അൾത്താര—ആരാധനയിൽ അതിനുള്ള സ്ഥാനം എന്താണ്?
ആരാധനയിലെ ഒരു അടിസ്ഥാന സംഗതിയായിട്ടാണോ നിങ്ങൾ അൾത്താരയെ വീക്ഷിക്കുന്നത്? ക്രൈസ്തവലോകത്തിലെ പള്ളികളിൽ പോകുന്ന അനേകരെ സംബന്ധിച്ചിടത്തോളം അൾത്താര അഥവാ മദ്ബഹ ഒരു ആകർഷണ കേന്ദ്രമാണ്. അൾത്താരയുടെ ഉപയോഗത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ബലിപീഠത്തെ അഥവാ യാഗപീഠത്തെ (altar) കുറിച്ച് ബൈബിൾ എന്താണു പറയുന്നത് എന്ന് നിങ്ങൾ പരിശോധിച്ചു നോക്കിയിട്ടുണ്ടോ?
ബൈബിളിൽ യാഗപീഠത്തെ കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത് ഉല്പത്തി പുസ്തകത്തിലാണ്. ജലപ്രളയത്തിനു ശേഷം പെട്ടകത്തിൽനിന്നു പുറത്തുവന്നപ്പോൾ മൃഗങ്ങളെ യാഗം അർപ്പിക്കുന്നതിനായി നോഹ പണിതതായിരുന്നു ആ യാഗപീഠം.a—ഉല്പത്തി 8:20.
ബാബേലിൽവെച്ച് ദൈവം ഭാഷ കലക്കിയതിനെത്തുടർന്നു മനുഷ്യവർഗം സർവഭൂതലത്തിലും വ്യാപിച്ചു. (ഉല്പത്തി 11:1-9) ആരാധനയോടുള്ള മനുഷ്യന്റെ ജന്മസിദ്ധമായ ആഭിമുഖ്യം നിമിത്തം അവർ ദൈവത്തോട് അടുക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ചു. തങ്ങൾക്ക് തികച്ചും അജ്ഞാതനായ ആ ദൈവത്തെ തേടി അവർ അന്ധരെപ്പോലെ ‘തപ്പിത്തടഞ്ഞു’. (പ്രവൃത്തികൾ 17:27; റോമർ 2:14, 15) നോഹയുടെ കാലം മുതൽത്തന്നെ ജനതതികൾ തങ്ങളുടെ ദേവീദേവന്മാർക്കു ബലിപീഠങ്ങൾ പണിതിരുന്നു. വ്യാജാരാധനയിൽ ബലിപീഠങ്ങൾ ഇന്നോളം ഒരു പങ്കുവഹിച്ചിട്ടുണ്ട്. സത്യദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യർ മ്ലേച്ഛമായ മതാനുഷ്ഠാനങ്ങൾക്കായി—കുഞ്ഞുങ്ങളെപ്പോലും കുരുതി കഴിച്ചുകൊണ്ട് നരബലികൾ അർപ്പിക്കാൻ—ബലിപീഠങ്ങൾ ഉപയോഗിച്ചിരിക്കുന്നു. യഹോവയെ ഉപേക്ഷിച്ച ചില ഇസ്രായേൽ രാജാക്കന്മാർ ബാലിനെപ്പോലുള്ള പുറജാതീയ ദേവന്മാർക്കു ബലിപീഠം പണിയുകയുണ്ടായി. (1 രാജാക്കന്മാർ 16:29-32) എന്നിരുന്നാലും സത്യാരാധനയിൽ യാഗപീഠങ്ങൾ എന്തു പങ്കുവഹിച്ചിരിക്കുന്നു?
