ഈ ദുഷ്കര നാളുകളിൽ “ഹൃദയശുദ്ധി” കാത്തുസൂക്ഷിക്കുക
“സദാചാരം സഭയിൽ ഇന്നൊരു പ്രശ്നമായിത്തീർന്നിരിക്കുന്നു എന്ന വസ്തുത നിഷേധിക്കാൻ ആർക്കുമാവില്ല.” സമീപകാലത്ത് ഇറ്റലിയിൽ കത്തോലിക്കാസഭ ഉൾപ്പെട്ട ലൈംഗികാപവാദങ്ങളെക്കുറിച്ച് കത്തോലിക്കാ പത്രപ്രവർത്തകനായ വിറ്റോറ്യോ മിസ്സോറി നടത്തിയ പ്രസ്താവനയാണിത്. “പുരോഹിതന്മാർക്കുള്ള ബ്രഹ്മചര്യ നിബന്ധന നീക്കിയതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. കാരണം 80 ശതമാനം കേസുകളും സ്വവർഗരതിയോടു ബന്ധപ്പെട്ടതാണ്; പുരുഷന്മാരെയും ആൺകുട്ടികളെയും പുരോഹിതന്മാർ ലൈംഗികചൂഷണത്തിനു വിധേയരാക്കിയതിനോടു ബന്ധപ്പെട്ടവ.”—ലാ സ്റ്റാമ്പ.
വർധിച്ചുവരുന്ന ദുഷ്പ്രവൃത്തികൾ ‘അന്ത്യകാലത്തിന്റെ’ അടയാളമാണ്. (2 തിമൊ. 3:1-5) സദാചാരമൂല്യങ്ങളുടെ ശോഷണം സാധാരണക്കാരെ മാത്രമല്ല ദൈവത്തിന്റെ ആളുകളെന്ന് അവകാശപ്പെടുന്നവരെയും മോശമായി സ്വാധീനിച്ചിരിക്കുന്നു എന്ന് വാർത്തകൾ കാണിക്കുന്നു. അവരുടെ ദുഷിച്ച, അശുദ്ധ ഹൃദയമാണ് ഇത്തരം വഴിവിട്ട ചെയ്തികൾക്ക് അവരെ പ്രേരിപ്പിക്കുന്നത്. (എഫെ. 2:2) “ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ” ‘ഹൃദയത്തിൽനിന്നു പുറപ്പെടുന്നവയാണെന്ന്’ യേശു പറഞ്ഞത് വെറുതെയല്ല. (മത്താ. 15:19) എന്നാൽ, തന്റെ ദാസന്മാർ “ഹൃദയശുദ്ധി” ഇഷ്ടപ്പെടുന്നവരായിരിക്കണം എന്നാണ് യഹോവയുടെ ആഗ്രഹം. (സദൃ. 22:11) അങ്ങനെയെങ്കിൽ, ഈ ദുഷ്കര നാളുകളിൽ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ ഹൃദയശുദ്ധി കാത്തുസൂക്ഷിക്കാനാകും?
“ഹൃദയശുദ്ധി”—എന്താണ് അർഥം?
ബൈബിളിൽ “ഹൃദയം” എന്ന പദം പൊതുവെ ആലങ്കാരിക അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു പരാമർശകൃതി പറയുന്നതനുസരിച്ച്, ബൈബിളിൽ പറയുന്ന ഹൃദയം “മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലുള്ളതിനെ” സൂചിപ്പിക്കുന്നു. “ഒരു മനുഷ്യനിൽ ദൈവം മുഖ്യമായും ശ്രദ്ധിക്കുന്നത്” ഈ ആലങ്കാരിക ഹൃദയത്തെയാണ്. “ഒരു വ്യക്തിയുടെ ധാർമിക നടത്തയെ നിർണയിക്കുന്നതും ദൈവവുമായുള്ള അയാളുടെ ബന്ധത്തിന് അടിത്തറപാകുന്നതും” ഈ ആലങ്കാരിക ഹൃദയമാണ്. ഈ ഹൃദയം നാം അകമെ ആരാണ് എന്ന് കാണിക്കുന്നു. മുകളിൽ ഉദ്ധരിച്ചിരിക്കുന്നതുപോലെ, തന്റെ ദാസന്മാരിൽ യഹോവ പരിശോധിക്കുന്നതും അവൻ വിലയേറിയതായി കണക്കാക്കുന്നതും ഈ ഹൃദയത്തെയാണ്.—1 പത്രോ. 3:4.
