യഹോവയുടെ വചനം ജീവനുള്ളത്
ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ എന്നിവർക്ക് എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹൂദമതാനുകൂലികളുടെ സ്വാധീനത്തിൽപ്പെട്ട് ചില ക്രിസ്ത്യാനികൾ സത്യാരാധനയിൽനിന്നു വ്യതിചലിക്കുന്നതായി അറിഞ്ഞപ്പോൾ പൗലൊസ് അപ്പൊസ്തലൻ ശക്തമായ ഭാഷയിൽ ‘ഗലാത്യസഭകൾക്ക്’ ഒരു ലേഖനം എഴുതി. (ഗലാ. 1:2) വളച്ചുകെട്ടില്ലാത്ത ബുദ്ധിയുപദേശവും ശക്തമായ ഉദ്ബോധനവും അടങ്ങുന്ന ഈ ലേഖനം എ.ഡി. 50-52 കാലഘട്ടത്തിലാണ് എഴുതിയത്.
ഏതാണ്ട് പത്തു വർഷത്തിനുശേഷം പൗലൊസ് റോമിൽ “ക്രിസ്തുയേശുവിന്റെ ബദ്ധനായിരി”ക്കെയാണ് എഫെസൊസ്, ഫിലിപ്പി, കൊലൊസ്സ്യ എന്നിവിടങ്ങളിലെ സഭകൾക്ക് എഴുതുന്നത്. (എഫെ. 3:1) ഈ നാലു ബൈബിൾ പുസ്തകങ്ങൾക്കും അടുത്ത ശ്രദ്ധ നൽകുന്നതിലൂടെ ഇന്ന് നമുക്കും പ്രയോജനം നേടാനാകും.—എബ്രാ. 4:12.
‘നീതീകരിക്കപ്പെടുന്നത്’ എങ്ങനെ?
യഹൂദമതാനുകൂലികൾ പൗലൊസിനെ തരംതാഴ്ത്താൻ ശ്രമിക്കുമ്പോൾ അപ്പൊസ്തലനായിരിക്കാൻ തനിക്കു യോഗ്യതയുണ്ടെന്നുള്ളതിന്റെ തെളിവുകൾ അവൻ സ്വന്തം ജീവിതത്തിൽനിന്ന് എടുത്തുകാണിക്കുന്നു. (ഗലാ. 1:11–2:14) അവരുടെ വ്യാജോപദേശത്തെ ഖണ്ഡിച്ചുകൊണ്ട് പൗലൊസ് ഇങ്ങനെ എഴുതി: “യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല.”—ഗലാ. 2:16.
ക്രിസ്തു, ‘ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കുവാങ്ങി’ അവർക്കു ക്രിസ്തീയ സ്വാതന്ത്ര്യം നൽകി എന്ന് പൗലൊസ് പറയുന്നു. “അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്” എന്ന് അവൻ ഗലാത്യരെ ശക്തമായി ഉദ്ബോധിപ്പിച്ചു.—ഗലാ. 4:4, 5; 5:1.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
3:16-18, 28, 29—അബ്രാഹാമ്യ ഉടമ്പടി ഇന്നും പ്രാബല്യത്തിലുണ്ടോ? ഉണ്ട്. ന്യായപ്രമാണ ഉടമ്പടി ദൈവം അബ്രാഹാമിനോടു ചെയ്ത ഉടമ്പടിക്കു പകരമായിരുന്നില്ല, അതിന്റെ അനുബന്ധമായിരുന്നു. അതുകൊണ്ടുതന്നെ ന്യായപ്രമാണം നീങ്ങിപ്പോയിട്ടും അബ്രാഹാമ്യ ഉടമ്പടി നിലനിന്നു. (എഫെ. 2:14) ആ ഉടമ്പടിപ്രകാരമുള്ള വാഗ്ദാനം അബ്രാഹാമിന്റെ യഥാർഥ ‘സന്തതിക്ക്,’ അതായത് സന്തതിയുടെ മുഖ്യഭാഗമായ യേശുക്രിസ്തുവിനും പിന്നെ ‘ക്രിസ്തുവിനുള്ളവർക്കും’ കൈമാറിക്കിട്ടി.