യാഗപീഠങ്ങളും സത്യാരാധനയും ഇസ്രായേലിൽ
നോഹയ്ക്കു ശേഷം, വിശ്വസ്തരായ പലരും സത്യദൈവമായ യഹോവയുടെ ആരാധനയ്ക്കായി യാഗപീഠങ്ങൾ പണിതിട്ടുണ്ട്. ശേഖേമിലും ബേഥേലിനു സമീപമുള്ള ഒരു സ്ഥലത്തും ഹെബ്രോനിലും അബ്രഹാം യാഗപീഠങ്ങൾ പണിയുകയുണ്ടായി. അതുപോലെ, മോരിയാമലയിൽ പണിത യാഗപീഠത്തിലാണ്, യിസ്ഹാക്കിനു പകരം യഹോവ പ്രദാനം ചെയ്ത ആട്ടുകൊറ്റനെ അവൻ യാഗമർപ്പിച്ചത്. പിന്നീട്, യിസ്ഹാക്കും യാക്കോബും മോശെയും തങ്ങളുടെ ഹൃദയത്തിൽ പ്രേരണ തോന്നിയ സന്ദർഭങ്ങളിൽ ആരാധനയ്ക്കായി യാഗപീഠങ്ങൾ പണിതു.—ഉല്പത്തി 12:6-8; 13:3, 18; 22:9-13; 26:23-25; 33:18-20; 35:1, 3, 7; പുറപ്പാടു 17:15, 16; 24:4-8.
ദൈവം ഇസ്രായേൽ ജനതയ്ക്കു ന്യായപ്രമാണം നൽകിയപ്പോൾ, തന്നെ സമീപിക്കുന്നതിനുള്ള ക്രമീകരണത്തിന്റെ കേന്ദ്രഘടകം എന്നനിലയിൽ തിരുനിവാസം നിർമിക്കാൻ അവരോടു കൽപ്പിച്ചു. ‘സമാഗമനകൂടാരം’ എന്നും അറിയപ്പെട്ടിരുന്ന അത് അഴിച്ചുകൊണ്ടുപോകാവുന്ന ഘടനയോടു കൂടിയ ഒന്നായിരുന്നു. (പുറപ്പാടു 39:32, 40) ഈ തിരുനിവാസത്തിന് അഥവാ കൂടാരത്തിന് രണ്ടു യാഗപീഠങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തേത് ഹോമയാഗപീഠമായിരുന്നു. ഖദിരമരംകൊണ്ടു നിർമിച്ച് താമ്രം പൊതിഞ്ഞിരുന്ന ഈ യാഗപീഠത്തിന്റെ സ്ഥാനം തിരുനിവാസത്തിന്റെ വാതിലിനു മുമ്പിലായിരുന്നു. അതിലാണ് മൃഗയാഗങ്ങൾ അർപ്പിച്ചിരുന്നത്. (പുറപ്പാടു 27:1-8; 39:39; 40:6, 29) ധൂപപീഠമാകട്ടെ ഖദിരമരം കൊണ്ടുതന്നെ നിർമിച്ചതായിരുന്നെങ്കിലും തങ്കം പൊതിഞ്ഞതായിരുന്നു. സമാഗമന കൂടാരത്തിനുള്ളിൽ അതിവിശുദ്ധത്തിന്റെ തിരശ്ശീലയ്ക്കു മുമ്പാകെ ആയിരുന്നു അതു വെച്ചിരുന്നത്. (പുറപ്പാടു 30:1-6; 39:38; 40:5, 26, 27) ദിനമ്പ്രതി രണ്ടുനേരം, കാലത്തും വൈകിട്ടും, വിശിഷ്ടമായ സുഗന്ധ ധൂപവർഗം അതിൽ പുകച്ചിരുന്നു. (പുറപ്പാടു 30:7-9) ശലോമോൻ രാജാവു നിർമിച്ച സ്ഥിരമായ ആലയത്തിലും സമാഗമനകൂടാരത്തിന്റെ അതേ മാതൃകയിൽ രണ്ടു യാഗപീഠങ്ങൾ ഉണ്ടായിരുന്നു.
