തെററായ ദയക്കെതിരെ ജാഗ്രത പുലർത്തുക
1 യഹോവയുടെ സാക്ഷികളുടെ ദയയും ഔദാര്യവുമുളള മനോഭാവം നിമിത്തം അവർ അറിയപ്പെടുന്നവരാണ്. ഹൃദയസ്പർശിയായ തന്റെ ഉപമയിൽ യേശു സംസാരിച്ച അയൽസ്നേഹമുളള ശമര്യാക്കാരനെ നാം അനുകരിക്കുമ്പോൾ ഒരു ഭൗതികമായ വിധത്തിൽ ഇതു മിക്കപ്പോഴും സ്വയം പ്രകടമാകുന്നു. (ലൂക്കൊ. 10:29-37) എന്നാൽ, ഭൗതിക സഹായത്തിന്റെ അർഹതയില്ലാത്ത ചിലർ നമ്മുടെ ദയയെ മുതലെടുക്കാൻ ശ്രമിച്ചേക്കാം. അതുകൊണ്ട് മററുളളവരോടുളള നമ്മുടെ സ്നേഹം ‘പരിജ്ഞാനത്താലും സകലവിവേകത്താലും’ സന്തുലിതമായിരിക്കണം.—ഫിലി. 1:9.
2 സഭയ്ക്കുളളിൽ: ഉദാഹരണത്തിന്, സഹായം ചോദിക്കുന്നതിന് തങ്ങൾക്കു ജോലിയില്ലെന്ന കാരണമോ മററുളള ഏതെങ്കിലും കാരണങ്ങളോ ഒരുവൻ പറഞ്ഞേക്കാം. ചിലപ്പോൾ ഈ വ്യക്തികൾ ഉത്സാഹപൂർവം ഒരു ജോലി അന്വേഷിക്കാതെ ജീവിതാവശ്യങ്ങൾ മററുളളവർ നടത്തിത്തരാൻ കേവലം ആഗ്രഹിച്ചേക്കാം. അത്തരക്കാരെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ കൽപ്പിച്ചു: “വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു.”—2 തെസ്സ. 3:10.
3 നമുക്കെല്ലാം “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവവും” ഉണ്ടാകുന്നു. അതുകൊണ്ട് “ഈ ദിവസത്തേക്കുളള നമ്മുടെ അപ്പം” ഇല്ലാതിരിക്കുന്നതുകൊണ്ട് നമുക്കു ഭൗതിക സഹായം ആവശ്യമാണെങ്കിൽ നാം വളരെയധികം ഉത്കണ്ഠപ്പെടരുത്, കാരണം തന്നെ സ്നേഹിക്കുകയും തന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കുവേണ്ടി യഹോവ കരുതുന്നു. (സഭാ. 9:11, NW; മത്താ. 6:11, 31, 32, NW) സഹായമാവശ്യമുളള ഒരുവൻ മൂപ്പൻമാരിൽ ഒരുവനോടു സംസാരിക്കുന്നതു പ്രയോജനപ്രദമെന്നു കണ്ടേക്കാം. സഹായം നൽകാൻവേണ്ടി ക്രമീകരിച്ചിരിക്കുന്ന ഗവൺമെൻറ് പരിപാടികളെക്കുറിച്ചു മൂപ്പൻമാർക്ക് അറിയാമായിരിക്കാം. അത്തരം പരിപാടികൾക്കുവേണ്ടിയുളള പേപ്പർ ജോലികൾ പൂർത്തിയാക്കാനോ അവയ്ക്കുളള യോഗ്യതകൾ മനസ്സിലാക്കാനോ കഴിയുന്ന ഒരു സ്ഥാനത്തായിരിക്കാം അവർ. ഏതു സംഗതിയായാലും സഹായം അഭ്യർഥിക്കുന്ന ഓരോരുത്തരുടെയും സാഹചര്യങ്ങൾ വിലയിരുത്താനും എന്തു ചെയ്യാൻ കഴിയുമെന്നു തീരുമാനിക്കാനും മൂപ്പൻമാർക്കു സാധിക്കും.—1 തിമൊഥെയൊസ് 5:3-16 താരതമ്യം ചെയ്യുക.
