പഠനലേഖനം 40
ഈ ‘അവസാനനാളുകളുടെ’ അവസാനത്തിൽ ഉത്സാഹത്തോടെ
“ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക. . . . കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കുക.”—1 കൊരി. 15:58.
ഗീതം 58 സമാധാനം പ്രിയപ്പെടുന്നവരെ അന്വേഷിക്കുക
പൂർവാവലോകനംa
1. നമ്മൾ “അവസാനനാളുകളിൽ” ആണു ജീവിക്കുന്നതെന്ന് ഉറപ്പോടെ പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
നിങ്ങൾ 1914-നു ശേഷം ജനിച്ച ഒരാളാണോ? എങ്കിൽ നിങ്ങൾ ജീവിച്ചതു മുഴുവനും ഈ വ്യവസ്ഥിതിയുടെ ‘അവസാനകാലത്താണ്.’ (2 തിമൊ. 3:1) ഈ കാലത്ത് നടക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ എല്ലാവരും കേൾക്കുന്നുണ്ട്. അതിൽ യുദ്ധം, ഭക്ഷ്യക്ഷാമം, ഭൂകമ്പം, പകർച്ചവ്യാധി, വർധിച്ചുവരുന്ന നിയമലംഘനം, യഹോവയുടെ ജനത്തിനെതിരെയുള്ള ഉപദ്രവം തുടങ്ങിയവ ഉൾപ്പെടുന്നു. (മത്താ. 24:3, 7-9, 12; ലൂക്കോ. 21:10-12) കൂടാതെ, പൗലോസ് അപ്പോസ്തലൻ മുൻകൂട്ടിപ്പറഞ്ഞ സ്വഭാവവിശേഷങ്ങളുള്ള ആളുകളെയും നമ്മൾ കാണുന്നുണ്ട്. (“ആളുകൾ ഇന്ന് പെരുമാറുന്ന വിധം” എന്ന ചതുരം കാണുക.) നമ്മൾ ജീവിക്കുന്നതു ശരിക്കും “അവസാനനാളുകളിൽ” ആണെന്ന് യഹോവയുടെ ആരാധകരായ നമുക്ക് ഉറച്ച ബോധ്യമുണ്ട്.—മീഖ 4:1.
2. ഏതെല്ലാം ചോദ്യങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തണം?
2 നമ്മൾ ഇപ്പോൾ തീർച്ചയായും ‘അവസാനനാളുകളുടെ’ അവസാനത്തിലാണ്. കാരണം 1914-നു ശേഷം ഒരുപാടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഈ വ്യവസ്ഥിതിയുടെ അവസാനത്തോടു നമ്മൾ ഇത്ര അടുത്തിരിക്കുന്നതുകൊണ്ട് ചില പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തണം: (1) ‘അവസാനനാളുകളുടെ’ ഒടുവിൽ ഏതെല്ലാം സംഭവങ്ങൾ നടക്കും? (2) ആ സംഭവങ്ങൾക്കായി കാത്തിരിക്കുന്ന ഈ സമയത്ത് നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നത്?
‘അവസാനനാളുകളുടെ’ ഒടുവിൽ ഏതെല്ലാം സംഭവങ്ങൾ നടക്കും?
3. ലോകനേതാക്കൾ നടത്തുന്ന ഏതു പ്രഖ്യാപനത്തെക്കുറിച്ചാണ് 1 തെസ്സലോനിക്യർ 5:1-3 മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്?
3 1 തെസ്സലോനിക്യർ 5:1-3 വായിക്കുക. പൗലോസ് ഇവിടെ പറഞ്ഞ “യഹോവയുടെ ദിവസം” എന്താണ് അർഥമാക്കുന്നത്? വ്യാജമതങ്ങളുടെ ലോകസാമ്രാജ്യമായ ‘ബാബിലോൺ എന്ന മഹതിയുടെ’ മേലുള്ള ആക്രമണത്തോടെ തുടങ്ങി, അർമഗെദോനിൽ അവസാനിക്കുന്ന ഒരു കാലഘട്ടമാണ് ഈ തിരുവെഴുത്തിൽ പറയുന്ന ‘യഹോവയുടെ ദിവസം.’ (വെളി. 16:14, 16; 17:5) ആ “ദിവസം” തുടങ്ങുന്നതിനു തൊട്ടുമുമ്പ് “സമാധാനം! സുരക്ഷിതത്വം!” എന്ന് രാഷ്ട്രങ്ങൾ പ്രഖ്യാപിക്കും. (“സമാധാനമെന്നും നിർഭയമെന്നും” ചില പരിഭാഷകളിൽ കാണുന്നു.) രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറയുമ്പോൾ ചിലപ്പോഴൊക്കെ ലോകനേതാക്കൾ ഇങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട്.b എന്നാൽ അതല്ല ബൈബിളിൽ പറഞ്ഞിരിക്കുന്ന “സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനം. എന്തുകൊണ്ട്? കാരണം ഈ പ്രഖ്യാപനം കേൾക്കുമ്പോൾ ലോകം കൂടുതൽ സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ ഒരിടം ആക്കുന്നതിൽ ലോകനേതാക്കൾ വിജയിച്ചെന്നു പലരും ചിന്തിക്കും. പക്ഷേ വാസ്തവത്തിൽ ‘പെട്ടെന്നുള്ള നാശമായിരിക്കും’ പിന്നെ സംഭവിക്കുക.—മത്താ. 24:21.