ബൈബിളിൽ “ശുദ്ധം,” “നിർമലം” എന്നീ പദങ്ങൾ ജഡിക ശുദ്ധിയെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ധാർമികവും ആത്മീയവുമായ അർഥത്തിൽ മലിനമാകാത്ത, ദുഷിപ്പിക്കപ്പെടാത്ത, കറപുരളാത്ത കാര്യങ്ങളെ പരാമർശിക്കാനും ഈ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഗിരിപ്രഭാഷണത്തിൽ യേശു ഇപ്രകാരം പറഞ്ഞു: “ഹൃദയശുദ്ധിയുള്ളവർ അനുഗൃഹീതർ.” അകമെ ശുദ്ധരായവരെയാണ് യേശു ഇവിടെ ഉദ്ദേശിച്ചത്. (മത്താ. 5:8) അവരുടെ വികാരങ്ങളും ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും ശുദ്ധമായിരിക്കും. യഹോവയോടുള്ള നന്ദി അവനെ മുഴുഹൃദയാ, ആത്മാർഥമായി, കാപട്യമില്ലാതെ സ്നേഹിക്കാൻ അവരെ പ്രചോദിപ്പിക്കും. (ലൂക്കോ. 10:27) ഈ അർഥത്തിൽ ശുദ്ധരായിരിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ?
“ഹൃദയശുദ്ധി” കാക്കുക—എന്തുകൊണ്ട് പ്രയാസം?
യഹോവയുടെ ദാസന്മാർ “വെടിപ്പുള്ള കയ്യും” ഒപ്പം “നിർമ്മലഹൃദയവും” ഉള്ളവരായിരിക്കണം. (സങ്കീ. 24:3, 4) എന്നാൽ ഹൃദയം നിർമലമായി സൂക്ഷിക്കുന്നത് ദൈവദാസന്മാരെ സംബന്ധിച്ചിടത്തോളം ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല. സാത്താനും അവന്റെ കീഴിലുള്ള ലോകവും നമ്മുടെതന്നെ അപൂർണതയും നമ്മെ യഹോവയിൽനിന്ന് അകറ്റാൻ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ടാണിരിക്കുന്നത്. ഈ സമ്മർദങ്ങളെ ചെറുക്കാൻ നാം “ഹൃദയശുദ്ധി”യെ പ്രിയപ്പെടണം, അത് കാത്തുസൂക്ഷിക്കാൻ നിശ്ചയദാർഢ്യമുള്ളവരായിരിക്കണം. അങ്ങനെ ചെയ്യുന്നത് നമുക്കൊരു സംരക്ഷണമായിരിക്കും; ദൈവത്തിന്റെ സുഹൃത്തുക്കളായി തുടരാനും നമുക്കു കഴിയും. ആകട്ടെ, ഹൃദയം ശുദ്ധമായി സൂക്ഷിക്കാൻ നമുക്ക് എങ്ങനെ കഴിയും?
എബ്രായർ 3:12-ൽ നാം ഈ മുന്നറിയിപ്പ് കാണുന്നു: “സഹോദരന്മാരേ, നിങ്ങൾ ജീവനുള്ള ദൈവത്തിൽനിന്നു വിട്ടുമാറിയിട്ട് വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലും രൂപപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.” ‘വിശ്വാസമില്ലാത്ത ഒരു ഹൃദയം’ നാം വളർത്തിയെടുത്താൽ “ഹൃദയശുദ്ധി”യുള്ളവരായി തുടരാൻ നമുക്കാവില്ല. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ദുർബലമാക്കാൻ പിശാചായ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന് അവൻ ഏതെല്ലാം ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്? പരിണാമ സിദ്ധാന്തം, ശരിയും തെറ്റും സംബന്ധിച്ച് കൃത്യമായ നിലവാരങ്ങളില്ല എന്ന വാദം, വിശുദ്ധ തിരുവെഴുത്തുകൾ ദിവ്യനിശ്വസ്തമാണോ എന്ന സംശയം മുതലായവ അത്തരം ചില ആശയങ്ങളാണ്. ഹാനികരമായ അത്തരം ആശയഗതികൾ നമ്മെ സ്വാധീനിക്കാൻ അനുവദിക്കരുത്. (കൊലോ. 2:8) ദിനംതോറും ബൈബിൾ വായിക്കുന്നതും അതേക്കുറിച്ച് ഗഹനമായി ധ്യാനിക്കുന്നതുമാണ് ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ദൈവവചനത്തിൽനിന്ന് സൂക്ഷ്മപരിജ്ഞാനം നേടുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹം വർധിക്കും; മനുഷ്യരോട് അവൻ ഇടപെടുന്ന വിധം മെച്ചമായി മനസ്സിലാക്കാനും വിലമതിക്കാനും നമുക്കാകും. വഴിതെറ്റിക്കുന്ന ന്യായവാദങ്ങൾ തള്ളിക്കളയാനും യഹോവയിലുള്ള വിശ്വാസം ശക്തമാക്കി നിറുത്താനും അങ്ങനെ ശുദ്ധമായ ഹൃദയം കാത്തുസൂക്ഷിക്കാനും ആ സ്നേഹവും വിലമതിപ്പും കൂടിയേ തീരൂ.—1 തിമൊ. 1:3-5.
