പഠനലേഖനം 28
നമ്മുടെ പക്കലുള്ളത് സത്യമാണെന്ന് ഉറപ്പു വരുത്തുക
“നീ പഠിച്ച കാര്യങ്ങളിലും നിനക്കു ബോധ്യപ്പെടുത്തിത്തന്ന കാര്യങ്ങളിലും നിലനിൽക്കുക.”—2 തിമൊ. 3:14.
ഗീതം 56 സത്യം സ്വന്തമാക്കാം
പൂർവാവലോകനംa
1. “സത്യം” എന്നു പറയുമ്പോൾ നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത്?
“സഹോദരന് എങ്ങനെയാണ് സത്യം കിട്ടിയത്?” “മാതാപിതാക്കൾ നേരത്തേതന്നെ സത്യത്തിലായിരുന്നോ?” “എത്ര കാലമായി സത്യത്തിലായിട്ട്?” ഇങ്ങനെയൊക്കെ പലരും നിങ്ങളോടു ചോദിച്ചിട്ടുണ്ടാകും. നമ്മളും പലരോടും ഇങ്ങനെ ചോദിച്ചിരിക്കാൻ സാധ്യതയുണ്ട്. “സത്യം” എന്നു പറയുമ്പോൾ നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത്? സാധാരണ, നമ്മൾ ഈ വാക്ക് ഉപയോഗിക്കുന്നത് നമ്മുടെ വിശ്വാസങ്ങൾ, നമ്മുടെ ആരാധനാരീതി, അതുപോലെ നമ്മൾ ജീവിക്കുന്ന വിധം, ഇതിനെക്കുറിച്ചൊക്കെ പറയുമ്പോഴാണ്. “സത്യത്തിലുള്ള” ആളുകൾക്കു ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. അതിലെ തത്ത്വങ്ങൾ അനുസരിച്ചാണ് അവർ ജീവിക്കുന്നത്. അതിന്റെ ഫലമായി അവർ മതങ്ങളുടെ തെറ്റായ പഠിപ്പിക്കലുകളിൽനിന്ന് പുറത്ത് വന്നിരിക്കുന്നു. സാത്താന്റെ ഈ ലോകത്തിൽപ്പോലും സന്തോഷത്തോടെ ജീവിക്കാനും അവർക്കു കഴിയുന്നു.—യോഹ. 8:32.
2. യോഹന്നാൻ 13:34, 35 അനുസരിച്ച്, ഒരാളെ ആദ്യം സത്യത്തിലേക്ക് ആകർഷിക്കുന്നത് എന്തായിരിക്കാം?
2 എന്താണ് ആദ്യം നിങ്ങളെ സത്യത്തിലേക്ക് ആകർഷിച്ചത്? ഒരുപക്ഷേ യഹോവയുടെ ജനത്തിന്റെ നല്ല പെരുമാറ്റമായിരിക്കാം. (1 പത്രോ. 2:12) അല്ലെങ്കിൽ അവർ മറ്റുള്ളവരോടു കാണിക്കുന്ന സ്നേഹമായിരിക്കാം. മിക്കവരും ആദ്യം മീറ്റിങ്ങിനു വന്നപ്പോൾ അതു ശ്രദ്ധിച്ചിട്ടുണ്ട്. അന്ന് സ്റ്റേജിൽനിന്ന് കേട്ട ഏതു കാര്യത്തെക്കാളും അവരുടെ ഓർമയിൽ നിൽക്കുന്നത് അന്നത്തെ ആ സ്നേഹമാണ്. ഇതിൽ അതിശയിക്കാൻ ഒന്നുമില്ല. കാരണം, തന്റെ ശിഷ്യന്മാർ അന്യോന്യം കാണിക്കുന്ന സ്നേഹമായിരിക്കും അവരെ തിരിച്ചറിയിക്കുന്ന അടയാളമെന്നു യേശു പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 13:34, 35 വായിക്കുക.) എന്നാൽ, നിങ്ങൾക്കു ശക്തമായ വിശ്വാസമുണ്ടായിരിക്കണമെങ്കിൽ ദൈവജനത്തെ തിരിച്ചറിഞ്ഞാൽ മാത്രം പോരാ, നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുകയും വേണം.
3. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം സഹോദരങ്ങൾ കാണിക്കുന്ന ക്രിസ്തീയ സ്നേഹത്തിൽ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ എന്തു സംഭവിച്ചേക്കാം?
