ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ!
“പ്രിയമുള്ളവരേ; . . . നിത്യജീവന്നായിട്ടു . . . ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.”—യൂദാ 20, 21.
1, 2. ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
തന്റെ ഏകജാത പുത്രനിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ ലഭിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം യഹോവ മനുഷ്യവർഗലോകത്തെ അതിയായി സ്നേഹിച്ചിരിക്കുന്നു. (യോഹന്നാൻ 3:16) അത്തരം സ്നേഹത്തിനു പാത്രമാകുന്നത് എത്ര മഹത്തായ ഒരു കാര്യമാണ്! നിങ്ങൾ യഹോവയുടെ ദാസരിൽ ഒരാളാണെങ്കിൽ ആ സ്നേഹം എന്നെന്നും ആസ്വദിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും.
2 ദൈവസ്നേഹത്തിൽ നിലനിൽക്കാൻ എങ്ങനെ കഴിയുമെന്ന് ശിഷ്യനായ യൂദാ വെളിപ്പെടുത്തുന്നു. “നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ” എന്ന് അവൻ എഴുതി. (യൂദാ 20, 21) ദൈവവചനം പഠിക്കുകയും സുവാർത്ത പ്രസംഗിക്കുകയും ചെയ്യുന്നതിലൂടെ “അതിവിശുദ്ധ വിശ്വാസത്തെ,” അതായത് ക്രിസ്തീയ പഠിപ്പിക്കലുകളെ “ആധാരമാക്കി . . . ആത്മികവർദ്ധന” വരുത്താൻ നിങ്ങൾക്കു കഴിയും. ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നിങ്ങൾ “പരിശുദ്ധാത്മാവിൽ,” അതായത് അതിന്റെ സ്വാധീനത്തിൻകീഴിൽ പ്രാർഥിക്കണം. നിത്യജീവൻ എന്ന അനുഗ്രഹം പ്രാപിക്കാൻ ക്രിസ്തുവിന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യണം.—1 യോഹന്നാൻ 4:10.
3. ചിലർക്ക് യഹോവയുടെ സാക്ഷികളായി തുടരാൻ കഴിയാതെ പോയിരിക്കുന്നത് എന്തുകൊണ്ട്?
3 മുമ്പു വിശ്വാസത്തിലായിരുന്ന ചിലർ ദൈവസ്നേഹത്തിൽനിന്നു വീണുപോയിരിക്കുന്നു. പാപപൂർണമായ ജീവിതം നയിക്കാൻ തീരുമാനിച്ചതിനാൽ അവർക്കു യഹോവയുടെ സാക്ഷികളായി തുടരാനായില്ല. അത്തരമൊരു അനുഭവമുണ്ടാകാതെ സൂക്ഷിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? തുടർന്നുവരുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് പാപത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനും ദൈവസ്നേഹത്തിൽ നിലനിൽക്കാനും നിങ്ങളെ സഹായിക്കും.
ദൈവത്തോടുള്ള സ്നേഹം പ്രവൃത്തിയാൽ തെളിയിക്കുക
4. ദൈവത്തോടുള്ള അനുസരണം എത്ര പ്രധാനമാണ്?
4 ദൈവത്തെ അനുസരിച്ചുകൊണ്ട് അവനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടമാക്കുക. (മത്തായി 22:37) “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കലപ്നകൾ ഭാരമുള്ളവയല്ല,” യോഹന്നാൽ അപ്പൊസ്തലൻ എഴുതി. (1 യോഹന്നാൻ 5:3) ദൈവത്തോടുള്ള അനുസരണത്തിൽ അധിഷ്ഠിതമായ ഒരു ജീവിതരീതി പ്രലോഭനങ്ങൾ ചെറുത്തുനിൽക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും സന്തുഷ്ടിയിലേക്കു നയിക്കുകയും ചെയ്യും. “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെ . . . യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷി”ക്കുന്നവൻ സന്തുഷ്ടനായിരിക്കും എന്ന് സങ്കീർത്തനക്കാരൻ എഴുതി.—സങ്കീർത്തനം 1:1, 2.
