അധ്യായം 4
യേശുക്രിസ്തു ദൈവപരിജ്ഞാനത്തിന്റെ താക്കോൽ
1, 2. ലോകമതങ്ങൾ ദൈവപരിജ്ഞാനത്തിന്റെ താക്കോലിനു കേടുവരുത്തിയിരിക്കുന്നത് എങ്ങനെ?
നിങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ നിന്നുകൊണ്ടു താക്കോലുകളിൽ പരതി വിഷമിക്കുകയാണ്. തണപ്പും ഇരുട്ടുമുണ്ട്, നിങ്ങൾക്ക് അകത്തുകയറാനുളള വെമ്പലാണ്—പക്ഷേ താക്കോൽ പിടിക്കുന്നില്ല. ശരിയായ താക്കോൽ അതുതന്നെയെന്നു തോന്നുന്നു, എന്നാൽ പൂട്ടിന് അനക്കമില്ല. എത്ര നിരാശാജനകം! നിങ്ങൾ വീണ്ടും താക്കോലുകൾ പരിശോധിക്കുന്നു. നിങ്ങൾ ശരിയായ താക്കോലാണോ ഉപയോഗിക്കുന്നത്? ആരെങ്കിലും താക്കോലിനു കേടുവരുത്തിയിരിക്കുമോ?
2 ഈ ലോകത്തിലെ മതപരമായ വ്യാമിശ്രത ദൈവപരിജ്ഞാനത്തോടു ചെയ്തിരിക്കുന്നതെന്തോ അതിന്റെ ഒരു നല്ല ചിത്രമാണിത്. ഫലത്തിൽ, ദൈവപരിജ്ഞാനം നിങ്ങൾക്കു ഗ്രഹിക്കാൻ കഴിയുമാറു തുറന്നുതരുന്ന താക്കോലിനു—യേശുക്രിസ്തുവിന്—അനേകർ കേടുവരുത്തിയിരിക്കുകയാണ്. ചില മതങ്ങൾ യേശുവിനെ തീർത്തും അവഗണിച്ചുകൊണ്ടു താക്കോൽ നീക്കംചെയ്തിരിക്കുകയാണ്. മററു ചിലർ യേശുവിനെ സർവശക്തനായ ദൈവമായി ആരാധിച്ചുകൊണ്ട് അവന്റെ പങ്കിനെ വളച്ചൊടിച്ചിരിക്കുന്നു. എങ്ങനെയായാലും, യേശുക്രിസ്തു എന്ന ഈ മുഖ്യ വ്യക്തിയെക്കുറിച്ചുളള ശരിയായ ഗ്രാഹ്യമില്ലെങ്കിൽ ദൈവപരിജ്ഞാനം നമുക്ക് അടഞ്ഞുകിടക്കും.
3. യേശുവിനെ ദൈവപരിജ്ഞാനത്തിന്റെ താക്കോൽ എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്?
3 “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്നു യേശു പറഞ്ഞതു നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. (യോഹന്നാൻ 17:3) ഇങ്ങനെ പറഞ്ഞതിൽ യേശു ആത്മപ്രശംസ നടത്തുകയല്ലായിരുന്നു. ക്രിസ്തുവിനെക്കുറിച്ചുളള സൂക്ഷ്മ പരിജ്ഞാനത്തിന്റെ ആവശ്യകതയെ തിരുവെഴുത്തുകൾ ആവർത്തിച്ച് ഊന്നിപ്പറയുന്നു. (എഫെസ്യർ 4:13; കൊലൊസ്സ്യർ 2:2; 2 പത്രൊസ് 1:8; 2:20) “[യേശുക്രിസ്തുവിനു] സകല പ്രവാചകൻമാരും സാക്ഷ്യം പറയുന്നു” എന്ന് അപ്പോസ്തലനായ പത്രോസ് പ്രസ്താവിച്ചു. (പ്രവൃത്തികൾ 10:43, NW) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “അവനിൽ [യേശുവിൽ] ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.” (കൊലൊസ്സ്യർ 2:3) യേശുക്രിസ്തു നിമിത്തം യഹോവയുടെ സകല വാഗ്ദത്തങ്ങളും നിവൃത്തിയേറുന്നുവെന്നുപോലും പൗലോസ് പറഞ്ഞു. (2 കൊരിന്ത്യർ 1:20) അതുകൊണ്ടു യേശുക്രിസ്തു ദൈവപരിജ്ഞാനത്തിന്റെ താക്കോൽതന്നെയാണ്. യേശുവിനെക്കുറിച്ചുളള നമ്മുടെ പരിജ്ഞാനം അവന്റെ സ്വഭാവവും ദൈവക്രമീകരണത്തിലെ അവന്റെ പങ്കും സംബന്ധിച്ചു യാതൊരുവിധ വികലധാരണകളും ഇല്ലാത്തതായിരിക്കണം. എന്നാൽ യേശു ദൈവോദ്ദേശ്യങ്ങളിൽ കേന്ദ്രസ്ഥാനം വഹിക്കുന്നുവെന്ന് അവന്റെ അനുഗാമികൾ കണക്കാക്കുന്നത് എന്തുകൊണ്ട്?
വാഗ്ദത്ത മിശിഹാ
4, 5. മിശിഹായിൽ ഏതു പ്രത്യാശകൾ കേന്ദ്രീകരിച്ചിരുന്നു, യേശുവിന്റെ ശിഷ്യൻമാർ അവനെ വീക്ഷിച്ചതെങ്ങനെ?