4 കബളിപ്പിച്ചു നടക്കുന്നവർ: കബളിപ്പിച്ചുനടക്കുന്ന ചിലർ സഭകളിലെ ചിലരിൽനിന്നു പണവും മററു ഭൗതികവസ്തുക്കളും വഞ്ചിച്ചെടുത്തിരിക്കുന്നതായി സൊസൈററിക്കു റിപ്പോർട്ടുകൾ തുടർന്നു ലഭിക്കാറുണ്ട്. ഇതു നമ്മെ അമ്പരപ്പിക്കരുത്, കാരണം “ദുഷ്ടമനുഷ്യരും മായാവികളും [“കബളിപ്പിക്കുന്നവരും,” NW] വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേൽക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്നു തിരുവെഴുത്തുകൾ മുന്നറിയിപ്പു നൽകുന്നു. (2 തിമൊ. 3:13, 14) തങ്ങൾ ഒരു അപരിചിത നാട്ടിൽ ഒന്നുമില്ലാതെ ചുററിത്തിരിയുന്നവരാണെന്നും വീട്ടിലേക്കു മടങ്ങിപ്പോകുമ്പോൾ യാത്രയ്ക്കും ഭക്ഷണത്തിനും വേണ്ടി പണം ആവശ്യമാണെന്നും ഈ വഞ്ചകർ മിക്കപ്പോഴും അവകാശപ്പെടുന്നു. അവർ ആത്മാർഥതയുളളവരാണെന്നു തോന്നിയേക്കാമെങ്കിലും മിക്ക കേസുകളിലും അവർ യഹോവയുടെ സാക്ഷികളേ അല്ല, അങ്ങനെയാണെന്നു നടിക്കുക മാത്രമാണ്.
5 അപരിചിതൻ സഹായത്തിനുവേണ്ടി അഭ്യർഥിക്കുകയാണെങ്കിൽ സഭാമൂപ്പൻമാരിൽ ഒരാളെ കാണുന്നത് ഉചിതമാണ്, ഈ വ്യക്തി നമ്മുടെ സഹോദരനാണോ എന്നു നിശ്ചയിക്കുന്നതിൽ നേതൃത്വമെടുക്കാൻ അദ്ദേഹത്തിനു കഴിയും. ആ വ്യക്തിയുടെ സത്പേരിനെ ഉറപ്പാക്കാൻ അയാളുടെ സഭയിലെ മൂപ്പൻമാരിൽ ഒരാൾക്കു സാധാരണമായി ഫോൺ ചെയ്യേണ്ടതുണ്ട്. ഇത്തരം അന്വേഷണം ബന്ധപ്പെട്ട എല്ലാവരുടെയും സംരക്ഷണത്തിനുവേണ്ടിയാണു നടത്തുന്നതെന്നു തങ്ങൾക്കു സഹായം ആവശ്യമുണ്ടെന്ന് അപ്രതീക്ഷിതമാംവിധം കാണുന്ന ആത്മാർഥരായ സഹോദരീസഹോദരൻമാർ മനസ്സിലാക്കും. എന്നാൽ ഇത്തരം സൂക്ഷ്മ പരിശോധനയിലൂടെ കബളിപ്പിക്കുന്നവർ വെളിച്ചത്തു വരും. നമുക്ക് അറിയില്ലാത്ത എല്ലാവരെയും സംബന്ധിച്ചു നാം അനുചിതമായി സംശയാലുക്കളായിരിക്കേണ്ടതില്ല, എന്നാൽ ദുഷ്ടരായ വഞ്ചകൻമാർക്കെതിരെ നാം ജാഗ്രത പുലർത്തണം.
6 ജ്ഞാനിയായ ശലോമോൻ ഇങ്ങനെ ഉപദേശിച്ചു: “നൻമ ചെയ്വാൻ നിനക്കു പ്രാപ്തിയുളളപ്പോൾ അതിന്നു യോഗ്യൻമാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.” (സദൃ. 3:27) ജ്ഞാനപൂർവകമായ നമ്മുടെ വിവേചനയാൽ, തെററായ ദയയ്ക്കെതിരെ നാം ജാഗ്രത പുലർത്തവേതന്നെ തുടർന്നും ദയയുളളവരായിരിക്കാൻ നമുക്കു കഴിയും.