ദൈവത്താൽ പ്രബോധിപ്പിക്കപ്പെട്ടവരായി നടക്കുവിൻ
“നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം, അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.”—മീഖാ 4:2.
1. മീഖാ പറയുന്നതനുസരിച്ച്, അന്ത്യനാളുകളിൽ ദൈവം തന്റെ ജനത്തിനുവേണ്ടി എന്തു ചെയ്യും?
“അന്ത്യകാലത്തു,” അതായത്, നമ്മുടെ നാളുകളിൽ, അനേകമാളുകൾ ആരാധിക്കാൻവേണ്ടി ദൈവത്തെ സജീവമായി അന്വേഷിക്കുമെന്ന് ദൈവത്തിന്റെ പ്രവാചകനായ മീഖാ മുൻകൂട്ടിപ്പറയുകയുണ്ടായി. “നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം, അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് ഇക്കൂട്ടർ പരസ്പരം പ്രോത്സാഹിപ്പിക്കും.—മീഖാ 4:1, 2.
2, 3. മനുഷ്യർ പണസ്നേഹികളായിത്തീരുമെന്നു പൗലോസ് മുൻകൂട്ടിപ്പറഞ്ഞത് ഇന്ന് എങ്ങനെ നിറവേറിയിരിക്കുന്നു?
2 2 തിമൊഥെയൊസ് 3:1-5-നെക്കുറിച്ചുള്ള നമ്മുടെ പഠനം “അന്ത്യകാലത്തു” ദൈവത്താൽ പ്രബോധിപ്പിക്കപ്പെടുന്നതുകൊണ്ടുള്ള ഫലങ്ങൾ കാണാൻ നമ്മെ സഹായിക്കും. “സ്വസ്നേഹികളാ”കാതിരിക്കാനുള്ള പൗലോസിന്റെ മുന്നറിയിപ്പു കാര്യമായെടുക്കുന്നവർക്കു വന്നുചേരുന്ന പ്രയോജനങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണു മുൻലേഖനം നാം തുടങ്ങിയത്. നമ്മുടെ നാളുകളിൽ “ദ്രവ്യാഗ്രഹികളാ”യ [“പണസ്നേഹികളായ,” NW] മനുഷ്യർ ഉണ്ടായിരിക്കുമെന്നു പൗലോസ് തുടർന്നു പറഞ്ഞു.
3 ആ വാക്കുകൾ നമ്മുടെ നാളുകളെ എത്ര നന്നായി വർണിക്കുന്നു എന്നു മനസ്സിലാക്കാൻ ആർക്കും ആധുനിക ചരിത്രത്തിൽ ഒരു കോളെജ് ബിരുദത്തിന്റെ ആവശ്യമൊന്നുമില്ല. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചിട്ടും തൃപ്തിയടയാത്ത പണമിടപാടുകാരെയും വ്യവസായ പ്രമുഖരെയും സംബന്ധിച്ചു നിങ്ങൾ വായിച്ചിട്ടില്ലേ? ഈ പണസ്നേഹികൾ, നിയമവിരുദ്ധ മാർഗത്തിലൂടെയാണെങ്കിൽപ്പോലും, പിന്നെയും പിന്നെയും ആഗ്രഹിച്ചുകൊണ്ടിരിക്കും. സമ്പന്നരല്ലാത്തവരെ സംബന്ധിച്ചും പൗലോസിന്റെ വാക്കുകൾ ശരിയാണ്. അവരിലും അനേകർ അത്യാഗ്രഹമുള്ളവരും ഒരിക്കലും തൃപ്തിവരാത്തവരുമാണ്. നിങ്ങളുടെ പ്രദേശത്ത് അത്തരക്കാരായ അനേകരെ നിങ്ങൾക്ക് അറിയാമായിരിക്കും.
4-6. പണസ്നേഹികളായിത്തീരുന്നത് ഒഴിവാക്കാൻ ക്രിസ്ത്യാനികളെ ബൈബിൾ സഹായിക്കുന്നതെങ്ങനെ?
4 പൗലോസ് സൂചിപ്പിക്കുന്നതു മനുഷ്യ സ്വഭാവത്തിന്റെ വെറുമൊരു അനുപേക്ഷണീയമായ വശമാണോ? “ദ്രവ്യാഗ്രഹം [“പണസ്നേഹം,” NW] സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്ന സത്യം വളരെനാൾക്കു മുമ്പു പ്രസ്താവിച്ച ബൈബിളിന്റെ ഗ്രന്ഥകർത്താവ് പറയുന്നതനുസരിച്ചാണെങ്കിൽ, അല്ല എന്നതാണ് ഉത്തരം. ശ്രദ്ധിക്കുക, ‘പണമാണ് സകലവിധ ദോഷത്തിനും കാരണ’മെന്നു ദൈവം പറഞ്ഞില്ല. “പണസ്നേഹ”മാണെന്നാണ് അവിടുന്ന് പറഞ്ഞത്.—1 തിമൊഥെയൊസ് 6:10.
5 രസകരമെന്നുപറയട്ടെ, ഒന്നാം നൂററാണ്ടിലെ ചില ഉത്തമരായ ക്രിസ്ത്യാനികൾ, അവർക്ക് അവകാശമായി കിട്ടിയതായാലും സത്യസന്ധമായി വേല ചെയ്തു സമ്പാദിച്ചതായാലും, ഈ വ്യവസ്ഥിതിയിൽ സമ്പന്നരായിരുന്നു എന്ന് വാക്യത്തിന്റെ സാഹചര്യം സ്ഥിരീകരിക്കുന്നു. (1 തിമൊഥെയൊസ് 6:17) അങ്ങനെ, നമ്മുടെ സാമ്പത്തിക സ്ഥിതി എന്തുതന്നെയായാലും, ഒരു പണസ്നേഹിയായിത്തീരുന്നതിന്റെ അപകടത്തെക്കുറിച്ചു ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു എന്നത് ഇതിൽനിന്നു വ്യക്തമായിരിക്കണം. സങ്കടകരവും സർവസാധാരണവുമായ ഈ ദൂഷ്യം ഒഴിവാക്കുന്നതു സംബന്ധിച്ചു ബൈബിൾ എന്തെങ്കിലും കൂടുതലായ പ്രബോധനം നൽകുന്നുണ്ടോ? നിശ്ചയമായും ഉണ്ട്, യേശുവിന്റെ ഗിരിപ്രഭാഷണംപോലുള്ളവയിൽ. അതിന്റെ ജ്ഞാനം ലോകപ്രശസ്തമാണ്. മത്തായി 6:26-33-ൽ യേശു പറയുന്നതു ശ്രദ്ധിക്കുക.