4 യഹോവയാം ദൈവംതന്നെ മുൻകൂട്ടി പറഞ്ഞ സന്തതിക്കായി വിശ്വസ്തമനുഷ്യനായ ഹാബേലിന്റെ നാളുകൾ മുതൽ ദൈവദാസൻമാർ ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരുന്നു. (ഉല്പത്തി 3:15; 4:1-8; എബ്രായർ 11:4) “അഭിഷിക്തൻ” എന്നർഥമുളള മിശിഹായെന്ന നിലയിൽ സന്തതി ദൈവോദ്ദേശ്യത്തിനായി സേവിക്കുമെന്നു വെളിപ്പെടുത്തപ്പെട്ടിരുന്നു. അവൻ “പാപങ്ങളെ മുദ്രയിടു”മായിരുന്നു [“പാപങ്ങൾ തീർക്കുമായിരുന്നു,” NW]. അവന്റെ രാജ്യത്തിന്റെ മാഹാത്മ്യങ്ങൾ സങ്കീർത്തനങ്ങളിൽ മുൻകൂട്ടി പറഞ്ഞു. (ദാനീയേൽ 9:24-26; സങ്കീർത്തനം 72:1-20) മിശിഹാ ആരായിരിക്കുമായിരുന്നു?
5 അന്ത്രയോസ് എന്നു പേരുളള ഒരു യുവ യഹൂദനു നസറേത്തിലെ യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ അനുഭവപ്പെട്ട ആവേശം ഒന്നു സങ്കൽപ്പിച്ചുനോക്കുക. അന്ത്രയോസ് തന്റെ സഹോദരനായ ശീമോൻ പത്രോസിന്റെ അടുക്കലേക്കു പാഞ്ഞുചെന്നു ‘ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു’ എന്നു പറഞ്ഞു. (യോഹന്നാൻ 1:41) അവൻ വാഗ്ദത്ത മിശിഹാ ആണെന്നു യേശുവിന്റെ ശിഷ്യൻമാർക്കു ബോധ്യപ്പെട്ടു. (മത്തായി 16:16) യേശു തീർച്ചയായും മുൻകൂട്ടി പറയപ്പെട്ട മിശിഹാ അഥവാ ക്രിസ്തു ആണെന്നുളള വിശ്വാസത്തിനുവേണ്ടി മരിക്കാൻ സത്യക്രിസ്ത്യാനികൾ സന്നദ്ധരായിരുന്നിട്ടുണ്ട്. അവർക്ക് എന്തു തെളിവു കിട്ടിയിരുന്നു? തെളിവിന്റെ മൂന്നു വശങ്ങൾ നമുക്കു പരിചിന്തിക്കാം.
യേശു മിശിഹാ ആയിരുന്നുവെന്നതിന്റെ തെളിവ്
6. (എ) ഏതു വംശം വാഗ്ദത്തസന്തതിയെ ഉളവാക്കേണ്ടിയിരുന്നു, യേശു ആ കുടുംബവംശത്തിൽ വന്നുവെന്നു നാം എങ്ങനെ അറിയുന്നു? (ബി) പൊ.യു. 70-നുശേഷം ജീവിക്കുന്ന ഏതൊരുവനും താൻ മിശിഹായാണെന്നുള്ള അവകാശവാദം തെളിയിക്കുക അസാധ്യമായിരിക്കുന്നത് എന്തുകൊണ്ട്?
6 യേശുവിന്റെ വംശാവലി വാഗ്ദത്ത മിശിഹായെന്ന നിലയിൽ അവനെ തിരിച്ചറിയുന്നതിനുളള ആദ്യ അടിസ്ഥാനമിടുന്നു. വാഗ്ദത്ത സന്തതി തന്റെ ദാസനായ അബ്രഹാമിന്റെ കുടുംബത്തിൽനിന്നു വരുമെന്നു യഹോവ അവനോടു പറഞ്ഞിരുന്നു. അബ്രഹാമിന്റെ പുത്രനായ ഇസ്ഹാക്ക്, ഇസ്ഹാക്കിന്റെ പുത്രനായ യാക്കോബ്, യാക്കോബിന്റെ പുത്രനായ യഹൂദാ എന്നിവരിൽ ഓരോരുത്തർക്കും സമാനമായ വാഗ്ദത്തം ലഭിച്ചു. (ഉല്പത്തി 22:18; 26:2-5; 28:12-15; 49:10) നൂററാണ്ടുകൾക്കുശേഷം, ദാവീദുരാജാവിന്റെ കുടുംബം മിശിഹായെ ഉളവാക്കുമെന്നു ദാവീദിനോടു പറഞ്ഞപ്പോൾ മിശിഹായുടെ വംശാവലി ആ കുടുംബത്തിലേക്ക് ഒതുങ്ങി. (സങ്കീർത്തനം 132:11; യെശയ്യാവു 11:1, 10) മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷവിവരണങ്ങൾ യേശു ആ കുടുംബവംശത്തിൽ വന്നുവെന്നു സ്ഥിരീകരിക്കുന്നു. (മത്തായി 1:1-16; ലൂക്കൊസ് 3:23-38) യേശുവിനു ബദ്ധശത്രുക്കൾ ഒട്ടേറെ ഉണ്ടായിരുന്നെങ്കിലും അവരിലാരും അവന്റെ സുപ്രസിദ്ധമായ വംശാവലിയെ വെല്ലുവിളിച്ചില്ല. (മത്തായി 21:9, 15) അപ്പോൾ, വ്യക്തമായി അവന്റെ വംശാവലി തർക്കമററതാണ്. എന്നിരുന്നാലും, റോമാക്കാർ പൊ.യു. 70-ൽ യെരുശലേമിനെ കൊളളചെയ്തപ്പോൾ യഹൂദൻമാരുടെ കുടുംബരേഖകൾ നശിപ്പിക്കപ്പെട്ടു. പിൽക്കാലങ്ങളിൽ ആർക്കും ഒരിക്കലും വാഗ്ദത്ത മിശിഹാ ആണെന്ന് അവകാശപ്പെടാൻ കഴിയുമായിരുന്നില്ല.