ജഡമോഹം കെണിയാകുമ്പോൾ
“ഹൃദയശുദ്ധി” കാത്തുസൂക്ഷിക്കുന്നതിന് ജഡികാഭിലാഷങ്ങളും ഭൗതിക വസ്തുക്കളോടുള്ള മോഹവും വിലങ്ങുതടികളായേക്കാം. (1 യോഹ. 2:15, 16) പണത്തോടുള്ള സ്നേഹം അഥവാ സമ്പത്തും വസ്തുവകകളും വാരിക്കൂട്ടാനുള്ള ആഗ്രഹം ഹൃദയത്തെ ദുഷിപ്പിക്കും. ദൈവത്തിനു ഹിതകരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ അത് ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിച്ചേക്കാം. ചിലർ ജോലിയിൽ കള്ളത്തരം കാണിക്കുകയോ മറ്റുള്ളവരെ വഞ്ചിക്കുകയോ വസ്തുവകകൾ മോഷ്ടിക്കുകയോ ചെയ്യാൻ ഇടവന്നിരിക്കുന്നത് അതുകൊണ്ടാണ്.—1 തിമൊ. 6:9, 10.
യഹോവയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം വളർത്തിയെടുക്കുന്നതും നീതിയെ സ്നേഹിക്കുന്നതും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്യുന്നതും നാം “ഹൃദയശുദ്ധി”യെ പ്രിയപ്പെടുന്നു എന്നതിന്റെ തെളിവാണ്. എക്കാലവും “സകലത്തിലും സത്യസന്ധരായിരിക്കാൻ” ആ പ്രിയം നമ്മെ പ്രചോദിപ്പിക്കും. (എബ്രാ. 13:18) നാം സത്യസന്ധരായി നീതിമാർഗത്തിൽ നടക്കുമ്പോൾ അത് മറ്റുള്ളവർക്ക് നല്ലൊരു സാക്ഷ്യമാകും. ഇറ്റലിയിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറാണ് സാക്ഷിയായ എമിലിയോ. ഒരിക്കൽ അദ്ദേഹത്തിന് 470 യൂറോ (ഏകദേശം 33,000 രൂപ) അടങ്ങിയ ഒരു പേഴ്സ് കളഞ്ഞുകിട്ടി. അദ്ദേഹം അത് തന്റെ സൂപ്പർവൈസറെ ഏൽപ്പിച്ചു. പിന്നീട് സൂപ്പർവൈസർ അത് ഉടമസ്ഥനു കൈമാറി. എമിലിയോ ചെയ്ത കാര്യം സഹപ്രവർത്തകരെ അമ്പരപ്പിച്ചു. അവരിൽ ചിലർ ഇതുനിമിത്തം ബൈബിളിൽ താത്പര്യം കാണിക്കുകയും അധ്യയനം സ്വീകരിക്കുകയും ചെയ്തു. ഫലമോ? രണ്ടു കുടുംബങ്ങളിൽനിന്നായി ഏഴുപേർ സത്യം സ്വീകരിച്ചു. അതെ, നാം ഹൃദയശുദ്ധിയോടെ സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ, ദൈവത്തെ മഹത്ത്വപ്പെടുത്താൻ അത് മറ്റുള്ളവർക്ക് പ്രചോദനമേകും.—തീത്തൊ. 2:10.