6 ലൂക്കൊസ് 12:15-21-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, യേശു ധനവാനായ ഒരു മനുഷ്യനെക്കുറിച്ചു സംസാരിച്ചു, അയാൾ കൂടുതൽക്കൂടുതൽ സമ്പത്തു സ്വരുക്കൂട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു. പക്ഷേ പെട്ടെന്നായിരുന്നു അയാൾ മരണത്തിന് അടിമപ്പെട്ടത്. എന്തായിരുന്നു യേശു ഉദ്ദേശിച്ചത്? അവിടുന്ന് ഇപ്രകാരം പറഞ്ഞു: “സകല ദ്രവ്യാഗ്രഹവും [“അത്യാഗ്രഹങ്ങളിൽനിന്ന്,” പി.ഒ.സി ബൈബിൾ] സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.” അത്തരം ഉപദേശം നൽകുന്നതോടൊപ്പം ബൈബിൾ അലസതയെ കുററംവിധിക്കുകയും സത്യസന്ധമായ തൊഴിലിന്റെ മൂല്യത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു. (1 തെസ്സലൊനീക്യർ 4:11, 12) ഓ, അത്തരം പ്രബോധനങ്ങൾ നമ്മുടെ നാളുകൾക്കു യോജിച്ചവയല്ലെന്നു ചിലർ തടസ്സം പറഞ്ഞേക്കാം. എന്നാൽ അവ തീർച്ചയായും യോജിച്ചവയാണ്. അവ വിജയപ്രദവുമാണ്.
പ്രബോധനം നേടുന്നു, പ്രയോജനവും
7. ധനത്തെ സംബന്ധിച്ച ബൈബിൾ ബുദ്ധ്യുപദേശം വിജയകരമായി പ്രായോഗികമാക്കാൻ നമുക്കാവുമെന്ന ആത്മവിശ്വാസത്തിന് എന്തു കാരണമാണു നമുക്കുള്ളത്?
7 ധനത്തെ സംബന്ധിച്ചുള്ള ദിവ്യതത്ത്വങ്ങൾ ബാധകമാക്കിയിട്ടുള്ള, എല്ലാത്തരം സാമൂഹിക-സാമ്പത്തിക തലങ്ങളിൽനിന്നുള്ള, സ്ത്രീ-പുരുഷൻമാരുടെ യഥാർഥ ജീവിതാനുഭവങ്ങളുടെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് അനേകം രാഷ്ട്രങ്ങളിൽ കണ്ടെത്താവുന്നതാണ്. പുറത്തുള്ളവർക്കു പോലും കാണാൻ കഴിയുന്നതുപോലെ അവർ തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും പ്രയോജനങ്ങൾ കൈവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പ്രിൻസെററൺ യൂണിവേഴ്സിററിയുടെ പ്രസാധകരിൽനിന്നുള്ള സമകാലിക അമേരിക്കയിലെ മതപരമായ പ്രസ്ഥാനങ്ങൾ [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ ഒരു നരവംശ ശാസ്ത്രജ്ഞൻ ഇങ്ങനെ എഴുതി: “[സാക്ഷികളുടെ] പ്രസിദ്ധീകരണങ്ങളിലും സഭാപ്രസംഗങ്ങളിലും, അവരുടെ അന്തസ്സിനായി പുതിയ കാറുകളിലോ വിലപിടിച്ച വസ്ത്രങ്ങളിലോ ധാരാളിത്ത ജീവിതത്തിലോ അവർ ആശ്രയിക്കുന്നില്ലെന്ന് അവരെ അനുസ്മരിപ്പിക്കുന്നു. അതേസമയം ഒരു സാക്ഷി തന്റെ തൊഴിലുടമക്ക് ഒരു ദിവസത്തിന്റെ ന്യായമായ ജോലി നൽകേണ്ടതും കണിശമായി സത്യസന്ധമായിരിക്കേണ്ടതുമാണ് . . . അത്തരം സവിശേഷതകൾ അധികം വൈദഗ്ധ്യം ഇല്ലാത്ത ഒരു മനുഷ്യനെപ്പോലും ഒരു ഉപയോഗമുള്ള തൊഴിലാളിയാക്കുന്നു, വടക്കൻ ഫിലദൽഫിയയിലെ [യു.എസ്.എ.] ചില സാക്ഷികൾ ഗണ്യമായ തൊഴിൽ ഉത്തരവാദിത്വങ്ങളുള്ള സ്ഥാനമാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നു.” വ്യക്തമായും, നിലവിലുള്ള അവസ്ഥകൾ കൈകാര്യം ചെയ്യുന്നതു കൂടുതൽ വിഷമകരമാക്കുന്ന മനോഭാവങ്ങളെ സംബന്ധിച്ചു തന്റെ വചനത്തിലൂടെ പ്രബോധനം സ്വീകരിച്ചിരിക്കുന്ന ജനത്തെ ദൈവം ജാഗരൂകരാക്കിയിരിക്കുന്നു. ബൈബിൾ പ്രബോധനങ്ങൾക്കു കൂടുതൽ മെച്ചപ്പെട്ടതും സന്തുഷ്ടവുമായ ജീവിതത്തിലേക്കു നയിക്കാനാവുമെന്ന് അവരുടെ അനുഭവങ്ങൾ തെളിയിക്കുന്നു.
8. “വമ്പു പറയുന്നവർ,” “അഹങ്കാരികൾ,” “ദൂഷകൻമാർ” എന്നിവ ബന്ധിപ്പിച്ചുപറയാൻ കഴിയുന്നതെന്തുകൊണ്ട്, ഈ മൂന്നു പദങ്ങളുടെ അർഥമെന്ത്?