7. (എ) യേശു മിശിഹാ ആയിരുന്നുവെന്നതിനുളള തെളിവിന്റെ രണ്ടാമത്തെ വശം എന്താണ്? (ബി) യേശുവിനോടുളള ബന്ധത്തിൽ മീഖാ 5:2 നിവൃത്തിയേറിയത് എങ്ങനെ?
7 നിവൃത്തിയായ പ്രവചനം തെളിവിന്റെ രണ്ടാമത്തെ വശമാണ്. എബ്രായ തിരുവെഴുത്തുകളിലെ നിരവധി പ്രവചനങ്ങൾ മിശിഹായുടെ ജീവിതഗതിയുടെ വിവിധ വശങ്ങളെ വർണിക്കുന്നു. ഈ വലിയ ഭരണാധികാരി ബേത്ലഹേം എന്ന അപ്രധാന പട്ടണത്തിൽ ജനിക്കുമെന്നു പൊ.യു.മു. എട്ടാം നൂററാണ്ടിൽ പ്രവാചകനായ മീഖാ മുൻകൂട്ടി പറഞ്ഞു. ഇസ്രായേലിൽ രണ്ടു പട്ടണങ്ങൾക്കു ബേത്ലഹേം എന്നു പേരുണ്ടായിരുന്നു, എന്നാൽ ഈ പ്രവചനം ഏതു ബേത്ലഹേമാണെന്ന് ഉറപ്പിച്ചു: ദാവീദ് രാജാവു ജനിച്ച ബേത്ലഹേം എഫ്രാത്ത്. (മീഖാ 5:2) യേശുവിന്റെ മാതാപിതാക്കളായ യോസേഫും മറിയയും നസറേത്തിൽ വസിച്ചിരുന്നു, ബേത്ലഹേമിന് ഏതാണ്ട് 150 കിലോമീററർ വടക്ക്. മറിയ ഗർഭിണിയായിരുന്നപ്പോൾ, റോമൻ ഭരണാധികാരിയായിരുന്ന ഔഗുസ്തൊസ് കൈസർ സകലരും സ്വന്തനഗരങ്ങളിൽ പേർ രജിസ്ററർ ചെയ്യണമെന്നു കല്പിച്ചു.a അതുകൊണ്ട്, യോസേഫ് തന്റെ ഗർഭിണിയായ ഭാര്യയെ ബേത്ലഹേമിലേക്കു കൊണ്ടുപോകേണ്ടിവന്നു, അവിടെ യേശു ജനിച്ചു—ലൂക്കൊസ് 2:1-7.
8. (എ) എപ്പോൾ ഏതു സംഭവത്തോടെ 69 “ആഴ്ച”കൾ തുടങ്ങി? (ബി) 69 “ആഴ്ച”കൾ എത്ര ദൈർഘ്യമുളളതായിരുന്നു, അവ അവസാനിച്ചപ്പോൾ എന്തു സംഭവിച്ചു?
8 യെരുശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുളള കല്പന പുറപ്പെട്ടിട്ട് 69 “ആഴ്ച”ക്കുശേഷം “നായകനായ മിശിഹാ” പ്രത്യക്ഷപ്പെടുമെന്നു പൊ.യു.മു. ആറാം നൂററാണ്ടിൽ പ്രവാചകനായ ദാനിയേൽ മുൻകൂട്ടി പറഞ്ഞു. (ദാനിയേൽ 9:24, 25, NW) ഈ “ആഴ്ച”കളിൽ ഓരോന്നും ഏഴു വർഷം ദൈർഘ്യമുളളതായിരുന്നു.b ബൈബിളും ലോകചരിത്രവും പറയുന്നപ്രകാരം യെരുശലേമിനെ പുനർനിർമിക്കാനുളള കല്പന പൊ.യു.മു 455-ൽ പുറപ്പെടുവിച്ചു. (നെഹെമ്യാവു 2:1-8) അതുകൊണ്ടു പൊ.യു.മു. 455-നുശേഷം 483 (7-ന്റെ 69 ഇരട്ടി) വർഷം കഴിഞ്ഞു മിശിഹാ പ്രത്യക്ഷപ്പെടണമായിരുന്നു. അതു നമ്മെ പൊ.യു. 29-ൽ എത്തിക്കുന്നു, ആ വർഷംതന്നെയാണു യഹോവ യേശുവിനെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്തത്. അങ്ങനെ യേശു (“അഭിഷിക്തൻ” എന്നർഥമുളള) ക്രിസ്തു അഥവാ മിശിഹാ ആയിത്തീർന്നു.—ലൂക്കൊസ് 3:15, 16, 21, 22.
9. (എ) സങ്കീർത്തനം 2:2 എങ്ങനെ നിവൃത്തിയേറി? (ബി) യേശുവിൽ നിവൃത്തിയേറിയ മററു ചില പ്രവചനങ്ങളേവ? (ചാർട്ടു കാണുക.)