4. (എ) “സമാധാനം, സുരക്ഷിതത്വം” പ്രഖ്യാപനത്തെക്കുറിച്ച് നമ്മൾ ഇനിയും എന്തെല്ലാമാണ് അറിയാനുള്ളത്? (ബി) അതിനെക്കുറിച്ച് ഇപ്പോൾ എന്തൊക്കെ അറിയാം?
4 “സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനത്തെക്കുറിച്ച് നമുക്കു ചില കാര്യങ്ങൾ അറിയാം. എന്നാൽ നമുക്ക് അറിയില്ലാത്ത ചില കാര്യങ്ങളുമുണ്ട്. ഈ പ്രഖ്യാപനത്തിലേക്കു നയിക്കുന്ന സംഭവങ്ങൾ ഏതെല്ലാമാണ്, പ്രഖ്യാപനം എങ്ങനെയാണു നടത്തുന്നത്? നമുക്ക് അറിയില്ല. ഒരു പ്രഖ്യാപനം മാത്രമായിരിക്കുമോ അതോ പ്രഖ്യാപനങ്ങളുടെ ഒരു പരമ്പരയാണോ അതിൽ ഉൾപ്പെടുന്നത്? അതും നമുക്ക് അറിയില്ല. എന്തൊക്കെ സംഭവിച്ചാലും ഒരു കാര്യം അറിയാം: ലോകനേതാക്കൾക്ക് ഒരിക്കലും ലോകസമാധാനം കൊണ്ടുവരാൻ കഴിയില്ല. അതുകൊണ്ട് അവരുടെ പ്രഖ്യാപനം നമ്മളെ വിഡ്ഢികളാക്കരുത്. ഓർക്കുക: ബൈബിൾ നമ്മളോടു നോക്കിയിരിക്കാൻ പറഞ്ഞിരിക്കുന്ന പ്രഖ്യാപനമാണ് അത്. കാരണം “യഹോവയുടെ ദിവസം” തുടങ്ങാൻ പോകുന്നതിന്റെ അടയാളമാണ് അത്!
5. യഹോവയുടെ ദിവസത്തിനുവേണ്ടി ഒരുങ്ങിയിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നാണ് 1 തെസ്സലോനിക്യർ 5:4-6 പറയുന്നത്?
5 1 തെസ്സലോനിക്യർ 5:4-6 വായിക്കുക. ‘യഹോവയുടെ ദിവസത്തിനുവേണ്ടി’ തയ്യാറെടുക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണമെന്നു പൗലോസിന്റെ വാക്കുകളിൽ കാണാം. നമ്മൾ ‘മറ്റുള്ളവരെപ്പോലെ ഉറങ്ങിപ്പോകരുത്.’ പകരം, നമ്മൾ ജാഗ്രതയോടെ ‘ഉണർന്നിരിക്കണം.’ ഉദാഹരണത്തിന്, ലോകത്തിന്റെ രാഷ്ട്രീയപ്രശ്നങ്ങളിൽ കൂടുതൽക്കൂടുതൽ താത്പര്യം കാണിച്ചുകൊണ്ട് നമ്മുടെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ച ചെയ്യരുത്. കാരണം അറിയാതെ നമ്മൾ ‘ലോകത്തിന്റെ ഭാഗമായിപ്പോകാൻ’ അത് ഇടയാക്കും. (യോഹ. 15:19) ദൈവരാജ്യത്തിനു മാത്രമേ ലോകസമാധാനം കൊണ്ടുവരാൻ കഴിയൂ എന്നു നമുക്ക് അറിയാം.