ലൈംഗികതയെക്കുറിച്ച് വികലമായ, അധാർമിക വീക്ഷണം വെച്ചുപുലർത്തുന്നതും ഒരു ക്രിസ്ത്യാനിയുടെ ഹൃദയശുദ്ധി നഷ്ടമാകാൻ ഇടയാക്കും. വിവാഹത്തിനു മുമ്പും വിവാഹത്തിനു പുറത്തും ഉള്ള ലൈംഗികതയും സ്വവർഗരതിയുമെല്ലാം അനേകരും സാധാരണ കാര്യങ്ങളായിട്ടാണ് വീക്ഷിക്കുന്നത്. ഈ വീക്ഷണം ഒരു ക്രിസ്ത്യാനിയെയും സ്വാധീനിച്ചേക്കാം. ലൈംഗിക അധാർമികതയ്ക്കു വശംവദനാകുന്ന ഒരാൾ തന്റെ പാപം മറച്ചുവെക്കാനും ഒരു കപടജീവിതം നയിക്കാനും തുടങ്ങിയെന്നുവരും. അത് ഒരിക്കലും “ഹൃദയശുദ്ധി”യുടെ ലക്ഷണമല്ല.
പതിനഞ്ചു വയസ്സുള്ളപ്പോൾ ഗബ്രീലി സ്നാനമേറ്റു. ഉടനെതന്നെ പയനിയറിങ്ങും തുടങ്ങി. എന്നാൽ പിന്നീട് ചീത്ത കൂട്ടുകാരുമൊത്ത് നൈറ്റ്ക്ലബുകളിൽ സമയം ചെലവഴിക്കുന്നത് അവന്റെ ഒരു ശീലമായി. (സങ്കീ. 26:4) വഴിപിഴച്ച ഒരു കപട ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. ഒടുവിൽ അവനെ സഭയിൽനിന്ന് പുറത്താക്കേണ്ടിവന്നു. യഹോവയിൽനിന്നുള്ള ആ ശിക്ഷണനടപടി അവനെ ഇരുത്തി ചിന്തിപ്പിച്ചു. ഗബ്രീലി പറയുന്നു: “മുമ്പ് ഒട്ടും പ്രാധാന്യംകൊടുക്കാതിരുന്ന കാര്യങ്ങൾ ഞാൻ ഗൗരവമായെടുക്കാൻതുടങ്ങി. ദിവസവും ബൈബിൾ വായിച്ചുകൊണ്ട് യഹോവ പറയുന്നതെന്താണെന്ന് ഞാൻ ശ്രദ്ധിച്ചു. അതുപോലെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ നന്നായി പഠിക്കാനും തുടങ്ങി. വ്യക്തിപരമായ പഠനം എത്ര സംതൃപ്തിതരുന്നതും പ്രയോജനപ്രദവുമാണെന്ന് ഞാൻ മനസ്സിലാക്കി. ബൈബിൾ വായനയും ഹൃദയംഗമമായ പ്രാർഥനയും നമ്മെ എത്രമാത്രം ശക്തിപ്പെടുത്തുമെന്നും ഞാൻ തിരിച്ചറിഞ്ഞു.” തന്റെ അധാർമിക ജീവിതം ഉപേക്ഷിച്ച് യഹോവയുമായുള്ള ബന്ധത്തിലേക്ക് വീണ്ടും വരാൻ ഇതെല്ലാം ഗബ്രീലിയെ സഹായിച്ചു.
ഇപ്പോൾ ഭാര്യയോടൊത്ത് ഗബ്രീലി പയനിയറിങ് ചെയ്യുന്നു. ബൈബിളും “വിശ്വസ്തനും വിവേകിയുമായ അടിമ” നൽകുന്ന പ്രസിദ്ധീകരണങ്ങളും പഠിക്കുന്നത്, ഹൃദയശുദ്ധിയുള്ളവരായിരിക്കാനും അധാർമികതയെ ചെറുത്തുനിൽക്കാനും നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് ഗബ്രീലിയുടെ ദൃഷ്ടാന്തം വ്യക്തമാക്കുന്നു.—മത്താ. 24:45; സങ്കീ. 143:10.