9 തീർച്ചയായും, എല്ലാവരും യേശുവിനെ വാഗ്ദത്ത മിശിഹായായി സ്വീകരിച്ചില്ല, തിരുവെഴുത്തുകൾ ഇതു മുൻകൂട്ടി പറഞ്ഞിരുന്നു. സങ്കീർത്തനം 2:2-ൽ രേഖപ്പെടുത്തിയിരുന്ന പ്രകാരം “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കൻമാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യു”ന്നു എന്നു മുൻകൂട്ടി പറയാൻ ദാവീദ് രാജാവ് ദിവ്യനിശ്വസ്തനാക്കപ്പെട്ടു. ഒന്നിലധികം ദേശങ്ങളിൽനിന്നുളള നേതാക്കൻമാർ യഹോവയുടെ അഭിഷിക്തനെ അഥവാ മിശിഹായെ ആക്രമിക്കാൻ ഒത്തുകൂടുമെന്ന് ഈ പ്രവചനം സൂചിപ്പിച്ചു. അങ്ങനെയാണു സംഭവിച്ചത്. യഹൂദ മതനേതാക്കൻമാരും ഹെരോദാവ് രാജാവും റോമൻ നാടുവാഴിയായ പൊന്തിയോസ് പീലാത്തോസുമെല്ലാം യേശുവിനെ വധത്തിനേൽപ്പിക്കുന്നതിൽ പങ്കുവഹിച്ചു. മുൻ ശത്രുക്കളായ ഹെരോദാവും പീലാത്തോസും അന്നുമുതൽ ഉററ സുഹൃത്തുക്കളായി. (മത്തായി 27:1, 2; ലൂക്കൊസ് 23:10-12; പ്രവൃത്തികൾ 4:25-28) യേശു മിശിഹാ ആയിരുന്നുവെന്നതിന്റെ കൂടുതലായ തെളിവിനു ദയവായി തുടർന്നു കൊടുത്തിരിക്കുന്ന “ചില പ്രമുഖ മിശിഹൈക പ്രവചനങ്ങൾ” എന്ന ചാർട്ടു കാണുക.
10. യേശു തന്റെ വാഗ്ദത്ത അഭിഷിക്തനാണെന്നു യഹോവ ഏതു വിധങ്ങളിൽ സാക്ഷ്യപ്പെടുത്തി?
10 യഹോവയാം ദൈവത്തിന്റെ സാക്ഷ്യം യേശുവിന്റെ മിശിഹാപദവിയെ പിന്താങ്ങുന്ന തെളിവിന്റെ മൂന്നാമത്തെ വശമാണ്. യേശു വാഗ്ദത്ത മിശിഹായാണെന്ന് ആളുകളെ അറിയിക്കാൻ യഹോവ ദൂതൻമാരെ അയച്ചു. (ലൂക്കൊസ് 2:10-14) യഥാർഥത്തിൽ, യേശുവിന്റെ ഭൗമിക ജീവിതകാലത്തു യേശുവിനെ താൻ അംഗീകരിച്ചതായി പ്രകടമാക്കിക്കൊണ്ടു യഹോവതന്നെ സ്വർഗത്തിൽനിന്നു സംസാരിച്ചു. (മത്തായി 3:16, 17; 17:1-5) അത്ഭുതങ്ങൾ ചെയ്യാൻ യഹോവ യേശുവിന് അധികാരം കൊടുത്തു. ഇവയിൽ ഓരോന്നും യേശു മിശിഹാ ആണെന്നുളളതിന്റെ കൂടുതലായ ദിവ്യ തെളിവായിരുന്നു, കാരണം അത്ഭുതങ്ങൾ ചെയ്യാൻ ദൈവം ഒരിക്കലും ഒരു വഞ്ചകന് അധികാരം കൊടുക്കുകയില്ല. യേശുവിന്റെ മിശിഹാപദവിയുടെ തെളിവു ചരിത്രത്തിൽ ഏററവും വ്യാപകമായി വിവർത്തനവും വിതരണവും ചെയ്ത പുസ്തകമായ ബൈബിളിന്റെ ഭാഗമായിത്തീരുന്നതിനു സുവിശേഷവിവരണങ്ങളെ നിശ്വസ്തമാക്കാൻ യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുകയും ചെയ്തു.—യോഹന്നാൻ 4:25, 26.
11. യേശു മിശിഹാ ആയിരുന്നുവെന്നതിന് എന്തുമാത്രം തെളിവുണ്ട്?
11 മൊത്തത്തിൽ, മേൽപ്പറഞ്ഞ തരം തെളിവുകളിൽ യേശുവിനെ വാഗ്ദത്ത മിശിഹായായി തിരിച്ചറിയിക്കുന്ന നൂറുകണക്കിനു വസ്തുതകൾ ഉൾപ്പെടുന്നു. അപ്പോൾ സത്യക്രിസ്ത്യാനികൾ ശരിയായിത്തന്നെ അവനെ ‘സകല പ്രവാചകൻമാരും സാക്ഷ്യംവഹിച്ചവനായും’ ദൈവപരിജ്ഞാനത്തിന്റെ താക്കോലായും വീക്ഷിച്ചുവെന്നതു വ്യക്തം. (പ്രവൃത്തികൾ 10:43) എന്നാൽ യേശുക്രിസ്തു മിശിഹായായിരുന്നുവെന്ന വസ്തുതയെക്കാളധികം അവനെക്കുറിച്ചു പഠിക്കാനുണ്ട്. അവൻ എവിടെ ഉത്ഭവിച്ചു? അവൻ എങ്ങനെയുളളവനായിരുന്നു?
യേശുവിന്റെ മനുഷ്യ-പൂർവ അസ്തിത്വം
12, 13. (എ) യേശു ഭൂമിയിലേക്കു വരുന്നതിനുമുമ്പു സ്വർഗത്തിൽ ഉണ്ടായിരുന്നുവെന്നു നാം എങ്ങനെ അറിയുന്നു? (ബി) “വചനം” ആരാണ്, അവൻ ഒരു മനുഷ്യനായിത്തീരുന്നതിനു മുമ്പ് എന്തു ചെയ്തു?
