നമുക്കു വിശ്വാസമുള്ള തരക്കാരായിരിക്കാം
‘നാം വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്ന തരക്കാരാണ്.’—എബ്രായർ 10:39, NW.
1. യഹോവയുടെ വിശ്വസ്ത ദാസന്മാരിൽ ഓരോരുത്തരുടെയും വിശ്വാസം അമൂല്യമാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
യഹോവയുടെ ആരാധകരെക്കൊണ്ടു നിറഞ്ഞ ഒരു രാജ്യഹാളിൽ നിങ്ങൾ അടുത്ത പ്രാവശ്യം ചെല്ലുമ്പോൾ, നിങ്ങൾക്കു ചുറ്റുമുള്ളവരെ ഒന്നു നിരീക്ഷിക്കുക. അവർ വിശ്വാസം പ്രകടമാക്കുന്ന അനേകം വിധങ്ങളെ കുറിച്ചു ചിന്തിക്കുക. പതിറ്റാണ്ടുകളോളം ദൈവത്തെ സേവിച്ചിരിക്കുന്ന പ്രായമായവരെയും ദിനമ്പ്രതി സമപ്രായക്കാരിൽ നിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കുന്ന യുവജനങ്ങളെയും കുട്ടികളെ ദൈവഭയമുള്ളവരായി വളർത്തിക്കൊണ്ടു വരാൻ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളെയും നിങ്ങൾ കണ്ടേക്കാം. കൂടാതെ, അനേകം ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന സഭാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഉണ്ട്. അതേ, യഹോവയെ സേവിക്കാനായി സകല തരം തടസ്സങ്ങളെയും തരണം ചെയ്യുന്ന എല്ലാ പ്രായത്തിലുമുള്ള ആത്മീയ സഹോദരീസഹോദരന്മാരെ നിങ്ങൾ അവിടെ കണ്ടേക്കാം. അവർ ഓരോരുത്തരുടെയും വിശ്വാസം എത്ര അമൂല്യമാണ്!—1 പത്രൊസ് 1:7, പി.ഒ.സി. ബൈബിൾ.
2. എബ്രായർ 10-ഉം 11-ഉം അധ്യായങ്ങളിലെ പൗലൊസിന്റെ ബുദ്ധിയുപദേശം നമുക്ക് ഇന്നു പ്രയോജനപ്രദം ആയിരിക്കുന്നത് എന്തുകൊണ്ട്?
2 അപൂർണ മനുഷ്യരിൽ, പൗലൊസ് അപ്പൊസ്തലനെക്കാൾ മെച്ചമായി വിശ്വാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുള്ള ആരുംതന്നെ ഉണ്ടാവില്ല. യഥാർഥ വിശ്വാസം “ജീവരക്ഷ പ്രാപിക്കുന്ന”തിലേക്കു നയിക്കുന്നുവെന്ന് അവൻ പറയുകയുണ്ടായി. (എബ്രായർ 10:39) എന്നാൽ, ഈ അവിശ്വസ്ത ലോകത്തിൽ വിശ്വാസം ആക്രമണ വിധേയമാണെന്നും അത് ക്ഷയിച്ചുപോയേക്കാമെന്നും പൗലൊസിന് അറിയാമായിരുന്നു. തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനായി പോരാടിക്കൊണ്ടിരുന്ന യെരൂശലേമിലെയും യഹൂദ്യയിലെയും എബ്രായ ക്രിസ്ത്യാനികളെ കുറിച്ച് അവൻ വളരെയധികം ആകുലചിത്തനായിരുന്നു. എബ്രായർ 10-ഉം 11-ഉം അധ്യായങ്ങളുടെ ചില ഭാഗങ്ങൾ നാം ഇപ്പോൾ പരിശോധിക്കുമ്പോൾ, അവരുടെ വിശ്വാസത്തെ കെട്ടുപണി ചെയ്യാനായി പൗലൊസ് ഉപയോഗിച്ച മാർഗങ്ങൾക്ക് നമുക്കു ശ്രദ്ധ നൽകാം. നമ്മിലും നമുക്കു ചുറ്റുമുള്ള മറ്റുള്ളവരിലും കൂടുതൽ ശക്തമായ വിശ്വാസം എങ്ങനെ കെട്ടുപണി ചെയ്യാനാകുമെന്ന് അപ്പോൾ നാം കാണും.
പരസ്പരം വിശ്വാസം അർപ്പിക്കുക
3. പൗലൊസിന് തന്റെ സഹോദരീസഹോദരന്മാരുടെ വിശ്വാസത്തെ കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരുന്നെന്ന് എബ്രായർ 10:39-ലെ അവന്റെ വാക്കുകൾ പ്രകടമാക്കുന്നത് എങ്ങനെ?
