വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
എബ്രായർ 11:26-ൽ മോശയെ “ക്രിസ്തു” എന്നു പറഞ്ഞിരിക്കുകയാണോ, അതോ അവൻ യേശുക്രിസ്തുവിന്റെ ഒരു മാതൃകയായിരുന്നോ?
മോശയുടെ വിശ്വാസത്തേക്കുറിച്ചു ചർച്ചചെയ്തപ്പോൾ, മോശ “പ്രതിഫലം നോക്കിയതുകൊണ്ടു . . . മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു” എന്ന് അപ്പൊസ്തലനായ പൗലോസ് എഴുതി. (എബ്രായർ 11:26) പൗലോസ് മോശയെ ഒരർത്ഥത്തിൽ “ക്രിസ്തു,” അഥവാ അഭിഷിക്തൻ എന്നു പരാമർശിക്കുകയായിരുന്നുവെന്നു തോന്നുന്നു.
വിവിധ വശങ്ങളിൽ മോശ വരാനിരുന്ന മിശിഹയുടെ ഒരു മാതൃക വെച്ചു എന്നു സമ്മതിക്കാം. മോശതന്നെ ഒരു പ്രവാചകനായിരുന്നെങ്കിലും ‘അവനെപ്പോലെയുള്ള’ വരാനിരുന്ന ഒരു വലിപ്പമേറിയ പ്രവാചകനെക്കുറിച്ച് അവൻ മുൻകൂട്ടിപ്പറഞ്ഞു. അനേകം യഹൂദൻമാർ യേശു “ആ പ്രവാചകൻ” ആണെന്നു തിരിച്ചറിഞ്ഞു, അത് അവന്റെ അനുഗാമികൾ സ്ഥിരീകരിച്ചു. (ആവർത്തനം 18:15-19; യോഹന്നാൻ 1:21; 5:46; 6:14; 7:40; പ്രവൃത്തികൾ 3:22, 23; 7:37) മോശ ന്യായപ്രമാണ ഉടമ്പടിയുടെ മദ്ധ്യസ്ഥനും ആയിരുന്നു, എന്നാൽ യേശു മഹത്ത്വമാർന്ന പുതിയ ഉടമ്പടിയായ “പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ” എന്ന നിലയിൽ “വിശേഷതയേറിയ ശുശ്രൂഷ” സ്വീകരിച്ചു. (എബ്രായർ 8:6; 9:15; 12:24; ഗലാത്യർ 3:19; 1 തിമൊഥെയൊസ് 2:5) അതുകൊണ്ടു ചില വശങ്ങളിൽ മോശ വരാനിരുന്ന മിശിഹായുടെ ഒരു മാതൃകയായിരുന്നതായി പറയാൻ കഴിയും.
എന്നിരുന്നാലും, എബ്രായർ 11:26-ന്റെ പ്രാഥമിക അർത്ഥം അതാണെന്നു തോന്നുന്നില്ല. ഈജിപ്ററിൽ താൻ സഹിച്ചത് മിശിഹായ്ക്കുവേണ്ടി അല്ലെങ്കിൽ അവന്റെ ഒരു പ്രതിനിധിയെന്നനിലയിൽ ആണെന്നു ബോധപൂർവ്വം വിലയിരുത്തത്തക്കവണ്ണം മിശിഹായെ സംബന്ധിച്ച വിശദാംശങ്ങൾ മോശയ്ക്ക് അറിയാമായിരുന്നുവെന്ന് ഒരു സൂചനയുമില്ല.
എബ്രായർ 11:26-ലെ പൗലോസിന്റെ വാക്കുകൾക്ക്, ക്രിസ്ത്യാനികൾ “ക്രിസ്തുവിന്റെ കഷ്ടങ്ങൾ”ക്കു വിധേയരായി എന്ന അവന്റെ അഭിപ്രായത്തോടു സമാനമായ ഒരർത്ഥമാണുള്ളതെന്നു ചിലർ നിർദ്ദേശിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 1:5) യേശുക്രിസ്തു കഷ്ടം അനുഭവിച്ചിരുന്നുവെന്നും തങ്ങൾ ‘ഒരുമിച്ചു കഷ്ടം അനുഭവിച്ചാൽ’ സ്വർഗ്ഗത്തിൽ ‘ഒരുമിച്ചു തേജസ്ക്കരിക്കപ്പെടു’മെന്നും അഭിഷിക്ത ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. എന്നാൽ മോശ വരാനിരുന്ന മിശിഹ എന്തു സഹിക്കുമെന്ന് അറിഞ്ഞിരുന്നില്ല, മോശയ്ക്ക് ഒരു സ്വർഗ്ഗീയ പ്രത്യാശ ഉണ്ടായിരുന്നതുമില്ല.—റോമർ 8:17; കൊലൊസ്സ്യർ 1:24.