3 നമ്മുടെ വിശ്വാസം ദൈവജനം പരസ്പരം കാണിക്കുന്ന ക്രിസ്തീയ സ്നേഹത്തിൽ മാത്രം അടിസ്ഥാനമാക്കിയുള്ളതായാൽ പോരാ. എന്തുകൊണ്ട്? ഇങ്ങനെയൊന്നു സങ്കൽപ്പിക്കുക: നമ്മുടെ ഒരു സഹവിശ്വാസി, അതു ചിലപ്പോൾ ഒരു മൂപ്പനോ ഒരു മുൻനിരസേവകനോ ആകാം, ഗുരുതരമായ ഒരു പാപം ചെയ്യുന്നു. അല്ലെങ്കിൽ ഒരു സഹോദരനോ സഹോദരിയോ ഏതെങ്കിലും തരത്തിൽ നിങ്ങളെ വേദനിപ്പിക്കുന്നു. അതുമല്ലെങ്കിൽ, നമ്മൾ വിശ്വസിക്കുന്നതൊന്നുമല്ല സത്യം എന്നു പറഞ്ഞുകൊണ്ട് ഒരാൾ വിശ്വാസത്യാഗിയായി മാറുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ വിശ്വാസത്തിന് ഇളക്കം തട്ടുകയും നിങ്ങൾ യഹോവയെ സേവിക്കുന്നത് നിറുത്തുകയും ചെയ്യുമോ? നമ്മൾ പഠിക്കേണ്ട പാഠം ഇതാണ്: ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം പണിതുയർത്തേണ്ടത് യഹോവയുമായി നിങ്ങൾക്കുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അതിനു പകരം, മറ്റുള്ളവരുടെ സ്നേഹപ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് വിശ്വാസം കെട്ടിപ്പടുക്കുന്നതെങ്കിൽ നിങ്ങളുടെ വിശ്വാസം അത്ര ബലിഷ്ഠമായിരിക്കില്ല. നിങ്ങളുടെ വിശ്വാസമാകുന്ന വീട് പണിയുമ്പോൾ സഹോദരങ്ങളോടു തോന്നുന്ന സ്നേഹംപോലുള്ള മൃദുലമായ വസ്തുക്കൾ മാത്രം പോരാ. ദൈവവചനം വായിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത് ലഭിക്കുന്ന കട്ടിയുള്ള വസ്തുക്കളും ആവശ്യമാണ്. അങ്ങനെ യഹോവയെക്കുറിച്ച് ബൈബിളിലുള്ള കാര്യങ്ങൾ സത്യമാണെന്നു നിങ്ങൾ നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തണം.—റോമ. 12:2.
4. മത്തായി 13:3-6, 20, 21 അനുസരിച്ച്, വിശ്വാസത്തിന്റെ പരിശോധനകൾ ചിലരെ എങ്ങനെ ബാധിച്ചേക്കാം?
4 ചിലർ “സന്തോഷത്തോടെ” സത്യം സ്വീകരിക്കുമെങ്കിലും പരിശോധനകളുണ്ടാകുമ്പോൾ അവരുടെ വിശ്വാസം വാടിപ്പോകുമെന്നു യേശു പറഞ്ഞു. (മത്തായി 13:3-6, 20, 21 വായിക്കുക.) യേശുവിനെ അനുഗമിക്കുന്നതിൽ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരുപക്ഷേ അവർക്ക് അറിയില്ലായിരിക്കും. (മത്താ. 16:24) അല്ലെങ്കിൽ, ഒരു ക്രിസ്ത്യാനിയായാൽ തങ്ങൾക്കു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇനി, ഉണ്ടായാൽത്തന്നെ ദൈവം അതെല്ലാം നീക്കിക്കളയുമെന്നും ആയിരിക്കാം അവർ കരുതുന്നത്. പക്ഷേ, ഇന്നത്തെ ഈ ലോകത്ത് പ്രശ്നങ്ങളുണ്ടാകും എന്ന് ഉറപ്പാണ്. സാഹചര്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം വരാം. അതു നമ്മുടെ സന്തോഷം മങ്ങിപ്പോകാനും ഇടയാക്കിയേക്കാം.—സങ്കീ. 6:6; സഭാ. 9:11.
5. തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു ബോധ്യമുണ്ടെന്നു നമ്മുടെ സഹോദരങ്ങളിൽ ഭൂരിപക്ഷം പേരും തെളിയിക്കുന്നത് എങ്ങനെ?