3 നാം ആദ്യം ശ്രദ്ധിച്ചേക്കാവുന്ന സംഗതി, തന്റെ വായനക്കാരെ കുറിച്ചു പൗലൊസിന് ഉണ്ടായിരുന്ന ക്രിയാത്മക മനോഭാവമാണ്. അവൻ എഴുതി: “ഇപ്പോൾ നാം നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല, പിന്നെയോ വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്ന തരക്കാരാണ്.” (എബ്രായർ 10:39, NW) തന്റെ വിശ്വസ്ത സഹക്രിസ്ത്യാനികളുടെ നല്ല വശങ്ങളെ പറ്റിയാണ് പൗലൊസ് ചിന്തിച്ചത്, അല്ലാതെ മോശമായ വശങ്ങളെ പറ്റിയല്ല. അവൻ “നാം” എന്ന പദപ്രയോഗം ഉപയോഗിച്ചതും ശ്രദ്ധിക്കുക. പൗലൊസ് നീതിമാനായിരുന്നു. എന്നിരുന്നാലും, നീതിയുടെ കാര്യത്തിൽ താൻ തന്റെ വായനക്കാരെക്കാൾ വളരെ ഉന്നതമായ ഒരു തലത്തിലാണ് എന്നവണ്ണം ഒരു ശ്രേഷ്ഠ ഭാവത്തോടെ അവൻ അവരോടു സംസാരിച്ചില്ല. (സഭാപ്രസംഗി 7:16 താരതമ്യം ചെയ്യുക.) മറിച്ച്, അവരോടൊപ്പം അവൻ തന്നെയും കൂടെ ഉൾപ്പെടുത്തി. അവനും അവന്റെ എല്ലാ വിശ്വസ്ത ക്രിസ്തീയ വായനക്കാരും തങ്ങളുടെ മുന്നിലുള്ള അധൈര്യപ്പെടുത്തുന്ന പ്രതിബന്ധങ്ങളെ നേരിടുമെന്നും നാശത്തിലേക്കു പിന്മാറാൻ സധൈര്യം വിസമ്മതിക്കുമെന്നും അങ്ങനെ തങ്ങൾ വിശ്വാസമുള്ള തരക്കാരാണെന്നു തെളിയിക്കുമെന്നുമുള്ള ഹൃദയംഗമമായ ആത്മവിശ്വാസം അവൻ പ്രകടിപ്പിച്ചു.
4. ഏതു കാരണങ്ങളാലാണ് പൗലൊസിനു തന്റെ സഹവിശ്വാസികളിൽ ദൃഢവിശ്വാസം ഉണ്ടായിരുന്നത്?
4 പൗലൊസിന് അത്തരം ദൃഢവിശ്വാസം ഉണ്ടായിരിക്കാൻ കഴിയുമായിരുന്നത് എങ്ങനെ? എബ്രായ ക്രിസ്ത്യാനികളുടെ പിഴവുകൾ സംബന്ധിച്ച് അവൻ അജ്ഞനായിരുന്നോ? തീർച്ചയായും അല്ലായിരുന്നു. ആത്മീയ പിഴവുകളെ തരണം ചെയ്യാൻ അവരെ സഹായിക്കുന്നതിനായി അവൻ അവർക്കു വ്യക്തമായ ബുദ്ധിയുപദേശങ്ങൾ നൽകി. (എബ്രായർ 3:12; 5:12-14; 6:4-6; 10:26, 27; 12:5) എന്നിരുന്നാലും, തന്റെ സഹോദരന്മാരിൽ വിശ്വാസം പ്രകടമാക്കുന്നതിന് പൗലൊസിന് കുറഞ്ഞത് രണ്ടു നല്ല കാരണങ്ങൾ എങ്കിലും ഉണ്ടായിരുന്നു. (1) യഹോവയുടെ ഒരു അനുകാരി എന്ന നിലയിൽ പൗലൊസ്, ദൈവജനത്തെ യഹോവ കാണുന്നതു പോലെ കാണാൻ ശ്രമിച്ചു. അത് കേവലം അവരുടെ കുറവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല, പകരം അവരുടെ നല്ല ഗുണങ്ങളുടെയും ഭാവിയിൽ നല്ലതു ചെയ്യാൻ അവർ തീരുമാനിക്കാനുള്ള സാധ്യതയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു. (സങ്കീർത്തനം 130:3; എഫെസ്യർ 5:1) (2) പൗലൊസിന് പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. തന്നെ വിശ്വസ്തമായി സേവിക്കാൻ ശ്രമിക്കുന്ന ഏതൊരു ക്രിസ്ത്യാനിക്കും “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകുന്നതിൽനിന്ന് യഹോവയെ തടയാൻ യാതൊരു പ്രതിബന്ധങ്ങൾക്കോ ദൗർബല്യങ്ങൾക്കോ സാധിക്കില്ലെന്ന് പൗലൊസിന് അറിയാമായിരുന്നു. (2 കൊരിന്ത്യർ 4:7, NW; ഫിലിപ്പിയർ 4:13) അതുകൊണ്ട്, തന്റെ സഹോദരന്മാരിലുള്ള പൗലൊസിന്റെ വിശ്വാസം അസ്ഥാനത്തുള്ളതോ അയഥാർഥമോ അന്ധമായ ശുഭാപ്തിവിശ്വാസമോ ആയിരുന്നില്ല. മറിച്ച്, അത് ഉറച്ച അടിസ്ഥാനമുള്ളതും തിരുവെഴുത്തിൽ വേരൂന്നിയതും ആയിരുന്നു.
5. നമുക്ക് എങ്ങനെ പൗലൊസിന്റെ ആത്മവിശ്വാസത്തെ അനുകരിക്കാനാകും, സാധ്യതയനുസരിച്ച് അതിന്റെ ഫലം എന്തായിരിക്കും?
5 പൗലൊസ് പ്രകടമാക്കിയ ദൃഢവിശ്വാസം മറ്റുള്ളവരിലേക്കും വ്യാപിക്കുന്നതാണെന്നു തീർച്ചയായും തെളിഞ്ഞു. പൗലൊസ് വളരെ പ്രോത്സാഹജനകമായ വിധത്തിൽ സംസാരിച്ചത് യെരൂശലേമിലെയും യഹൂദ്യയിലെയും സഭകൾക്കു വളരെയധികം പ്രയോജനം ചെയ്തിരിക്കണം. തങ്ങളുടെ യഹൂദ എതിരാളികളുടെ ഭാഗത്തുനിന്നുള്ള നാശകരമായ അവജ്ഞയുടെയും അഹങ്കാരപൂർവകമായ നിസ്സംഗതയുടെയും മധ്യേ, വിശ്വാസമുള്ള തരക്കാരായിരിക്കുന്നതിന് ഹൃദയത്തിൽ ദൃഢനിശ്ചയം ചെയ്യാൻ അത്തരം വാക്കുകൾ എബ്രായ ക്രിസ്ത്യാനികളെ സഹായിച്ചു. ഇന്നു നമുക്കും അന്യോന്യം അതു ചെയ്യാൻ കഴിയുമോ? മറ്റുള്ളവരിൽ കുറ്റങ്ങളും വ്യക്തിത്വ ബലഹീനതകളും മാത്രം കാണുക വളരെ എളുപ്പമാണ്. (മത്തായി 7:1-5) പക്ഷേ, ഓരോരുത്തരുടെയും അതുല്യ വിശ്വാസത്തിനു നാം ശ്രദ്ധ കൊടുക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു പരസ്പരം വളരെയേറെ സഹായിക്കാൻ സാധിക്കും. അത്തരം പ്രോത്സാഹനം ലഭിക്കുമ്പോൾ വിശ്വാസം വളരാൻ ഏറെ സാധ്യതയുണ്ട്.—റോമർ 1:11, 12, NW.
