ദരിദ്രർ എങ്കിലും സമ്പന്നർ—അതെങ്ങനെ?
താൻ ദരിദ്രനായിത്തീരരുതേ എന്ന് നൂറ്റാണ്ടുകൾക്കു മുമ്പു ജ്ഞാനിയായ ഒരു മനുഷ്യൻ പ്രാർഥിച്ചു. എന്തുകൊണ്ടായിരുന്നു അത്തരമൊരു അപേക്ഷ നടത്തിയത്? എന്തുകൊണ്ടെന്നാൽ ദൈവവുമായുള്ള തന്റെ ബന്ധത്തെ അപകടപ്പെടുത്തുന്ന മനോഭാവങ്ങൾക്കും പ്രവർത്തനങ്ങൾക്കും ദാരിദ്ര്യം പ്രേരകമായിത്തീർന്നേക്കുമെന്ന് അവൻ ഭയപ്പെട്ടു. അവന്റെ വാക്കുകളിൽനിന്ന് ഇതു വ്യക്തമാണ്: ‘നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാൻ സംഗതിവരരുതേ.’—സദൃശവാക്യങ്ങൾ 30:8, 9.
ദരിദ്രനായ ഒരു വ്യക്തിക്ക് ദൈവത്തെ വിശ്വസ്തമായി സേവിക്കാൻ സാധിക്കില്ലെന്ന് ഇത് അർഥമാക്കുന്നുവോ? തീർച്ചയായും ഇല്ല! ദാരിദ്ര്യം കൈവരുത്തുന്ന യാതനകൾക്കിടയിലും ചരിത്രത്തിലുടനീളം യഹോവയാം ദൈവത്തിന്റെ അസംഖ്യം ദാസൻമാർ അവനോടുള്ള നിർമലത നിലനിർത്തിയിട്ടുണ്ട്. തന്നിൽ ആശ്രയിക്കുന്നവരെ യഹോവ തിരിച്ച് സ്നേഹിക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യുന്നു.
പുരാതനകാലത്തെ വിശ്വസ്തർ
അപ്പോസ്തലനായ പൗലൊസും ബുദ്ധിമുട്ട് അനുഭവിച്ചു. (2 കൊരിന്ത്യർ 6:3, 4) വിശ്വസ്തരായ ക്രിസ്തീയപൂർവ സാക്ഷികളുടെ “വലിയോരു സമൂഹ”ത്തെക്കുറിച്ചും അവൻ വിവരിച്ചു. അവരിൽ ചിലർ “ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു ബുദ്ധിമുട്ടും . . . സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു.”—എബ്രായർ 11:37, 38; 12:1.
ഈ വിശ്വസ്തരിൽ ഒരുവനായിരുന്നു പ്രവാചകനായ ഏലീയാവ്. മൂന്നരവർഷം നീണ്ടുനിന്ന ഒരു വരൾച്ചക്കാലത്ത് യഹോവ അവന് ക്രമമായി ഭക്ഷണം പ്രദാനം ചെയ്തു. ആദ്യം, മലങ്കാക്കകൾ മുഖേന ദൈവം പ്രവാചകന് അപ്പവും ഇറച്ചിയും എത്തിച്ചുകൊടുത്തു. (1 രാജാക്കൻമാർ 17:2-6) പിന്നീട്, ഒരു വിധവയുടെ പക്കലുണ്ടായിരുന്ന മാവിന്റെയും എണ്ണയുടെയും ശേഖരം തീർന്നുപോകാതിരിക്കാൻ യഹോവ അത്ഭുതകരമായി ഇടയാക്കി. അതിൽനിന്ന് ആ വിധവ ഏലീയാവിനു ഭക്ഷണം നൽകി. (1 രാജാക്കൻമാർ 17:8-16) ആ ഭക്ഷണം വളരെ ലളിതമായിരുന്നെങ്കിലും അത് പ്രവാചകന്റെയും ആ സ്ത്രീയുടെയും അവളുടെ മകന്റെയും ജീവൻ നിലനിർത്തി.
