പഠനലേഖനം 14
വടക്കുനിന്നുള്ള ഒരു ആക്രമണം
“ശക്തരായ ഒരു ജനത എന്റെ ദേശത്തേക്കു വന്നിരിക്കുന്നു.”—യോവേ. 1:6.
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
പൂർവാവലോകനംa
1. റസ്സൽ സഹോദരനും സഹകാരികളും എങ്ങനെയാണു ബൈബിൾ പഠിച്ചിരുന്നത്, അതു ഫലം കണ്ടോ?
നൂറിലേറെ വർഷങ്ങൾക്കു മുമ്പ് സി.റ്റി. റസ്സൽ സഹോദരനും മറ്റു ചിലരും ഒരുമിച്ച് കൂടിവന്ന് ദൈവവചനം പഠിക്കാൻ തുടങ്ങി. ദൈവമായ യഹോവയെയും യേശുക്രിസ്തുവിനെയും അതുപോലെ മരിച്ചവരുടെ അവസ്ഥയെയും മോചനവിലയെയും കുറിച്ച് ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ കഴിയുമോ എന്ന് അറിയാൻ അവർ ആഗ്രഹിച്ചു. അവരുടെ പഠനരീതി ലളിതമായിരുന്നു. ആരെങ്കിലും ഒരു ചോദ്യം ചോദിക്കും, എന്നിട്ട് ആ വിഷയത്തെക്കുറിച്ച് പറയുന്ന എല്ലാ തിരുവെഴുത്തും അവർ നോക്കും. അവസാനം, മനസ്സിലാക്കിയ കാര്യങ്ങൾ അവർ എഴുതിവെക്കും. യഹോവയുടെ അനുഗ്രഹത്താൽ, വിശ്വസ്തരായ ആ ക്രിസ്തീയപുരുഷന്മാർക്ക് അനേകം അടിസ്ഥാന ബൈബിൾസത്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ആ സത്യങ്ങൾ ഇന്നു നമുക്കും വിലയേറിയതാണ്.
2. ഒരു ബൈബിൾപ്രവചനം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ തെറ്റായ നിഗമനത്തിൽ എത്താൻ ഇടയായേക്കാവുന്നത് എങ്ങനെ?
2 എന്നാൽ, ഒരു അടിസ്ഥാന ബൈബിൾസത്യം മനസ്സിലാക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഒരു ബൈബിൾപ്രവചനം മനസ്സിലാക്കിയെടുക്കുന്നതെന്ന് അധികം വൈകാതെ ആ ബൈബിൾവിദ്യാർഥികൾ തിരിച്ചറിഞ്ഞു. എന്തുകൊണ്ട്? ബൈബിൾപ്രവചനങ്ങൾ നിറവേറുന്ന സമയത്തോ അല്ലെങ്കിൽ നിറവേറിക്കഴിഞ്ഞോ ആണ് പലപ്പോഴും നമുക്ക് അവ നന്നായി മനസ്സിലാക്കാൻ കഴിയുക. ഇനി, ഒരു പ്രവചനം കൃത്യമായി മനസ്സിലാകണമെങ്കിൽ നമ്മൾ ആ പ്രവചനം മുഴുവനായി പരിശോധിക്കണം. സന്ദർഭം നോക്കാതെ പ്രവചനത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമാണു നമ്മൾ ശ്രദ്ധിക്കുന്നതെങ്കിൽ തെറ്റായ നിഗമനത്തിൽ എത്താൻ സാധ്യതയുണ്ട്. യോവേൽ പുസ്തകത്തിലെ ഒരു പ്രവചനത്തിന്റെ കാര്യത്തിൽ ഇതാണു സംഭവിച്ചതെന്നു തോന്നുന്നു. നമുക്ക് ആ പ്രവചനം ഒന്നു പരിശോധിക്കാം, അതെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ഗ്രാഹ്യത്തിന് ഒരു മാറ്റം ആവശ്യമായിവന്നത് എന്തുകൊണ്ടാണെന്നും നോക്കാം.
3-4. യോവേൽ 2:7-9-ലെ പ്രവചനം, നമ്മൾ ഇതുവരെ എങ്ങനെയാണു മനസ്സിലാക്കിയിരുന്നത്?