ദൈവവചനത്തിന്റെ സമുചിതമായ ഉപയോഗം
6. എബ്രായർ 10:38-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ പൗലൊസ് ഏതു ഉറവിൽനിന്നായിരുന്നു ഉദ്ധരിച്ചത്?
6 തിരുവെഴുത്തുകളുടെ സമർഥമായ ഉപയോഗത്തിലൂടെയും പൗലൊസ് തന്റെ സഹവിശ്വാസികളിൽ വിശ്വാസം കെട്ടുപണി ചെയ്തു. ദൃഷ്ടാന്തത്തിന്, അവൻ ഇങ്ങനെ എഴുതി: ‘“എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.”’ (എബ്രായർ 10:38) പൗലൊസ് ഇവിടെ ഹബക്കൂക്കിന്റെ പ്രവചനത്തിൽനിന്ന് ഉദ്ധരിക്കുകയായിരുന്നു.a പ്രവാചക പുസ്തകങ്ങൾ നന്നായി അറിയാമായിരുന്ന, എബ്രായ ക്രിസ്ത്യാനികളായ പൗലൊസിന്റെ വായനക്കാർക്ക് ആ വാക്കുകൾ പരിചിതം ആയിരുന്നിരിക്കണം. പൊ.യു. 61-ൽ യെരൂശലേമിലും സമീപ പ്രദേശങ്ങളിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ആ ലക്ഷ്യം പരിഗണിക്കുമ്പോൾ, ഹബക്കൂക്കിന്റെ ദൃഷ്ടാന്തം തിരഞ്ഞെടുത്തത് തികച്ചും ഉചിതമായിരുന്നു. എന്തുകൊണ്ട്?
7. ഹബക്കൂക് തന്റെ പ്രവചനം രേഖപ്പെടുത്തിയത് എന്ന്, അന്ന് യഹൂദയിലെ സാഹചര്യങ്ങൾ എങ്ങനെയുള്ളതായിരുന്നു?
7 തെളിവനുസരിച്ച് ഹബക്കൂക് തന്റെ പുസ്തകം എഴുതിയത് പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തിന് വെറും രണ്ടു പതിറ്റാണ്ടിലേറെ മുമ്പായിരുന്നു. “ഉഗ്രതയും വേഗതയുമുള്ള ജാതിയായ” കൽദയർ (അഥവാ ബാബിലോണിയർ) യഹൂദയ്ക്ക് എതിരെ അതിവേഗം നീങ്ങിക്കൊണ്ട് യെരൂശലേമിനെ നശിപ്പിച്ച് ജനങ്ങളെയും ജനതകളെയും വിഴുങ്ങിക്കളയുന്നതായി പ്രവാചകൻ ദർശനത്തിൽ കണ്ടു. (ഹബക്കൂക് 1:5-11) എന്നാൽ അത്തരമൊരു ദുരന്തം യെശയ്യാവിന്റെ നാൾ മുതൽ, ഒരു നൂറ്റാണ്ടിൽ ഏറെയായി മുൻകൂട്ടി പറയപ്പെട്ടുകൊണ്ടിരുന്നതാണ്. ഹബക്കൂക്കിന്റെ നാളിൽ, നല്ല രാജാവായിരുന്ന യോശീയാവിന്റെ പിൻഗാമിയായി യെഹോയാക്കീം അധികാരത്തിൽ വന്നു. യഹൂദയിൽ ദുഷ്ടത വീണ്ടും കൊടികുത്തിവാണു. യഹോവയുടെ നാമത്തിൽ സംസാരിച്ചവരെ യെഹോയാക്കീം പീഡിപ്പിക്കുകയും കൊല്ലുകയും പോലും ചെയ്തു. (2 ദിനവൃത്താന്തം 36:5; യിരെമ്യാവു 22:17; 26:20-24) “യഹോവേ, എത്രത്തോളം” എന്ന് ദുഃഖിതനായ ഹബക്കൂക് പ്രവാചകൻ നിലവിളിച്ചതിൽ അതിശയിക്കാനില്ല.—ഹബക്കൂക് 1:2.
8. ഒന്നാം നൂറ്റാണ്ടിലെയും ഇന്നത്തെയും ക്രിസ്ത്യാനികൾക്ക് ഹബക്കൂക്കിന്റെ ദൃഷ്ടാന്തം സഹായകമെന്ന് തെളിയുമായിരുന്നത് എന്തുകൊണ്ട്?