6:2—എന്താണ് “ക്രിസ്തുവിന്റെ ന്യായപ്രമാണം”? “തമ്മിൽ തമ്മിൽ സ്നേഹിക്കേണം” എന്ന കൽപ്പന ഉൾപ്പെടെ യേശു പഠിപ്പിച്ചതും കൽപ്പിച്ചതുമായ സകലതും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.—യോഹ. 13:34.
6:8—നമുക്കെങ്ങനെ ‘ആത്മാവിൽ വിതയ്ക്കാൻ’ കഴിയും? ദൈവാത്മാവിനു നമ്മുടെമേൽ സ്വാധീനംചെലുത്താൻ കഴിയുംവിധം ജീവിച്ചുകൊണ്ട് നമുക്കതു ചെയ്യാനാകും. ആത്മാവിന്റെ ഒഴുക്കിന് ഇടയാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുഹൃദയാ ഏർപ്പെടുന്നത് അതിലുൾപ്പെടുന്നു.
നമുക്കുള്ള പാഠം:
1:6-9. സഭയിൽ പ്രശ്നങ്ങൾ തലപൊക്കുമ്പോൾ എത്രയും പെട്ടെന്ന് അവ പരിഹരിക്കാൻ മൂപ്പന്മാർ നടപടി സ്വീകരിക്കണം. ശരിയായ ന്യായവാദങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ച് അവർക്ക് തെറ്റായ വാദമുഖങ്ങളെ നിഷ്പ്രയാസം ഖണ്ഡിക്കാവുന്നതാണ്.
2:20. നമുക്ക് ഓരോരുത്തർക്കുംവേണ്ടി ദൈവം നൽകിയിരിക്കുന്ന ഒരു സമ്മാനമാണ് മറുവില. അതിനെ നാം അങ്ങനെതന്നെ വീക്ഷിക്കണം.—യോഹ. 3:16.
5:7-9. സത്യം അനുസരിക്കുന്നതിനു ചീത്തസഹവാസം തടസ്സമാകും. നാം അത് ഒഴിവാക്കണം.
6:1, 2, 5. മനഃപൂർവമല്ലാതെ ഒരു തെറ്റു ചെയ്തിട്ട് അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നെങ്കിൽ അത്തരം ഭാരങ്ങൾ ചുമക്കാൻ ‘ആത്മികരായവർ’ നമ്മെ സഹായിച്ചേക്കാം. എന്നാൽ ആത്മീയ ഉത്തരവാദിത്വങ്ങളാകുന്ന ചുമട് ഓരോരുത്തരും വഹിക്കേണ്ടതാണ്.
‘എല്ലാം ക്രിസ്തുവിൽ ഒന്നായിച്ചേർക്കുന്നു’
എഫെസ്യർക്കുള്ള ലേഖനത്തിൽ, ‘സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുന്നതിനെക്കുറിച്ചു’ പറഞ്ഞുകൊണ്ട് പൗലൊസ് ക്രിസ്തീയ ഐക്യത്തെ വിശേഷവത്കരിക്കുന്നു. വിശ്വാസത്തിൽ ഐക്യമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നതിന് ക്രിസ്തു “മനുഷ്യരാകുന്ന ദാനങ്ങളെ” (NW) നൽകിയിരിക്കുന്നു.—എഫെ. 1:10; 4:8, 12.
ദൈവത്തിന്റെ മഹത്ത്വത്തിനും ക്രിസ്തീയ ഐക്യത്തിന്റെ ഉന്നമനത്തിനുമായി നാം ‘പുതുമനുഷ്യനെ ധരിക്കുകയും’ ‘ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിക്കുകയും’ വേണം; സർവായുധവർഗം ധരിച്ചുകൊണ്ട് ‘പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽക്കേണ്ടതും’ ആവശ്യമാണ്.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:4-7—അഭിഷിക്ത ക്രിസ്ത്യാനികൾ അവരുടെ ജനനത്തിനു മുമ്പുതന്നെ മുൻനിയമിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? വ്യക്തികളെന്ന നിലയിലല്ല, ഒരു കൂട്ടമെന്ന നിലയിലാണ് അവർ മുൻനിയമിക്കപ്പെട്ടിരിക്കുന്നത്. പാപികളായ മനുഷ്യവർഗം അസ്തിത്വത്തിൽ വരുന്നതിനു മുമ്പുതന്നെ അതു നടന്നു. ക്രിസ്ത്യാനികളിൽ ചിലർ സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കണമെന്ന ദൈവോദ്ദേശ്യം ഉല്പത്തി 3:15-ലെ പ്രവചനത്തിൽ അടങ്ങിയിരുന്നു.—ഗലാ. 3:16, 29.