3 യോവേൽ 2:7-9 വായിക്കുക. വലിയ ഒരു കൂട്ടം വെട്ടുക്കിളികൾ ഇസ്രായേൽ ദേശം നശിപ്പിക്കുമെന്നു യോവേൽ മുൻകൂട്ടിപ്പറഞ്ഞു. സിംഹത്തിന്റേതുപോലെ പല്ലും താടിയെല്ലും ഉള്ള, ആർത്തിപൂണ്ട ആ ജീവികൾ കണ്ണിൽ കണ്ടതെല്ലാം തിന്ന് മുന്നേറും. (യോവേ. 1:4, 6) യഹോവയുടെ ജനം, ആർക്കും തടയാനാകാത്ത വെട്ടുക്കിളികളെപ്പോലെ, പ്രസംഗപ്രവർത്തനം ചെയ്യുന്നതിനെയാണ് ഈ പ്രവചനം മുൻകൂട്ടിപ്പറയുന്നതെന്നു വർഷങ്ങളായി നമ്മൾ കരുതിയിരുന്നു. ഈ പ്രവർത്തനം മതനേതാക്കന്മാരുടെ കീഴിലുള്ള ആളുകൾ അടങ്ങുന്ന ‘ദേശത്ത്’ വിനാശം വിതയ്ക്കും എന്നു നമ്മൾ വിചാരിച്ചു.b
4 യോവേൽ 2:7-9 മാത്രം വായിച്ചാൽ ഈ വിശദീകരണം ശരിയാണെന്നു നമുക്കു തോന്നും. എന്നാൽ ഈ പ്രവചനത്തിന്റെ മുന്നിലും പിന്നിലും ഉള്ള വാക്യങ്ങൾകൂടി നോക്കുമ്പോൾ നമ്മുടെ ഈ ഗ്രാഹ്യത്തിന് ഒരു മാറ്റം ആവശ്യമാണെന്നു മനസ്സിലാകും. അങ്ങനെ പറയുന്നതിന്റെ നാലു കാരണങ്ങൾ നമുക്കു നോക്കാം.
ആ നാലു കാരണങ്ങൾ
5-6. (എ) യോവേൽ 2:20-നെക്കുറിച്ച് ചിന്തിക്കുമ്പോൾ, (ബി) യോവേൽ 2:25-നെക്കുറിച്ച് ചിന്തിക്കുമ്പോൾ, എന്തു സംശയം തോന്നിയേക്കാം?
5 ആദ്യമായി, വെട്ടുക്കിളിബാധയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം നോക്കുക: “ഞാൻ വടക്കുള്ളവനെ (വെട്ടുക്കിളികളെ) ദൂരേക്ക് ഓടിക്കും.” (യോവേ. 2:20) പ്രസംഗിക്കാനും ശിഷ്യരാക്കാനും ഉള്ള യേശുവിന്റെ കല്പന അനുസരിക്കുന്ന യഹോവയുടെ സാക്ഷികളെയാണു വെട്ടുക്കിളികൾ അർഥമാക്കുന്നതെങ്കിൽ, അവരെ ഓടിച്ചുകളയും എന്ന് യഹോവ പറയുമെന്നു തോന്നുന്നുണ്ടോ? (യഹ. 33:7-9; മത്താ. 28:19, 20) വ്യക്തമായും യഹോവ ഓടിച്ചുകളയുന്നതു തന്റെ വിശ്വസ്തരായ ദാസരെയല്ല. പകരം തന്റെ ജനത്തോടു ശത്രുതയുള്ള ആരെയോ അല്ലെങ്കിൽ എന്തിനെയോ ആണ്.