8 യെരൂശലേമിന്റെ നാശം എത്ര ആസന്നമാണെന്ന് ഹബക്കൂക്കിന് അറിയില്ലായിരുന്നു. സമാനമായി, യഹൂദ വ്യവസ്ഥിതി എന്ന് അവസാനിക്കുമെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കും അറിയില്ലായിരുന്നു. അതുപോലെ, ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെ യഹോവ ന്യായവിധി നടപ്പാക്കുന്ന “നാളും നാഴികയും” നമുക്കും അറിയില്ല. (മത്തായി 24:36) ആയതിനാൽ യഹോവ ഹബക്കൂക്കിനു നൽകിയ ദ്വിമുഖ ഉത്തരത്തിനു നമുക്കു ശ്രദ്ധ നൽകാം. ഒന്നാമതായി, അന്ത്യം തക്കസമയത്തുതന്നെ വരുമെന്ന് അവൻ പ്രവാചകന് ഉറപ്പു നൽകി. മനുഷ്യന്റെ വീക്ഷണത്തിൽ അതു താമസിക്കുന്നതായി തോന്നിയേക്കാമെങ്കിലും ‘അതു താമസിക്കയില്ല’ എന്നു ദൈവം പറഞ്ഞു. (ഹബക്കൂക് 2:3) രണ്ടാമതായി, യഹോവ ഹബക്കൂക്കിനെ ഇങ്ങനെ ഓർമിപ്പിച്ചു: “നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.” (ഹബക്കൂക് 2:4) എത്ര ലളിത സുന്ദരമായ സത്യങ്ങൾ! ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഗതി, അന്ത്യം എപ്പോൾ വരുമെന്നതല്ല, പകരം നാം വിശ്വാസമുള്ള ഒരു ജീവിതം നയിക്കുന്നതിൽ തുടരുമോ എന്നതാണ്.
9. (എ) യഹോവയുടെ അനുസരണമുള്ള ദാസന്മാർ പൊ.യു.മു. 607-ലും പൊ.യു. 66-ലും തങ്ങളുടെ വിശ്വസ്തതയാൽ ജീവിച്ചിരുന്നത് എങ്ങനെ? (ബി) നാം നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് ജീവത്പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
9 പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ യിരെമ്യാവും അവന്റെ സെക്രട്ടറിയായിരുന്ന ബാരൂക്കും ഏബെദ്-മേലെക്കും വിശ്വസ്തരായ രേഖാബ്യരും ഹബക്കൂക്കിനോടുള്ള യഹോവയുടെ വാഗ്ദാനത്തിന്റെ സത്യത ദർശിച്ചു. യെരൂശലേമിന്റെ ഭീതിദമായ നാശത്തിൽനിന്ന് അവർ രക്ഷപ്പെട്ടു, അവർ ‘ജീവിച്ചിരുന്നു.’ എന്തുകൊണ്ട്? യഹോവ അവരുടെ വിശ്വസ്തതയ്ക്കു പ്രതിഫലമേകി. (യിരെമ്യാവു 35:1-19; 39:15-18; 43:4-7; 45:1-5) സമാനമായി, ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്ത്യാനികളും പൗലൊസിന്റെ ബുദ്ധിയുപദേശത്തോടു നന്നായി പ്രതികരിച്ചിട്ടുണ്ടാകണം. കാരണം, പൊ.യു. 66-ൽ റോമൻ സൈന്യം യെരൂശലേമിനെ ആക്രമിക്കുകയും തുടർന്ന് അവ്യക്തമായ കാരണങ്ങളാൽ പിൻവാങ്ങുകയും ചെയ്തപ്പോൾ ആ ക്രിസ്ത്യാനികൾ ഓടിപ്പോകാനുള്ള യേശുവിന്റെ മുന്നറിയിപ്പ് വിശ്വസ്തതയോടെ പിൻപറ്റി. (ലൂക്കൊസ് 21:20, 21) അവർ തങ്ങളുടെ വിശ്വസ്തത നിമിത്തം ജീവിച്ചിരുന്നു. സമാനമായി, അന്ത്യം വരുമ്പോൾ വിശ്വസ്തരായി കാണപ്പെടുന്നെങ്കിൽ നാമും ജീവിച്ചിരിക്കും. നമ്മുടെ വിശ്വാസത്തെ ഇപ്പോൾ ബലിഷ്ഠമാക്കുന്നതിനുള്ള എത്ര ജീവത്പ്രധാനമായ ഒരു കാരണം!
വിശ്വാസത്തിന്റെ മാതൃകകളുടെ ഒരു സജീവ വിവരണം നൽകുന്നു
10. പൗലൊസ് മോശെയുടെ വിശ്വാസത്തെ കുറിച്ചു വിവരിച്ചത് എങ്ങനെ, വിശ്വാസത്തിന്റെ കാര്യത്തിൽ നമുക്ക് എങ്ങനെ മോശെയെ അനുകരിക്കാനാകും?
10 ശക്തമായ വിശ്വാസം പ്രകടമാക്കിയവരുടെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ടും പൗലൊസ് വിശ്വാസം കെട്ടുപണി ചെയ്തു. നിങ്ങൾ എബ്രായർ 11-ാം അധ്യായം വായിക്കുമ്പോൾ, ബൈബിൾ കഥാപാത്രങ്ങളുടെ ദൃഷ്ടാന്തത്തെ കുറിച്ചുള്ള സജീവ വിവരണം അവൻ നൽകുന്നത് എങ്ങനെയെന്നു നിരീക്ഷിക്കുക. ഉദാഹരണത്തിന്, മോശെ ‘അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിന്നു’ എന്ന് അവൻ പറയുന്നു. (എബ്രായർ 11:27) മറ്റു വാക്കുകളിൽ പറഞ്ഞാൽ, അദൃശ്യനായ ദൈവത്തെ കാണാൻ സാധിച്ചു എന്നവണ്ണം യഹോവ മോശെക്ക് അത്രമാത്രം യഥാർഥമായിരുന്നു. നമ്മെ കുറിച്ചും അതുതന്നെ പറയാനാകുമോ? യഹോവയുമായുള്ള ബന്ധത്തെ കുറിച്ചു സംസാരിക്കുക എളുപ്പമാണ്. എന്നാൽ ആ ബന്ധം വളർത്തിയെടുക്കുകയും ബലിഷ്ഠമാക്കുകയും ചെയ്യുന്നതിന് ശ്രമം ആവശ്യമാണ്. അതു നാം ചെയ്യേണ്ട ജോലിയാണ്! നിസ്സാരമെന്നു തോന്നിയേക്കാവുന്ന തീരുമാനങ്ങൾ എടുക്കുമ്പോൾ പോലും യഹോവയെ പരിഗണിക്കാൻ തക്കവിധം അവൻ നമുക്ക് അത്ര യഥാർഥമാണോ? ഏറ്റവും കടുത്ത പീഡനം പോലും സഹിച്ചു നിൽക്കാൻ അത്തരം വിശ്വാസം നമ്മെ സഹായിക്കും.