6. മറ്റുള്ളവരെ എന്തു ചെയ്യാൻ സഹായിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്, എന്തുകൊണ്ട്?
6 ഉണർന്നിരിക്കുന്നതോടൊപ്പം മറ്റുള്ളവരെ സഹായിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. ലോകത്ത് നടക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അവരും പഠിക്കണമെന്നാണു നമ്മുടെ ആഗ്രഹം. ഓർക്കുക: മഹാകഷ്ടത തുടങ്ങുന്നതോടെ ആളുകൾക്ക് യഹോവയിലേക്കു തിരിയാനുള്ള സമയം തീർന്നിരിക്കും. അതുകൊണ്ടാണ് പ്രസംഗപ്രവർത്തനം ഇന്ന് ഇത്ര അടിയന്തിരമായിരിക്കുന്നത്!c
പ്രസംഗപ്രവർത്തനത്തിൽ തിരക്കോടെ
7. ഇപ്പോൾ നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
7 “യഹോവയുടെ ദിവസം” തുടങ്ങുന്നതിനു മുമ്പുള്ള ഈ ചുരുങ്ങിയ സമയത്ത് നമ്മൾ പ്രസംഗപ്രവർത്തനത്തിൽ തിരക്കോടെ ഏർപ്പെടാൻ യഹോവ ആഗ്രഹിക്കുന്നു. ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരാണെന്ന്’ നമ്മൾ ഉറപ്പുവരുത്തണം. (1 കൊരി. 15:58) ഇക്കാര്യം യേശു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. അവസാനനാളുകളിൽ സംഭവിക്കാൻപോകുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “മാത്രമല്ല ആദ്യം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സകല ജനതകളോടും പ്രസംഗിക്കേണ്ടതാണ്.” (മർക്കോ. 13:4, 8, 10; മത്താ. 24:14) ഒന്ന് ആലോചിച്ച് നോക്കൂ: ഓരോ തവണ ശുശ്രൂഷയ്ക്കു പോകുമ്പോഴും നിങ്ങൾ ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയിൽ പങ്കെടുക്കുകയാണ്.
8. നമ്മുടെ പ്രസംഗപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ?
8 പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് നമുക്ക് എന്തു പറയാം? ഓരോ വർഷം കഴിയുംതോറും പ്രവർത്തനം ഊർജിതമാകുകയാണ്. ഉദാഹരണത്തിന്, ഈ അവസാനകാലത്ത് ലോകവ്യാപകമായി രാജ്യഘോഷകരുടെ എണ്ണത്തിലുണ്ടായ വർധന നോക്കുക. 1914-ൽ 43 ദേശങ്ങളിലായി 5,155 പ്രചാരകരാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് 240 ദേശങ്ങളിലായി ഏതാണ്ട് 85 ലക്ഷം പ്രചാരകരുണ്ട്! നമ്മുടെ പ്രവർത്തനം അവസാനിപ്പിക്കാം എന്നല്ല ഇതിന് അർഥം. മനുഷ്യവർഗത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേ ഒരു പരിഹാരമായി നമ്മൾ ദൈവത്തിന്റെ രാജ്യം ഘോഷിച്ചുകൊണ്ടിരിക്കണം.—സങ്കീ. 145:11-13.
9. നമ്മൾ രാജ്യസന്ദേശം പ്രസംഗിക്കുന്നതു തുടരേണ്ടത് എന്തുകൊണ്ട്?
9 യഹോവ മതി എന്നു പറയുന്നതുവരെ നമ്മൾ പ്രസംഗപ്രവർത്തനം തുടരും. യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ച് അറിയാൻ ആളുകൾക്ക് ഇനി എത്ര സമയമാണു ബാക്കിയുള്ളത്? (യോഹ. 17:3) നമുക്കു പറയാൻ കഴിയില്ല. പക്ഷേ നമുക്ക് അറിയാവുന്നത്, മഹാകഷ്ടത തുടങ്ങുന്നതുവരെ ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ള’ ആർക്കും സന്തോഷവാർത്തയോടു പ്രതികരിക്കാൻ കഴിയും എന്നാണ്. (പ്രവൃ. 13:48) വൈകിപ്പോകുന്നതിനു മുമ്പ് ഈ ആളുകളെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
10. ആളുകളെ സത്യം പഠിപ്പിക്കാൻ യഹോവ നമുക്ക് എന്തെല്ലാം സഹായമാണു തരുന്നത്?