‘സത്യകൂടാരവും’ പ്രതീകാത്മക യാഗപീഠവും
ഇസ്രായേല്യർക്കു ന്യായപ്രമാണം നൽകിയപ്പോൾ, ജനജീവിതത്തെയും ദൈവത്തോട് അടുക്കാനുള്ള യാഗം, പ്രാർഥന എന്നിവയെയും ഭരിക്കുന്ന നിയമങ്ങൾ നൽകുക എന്നതിൽ ഉപരിയായി മറ്റുചില ഉദ്ദേശ്യങ്ങൾ കൂടി യഹോവയ്ക്കുണ്ടായിരുന്നു. ന്യായപ്രമാണ ക്രമീകരണങ്ങളിൽ പലതിലും, അപ്പൊസ്തലനായ പൗലൊസ് പരാമർശിച്ചതുപോലെ ‘ഒരു സാദൃശ്യം,’ ‘ഒരു ദൃഷ്ടാന്തം’ അഥവാ ‘സ്വർഗീയമായതിന്റെ ഒരു നിഴൽ’ ഉൾക്കൊണ്ടിരുന്നു. (എബ്രായർ 8:3-5; 9:9; 10:1; കൊലൊസ്സ്യർ 2:17) മറ്റുവാക്കുകളിൽ പറഞ്ഞാൽ, ന്യയപ്രമാണത്തിന്റെ പല വശങ്ങളും ക്രിസ്തു വരുന്നതുവരെ ഇസ്രായേല്യരെ വഴിനയിച്ചു എന്നുമാത്രമല്ല യേശുക്രിസ്തു മുഖാന്തരം നിവൃത്തിയേറാനുള്ള ദൈവോദ്ദേശ്യങ്ങളുടെ ഒരു പൂർവദർശനം പ്രദാനം ചെയ്യുകയും ചെയ്തു. (ഗലാത്യർ 3:24) അതേ, ന്യായപ്രമാണത്തിന്റെ വിശദാംശങ്ങൾക്കു പ്രാവചനിക മൂല്യമുണ്ടായിരുന്നു. ഉദാഹരണത്തിന്, ഇസ്രായേല്യരുടെ രക്ഷയുടെ ഒരു അടയാളമായി പെസഹാ കുഞ്ഞാടിന്റെ രക്തം ഉപയോഗിക്കപ്പെട്ടു. ഈ പെസഹാ കുഞ്ഞാട് യേശുക്രിസ്തുവിനെ മുൻനിഴലാക്കി. അവനാണ് ‘ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.’ നമ്മെ പാപത്തിൽനിന്നു വീണ്ടെടുക്കാൻ അവൻ തന്റെ രക്തംചൊരിഞ്ഞു.—യോഹന്നാൻ 1:29; എഫെസ്യർ 1:7.
സമാഗമന കൂടാരത്തോടും ആലയ ശുശ്രൂഷയോടും ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ആത്മീയ യാഥാർഥ്യങ്ങളെ ചിത്രീകരിക്കുന്നവ ആയിരുന്നു. (എബ്രായർ 8:5; 9:23) ‘മനുഷ്യനല്ല കർത്താവു [“യഹോവ,” NW] സ്ഥാപിച്ച സത്യകൂടാരത്തെ’ കുറിച്ച് പൗലൊസ് എഴുതുന്നു. അവൻ ഇങ്ങനെ തുടരുന്നു: ‘ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി പ്രവേശിച്ചു.’ (എബ്രായർ 8:2; 9:11) ‘വലിപ്പവും തികവുമേറിയ കൂടാരം’ യഹോവയുടെ വലിയ ആത്മീയ ആലയ ക്രമീകരണമാണ്. തിരുവെഴുത്തുകൾ സൂചിപ്പിക്കുന്ന പ്രകാരം, യേശുക്രിസ്തുവിന്റെ പാപപരിഹാര യാഗത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യർക്കു യഹോവയെ സമീപിക്കാൻ കഴിയുന്ന ക്രമീകരണമാണ് വലിയ ആത്മീയ ആലയം.—എബ്രായർ 9:2-10, 23-28.
ന്യായപ്രമാണത്തിലെ ചില ചട്ടങ്ങളും ക്രമീകരണങ്ങളും കൂടുതൽ മഹത്തരവും അർഥസമ്പുഷ്ടവുമായ ആത്മീയ യാഥാർഥ്യങ്ങളെ ചിത്രീകരിക്കുന്നതായി ദൈവവചനത്തിൽനിന്നു പഠിക്കുമ്പോൾ ബൈബിളിന്റെ ദിവ്യനിശ്വസ്തതയിലുള്ള നമ്മുടെ വിശ്വാസത്തെ അതു ശക്തമാക്കുന്നു. കൂടാതെ, തിരുവെഴുത്തുകളിൽ മാത്രം പ്രകടമായിരിക്കുന്ന ദിവ്യ ജ്ഞാനത്തോടു നമുക്കുള്ള വിലമതിപ്പ് അതു പൂർവാധികം വർധിപ്പിക്കുകയും ചെയ്യുന്നു.—റോമർ 11:33; 2 തിമൊഥെയൊസ് 3:16.