11, 12. (എ) ഹാനോക്കിന്റെ വിശ്വാസം പരിശോധിക്കപ്പെട്ടത് ഏതു ചുറ്റുപാടുകളിൽ ആയിരുന്നിരിക്കാം? (ബി) ഹാനോക്കിന് പ്രോത്സാഹജനകമായ എന്തു പ്രതിഫലം ലഭിച്ചു?
11 ഹാനോക്കിന്റെ വിശ്വാസത്തെ കുറിച്ചും പരിചിന്തിക്കുക. അവൻ അഭിമുഖീകരിച്ച എതിർപ്പ് നമുക്കു വിഭാവന ചെയ്യാൻപോലും ബുദ്ധിമുട്ടായിരിക്കും. അന്നത്തെ ദുഷ്ട ജനങ്ങൾക്ക് എതിരെ തുളഞ്ഞുകയറുന്ന ഒരു ന്യായവിധി സന്ദേശം ഹാനോക്ക് പ്രഖ്യാപിക്കേണ്ടിയിരുന്നു. (യൂദാ 14, 15) ഈ വിശ്വസ്ത മനുഷ്യനെ ഭീഷണിപ്പെടുത്തിയ പീഡനം വ്യക്തമായും വളരെ ക്രൂരവും കഠിനവും ആയിരുന്നു. തന്മൂലം, ശത്രുക്കൾ അവനെ പിടികൂടുന്നതിനു മുമ്പ് യഹോവ “അവനെ എടുത്തു,” അതായത് ജീവനുള്ള അവസ്ഥയിൽനിന്ന് മരണത്തിൽ നിദ്രകൊള്ളുന്ന ഒരു അവസ്ഥയിലേക്ക് അവനെ മാറ്റി. തത്ഫലമായി, ഹാനോക്കിന് അവൻ ഉച്ചരിച്ച പ്രവചനത്തിന്റെ നിവൃത്തി കാണാൻ കഴിഞ്ഞില്ല. എന്നാൽ, ചില വിധങ്ങളിൽ കൂടുതൽ മെച്ചമായിരുന്ന ഒരു ദാനം അവനു ലഭിച്ചു.—എബ്രായർ 11:5; ഉല്പത്തി 5:22-24.
12 പൗലൊസ് ഇങ്ങനെ വിശദീകരിക്കുന്നു: “[ഹാനോക്ക്] ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.” (എബ്രായർ 11:5) ഇതിന്റെ അർഥം എന്തായിരുന്നു? മരണത്തിൽ നിദ്രപ്രാപിക്കുന്നതിനു മുമ്പ് ഹാനോക്കിന് ഏതോ തരത്തിലുള്ള ഒരു ദർശനം ലഭിച്ചിരിക്കണം—ഒരുപക്ഷേ അത്, ഒരു ദിവസം അവൻ ഉണർത്തപ്പെടുമായിരുന്ന ഒരു ഭൗമിക പറുദീസയെ കുറിച്ച് ആയിരുന്നിരിക്കാം. എന്തായിരുന്നാലും, ഹാനോക്കിന്റെ വിശ്വസ്ത ഗതിയിൽ താൻ അത്യന്തം സംപ്രീതനാണെന്ന് അവൻ അറിയാൻ യഹോവ ഇടയാക്കി. ഹാനോക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചിരുന്നു. (സദൃശവാക്യങ്ങൾ 27:11 താരതമ്യം ചെയ്യുക.) ഹാനോക്കിന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നത് ഹൃദയസ്പർശകമാണ്, അല്ലേ? സമാനമായ വിശ്വാസമുള്ള ഒരു ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ അത്തരം മാതൃകകളെ കുറിച്ച് ധ്യാനിക്കുക; അവരെ യഥാർഥ വ്യക്തികളായിത്തന്നെ കാണുക. അനുദിനം വിശ്വാസത്താൽ ജീവിക്കാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കുക. ദൈവം തന്റെ വാഗ്ദാനങ്ങളെല്ലാം നിവർത്തിക്കുന്ന തീയതിയോ അന്തിമ സമയപരിധിയോ മനസ്സിൽ കണ്ടല്ല വിശ്വാസമുള്ള തരക്കാർ യഹോവയെ സേവിക്കുന്നതെന്നും ഓർമിക്കുക. മറിച്ച്, നാം എന്നേക്കും യഹോവയെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു! അതാണ് ഈ വ്യവസ്ഥിതിയിലെയും വരുവാനുള്ള വ്യവസ്ഥിതിയിലെയും ഏറ്റവും മെച്ചമായ ജീവിത രീതി.
വിശ്വാസത്തിൽ ബലിഷ്ഠരായി വളരുന്ന വിധം
13, 14. (എ) എബ്രായർ 10:24, 25-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ നമ്മുടെ യോഗങ്ങളെ സന്തോഷപ്രദമായ അവസരങ്ങളാക്കാൻ സഹായിച്ചേക്കാവുന്നത് എങ്ങനെ? (ബി) ക്രിസ്തീയ യോഗങ്ങളുടെ പ്രധാന ഉദ്ദേശ്യം എന്താണ്?