6 രണ്ടാമതായി, യോവേൽ 2:25-ലെ പ്രവചനം നോക്കാം. യഹോവ പറയുന്നു: “കൂട്ടമായി വന്ന വെട്ടുക്കിളികളും ചിറകു വരാത്ത വെട്ടുക്കിളികളും കൊതിമൂത്ത വെട്ടുക്കിളികളും ആർത്തിപൂണ്ട വെട്ടുക്കിളികളും തിന്നുമുടിച്ച വർഷങ്ങൾക്ക്, എന്റെ ആ വലിയ സൈന്യത്തെ നിങ്ങൾക്കിടയിലേക്ക് അയച്ച വർഷങ്ങൾക്ക്, ഞാൻ നഷ്ടപരിഹാരം തരും.” വെട്ടുക്കിളികൾ വരുത്തിവെച്ച നാശത്തിന് യഹോവ “നഷ്ടപരിഹാരം തരും” എന്നു വാഗ്ദാനം ചെയ്യുന്നതു ശ്രദ്ധിക്കുക. വെട്ടുക്കിളികൾ രാജ്യസുവിശേഷകരാണെങ്കിൽ, അവർ അറിയിക്കുന്ന സന്ദേശം നാശം വരുത്തിവെക്കും എന്നായിരിക്കില്ലേ ഇത് അർഥമാക്കുന്നത്? പക്ഷേ, ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ സന്ദേശത്തിനു ദുഷ്ടരായ ചിലരിൽ നല്ല മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതാണു സത്യം. (യഹ. 33:8, 19) അതു ശരിക്കും അവർക്ക് ഒരു അനുഗ്രഹമല്ലേ?
7. യോവേൽ 2:28, 29-ലെ “അതിനു ശേഷം” എന്ന വാക്കുകളുടെ പ്രസക്തി എന്താണ്?
7 യോവേൽ 2:28, 29 വായിക്കുക. മൂന്നാമത്തെ കാരണം നോക്കാം. അതു പ്രവചനത്തിലെ സംഭവങ്ങളുടെ ക്രമം ആണ്. യഹോവ പറയുന്നതു ശ്രദ്ധിച്ചോ: “അതിനു ശേഷം,” അതായത്, വെട്ടുക്കിളികൾ അവരുടെ ജോലി പൂർത്തിയാക്കിയതിനു ശേഷം, “ഞാൻ . . . എന്റെ ആത്മാവിനെ പകരും.” വെട്ടുക്കിളികൾ രാജ്യസുവിശേഷകരാണെങ്കിൽ, അവരുടെ പ്രസംഗപ്രവർത്തനം പൂർത്തിയാക്കിയതിനു ശേഷം യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുന്നത് എന്തിനാണ്? സത്യത്തിൽ, ദൈവത്തിന്റെ ശക്തമായ പരിശുദ്ധാത്മാവിന്റെ സഹായത്താലാണു വർഷങ്ങളായി പ്രസംഗപ്രവർത്തനം ചെയ്യാൻ അവർക്കു കഴിയുന്നത്, അല്ലെങ്കിൽ എതിർപ്പുകളും നിരോധനവും ഒക്കെ വന്നപ്പോൾ അവരുടെ പ്രവർത്തനം നിന്നുപോയേനേ.
8. വെളിപാട് 9:1-11-ൽ പറയുന്ന വെട്ടുക്കിളികൾ ആരെയാണ് അർഥമാക്കുന്നത്? (പുറംതാളിലെ ചിത്രം കാണുക.)
8 വെളിപാട് 9:1-11 വായിക്കുക. നമുക്ക് ഇനി നാലാമത്തെ കാരണത്തിലേക്കു പോകാം. യോവേൽ പ്രവചനത്തിൽ കാണുന്ന വെട്ടുക്കിളിബാധ നമ്മുടെ പ്രസംഗപ്രവർത്തനത്തെയാണ് അർഥമാക്കുന്നതെന്നു നമ്മൾ നേരത്തേ പറഞ്ഞിരുന്നതിന്റെ കാരണം സമാനമായ ഒരു പ്രവചനം വെളിപാട് പുസ്തകത്തിൽ ഉള്ളതുകൊണ്ടാണ്. വെളിപാടിലെ പ്രവചനത്തിലും വെട്ടുക്കിളികളുടെ ഒരു കൂട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. അവയ്ക്കു പുരുഷന്മാരുടേതുപോലുള്ള മുഖവും ‘തലയിൽ സ്വർണകിരീടംപോലെ എന്തോ ഒന്നും’ ഉണ്ടായിരുന്നു. (വെളി. 9:7) “നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെ (ദൈവത്തിന്റെ ശത്രുക്കളെ)” അവ അഞ്ചു മാസത്തേക്കു ക്രൂരമായി ഉപദ്രവിക്കുന്നു. ഒരു വെട്ടുക്കിളിയുടെ ശരാശരി ആയുർദൈർഘ്യമാണ് അഞ്ചു മാസം. (വെളി. 9:4, 5) ഈ പ്രവചനം ശരിക്കും യഹോവയുടെ അഭിഷിക്തദാസരെക്കുറിച്ചുതന്നെയാണു പറയുന്നതെന്നു തോന്നുന്നു. ഈ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള ദൈവത്തിന്റെ ന്യായവിധികൾ അവർ ധൈര്യത്തോടെ പ്രഖ്യാപിക്കുന്നു. അതുവഴി, ഈ വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്നവർക്ക് അസ്വസ്ഥത തോന്നാൻ ഇടയാക്കുന്നു.