ഹോമയാഗപീഠത്തിനും പ്രാവചനിക മൂല്യമുണ്ടായിരുന്നു. അതു ദൈവത്തിന്റെ ‘ഇഷ്ടത്തെ,’ അഥവാ യേശുവിന്റെ പൂർണ മാനുഷ യാഗത്തെ സ്വീകരിക്കാനുള്ള അവന്റെ സന്നദ്ധതയെ പ്രതിനിധാനം ചെയ്യുന്നതായി കാണാൻ കഴിയും.—എബ്രായർ 10:1-10.
രസാവഹമായി, എബ്രായ ലേഖനത്തിൽ പൗലൊസ് തുടർന്ന് ഇങ്ങനെ എഴുതുന്നു: “കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.” (എബ്രായർ 13:10) ഇവിടെ യാഗപീഠം (altar) എന്ന പദംകൊണ്ട് പൗലൊസ് എന്താണ് ഉദ്ദേശിച്ചത്? ഇന്നു പള്ളികളിൽ കാണുന്ന അൾത്താരയെ ആണോ അവൻ പരാമർശിച്ചത്?
യേശുവിന്റെ ബലിയുടെ പുനരാവർത്തനമെന്നു പറയപ്പെടുന്ന കുർബാന എന്ന “കൂദാശ” അർപ്പിക്കാൻ ഉപയോഗിക്കുന്ന അൾത്താരയെ ആണ് എബ്രായർ 13:10-ൽ പരാമർശിക്കുന്നത് എന്ന് നിരവധി കത്തോലിക്ക വ്യാഖ്യാതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ഈ വാക്യത്തിന്റെ പശ്ചാത്തലം ശ്രദ്ധിച്ചാൽ പൗലൊസ് ചർച്ചചെയ്യുന്ന യാഗപീഠം പ്രതീകാത്മകമാണ് എന്നു നിങ്ങൾക്കു കാണാൻ കഴിയും. അനേകം പണ്ഡിതന്മാർ ഈ വാക്യത്തിലെ “യാഗപീഠം” എന്ന പദത്തിന് ആലങ്കാരിക അർഥമാണു കൽപ്പിക്കുന്നത്. “[എബ്രായ] ലേഖനത്തിന്റെ പ്രതീകാത്മക ഭാഷയോട് ഇതു തികച്ചും യോജിപ്പിലാണ്” എന്ന് ഈശോസഭാ വൈദികനായ ജൂസെപ്പേ ബോൺസിർവാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്: “ക്രിസ്ത്യാനികളുടെ ഭാഷയിൽ ‘യാഗപീഠം’ എന്ന പദം ആദ്യകാലങ്ങളിൽ ആത്മീയ അർഥത്തിൽ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഐറിനിയാസിന്റെയും, വിശേഷിച്ചും തെർത്തുല്യന്റെയും സെന്റ് സിപ്രിയന്റെയും കാലത്തിനുശേഷമാണ് കുർബാനയോടും കൃത്യമായി പറഞ്ഞാൽ അത് അർപ്പിക്കുന്ന മേശയോടുമുള്ള ബന്ധത്തിൽ ഈ പദം ഉപയോഗിച്ചു തുടങ്ങിയത്.
ഒരു കത്തോലിക്ക മാസിക പറയുന്നതനുസരിച്ച് “കോൺസ്റ്റന്റയ്ൻ കാലഘട്ടത്തിൽ ബസലിക്കാകൾ” പണിതീർത്തതോടെയാണ് അൾത്താരയുടെ ഉപയോഗം വ്യാപകമായത്. റിവിസ്റ്റാ ഡി ആർക്കെയോളോഷിയ ക്രിസ്റ്റ്യാനാ (ക്രിസ്തീയ പുരാവസ്തുശാസ്ത്ര പുനരവലോകനം) ഇങ്ങനെ പ്രസ്താവിച്ചു: “ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ആരാധനയ്ക്കായി ഒരു വ്യവസ്ഥാപിത സ്ഥലം ഉണ്ടായിരുന്നതായി യാതൊരു തെളിവുമില്ല. ആരാധനാ കൂട്ടങ്ങൾ സ്വകാര്യ ഭവനങ്ങളുടെ മുറികളിൽ കൂടിവന്നിരുന്നതായാണ് സൂചന. . . . ആരാധന കഴിഞ്ഞാലുടൻ അതു പഴയപടി വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുമായിരുന്നു.”