10 ആളുകളെ സത്യം പഠിപ്പിക്കാൻ വേണ്ടതെല്ലാം യഹോവ സംഘടനയിലൂടെ നമുക്കു തരുന്നുണ്ട്. ഉദാഹരണത്തിന്, ഇടദിവസത്തെ സഭായോഗത്തിൽനിന്ന് ഓരോ ആഴ്ചയും നമുക്കു പരിശീലനം ലഭിക്കുന്നു. ആദ്യസന്ദർശനങ്ങളിലും മടക്കസന്ദർശനങ്ങളിലും എന്തു പറയണം, ബൈബിൾപഠനങ്ങൾ എങ്ങനെ നടത്തണം എന്നെല്ലാം ആ യോഗങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. കൂടാതെ, യഹോവയുടെ സംഘടന പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ നമുക്കു തന്നിട്ടുണ്ട്. ആ പ്രസിദ്ധീകരണങ്ങൾ
സംഭാഷണങ്ങൾ തുടങ്ങാനും
താത്പര്യം തോന്നുന്ന വിധത്തിൽ സന്ദേശം അറിയിക്കാനും
കൂടുതൽ പഠിക്കാൻ ആളുകളെ പ്രചോദിപ്പിക്കാനും
ബൈബിൾപഠനത്തിലൂടെ സത്യം പഠിപ്പിക്കാനും
താത്പര്യക്കാരെ നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കാനും രാജ്യഹാളിലേക്കു ക്ഷണിക്കാനും
സഹായിക്കും. ഈ ഉപകരണങ്ങൾ കൈയിലുണ്ടായിരുന്നാൽ മാത്രം പോരാ. അവ നമ്മൾ ഉപയോഗിക്കണം.d ഉദാഹരണത്തിന്, നമ്മൾ താത്പര്യമുള്ള ഒരു വ്യക്തിയുമായി നന്നായി സംസാരിച്ചതിനു ശേഷം ഒരു ലഘുലേഖയോ മാസികയോ കൊടുത്താൽ, നിങ്ങൾ അദ്ദേഹത്തെ വീണ്ടും കാണുന്നതുവരെ അദ്ദേഹത്തിന് അതു വായിക്കാൻ കഴിയും. രാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കുന്ന പ്രവർത്തനത്തിൽ ഓരോ മാസവും തിരക്കോടെ ഏർപ്പെടാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമുണ്ട്.
11. ഓൺലൈൻ ബൈബിൾ പാഠങ്ങൾ തുടങ്ങിയത് എന്തുകൊണ്ടാണ്?
11 ആളുകളെ സത്യം പഠിപ്പിക്കാൻ യഹോവ സഹായിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണു jw.org -ലെ ഓൺലൈൻ ബൈബിൾ പാഠങ്ങൾ.e എന്തുകൊണ്ടാണ് ഓൺലൈൻ ബൈബിൾ പാഠങ്ങൾ തുടങ്ങിയത്? ഓരോ മാസവും ആയിരക്കണക്കിന് ആളുകളാണു ബൈബിൾ പഠിക്കാൻ ഇന്റർനെറ്റിൽ പരതുന്നത്. നമ്മുടെ വെബ്സൈറ്റിലെ ബൈബിൾ പാഠങ്ങൾ ദൈവവചനത്തിലെ സത്യങ്ങൾ പഠിച്ചുതുടങ്ങാൻ ഈ ആളുകളെ സഹായിക്കും. ഇനി, നമ്മൾ സംസാരിക്കുന്ന ചില ആളുകളോട്, നമ്മൾ അവരുമായി നേരിട്ട് ബൈബിൾചർച്ചകൾ നടത്താം എന്നു പറഞ്ഞാൽ അതു സ്വീകരിക്കാൻ മടി കാണിച്ചേക്കാം. അങ്ങനെയുള്ളവർക്കു നമ്മുടെ വെബ്സൈറ്റിലെ ഈ സവിശേഷത കാണിച്ചുകൊടുക്കാം. അല്ലെങ്കിൽ ഈ ബൈബിൾ പാഠങ്ങളുടെ ഒരു ലിങ്ക് അയച്ചുകൊടുക്കാം. സാധിക്കുമെങ്കിൽ, വീട്ടുകാർക്കു മനസ്സിലാകുന്ന ഭാഷയിലുള്ള പാഠങ്ങളെക്കുറിച്ച് അവരോടു പറയാം.
12. ഓൺലൈൻ ബൈബിൾ പാഠങ്ങളിൽ ഒരു വ്യക്തിക്ക് എന്തൊക്കെ പഠിക്കാൻ കഴിയും?