9. യോവേലിന്റെ പ്രവചനത്തിലെയും യോഹന്നാന്റെ ദർശനത്തിലെയും വെട്ടുക്കിളികൾ തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
9 യോഹന്നാനു ലഭിച്ച വെളിപാടിലെ പ്രവചനവും യോവേലിന്റെ പ്രവചനവും തമ്മിൽ ചില സമാനതകളുണ്ടെന്നതു ശരിയാണ്. പക്ഷേ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളുമുണ്ട്. ഉദാഹരണത്തിന്, യോവേൽ പ്രവചനത്തിലെ വെട്ടുക്കിളികൾ സസ്യങ്ങൾ മുഴുവൻ നശിപ്പിക്കുന്നു. (യോവേ. 1:4, 6, 7) അതേസമയം യോഹന്നാൻ കണ്ട ദർശനത്തിൽ, ‘ഭൂമിയിലെ സസ്യങ്ങൾക്കു ദോഷം വരുത്തരുത്’ എന്നു വെട്ടുക്കിളികളോടു പറയുന്നു. (വെളി. 9:4) വെട്ടുക്കിളികൾ വടക്കുനിന്ന് വരുന്നതായിട്ടാണു യോവേൽ കാണുന്നത്. (യോവേ. 2:20) എന്നാൽ യോഹന്നാൻ കാണുന്നവ അഗാധത്തിൽനിന്നാണു വരുന്നത്. (വെളി. 9:1-3) യോവേലിന്റെ പ്രവചനത്തിൽ, വെട്ടുക്കിളികളെ ഓടിച്ചുകളയുന്നതായി പറയുന്നു. വെളിപാടിൽ, വെട്ടുക്കിളികളെ ഓടിച്ചുകളയുന്നില്ല, പകരം അവയുടെ ജോലി പൂർത്തിയാക്കാൻ അവയെ അനുവദിക്കുന്നു. അവയോട് യഹോവയ്ക്ക് എന്തെങ്കിലും അപ്രീതിയുള്ളതായി യാതൊരു സൂചനയുമില്ല.—“വെട്ടുക്കിളികളെക്കുറിച്ചുള്ള രണ്ടു പ്രവചനങ്ങൾ—വ്യത്യാസങ്ങൾ” എന്ന ചതുരം കാണുക.
10. യോവേലിലെയും വെളിപാടിലെയും വെട്ടുക്കിളികൾക്കു രണ്ടു കാര്യങ്ങളെ അർഥമാക്കാൻ കഴിയുമോ? അതു തെളിയിക്കുന്ന ഒരു തിരുവെഴുത്ത് ദൃഷ്ടാന്തം പറയുക.