8 പൗലോസ് പട്ടികപ്പെടുത്തുന്ന അടുത്ത മൂന്നു സംഗതികൾ നമുക്കു ബന്ധപ്പെടുത്താനാവും—അന്ത്യനാളുകളിൽ മനുഷ്യർ “വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരു”മായിരിക്കും. ഇവ മൂന്നും സമതുല്യമല്ല, എന്നാൽ അവയെല്ലാം അഹങ്കാരവുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തേതു “വമ്പു പറയുന്നവർ [“അഹംഭാവികൾ,” NW].” “‘വസ്തുതകൾ ന്യായീകരിക്കുന്നതിനെക്കാൾ കൂടുതൽ സ്വയം ഭാവിക്കുന്ന’ അഥവാ ‘തനിക്കു നിർവഹിക്കാൻ സാധിക്കുന്നതിൽ കൂടുതൽ വാഗ്ദാനം ചെയ്യുന്ന ഒരുവനെ’”യാണ് ഇവിടുത്തെ അടിസ്ഥാന ഗ്രീക്കു വാക്ക് അർഥമാക്കുന്നതെന്ന് ഒരു നിഘണ്ടു പറയുന്നു. ചില ബൈബിളുകൾ “ആത്മപ്രശംസ നടത്തുന്നവർ” എന്ന പദപ്രയോഗം സ്വീകരിച്ചിരിക്കുന്നതെന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതാണ്. അടുത്തത്, “അഹങ്കാരികൾ,” അക്ഷരാർഥത്തിൽ “ഉന്നതഭാവം പ്രകടിപ്പിക്കുന്ന”വർ ആണ്. അവസാനത്തേതു “ദൂഷകൻമാർ.” “ദൂഷകൻമാരെ”ന്നതു ദൈവത്തെക്കുറിച്ച് അനാദരവോടെ സംസാരിക്കുന്നവർ മാത്രമാണെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ മനുഷ്യർക്കെതിരെയുള്ള ദോഷകരമോ അപകീർത്തിപരമോ ദുഷിക്കുന്നതോ ആയ സംസാരവും അടിസ്ഥാന വാക്കിൽ ഉൾപ്പെടുന്നു. അതുകൊണ്ടു ദൈവത്തിന്റെയോ മനുഷ്യരുടെയോ നേർക്കു തിരിച്ചുവിടുന്ന ദൂഷണത്തെയാണു പൗലോസ് പരാമർശിക്കുന്നത്.
9. ഇന്നു കാണുന്ന ദോഷകരമായ മനോഭാവങ്ങൾക്കു വിപരീതമായി, മറേറതു മനോഭാവങ്ങൾ വികസിപ്പിച്ചെടുക്കാനാണു ബൈബിൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്?
9 പൗലോസിന്റെ വർണനയോടു യോജിക്കുന്നതരം ജനങ്ങൾ, അവർ സഹജോലിക്കാരോ സഹപാഠികളോ ബന്ധുക്കളോ ആയിക്കൊള്ളട്ടെ, നിങ്ങൾക്കു ചുററുമായിരിക്കുമ്പോൾ നിങ്ങൾക്കെന്തു തോന്നും? അതു നിങ്ങളുടെ ജീവിതത്തെ ആയാസരഹിതമാക്കുന്നുണ്ടോ? അതോ അത്തരം ജനങ്ങൾ, നമ്മുടെ കാലഘട്ടത്തെ നേരിടുന്നതു നിങ്ങൾക്കു കൂടുതൽ കഠിനമാക്കിക്കൊണ്ട്, നിങ്ങളുടെ ജീവിതത്തെ സങ്കീർണമാക്കുകയാണോ ചെയ്യുന്നത്? 1 കൊരിന്ത്യർ 4:7; കൊലൊസ്സ്യർ 3:12, 13; എഫെസ്യർ 4:29 എന്നിവിടങ്ങളിൽ കാണപ്പെടുന്നതുപോലുള്ള പ്രബോധനങ്ങൾ നൽകിക്കൊണ്ട് ഈ മനോഭാവങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.
10. ബൈബിൾ പ്രബോധനങ്ങൾ സ്വീകരിച്ചതിൽനിന്നു യഹോവയുടെ ജനത്തിനു പ്രയോജനം ലഭിക്കുന്നുണ്ടെന്ന് എന്തു സൂചിപ്പിക്കുന്നു?
10 ക്രിസ്ത്യാനികൾ അപൂർണരാണെങ്കിലും ഈ ദുർഘടനാളുകളിൽ ഈ ഉത്കൃഷ്ട പ്രബോധനങ്ങളുടെ ബാധകമാക്കൽ അവരെ വളരെയധികം സഹായിക്കുന്നു. യഹോവയുടെ സാക്ഷികൾ പെരുകിക്കൊണ്ടിരിക്കുന്നതിന്റെ ഒരു കാരണം “ആ പ്രസ്ഥാനം അതിന്റെ അംഗങ്ങൾക്കു വ്യക്തവും ശക്തവുമായ വ്യക്തിത്വം നൽകുന്നു” എന്നതാണെന്ന് ഇററലിയിലെ ഒരു ആനുകാലിക പ്രസിദ്ധീകരണമായ ലാ സിവിൽററാ കത്തോലിക്കാ പറഞ്ഞു. എന്നാൽ ‘ശക്തമായ വ്യക്തിത്വം’ എന്നു പറഞ്ഞപ്പോൾ എഴുത്തുകാരൻ എന്താണ് അർഥമാക്കിയത്, “വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും” എന്നാണോ? നേരെമറിച്ച്, ഈശോസഭക്കാരുടെ പ്രസ്തുത പത്രിക ഇപ്രകാരം തുടർന്നു പറയുന്നു: “അതിന്റെ അംഗങ്ങൾക്കു വ്യക്തവും ശക്തവുമായ ഒരു വ്യക്തിത്വം നൽകുകയും, സ്നേഹത്തോടെയും സാഹോദര്യബോധത്തോടെയും ഐക്യത്തോടെയും അവരെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന, അവർക്കുവേണ്ടിയുള്ള ഒരു ഇടമാണ്” ആ പ്രസ്ഥാനം. സാക്ഷികളെ പഠിപ്പിച്ചിരിക്കുന്ന സംഗതികൾ അവരെ സഹായിക്കുന്നുവെന്നതു വ്യക്തമല്ലേ?