5. യഹോവയോടുള്ള സ്നേഹം ഏതു വിധത്തിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും?
5 യഹോവയുടെ നാമത്തിനു നിന്ദ വരുത്തിയേക്കാവുന്ന ഗുരുതരമായ പാപങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കാൻ അവനോടുള്ള സ്നേഹം നിങ്ങളെ പ്രചോദിപ്പിക്കും. ആഗൂർ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും [നിന്ദ്യമാക്കുവാനും] സംഗതിവരരുതേ.” (സദൃശവാക്യങ്ങൾ 30:1, 8, 9) ദൈവത്തിനു നിന്ദ വരുത്തുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ‘അവന്റെ നാമത്തെ നിന്ദ്യ’മാക്കാതിരിക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുക. എല്ലായ്പോഴും അവനു മഹത്ത്വം കൈവരുത്തുന്ന നീതിനിഷ്ഠമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.—സങ്കീർത്തനം 86:12.
6. മനഃപൂർവം പാപം ചെയ്താൽ എന്തു സംഭവിച്ചേക്കാം?
6 പാപം ചെയ്യാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാനുള്ള സഹായത്തിനായി സ്നേഹവാനായ സ്വർഗീയ പിതാവിനോടു പതിവായി പ്രാർഥിക്കുക. (മത്തായി 6:13; റോമർ 12:13) പ്രാർഥനകൾക്കു തടസ്സമുണ്ടാകാതിരിക്കേണ്ടതിന് എല്ലായ്പോഴും അവന്റെ ബുദ്ധിയുപദേശം പിൻപറ്റുക. (1 പത്രൊസ് 3:7) മനഃപൂർവം പാപം ചെയ്താൽ അതിന്റെ പരിണതഫലം ദാരുണമായിരുന്നേക്കാം; മത്സരികളുടെ പ്രാർഥനകൾ തന്റെ അടുക്കലേക്കു കടന്നുവരാതിരിക്കാൻ ആലങ്കാരികമായി യഹോവ മേഘംകൊണ്ട് തന്നെത്തന്നെ മറയ്ക്കുന്നു. (വിലാപങ്ങൾ 3:42-44) അതുകൊണ്ട് താഴ്മയുള്ളവർ ആയിരിക്കുകയും പ്രാർഥനയിൽ ദൈവത്തെ സമീപിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്ന യാതൊന്നും ചെയ്യാൻ ഇടവരരുതേയെന്നു പ്രാർഥിക്കുകയും ചെയ്യുക.—2 കൊരിന്ത്യർ 13:7.
ദൈവപുത്രനോടു സ്നേഹം പ്രകടമാക്കുക
7, 8. യേശുവിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുന്നത് പാപത്തിന്റെ ഗതി തള്ളിക്കളയാൻ ഒരു വ്യക്തിയെ സഹായിക്കുന്നത് എങ്ങനെ?
7 യേശുക്രിസ്തുവിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട് അവനോടു സ്നേഹം പ്രകടമാക്കുക, അങ്ങനെ ചെയ്യുന്നത് പാപത്തിന്റെ വഴി തള്ളിക്കളയാൻ നിങ്ങളെ സഹായിക്കും. “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും,” അവൻ പറഞ്ഞു. (യോഹന്നാൻ 15:10) യേശു പറഞ്ഞ വാക്കുകൾ ബാധകമാക്കുന്നത് ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നിങ്ങളെ സഹായിക്കും. എങ്ങനെ?