10 രണ്ടു പ്രവചനങ്ങൾ തമ്മിലുള്ള ഈ വ്യത്യാസങ്ങൾ നോക്കുമ്പോൾ അവ തമ്മിൽ ബന്ധമില്ലെന്നു നമുക്കു മനസ്സിലാക്കാം. അതുകൊണ്ട് യോവേൽ പ്രവചനത്തിലെ വെട്ടുക്കിളികളും വെളിപാട് പുസ്തകത്തിലെ വെട്ടുക്കിളികളും അർഥമാക്കുന്നത് ഒരേ കാര്യത്തെയല്ല. അപ്പോൾ രണ്ടിടത്തും വെട്ടുക്കിളി എന്ന ഒരേ വാക്കുതന്നെ ഉപയോഗിച്ചിരിക്കുന്നതോ? ബൈബിളിൽ ചിലപ്പോൾ ഒരേ കാര്യംതന്നെ പലതിനെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വെളിപാട് 5:5-ൽ യേശുവിനെ ‘യഹൂദാഗോത്രത്തിലെ സിംഹം’ എന്നു വിളിച്ചിരിക്കുന്നു. അതേസമയം 1 പത്രോസ് 5:8-ൽ ‘അലറുന്ന സിംഹം’ എന്നു പിശാചിനെക്കുറിച്ചും പറയുന്നു. യോവേൽ പ്രവചനത്തെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ഗ്രാഹ്യത്തിനു ചില പൊരുത്തക്കേടുകളുള്ളതായി ഇതുവരെയുള്ള ചർച്ചയിൽനിന്ന് നമുക്കു മനസ്സിലായി. അങ്ങനെയെങ്കിൽ അതിന്റെ ശരിക്കുള്ള അർഥം എന്താണ്?
എന്താണ് അത് അർഥമാക്കുന്നത്?
11. യോവേൽ 1:6; 2:1, 8, 11 എന്നീ വാക്യങ്ങൾ വെട്ടുക്കിളികൾ ആരാണെന്നു തിരിച്ചറിയാൻ സഹായിക്കുന്നത് എങ്ങനെ?
11 യോവേൽ പ്രവചനത്തിലെ മറ്റു വാക്യങ്ങൾകൂടി നോക്കുമ്പോൾ, പ്രവാചകൻ ഒരു സൈനിക ആക്രമണത്തെക്കുറിച്ച് മുൻകൂട്ടിപ്പറയുകയായിരുന്നെന്നു കാണാം. (യോവേ. 1:6; 2:1, 8, 11) അനുസരണമില്ലാത്ത ഇസ്രായേല്യരെ ശിക്ഷിക്കാൻ തന്റെ “വലിയ സൈന്യത്തെ” (ബാബിലോണിന്റെ പടയാളികളെ) ഉപയോഗിക്കുമെന്ന് യഹോവ പറഞ്ഞു. (യോവേ. 2:25) ഈ സൈന്യത്തെ ‘വടക്കുള്ളവൻ’ എന്നു വിളിക്കാൻ കഴിയും. കാരണം ബാബിലോൺകാർ ഇസ്രായേലിനെ ആക്രമിക്കുന്നതു വടക്കുനിന്നാണ്. (യോവേ. 2:20) സംഘടിതമായി നീങ്ങുന്ന വെട്ടുക്കിളികൾപോലെയാണ് ആ സൈന്യം. അവരെക്കുറിച്ച് യോവേൽ പറയുന്നു: “ഓരോ (പടയാളിയും) അവരവരുടെ വഴിയിൽത്തന്നെ മുന്നേറുന്നു. . . . നഗരത്തിലേക്ക് അവർ പാഞ്ഞുകയറുന്നു, മതിലിനു മുകളിലൂടെ ഓടുന്നു. അവർ വീടുകളിലേക്കു കയറുന്നു, കള്ളന്മാരെപ്പോലെ ജനലിലൂടെ അകത്ത് കടക്കുന്നു.” (യോവേ. 2:8, 9) നിങ്ങൾക്ക് അതൊന്നു സങ്കൽപ്പിക്കാമോ? പടയാളികൾ എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. ഒളിക്കാൻ ഒരിടവും ഇല്ല. ബാബിലോൺകാരുടെ കൈയിൽനിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ല!
12. വെട്ടുക്കിളികളെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം എങ്ങനെയാണു നിറവേറിയത്?