പ്രബോധനം കുടുംബാംഗങ്ങൾക്കു പ്രയോജനം കൈവരുത്തുന്നു
11, 12. പല കുടുംബങ്ങളിലും എങ്ങനെയുള്ള സ്ഥിതിവിശേഷം സംജാതമാകുമെന്നാണു പൗലോസ് കൃത്യമായി സൂചിപ്പിച്ചത്?
11 ഏതാണ്ടു ബന്ധപ്പെട്ടുകിടക്കുന്ന, അടുത്ത നാലു സംഗതികളെ നമുക്ക് ഒററ ചരടിൽ കോർക്കാം. അന്ത്യനാളുകളിൽ അനേകർ “അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും [“അവിശ്വസ്തരും”, NW] വാത്സല്യമില്ലാത്തവരു”മായിരിക്കുമെന്നു പൗലോസ് മുൻകൂട്ടിപ്പറഞ്ഞു. ഈ വൈകല്യങ്ങളിൽ രണ്ടെണ്ണം—നന്ദികേടും അവിശ്വസ്തതയും—നമുക്കു ചുററുമുണ്ട്. എന്നാൽ പൗലോസ് എന്തുകൊണ്ട് അവയെ “അമ്മയപ്പൻമാരെ അനുസരിക്കാത്തവർ”ക്കും “വാത്സല്യമില്ലാത്തവർ”ക്കുമിടയിൽ വെച്ചു എന്നു നമുക്ക് എളുപ്പത്തിൽ കാണാൻ കഴിയും. അവ നാലും കൂടിപ്പിണഞ്ഞാണു കിടക്കുന്നത്.
12 മിക്കവാറും നിരീക്ഷണപടുവായ ഏതൊരു വ്യക്തിയും—യുവാവോ വൃദ്ധനോ—മാതാപിതാക്കളോടുള്ള അനുസരണക്കേടു പ്രബലമാണെന്നും അതു വഷളാകുകയാണെന്നും സമ്മതിച്ചുപറയേണ്ടിവരും. എന്തെല്ലാം ചെയ്തുകൊടുത്തിട്ടും യുവജനങ്ങൾ നന്ദിയില്ലാത്തവരായി കാണപ്പെടുന്നു എന്നു പല മാതാപിതാക്കളും പരാതിപ്പെടുന്നു. പക്ഷേ തങ്ങളുടെ മാതാപിതാക്കൾ, അവരുടെ ജോലികളിലോ ഉല്ലാസങ്ങളിലോ സ്വന്തം കാര്യങ്ങളിലോ മാത്രം സാകൂതം മുഴുകിക്കഴിഞ്ഞുകൊണ്ട് തങ്ങളോട് (അല്ലെങ്കിൽ കുടുംബത്തോടു പൊതുവേ) യഥാർഥത്തിൽ യാതൊരു വിശ്വസ്ത പരിഗണനയും കാണിക്കാത്തവരാണ് എന്നു പറഞ്ഞുകൊണ്ട് ചെറുപ്പക്കാർ പലരും പ്രതിഷേധിക്കുന്നു. ആരുടെ ഭാഗത്താണു തെറെറന്നു കണ്ടുപിടിക്കാൻ തുനിയുന്നതിനുപകരം നമുക്ക് അനന്തരഫലങ്ങളിലേക്കു നോക്കാം. പ്രായപൂർത്തിയായവരും യുവാക്കളും തമ്മിലുള്ള അകൽച്ച മിക്കപ്പോഴും കൗമാരപ്രായക്കാരെ, ധാർമികത സംബന്ധിച്ച് അവരുടേതായ സ്വന്തം പ്രമാണങ്ങൾ രൂപീകരിക്കുന്നതിലേക്കു നയിക്കുന്നു. അതിന്റെ ഭവിഷ്യത്തോ? കൗമാര ഗർഭധാരണം, ഗർഭച്ഛിദ്രം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയുടെയെല്ലാം കുതിച്ചുയരുന്ന നിരക്ക്. ഭവനത്തിലെ വാത്സല്യത്തിന്റെ അഭാവം കൂടെക്കൂടെ അക്രമത്തിൽ കലാശിക്കുന്നു. വാത്സല്യം വററിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവെന്നോണം നിങ്ങളുടെ പരിസരത്തുനിന്നുള്ള ഉദാഹരണങ്ങൾ നിരത്താൻ ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കും.
13, 14. (എ) അനേകം കുടുംബങ്ങളുടെ അധഃപതനം കണക്കിലെടുക്കുമ്പോൾ നാം ബൈബിളിനു ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്? (ബി) കുടുംബജീവിതം സംബന്ധിച്ച് ഏതു തരത്തിലുള്ള വിജ്ഞാനപ്രദമായ ഉപദേശമാണു ദൈവം നൽകുന്നത്?
13 ഒരുകാലത്തു തങ്ങളുടെ വലിയ കുടുംബത്തിന്റെ, തങ്ങളുടെ സ്വന്ത കുലത്തിന്റെ, വംശത്തിന്റെ അല്ലെങ്കിൽ സമൂഹത്തിന്റെ ഭാഗമായിരുന്നവർക്കെതിരെ അധികമധികം ആളുകൾ എന്തുകൊണ്ട് തിരിയുന്നു എന്നതിനുള്ള കാരണം ഇതിൽ കാണാവുന്നതാണ്. എന്നിരുന്നാലും, ഇന്നത്തെ ജീവിതത്തിന്റെ ദോഷവശങ്ങൾക്ക് ഊന്നൽകൊടുക്കാൻവേണ്ടിയല്ല നാം ഈ സംഗതികൾ പറയുന്നത് എന്ന കാര്യം മനസ്സിൽ പിടിക്കുക. നമ്മുടെ രണ്ടു മുഖ്യ പരിഗണനകൾ ഇവയാണ്: പൗലോസ് പട്ടികപ്പെടുത്തിയ ദോഷങ്ങളിൽനിന്നുള്ള ദുരിതങ്ങൾ ഒഴിവാക്കാൻ ബൈബിൾ പ്രബോധനങ്ങൾക്കു നമ്മെ സഹായിക്കാൻ കഴിയുമോ എന്നതും നമ്മുടെ ജീവിതത്തിൽ ബൈബിൾ പ്രബോധനങ്ങൾ ബാധകമാക്കുന്നതിൽനിന്നു നമുക്കു പ്രയോജനം ലഭിക്കുമോ എന്നതുമാണ്. പൗലോസിന്റെ പട്ടികയിലെ ആ നാല് സംഗതികളിൽനിന്നു വ്യക്തമായിരിക്കുന്നതുപോലെ ഈ രണ്ടു ചോദ്യങ്ങൾക്കും ഉവ്വ് എന്ന് ഉത്തരം കൊടുക്കാവുന്നതാണ്.