12 നമ്മുടെ ബൈബിൾ പാഠങ്ങളുടെ വിഷയങ്ങൾ ഇവയാണ്: “ബൈബിളും അതിന്റെ രചയിതാവും,” “ബൈബിളിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ,” “ബൈബിൾ നൽകുന്ന പ്രത്യാശയുടെ സന്ദേശം.” ഈ വിഷയങ്ങളുടെ കീഴിൽ പിൻവരുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു:
ഒരു വ്യക്തിയെ ബൈബിൾ എങ്ങനെ സഹായിക്കും?
യഹോവയും യേശുവും ദൂതന്മാരും ആരാണ്?
ദൈവം എന്തിനാണു മനുഷ്യരെ സൃഷ്ടിച്ചത്?
കഷ്ടപ്പാടും തിന്മയും ഉള്ളത് എന്തുകൊണ്ട്?
കൂടാതെ,
കഷ്ടപ്പാടും മരണവും ഇല്ലാതാക്കാൻ
മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാൻ
മനുഷ്യ ഗവൺമെന്റുകളുടെ സ്ഥാനത്ത് ദൈവരാജ്യം കൊണ്ടുവരാൻ
യഹോവ എന്തു ചെയ്യുമെന്നും ഈ പാഠങ്ങൾ ചർച്ച ചെയ്യുന്നു.
13. ഓൺലൈൻ ബൈബിൾ പാഠങ്ങൾ ബൈബിൾപഠന പരിപാടിക്കു പകരമാണോ? വിശദീകരിക്കുക.
13 വീടുതോറുമുള്ള ബൈബിൾപഠന പരിപാടിക്കു പകരമല്ല ഈ ഓൺലൈൻ ബൈബിൾ പാഠങ്ങൾ. ശിഷ്യരാക്കാനുള്ള നിയമനം യേശു നമുക്കു തന്നിട്ടുണ്ട്. താത്പര്യമുള്ള ആളുകൾ ഓൺലൈൻ പാഠങ്ങൾ നോക്കുമെന്നും പഠിക്കുന്ന കാര്യങ്ങൾ അവർക്ക് ഇഷ്ടമാകുമെന്നും അപ്പോൾ കൂടുതൽ പഠിക്കാൻ അവർക്ക് ആഗ്രഹം തോന്നുമെന്നും ആണു നമ്മൾ പ്രതീക്ഷിക്കുന്നത്. അങ്ങനെയാകുമ്പോൾ അവർ ഒരു ബൈബിൾപഠനം ആവശ്യപ്പെട്ടേക്കാം. വെബ്സൈറ്റിലെ ഓരോ ബൈബിൾ പാഠത്തിന്റെയും അവസാനം, ആരെങ്കിലും നേരിട്ട് വന്ന് ബൈബിൾ പഠിപ്പിക്കാൻ ആവശ്യപ്പെടുന്നതിനുള്ള ഓപ്ഷനുണ്ട്. നമ്മുടെ വെബ്സൈറ്റിലൂടെ ഓരോ ദിവസവും ശരാശരി 230 ബൈബിൾപഠനങ്ങളുടെ അപേക്ഷകളാണു ലോകമെമ്പാടും ലഭിക്കുന്നത്. നേരിട്ട് പോയി ആളുകളെ ബൈബിൾ പഠിപ്പിക്കേണ്ടതു വളരെ പ്രധാനമാണ്.
ആളുകളെ ശിഷ്യരാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക
14. മത്തായി 28:19, 20-ലെ യേശുവിന്റെ നിർദേശങ്ങൾക്കു ചേർച്ചയിൽ എന്തു ചെയ്യാൻ നമ്മൾ കഠിനശ്രമം ചെയ്യണം, എന്തുകൊണ്ട്?
14 മത്തായി 28:19, 20 വായിക്കുക. ബൈബിൾപഠനങ്ങൾ നടത്തുമ്പോൾ ‘ആളുകളെ ശിഷ്യരാക്കാനും (യേശു) കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കാനും’ നമ്മൾ കഠിനശ്രമം ചെയ്യണം. യഹോവയ്ക്കും ദൈവരാജ്യത്തിനും വേണ്ടി ഒരു നിലപാടു സ്വീകരിക്കുന്നത് എത്ര പ്രധാനമാണെന്നു മനസ്സിലാക്കാൻ നമ്മൾ ആളുകളെ സഹായിക്കണം. അതിനുവേണ്ടി, പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കിക്കൊണ്ട് സത്യം സ്വന്തമാക്കാനും യഹോവയ്ക്കു ജീവിതം സമർപ്പിക്കാനും സ്നാനപ്പെടാനും നമ്മൾ അവരെ പ്രചോദിപ്പിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ അവർക്ക് യഹോവയുടെ ദിവസത്തെ അതിജീവിക്കാനാകൂ.—1 പത്രോ. 3:21.