12 യേശുവിന്റെ ജീവിതകാലത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. ഒന്നാമത്തെ ഘട്ടം അവൻ ഭൂമിയിൽ ജനിച്ചതിനു ദീർഘനാൾമുമ്പു തുടങ്ങി. മിശിഹായുടെ ഉത്ഭവം “പണ്ടേയുളളതും പുരാതനമായതും” ആണെന്നു മീഖാ 5:2 പറഞ്ഞു. താൻ “മേലിൽനിന്നു,” അതായത്, സ്വർഗത്തിൽനിന്നു വന്നുവെന്നു യേശു വ്യക്തമായി പറഞ്ഞു. (യോഹന്നാൻ 8:23; 16:28) ഭൂമിയിൽ വരുന്നതിനു മുമ്പ് അവൻ സ്വർഗത്തിൽ എത്ര നാൾ ഉണ്ടായിരുന്നു?
13 യേശുവിനെ യഹോവ നേരിട്ടു സൃഷ്ടിച്ചതുകൊണ്ട് അവൻ ദൈവത്തിന്റെ ‘ഏകജാതനായ പുത്രൻ’ എന്നു വിളിക്കപ്പെട്ടു. (യോഹന്നാൻ 3:16) മററു സകലവും സൃഷ്ടിക്കാൻ, ‘സർവ്വസൃഷ്ടിക്കും ആദ്യജാതൻ’ എന്നനിലയിൽ അവനെ ദൈവം പിന്നീട് ഉപയോഗിച്ചു. (കൊലൊസ്സ്യർ 1:15; വെളിപ്പാടു 3:14) “വചനം” (മനുഷ്യനാകുന്നതിനു മുമ്പുളള യേശു) “ആദിയിൽ” ദൈവത്തോടുകൂടെ ആയിരുന്നുവെന്നു യോഹന്നാൻ 1:1 പറയുന്നു. അതുകൊണ്ട് “ആകാശവും ഭൂമിയും” സൃഷ്ടിച്ചപ്പോൾ വചനം യഹോവയോടുകൂടെ ഉണ്ടായിരുന്നു. ‘നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കാം’ എന്നു പറഞ്ഞപ്പോൾ ദൈവം വചനത്തെ സംബോധന ചെയ്യുകയായിരുന്നു. (ഉല്പത്തി 1:1, 26) അതുപോലെ, മറെറല്ലാം സൃഷ്ടിക്കുന്നതിൽ യഹോവയുടെ പക്ഷത്ത് അധ്വാനിച്ചുകൊണ്ടിരുന്ന, ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമായി സദൃശവാക്യങ്ങൾ 8:22-31-ൽ വർണിച്ചിരിക്കുന്ന, ദൈവത്തിന്റെ പ്രിയനായ “ശില്പി” വചനമായിരുന്നിരിക്കണം. യഹോവ വചനത്തെ ഉളവാക്കിയശേഷം ഭൂമിയിൽ ഒരു മനുഷ്യനായിത്തീരുന്നതിനു മുമ്പ് അവൻ സ്വർഗത്തിൽ യുഗങ്ങൾതന്നെ ചെലവഴിച്ചു.
14. യേശു “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ” എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
14 യേശുവിനെ കൊലൊസ്സ്യർ 1:15 “അദ്യശ്യനായ ദൈവത്തിന്റെ പ്രതിമ” എന്നു വിളിക്കുന്നത് അതിശയമല്ല. അസംഖ്യം വർഷങ്ങളിലെ അടുത്ത സഹവാസത്തിലൂടെ അനുസരണമുളള ഈ പുത്രൻ അവന്റെ പിതാവായ യഹോവയെപ്പോലെതന്നെയായി. യേശു ജീവദായകമായ ദൈവപരിജ്ഞാനത്തിനുളള താക്കോലായിരിക്കുന്നതിന്റെ മറെറാരു കാരണമാണിത്. ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്ത സകലവും കൃത്യമായി യഹോവ ചെയ്യുമായിരുന്നതുതന്നെയാണ്. അതുകൊണ്ടു യേശുവിനെ അറിയുന്നതു യഹോവയെക്കുറിച്ചുളള നമ്മുടെ പരിജ്ഞാനം വർധിപ്പിക്കുന്നതിനെയും അർഥമാക്കുന്നു. (യോഹന്നാൻ 8:28; 14:8-10) അപ്പോൾ, വ്യക്തമായി, യേശുക്രിസ്തുവിനെക്കുറിച്ചു കൂടുതൽ പഠിക്കുന്നതു മർമപ്രധാനമാണ്.
യേശുവിന്റെ ഭൂമിയിലെ ജീവിതകാലം
15. യേശു പൂർണതയുളള ഒരു ശിശുവായി ജനിക്കാനിടയായത് എങ്ങനെ?
15 യേശുവിന്റെ ജീവിതകാലത്തിലെ രണ്ടാം ഘട്ടം ഇവിടെ ഭൂമിയിലായിരുന്നു. ദൈവം അവന്റെ ജീവനെ സ്വർഗത്തിൽനിന്നു മറിയ എന്നു പേരുളള ഒരു വിശ്വസ്ത യഹൂദസ്ത്രീയുടെ ഗർഭപാത്രത്തിലേക്കു മാററിയപ്പോൾ അവൻ മനസ്സോടെ അതിനു വഴങ്ങി. യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി മറിയയുടെമേൽ ‘നിഴലിട്ട്’ അവൾ ഗർഭിണിയാകാനും ഒടുവിൽ പൂർണതയുളള ഒരു ശിശുവിനെ പ്രസവിക്കാനും ഇടയാക്കി. (ലൂക്കൊസ് 1:34, 35) യേശുവിന്റെ ജീവൻ പൂർണതയുളള ഒരു ഉറവിൽനിന്നു വന്നതുകൊണ്ട് അവൻ അപൂർണത അവകാശപ്പെടുത്തിയില്ല. അവൻ തച്ചനായ യോസേഫിന്റെ ദത്തുപുത്രനായി ഒരു എളിയ ഭവനത്തിൽ വളർത്തപ്പെട്ടു. അവൻ കുടുംബത്തിലെ പല മക്കളിൽ ആദ്യത്തവനായിരുന്നു.—യെശയ്യാവു 7:14; മത്തായി 1:22, 23; മർക്കൊസ് 6:3.