8 യേശുവിന്റെ വാക്കുകൾക്കു ശ്രദ്ധകൊടുക്കുന്നത് ധാർമിക ശുദ്ധി കാക്കാൻ നിങ്ങളെ സഹായിക്കും. ദൈവം ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണം “വ്യഭിചാരം ചെയ്യരുത്” എന്ന് അനുശാസിച്ചിരുന്നു. (പുറപ്പാടു 20:14) എന്നാൽ ആ കൽപ്പനയ്ക്കു പിന്നിലുള്ള ഒരു തത്ത്വം വെളിപ്പെടുത്തിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” (മത്തായി 5:27, 28) ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ “വ്യഭിചാരാസക്തി നിറഞ്ഞ കണ്ണു”ള്ളവരും (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) “സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും” ആയിരുന്നെന്ന് പത്രൊസ് പറഞ്ഞു. (2 പത്രൊസ് 2:14) എന്നാൽ നിങ്ങൾ ദൈവത്തെയും ക്രിസ്തുവിനെയും സ്നേഹിക്കുന്നവരും അനുസരിക്കുന്നവരും അവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുള്ളവരും ആണെങ്കിൽ ആ ക്രിസ്ത്യാനികളിൽനിന്നു വ്യത്യസ്തമായി ലൈംഗിക പാപങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും.
യഹോവയുടെ ആത്മാവ് നിങ്ങളെ നയിക്കട്ടെ
9. പാപം ചെയ്യുന്നതിൽ തുടരുന്ന ഒരു വ്യക്തിക്ക് എന്ത് ആത്മീയ നഷ്ടം സംഭവിച്ചേക്കാം?
9 പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും അതു നിങ്ങളെ നയിക്കാൻ അനുവദിക്കുകയും ചെയ്യുക. (ലൂക്കൊസ് 11:13; ഗലാത്യർ 5:19-25) പാപം ചെയ്തുകൊണ്ടേയിരുന്നാൽ ദൈവം തന്റെ ആത്മാവിനെ നിങ്ങളിൽനിന്നു പിൻവലിച്ചേക്കാം. ബത്ത്-ശേബയോടുള്ള ബന്ധത്തിൽ പാപം ചെയ്തശേഷം ദാവീദ് ദൈവത്തോട് ഇങ്ങനെ യാചിച്ചു: “നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.” (സങ്കീർത്തനം 51:11) അനുതാപമില്ലാതെ പാപം ചെയ്തുകൊണ്ടിരുന്നതിനാൽ ശൗൽ രാജാവിനു ദൈവത്തിന്റെ ആത്മാവ് നഷ്ടമായി. ഹോമയാഗം കഴിച്ചുകൊണ്ടും അമാലേക്യരുടെ ആടുമാടുകളിൽ കുറെയെണ്ണത്തെയും അവരുടെ രാജാവിനെയും നശിപ്പിക്കാതിരുന്നുകൊണ്ടും ശൗൽ പാപം ചെയ്തു. അതേത്തുടർന്ന് യഹോവ അവനിൽനിന്നു തന്റെ ആത്മാവിനെ പിൻവലിച്ചു.—1 ശമൂവേൽ 13:1-14; 15:1-35; 16:14-23.
10. പാപം ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തതന്നെ നിങ്ങൾ തള്ളിക്കളയേണ്ടത് എന്തുകൊണ്ട്?
10 പാപം ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തതന്നെ തള്ളിക്കളയുക. “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷി”ച്ചിരിക്കുന്നില്ലെന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. (എബ്രായർ 10:26-31) അത്തരമൊരു സ്ഥിതി സംജാതമാകുന്ന അളവോളം നിങ്ങൾ പാപം ചെയ്യുന്നുവെങ്കിൽ അതെത്ര ദാരുണമായിരിക്കും!
മറ്റുള്ളവരോടു യഥാർഥ സ്നേഹം പ്രകടമാക്കുക
11, 12. സ്നേഹവും ആദരവും ലൈംഗിക പാപങ്ങൾ ചെയ്യുന്നതിൽനിന്ന് ഒരു വ്യക്തിയെ തടയുന്നത് എങ്ങനെ?