14 ഹൃദയോഷ്മളത പകരുന്ന വിജയകരമായ ഒരു കുടുംബജീവിതം ഉളവാക്കുന്നതിൽ ബൈബിളിന്റേതിനെ കവച്ചുവെക്കുന്ന ഒരു പ്രബോധനവുമില്ല എന്ന ഒരു പൊതു പ്രസ്താവന നടത്തിയാൽ അതു വളരെ ശരിയായിരിക്കും. കുടുംബാംഗങ്ങളെ വെറും വീഴ്ചകൾ ഒഴിവാക്കാനല്ല, മറിച്ച്, വിജയിക്കാൻ സഹായിക്കുന്ന അതിന്റെ ബുദ്ധ്യുപദേശത്തിന്റെ കേവലം ഒരു മാതൃക എടുത്താൽമതി അതു സ്ഥിരീകരിച്ചുകിട്ടാൻ. ഭർത്താക്കൻമാർ, ഭാര്യമാർ, കുട്ടികൾ എന്നിവരെ ഉദ്ദേശിച്ചുള്ള മനോജ്ഞവും പ്രായോഗികവുമായ മററുപല ഭാഗങ്ങളുമുണ്ടെങ്കിലും കൊലൊസ്സ്യർ 3:18-21 ഇതിനെ നല്ലവണ്ണം ദൃഷ്ടാന്തീകരിക്കുന്നു. ഈ പ്രബോധനം നമ്മുടെ നാളുകളിൽ പ്രായോഗികമാണ്. സത്യക്രിസ്ത്യാനികളുടെ ഭവനങ്ങളിൽപ്പോലും തകരാറുകളും വെല്ലുവിളികളും ഉണ്ടെന്നു സമ്മതിക്കുന്നു, എന്നാലും കുടുംബങ്ങൾക്കു വളരെ സഹായകമായ പ്രബോധനങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നുവെന്നാണ് ആകമാനഫലം തെളിയിക്കുന്നത്.
15, 16. സാംബിയയിലെ യഹോവയുടെ സാക്ഷികളെക്കുറിച്ചു പഠിക്കവേ, ഏതു സ്ഥിതിവിശേഷമാണ് ഒരു ഗവേഷക കണ്ടെത്തിയത്?
15 കാനഡയിലെ ലെത്ബ്രിഡ്ജ് യൂണിവേഴ്സിററിയിൽനിന്നുള്ള ഒരു ഗവേഷക ഒന്നര വർഷത്തോളം സാംബിയയിലെ സാമൂഹികജീവിതം പഠനവിധേയമാക്കി. അവർ ഇപ്രകാരം നിഗമനത്തിലെത്തി: “ഉറച്ച വൈവാഹിക ബന്ധം നിലനിർത്തുന്നതിൽ മററു മതവിഭാഗങ്ങളിലെ അംഗങ്ങളെക്കാൾ യഹോവയുടെ സാക്ഷികൾക്കാണു കൂടുതൽ വിജയം. . . . അവരുടെ വിജയം ഭർത്താവിനും ഭാര്യക്കുമിടയിലെ മെച്ചപ്പെട്ട ഒരു പരസ്പര ബന്ധത്തെ വിളിച്ചറിയിക്കുന്നു. അവർ തങ്ങളുടെ പുതുതായി കണ്ടെത്തിയ, ഭീഷണിക്കിടമില്ലാത്ത, സഹകരണാത്മകമായ പരിശ്രമങ്ങളിൽ പരസ്പരമുള്ള പെരുമാററത്തിന് ഒരു ശിരസ്സ് എന്നനിലയിൽ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവർ ആയിത്തീർന്നിരിക്കുന്നു . . . യഹോവയുടെ സാക്ഷിയായ ഭർത്താവ് തന്റെ ഭാര്യയുടെയും കുട്ടികളുടെയും ക്ഷേമം മുൻനിർത്തിയുള്ള ഉത്തരവാദിത്വ നിർവഹണത്തിൽ പക്വത പ്രാപിക്കാൻ പഠിപ്പിക്കപ്പെടുന്നു. . . . നിർമലതയുള്ള വ്യക്തികളായിരിക്കാൻ ഭാര്യയും ഭർത്താവും പ്രോത്സാഹിപ്പിക്കപ്പെടുന്നു . . . നിർമലതക്കായുള്ള ഈ പ്രബലമായ ആവശ്യം വിവാഹത്തെ അരക്കിട്ടുറപ്പിക്കുന്നു.”
16 എണ്ണമററ യഥാർഥ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയതായിരുന്നു ആ പഠനം. ഉദാഹരണത്തിന്, നാട്ടുനടപ്പിൽനിന്നു വ്യത്യസ്തമായി “പൂന്തോട്ടത്തിൽ, അതിന്റെ പണിയാരംഭിക്കുമ്പോൾ മാത്രമല്ല, നടുമ്പോഴും കുഴിക്കുമ്പോഴും, യഹോവയുടെ സാക്ഷികളായ പുരുഷൻമാർ അവരുടെ ഭാര്യമാരെ സഹായിക്കുന്നതായി കൂടെക്കൂടെ കാണപ്പെടുന്നു,” എന്ന് ഈ ഗവേഷക പറഞ്ഞു. ബൈബിൾ പ്രബോധനം ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നു എന്നു പ്രകടമാക്കുന്ന, എണ്ണിയാൽ തീരാത്ത അനുഭവങ്ങൾ ഭൂവ്യാപകമായി ഉണ്ട് എന്നത് അങ്ങനെ വ്യക്തമാകുന്നു.