16, 17. (എ) അത്ഭുതങ്ങൾ ചെയ്യാനുളള അധികാരം യേശുവിന് എവിടെനിന്നു ലഭിച്ചു, അവയിൽ ചിലത് ഏവയായിരുന്നു? (ബി) യേശു പ്രദർശിപ്പിച്ച ചില ഗുണങ്ങളേവ?
16 യഹോവയാം ദൈവത്തോടുളള യേശുവിന്റെ ആഴമായ ഭക്തി അവനു 12 വയസ്സായപ്പോൾത്തന്നെ പ്രകടമായിരുന്നു. (ലൂക്കൊസ് 2:41-49) വളർന്നു 30-ാം വയസ്സിൽ തന്റെ ശുശ്രൂഷയിൽ പ്രവേശിച്ചശേഷം യേശു തന്റെ സമസൃഷ്ടികളോടുളള അഗാധമായ സ്നേഹവും പ്രകടമാക്കി. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അത്ഭുതങ്ങൾ ചെയ്യാൻ അവനെ അധികാരപ്പെടുത്തിയപ്പോൾ അവൻ സഹതാപത്തോടെ രോഗികളെയും മുടന്തരെയും അംഗഭംഗം ഭവിച്ചവരെയും അന്ധരെയും ബധിരരെയും കുഷ്ഠരോഗികളെയും സൗഖ്യമാക്കി. (മത്തായി 8:2-4; 15:30) വിശന്ന ആയിരങ്ങളെ യേശു പോഷിപ്പിച്ചു. (മത്തായി 15:35-38) അവൻ തന്റെ സുഹൃത്തുക്കളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തിയ ഒരു കൊടുങ്കാററു ശമിപ്പിച്ചു. (മർക്കൊസ് 4:37-39) യഥാർഥത്തിൽ, അവൻ മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു. (യോഹന്നാൻ 11:43, 44) ഈ അത്ഭുതങ്ങൾ സുസ്ഥാപിത ചരിത്രവസ്തുതകളാണ്. യേശുവിന്റെ ശത്രുക്കൾപോലും അവൻ ‘അനേകം അടയാളങ്ങൾ ചെയ്തതായി’ സമ്മതിച്ചു.—യോഹന്നാൻ 11:47, 48.
17 യേശു തന്റെ സ്വദേശത്തുടനീളം സഞ്ചരിച്ച് ആളുകളെ ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. (മത്തായി 4:17) അവൻ ക്ഷമയുടെയും ന്യായബോധത്തിന്റെയും ഒരു തിളക്കമാർന്ന മാതൃകയും വെച്ചു. അവന്റെ ശിഷ്യൻമാർ അവനെ നിരാശപ്പെടുത്തിയപ്പോൾ പോലും അവൻ സഹതാപപൂർവം “ആത്മാവു ഒരുക്കമുളളതു; ജഡമോ ബലഹീനമത്രേ” എന്നു പ്രസ്താവിച്ചു. (മർക്കൊസ് 14:37, 38) എന്നാൽ സത്യത്തെ നിന്ദിക്കുകയും നിസ്സഹായരെ ഞെരുക്കുകയും ചെയ്തവരുടെ മുമ്പാകെ യേശു ധൈര്യശാലിയും വെട്ടിത്തുറന്നു സംസാരിക്കുന്നവനുമായിരുന്നു. (മത്തായി 23:27-33) എല്ലാററിനുമുപരിയായി, അവൻ തന്റെ പിതാവിന്റെ സ്നേഹത്തിൻമാതൃകയെ പൂർണമായി അനുകരിച്ചു. അപൂർണമനുഷ്യർക്കു ഭാവിയെക്കുറിച്ചു പ്രത്യാശ ലഭിക്കാൻ തക്കവണ്ണം മരിക്കാൻ പോലും യേശു സന്നദ്ധനായിരുന്നു. അപ്പോൾ അതിശയലേശമെന്യേ നമുക്കു യേശുവിനെ ദൈവപരിജ്ഞാനത്തിന്റെ താക്കോലായി പരാമർശിക്കാവുന്നതാണ്! അതേ, അവൻ ജീവനുളള താക്കോലാണ്! എന്നാൽ ഒരു ജീവനുളള താക്കോൽ എന്നു നാം പറയുന്നത് എന്തുകൊണ്ട്? ഇതു നമ്മെ അവന്റെ ജീവിതകാലത്തിന്റെ മൂന്നാംഘട്ടത്തിലേക്കു ആനയിക്കുന്നു.
യേശു ഇന്ന്
18. ഇന്നു നാം യേശുക്രിസ്തുവിനെ എങ്ങനെ വിഭാവന ചെയ്യണം?