11 സഹമനുഷ്യനോടുള്ള സ്നേഹം ലൈംഗിക പാപങ്ങൾ ചെയ്യുന്നതിൽനിന്നു നിങ്ങളെ തടയും. (മത്തായി 22:39) മറ്റൊരു വ്യക്തിയുടെ ഇണയുടെ മൃദുലവികാരങ്ങൾ കവർന്നെടുക്കാൻ ഹൃദയം നിങ്ങളെ പ്രലോഭിപ്പിക്കാതവണ്ണം അതിനെ കാത്തുസൂക്ഷിക്കാൻ ആ സ്നേഹം നിങ്ങളെ പ്രചോദിപ്പിക്കും. അത്തരം പ്രലോഭനത്തിനു കീഴ്പെടുന്നത് ഒടുവിൽ വ്യഭിചാരത്തിൽ കലാശിച്ചേക്കാം. (സദൃശവാക്യങ്ങൾ 4:23; യിരെമ്യാവു 4:14; 17:9, 10) സ്വന്തം ഭാര്യയെ അല്ലാതെ മറ്റൊരു സ്ത്രീയെയും മോഹത്തോടെ നോക്കാൻ തന്നെത്തന്നെ അനുവദിക്കാതിരുന്ന ധർമിഷ്ഠനായ ഇയ്യോബിനെപ്പോലെ ആയിരിക്കുക.—ഇയ്യോബ് 31:1.
12 വിവാഹത്തിന്റെ പവിത്രതയോടുള്ള ആദരവ് ഗുരുതരമായ പാപം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ആദരണീയമായ ആ ക്രമീകരണവും ലൈംഗിക ബന്ധവും മക്കളെ ജനിപ്പിക്കാനുള്ള ഉപാധി ആയിരിക്കണമെന്നാണു ദൈവം ഉദ്ദേശിച്ചത്. (ഉല്പത്തി 1:26-28) ലൈംഗികാവയവങ്ങൾ പവിത്രമായ ജീവന്റെ പുനരുത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നോർക്കുക. പരസംഗവും വ്യഭിചാരവും ചെയ്യുന്നവർക്കു വിവാഹത്തിന്റെ പവിത്രതയോട് ആദരവില്ല. ദൈവത്തെ ധിക്കരിക്കുകയും ലൈംഗിക ബന്ധത്തിന്റെ മാന്യത കാറ്റിൽപ്പറത്തുകയും ചെയ്യുന്ന അവർ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു. (1 കൊരിന്ത്യർ 6:18) എന്നാൽ ദൈവത്തോടുള്ള അനുസരണവും അവനോടും അയൽക്കാരനോടുമുള്ള സ്നേഹവും ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെടുന്നതിൽ കലാശിച്ചേക്കാവുന്ന നടത്തയിൽനിന്ന് ഒരു വ്യക്തിയെ സംരക്ഷിക്കും.
13. അധാർമികതയിൽ ഏർപ്പെടുന്ന ഒരു വ്യക്തി ഏതു വിധത്തിലാണ് ‘വിലയേറിയ കാര്യങ്ങൾ നശിപ്പിക്കുന്നത്’?
13 നമ്മുടെ പ്രിയപ്പെട്ടവരെ കണ്ണുനീർ കുടിപ്പിക്കാതിരിക്കാൻ പാപപൂർണമായ ആഗ്രഹങ്ങൾക്കു നാം കടിഞ്ഞാണിടേണ്ടതുണ്ട്. “വേശ്യകളോടു സഹവസിക്കുന്നവൻ വിലയേറിയ കാര്യങ്ങൾ നശിപ്പിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 29:3 (NW) പറയുന്നു. വ്യഭിചാരത്തിൽ ഏർപ്പെടുകയും അതു സംബന്ധിച്ച് അനുതപിക്കാതിരിക്കുകയും ചെയ്യുന്ന ഒരുവൻ, ദൈവവും സ്വന്തം കുടുംബവുമായുള്ള ബന്ധം തകർക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തിയുടെ ഭാര്യക്ക് വിവാഹമോചനം നേടാൻ സ്വാതന്ത്ര്യമുണ്ട്. (മത്തായി 19:9) തെറ്റു ചെയ്യുന്നതു ഭർത്താവോ ഭാര്യയോ ആയിരുന്നാലും വിവാഹത്തകർച്ച ഇണയ്ക്കും മക്കൾക്കും മറ്റുള്ളവർക്കും ഹൃദയവേദന സൃഷ്ടിക്കും. അധാർമിക നടത്ത എത്ര വിനാശകമാണെന്നു തിരിച്ചറിയുന്നത് അതിൽ ഏർപ്പെടുന്നതിനുള്ള പ്രലോഭനം ചെറുത്തുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ് എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
14. സദൃശവാക്യങ്ങൾ 6:30-35 ദുഷ്പ്രവൃത്തി സംബന്ധിച്ച് എന്തു പാഠം പ്രദാനം ചെയ്യുന്നു?