“ഹൃദയശുദ്ധി”—പരിശോധന നേരിടുമ്പോൾ
എതിരാളികളിൽനിന്നുള്ള പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, ഗുരുതരമായ രോഗങ്ങൾ എന്നിവ ദൈവദാസരിൽ ചിലരെ വല്ലാതെ ഭാരപ്പെടുത്തുന്നു. അത്തരം സാഹചര്യങ്ങളിൽ അവരുടെ മനസ്സിടിഞ്ഞുപോയേക്കാം. ദാവീദ് രാജാവിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. “എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു” എന്ന് അവൻ എഴുതി. (സങ്കീ. 143:4) അത്തരമൊരു അവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ എന്താണ് അവനെ സഹായിച്ചത്? യഹോവ തന്റെ ദാസന്മാരോട് ഇടപ്പെട്ടിരിക്കുന്ന വിധവും അവൻ മുമ്പ് തന്നെ വിടുവിച്ചതുമെല്ലാം ദാവീദ് ഓർത്തു. യഹോവ തന്റെ മഹനീയ നാമത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും ദാവീദ് ധ്യാനിച്ചു. യഹോവയുടെ പ്രവൃത്തികളെക്കുറിച്ചായിരുന്നു ദാവീദ് സദാ ചിന്തിച്ചിരുന്നത്. (സങ്കീ. 143:5) സമാനമായി, നമ്മുടെ സ്രഷ്ടാവിനെക്കുറിച്ചും അവൻ നമുക്കായി ചെയ്തിരിക്കുന്നതും ഇപ്പോൾ ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ചും ധ്യാനിക്കുന്നത്, പരിശോധനകൾ നേരിടാൻ നമ്മെ സഹായിക്കും.
ആരെങ്കിലും നമ്മളോട് തെറ്റു ചെയ്തെന്ന് തോന്നുമ്പോൾ നമുക്ക് വിഷമം തോന്നും. എന്നാൽ അതേക്കുറിച്ച് സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നെങ്കിൽ നമ്മുടെ ഉള്ളിൽ സഹോദരങ്ങളോട് നീരസം വളർന്നേക്കാം. നാം മറ്റുള്ളവരിൽനിന്നെല്ലാം അകന്ന് ഒറ്റപ്പെട്ടു കഴിയാൻ തീരുമാനിച്ചേക്കാം; മറ്റാളുകളിലൊന്നും താത്പര്യമെടുക്കാതായേക്കാം. പക്ഷേ, “ഹൃദയശുദ്ധി” ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം പെരുമാറ്റം ഉചിതമായിരിക്കുമോ? “ഹൃദയശുദ്ധി” കാത്തുസൂക്ഷിക്കാൻ, നാം നമ്മുടെ ക്രിസ്തീയ സഹോദരങ്ങളോട് ഇടപെടുന്ന വിധത്തിനും അവരുമായി ഒരു പ്രശ്നമുണ്ടാകുമ്പോൾ നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനും ശ്രദ്ധകൊടുക്കേണ്ടതുണ്ട്.
അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ “ഹൃദയശുദ്ധി”യെ പ്രിയപ്പെടുന്നതിനാൽ, സത്യക്രിസ്ത്യാനികളായ നാം വ്യത്യസ്തരായി കാണപ്പെടുന്നു. ദൈവഹിതം ചെയ്യുന്നതിന്റെ ഫലമായി ലഭിക്കുന്ന ആന്തരിക സമാധാനം നമ്മുടെ ജീവിതം സമ്പുഷ്ടമാക്കുന്നു. എല്ലാറ്റിനുമുപരി, ‘നിർമലഹൃദയമുള്ളവരെ’ സ്നേഹിക്കുന്ന സ്രഷ്ടാവായ യഹോവയാം ദൈവവുമായി ഒരു ഉറ്റസൗഹൃദം ആസ്വദിക്കാൻ നമുക്കാകുന്നു. (സങ്കീ. 73:1) “ഹൃദയശുദ്ധി”യുള്ളവർക്കുവേണ്ടി ദൈവം പ്രവർത്തിക്കുമ്പോൾ, യേശു വാഗ്ദാനം ചെയ്തതുപോലെ “അവർ ദൈവത്തെ കാണും.” അവരിൽ ഒരാളായിരിക്കാനുള്ള അനുഗൃഹീത പദവി നമുക്കുമുണ്ട്.—മത്താ. 5:8.