2:2—ലോകത്തിന്റെ ആത്മാവ് “വായു”പോലെ (NW) ആയിരിക്കുന്നത് എങ്ങനെ, അത് എങ്ങനെയാണ് അധികാരം പ്രയോഗിക്കുന്നത്? ‘ലോകത്തിന്റെ ആത്മാവ്,’ അതായത് സ്വാതന്ത്ര്യത്തിന്റെയും അനുസരണക്കേടിന്റെയും ആത്മാവ് നാം ശ്വസിക്കുന്ന വായുപോലെ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. (1 കൊരി. 2:12) നിരന്തരമായ പ്രേരണയിലൂടെയും സമ്മർദത്തിലൂടെയും ആളുകളെ വരിഞ്ഞുമുറുക്കിക്കൊണ്ടാണ് അത് അധികാരം പ്രയോഗിക്കുന്നത്.
2:7—ഭൂമിയിൽ ആയിരിക്കെത്തന്നെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എങ്ങനെയാണ് ‘സ്വർഗ്ഗത്തിൽ ഇരിക്കാൻ’ കഴിയുന്നത്? ഇവിടെ പറഞ്ഞിരിക്കുന്ന ‘സ്വർഗം’ അവർക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗീയ അവകാശത്തെയല്ല, പിന്നെയോ “പരിശുദ്ധാത്മാവിനാൽ മുദ്ര”യേറ്റിരിക്കുന്ന അവരുടെ ശ്രേഷ്ഠമായ ആത്മീയസ്ഥാനത്തെയാണ് അർഥമാക്കുന്നത്.—എഫെ. 1:13, 14.
നമുക്കുള്ള പാഠം:
4:8, 11-15. ക്രിസ്തീയ സഭയുടെ ആത്മികവർധനയ്ക്കു സഹായിക്കുന്ന ‘ദാനങ്ങളായി’ ഉപയോഗിക്കാൻ യേശുക്രിസ്തു “ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി,” അതായത് സാത്താന്റെ നിയന്ത്രണത്തിൽനിന്ന് അവരെ വിടുവിച്ചു. സഭയിൽ നേതൃത്വമെടുക്കുന്നവരോട് അനുസരണവും കീഴ്പെടലും പ്രകടമാക്കുകയും സഭാക്രമീകരണങ്ങളോടു സഹകരിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് “ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ” കഴിയും.—എബ്രാ. 13:7, 17.
5:22-24, 32. ഭാര്യ ഭർത്താവിനു കീഴ്പെട്ടിരിക്കുന്നതോടൊപ്പം അദ്ദേഹത്തെ ബഹുമാനിക്കുകയും വേണം. ‘സൗമ്യതയും സാവധാനതയും’ പ്രകടമാക്കുകയും ആദരവോടെ ഭർത്താവിനെക്കുറിച്ചു സംസാരിക്കുകയും അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ വിജയിപ്പിക്കുന്നതിന് സർവാത്മനാ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇതു ചെയ്യാവുന്നതാണ്.—1 പത്രൊ. 3:3, 4; തീത്തൊ. 2:3-5.
5:25, 28, 29. ഭർത്താവ് തന്നെത്തന്നെ ‘പോറ്റി പുലർത്തുന്നതുപോലെ’ ഭാര്യയുടെ ഭൗതികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കുവേണ്ടിയും കരുതണം. ഭാര്യയുമായി വേണ്ടുവോളം സമയം ചെലവഴിക്കുകയും വാക്കിലും പ്രവൃത്തിയിലും ആർദ്രതയുള്ളവനായിരിക്കുകയും ചെയ്തുകൊണ്ട് ഭർത്താവ് അവളോടുള്ള തന്റെ വിലമതിപ്പും സ്നേഹവും പ്രകടമാക്കണം.
6:10-13. ഭൂതങ്ങളുടെ സ്വാധീനത്തെ ചെറുക്കുന്നതിന് ദൈവത്തിൽനിന്നുള്ള ആത്മീയ ആയുധവർഗം ധരിക്കാൻ നാം ദൃഢചിത്തരായിരിക്കണം.