ക്രൈസ്തവലോകവും അൾത്താരയും
“അൾത്താര പള്ളിയുടെ മാത്രമല്ല സഭയുടെതന്നെ കേന്ദ്രബിന്ദുവാണ്” എന്ന് ഒരു കത്തോലിക്ക വാർത്താപത്രികയായ ലാ ചിവിൽറ്റാ കാത്തോലികാ പറയുന്നു. എന്നാൽ അൾത്താരയിൽ നിർവഹിക്കേണ്ട മതപരമായ ഒരൊറ്റ ചടങ്ങുപോലും യേശുക്രിസ്തു ഏർപ്പെടുത്തിയില്ല; മതാനുഷ്ഠാനങ്ങൾ അത്തരം അൾത്താരകളിൽ വേണം നടത്താൻ എന്ന് തന്റെ ശിഷ്യന്മാരോട് അവൻ കൽപ്പിച്ചിട്ടുമില്ല. മത്തായി 5:23, 24-ലും മറ്റുഭാഗങ്ങളിലും യാഗപീഠത്തെ കുറിച്ച് പറഞ്ഞപ്പോൾ യഹൂദന്മാരുടെ ഇടയിൽ നിലനിന്നിരുന്ന മതാചാരങ്ങളെയായിരുന്നു യേശു പരാമർശിച്ചത്. അല്ലാതെ, തന്റെ അനുഗാമികൾ അൾത്താര ഉപയോഗിച്ചായിരിക്കണം ദൈവത്തെ ആരാധിക്കേണ്ടത് എന്ന് അവൻ സൂചിപ്പിക്കുകയായിരുന്നില്ല.
അമേരിക്കൻ ചരിത്രകാരനായ ജോർജ് ഫൂട് മൂർ (1851-1931) ഇപ്രകാരം എഴുതി: “ക്രിസ്തീയ ആരാധനയുടെ പ്രമുഖ വശങ്ങൾ എല്ലായ്പോഴും ഒരുപോലെ ആയിരുന്നു. എന്നാൽ രണ്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് ജസ്റ്റിൻ അനുശാസിച്ച ലളിതമായ ചടങ്ങുകൾ കാലാന്തരത്തിൽ ഉജ്ജ്വലമായ ഒരു വ്യവസ്ഥാപിത ആരാധനാരീതിയായി ആവിഷ്കരിക്കപ്പെട്ടു.” സങ്കീർണങ്ങളായ എണ്ണമറ്റ ആചാരങ്ങളും പരസ്യ മതാനുഷ്ഠാനങ്ങളുമാണ് കത്തോലിക്ക സഭയ്ക്കുള്ളത്. തത്ഫലമായി സെമിനാരികളിൽ ഇത്—ആരാധനാക്രമം—ഒരു പഠനവിഷയം തന്നെയാണ്. മൂർ ഇങ്ങനെ തുടരുന്നു: “മുമ്പുണ്ടായിരുന്ന ദിവ്യസ്ഥാപിത മതസംഘടനയിലെ പൗരോഹിത്യ ക്രമീകരണത്തിന്റെ പിന്തുടർച്ചക്കാരാണ് ക്രിസ്തീയ വൈദികന്മാർ എന്ന് സഭ വീക്ഷിക്കാൻ തുടങ്ങിയതോടെ പഴയനിയമത്തിന്റെ ചുവടുപിടിച്ച് മതാനുഷ്ഠാനങ്ങൾ വിപുലമാക്കാനുള്ള പ്രവണത ഗണ്യമായി വർധിച്ചു. മഹാപുരോഹിതന്റെ പകിട്ടാർന്ന വേഷവിധാനം, മറ്റു പുരോഹിതന്മാരുടെ ആചാര വസ്ത്രങ്ങൾ, അനുഷ്ഠാനപരമായ ഘോഷയാത്രകൾ, കീർത്തനങ്ങൾ ആലപിക്കുന്ന ലേവ്യ ഗായകസംഘങ്ങൾ, ധൂപകലശം ആട്ടുമ്പോൾ അതിൽനിന്നുയരുന്ന പുകച്ചുരുളുകൾ—പ്രത്യക്ഷത്തിൽ ഒരു ദൈവദത്ത ആരാധനാക്രമം പോലെ തോന്നിച്ച ഇവയെല്ലാം പുരാതന പുറജാതീയ മതങ്ങളുടെ പ്രൗഢിയെ നിഷ്പ്രഭമാക്കി മുന്നേറുന്നതിൽ സഭയ്ക്കു ന്യായീകരണങ്ങളായിരുന്നു.”