5 നമ്മുടെ സഹോദരങ്ങളിൽ ഭൂരിപക്ഷം പേർക്കും നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു ബോധ്യമുണ്ട്. അത് അവർ തെളിയിക്കുകയും ചെയ്യുന്നു. എങ്ങനെ? ഒരു സഹവിശ്വാസി അവരെ വേദനിപ്പിക്കുകയോ ഏതെങ്കിലും ക്രിസ്തീയമല്ലാത്ത പ്രവർത്തനങ്ങളിൽ ഉൾപ്പെടുകയോ ചെയ്താൽ അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടുന്നില്ല. (സങ്കീ. 119:165) ഓരോ പ്രശ്നങ്ങളുണ്ടാകുമ്പോഴും അവരുടെ വിശ്വാസം കൂടുതൽക്കൂടുതൽ ശക്തമാകുകയാണ്, അല്ലാതെ ബലഹീനമാകുകയല്ല. (യാക്കോ. 1:2-4) അങ്ങനെയുള്ള ശക്തമായ വിശ്വാസം നിങ്ങൾക്ക് എങ്ങനെ വളർത്തിയെടുക്കാം?
“ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ്” നേടുക
6. ആദ്യകാല ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം ഏത് അടിസ്ഥാനത്തിന്മേലാണ് പണിതത്?
6 ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർ തങ്ങളുടെ വിശ്വാസം പടുത്തുയർത്തിയത് അവരുടെ തിരുവെഴുത്തുപരിജ്ഞാനത്തിലും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളിലും ആയിരുന്നു, അതായത് ‘സന്തോഷവാർത്തയെന്ന സത്യത്തിൽ.’ (ഗലാ. 2:5) ഈ സത്യം യേശുവിന്റെ ബലിമരണവും പുനരുത്ഥാനവും ഉൾപ്പെടെയുള്ള മുഴുവൻ ക്രിസ്തീയപഠിപ്പിക്കലുകളെയും ഉൾക്കൊള്ളുന്നുണ്ട്. പൗലോസ് അപ്പോസ്തലന് ഈ പഠിപ്പിക്കലുകൾ സത്യമാണെന്നു ബോധ്യമുണ്ടായിരുന്നു. അതു നമുക്ക് എങ്ങനെ അറിയാം? കാരണം, “ക്രിസ്തു കഷ്ടം സഹിക്കുകയും മരിച്ചവരിൽനിന്ന് ഉയിർക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു എന്ന്” തെളിയിക്കുന്നതിന് അദ്ദേഹം തിരുവെഴുത്തുകൾ ഉപയോഗിച്ചു. (പ്രവൃ. 17:2, 3) ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർ ആ പഠിപ്പിക്കലുകൾ സ്വീകരിക്കുകയും ദൈവവചനം മനസ്സിലാക്കാനുള്ള സഹായത്തിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്തു. അവ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ളവയാണെന്ന് അവർ ഗവേഷണം ചെയ്ത് ഉറപ്പു വരുത്തി. (പ്രവൃ. 17:11, 12; എബ്രാ. 5:14) അവർ വികാരങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല തങ്ങളുടെ വിശ്വാസം പടുത്തുയർത്തിയത്. സഹവിശ്വാസികളുടെകൂടെ സഹവസിക്കുമ്പോൾ സന്തോഷം ലഭിച്ചതുകൊണ്ടുമല്ല അവർ യഹോവയെ സേവിച്ചത്. പകരം ‘ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിന്മേലാണ്’ അവർ അവരുടെ വിശ്വാസം പണിതത്.—കൊലോ. 1:9, 10.
7. ബൈബിൾസത്യങ്ങളിലുള്ള വിശ്വാസം നമ്മളെ എന്തിനു സഹായിക്കും?
7 ദൈവത്തിന്റെ വചനത്തിലെ സത്യങ്ങൾക്കു മാറ്റമില്ല. (സങ്കീ. 119:160) ഉദാഹരണത്തിന്, ഒരു സഹവിശ്വാസി ഏതെങ്കിലും പാപം ചെയ്യുകയോ നമ്മളെ വേദനിപ്പിക്കുകയോ ചെയ്തെന്നുവെച്ച് ആ സത്യങ്ങൾക്ക് ഒരു മാറ്റവുമുണ്ടാകുന്നില്ല. ഇനി, നമുക്കു പ്രശ്നങ്ങളുണ്ടായാലും അവയ്ക്കു മാറ്റം വരുന്നില്ല. അതുകൊണ്ട് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കു നല്ല അറിവുണ്ടായിരിക്കണം. അവ സത്യമാണെന്നു ബോധ്യമുണ്ടായിരിക്കുകയും വേണം. ഭയങ്കരമായ കൊടുങ്കാറ്റിന്റെ സമയത്ത് ഒരു നങ്കൂരം കപ്പലിനെ ഇളകാതെ നിറുത്തുന്നതുപോലെ, ബൈബിൾസത്യങ്ങളിലുള്ള നമ്മുടെ ഉറച്ച വിശ്വാസം പരിശോധനകളുടെ സമയത്ത് നമ്മളെയും ഇളകാതെ നിറുത്തും. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന ബോധ്യം ശക്തമാക്കിനിറുത്താൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
“ചിന്താപ്രാപ്തി” ഉപയോഗിക്കുക
8. 2 തിമൊഥെയൊസ് 3:14, 15-ൽ കാണുന്നതുപോലെ, തിമൊഥെയൊസിനു താൻ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു ബോധ്യം വന്നത് എങ്ങനെ?
