്റുചെയ്യുക, ചെയ്യേണ്ടതു ചെയ്യാതിരിക്കുക, അജ്ഞനായിരിക്കുക എന്നിങ്ങനെയുള്ള പാപങ്ങൾ മനഃപൂർവം ചെയ്യാൻ അയാൾ സ്വയം അനുവദിക്കുന്നില്ല.”