17, 18. മതപരമായ പൈതൃകം, വിവാഹപൂർവലൈംഗികത എന്നിവയെക്കുറിച്ചുള്ള ഒരു പഠനം അമ്പരപ്പിക്കുന്ന ഏതു ഫലങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു?
17 കഴിഞ്ഞ ലേഖനം മതത്തെ സംബന്ധിച്ച ശാസ്ത്രീയ പഠന പത്രികയിലെ [ഇംഗ്ലീഷ്] കണ്ടെത്തലുകളെ പരാമർശിച്ചു. 1991-ൽ “മതപൈതൃകവും വിവാഹത്തിനു മുമ്പുള്ള ലൈംഗികതയും: മുതിർന്ന യുവാക്കളുടെ ഒരു ദേശീയ പ്രതിനിധിസംഘത്തിൽനിന്നുള്ള തെളിവ്” എന്ന ശീർഷകത്തിൽ അതിലൊരു ലേഖനം വന്നിരുന്നു. വിവാഹപൂർവലൈംഗികത എത്രമാത്രം പ്രബലമാണെന്നു നിങ്ങൾക്ക് അറിയാമായിരിക്കും. ചെറുപ്പക്കാരിൽ അനേകർ ഇളംപ്രായത്തിൽത്തന്നെ വികാരങ്ങൾക്കു വശംവദരാകുന്നു, കൗമാരപ്രായക്കാരിൽ പലർക്കും ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ട്. ബൈബിൾ പ്രബോധനങ്ങൾക്ക് ഈ സർവസാധാരണ ശൈലിയെ മാററിയെടുക്കാനാകുമോ?
18 ‘കൂടുതൽ യാഥാസ്ഥിതിക ക്രിസ്തീയ പാരമ്പര്യത്തിൽ വളർന്നുവന്ന ഇളംപ്രായത്തിലുള്ള യുവാക്കൾക്കും മുതിർന്ന യുവാക്കൾക്കും വിവാഹത്തിനു മുമ്പു ലൈംഗികബന്ധമുണ്ടായിരിക്കാൻ സാധ്യത കുറവായിരിക്കുമെന്ന’ പ്രതീക്ഷയിൽ മൂന്നു സഹപ്രൊഫസർമാർ ആ പ്രശ്നത്തിൻമേൽ പഠനം നടത്തി. എന്നാൽ വസ്തുതകൾ പ്രകടമാക്കിയതോ? എല്ലായിടത്തും ഇക്കൂട്ടരിൽപ്പെട്ട 70 മുതൽ 82 വരെ ശതമാനംപേർ വിവാഹത്തിനു മുമ്പു ലൈംഗികതയിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നു. ചിലർക്കു “വിവാഹത്തിനു മുമ്പുള്ള ലൈംഗികതയ്ക്കുള്ള സാധ്യത യാഥാസ്ഥിതിക പാരമ്പര്യം [കുറയ്ക്കുകയുണ്ടായി], എന്നാൽ ‘കൗമാരപ്രായക്കാരുടെ വിവാഹത്തിനുമുമ്പുള്ള ലൈംഗികതയുടെ കാര്യത്തിലതില്ല.’” “മുഖ്യധാരാ പ്രൊട്ടസ്ററൻറുകാരുമായി താരതമ്യം ചെയ്യുമ്പോൾ, വിവാഹപൂർവലൈംഗികതയ്ക്കു പ്രത്യേകിച്ച് ഉയർന്ന സാധ്യത” മതഭക്തരെന്നു തോന്നിയ കുടുംബങ്ങളിൽനിന്നുള്ള ചില യുവാക്കളിലായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
19, 20. യഹോവയുടെ സാക്ഷികൾക്കിടയിലെ യുവാക്കളിൽ അനേകരെ ദൈവത്തിന്റെ പ്രബോധനം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നതെങ്ങനെ?
19 യഹോവയുടെ സാക്ഷികളായ യുവാക്കൾക്കിടയിൽ ആ പ്രൊഫസർമാർ കണ്ടെത്തിയതു നേർവിപരീത അവസ്ഥയായിരുന്നു, അവർ “മററുള്ളവരിൽനിന്ന് ഏററവും വ്യത്യസ്തരാണ്.” എന്തുകൊണ്ട്? “അവരുടെ ഉയർന്ന പ്രതിബദ്ധതയും അനുഭവങ്ങൾ, പ്രതീക്ഷകൾ, പങ്കുപററൽ എന്നിവ ഊട്ടിവളർത്തുന്ന സാമൂഹിക സമന്വയവും . . . പൊതുവേ വിശ്വാസ തത്ത്വങ്ങളോട് ഏറെ പററിനിൽക്കാൻ അവരെ സഹായിച്ചേക്കാം.” തുടർന്ന് അവർ ഇതും പറഞ്ഞു: “ഇളംപ്രായത്തിലുള്ള യുവാക്കൾ എന്നനിലയിലും മുതിർന്ന യുവാക്കൾ എന്നനിലയിലും സാക്ഷികൾ സുവിശേഷവേലയുടെ ഉത്തരവാദിത്വങ്ങൾ നിറവേററാൻ പ്രതീക്ഷിക്കപ്പെടുന്നു.”