18 ബൈബിൾ യേശുവിന്റെ മരണത്തെക്കുറിച്ച് അറിയിക്കുന്നുണ്ടെങ്കിലും അവൻ ഇപ്പോൾ ജീവിച്ചിരിക്കുന്നു! യഥാർഥത്തിൽ, പൊ.യു. ഒന്നാം നൂററാണ്ടിൽ ജീവിച്ചിരുന്ന നൂറുകണക്കിനാളുകൾ അവൻ പുനരുത്ഥാനം പ്രാപിച്ചുവെന്ന വസ്തുതക്കു ദൃക്സാക്ഷികളായിരുന്നു. (1 കൊരിന്ത്യർ 15:3-8) പ്രവചിക്കപ്പെട്ടിരുന്ന പ്രകാരം, അതിനുശേഷം അവൻ തന്റെ പിതാവിന്റെ വലതുഭാഗത്തിരിക്കുകയും സ്വർഗത്തിൽ രാജ്യാധികാരം പ്രാപിക്കാൻ കാത്തിരിക്കുകയും ചെയ്തു. (സങ്കീർത്തനം 110:1; എബ്രായർ 10:12, 13) അപ്പോൾ നാം ഇന്നു യേശുവിനെ വിഭാവന ചെയ്യേണ്ടത് എങ്ങനെയാണ്? ഒരു തൊഴുത്തിൽ കിടക്കുന്ന നിസ്സഹായ ശിശു എന്നപോലെയാണോ നാം അവനെക്കുറിച്ചു ചിന്തിക്കേണ്ടത്? അതോ വധിക്കപ്പെടുമ്പോൾ വേദനിച്ചു പുളയുന്ന ഒരു മനുഷ്യനായിട്ടോ? അല്ല. അവൻ വാഴ്ച നടത്തുന്ന ശക്തനായ ഒരു രാജാവാണ്! ഇപ്പോൾ വളരെ പെട്ടെന്നുതന്നെ അവൻ നമ്മുടെ കുഴപ്പം നിറഞ്ഞ ഭൂമിമേലുളള തന്റെ ഭരണാധിപത്യം പ്രകടമാക്കും.
19. യേശു സമീപ ഭാവിയിൽ ഏതു നടപടി സ്വീകരിക്കും?
19 വെളിപ്പാടു 19:11-15-ൽ രാജാവായ യേശുക്രിസ്തു ദുഷ്ടൻമാരെ നശിപ്പിക്കാൻ വലിയ ശക്തിയോടെ വരുന്നതായി ഭംഗ്യന്തരേണ വർണിക്കപ്പെടുന്നു. ഇന്നു ദശലക്ഷങ്ങളെ ബാധിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കുന്നതിന് ഈ സ്നേഹവാനായ സ്വർഗീയ ഭരണാധികാരി എത്ര ആകാംക്ഷാഭരിതനായിരിക്കണം! അവൻ ഭൂമിയിലായിരുന്നപ്പോൾ കാഴ്ചവെച്ച പൂർണദൃഷ്ടാന്തത്തെ അനുകരിക്കാൻ കഠിനശ്രമം ചെയ്യുന്നവരെ സഹായിക്കാനും അവന് അതുപോലെതന്നെ ആകാംക്ഷയുണ്ട്. (1 പത്രൊസ് 2:21) മിക്കപ്പോഴും അർമഗെദോൻ എന്നു വിളിക്കപ്പെടുന്ന, സത്വരം സമീപിച്ചുവരുന്ന “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ അവരെ സംരക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നു, തന്നിമിത്തം അവർക്ക് ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ ഭൗമികപ്രജകളായി എന്നേക്കും ജീവിക്കാൻ കഴിയും.—വെളിപ്പാടു 7:9, 14; 16:14, 16.
20. തന്റെ ആയിരവർഷ വാഴ്ചക്കാലത്തു യേശു മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യും?
20 യേശുവിന്റെ മുൻകൂട്ടി പറയപ്പെട്ട ആയിരവർഷ സമാധാനവാഴ്ചക്കാലത്ത് അവൻ സകല മനുഷ്യവർഗത്തിനും വേണ്ടി അത്ഭുതങ്ങൾ ചെയ്യും. (യെശയ്യാവു 9:6, 7; 11:1-10; വെളിപ്പാടു 20:6) യേശു സകല രോഗവും ഭേദപ്പെടുത്തുകയും മരണത്തിന് അറുതിവരുത്തുകയും ചെയ്യും. അവൻ ശതകോടികളെ ഉയിർപ്പിക്കും, തന്നിമിത്തം അവർക്കും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ അവസരം ലഭിക്കും. (യോഹന്നാൻ 5:28, 29) തുടർന്നുവരുന്ന ഒരു അധ്യായത്തിൽ അവന്റെ മിശിഹൈകരാജ്യത്തെക്കുറിച്ചു കൂടുതൽ പഠിക്കുമ്പോൾ നിങ്ങൾ പുളകംകൊളളുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. ഇതിനെക്കുറിച്ച് ഉറപ്പുണ്ടായിരിക്കുക: രാജ്യഭരണത്തിൻകീഴിൽ നമ്മുടെ ജീവിതം എത്ര ആശ്ചര്യകരമായിരിക്കുമെന്നു നമുക്കു സങ്കൽപ്പിക്കാൻപോലും സാധ്യമല്ല. യേശുക്രിസ്തുവിനെ മെച്ചമായി പരിചയപ്പെടുന്നത് എത്ര പ്രധാനമാണ്! അതേ, നിത്യജീവനിലേക്കു നയിക്കുന്ന ദൈവപരിജ്ഞാനത്തിന്റെ ജീവനുളള താക്കോലായ യേശുവിനെ നാം ഒരിക്കലും മറക്കാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
[അടിക്കുറിപ്പുകൾ]
a ഈ പേർചാർത്തൽ റോമാസാമ്രാജ്യത്തിന് ഏറെ കാര്യക്ഷമതയോടെ നികുതികൾ ഈടാക്കുന്നതിനു വഴിയൊരുക്കി. തന്നിമിത്തം, ‘രാജ്യത്തിലൂടെ ഒരു പിടിച്ചുപറിക്കാരൻ കടന്നുപോകാൻ ഇടയാക്കുന്ന’ ഒരു ഭരണാധികാരിയെക്കുറിച്ചുളള പ്രവചനം നിവൃത്തിയാക്കുന്നതിന് ഔഗുസ്തൊസ് അറിയാതെതന്നെ സഹായിച്ചു. അതേ പ്രവചനം “ഉടമ്പടിയുടെ നായകൻ” അല്ലെങ്കിൽ മിശിഹാ ഈ ഭരണാധികാരിയുടെ പിൻഗാമിയുടെ നാളുകളിൽ “തകർക്കപ്പെടു”മെന്നു മുൻകൂട്ടി പറഞ്ഞു. ഔഗുസ്തൊസിന്റെ പിൻഗാമിയായ തിബെര്യോസിന്റെ വാഴ്ചക്കാലത്തു യേശു കൊല്ലപ്പെട്ടു.—ദാനിയേൽ 11:20-22, NW.