14 അങ്ങേയറ്റം സ്വാർഥമായ ഒരു പ്രവൃത്തിയാണു വ്യഭിചാരം. അതിനു യാതൊരു വിധത്തിലും പ്രായശ്ചിത്തം ചെയ്യാനാവില്ലെന്ന വസ്തുത അത് ഒഴിവാക്കാൻ ഒരു വ്യക്തിയെ ശക്തമായി പ്രേരിപ്പിക്കേണ്ടതാണ്. വിശപ്പു സഹിക്കാനാവാതെ മോഷ്ടിക്കുന്ന ഒരു കള്ളനോട് ആളുകൾ സഹതാപം കാണിച്ചേക്കാമെങ്കിലും വ്യഭിചാരം ചെയ്യുന്ന ഒരു വ്യക്തിയെ—അയാളുടെ ആന്തരം ദുഷ്ടമായതിനാൽ—അവർ നിന്ദിക്കുമെന്ന് സദൃശവാക്യങ്ങൾ 6:30-35 പ്രകടമാക്കുന്നു. അയാൾ “സ്വന്തപ്രാണനെ നശിപ്പിക്കുന്നു.” ന്യായപ്രമാണത്തിൻകീഴിൽ അത്തരമൊരു വ്യക്തിക്കുള്ള ശിക്ഷ മരണമായിരുന്നു. (ലേവ്യപുസ്തകം 20:10) സ്വന്തം മോഹം തൃപ്തിപ്പെടുത്താനായി വ്യഭിചാരം ചെയ്യുന്ന ഒരു വ്യക്തി മറ്റുള്ളവരെ ദുഃഖത്തിലാഴ്ത്തുകയാണു ചെയ്യുന്നത്. അനുതപിക്കാത്തപക്ഷം ആ വ്യക്തിക്കു ദൈവസ്നേഹത്തിൽ നിലനിൽക്കാനാവില്ല, ശുദ്ധമായ ക്രിസ്തീയ സഭയിൽനിന്ന് അയാൾ പുറത്താക്കപ്പെടുകയും ചെയ്യും.
ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കുക
15. ‘ചൂടുവെച്ച മനസ്സാക്ഷി’ എങ്ങനെയുള്ളതായിരിക്കും?
15 പാപത്തിനുനേരേ കണ്ണടയ്ക്കുന്ന ഒരു മനസ്സാക്ഷിയാണു നമ്മുടേതെങ്കിൽ ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമുക്കാവില്ല. അതുകൊണ്ട് ഒരിക്കലും നാം ലോകത്തിന്റെ അധഃപതിച്ച ധാർമിക നിലവാരങ്ങൾ പിൻപറ്റരുത്. നാം ആരോടു സഹവസിക്കുന്നു, എന്തു വായിക്കുന്നു, ഏതുതരം വിനോദങ്ങളിൽ ഏർപ്പെടുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ജാഗ്രത പാലിക്കുന്നതും പ്രധാനമാണ്. “ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും” എന്ന് പൗലൊസ് മുൻകൂട്ടിപ്പറഞ്ഞു. അത്തരം ഭോഷ്കാളികൾ “സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരാ”ണെന്നും അവൻ പറഞ്ഞു. (1 തിമൊഥെയൊസ് 4:1, 2) ‘ചൂടുവെച്ച മനസ്സാക്ഷി,’ തഴമ്പിച്ചതും സ്പർശനം അറിയാത്തതുമായ ശരീരഭാഗം പോലെയാണ്. വിശ്വാസത്യാഗികളിൽനിന്നും വിശ്വാസത്തിൽനിന്നു വീണുപോകാൻ ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങളിൽനിന്നും വിട്ടുനിൽക്കാൻ അത്തരം മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു നൽകുകയില്ല.
16. ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കേണ്ടത് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 ശുദ്ധമായ ഒരു മനസ്സാക്ഷി നമ്മുടെ രക്ഷയ്ക്ക് അനിവാര്യമാണ്. (1 പത്രൊസ് 3:21) “ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ” കഴിയേണ്ടതിന് യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ മനസ്സാക്ഷി നിർജീവപ്രവൃത്തികളിൽനിന്നു കഴുകി ശുദ്ധമാക്കപ്പെട്ടിരിക്കുന്നു. (എബ്രായർ 9:13, 14) നാം മനഃപൂർവം പാപം ചെയ്താൽ നമ്മുടെ മനസ്സാക്ഷി മലിനമായിത്തീരുകയും ദൈവസേവനത്തിനു യോഗ്യതയുള്ള ശുദ്ധജനമായിരിക്കാൻ നമുക്കു കഴിയാതെപോകുകയും ചെയ്യും. (തീത്തൊസ് 1:15) എന്നാൽ യഹോവയുടെ സഹായത്താൽ ശുദ്ധമായ മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയും.
ദുഷ്പ്രവൃത്തി ഒഴിവാക്കുന്നതിനുള്ള മറ്റു വഴികൾ
17. ‘യഹോവയെ പൂർണമായി’ അനുസരിക്കുന്നതിന്റെ പ്രയോജനം എന്ത്?
17 പുരാതന ഇസ്രായേലിലെ കാലേബിനെപ്പോലെ “യഹോവയെ പൂർണ്ണമായി” അനുസരിക്കുക. (ആവർത്തനപുസ്തകം 1:34-36) ദൈവം നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യുക; “ഭൂതങ്ങളുടെ മേശ”യിൽ ഭാഗഭാക്കുകളാകുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. (1 കൊരിന്ത്യർ 10:21) വിശ്വാസത്യാഗം തള്ളിക്കളയുക. യഹോവയുടെ മേശയിൽമാത്രം ലഭ്യമായ ആത്മീയ ആഹാരം നന്ദിയോടെ ഭുജിക്കുമ്പോൾ നിങ്ങൾ വ്യാജ ഉപദേശകന്മാരാലോ ദുഷ്ടാത്മ ശക്തികളാലോ വഴിതെറ്റിക്കപ്പെടുകയില്ല. (എഫെസ്യർ 6:12; യൂദാ 3, 4) ബൈബിൾ പഠിക്കുന്നതും യോഗങ്ങളിൽ സംബന്ധിക്കുന്നതും വയൽശുശ്രൂഷയിൽ ഏർപ്പെടുന്നതും പോലുള്ള ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. യഹോവയെ പൂർണമായി അനുസരിക്കുകയും അവന്റെ വേലയിൽ മുഴുകിയിരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ തീർച്ചയായും സന്തുഷ്ടരായിരിക്കും.—1 കൊരിന്ത്യർ 15:58.
18. യഹോവയോടുള്ള ഭയം നിങ്ങളുടെ നടത്തയെ എങ്ങനെ സ്വാധീനിക്കും?
18 “ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.” (എബ്രായർ 12:28) യഹോവയോടുള്ള ഭക്ത്യാദരപൂർവകമായ ഭയം ഏതൊരു ദുഷിച്ച ഗതിയും തള്ളിക്കളയാൻ നിങ്ങളെ പ്രേരിപ്പിക്കും. അഭിഷിക്തരായ സഹക്രിസ്ത്യാനികൾക്കു പത്രൊസ് നൽകിയ പിൻവരുന്ന ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ അതു നിങ്ങളെ സഹായിക്കും: “മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.”—1 പത്രൊസ് 1:17.
19. ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സദാ ബാധകമാക്കേണ്ടത് എന്തുകൊണ്ട്?
19 ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സദാ ബാധകമാക്കുന്നത് ഗുരുതരമായ പാപം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും, കാരണം നിങ്ങൾ അപ്പോൾ “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ള”വരെപ്പോലെ ആയിത്തീരും. (എബ്രായർ 5:14) ചിന്താശൂന്യമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനു പകരം, ഈ ദുഷ്ടനാളുകളിൽ “സമയം തക്കത്തിൽ ഉപയോഗിച്ചു”കൊണ്ട് “ജ്ഞാനികളായി” നടക്കാൻ ജാഗ്രത പാലിക്കുക. എല്ലായ്പോഴും “കർത്താവിന്റെ ഇഷ്ടം” എന്തെന്നു മനസ്സിലാക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക.—എഫെസ്യർ 5:15-17; 2 പത്രൊസ് 3:17.
20. നാം ദുർമോഹം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
20 മറ്റുള്ളവർക്ക് അവകാശപ്പെട്ട യാതൊന്നും ഒരിക്കലും മോഹിക്കരുത്. പത്തു കൽപ്പനകളിൽ ഒന്ന് ഇങ്ങനെ പറയുന്നു: “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുത്.” (പുറപ്പാടു 20:17) ഈ നിയമം വീട്, ഭാര്യ, വേലക്കാർ, മൃഗങ്ങൾ എന്നിങ്ങനെ ഒരു വ്യക്തിക്ക് അവകാശപ്പെട്ട കാര്യങ്ങൾക്കെല്ലാം സംരക്ഷണം പ്രദാനം ചെയ്തു. എന്നാൽ “ദുർമോഹം” (NW) ഒരു മനുഷ്യനെ അശുദ്ധനാക്കുന്നു എന്ന യേശുവിന്റെ പ്രസ്താവന വിശേഷാൽ ശ്രദ്ധേയമാണ്.—മർക്കൊസ് 7:20-23.
21, 22. പാപത്തിൽ വീഴാതിരിക്കാൻ ഒരു ക്രിസ്ത്യാനിക്ക് ഏതു കരുതൽ നടപടികൾ സ്വീകരിക്കാനാകും?
21 മോഹം പാപത്തിലേക്കു നയിക്കാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക. ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.” (യാക്കോബ് 1:14, 15) ഉദാഹരണത്തിന് മുമ്പ് അമിതമായി മദ്യപിച്ചിരുന്ന ഒരു വ്യക്തി, വീട്ടിൽ മദ്യം സൂക്ഷിക്കാതിരിക്കുന്നതാണു നല്ലതെന്നു തീരുമാനിച്ചേക്കാം. ജോലിസ്ഥലത്ത് എതിർലിംഗവർഗത്തിലുള്ള ഒരു വ്യക്തിയോടു ബന്ധപ്പെട്ടുള്ള പ്രലോഭനം ഒഴിവാക്കാൻ ഒരു ക്രിസ്ത്യാനി അവിടെത്തന്നെ മറ്റേതെങ്കിലുമൊരു ഭാഗത്തേക്കു മാറി ജോലി ചെയ്യുകയോ മറ്റൊരു സ്ഥലത്തു ജോലി കണ്ടെത്തുകയോപോലും ചെയ്യേണ്ടതുണ്ടായിരിക്കാം.—സദൃശവാക്യങ്ങൾ 6:23-28.
