ഗലാത്യയിലുള്ളവർക്ക് എഴുതിയ കത്ത്
2 ഞാൻ 14 വർഷം കഴിഞ്ഞ് ബർന്നബാസിന്റെകൂടെ+ വീണ്ടും യരുശലേമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു.+ 2 ഒരു വെളിപാടു കിട്ടിയിട്ടാണു ഞാൻ പോയത്. ജനതകൾക്കിടയിൽ ഞാൻ പ്രസംഗിക്കുന്ന സന്തോഷവാർത്ത അവിടെയുണ്ടായിരുന്ന ആദരണീയരായ ചിലരെ മാത്രം വിളിച്ചുകൂട്ടി അറിയിച്ചു. ഞാൻ ഓടിയതും ഓടുന്നതും വെറുതേയല്ലെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തത്. 3 പക്ഷേ എന്റെകൂടെയുണ്ടായിരുന്ന തീത്തോസ്+ ഗ്രീക്കുകാരനായിരുന്നിട്ടുകൂടെ പരിച്ഛേദനയേൽക്കാൻ* ആരും തീത്തോസിനെ നിർബന്ധിച്ചില്ല.+ 4 എന്നാൽ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ഞങ്ങൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്+ മനസ്സിലാക്കാൻവേണ്ടി ചാരന്മാരായി നുഴഞ്ഞുകയറിയ കള്ളസഹോദരന്മാരാണു കുഴപ്പമുണ്ടാക്കിയത്.+ ഞങ്ങളെ പൂർണമായി അടിമപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.+ 5 സന്തോഷവാർത്തയെന്ന സത്യം നിങ്ങളിൽ നിലനിൽക്കാൻവേണ്ടി നിമിഷനേരത്തേക്കുപോലും* ഞങ്ങൾ അവർക്കു വഴങ്ങിക്കൊടുത്തില്ല.+
6 പ്രമുഖരായി കരുതപ്പെടുന്നവരെക്കുറിച്ചാണെങ്കിൽ,+ അവർ ആരായിരുന്നാലും എനിക്കൊന്നുമില്ല. കാരണം പുറമേ കാണുന്നതുവെച്ചല്ലല്ലോ ദൈവം ഒരാളെ വിലയിരുത്തുന്നത്. ഇനി, ആ ആദരണീയരാകട്ടെ പുതിയതായൊന്നും എനിക്ക് അറിയിച്ചുതന്നതുമില്ല. 7 എന്നാൽ പരിച്ഛേദനയേറ്റവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള ചുമതല പത്രോസിനു കിട്ടിയതുപോലെ, പരിച്ഛേദനയേൽക്കാത്തവരോടു സന്തോഷവാർത്ത അറിയിക്കാനുള്ള നിയോഗം+ എനിക്കു കിട്ടിയിരിക്കുന്നെന്ന് അവർ മനസ്സിലാക്കി. 8 കാരണം പരിച്ഛേദനയേറ്റവരുടെ അപ്പോസ്തലനായിരിക്കാൻ പത്രോസിനെ പ്രാപ്തനാക്കിയവൻതന്നെ ജനതകൾക്കുവേണ്ടി പ്രവർത്തിക്കാൻ എന്നെയും പ്രാപ്തനാക്കിയിരുന്നു.+ 9 തൂണുകളായി കരുതപ്പെട്ടിരുന്ന യാക്കോബും+ കേഫയും* യോഹന്നാനും, ദൈവം എന്നോടു കാണിച്ച അനർഹദയയെപ്പറ്റി+ മനസ്സിലാക്കിയപ്പോൾ എന്നെയും ബർന്നബാസിനെയും+ പിന്തുണച്ചുകൊണ്ട് കൈ തന്നു.* അങ്ങനെ, ഞങ്ങൾ ജനതകളുടെ അടുത്തേക്കും അവർ പരിച്ഛേദനയേറ്റവരുടെ അടുത്തേക്കും പോകാൻ തീരുമാനമായി. 10 ദരിദ്രരെ ഓർക്കണം എന്നു മാത്രം അവർ പറഞ്ഞു. ഇക്കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.+