b പുരാതന യഹൂദൻമാർ സാധാരണമായി വർഷങ്ങളുടെ ആഴ്ചകൾ എന്ന കണക്കിൽ ചിന്തിച്ചുപോന്നു. ഉദാഹരണത്തിന്, ഓരോ ഏഴാം ദിവസവും ഒരു ശബത്ത്ദിവസമായിരുന്നതുപോലെ, ഓരോ ഏഴാം വർഷവും ഒരു ശബത്ത്വർഷമായിരുന്നു.—പുറപ്പാടു 20:8-11; 23:10, 11.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
താൻ മിശിഹാ ആണെന്നുളള യേശുവിന്റെ അവകാശവാദത്തെ അവന്റെ വംശാവലി പിന്താങ്ങിയത് എങ്ങനെ?
യേശുവിൽ നിവൃത്തിയേറിയ ചില മിശിഹൈക പ്രവചനങ്ങൾ ഏവ?
യേശു തന്റെ അഭിഷിക്തനാണെന്നു ദൈവം നേരിട്ടു പ്രകടമാക്കിയത് എങ്ങനെ?
യേശു ദൈവപരിജ്ഞാനത്തിന്റെ ജീവനുളള താക്കോലായിരിക്കുന്നത് എന്തുകൊണ്ട്?
[37-ാം പേജിലെ ചാർട്ട്]
ചില പ്രമുഖ മിശിഹൈക പ്രവചനങ്ങൾ
പ്രവചനം സംഭവം നിവൃത്തി
അവന്റെ ആദ്യകാല ജീവിതം
യെശയ്യാവു 7:14 ഒരു കന്യകയിൽ ജനിക്കും മത്തായി 1:18-23
യിരെമ്യാവു 31:15 അവന്റെ ജനനശേഷം മത്തായി 2:16-18
ശിശുക്കൾ കൊല്ലപ്പെടും
അവന്റെ ശുശ്രൂഷ
യെശയ്യാവു 61:1, 2 ദൈവത്തിൽനിന്നുള ലൂക്കൊസ് 4:18-21
അവന്റെ നിയോഗം
യെശയ്യാവു 9:1, 2 ശുശ്രൂഷ ആളുകൾ വലിയ മത്തായി 4:13-16
ഒരു പ്രകാശം കാണാനിടയാക്കും
സങ്കീർത്തനം 69:9 യഹോവയുടെ യോഹന്നാൻ 2:13-17 ആലയത്തിനുവേണ്ടി തീക്ഷ്ണതയുളളവൻ
യെശയ്യാവു 53:1 വിശ്വസിക്കപ്പെടുകയില്ല യോഹന്നാൻ 12:37, 38
സെഖര്യാവു 9:9; യെരുശലേമിലേക്കുളള
പ്രവേശനം; മത്തായി 21:1-9
സങ്കീർത്തനം 118:26 ഒരു കഴുതക്കുട്ടിപ്പുറത്ത് രാജാവായും
യഹോവയുടെ നാമത്തിൽ
വരുന്നവനായും വാഴ്ത്തപ്പെടും
അവന്റെ ഒററിക്കൊടുക്കലും മരണവും
സങ്കീർത്തനം 41:9; 109:8 ഒരു അപ്പോസ്തലൻ പ്രവൃത്തികൾ 1:15-20
അവിശ്വസ്തൻ;
യേശുവിനെ ഒററിക്കൊടുക്കും, പിന്നീട് വേറൊരാൾ
പകരം നിയമിക്കപ്പെടും
സെഖര്യാവു 11:12 30 വെളളിക്കാശിന് മത്തായി 26:14, 15
ഒററിക്കൊടുക്കപ്പെടും
സങ്കീർത്തനം 27:12 അവനെതിരെ കളളസാക്ഷികൾ
ഉപയോഗിക്കപ്പെടും മത്തായി 26:59-61
സങ്കീർത്തനം 22:18 അവന്റെ അങ്കികൾക്കായി ചീട്ടിടും യോഹന്നാൻ 19:23, 24
യെശയ്യാവു 53:12 പാപികളോടുകൂടെ എണ്ണപ്പെടും മത്തായി 27:38
സങ്കീർത്തനം 22:7, 8 മരിച്ചുകൊണ്ടിരിക്കെ മർക്കൊസ് 15:29-32 അധിക്ഷേപിക്കപ്പെടും
സങ്കീർത്തനം 69:21 ചൊറുക്ക കൊടുക്കപ്പെടും മർക്കൊസ് 15:23, 36
യെശയ്യാവു 53:5; കുത്തിത്തുളയ്ക്കപ്പെടും യോഹന്നാൻ 19:34, 37
യെശയ്യാവു 53:9 ധനികരോടുകൂടെ അടക്കപ്പെടും മത്തായി 27:57-60
NW, അടിക്കുറിപ്പ് ദ്രവിക്കുന്നതിനുമുമ്പ് ഉയിർപ്പിക്കപ്പെടും പ്രവൃത്തികൾ 2:25-32; പ്രവൃത്തികൾ 13:34-37
[35-ാം പേജിലെ ചിത്രങ്ങൾ]
രോഗികളെ സൗഖ്യമാക്കാൻ ദൈവം യേശുവിന് അധികാരം കൊടുത്തു