8 താൻ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു തിമൊഥെയൊസിനു ബോധ്യമുണ്ടായിരുന്നു. എങ്ങനെയാണു തിമൊഥെയൊസ് അത് ഉറപ്പു വരുത്തിയത്? (2 തിമൊഥെയൊസ് 3:14, 15 വായിക്കുക.) അമ്മയും മുത്തശ്ശിയും തിമൊഥെയൊസിനെ “വിശുദ്ധലിഖിതങ്ങൾ” പഠിപ്പിച്ചു. എന്നാൽ ആ തിരുവെഴുത്തുകൾ പഠിക്കുന്നതിനു തിമൊഥെയൊസുതന്നെ നല്ല ശ്രമം നടത്തി, ധാരാളം സമയവും ഊർജവും അതിനായി ചെലവഴിച്ചു എന്നതിനു സംശയമില്ല. അതിന്റെ ഫലമായി ആ തിരുവെഴുത്തുകൾ സത്യമാണെന്നു തിമൊഥെയൊസിനു ബോധ്യംവന്നു. പിന്നീട്, തിമൊഥെയൊസും അമ്മയും മുത്തശ്ശിയും ക്രിസ്ത്യാനിത്വത്തിലേക്കു വന്നു. തിമൊഥെയൊസിനു യേശുവിന്റെ അനുഗാമികൾ കാണിച്ച സ്നേഹത്തിൽ മതിപ്പു തോന്നി എന്നതിൽ സംശയമില്ല. കൂടാതെ, തിമൊഥെയൊസിന് ആ ആത്മീയസഹോദരങ്ങളുടെ കൂടെയായിരിക്കാനും അവർക്കുവേണ്ടി കരുതാനും ശക്തമായ ആഗ്രഹം തോന്നിക്കാണും. (ഫിലി. 2:19, 20) എങ്കിലും തിമൊഥെയൊസിന്റെ വിശ്വാസം സഹമനുഷ്യനോട് അവനു തോന്നിയ ഏതെങ്കിലും വികാരത്തിന്റെ പുറത്തുള്ളതായിരുന്നില്ല. മറിച്ച് സത്യമാണെന്നു തനിക്കു ബോധ്യമുണ്ടായിരുന്ന ബൈബിൾപഠിപ്പിക്കലുകളുടെ അടിസ്ഥാനത്തിലായിരുന്നു. അതാണു തിമൊഥെയൊസിനെ യഹോവയുടെ സുഹൃത്താക്കിയത്. നിങ്ങളും ബൈബിൾ പഠിക്കുകയും യഹോവയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളെപ്പറ്റി സ്വയം ചിന്തിച്ച് സത്യമാണെന്ന് ഉറപ്പു വരുത്തുകയും വേണം.
9. ഏതു മൂന്ന് അടിസ്ഥാനസത്യങ്ങൾ നിങ്ങൾ സ്വയം ബോധ്യം വരുത്തണം?