13 വിശ്വാസം ബലിഷ്ഠമാക്കാൻ കഴിയുന്ന അനേകം പ്രായോഗിക വിധങ്ങൾ എബ്രായ ക്രിസ്ത്യാനികൾക്ക് പൗലൊസ് പറഞ്ഞുകൊടുത്തു. അതിൽ രണ്ടെണ്ണം മാത്രം നമുക്കു പരിചിന്തിക്കാം. എബ്രായർ 10:24, 25-ലെ അവന്റെ ഉദ്ബോധനം സാധ്യതയനുസരിച്ച് നമുക്കു സുപരിചിതമാണ്. അവിടെ അവൻ ക്രിസ്തീയ യോഗങ്ങൾക്കു പതിവായി കൂടിവരാൻ നമ്മെ പ്രബോധിപ്പിക്കുന്നു. എന്നാൽ, അത്തരം യോഗങ്ങളിൽ നാം വെറും നിഷ്ക്രിയ നിരീക്ഷകർ ആയിരിക്കണം എന്നല്ല പൗലൊസിന്റെ ദിവ്യനിശ്വസ്ത വാക്കുകൾ സൂചിപ്പിക്കുന്നത് എന്ന് ഓർമിക്കുക. പകരം, അന്യോന്യം അടുത്ത് അറിയാനും ദൈവത്തെ കൂടുതൽ പൂർണമായി സേവിക്കാൻ അന്യോന്യം പ്രേരിപ്പിക്കാനും അന്യോന്യം പ്രോത്സാഹിപ്പിക്കാനും ഉള്ള അവസരങ്ങളായി പൗലൊസ് യോഗങ്ങളെ വർണിക്കുന്നു. നാം അവിടെ ആയിരിക്കുന്നതു നൽകാനാണ്, സ്വീകരിക്കാൻ മാത്രമല്ല. അങ്ങനെ ചെയ്യുന്നത് നമ്മുടെ യോഗങ്ങളെ സന്തോഷപ്രദമായ അവസരങ്ങൾ ആക്കാൻ സഹായിക്കുന്നു.—പ്രവൃത്തികൾ 20:35.
14 എന്നാൽ നാം ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നത് പ്രധാനമായും യഹോവയാം ദൈവത്തെ ആരാധിക്കാനാണ്. നാം അപ്രകാരം ചെയ്യുന്നത് പ്രാർഥനയിലും ഗീതത്തിലും പങ്കുപറ്റിക്കൊണ്ടും സശ്രദ്ധം കേട്ടുകൊണ്ടും അഭിപ്രായങ്ങൾ പറയുമ്പോഴും യോഗഭാഗങ്ങൾ കൈകാര്യം ചെയ്യുമ്പോഴും യഹോവയെ സ്തുതിച്ചു സംസാരിക്കുക എന്ന “അധരഫലം” അർപ്പിച്ചുകൊണ്ടുമാണ്. (എബ്രായർ 13:15) നാം ആ ലക്ഷ്യങ്ങൾ മനസ്സിൽ പിടിക്കുകയും ഓരോ യോഗത്തിലും അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ, ഓരോ തവണയും നമ്മുടെ വിശ്വാസം നിസ്സംശയമായും ബലപ്പെടും.
15. തങ്ങളുടെ ശുശ്രൂഷ മുറുകെ പിടിക്കാൻ പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചത് എന്തുകൊണ്ട്, അതേ ബുദ്ധിയുപദേശം ഇന്നും അനുയോജ്യം ആയിരിക്കുന്നത് എന്തുകൊണ്ട്?
15 വിശ്വാസത്തെ ബലപ്പെടുത്താനുള്ള മറ്റൊരു മാർഗം പ്രസംഗ വേലയാണ്. പൗലൊസ് ഇങ്ങനെ എഴുതി: “പ്രത്യാശയുടെ സ്വീകാരം [“പരസ്യപ്രഖ്യാപനം,” NW] നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.” (എബ്രായർ 10:23) എന്തെങ്കിലും ഒരു സംഗതി ഒരുവൻ ഉപേക്ഷിക്കാൻ സാധ്യയുള്ളതായി കാണുമ്പോൾ അത് മുറുകെ പിടിക്കാൻ നിങ്ങൾ അയാളെ പ്രോത്സാഹിപ്പിച്ചേക്കാം. എബ്രായ ക്രിസ്ത്യാനികൾ തങ്ങളുടെ ശുശ്രൂഷ ഉപേക്ഷിക്കാൻ സാത്താൻ തീർച്ചയായും അവരുടെമേൽ സമ്മർദം ചെലുത്തുകയായിരുന്നു. ഇന്നും ദൈവജനത്തിന്റെ മേൽ അവൻ സമ്മർദം ചെലുത്തുന്നു. അത്തരം സമ്മർദങ്ങളുടെ മധ്യേ നാം എന്തു ചെയ്യണം? പൗലൊസ് ചെയ്തത് എന്തെന്ന് പരിചിന്തിക്കുക.
16, 17. (എ) പൗലൊസ് ശുശ്രൂഷയ്ക്കു വേണ്ടി ധൈര്യം സംഭരിച്ചത് എങ്ങനെ? (ബി) ക്രിസ്തീയ ശുശ്രൂഷയുടെ ചില വശങ്ങൾ നമ്മെ ഭയപ്പെടുത്തുന്നതായി തോന്നുന്നെങ്കിൽ നാം ഏതു മാർഗങ്ങൾ സ്വീകരിക്കണം?