സമാനമായി, വിശ്വസ്ത പ്രവാചകനായ യിരെമ്യാവിനെ സാമ്പത്തിക ദുരിതത്തിന്റെ നാളുകളിൽ യഹോവ പോറ്റിപ്പുലർത്തി. യെരൂശലേമിന്റെ മേലുള്ള ബാബിലോന്യ ഉപരോധത്തെ യിരെമ്യാവ് അതിജീവിച്ചു. അന്നു ജനങ്ങൾ “തൂക്കപ്രകാരവും പേടിയോടെയും അപ്പം” ഭക്ഷിക്കേണ്ടിയിരുന്നു. (യെഹെസ്കേൽ 4:16) ഒടുവിൽ, നഗരത്തിലെ ഭക്ഷ്യക്ഷാമം അത്യന്തം രൂക്ഷമായിത്തീർന്നിട്ട് ചില സ്ത്രീകൾ സ്വന്തം കുട്ടികളെപോലും കൊന്നുതിന്നു. (വിലാപങ്ങൾ 2:20) തന്റെ നിർഭയപ്രസംഗം നിമിത്തം യിരെമ്യാവു തടങ്കലിലായിരുന്നെങ്കിലും “നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ” ദിവസേന അവന് “ഒരു അപ്പം” ലഭിക്കുന്നുവെന്ന് യഹോവ ഉറപ്പുവരുത്തി.—യിരെമ്യാവു 37:21.
അതുകൊണ്ട്, ഏലീയാവിനെപ്പോലെ യിരെമ്യാവിനും ഭക്ഷിക്കാൻ അൽപ്പമേ ഉണ്ടായിരുന്നുള്ളൂ. യെരൂശലേമിൽ അപ്പം തീർന്നുപോയശേഷം യിരെമ്യാവ് എന്ത് ഭക്ഷിച്ചുവെന്നോ എത്ര കൂടെക്കൂടെ ഭക്ഷിച്ചുവെന്നോ തിരുവെഴുത്തുകൾ നമ്മോടു പറയുന്നില്ല. എന്നിരുന്നാലും, യഹോവ അവനെ പോറ്റിപ്പുലർത്തിയെന്നും അങ്ങനെ അവൻ ഭീതിദമായ ആ ക്ഷാമകാലത്തെ അതിജീവിച്ചെന്നും നമുക്കറിയാം.
ഇന്ന് ലോകത്തിന്റെ എല്ലാഭാഗത്തും ദാരിദ്ര്യമുണ്ട്. ഐക്യരാഷ്ട്രങ്ങൾ പറയുന്നതനുസരിച്ച് ഏറ്റവുമധികം ദാരിദ്ര്യമുള്ളത് ആഫ്രിക്കയിലാണ്. വാർത്താമാധ്യമങ്ങൾക്കായുള്ള ഒരു യുഎൻ വാർത്താക്കുറിപ്പ് 1996-ൽ ഇങ്ങനെ പറഞ്ഞു: “മുഴു ആഫ്രിക്കക്കാരിലും കുറഞ്ഞതു പകുതിപ്പേരെങ്കിലും ദാരിദ്ര്യത്തിലാണ്.” വർധിച്ചുവരുന്ന ഒരു കൂട്ടം ആഫ്രിക്കക്കാർ അത്യന്തം രൂക്ഷമായ സാമ്പത്തിക സാഹചര്യങ്ങൾ ഗണ്യമാക്കാതെ, ദൈവം തങ്ങളെ പോറ്റിപ്പുലർത്തുമെന്ന ഉറപ്പോടെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും അവനെ വിശ്വസ്തമായി സേവിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രക്ഷുബ്ധ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നുള്ള ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
സത്യസന്ധരായിരിക്കൽ
നൈജീരിയയിലെ ഒരു കർഷകനായ മൈക്കിളിന്a ആറു കുട്ടികളെ പോറ്റേണ്ടതുണ്ട്. “കുടുംബത്തിനുവേണ്ടി കരുതാൻ പണമില്ലാത്തപ്പോൾ സത്യസന്ധനായിരിക്കുക പ്രയാസമാണ്,” അദ്ദേഹം പറയുന്നു. “എന്നാൽ, സത്യസന്ധത കൈവെടിയാൻ പ്രലോഭിതനാകുമ്പോൾ, ‘കള്ളൻ ഇനി കക്കാതെ കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു’ എന്നു പറയുന്ന എഫെസ്യർ 4:28 ഞാൻ ഓർമിക്കുന്നു. അതുകൊണ്ട് എനിക്ക് പ്രലോഭനം തോന്നിയാൽ ഞാൻ സ്വയം ചോദിക്കുന്നു, ‘ഈ പണത്തിനുവേണ്ടി ഞാൻ അധ്വാനിച്ചിട്ടുണ്ടോ?’”