15. നമുക്ക് എന്തിനു സമയമില്ല, എന്തുകൊണ്ട്?
15 നേരത്തേ പറഞ്ഞതുപോലെ, ഈ വ്യവസ്ഥിതിയുടെ അവസാനത്തിന് ഇനി അധികം സമയമില്ല. അതുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യരാകാൻ വലിയ താത്പര്യമൊന്നുമില്ലാത്ത ആളുകളെ പിന്നെയുംപിന്നെയും ബൈബിൾ പഠിപ്പിച്ചുകൊണ്ട് സമയം പാഴാക്കാൻ നമുക്കു കഴിയില്ല. (1 കൊരി. 9:26) വളരെ പെട്ടെന്നു ചെയ്യേണ്ട ഒരു പ്രവർത്തനമാണു നമ്മുടേത്! സമയം തീരുന്നതിനു മുമ്പ് രാജ്യസന്ദേശം കേൾക്കേണ്ട ധാരാളം ആളുകൾ ഇനിയുമുണ്ട്.
എല്ലാ വ്യാജമതങ്ങളിൽനിന്നും പൂർണമായി അകന്ന് നിൽക്കുക
16. വെളിപാട് 18:2, 4, 5, 8 അനുസരിച്ച്, നമ്മൾ എല്ലാവരും എന്തു ചെയ്യണം? (അടിക്കുറിപ്പും കാണുക.)
16 വെളിപാട് 18:2, 4, 5, 8 വായിക്കുക. യഹോവ തന്റെ ആരാധകരിൽനിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം ഈ വാക്യങ്ങളിൽ കാണാം. എല്ലാ ക്രിസ്ത്യാനികളും ബാബിലോൺ എന്ന മഹതിയിൽനിന്ന് പൂർണമായി വിട്ടുനിൽക്കണം. സത്യം പഠിക്കുന്ന ഒരു ബൈബിൾവിദ്യാർഥി ഏതെങ്കിലും ഒരു വ്യാജമതത്തിലെ അംഗമായിരിക്കാം. ആ മതത്തിന്റെ ചടങ്ങുകളിലും പ്രവർത്തനങ്ങളിലും ഒക്കെ ആ വ്യക്തി ഏർപ്പെടുന്നുണ്ടാകാം. അല്ലെങ്കിൽ ആ സംഘടനയ്ക്കു സംഭാവന കൊടുക്കുന്നുണ്ടായിരിക്കും. ഒരു പ്രചാരകനാകാൻ യോഗ്യത നേടുന്നതിന്, ആ വ്യക്തി വ്യാജമതവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം. തന്റെ മുമ്പിലത്തേ മതത്തിലോ ബാബിലോൺ എന്ന മഹതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനയിലോ അംഗത്വമുണ്ടെങ്കിൽ അദ്ദേഹം ഒരു രാജിക്കത്ത് കൊടുത്തുകൊണ്ടോ മറ്റേതെങ്കിലും വിധത്തിലോ അവയുമായുള്ള ബന്ധം വിച്ഛേദിക്കണം.f
17. ഏതു തരം ജോലികൾ ഒരു ക്രിസ്ത്യാനി ഒഴിവാക്കണം, എന്തുകൊണ്ട്?
17 തന്റെ ജോലിക്കു ബാബിലോൺ എന്ന മഹതിയുമായി ഒരു ബന്ധവുമില്ലെന്ന് ഒരു ക്രിസ്ത്യാനി ഉറപ്പാക്കണം. (2 കൊരി. 6:14-17) ഉദാഹരണത്തിന്, അദ്ദേഹം ഏതെങ്കിലും ഒരു മതസംഘടനയുടെ ജോലിക്കാരൻ ആയിരിക്കില്ല. ഇനി, ഒരു പ്ലംബറോ ഇലക്ട്രീഷ്യനോ പോലെ മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുമ്പോഴും വ്യാജാരാധനയ്ക്കുവേണ്ടിയുള്ള ഏതെങ്കിലും കെട്ടിടത്തിൽ വളരെയധികം ജോലി ചെയ്യാനും ഒരു ക്രിസ്ത്യാനി ആഗ്രഹിക്കില്ല. ഇനി സ്വന്തമായി ജോലി ചെയ്യുന്ന ഒരാളാണെങ്കിൽ, ബാബിലോൺ എന്ന മഹതിയുടെ ഏതെങ്കിലും ഭാഗത്തിനുവേണ്ടി അദ്ദേഹം ഒരു ജോലിയും ഏറ്റെടുക്കില്ല. നമ്മൾ എന്തുകൊണ്ടാണ് ഇത്തരം ഒരു ഉറച്ച നിലപാടു സ്വീകരിക്കുന്നത്? കാരണം, ദൈവത്തിന്റെ കണ്ണിൽ അശുദ്ധമായ മതസംഘടനകളുടെ പാപങ്ങളിലും അവയുടെ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—യശ. 52:11.g
18. ജോലിയോടുള്ള ബന്ധത്തിൽ ഒരു സഹോദരൻ ബൈബിൾതത്ത്വങ്ങളോടു പറ്റിനിന്നത് എങ്ങനെ?