16 തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികൾക്ക് പൗലൊസ് ഇങ്ങനെ എഴുതി: “നിങ്ങൾ അറിയും പോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു [“നമ്മുടെ ദൈവത്താൽ ധൈര്യം സംഭരിച്ചിരിക്കുന്നു,” NW].” (1 തെസ്സലൊനീക്യർ 2:2) പൗലൊസും സഹകാരികളും ഫിലിപ്പിയിൽ ‘അപമാനം അനുഭവിച്ചത്’ എങ്ങനെ ആയിരുന്നു? ചില പണ്ഡിതന്മാർ പറയുന്നത് അനുസരിച്ച്, പൗലൊസ് ഉപയോഗിച്ച ഗ്രീക്കു പദം നിന്ദാകരമോ ലജ്ജാകരമോ നിഷ്ഠുരമോ ആയ പെരുമാറ്റത്തെ സൂചിപ്പിക്കുന്നു. ഫിലിപ്പിയിലെ അധികാരികൾ അവരെ കോൽകൊണ്ട് അടിപ്പിക്കുകയും തടവിലാക്കുകയും ആമത്തിൽ ഇടുകയും ചെയ്തിരുന്നു. (പ്രവൃത്തികൾ 16:16-24) ആ വേദനാജനകമായ അനുഭവം പൗലൊസിനെ എങ്ങനെ ബാധിച്ചു? തന്റെ മിഷനറി പര്യടനത്തിലെ അടുത്ത നഗരമായിരുന്ന തെസ്സലൊനീക്യയിലെ ആളുകൾ അവൻ ഭയപ്പെട്ടു പിന്മാറുന്നതായി കണ്ടോ? ഇല്ല, അവൻ ‘ധൈര്യം സംഭരിച്ചു.’ ഭയത്തെ കീഴടക്കികൊണ്ട് അവൻ പ്രസംഗ പ്രവർത്തനം സധൈര്യം തുടർന്നു.
17 പൗലൊസിന് എവിടെനിന്നാണ് ധൈര്യം ലഭിച്ചത്? തന്നിൽനിന്നു തന്നെയാണോ? അല്ല, “നമ്മുടെ ദൈവത്താൽ” ധൈര്യം സംഭരിച്ചു എന്നാണ് അവൻ പറഞ്ഞത്. ഈ പ്രസ്താവനയെ “ദൈവം ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ഭയം എടുത്തു കളഞ്ഞു” എന്ന് പരിഭാഷപ്പെടുത്താവുന്നതാണെന്ന് ബൈബിൾ പരിഭാഷകർക്കു വേണ്ടിയുള്ള ഒരു പരാമർശ ഗ്രന്ഥം പറയുന്നു. ശുശ്രൂഷയിൽ ഏർപ്പെടാൻ നിങ്ങൾക്കു വേണ്ടത്ര ധൈര്യം തോന്നുന്നില്ലെങ്കിലോ ശുശ്രൂഷയുടെ ചില വശങ്ങൾ നിങ്ങളെ ഭയപ്പെടുത്തുന്നതായി നിങ്ങൾക്കു തോന്നുന്നെങ്കിലോ പൗലൊസിന്റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കാര്യത്തിലും പ്രവർത്തിക്കാൻ യഹോവയോട് അപേക്ഷിക്കരുതോ? നിങ്ങളുടെ ഹൃദയത്തിൽനിന്ന് ഭയം എടുത്തുമാറ്റാൻ അവനോട് യാചിക്കുക. പ്രസംഗ വേലയ്ക്കായി ധൈര്യം സംഭരിക്കാൻ നിങ്ങളെ സഹായിക്കാൻ അവനോട് അപേക്ഷിക്കുക. അതിനു പുറമേ, ചില പ്രായോഗിക പടികളും സ്വീകരിക്കുക. ദൃഷ്ടാന്തത്തിന്, സാക്ഷീകരണ വേലയുടെ ഏതെങ്കിലും ഒരു വശം നിങ്ങൾക്ക് ഉത്കണ്ഠ ഉളവാക്കുന്നെങ്കിൽ ആ രംഗത്ത് നല്ല അനുഭവപരിചയമുള്ള ഒരാളോടൊപ്പം പ്രവർത്തിക്കാൻ ക്രമീകരിക്കുക. അതിൽ ബിസിനസ് പ്രദേശത്തെ സാക്ഷീകരണമോ തെരുവു സാക്ഷീകരണമോ അനൗപചാരിക പ്രസംഗമോ ടെലഫോൺ സാക്ഷീകരണമോ ഒക്കെ ഉൾപ്പെടാം. നിങ്ങളോട് ഒപ്പമുള്ള വ്യക്തി ഒരുപക്ഷേ ആദ്യം നേതൃത്വമെടുക്കാൻ സന്നദ്ധത കാട്ടിയേക്കാം. അങ്ങനെയെങ്കിൽ, നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക. എന്നാൽ തുടർന്ന്, അതു സ്വന്തമായി ചെയ്തുനോക്കാൻ ധൈര്യം സംഭരിക്കുക.
18. ശുശ്രൂഷയിൽ ധൈര്യം സംഭരിക്കുന്നെങ്കിൽ നാം എന്ത് അനുഗ്രഹങ്ങൾ ആസ്വദിച്ചേക്കാം?
18 നിങ്ങൾ ധൈര്യം സംഭരിക്കുന്നെങ്കിൽ എന്തായിരിക്കാം ഫലമെന്ന് ചിന്തിക്കുക. നിങ്ങൾ സ്ഥിരോത്സാഹം കാണിക്കുകയും നിരുത്സാഹിതർ ആയിത്തീരാൻ സ്വയം അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോൾ, സത്യം പങ്കുവെക്കാത്തപക്ഷം നഷ്ടപ്പെടുമായിരുന്ന നല്ല അനുഭവങ്ങൾ നിങ്ങൾ ആസ്വദിക്കാനിടയുണ്ട്. (25-ാം പേജ് കാണുക.) ബുദ്ധിമുട്ടുള്ള ഒരു സംഗതി ചെയ്തുകൊണ്ടു പോലും നിങ്ങൾ യഹോവയെ പ്രസാദിപ്പിച്ചിരിക്കുന്നു എന്ന് അറിയുന്നതിലെ സംതൃപ്തി നിങ്ങൾക്ക് ഉണ്ടായിരിക്കും. നിങ്ങൾ അവന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ഭയത്തെ മറികടക്കാൻ അവൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായിത്തീരും. വാസ്തവത്തിൽ, സ്വന്തം വിശ്വാസത്തെ കെട്ടുപണിചെയ്യാതെ നിങ്ങൾക്ക് മറ്റുള്ളവരിൽ വിശ്വാസം കെട്ടുപണിചെയ്യാൻ സാധിക്കില്ല.—യൂദാ 20, 21.