“ദൃഷ്ടാന്തത്തിന്,” മൈക്കിൾ കൂട്ടിച്ചേർക്കുന്നു, “ഒരിക്കൽ ഞാൻ നടന്നുപോകവേ, ഒരു മോട്ടോർസൈക്കിളിന്റെ പിന്നിൽനിന്ന് ഒരു ബാഗ് താഴെവീഴുന്നതു കണ്ടു. മോട്ടോർസൈക്കിൾ നിർത്തിക്കാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ ആ ബാഗ് എടുത്തു. അതുനിറയെ പണമായിരുന്നു! ബാഗിലെ പേരുവിവരം ഉപയോഗിച്ച് ഞാൻ ഉടമസ്ഥനെ കണ്ടെത്തി ബാഗ് അദ്ദേഹത്തിനു തിരിച്ചുകൊടുത്തു.”
വിഷാദത്തെ നേരിടൽ
ഉത്തരാഫ്രിക്കയിലെ ഒരു മനുഷ്യൻ അഭിപ്രായപ്പെട്ടു: “ആഴമേറിയ ഒരു കുഴിയിൽ അകപ്പെട്ടിട്ട്, വെളിച്ചവും ആളുകൾ അങ്ങുമിങ്ങും നടക്കുന്നതും കാണാൻ കഴിയുമെങ്കിലും സഹായത്തിനായി വിളിച്ചുകൂവാനോ പുറത്തുകടക്കാനായി ഒരു കോവണി ചോദിക്കാനോ സാധിക്കാത്തതുപോലെയാണ് ദാരിദ്ര്യം.” ദാരിദ്ര്യം മിക്കപ്പോഴും വിഷാദവും നിരാശയും കൈവരുത്തുന്നതിൽ യാതൊരതിശയവുമില്ല! ദൈവദാസൻമാർ പോലും മറ്റുള്ളവരുടെ സമ്പത്തു കണ്ടിട്ട് നിർമലജീവിതം മൂല്യവത്തല്ലെന്നു ചിന്തിച്ചുതുടങ്ങിയേക്കാം. (സങ്കീർത്തനം 73:2-13 താരതമ്യം ചെയ്യുക.) അത്തരം വികാരങ്ങളെ എങ്ങനെ കീഴടക്കാനാകും?
പശ്ചിമാഫ്രിക്കക്കാരനായ പീറ്റർ 19 വർഷത്തെ ഗവൺമെൻറ് സേവനത്തിനു ശേഷം വിരമിച്ചു. ഒരു ചെറിയ പെൻഷൻകൊണ്ടാണ് അദ്ദേഹം ഇപ്പോൾ മുഖ്യമായും ഉപജീവനം കഴിക്കുന്നത്. പീറ്റർ പറയുന്നു: “എനിക്ക് നിരുത്സാഹം അനുഭവപ്പെടുന്ന സമയങ്ങളിൽ, ബൈബിളിലും വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിലും വായിച്ചിട്ടുള്ളത് ഞാൻ ഓർമിക്കുന്നു. ഈ പഴയ വ്യവസ്ഥിതി നീങ്ങിപ്പോകാറായിരിക്കുകയാണ്, നാം മെച്ചപ്പെട്ട ഒരു വ്യവസ്ഥിതിക്കായി കാത്തിരിക്കുകയുമാണ്.
“കൂടാതെ, 1 പത്രൊസ് 5:9-നെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു, അതു പറയുന്നു: ‘ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു [സാത്താനോട്] എതിർത്തു നില്പിൻ.’ അതുകൊണ്ട്, ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഏക വ്യക്തിയല്ല ഞാൻ. നിരുത്സാഹപ്പെടുത്തുന്ന വിഷാദാത്മക ചിന്തകളെ പുറന്തള്ളാൻ ഈ ഓർമിപ്പിക്കലുകൾ എന്നെ സഹായിക്കുന്നു.”
“മാത്രമല്ല,” പീറ്റർ കൂട്ടിച്ചേർക്കുന്നു, “ഭൂമിയിലായിരുന്നപ്പോൾ യേശു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു, എന്നിരുന്നാലും അവൻ ആരെയും ഭൗതികമായി ധനികനാക്കിയില്ല. അവൻ എന്നെ ധനികനാക്കണമെന്ന് ഞാൻ എന്തിനു പ്രതീക്ഷിക്കണം?”