20 അതായത് അസാൻമാർഗികത ഒഴിവാക്കാൻ അവരെ സഹായിച്ചുകൊണ്ടു ബൈബിൾ പ്രബോധനങ്ങൾ യഹോവയുടെ സാക്ഷികളെ ഗുണകരമായി ബാധിച്ചു. ലൈംഗികമായി പകരുന്ന രോഗങ്ങളിൽനിന്നുള്ള സംരക്ഷണത്തിൽ അതു കലാശിക്കുന്നു, അവയിൽ ചിലതു ചികിത്സയില്ലാത്തതും മററുള്ളവ മാരകവുമാണ്. ജീവൻ അപഹരിക്കുന്നതിനു തുല്യമായി ബൈബിൾ പഠിപ്പിക്കുന്ന ഗർഭച്ഛിദ്രനടപടിയുടെ സമ്മർദമില്ലെന്നതും അതർഥമാക്കുന്നു. ഒരു ശുദ്ധ മനസ്സാക്ഷിയോടെ മുതിർന്ന യുവാക്കൾക്കു വിവാഹത്തിലേക്കു പ്രവേശിക്കാമെന്നും അതർഥമാക്കുന്നു. അതായത്, കൂടുതൽ ഉറച്ച അടിത്തറമേൽ പണിയപ്പെട്ട വിവാഹങ്ങൾ എന്നർഥം. ചുരുക്കത്തിൽ, ദുർഘടനാളുകളെ നേരിടാനും കൂടുതൽ ആരോഗ്യമുള്ളവരായിരിക്കാനും കൂടുതൽ സന്തുഷ്ടിയുള്ളവരായിരിക്കാനും നമ്മെ സഹായിക്കാൻ അത്തരം പ്രബോധനങ്ങൾക്കേ കഴിയൂ.
ക്രിയാത്മകമായ പ്രബോധനം
21. നമ്മുടെ നാളുകളിലേക്കു പൗലോസ് ഏതു സംഗതികൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു?
21 ഇനി, 2 തിമൊഥെയൊസ് 3:3, 4-ലേക്കു തിരിച്ചുപോയി, അനേകർക്ക്—എല്ലാവർക്കുമല്ല—നമ്മുടെ നാളുകളെ ഇടപെടാൻ പ്രയാസമാക്കിത്തീർക്കുമെന്നു പൗലോസ് പറഞ്ഞ വേറെ എന്തുകൂടിയുണ്ടെന്നു നോക്കാം: “ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരു”മായ [മനുഷ്യരുണ്ടാകും]. അതെത്ര കൃത്യമാണ്! എന്നാൽ നമ്മെ സംരക്ഷിക്കാനും സാഹചര്യങ്ങളെ നേരിട്ട് വിജയിക്കുന്നതിനു നമ്മെ സജ്ജരാക്കാനും ബൈബിളിൽനിന്നുള്ള പ്രബോധനത്തിനു കഴിയും.
22, 23. ഏതു ക്രിയാത്മകമായ ആഹ്വാനത്തോടെയാണ് പൗലോസ് തന്റെ പട്ടിക അവസാനിപ്പിക്കുന്നത്, അതിന്റെ വിവക്ഷ എന്താണ്?
22 അപ്പോസ്തലനായ പൗലോസ് തന്റെ പട്ടിക അവസാനിപ്പിക്കുന്നത് ആശാവഹമായ വാക്കുകളിലാണ്. അളവററ മെച്ചങ്ങൾ നമുക്കു കൈവരുത്താനാവുന്ന ഒരു ദൈവിക കൽപ്പനയിലേക്ക് അദ്ദേഹം അവസാന ഇനത്തെ തിരിക്കുന്നു. “ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരു”ണ്ടാകുമെന്നു പറഞ്ഞിട്ട് പൗലോസ് തുടർന്നു സൂചിപ്പിക്കുന്നതോ, “അങ്ങനെയുള്ളവരെ വിട്ടൊഴിയുക”യെന്നും. വിവാഹപൂർവലൈംഗികതയുടെ കാര്യത്തിൽ ചില വിഭാഗങ്ങളിലെ യുവാക്കൾക്കു യഥാർഥത്തിൽ, ശരാശരിയെക്കാൾ കൂടുതൽ ഉയർന്ന നിരക്കാണുള്ളത് എന്നോർക്കുക. എന്തിന്, പള്ളിയിൽ പോകുന്നവരുടെ അസാൻമാർഗികത വെറും ശരാശരി നിലയിലായിരുന്നെങ്കിൽപ്പോലും, അവരുടെ ആരാധനയ്ക്കു ശക്തിയില്ലെന്നതിന് അതൊരു തെളിവായിരിക്കില്ലേ? അതിലുപരി, വാണിജ്യ ഇടപാടുകളിൽ ജനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, കീഴ്ജോലിക്കാരോട് എങ്ങനെ പെരുമാറുന്നു, ബന്ധുക്കളോട് എങ്ങനെ പെരുമാറുന്നു എന്നതിലെല്ലാം മതപ്രബോധനങ്ങൾ മാററം വരുത്തുന്നുണ്ടോ?
23 ദൈവവചനത്തിൽനിന്നു നാം പഠിക്കുന്നതു ബാധകമാക്കണമെന്നു പൗലോസിന്റെ വാക്കുകൾ പ്രകടമാക്കുന്നു, ഉണ്ടായിരിക്കേണ്ടതു ക്രിസ്ത്യാനിത്വത്തിന്റെ യഥാർഥ ശക്തിയെ വെളിവാക്കുന്ന ആരാധനാരീതിയാണ്. ആരാധനാരീതി നിർജീവമായിരുന്നവരെ സംബന്ധിച്ചു പൗലോസ് നമ്മോട് ഇപ്രകാരം പറയുന്നു: “അങ്ങനെയുള്ളവരെ വിട്ടൊഴിയുക.” നമുക്കു സുനിശ്ചിതമായ പ്രയോജനങ്ങൾ കൈവരുത്തുന്ന വ്യക്തമായ കല്പനയാണിത്.
24. വെളിപ്പാട് 18-ലെ ആഹ്വാനം പൗലോസിന്റെ ബുദ്ധ്യുപദേശത്തോടു സമാന്തരമായി വരുന്നതെങ്ങനെ?
24 ഏതു വിധത്തിൽ? കൊള്ളാം, ബൈബിളിന്റെ അവസാന പുസ്തകം ഒരു പ്രതീകാത്മക സ്ത്രീയെ, മഹാബാബിലോൻ എന്നു വിളിക്കപ്പെടുന്ന ഒരു വേശ്യയെ, ചിത്രീകരിക്കുന്നു. യഹോവയാം ദൈവം പരിശോധിച്ചു തള്ളിക്കളഞ്ഞ, ലോകവ്യാപക-വ്യാജ-മതസാമ്രാജ്യത്തെ മഹാബാബിലോൻ പ്രതിനിധാനം ചെയ്യുന്നെന്നു തെളിവു പ്രകടമാക്കുന്നു. എന്നാൽ നാം അതിൽ ഉൾപ്പെടേണ്ടതില്ല. വെളിപ്പാടു 18:4 നമ്മോട് ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.” വാസ്തവത്തിൽ, “അങ്ങനെയുള്ളവരെ വിട്ടൊഴിയുക” എന്നു പറഞ്ഞപ്പോൾ അതേ സന്ദേശംതന്നെയല്ലേ പൗലോസും തന്നത്? ബൈബിളിന്റെ ആ കല്പന നാം അനുസരിക്കുന്നത്, ദൈവിക പ്രബോധനങ്ങളിൽനിന്നു പ്രയോജനം നേടാനുള്ള മറെറാരു വിധമാണ്.