19. ‘വിശ്വാസമുള്ള തരക്കാരെ’ ഏത് അമൂല്യ പ്രതിഫലം കാത്തിരിക്കുന്നു?
19 നിങ്ങളുടെതന്നെയും ചുറ്റുമുള്ളവരുടെയും വിശ്വാസത്തെ നിങ്ങൾ തുടർന്നും ബലപ്പെടുത്തുമാറാകട്ടെ. ദൈവവചനത്തിന്റെ വിദഗ്ധമായ ഉപയോഗത്തിലൂടെ നിങ്ങളെയും മറ്റുള്ളവരെയും കെട്ടുപണി ചെയ്തുകൊണ്ടും വിശ്വാസത്തിന്റെ ബൈബിൾ മാതൃകകൾ പഠിച്ചുകൊണ്ടും അവയെ ജീവസ്സുറ്റതാക്കിക്കൊണ്ടും ക്രിസ്തീയ യോഗങ്ങൾക്കായി തയ്യാറാകുകയും അതിൽ പങ്കുപറ്റുകയും ചെയ്തുകൊണ്ടും പരസ്യ ശുശ്രൂഷ എന്ന അമൂല്യ പദവി മുറുകെ പിടിച്ചുകൊണ്ടും നിങ്ങൾക്ക് അപ്രകാരം ചെയ്യാനാകും. ഈ കാര്യങ്ങൾ ചെയ്യുമ്പോൾ, നിങ്ങൾ തീർച്ചയായും ‘വിശ്വാസമുള്ള തരക്കാരിൽ’ ഒരുവൻ ആണെന്ന് ഉറപ്പുണ്ടായിരിക്കുക. ഇത്തരത്തിൽ ഉള്ളവർക്ക് ഒരു അമൂല്യ പ്രതിഫലം ഉണ്ടെന്നും ഓർമിക്കുക. അവർ “വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്ന തരക്കാരാണ്.”b നിങ്ങളുടെ വിശ്വാസം തുടർന്നും വളരുകയും യഹോവ നിങ്ങളെ എന്നേക്കും ജീവനോടെ സംരക്ഷിക്കുകയും ചെയ്യട്ടെ!
[അടിക്കുറിപ്പുകൾ]
a ഹബക്കൂക് 2:4-ന്റെ സെപ്റ്റുവജിന്റ് പരിഭാഷയാണ് പൗലൊസ് ഉദ്ധരിച്ചത്. അതിൽ, “പിന്മാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല” എന്ന വാക്യഭാഗം ഉണ്ട്. എന്നാൽ നിലവിലുള്ള എബ്രായ കയ്യെഴുത്തുപ്രതികളിൽ ഒന്നിലും ഈ പ്രസ്താവന കാണുന്നില്ല. സെപ്റ്റുവജിന്റ് ഇപ്പോൾ അസ്തിത്വത്തിൽ ഇല്ലാത്ത ആദ്യകാല എബ്രായ കയ്യെഴുത്തുപ്രതികളിൽ അധിഷ്ഠിതമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്തായിരുന്നാലും, പൗലൊസ് അത് ഇവിടെ ഉൾപ്പെടുത്തിയത് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്വാധീനത്താലാണ്. ആയതിനാൽ അത് ദിവ്യ ആധികാരികത ഉള്ളതാണ്.
b 2000-ാം ആണ്ടിലേക്കുള്ള യഹോവയുടെ സാക്ഷികളുടെ വാർഷിക വാക്യം ഇതാണ്: ‘നാം പിന്മാറുന്ന തരക്കാരല്ല പിന്നെയോ വിശ്വാസമുള്ള തരക്കാരാണ്.’—എബ്രാ. 10:39, NW.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ പൗലൊസ് എബ്രായ ക്രിസ്ത്യാനികളിൽ വിശ്വാസം പ്രകടിപ്പിച്ചത് എങ്ങനെ, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
□ പൗലൊസ്, ഹബക്കൂക് പ്രവാചകനെ പരാമർശിച്ചത് വളരെ അനുയോജ്യമായിരുന്നത് എന്തുകൊണ്ട്?
□ വിശ്വാസത്തിന്റെ ഏതു തിരുവെഴുത്തുപരമായ മാതൃകകളെ കുറിച്ച് പൗലൊസ് ഒരു സജീവ വിശദീകരണം നൽകി?
□ വിശ്വാസം കെട്ടുപണി ചെയ്യാനുള്ള ഏതു പ്രായോഗിക മാർഗങ്ങളാണു പൗലൊസ് ശുപാർശ ചെയ്തത്?
[23-ാം പേജിലെ ചിത്രം]
ഫിലിപ്പിയിൽ ഉണ്ടായ വേദനാജനകമായ അനുഭവത്തിനു ശേഷം, തുടർന്നു പ്രസംഗിക്കാൻ പൗലൊസ് ധൈര്യം സംഭരിച്ചു
[24-ാം പേജിലെ ചിത്രങ്ങൾ]
സാക്ഷീകരണത്തിന്റെ വ്യത്യസ്ത വശങ്ങൾ പരീക്ഷിച്ചു നോക്കാൻ നിങ്ങൾക്കു ധൈര്യം സംഭരിക്കാനാകുമോ?