പ്രാർഥനയുടെ ശക്തി
നിഷേധാത്മക ചിന്താഗതിയെ നേരിടാനുള്ള മറ്റൊരു വിധമാണ് പ്രാർഥനയിൽ യഹോവയാം ദൈവത്തോട് അടുത്തുചെല്ലുന്നത്. 1960-ൽ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്ന മേരിയെ സ്വന്തം കുടുംബം കൈവെടിഞ്ഞു. ഇപ്പോൾ 50-കളിൽ ആയിരിക്കുന്ന അവിവാഹിതയായ അവർ ദുർബലയാണ്, ഭൗതികമായി അവർക്ക് വളരെ കുറച്ചുമാത്രമേ ഉള്ളൂ. എങ്കിലും ക്രിസ്തീയ ശുശ്രൂഷയിൽ അവർക്കു തീക്ഷ്ണതയുണ്ട്.
മേരി പറയുന്നു: “എനിക്കു നിരുത്സാഹം തോന്നുമ്പോൾ ഞാൻ പ്രാർഥനയിൽ യഹോവയിങ്കലേക്കു തിരിയുന്നു. അവനെക്കാൾ അധികമായി മറ്റാർക്കും എന്നെ സഹായിക്കാനാവില്ലെന്ന് എനിക്കറിയാം. യഹോവയിൽ ആശ്രയിക്കുമ്പോൾ അവൻ സഹായമേകുന്നുവെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. സങ്കീർത്തനം 37:25-ൽ കാണുന്ന, ദാവീദ് രാജാവിന്റെ ഈ വാക്കുകൾ ഞാൻ എല്ലായ്പോഴും ഓർമിക്കുന്നു: ‘ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.’
“വീക്ഷാഗോപുരത്തിൽ വിവരിച്ചിരിക്കുന്ന പ്രായംചെന്ന ആത്മീയ സഹോദരീസഹോദരൻമാരുടെ അനുഭവങ്ങളിൽനിന്നും ഞാൻ പ്രോത്സാഹനം ഉൾക്കൊള്ളുന്നു. യഹോവയാം ദൈവം അവരെ സഹായിച്ചു. അതുകൊണ്ട്, അവൻ തുടർന്നും എന്നെ സഹായിക്കുമെന്ന് എനിക്കറിയാം. ഫുഫു [ഒരു കാസാവ ഭക്ഷണം] വിൽക്കുകയെന്ന എന്റെ ചെറിയ ജോലിയെ അവൻ അനുഗ്രഹിക്കുന്നു, അങ്ങനെ അനുദിന ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ എനിക്കു കഴിയുന്നു. ഒട്ടുംതന്നെ പണം കൈവശമില്ലാഞ്ഞിട്ട് എന്തു ചെയ്യുമെന്ന് ഞാൻ ചിന്തിക്കുന്ന ചിലയവസരങ്ങളിൽ, യഹോവ ആരെയെങ്കിലും അയയ്ക്കുന്നു. ‘ഇത് സഹോദരിക്കുള്ളതാണ്’ എന്നു പറഞ്ഞുകൊണ്ട് എന്തെങ്കിലും സമ്മാനം എനിക്കു തരും. യഹോവ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.”
ബൈബിൾ പഠനത്തിന്റെ മൂല്യം
യഹോവയുടെ സാക്ഷികൾ ദൈവവചനമായ ബൈബിളിന്റെ പഠനത്തെ മൂല്യവത്തായി കരുതുന്നു, അവരുടെ ഇടയിലെ ദരിദ്രരും അങ്ങനെതന്നെ കരുതുന്നു. അറുപതു വയസ്സുള്ള ജോൺ സഭയിൽ ഒരു പയനിയറും (ഒരു മുഴുസമയ രാജ്യഘോഷകൻ) ശുശ്രൂഷാദാസനുമായി സേവിക്കുന്നു. 13 കുടുംബങ്ങൾ താമസിക്കുന്ന ഇടിഞ്ഞു വീഴാറായ ഒരു ഇരുനില കെട്ടിടത്തിലാണ് അദ്ദേഹം കഴിഞ്ഞുകൂടുന്നത്. രണ്ടാംനിലയുടെ ഇടനാഴിയിൽ പ്ലൈവുഡ്കൊണ്ടു വേർതിരിച്ചിരിക്കുന്ന ഒരു ഭാഗമാണ് അദ്ദേഹത്തിന്റെ മുറി. അതിൽ രണ്ടു പഴയ കസേരകളും വളരെ ഉയരത്തിൽ ബൈബിൾ പഠന സഹായികൾ അടുക്കിവെച്ചിരിക്കുന്ന ഒരു മേശയുമുണ്ട്. ഒരു പുൽപ്പായയിലാണ് അദ്ദേഹം ഉറങ്ങുന്നത്.