9 നിങ്ങൾ സ്വയം ബോധ്യം വരുത്തേണ്ട മൂന്ന് അടിസ്ഥാനകാര്യങ്ങൾ ആദ്യം നോക്കാം. ഒന്ന്, ദൈവമായ യഹോവയാണ് എല്ലാത്തിന്റെയും സ്രഷ്ടാവ്. (പുറ. 3:14, 15; എബ്രാ. 3:4; വെളി. 4:11) രണ്ട്, മനുഷ്യകുടുംബത്തിനുള്ള ദൈവത്തിന്റെ നിശ്വസ്തസന്ദേശമാണു ബൈബിൾ. (2 തിമൊ. 3:16, 17) മൂന്ന്, യഹോവയ്ക്കു ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ തന്നെ ആരാധിക്കുന്ന ഒരു സംഘടിതകൂട്ടമുണ്ട്, അത് യഹോവയുടെ സാക്ഷികളാണ്. (യശ. 43:10-12; യോഹ. 14:6; പ്രവൃ. 15:14) ഈ മൂന്ന് അടിസ്ഥാനസത്യങ്ങൾ നിങ്ങൾക്കു ബോധ്യം വരുന്നതിനു നിങ്ങൾ ഒരു ‘ബൈബിൾ വിജ്ഞാനകോശമൊന്നും’ ആകണമെന്നില്ല. മറിച്ച്, “ചിന്താപ്രാപ്തി” ഉപയോഗിച്ച് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന ബോധ്യം ശക്തിപ്പെടുത്തുക എന്നതായിരിക്കണം നിങ്ങളുടെ ഉദ്ദേശ്യം.—റോമ. 12:1.
മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ തയ്യാറായിരിക്കുക
10. സത്യം അറിയുന്നതിനു പുറമേ എന്തു ചെയ്യാൻകൂടി നമുക്കു കഴിയണം?
10 ദൈവത്തെയും ബൈബിളിനെയും ദൈവജനത്തെയും കുറിച്ചുള്ള ഈ മൂന്ന് അടിസ്ഥാനസത്യങ്ങൾ നിങ്ങൾക്ക് ഉറപ്പായിക്കഴിഞ്ഞാൽ തിരുവെഴുത്തുകൾ ഉപയോഗിച്ച് അവ മറ്റുള്ളവർക്കു ബോധ്യപ്പെടുത്തിക്കൊടുക്കാൻ നിങ്ങൾക്കു കഴിയണം. എന്തുകൊണ്ട്? കാരണം നമ്മളെ ശ്രദ്ധിക്കുന്നവരെ ആ സത്യങ്ങൾ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ക്രിസ്ത്യാനികളായ നമുക്കുണ്ട്.b (1 തിമൊ. 4:16) ബൈബിൾസത്യങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധ്യവും ശക്തിപ്പെടും.
11. ആളുകളെ പഠിപ്പിച്ചപ്പോൾ പൗലോസ് അപ്പോസ്തലൻ എന്തു നല്ല മാതൃകയാണു വെച്ചത്?
11 പൗലോസ് അപ്പോസ്തലൻ ആളുകളെ പഠിപ്പിച്ചപ്പോൾ “മോശയുടെ നിയമത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും യേശുവിനെക്കുറിച്ച് ബോധ്യം വരുത്തുന്ന വാദങ്ങൾ” ഉപയോഗിച്ചു. (പ്രവൃ. 28:23) മറ്റുള്ളവരെ സത്യം പഠിപ്പിക്കുമ്പോൾ നമുക്ക് എങ്ങനെ പൗലോസിനെ അനുകരിക്കാം? ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ അവരോടു വെറുതേ പറഞ്ഞുകൊടുത്താൽ മാത്രം പോരാ. തിരുവെഴുത്തുകളിൽനിന്ന് അവർ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കാൻ നമ്മുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കണം. അപ്പോൾ അവർ യഹോവയോടു കൂടുതൽ അടുക്കും. നമ്മളെക്കുറിച്ചുള്ള മതിപ്പുകൊണ്ട് അവർ സത്യം സ്വീകരിക്കാനല്ല നമ്മൾ ആഗ്രഹിക്കുന്നത്, പകരം അവർ പഠിക്കുന്ന കാര്യങ്ങൾ സ്നേഹവാനായ നമ്മുടെ ദൈവത്തെക്കുറിച്ചുള്ള സത്യങ്ങളാണെന്ന് അവർക്കുതന്നെ ബോധ്യം വന്നിട്ടായിരിക്കണം.
12-13. സത്യത്തിൽ നിലനിൽക്കാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാം?
12 മാതാപിതാക്കളേ, നിങ്ങളുടെ മക്കൾ എന്നും സത്യത്തിൽ നിലനിൽക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല. സഭയിൽ അവർക്കു നല്ല കൂട്ടുകാരുണ്ടെങ്കിൽ അവർ നല്ല ആത്മീയപുരോഗതി വരുത്തിക്കൊള്ളും എന്നു ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. എന്നിരുന്നാലും തങ്ങളുടെ പക്കലുള്ളതു സത്യമാണെന്ന് നിങ്ങളുടെ മക്കൾക്കു ബോധ്യംവരണമെങ്കിൽ അവർക്കു നല്ല കൂട്ടുകാരുണ്ടായാൽ മാത്രം പോരാ. മറ്റു ചിലതുംകൂടി അതിന് ആവശ്യമാണ്. അവർക്കു ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടായിരിക്കണം. അതുപോലെ, ബൈബിൾപഠിപ്പിക്കലുകൾ സത്യമാണെന്ന് അവർക്കുതന്നെ ഉറപ്പുണ്ടായിരിക്കുകയും വേണം.