11 എന്നാൽ കേഫ*+ അന്ത്യോക്യയിൽ വന്നപ്പോൾ+ ഞാൻ കേഫയെ മുഖാമുഖം എതിർത്തു.* കാരണം കേഫ കുറ്റക്കാരനാണെന്നു വ്യക്തമായിരുന്നു. 12 യാക്കോബിന്റെ+ അടുത്തുനിന്ന് ചിലർ വരുന്നതിനു മുമ്പ് കേഫ ജനതകളിൽപ്പെട്ടവരുടെകൂടെ ഭക്ഷണം കഴിച്ചിരുന്നതാണ്.+ പക്ഷേ അവർ വന്നപ്പോൾ, കേഫ അതു നിറുത്തി. പരിച്ഛേദനയേറ്റവരെ ഭയന്ന് കേഫ ജനതകളിൽപ്പെട്ടവരോട് അകലം പാലിച്ചു.+ 13 മറ്റു ജൂതന്മാരും കേഫയുടെ കൂടെക്കൂടി കാപട്യം കാണിച്ചതുകൊണ്ട്* ബർന്നബാസുപോലും ഈ കാപട്യത്തിനു വഴിപ്പെടാൻ* ഇടയായി. 14 അവർ സന്തോഷവാർത്തയെന്ന സത്യത്തിനു ചേർന്ന രീതിയിലല്ല നടക്കുന്നതെന്നു കണ്ടപ്പോൾ+ എല്ലാവരുടെയും മുന്നിൽവെച്ച് ഞാൻ കേഫയോടു ചോദിച്ചു: “ഒരു ജൂതനായ താങ്കൾ ജൂതനെപ്പോലെ ജീവിക്കാതെ ജനതകളെപ്പോലെ ജീവിച്ചിട്ട്, ജനതകളെ ജൂതന്മാരുടെ ആചാരമനുസരിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നതു ശരിയാണോ?”+
15 നമ്മൾ ജന്മംകൊണ്ട് ജൂതന്മാരാണ്, ജനതകളിൽപ്പെട്ട പാപികളല്ല. 16 പക്ഷേ നിയമം* ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, യേശുക്രിസ്തുവിലുള്ള+ വിശ്വാസത്തിലൂടെ+ മാത്രമാണ് ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നതെന്നു നമുക്ക് അറിയാം. അതുകൊണ്ട് നിയമം ആവശ്യപ്പെടുന്നതു ചെയ്യുന്നതിലൂടെയല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻ നമ്മളും ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. നിയമം ആവശ്യപ്പെടുന്നതു ചെയ്യുന്നതിലൂടെ ആരെയും നീതിമാനായി പ്രഖ്യാപിക്കില്ലല്ലോ.+ 17 ക്രിസ്തുവിലൂടെ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാൻ ശ്രമിക്കുന്ന നമ്മൾ പാപികളാണെന്നു വരുന്നെങ്കിൽ, ക്രിസ്തു പാപത്തിന്റെ ശുശ്രൂഷകനാകില്ലേ? അങ്ങനെ ഒരിക്കലും വരില്ല! 18 ഞാൻ ഇടിച്ചുകളഞ്ഞതു ഞാൻതന്നെ പണിതുയർത്തുന്നെങ്കിൽ ഞാൻ ലംഘകനാണെന്നു വരും. 19 കാരണം ദൈവത്തിനുവേണ്ടി ജീവിക്കാൻ ഞാൻ നിയമം മുഖേന നിയമത്തോടുള്ള ബന്ധത്തിൽ മരിച്ചതാണ്.+ 20 ക്രിസ്തുവിന്റെകൂടെ എന്നെയും സ്തംഭത്തിൽ തറച്ചിരിക്കുന്നു.+ അതുകൊണ്ട് ഇപ്പോൾ ജീവിക്കുന്നതു ഞാനല്ല,+ ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. ഈ ശരീരത്തിൽ ഞാൻ ഇങ്ങനെ ജീവിച്ചിരിക്കുന്നതുതന്നെ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസംകൊണ്ടാണ്.+ 21 നിയമത്തിലൂടെയാണു നീതീകരണം വരുന്നതെങ്കിൽ ക്രിസ്തു മരിച്ചതു വെറുതേയാകുമല്ലോ.+ അതുകൊണ്ട് ഞാൻ ദൈവത്തിന്റെ അനർഹദയ+ തള്ളിക്കളയുന്നില്ല.