ജോൺ റൊട്ടി വിറ്റുകൊണ്ട് ദിവസം ഏകദേശം ഒരു ഡോളർ സമ്പാദിച്ചിരുന്നു. എന്നാൽ, ഗോതമ്പ് ഇറക്കുമതി നിരോധിച്ചപ്പോൾ അദ്ദേഹത്തിന് തന്റെ ഉപജീവനമാർഗം നഷ്ടമായി. അദ്ദേഹം പറയുന്നു: “ചിലയവസരങ്ങളിൽ ജീവിതം വളരെ ആയാസകരമായി എനിക്കനുഭവപ്പെട്ടു, എന്നാൽ ഞാൻ പയനിയറിങ് തുടർന്നു. യഹോവയാണ് എന്നെ പോറ്റിപ്പുലർത്തുന്നത്. കണ്ടെത്താൻ കഴിയുന്ന ഏതു ജോലിയും ഞാൻ ചെയ്യുന്നു. ആഹാരത്തിനോ മറ്റാവശ്യങ്ങൾക്കോവേണ്ടി ഞാൻ ആരെയും ആശ്രയിക്കുന്നില്ല. എന്നാൽ സഭയിലെ സഹോദരങ്ങൾ വലിയ സഹായമാണ്. ജോലി അന്വേഷിക്കാൻ അവർ എന്നെ സഹായിക്കുകയും ചിലപ്പോൾ പണം ദാനമായി നൽകുകയും ചെയ്യുന്നു.
“ബൈബിളും വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളും വായിക്കാൻ ഞാൻ സമയം കണ്ടെത്തുന്നു. അതിരാവിലെ ഭവനം നിശബ്ദമായിരിക്കുമ്പോൾ ഞാൻ പഠിക്കുകയും പിന്നീടു രാത്രിയിൽ വൈദ്യുതി ഉള്ളപ്പോഴെല്ലാം വായിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ പഠനം ഞാൻ നിലനിർത്തേണ്ടതുണ്ടെന്ന് എനിക്കറിയാം.”
ജീവനുവേണ്ടി കുട്ടികളെ പരിശീലിപ്പിക്കൽ
ഡാനിയൽ ആറു കുട്ടികളുള്ള ഒരു വിഭാര്യനാണ്. 25 വർഷമായി ചെയ്തുകൊണ്ടിരുന്ന ജോലി 1985-ൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടെങ്കിലും സ്റ്റോർകീപ്പറായുള്ള ഒരു ജോലി അദ്ദേഹം കണ്ടെത്തി. “കുടുംബത്തിലെ സാമ്പത്തികസ്ഥിതി വളരെ മോശമാ”ണെന്ന് അദ്ദേഹം പറയുന്നു. “ഇപ്പോൾ ഞങ്ങൾക്കു ദിവസത്തിൽ ഒരുതവണ മാത്രമേ ഭക്ഷണം കഴിക്കാൻ സാധിക്കുന്നുള്ളൂ. ഒരിക്കൽ ഞങ്ങൾ മൂന്നുദിവസത്തേക്കു ഭക്ഷണം കഴിക്കാതിരുന്നു. വെള്ളം മാത്രം കുടിച്ച് ഞങ്ങൾക്കു ജീവൻ നിലനിർത്തേണ്ടിവന്നു.”
ഡാനിയൽ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. “ഞാൻ ക്രിസ്തീയ യോഗങ്ങൾ ഒരിക്കലും മുടക്കാറില്ല, ദിവ്യാധിപത്യ നിയമനങ്ങളിൽ ഞാൻ തിരക്കുള്ളവനായി തുടരുന്നു,” എന്ന് അദ്ദേഹം പറയുന്നു. “രാജ്യഹാളിനോടു ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യാനുള്ളപ്പോഴെല്ലാം അവിടെ സന്നിഹിതനാണെന്നു ഞാൻ ഉറപ്പുവരുത്തുന്നു. കാര്യങ്ങൾ പ്രയാസകരമാകുമ്പോൾ, യോഹന്നാൻ 6:68-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശുവിനോടുള്ള പത്രൊസിന്റെ വാക്കുകൾ ഞാൻ ഓർമിക്കുന്നു: ‘കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും?’ യഹോവയെ സേവിക്കുന്നതു നിർത്തിയാൽ, പിന്നെ ഞാൻ എവിടെ പോകും? റോമർ 8:35-39-ൽ കാണുന്ന പൗലൊസിന്റെ വാക്കുകളും എന്നിൽ നിശ്ചയദാർഢ്യം നിറയ്ക്കുന്നു. എന്തെന്നാൽ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹത്തിൽനിന്ന് യാതൊന്നും നമ്മെ വേർപിരിക്കില്ലെന്ന് അതു പ്രകടമാക്കുന്നു. ഇതേ മനോഭാവമാണ് ഞാൻ എന്റെ കുട്ടികളിൽ നട്ടുവളർത്തുന്നത്. നാം ഒരിക്കലും യഹോവയെ ഉപേക്ഷിക്കരുതെന്നു ഞാൻ അവരോടു തുടർച്ചയായി പറയുന്നു.” ക്രമമായ കുടുംബ ബൈബിളധ്യയനത്തോടൊപ്പം ഡാനിയലിന്റെ തീക്ഷ്ണതയ്ക്ക് അദ്ദേഹത്തിന്റെ കുട്ടികളുടെമേൽ ക്രിയാത്മകമായ ഫലമുണ്ടായിരുന്നിട്ടുണ്ട്.