ക്രൈസ്തവലോകത്തിലെ വിവിധ സഭകളുടെ പല മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷവസ്ത്രങ്ങളും മറ്റ് ആരാധനാ സാമഗ്രികളും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തീയ പഠിപ്പിക്കലുകൾക്കു ചേർച്ചയിലല്ല, മറിച്ച് യഹൂദന്മാരുടെയും പുറജാതീയരുടെയും ആചാരാനുഷ്ഠാനങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ് എന്നറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. കത്തോലിക്ക സഭയിൽ “അൾത്താരയുടെ ഉപയോഗം യഹൂദമതത്തിൽനിന്നും ഭാഗികമായി പുറജാതികളിൽനിന്നും കടംകൊണ്ടതാണ്” എന്ന് എൻചിക്ലോപീഡിയാ കാറ്റോലീക്കാ പ്രസ്താവിക്കുന്നു. ക്രിസ്ത്യാനികൾക്കു ‘ക്ഷേത്രങ്ങളോ അൾത്താരകളോ’ ഉണ്ടായിരുന്നില്ല എന്ന് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വിശ്വാസപ്രതിവാദി ആയിരുന്ന മിനൂക്കിയുസ് ഫെല്ലിക്സിന്റെ എഴുത്തുകളിൽ കാണാം. സമാനമായി റിലിജോന്നി ഏ മീറ്റി (മതങ്ങളും പുരാണകഥകളും) എന്ന വിജ്ഞാന നിഘണ്ടു ഇപ്രകാരം പ്രസ്താവിക്കുന്നു: “യഹൂദ മതത്തിൽനിന്നും പുറജാതീയ മതങ്ങളിൽനിന്നും തങ്ങളെത്തന്നെ വ്യത്യസ്തരായി തിരിച്ചറിയിക്കുന്നതിനു വേണ്ടി ആദിമ ക്രിസ്ത്യാനികൾ ബലിപീഠത്തിന്റെ ഉപയോഗം തള്ളിക്കളഞ്ഞിരുന്നു.”
ദേശഭേദമെന്യേ ആളുകൾ സ്വീകരിക്കുകയും അനുദിനജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ട തത്ത്വങ്ങളിലാണ് ക്രിസ്ത്യാനിത്വം മുഖ്യമായും അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂമിയിൽ എവിടെയെങ്കിലും ഒരു വിശുദ്ധനഗരത്തിന്റെയോ അക്ഷരീയ ആലയത്തിന്റെയോ, വ്യതിരിക്ത വസ്ത്രധാരണവും സവിശേഷ പദവിനാമങ്ങളുമുള്ള മാനുഷ പുരോഹിതന്മാരുടെയോ ആവശ്യം ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്നില്ല. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു.” (യോഹന്നാൻ 4:21, 23) ക്രൈസ്തവലോകത്തിലെ ഒട്ടുമിക്ക സഭകളും അൾത്താരയുടെ ഉപയോഗം ഉൾപ്പെടെയുള്ള സങ്കീർണമായ ആചാരാനുഷ്ഠാനങ്ങൾ പിൻപറ്റിക്കൊണ്ട്, സത്യദൈവത്തെ എങ്ങനെ ആരാധിക്കണം എന്നതു സംബന്ധിച്ച് യേശു നൽകിയ നിർദേശങ്ങൾ കാറ്റിൽ പറത്തിയിരിക്കുന്നു.
[അടിക്കുറിപ്പ്]
a അതിനുമുമ്പ്, കയീനും ഹാബെലും യഹോവയ്ക്കു വഴിപാടു കൊണ്ടുവന്നപ്പോൾ യാഗപീഠങ്ങൾ ഉപയോഗിച്ചിരുന്നിരിക്കാം.—ഉല്പത്തി 4:3, 4.