22 പാപത്തിന്റെ പാതയിൽ ഒരു ചുവടുപോലും മുന്നോട്ടു വെക്കാതെ സൂക്ഷിക്കുക. ശൃംഗാരവും അധാർമിക ചിന്തകളും പരസംഗത്തിലേക്കോ വ്യഭിചാരത്തിലേക്കോ നയിച്ചേക്കാം. ചെറിയ നുണകൾ പറയുന്നത് വലിയ നുണകൾ പറയാൻ ഒരു വ്യക്തിയെ ധൈര്യപ്പെടുത്തുകയും അങ്ങനെ അതു പാപപൂർണമായ ഒരു ശീലമായി മാറുകയും ചെയ്തേക്കാം. ചെറിയ കളവുകൾ നടത്തുന്നതിലൂടെ മനസ്സാക്ഷി തഴമ്പിച്ചുപോകുന്ന ഒരു വ്യക്തി വൻകവർച്ചകൾ നടത്തിയേക്കാം. വിശ്വാസത്യാഗപരമായ ചിന്തകൾക്ക് അൽപ്പമെങ്കിലും ഇടംകൊടുക്കുന്ന ഒരുവൻ ഒടുവിൽ കടുത്ത ഒരു വിശ്വാസത്യാഗിയായിത്തീർന്നേക്കാം.—2 തെസ്സലൊനീക്യർ 2:3; വെളിപ്പാടു 21:8.
പാപം ചെയ്തുപോയെങ്കിൽ എന്തു ചെയ്യണം?
23, 24. രണ്ടു ദിനവൃത്താന്തം 6:29-31 സദൃശവാക്യങ്ങൾ 28:13 എന്നീ തിരുവെഴുത്തുകളിൽനിന്ന് എന്ത് ആശ്വാസം കണ്ടെത്താൻ കഴിയും?
23 എല്ലാ മനുഷ്യരും അപൂർണരാണ്. (സഭാപ്രസംഗി 7:20) എന്നിരുന്നാലും ഗുരുതരമായ പാപത്തിൽ വീണുപോയിട്ടുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിന്റെ സമർപ്പണവേളയിൽ ശലോമോൻ നടത്തിയ പ്രാർഥനയിൽനിന്നു നിങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ കഴിയും. അവൻ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ക്ഷമിക്കയും . . . നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്.”—2 ദിനവൃത്താന്തം 6:29-31.
24 നിശ്ചയമായും ദൈവം ഹൃദയവിചാരങ്ങൾ അറിയുകയും ക്ഷമിക്കുകയും ചെയ്യുന്നു. “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും” എന്ന് സദൃശവാക്യങ്ങൾ 28:13 പറയുന്നു. അനുതാപത്തോടെ പാപം ഏറ്റുപറയുകയും പാപഗതി ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ ദൈവം കരുണ കാണിക്കും. എന്നാൽ നിങ്ങൾ ആത്മീയമായി ദുർബലമായ ഒരു അവസ്ഥയിലാണെങ്കിൽ ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും?
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമുക്ക് എങ്ങനെ കഴിയും?
• ദൈവത്തോടും ക്രിസ്തുവിനോടുമുള്ള സ്നേഹം പാപത്തിന്റെ ഗതി തള്ളിക്കളയാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
• മറ്റുള്ളവരോടുള്ള യഥാർഥ സ്നേഹം ലൈംഗിക പാപങ്ങൾ ചെയ്യുന്നതിൽനിന്നു നമ്മെ തടയുന്നത് എന്തുകൊണ്ട്?
• ദുഷ്പ്രവൃത്തി ഒഴിവാക്കാനുള്ള ചില വഴികൾ ഏവ?
[21-ാം പേജിലെ ചിത്രം]
ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് യൂദാ കാണിച്ചുതരുന്നു
[23-ാം പേജിലെ ചിത്രം]
വിവാഹത്തകർച്ച നിർദോഷിയായ ഇണയ്ക്കും മക്കൾക്കും ഹൃദയവേദന സൃഷ്ടിക്കും
[2-ാം പേജിലെ ചിത്രം]
കാലേബിനെപ്പോലെ “യഹോവയെ പൂർണ്ണമായി” അനുസരിക്കാൻ നിങ്ങൾ ദൃഢചിത്തരാണോ?
[25-ാം പേജിലെ ചിത്രം]
പ്രലോഭനം ചെറുത്തുനിൽക്കാൻ പതിവായി പ്രാർഥിക്കുക