‘പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം അനുസരിച്ചു നടക്കുക’
ഫിലിപ്പിയർക്കുള്ള പൗലൊസിന്റെ ലേഖനം സ്നേഹം നിറഞ്ഞുതുളുമ്പുന്നതാണ്. ‘നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വരാൻ ഞാൻ പ്രാർഥിക്കുന്നു’ എന്ന് അവൻ പറഞ്ഞു. അവർ അമിത ആത്മവിശ്വാസത്തിന്റെ കെണിയിൽ അകപ്പെടാതിരിക്കേണ്ടതിന് അവൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.”—ഫിലി. 1:9, 11; 2:12.
പക്വതയുള്ള ക്രിസ്ത്യാനികളോട്, ‘ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക് ഓടുന്നതിൽ’ തുടരാൻ പൗലൊസ് ആഹ്വാനംചെയ്തു. “നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക” എന്ന് അവൻ പറഞ്ഞു.—ഫിലി. 3:14-16.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:23—ഏതു ‘രണ്ടു കാര്യങ്ങളാലാണ്’ പൗലൊസ് ഞെരുങ്ങിയത്, ഏതു വിടുതലിനായി അവൻ കാംക്ഷിച്ചു? പൗലൊസിന്റെ മുമ്പാകെ രണ്ടു സാധ്യതകളാണ് ഉണ്ടായിരുന്നത്: ജീവനും മരണവും. അത്ര പ്രയാസകരമായിരുന്നു അവന്റെ അന്നത്തെ സാഹചര്യം. (ഫിലി. 1:21) എന്തു തിരഞ്ഞെടുക്കുമെന്നു പറഞ്ഞില്ലെങ്കിലും തന്റെ ആഗ്രഹം അവൻ വ്യക്തമാക്കി: “വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്.” (ഫിലി. 3:20, 21; 1 തെസ്സ. 4:16) ഇപ്രകാരം ‘വിട്ടുപിരിയുന്നതിലൂടെ’ പൗലൊസിന് ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത്, യഹോവ അവനായി ഒരുക്കിയിരുന്ന പ്രതിഫലം ലഭിക്കുമായിരുന്നു.—മത്താ. 24:3.
2:12, 13—നാം ‘ഇച്ഛിക്കാനും പ്രവർത്തിക്കാനും’ ദൈവം ഇടയാക്കുന്നത് എങ്ങനെ? ദൈവസേവനത്തിൽ പരമാവധി ചെയ്യാനായി നമ്മുടെ ഹൃദയത്തിലും മനസ്സിലും തോന്നിപ്പിക്കാൻ യഹോവയുടെ പരിശുദ്ധാത്മാവിനു കഴിയും. ‘രക്ഷയ്ക്കായി പ്രവർത്തിക്കാനും’ നമുക്ക് പരിശുദ്ധാത്മസഹായം ലഭ്യമാണ്.
നമുക്കുള്ള പാഠം:
1:3-6. ദരിദ്രരായിരുന്നെങ്കിലും ഔദാര്യം കാണിക്കുന്നതിൽ ഫിലിപ്പിയിലെ ക്രിസ്ത്യാനികൾ നല്ല മാതൃകവെച്ചു.—2 കൊരി. 8:1-6.
2:5-11. താഴ്മ ദൗർബല്യത്തിന്റെ ലക്ഷണമല്ല, ധാർമിക കരുത്തിന്റെ തെളിവാണെന്ന് യേശുവിന്റെ ദൃഷ്ടാന്തം കാണിക്കുന്നു. യഹോവ താഴ്മയുള്ളവരെ മാനിക്കുന്നു.—സദൃ. 22:4.
3:14. ഉയർന്ന ശമ്പളമുള്ള ജോലി, സമ്പന്ന കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിന്റെ സുരക്ഷിതത്വം, കഴിഞ്ഞകാലത്തു ചെയ്തുപോയതും എന്നാൽ അനുതാപത്തിലൂടെ ക്ഷമനേടിയതുമായ ഗൗരവമേറിയ പാപങ്ങൾ എന്നിവയെല്ലാം ‘പിമ്പിലുള്ളതിൽ’ ഉൾപ്പെട്ടേക്കാം. (1 കൊരി. 6:11) അവയൊക്കെ നാം മറന്നുകളയണം, അതായത് അവയെക്കുറിച്ച് ആകുലപ്പെടുന്നതു നിറുത്തിയിട്ട് ‘മുമ്പിലുള്ളതിനായി ആയണം.’