മോശ എങ്ങനെ “ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണി”യെന്നുള്ളതിനെപ്പററി അതിലും ലളിതമായ ഒരു വിശദീകരണമുണ്ട്.
പൗലോസ് എബ്രായർ 11:26-ൽ “ക്രിസ്തു” എന്നെഴുതിയപ്പോൾ അവൻ ക്രിസ്ററൗ എന്ന ഗ്രീക്കുപദം ഉപയോഗിച്ചു, അതു മശിയാക് എന്ന എബ്രായപദത്തിന്റെ അഥവാ മിശിഹ എന്നതിന്റെ തുല്യപദമാണ്. “മിശിഹ” എന്നും “ക്രിസ്തു” എന്നുമുള്ള പദങ്ങളുടെ അർത്ഥം “അഭിഷിക്തൻ” എന്നാണ്. അതുകൊണ്ട് മോശ ‘അഭിഷിക്തന്റെ നിന്ദയെ എണ്ണു’ന്നതിനേക്കുറിച്ചു പൗലോസ് എഴുതുകയായിരുന്നു. മോശയെത്തന്നെ ഒരു “അഭിഷിക്തൻ” എന്നു വിളിക്കാൻ കഴിയുമായിരുന്നോ?
ഉവ്വ്. ബൈബിൾകാലങ്ങളിൽ ഒരു വ്യക്തിയുടെ തലയിൽ എണ്ണ ഒഴിച്ചുകൊണ്ട് അയാളെ ഒരു പ്രത്യേക പദവിയിൽ സ്ഥിരപ്പെടുത്താൻ കഴിയുമായിരുന്നു. “അപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ [ശൗലിന്റെ] തലയിൽ ഒഴിച്ചു.” “ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരൻമാരുടെ നടുവിൽവെച്ചു അവനെ [ദാവീദിനെ] അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിൻമേൽ വന്നു.” (1 ശമൂവേൽ 10:1; 16:13; താരതമ്യം ചെയ്യുക: പുറപ്പാടു 30:25, 30; ലേവ്യപുസ്തകം 8:12; 2 ശമൂവേൽ 22:51; സങ്കീർത്തനം 133:2.) എന്നിരുന്നാലും, അക്ഷരീയ തൈലം ഒഴിച്ചതിന്റെ ഒരു തെളിവുമില്ലെങ്കിലും ഏലീശ പ്രവാചകനും അരാമ്യരാജാവായ ഹസായേലും പോലുള്ള ചിലർ “അഭിഷേകം ചെയ്യപ്പെടു”ന്നതായി പറഞ്ഞിരിക്കുന്നു. (1 രാജാക്കൻമാർ 19:15, 16; സങ്കീർത്തനം 105:14, 15; യെശയ്യാവു 45:1) അക്കാരണത്താൽ, തിരഞ്ഞെടുക്കുകയോ പ്രത്യേകമായി നിയോഗിക്കുകയോ വഴി ഒരു വ്യക്തിക്ക് ഒരു “അഭിഷിക്തൻ” ആയിരിക്കാൻ കഴിയുമായിരുന്നു.
ഈ അർത്ഥത്തിൽ മോശതന്നെ ദൈവത്തിന്റെ അഭിഷിക്തൻ ആയിരുന്നു, എബ്രായർ 11:26-ൽ “ദൈവത്തിന്റെ അഭിഷിക്തൻ” എന്നോ “അഭിഷിക്തനായവൻ” എന്നോ പോലും ചില ബൈബിളുകൾ ഭാഷാന്തരം ചെയ്യുന്നു. മോശ യഹോവയുടെ പ്രതിനിധിയും ഇസ്രയേലിനെ ഈജിപ്ററിൽനിന്നു നയിക്കാനുള്ളവനും എന്നനിലയിൽ നിയോഗിക്കപ്പെട്ടു. (പുറപ്പാടു 3:2-12, 15-17) മോശ, ഈജിപ്ററിലെ ധനത്തിനും പ്രതാപത്തിനും മദ്ധ്യേ വളർത്തപ്പെട്ടിരുന്നുവെങ്കിലും അവൻ തന്റെ നിയോഗത്തെ വിലയേറിയ നിക്ഷേപമായി കരുതി, അവൻ അതു സ്വീകരിക്കുകയും നിറവേററുകയും ചെയ്തു. അപ്രകാരം മോശ “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണി”യെന്നു പൗലോസിന് എഴുതാൻ കഴിഞ്ഞു.