കൊടുക്കൽ മനോഭാവം
കഠിന ദാരിദ്ര്യത്തിൽ കഴിയുന്നവർക്കു രാജ്യതാത്പര്യങ്ങളെ ഉന്നമിപ്പിക്കാൻ സാമ്പത്തികമായി സംഭാവന ചെയ്യാൻ സാധിക്കില്ലെന്ന് ഒരുവൻ കരുതിയേക്കാം. എന്നാൽ അതങ്ങനെയല്ല. (ലൂക്കൊസ് 21:1-4 താരതമ്യം ചെയ്യുക.) കഴിഞ്ഞുകൂടാൻവേണ്ടി മാത്രം കൃഷിചെയ്യുന്നതു മുഖ്യ തൊഴിലാക്കിയ ഘാനയിലെ ചില സാക്ഷികൾ ദൈവരാജ്യ താത്പര്യങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കാൻ തങ്ങളുടെ സ്ഥലത്തിന്റെ ഒരു ഭാഗം വേർതിരിച്ചുവെക്കുന്നു. ആ ഭാഗത്തെ കാർഷികോത്പന്നം വിറ്റുകിട്ടുന്ന പണം യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിൽ സംഭാവനകൾ നൽകുന്നതുൾപ്പെടെയുള്ള രാജ്യതാത്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നു.
മധ്യാഫ്രിക്കയിൽ താമസിക്കുന്ന ജൊവാൻ ഒരു പയനിയറാണ്. തളർവാതം ബാധിച്ച ഭർത്താവിനെയും മറ്റു നാല് ആശ്രിതരെയും പരിപാലിക്കുന്നതിന് അവൾ റൊട്ടി വിൽക്കുന്നു. ജൊവാൻ പൊയ്ക്കൊണ്ടിരുന്ന രാജ്യഹാളിൽ ബെഞ്ചുകൾ ആവശ്യമായിവന്നപ്പോൾ അവളുടെ കുടുംബം തങ്ങളുടെ പക്കലുണ്ടായിരുന്ന മുഴുവൻ പണവും സംഭാവന ചെയ്യാൻ തീരുമാനിച്ചു. അവരുടെ കൈവശം യാതൊന്നും ശേഷിച്ചില്ല. എന്നാൽ അടുത്ത ദിവസം, എന്നെങ്കിലും തിരികെ ലഭിക്കുമെന്ന് അവർക്കു യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന പണം തിരികെ നൽകിക്കൊണ്ട് ഒരാൾ അവിചാരിതമായി ദീർഘകാലമായുള്ള ഒരു കടം അടച്ചുതീർത്തു!
ജൊവാൻ സന്തുഷ്ടയാണ്, പണത്തെക്കുറിച്ച് അവൾ അകാരണമായി ഉത്കണ്ഠപ്പെടുന്നില്ല. “എന്റെ സാഹചര്യം പ്രാർഥനയിൽ ഞാൻ യഹോവയോടു പറയുന്നു, എന്നിട്ട് ഞാൻ വയൽ ശുശ്രൂഷയ്ക്കു പോകുന്നു. ഈ വ്യവസ്ഥിതിയിൽ മെച്ചപ്പെട്ട സമയങ്ങൾക്കായി പ്രതീക്ഷിക്കാൻ കാര്യമായ വകയൊന്നുമില്ലെന്നു ഞങ്ങൾക്കറിയാം. എന്നാൽ, യഹോവ ഞങ്ങളുടെ ആവശ്യങ്ങൾക്കായി കരുതുമെന്നു ഞങ്ങൾ തിരിച്ചറിയുന്നു.”