13 മാതാപിതാക്കൾക്ക് അവരുടെ മക്കളെ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കണമെങ്കിൽ അവർതന്നെ ബൈബിളിന്റെ നല്ല വിദ്യാർഥികളായിരിക്കണം. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ സമയമെടുത്തുകൊണ്ട് അവർ മക്കൾക്കു മാതൃക വെക്കണം. അപ്പോൾ അതുപോലെതന്നെ ചെയ്യാൻ അവർക്കു മക്കളെ പഠിപ്പിക്കാൻ കഴിയും. ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കുന്നതുപോലെതന്നെ മാതാപിതാക്കൾ തങ്ങളുടെ മക്കളെയും ഗവേഷണസഹായിപോലുള്ള പഠനോപകരണങ്ങൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കണം. അങ്ങനെ ചെയ്യുമ്പോൾ യഹോവയെയും യഹോവ ആത്മീയഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്ന സരണിയെയും വിലമതിക്കാൻ മക്കളെ സഹായിക്കുകയാണ്. (മത്താ. 24:45-47) മാതാപിതാക്കളേ, മക്കളെ അടിസ്ഥാന ബൈബിൾസത്യങ്ങൾ പഠിപ്പിക്കുന്നതു മാത്രം മതി എന്നു വെക്കരുത്. കുട്ടികളുടെ പ്രായവും പ്രാപ്തിയും കണക്കിലെടുത്ത്, “ഗഹനമായ ദൈവകാര്യങ്ങൾ” പഠിപ്പിച്ചുകൊണ്ട് ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ അവരെ സഹായിക്കുക.—1 കൊരി. 2:10.
ബൈബിൾപ്രവചനങ്ങൾ പഠിക്കുക
14. ബൈബിൾപ്രവചനങ്ങൾ നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്? (“ഈ പ്രവചനങ്ങൾ നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?” എന്ന ചതുരം കാണുക.)
14 ദൈവവചനത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് അതിലെ പ്രവചനങ്ങൾ. അവ യഹോവയിലുള്ള ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ നമ്മളെ സഹായിക്കും. അങ്ങനെ നിങ്ങളെ സഹായിച്ച പ്രവചനങ്ങൾ ഏതെല്ലാമാണ്? ‘അവസാനകാലത്തെക്കുറിച്ചുള്ള’ പ്രവചനങ്ങളായിരിക്കാം നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. (2 തിമൊ. 3:1-5; മത്താ. 24:3, 7) നിറവേറിക്കഴിഞ്ഞ മറ്റ് ഏതെല്ലാം പ്രവചനങ്ങൾക്കു നിങ്ങളുടെ ബോധ്യം ശക്തിപ്പെടുത്താൻ കഴിയും? ഉദാഹരണത്തിന്, ദാനിയേൽ 2-ാം അധ്യായത്തിലെയും 11-ാം അധ്യായത്തിലെയും പ്രവചനങ്ങൾ എങ്ങനെയാണു നിറവേറിയതെന്നും ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?c നിങ്ങളുടെ വിശ്വാസം തിരുവെഴുത്തുകളിൽ അടിയുറച്ചതാണെങ്കിൽ അതിനെ തകർക്കാൻ ഒന്നിനും കഴിയില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ജർമനിയിൽ അതികഠിനമായ പീഡനങ്ങൾ സഹിച്ച നമ്മുടെ സഹോദരങ്ങളുടെ മാതൃക നോക്കുക. അവസാനകാലത്തെപ്പറ്റിയുള്ള പ്രവചനങ്ങൾ അവർക്കു പൂർണമായി മനസ്സിലായിരുന്നില്ലെങ്കിലും ദൈവവചനത്തിൽ അവർക്കു ശക്തമായ വിശ്വാസമുണ്ടായിരുന്നു.
15-17. ബൈബിളിന്റെ വ്യക്തിപരമായ പഠനം നാസികളുടെ ഉപദ്രവകാലത്ത് നമ്മുടെ സഹോദരങ്ങളെ ബലപ്പെടുത്തിയത് എങ്ങനെ?