18 വർഷങ്ങൾക്കു മുമ്പ്, ഒരു കോൺട്രാക്ടർ ഒരു മൂപ്പനോട്, അദ്ദേഹം താമസിച്ചിരുന്ന പട്ടണത്തിലെ പള്ളിയിൽ മരപ്പണി ചെയ്യാമോ എന്നു ചോദിച്ചു. പള്ളികളിൽ ജോലി ചെയ്യില്ലെന്നു മുമ്പ് പലപ്പോഴും സഹോദരൻ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇത്തവണ കോൺട്രാക്ടർക്കു മറ്റാരെയും ജോലിക്കു കിട്ടിയില്ല. എങ്കിലും മൂപ്പൻ ബൈബിൾതത്ത്വങ്ങളോടു പറ്റിനിൽക്കുകയും ജോലി നിരസിക്കുകയും ചെയ്തു. പിറ്റേ ആഴ്ചയിലെ ദിനപ്പത്രത്തിൽ, മറ്റൊരു മരപ്പണിക്കാരൻ പള്ളിയിൽ കുരിശ് ഉറപ്പിക്കുന്ന ഒരു ഫോട്ടോ വന്നു. നമ്മുടെ സഹോദരൻ തന്റെ നിലപാടിൽ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ, ആ സ്ഥാനത്ത് സഹോദരന്റെ ഫോട്ടോ പത്രത്തിൽ വന്നേനേ. ഒന്നു ചിന്തിക്കുക: അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സഹോദരങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സത്പേരു നഷ്ടപ്പെടില്ലായിരുന്നോ? അതിൽ ഉപരി, യഹോവയ്ക്ക് എന്തു തോന്നുമായിരുന്നു എന്നും ചിന്തിക്കുക.
നമ്മൾ എന്തു പഠിച്ചു?
19-20. (എ) നമ്മൾ ഇതുവരെ എന്തു പഠിച്ചു? (ബി) നമ്മൾ കൂടുതലായി എന്തെല്ലാം അറിയാനുണ്ട്?
19 ബൈബിൾ പ്രവചനമനുസരിച്ച്, ലോകമാകുന്ന വേദിയിൽ അടുത്തതായി അരങ്ങേറാൻ പോകുന്ന പ്രധാനപ്പെട്ട രംഗം “സമാധാനം, സുരക്ഷിതത്വം” എന്ന രാഷ്ട്രങ്ങളുടെ പ്രഖ്യാപനമാണ്. യഹോവ നമ്മളെ പഠിപ്പിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് അറിയാം, രാഷ്ട്രങ്ങൾക്ക് ഒരിക്കലും ശാശ്വതസമാധാനം കൊണ്ടുവരാൻ കഴിയില്ല എന്ന്. ആ പ്രഖ്യാപനത്തിനു ശേഷം പെട്ടെന്നുള്ള നാശം വരും. അതുവരെ നമ്മൾ എന്തു ചെയ്യണം? നമ്മൾ ഉത്സാഹത്തോടെ രാജ്യസന്ദേശം പ്രസംഗിക്കാനും കൂടുതൽ ആളുകളെ ശിഷ്യരാക്കാൻ ശ്രമിക്കാനും യഹോവ പ്രതീക്ഷിക്കുന്നു. അതുപോലെ, എല്ലാ വ്യാജമതങ്ങളിൽനിന്നും നമ്മൾ അകന്ന് നിൽക്കണം. അതിനുവേണ്ടി നമ്മൾ വ്യാജമതത്തിലെ അംഗത്വം പൂർണമായി ഉപേക്ഷിക്കണം, ബാബിലോൺ എന്ന മഹതിയുമായി ബന്ധമുള്ള ജോലികൾ ഒഴിവാക്കുകയും വേണം.