പരിശ്രമശീലം പ്രകടമാക്കൽ
യഹോവയുടെ സാക്ഷികൾ അവരുടെ പരസ്പര സ്നേഹത്താൽ തിരിച്ചറിയപ്പെടുന്നു. (യോഹന്നാൻ 13:35) പണമുള്ളവർ ദാരിദ്ര്യമനുഭവിക്കുന്ന സഹക്രിസ്ത്യാനികളെ സഹായിക്കുന്നു. മിക്കപ്പോഴും ഒരു സമ്മാനം എന്നനിലയിലാണ് അതു ലഭിക്കുന്നത്, ചിലപ്പോൾ തൊഴിലിന്റെ രൂപത്തിലും.
കോംഗോയിൽ താമസിക്കുന്ന മാർക്ക് കുഷ്ഠരോഗിയാണ്. അദ്ദേഹത്തിന്റെ കാലിലെയും കയ്യിലെയും വിരലുകളെ അതു വികൃതമാക്കിയിരിക്കുന്നു. അതുകൊണ്ട്, നടക്കാനായി അദ്ദേഹം താങ്ങുവടികളെ ആശ്രയിക്കുന്നു. മാർക്ക് യഹോവയെ സേവിക്കാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. മുമ്പുചെയ്തിരുന്നതുപോലെ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നതിനുപകരം അദ്ദേഹം സ്വന്തമായി ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ തുടങ്ങി. അദ്ദേഹം ചുടുകട്ടയും ഉണ്ടാക്കി വിറ്റു.
ശാരീരിക വൈകല്യം ഉണ്ടായിരുന്നിട്ടും മാർക്ക് ഉത്സാഹപൂർവം ജോലിചെയ്യുന്നതിൽ തുടർന്നു. കാലക്രമത്തിൽ അദ്ദേഹം കുറച്ചു സ്ഥലംവാങ്ങി അതിൽ സാമാന്യം ഭേദമായൊരു വീടുവെച്ചു. മാർക്ക് ഇന്നൊരു സഭാമൂപ്പനായി സേവിക്കുന്നു. തന്റെ പട്ടണത്തിൽ അദ്ദേഹം നന്നായി ആദരിക്കപ്പെടുന്നു. അദ്ദേഹം ഇപ്പോൾ ദരിദ്രരായ മറ്റുള്ളവരെ സഹായിക്കുന്നു.
തീർച്ചയായും, അനേകം സ്ഥലങ്ങളിൽ ജോലി കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്. വാച്ച്ടവർ സൊസൈറ്റിയുടെ മധ്യാഫ്രിക്കയിലെ ബ്രാഞ്ചുകളിലൊന്നിൽ സേവിക്കുന്ന ഒരു ക്രിസ്തീയ മൂപ്പൻ എഴുതി: “ഈ പ്രദേശത്തെ സഹോദരൻമാരിൽ പലരും തൊഴിലില്ലാത്തവരാണ്. സ്വയംതൊഴിൽ കണ്ടെത്താൻ ചിലർ ശ്രമിക്കുന്നു, എന്നാൽ അതു ബുദ്ധിമുട്ടാണ്. എന്തൊക്കെചെയ്താലും ബുദ്ധിമുട്ടേ അനുഭവിക്കൂ എന്നതുകൊണ്ട് പയനിയർ ശുശ്രൂഷകർ എന്നനിലയിൽ തങ്ങൾ ഭൗതിക ത്യാഗങ്ങൾ ചെയ്യുമെന്ന് ഒട്ടേറെപ്പേർ ന്യായവാദം ചെയ്തിരിക്കുന്നു. അതു ചെയ്തതുകൊണ്ട്, അൽപ്പം പണം ലഭിക്കുന്നതോ ഒട്ടുംതന്നെ ലഭിക്കാത്തതോ ആയ ഒരു ജോലി തങ്ങൾക്കുണ്ടായിരുന്നെങ്കിൽ സാധിക്കുമായിരുന്നതിനെക്കാൾ കൂടുതലായി തങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നെന്ന് അനേകർ കണ്ടെത്തുന്നു.”
യഹോവ തന്റെ ജനത്തെ പരിപാലിക്കുന്നു
യേശു തന്നെക്കുറിച്ചുതന്നെ പറഞ്ഞു: “കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല.” (ലൂക്കൊസ് 9:58) സമാനമായി, അപ്പോസ്തലനായ പൗലൊസ് എഴുതി: “ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.”—1 കൊരിന്ത്യർ 4:11.