12 ബി.സി. 607-ൽ ബാബിലോൺകാർ (കൽദയർ) വെട്ടുക്കിളികളെപ്പോലെ യരുശലേം നഗരം ആക്രമിച്ചു. ആ ആക്രമണം ബൈബിൾ ഇങ്ങനെയാണു വിവരിക്കുന്നത്: “കൽദയരാജാവ് . . . അവർക്കിടയിലെ ചെറുപ്പക്കാരെ വാളുകൊണ്ട് വെട്ടിക്കൊന്നു. യുവാക്കളോടോ കന്യകമാരോടോ പ്രായമുള്ളവരോടോ അവശരോടോ കരുണ കാണിച്ചില്ല. ദൈവം സകലവും കൽദയരാജാവിന്റെ കൈയിൽ ഏൽപ്പിച്ചു. കൽദയരാജാവ് സത്യദൈവത്തിന്റെ ഭവനം തീയിട്ട് നശിപ്പിച്ചു; യരുശലേമിന്റെ മതിൽ ഇടിച്ചുകളഞ്ഞ് അവിടത്തെ കോട്ടമതിലുള്ള മന്ദിരങ്ങളെല്ലാം ചുട്ടെരിച്ചു; വിലപിടിപ്പുള്ള സകലവും നശിപ്പിച്ചുകളഞ്ഞു.” (2 ദിന. 36:17, 19) ബാബിലോൺകാർ ദേശം നശിപ്പിച്ചുകഴിയുമ്പോൾ ആളുകൾ ഇങ്ങനെ പറയുമായിരുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടുത്തിരിക്കുകയാണ്.”—യിരെ. 32:43.
13. യിരെമ്യ 16:16, 18-ന്റെ അർഥം വിശദീകരിക്കുക.
13 യോവേൽ ഈ പ്രവചനം നടത്തി ഏകദേശം 200 വർഷത്തിനു ശേഷം ഈ ആക്രമണത്തെക്കുറിച്ച് മറ്റു ചില കാര്യങ്ങൾ മുൻകൂട്ടിപ്പറയാൻ യഹോവ യിരെമ്യയെ ഉപയോഗിച്ചു. ആക്രമിക്കാൻ വരുന്നവർ, മോശമായ കാര്യങ്ങൾ ചെയ്യുന്ന ഇസ്രായേല്യർക്കുവേണ്ടി ഒരു തിരച്ചിൽ നടത്തുമെന്ന് യഹോവ പറഞ്ഞു. അങ്ങനെയുള്ളവർ ഒടുവിൽ പിടിക്കപ്പെടുകയും ചെയ്യും. “‘ഇതാ ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘മീൻ പിടിക്കുന്നതുപോലെ അവർ അവരെ പിടിക്കും. പിന്നെ ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ എല്ലാ മലകളിൽനിന്നും കുന്നുകളിൽനിന്നും പാറയിടുക്കുകളിൽനിന്നും അവരെ വേട്ടയാടിപ്പിടിക്കും. . . . ഞാൻ അവരുടെ തെറ്റുകൾക്കും പാപങ്ങൾക്കും അതേ അളവിൽ മടക്കിക്കൊടുക്കും.’” പശ്ചാത്താപമില്ലാത്ത ഇസ്രായേല്യർ സമുദ്രത്തിലോ വനത്തിലോ, എവിടെ പോയി ഒളിച്ചാലും അവർക്കു ബാബിലോൺകാരുടെ കൈയിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലായിരുന്നു.—യിരെ. 16:16, 18.
നാശത്തിനു ശേഷം ഒരു സന്തോഷവാർത്ത
14. യോവേൽ 2:28, 29 എപ്പോഴാണു നിറവേറിയത്?
14 നാശത്തെക്കുറിച്ച് പ്രവചിച്ചതിനു ശേഷം യോവേൽ ഇപ്പോൾ സന്തോഷകരമായ ചില കാര്യങ്ങൾ പറയുന്നു. ദേശം വീണ്ടും ധാരാളം വിളവ് തരും എന്നതാണ് അതിലൊന്ന്. (യോവേ. 2:23-26) കുറെ കാലം കഴിഞ്ഞ് ആത്മീയാഹാരം സമൃദ്ധമായി ലഭിക്കാൻ തുടങ്ങുന്നതിനെക്കുറിച്ചും യോവേൽ പ്രവചനത്തിൽ കാണാം. അതെക്കുറിച്ച് യഹോവ പറയുന്നു: “ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും, . . . അന്ന് എന്റെ ദാസീദാസന്മാരുടെ മേൽപോലും ഞാൻ എന്റെ ആത്മാവിനെ പകരും.” (യോവേ. 2:28, 29) ഇസ്രായേല്യർ ബാബിലോണിൽനിന്ന് സ്വദേശത്ത് മടങ്ങിയെത്തിയ ഉടനെ യഹോവ തന്റെ ആത്മാവിനെ പകർന്നില്ല. പകരം, നൂറ്റാണ്ടുകൾ കഴിഞ്ഞ്, എ.ഡി. 33-ലെ പെന്തിക്കോസ്തിലാണ് ഇതു സംഭവിച്ചത്. അതു നമുക്ക് എങ്ങനെ അറിയാം?