15 ജർമനിയിൽ നാസിഭരണകാലത്ത്, ആയിരക്കണക്കിനു സഹോദരങ്ങളെ തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചു. ഹിറ്റ്ലറിനും അദ്ദേഹത്തിന്റെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്ന ഹൈൻറിച്ച് ഹിംലറിനും യഹോവയുടെ സാക്ഷികളോടു വെറുപ്പായിരുന്നു. ഒരു തടങ്കൽപ്പാളയത്തിലെ നമ്മുടെ ഒരു കൂട്ടം സഹോദരിമാരോടു ഹിംലർ ഇങ്ങനെ പറഞ്ഞതായി ഒരു സഹോദരി ഓർക്കുന്നു: “നിങ്ങളുടെ യഹോവ സ്വർഗത്തിൽ ഭരിക്കുന്നുണ്ടാകും, പക്ഷേ ഇവിടെ ഭൂമിയിൽ ഞങ്ങളാണു ഭരിക്കുന്നത്. നിങ്ങളാണോ ഞങ്ങളാണോ ഇവിടെ തുടരാൻപോകുന്നത് എന്നു ഞങ്ങൾ കാണിച്ചുതരാം.” ഈ സാഹചര്യത്തിൽ വിശ്വസ്തരായി നിൽക്കാൻ യഹോവയുടെ ജനത്തെ സഹായിച്ചത് എന്താണ്?
16 ദൈവരാജ്യം 1914-ൽ ഭരണം തുടങ്ങിയെന്ന് ആ ബൈബിൾവിദ്യാർഥികൾക്ക് അറിയാമായിരുന്നു. കഠിനമായ ഉപദ്രവം നേരിടേണ്ടിവന്നതിൽ അവർക്ക് അതിശയമൊന്നും തോന്നിയില്ല. എന്തുതന്നെയായാലും തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽനിന്ന് യഹോവയെ തടയാൻ ഒരു മനുഷ്യഗവൺമെന്റിനും കഴിയില്ലെന്ന് അവർക്ക് അത്ര ബോധ്യമായിരുന്നു. സത്യാരാധനയെ തുടച്ചുനീക്കാനോ ദൈവരാജ്യത്തെക്കാൾ ശക്തമായ ഒരു ഗവൺമെന്റ് സ്ഥാപിക്കാനോ ഹിറ്റ്ലർക്കു കഴിഞ്ഞില്ല. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഹിറ്റ്ലറുടെ ഭരണം അവസാനിക്കുമെന്നു നമ്മുടെ സഹോദരങ്ങൾക്ക് ഉറപ്പായിരുന്നു.
17 നമ്മുടെ സഹോദരങ്ങൾ വിശ്വസിച്ചതുപോലെതന്നെ സംഭവിച്ചു. അധികം വൈകാതെ നാസിഭരണം തകർന്നു. “ഇവിടെ ഭൂമിയിൽ ഞങ്ങളാണു ഭരിക്കുന്നത്” എന്നു പറഞ്ഞ ഹൈൻറിച്ച് ഹിംലർക്കു നാടുവിട്ട് ഓടിപ്പോകേണ്ടിവന്നു. അങ്ങനെ ഓടിപ്പോകുമ്പോൾ അയാൾ ഒരു പഴയ തടവുകാരനായിരുന്ന ല്യൂപ്ക എന്ന സഹോദരനെ കാണാനിടയായി. നിരാശിതനായ ഹിംലർ ല്യൂപ്ക സഹോദരനോട് ഇങ്ങനെ ചോദിച്ചു: “എടോ ബൈബിൾവിദ്യാർഥി, ഇനി എന്താണു സംഭവിക്കാൻപോകുന്നത്?” നാസി ഭരണം അവസാനിക്കുമെന്നും തങ്ങൾക്കു വിടുതൽ ലഭിക്കുമെന്നും യഹോവയുടെ സാക്ഷികൾക്ക് ഉറപ്പുണ്ടായിരുന്നെന്നു സഹോദരൻ ഹിംലറോടു പറഞ്ഞു. സാക്ഷികളെക്കുറിച്ച് എപ്പോഴും മോശമായി സംസാരിച്ചിരുന്ന ഹിംലറിന് ഇപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല. അധികം താമസിയാതെ ഹിംലർ ആത്മഹത്യ ചെയ്തു. നമുക്കുള്ള പാഠം? പ്രവചനങ്ങൾ ഉൾപ്പെടെയുള്ള തിരുവെഴുത്തുകൾ പഠിക്കുന്നത്, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തും, പരിശോധനകളുടെ സമയത്ത് ധൈര്യം പകരുകയും ചെയ്യും.—2 പത്രോ. 1:19-21.