‘വിശ്വാസത്തിൽ ഉറച്ചിരിപ്പിൻ’
കൊലൊസ്സ്യർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ് വ്യാജോപദേഷ്ടാക്കളുടെ തെറ്റായ വീക്ഷണങ്ങളെ തുറന്നുകാട്ടി. ന്യായപ്രമാണം അനുഷ്ഠിക്കുന്നതല്ല, ‘വിശ്വാസത്തിൽ നിലനിൽക്കുന്നതാണ്’ രക്ഷയ്ക്ക് ആവശ്യമായിരിക്കുന്നതെന്ന് അവൻ ന്യായവാദം ചെയ്തു. ക്രിസ്തുവിന്റെ കൂട്ടായ്മയിൽ നടക്കാനും ‘അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും വിശ്വാസത്തിൽ ഉറച്ചിരിക്കാനും’ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. ഇത് അവരെ എങ്ങനെ ബാധിക്കണമായിരുന്നു?—കൊലൊ. 1:23; 2:6, 7.
“എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ” എന്നു പൗലൊസ് പറഞ്ഞു. “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ” എന്നും അവൻ ഉദ്ബോധിപ്പിച്ചു. സഭയ്ക്കു പുറത്തുള്ളവരോട് ‘ജ്ഞാനത്തോടെ പെരുമാറാനും” അവൻ പറഞ്ഞു.—കൊലൊ. 3:14, 15, 23; 4:5.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:8–പൗലൊസ് മുന്നറിയിപ്പു നൽകിയ “ലോകത്തിന്റെ ആദ്യപാഠങ്ങൾ” ഏവയാണ്? സാത്താന്റെ ലോകത്തെ രൂപപ്പെടുത്തുന്ന, അതിനു ചുക്കാൻ പിടിക്കുന്ന അടിസ്ഥാന ഘടകങ്ങൾ അല്ലെങ്കിൽ തത്ത്വങ്ങളാണ് ഇവ. (1 യോഹ. 2:16) ഈ ലോകത്തിലെ തത്ത്വശാസ്ത്രങ്ങളും ഭൗതികത്വചിന്താഗതിയും വ്യാജമതങ്ങളും എല്ലാം ഇവയിൽ ഉൾപ്പെടുന്നു.
4:16—ലവുദിക്യക്കാർക്ക് എഴുതിയ ലേഖനം ബൈബിളിന്റെ ഭാഗമല്ലാത്തത് എന്തുകൊണ്ട്? നമ്മുടെ നാളിൽ ബാധകമാകുന്ന വിവരങ്ങൾ ആ ലേഖനത്തിൽ ഇല്ലായിരുന്നിരിക്കാം. അല്ലെങ്കിൽ തിരുവെഴുത്തിന്റെ ഭാഗമായിരിക്കുന്ന മറ്റു ലേഖനങ്ങളിലുള്ള വിവരങ്ങൾതന്നെയായിരിക്കാം അതിലും ഉണ്ടായിരുന്നത്.
നമുക്കുള്ള പാഠം:
1:2, 20. ദൈവത്തിൽനിന്നുള്ള അനർഹദയയുടെ പ്രതിഫലനമാണ് മറുവില. ശുദ്ധമനസ്സാക്ഷി ഉള്ളവരായിരിക്കാനും ആന്തരിക സമാധാനം ആസ്വദിക്കാനും അതിനു നമ്മെ സഹായിക്കാനാകും.
2:18, 23. ഇവിടെ പറഞ്ഞിരിക്കുന്ന “താഴ്മ” അല്ലെങ്കിൽ കപടവിനയം, ‘ജഡമനസ്സിനാൽ വെറുതെ ചീർത്തിരിക്കുന്നതിന്റെ’ ലക്ഷണമാണ്. മറ്റുള്ളവരെ കാണിക്കാനായി ഭൗതികസുഖങ്ങൾ വർജിക്കുകയോ ശരീരത്തെ ദണ്ഡിപ്പിക്കുകയോ ചെയ്തുകൊണ്ട് താഴ്മയുടെ മൂടുപടം അണിയുന്നത് ഇതിലുൾപ്പെട്ടിരിക്കുന്നു.