15. പ്രവൃത്തികൾ 2:16, 17-ൽ കാണുന്നതുപോലെ, യോവേൽ 2:28 ഉദ്ധരിച്ചപ്പോൾ പത്രോസ് എന്തു മാറ്റം വരുത്തി, അത് എന്തു സൂചിപ്പിച്ചു?
15 ആ ദിവസം അത്ഭുതകരമായ ഒരു സംഭവമുണ്ടായി. ദൈവപ്രചോദിതനായി, അപ്പോസ്തലനായ പത്രോസ് യോവേൽ 2:28, 29-നെ ആ സംഭവവുമായി ബന്ധപ്പെടുത്തി. അന്നേ ദിവസം രാവിലെ ഏകദേശം ഒൻപതു മണിയായപ്പോൾ, ചിലർക്ക് അത്ഭുതകരമായ വിധത്തിൽ പരിശുദ്ധാത്മാവിനെ പകർന്ന് കിട്ടി. അതു ലഭിച്ചവർ വ്യത്യസ്തഭാഷകളിൽ “ദൈവത്തിന്റെ മഹാകാര്യങ്ങൾ” സംസാരിക്കാൻ തുടങ്ങി. (പ്രവൃ. 2:11) ആ സാഹചര്യത്തിൽ പത്രോസ് യോവേൽ പ്രവചനത്തിലെ ഒരു ഭാഗം ഉദ്ധരിച്ചു. ദൈവാത്മാവിനാൽ പ്രചോദിതനായി, ആ ഭാഗത്തെ ചില വാക്കുകൾക്കു പകരം വേറെ ചില വാക്കുകളാണു പത്രോസ് ഉപയോഗിച്ചത്. അദ്ദേഹം വരുത്തിയ മാറ്റം നിങ്ങൾ ശ്രദ്ധിച്ചോ? (പ്രവൃത്തികൾ 2:16, 17 വായിക്കുക.) “അതിനു ശേഷം” എന്നു പറഞ്ഞ് തുടങ്ങുന്നതിനു പകരം പത്രോസ് ഇങ്ങനെയാണു പറഞ്ഞത്: “അവസാനകാലത്ത്” “എല്ലാ തരം ആളുകളുടെ മേലും” ദൈവാത്മാവ് പകരപ്പെടും. ഇവിടെ ജൂതവ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചാണു പത്രോസ് പറയുന്നത്. യോവേൽ 2:28, 29-ലെ പ്രവചനം കുറെ കാലം കഴിഞ്ഞാണു നിറവേറിയതെന്ന് ഇതു സൂചിപ്പിക്കുന്നു.
16. ഒന്നാം നൂറ്റാണ്ടിലെയും ഇക്കാലത്തെയും പ്രസംഗപ്രവർത്തനത്തിന്റെ മേൽ പരിശുദ്ധാത്മാവിന്റെ സ്വാധീനം എന്താണ്?
16 ഒന്നാം നൂറ്റാണ്ടിൽ ദൈവം തന്റെ ആത്മാവിനെ ക്രിസ്ത്യാനികളുടെ മേൽ പകർന്നതിനു ശേഷം അവർ വിപുലമായ വിധത്തിൽ പ്രസംഗപ്രവർത്തനം തുടങ്ങി. ഏകദേശം എ.ഡി. 61-ൽ പൗലോസ് കൊലോസ്യർക്കുള്ള കത്ത് എഴുതിയ സമയമായപ്പോഴേക്കും സന്തോഷവാർത്ത “ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും” എത്തിയെന്നു പൗലോസിനു പറയാൻ കഴിഞ്ഞു. (കൊലോ. 1:23) പൗലോസിനും മറ്റുള്ളവർക്കും എത്തിപ്പെടാൻ കഴിയുന്ന ലോകത്തിന്റെ ഭാഗങ്ങളെയാണ് ‘എല്ലാ സൃഷ്ടികളും’ എന്നതുകൊണ്ട് പൗലോസ് ഉദ്ദേശിച്ചത്. ഇക്കാലത്ത്, യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവിന്റെ സഹായത്താൽ പ്രസംഗപ്രവർത്തനം മുമ്പെന്നത്തെക്കാളും വ്യാപിച്ചിരിക്കുന്നു. അതെ, സന്തോഷവാർത്ത “ഭൂമിയുടെ അറ്റംവരെ” എത്തിയിരിക്കുന്നു.—പ്രവൃ. 13:47; “ഞാൻ . . . എന്റെ ആത്മാവിനെ പകരും” എന്ന ചതുരം കാണുക.