20 “അവസാനനാളുകളുടെ” ഒടുവിൽ നടക്കാൻപോകുന്ന മറ്റു സംഭവങ്ങളുണ്ട്. നമ്മൾ ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്ന മറ്റു കാര്യങ്ങളുമുണ്ട്. എന്തൊക്കെയാണ് അവ? തൊട്ടുമുമ്പിൽ നമ്മളെ കാത്തിരിക്കുന്ന സംഭവങ്ങൾക്കായി എങ്ങനെ ഒരുങ്ങാം? അടുത്ത ലേഖനത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
ഗീതം 71 നമ്മൾ യഹോവയുടെ സൈന്യം!
a ‘സമാധാനവും സുരക്ഷിതത്വവും’ കൈവരിച്ചു എന്ന രാഷ്ട്രങ്ങളുടെ പ്രഖ്യാപനം പെട്ടെന്നുതന്നെ നടക്കുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നു. മഹാകഷ്ടത തുടങ്ങാൻ പോകുന്നതിന്റെ അടയാളമാണ് ആ പ്രഖ്യാപനം. ഇപ്പോൾമുതൽ ആ പ്രഖ്യാപനം നടക്കുന്ന സമയംവരെ നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? ഉത്തരം കണ്ടെത്താൻ ഈ ലേഖനം നമ്മളെ സഹായിക്കും.
b ഉദാഹരണത്തിന്, “അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നു” എന്ന് ഐക്യരാഷ്ട്ര സംഘടന അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നു.
c ഈ ലക്കത്തിലെതന്നെ “ദൈവത്തിന്റെ ന്യായവിധികൾ—ദൈവം എപ്പോഴും മതിയായ മുന്നറിയിപ്പു കൊടുക്കുമോ?” എന്ന ലേഖനം കാണുക.
d ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാൻ 2018 ഒക്ടോബർ ലക്കം വീക്ഷാഗോപുരത്തിലെ “സത്യം പഠിപ്പിക്കുക” എന്ന ലേഖനം കാണുക.
e നിലവിൽ ഇംഗ്ലീഷിലും പോർച്ചുഗീസിലും ഈ പാഠങ്ങൾ ലഭ്യമാണ്. കൂടുതൽ ഭാഷകളിൽ ഇതു തുടങ്ങും.
f വൈഎംസിഎ (ക്രൈസ്തവയുവാക്കളുടെ ഒരു സഖ്യം), വൈഡബ്ല്യൂസിഎ (ക്രൈസ്തവയുവതികളുടെ ഒരു സഖ്യം) പോലെ യുവജനപ്രസ്ഥാനങ്ങളും വിനോദപരിപാടികളും സംഘടിപ്പിക്കുന്ന ഏതെങ്കിലും സംഘടനയ്ക്കു വ്യാജമതവുമായി ബന്ധമുണ്ടെങ്കിൽ നമുക്ക് അതിൽ അംഗങ്ങളാകാൻ കഴിയില്ല. വൈഎംസിഎ, വൈഡബ്ല്യൂസിഎ തുടങ്ങിയവയുടെ പ്രാദേശിക സംഘടനകൾ തങ്ങൾക്കു മതപരമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന രീതിയിലായിരിക്കും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പക്ഷേ ശരിക്കും ഈ സംഘടനകൾ മതപരമായ ആശയങ്ങളും ലക്ഷ്യങ്ങളും ആണു പ്രചരിപ്പിക്കുന്നത്.
g മതസംഘടനകളുമായി ബന്ധപ്പെട്ട ജോലിയെക്കുറിച്ചുള്ള തിരുവെഴുത്തുവീക്ഷണം കുറച്ചുകൂടെ നന്നായി മനസ്സിലാക്കാൻ 1999 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
h ചിത്രക്കുറിപ്പ്: ടിവിയിൽ “സമാധാനം, സുരക്ഷിതത്വം” എന്നൊരു പ്രഖ്യാപനം കേൾക്കുമ്പോൾ ഒരു ഹോട്ടലിൽ വന്നിരിക്കുന്നവർ അതിലേക്കുതന്നെ നോക്കിയിരിക്കുന്നു. വയൽസേവനത്തിനിടെ കാപ്പി കുടിക്കാൻ കയറിയ ഒരു സാക്ഷിദമ്പതികൾ ഈ വാർത്ത കേട്ട് അതിശയിക്കുന്നില്ല.