18. ‘ശരിയായ അറിവും തികഞ്ഞ വകതിരിവും’ നമുക്ക് ആവശ്യമായിരിക്കുന്നതിന്റെ കാരണം യോഹന്നാൻ 6:67, 68 വ്യക്തമാക്കുന്നത് എങ്ങനെ?
18 നമ്മൾ ഓരോരുത്തരും ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളമായ സ്നേഹം കാണിക്കണം. അതേസമയം, നമുക്കു ‘ശരിയായ അറിവും തികഞ്ഞ വകതിരിവും’ വേണം. (ഫിലി. 1:9) അല്ലെങ്കിൽ വിശ്വാസത്യാഗികൾ ഉൾപ്പെടെയുള്ള ‘മനുഷ്യരുടെ കൗശലത്താലും ഉപദേശങ്ങളുടെ ഓരോ കാറ്റിനാലും’ നമ്മൾ സ്വാധീനിക്കപ്പെട്ടുപോയേക്കാം. (എഫെ. 4:14) ഒന്നാം നൂറ്റാണ്ടിൽ പല ശിഷ്യന്മാരും യേശുവിനെ അനുഗമിക്കുന്നതു നിറുത്തിയപ്പോൾ “നിത്യജീവന്റെ വചനങ്ങൾ” യേശുവിന്റെ പക്കലാണെന്ന തന്റെ ഉറച്ച ബോധ്യം അപ്പോസ്തലനായ പത്രോസ് പ്രകടമാക്കി. (യോഹന്നാൻ 6:67, 68 വായിക്കുക.) ആ സമയത്ത് പത്രോസിനു യേശുവിന്റെ വാക്കുകൾ മുഴുവനായി മനസ്സിലായിരുന്നില്ലെങ്കിൽപ്പോലും പത്രോസ് വിശ്വസ്തനായി തുടർന്നു. കാരണം, യേശുതന്നെയാണു ക്രിസ്തു എന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളിലുള്ള ബോധ്യം വർധിപ്പിക്കാൻ നിങ്ങൾക്കും കഴിയും. അങ്ങനെ ചെയ്യുന്നെങ്കിൽ എന്തുതന്നെ സംഭവിച്ചാലും ഇളകാത്ത വിശ്വാസം നിങ്ങൾക്കുണ്ടാകും. ശക്തമായ വിശ്വാസം വളർത്താൻ മറ്റുള്ളവരെ സഹായിക്കാനും നിങ്ങൾക്കു കഴിയും.—2 യോഹ. 1, 2.
ഗീതം 72 ദൈവരാജ്യസത്യം അറിയിക്കുന്നു
a ബൈബിൾ പഠിപ്പിക്കുന്ന സത്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കും. നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന നമ്മുടെ ബോധ്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും നമ്മൾ ചർച്ച ചെയ്യും.
b അടിസ്ഥാന ബൈബിൾസത്യങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സഹായിക്കുന്നതിന്, 2010 മുതൽ 2015 വരെ വീക്ഷാഗോപുരം മാസികയിൽ വന്ന “ഒരു അയൽക്കാരനുമൊത്തുള്ള സംഭാഷണം” എന്ന പരമ്പര കാണുക. അതിലെ ചില ലേഖനങ്ങളാണ്, “യേശു ദൈവമാണോ?” (ഇംഗ്ലീഷ്), “ദൈവരാജ്യം ഭരണം ആരംഭിച്ചത് എപ്പോൾ?,” “ദൈവം ആളുകളെ തീനരകത്തിലിട്ട് ശിക്ഷിക്കുമോ?” (ഇംഗ്ലീഷ്) എന്നീ ലേഖനങ്ങൾ.
c ഈ പ്രവചനങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് വീക്ഷാഗോപുരത്തിന്റെ 2012 ജൂൺ 15, 2020 മെയ് ലക്കങ്ങൾ കാണുക.
d ചിത്രക്കുറിപ്പ്: മാതാപിതാക്കൾ മക്കളുമൊത്ത് കുടുംബാരാധനയുടെ സമയത്ത് മഹാകഷ്ടതയെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ പഠിക്കുന്നു.
e ചിത്രക്കുറിപ്പ്: അതേ കുടുംബം മഹാകഷ്ടതയുടെ സമയത്ത് നടക്കുന്ന സംഭവങ്ങൾ കണ്ട് അമ്പരന്നുപോകുന്നില്ല.