മാറ്റം എന്താണ്?
17. വെട്ടുക്കിളിയെക്കുറിച്ച് പറയുന്ന യോവേൽ പ്രവചനത്തെപ്പറ്റിയുള്ള നമ്മുടെ ഗ്രാഹ്യത്തിന് എന്തു മാറ്റമാണ് വന്നത്?
17 എന്തിനാണു മാറ്റം വന്നത്? നമുക്ക് ഇപ്പോൾ യോവേൽ 2:7-9-ലെ പ്രവചനഭാഗത്തിനു കുറെക്കൂടി കൃത്യമായ ഗ്രാഹ്യം ലഭിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ഈ വാക്യങ്ങൾ തീക്ഷ്ണതയോടെയുള്ള നമ്മുടെ പ്രസംഗപ്രവർത്തനത്തെയല്ല, പകരം ബി.സി. 607-ൽ ബാബിലോൺ സൈന്യം യരുശലേം ആക്രമിച്ചതിനെയാണു പരാമർശിക്കുന്നത്.
18. യഹോവയുടെ ജനം ചെയ്യുന്ന ഏതു കാര്യത്തിനു മാറ്റം വന്നിട്ടില്ല?
18 പ്രവചനത്തിന്റെ ഗ്രാഹ്യത്തിൽ മാറ്റം വന്നെങ്കിലും യഹോവയുടെ ജനം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് സന്തോഷവാർത്ത എല്ലായിടത്തും പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അതിന് ഒരു മാറ്റവും വന്നിട്ടില്ല. (മത്താ. 24:14) ഗവൺമെന്റുകൾ എന്തെല്ലാം നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും പ്രസംഗിക്കാനുള്ള നമ്മുടെ നിയമനം തടയാൻ അതിനൊന്നും കഴിയില്ല. യഹോവയുടെ അനുഗ്രഹത്താൽ നമ്മൾ ധൈര്യത്തോടെ സന്തോഷവാർത്ത അറിയിക്കുന്നു, മുമ്പെന്നത്തെക്കാളും ഉത്സാഹത്തോടെ ഈ നിയമനം ചെയ്യുന്നു. അതേസമയം ബൈബിൾപ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാനുള്ള സഹായത്തിനായി നമ്മൾ താഴ്മയോടെ യഹോവയിലേക്കു നോക്കുന്നു. കൃത്യമായ സമയത്ത് “സത്യം മുഴുവനായി മനസ്സിലാകും” എന്നു നമുക്ക് ഉറപ്പുണ്ട്.—യോഹ. 16:13.
ഗീതം 97 ജീവന് ആധാരം ദൈവവചനം
a യോവേൽ 1, 2 അധ്യായങ്ങളിലെ പ്രവചനം ആധുനികകാലത്തെ നമ്മുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ചാണു മുൻകൂട്ടിപ്പറയുന്നതെന്നു വർഷങ്ങളായി നമ്മൾ കരുതിയിരുന്നു. എന്നാൽ പ്രവചനത്തിന്റെ ഈ ഭാഗത്തെപ്പറ്റി നമ്മൾ മനസ്സിലാക്കിയിരുന്ന കാര്യങ്ങൾക്ക് ഒരു മാറ്റം ആവശ്യമാണെന്നു കാണുന്നു. എന്തുകൊണ്ട്? അതിനു നാലു കാരണങ്ങളുണ്ട്. എന്തൊക്കെയാണ് അവ?
b 2009 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ “സൃഷ്ടികൾ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു” എന്ന ലേഖനത്തിലെ 14-16 ഖണ്ഡികകൾ കാണുക.