25, 26. യഹോവയാം ദൈവത്തിൽനിന്നുള്ള പ്രബോധനം ഇപ്പോൾ സ്വീകരിച്ചു ബാധകമാക്കുന്നവർക്കു ഭാവി എന്തു കൈവരുത്തും?
25 മനുഷ്യരുടെ കാര്യങ്ങളിൽ ദൈവം ഉടനെതന്നെ നേരിട്ട് ഇടപെടും. സകല വ്യാജമതങ്ങളെയും ഈ ദുഷ്ടവ്യവസ്ഥിതിയുടെ ശേഷിക്കുന്ന ഭാഗത്തെയും അവിടുന്ന് തുടച്ചുനീക്കും. വെളിപ്പാടു 19:1, 2 സൂചിപ്പിക്കുന്നപ്രകാരം അത് ആഹ്ലാദത്തിനുള്ള ഒരു കാരണമായിരിക്കും. ദൈവത്തിന്റെ പ്രബോധനങ്ങൾ സ്വീകരിച്ച് അവ പിൻപററുന്നവർ ഈ ദുർഘടനാളുകളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാകുമ്പോൾ അവിടുത്തെ പ്രബോധനങ്ങൾ പിൻപററിക്കൊണ്ടിരിക്കാൻ അനുവദിക്കപ്പെടും.—വെളിപ്പാടു 21:3, 4.
26 തീർച്ചയായും, പുനഃസ്ഥാപിതമായ ആ ഭൗമിക പറുദീസയിൽ ജീവിക്കുന്നതിലെ ആനന്ദം ഭാവനാതീതമായിരിക്കും. അതു സാധ്യമാണെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു, നമുക്ക് അവിടുത്തെ പരിപൂർണമായി വിശ്വസിക്കാനാവും. അപ്രകാരം തന്റെ സഹായകമായ പ്രബോധനം സ്വീകരിച്ചു പിൻപററാൻ അവിടുന്ന് നമുക്കു മതിയായ കാരണം നൽകുന്നു. എപ്പോൾ? ഇപ്പോൾ നമ്മുടെ നിർണായക നാളുകളിലും അവിടുന്ന് വാഗ്ദാനം ചെയ്യുന്ന ആ പറുദീസയിലും നമുക്ക് അവിടുത്തെ പ്രബോധനങ്ങൾ പിൻപററാം.—മീഖാ 4:3, 4.
ധ്യാനിക്കാനുള്ള ആശയങ്ങൾ
◻ ധനത്തെക്കുറിച്ചുള്ള യഹോവയുടെ ബുദ്ധ്യുപദേശത്തിൽനിന്ന് അവിടുത്തെ ജനം പ്രയോജനം അനുഭവിച്ചിരിക്കുന്നതെങ്ങനെ?
◻ ദൈവദാസൻമാർക്ക് അവിടുത്തെ വചനം ബാധകമാക്കുന്നതിൽനിന്ന് ഉളവായ ഏതു നല്ല ഫലങ്ങളെയാണ് ഈശോസഭക്കാരുടെ ഒരു മാഗസിൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്?
◻ സാംബിയയിലെ ഒരു പഠനം വെളിപ്പെടുത്തുന്നതനുസരിച്ചു ദിവ്യ പ്രബോധനം ബാധകമാക്കുന്ന കുടുംബങ്ങൾക്ക് എന്തു പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നു?
◻ യുവജനങ്ങൾക്കു ദിവ്യ പ്രബോധനം എന്തു സംരക്ഷണം പ്രദാനം ചെയ്യുന്നു?
[15-ാം പേജിലെ ചതുരം]
എന്തൊരു ഭയാനകമായ പരിണതഫലങ്ങൾ!
എയ്ഡ്സും കൗമാരപ്രായക്കാരും എന്ന വിഷയം സംബന്ധിച്ച ഒരു ചർച്ചായോഗത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “കൗമാരപ്രായക്കാർക്ക് എയ്ഡ്സ് പിടിപെടാനുള്ള സാധ്യത അപാരംതന്നെ, കാരണം അവർ ലൈംഗികതയും മയക്കുമരുന്നും പരീക്ഷിച്ചുനോക്കാൻ ഇഷ്ടപ്പെടുന്നു, അപകടങ്ങൾ പ്രശ്നമാക്കുന്നില്ല, തത്കാല സുഖമാണ് അവർക്കു വേണ്ടത്. കൂടാതെ, മരിക്കുമെന്ന ചിന്തയില്ലാത്ത അവർ അധികാരത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.”—ന്യൂയോർക്ക് ഡെയ്ലി ന്യൂസ്, 1993 മാർച്ച് 7, ഞായർ.
“എയ്ഡ്സ് എന്ന പകർച്ചവ്യാധിയുടെ അടുത്ത ‘മുന്നണിപ്രചാരകരാ’യി രംഗപ്രവേശം ചെയ്തിരിക്കുന്നത് ലൈംഗിക ബന്ധം പുലർത്തുന്ന കൗമാരപ്രായത്തിലുള്ള പെൺകുട്ടികളാണ് എന്നു യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഐക്യരാഷ്ട്രസഭ നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നു.”—ദ ന്യൂയോർക്ക് ടൈംസ്, 1993 ജൂലൈ 30, വെള്ളി.
[16, 17 പേജിലെ ചിത്രങ്ങൾ]
സഭയിലും ഭവനത്തിലും ബൈബിൾ പ്രബോധനം യഹോവയുടെ സാക്ഷികൾക്കു പ്രയോജനം കൈവരുത്തുന്നു