തങ്ങളുടെ ശുശ്രൂഷയിൽ കൂടുതൽ പൂർണമായി ഏർപ്പെടാൻ കഴിയേണ്ടതിന് യേശുവും പൗലൊസും പരിമിതമായ സാമ്പത്തിക സൗകര്യങ്ങളോടുകൂടിയ ഒരു ജീവിതം തിരഞ്ഞെടുത്തു. ഇക്കാലത്ത് ഒട്ടനവധി ക്രിസ്ത്യാനികൾ ദരിദ്രരാണ്, കാരണം അവർക്ക് മറ്റൊരുമാർഗവുമില്ല. എന്നിരുന്നാലും, അവർ ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ദൈവത്തെ സേവിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുകയും ചെയ്യുന്നു. യേശുവിന്റെ പിൻവരുന്ന ഉറപ്പിന്റെ സത്യത അനുഭവിക്കവേ യഹോവ തങ്ങളെ ഹൃദയംഗമമായി സ്നേഹിക്കുന്നുവെന്ന് അവർ അറിയുന്നു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [ഭൗതിക വസ്തുക്കൾ] നിങ്ങൾക്കു കിട്ടും.” (മത്തായി 6:25-33) കൂടാതെ, “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു”വെന്നതിന് ദരിദ്രരായ ഈ ദൈവദാസൻമാർക്കു തെളിവുണ്ട്.—സദൃശവാക്യങ്ങൾ 10:22.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ പേരുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്.
[6-ാം പേജിലെ ചതുരം]
ആരാണ് ‘വചനം പ്രവർത്തിക്കുന്നവർ’?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിനാലിലെ അഭിപ്രായ വോട്ടെടുപ്പനുസരിച്ച്, 96 ശതമാനം അമേരിക്കക്കാർ “ദൈവത്തിലോ ഒരു പ്രാപഞ്ചിക ആത്മാവിലോ വിശ്വസിക്കുന്നുണ്ട്.” “ഐക്യനാടുകളിൽ ജനസംഖ്യയോടുള്ള താരതമ്യത്തിൽ സഭകളുടെ എണ്ണം ഭൂമിയിലെ മറ്റേതൊരു രാജ്യത്തെക്കാളും കൂടുത”ലുമാണെന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. ദൈവഭക്തിയുടെ അത്തരമൊരു പുറംപൂച്ചുണ്ടെങ്കിലും, അനുഭവസമ്പത്തുള്ള ജനഹിതപരിശോധകനായ ജോർജ് ഗാലൂപ് ജൂനിയർ പറയുന്നു: “തങ്ങൾ എന്തു വിശ്വസിക്കുന്നുവെന്നോ എന്തുകൊണ്ട് വിശ്വസിക്കുന്നുവെന്നോ മിക്ക അമേരിക്കക്കാർക്കും അറിയില്ലെന്നുള്ളതാണ് യാഥാർഥ്യം.”
ഒട്ടുമിക്ക ആളുകളുടെയും മതവിശ്വാസങ്ങളും അവരുടെ പ്രവൃത്തികളും തമ്മിൽ വലിയൊരു അന്തരമുണ്ടെന്നും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, “രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യം നടക്കുന്ന പ്രദേശങ്ങൾ മതവിശ്വാസവും ആചാരവും ഏറ്റവും ശക്തമായിരിക്കുന്ന സ്ഥലങ്ങളാണെന്ന് സാമൂഹികശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു”വെന്ന് എഴുത്തുകാരനായ ജെഫ്രി ഷെലെർ പറയുന്നു.
ഇതിൽ അതിശയിക്കാനില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്ന”വർക്കെതിരെ ജാഗ്രത പുലർത്താൻ ഒന്നാം നൂറ്റാണ്ടിൽത്തന്നെ അപ്പോസ്തലനായ പൗലൊസ് സഹക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകി. (തീത്തൊസ് 1:16) അതിനുപുറമേ, “ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്ന” ആളുകൾ ‘അന്ത്യകാല’ത്തിന്റെ അടയാളമായിരിക്കുമെന്നു പൗലൊസ് യുവാവായ തിമൊഥെയൊസിനോടു പറഞ്ഞു.—2 തിമൊഥെയൊസ് 3:1, 5.
എന്നാൽ, “നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുക്രിസ്തുവിന്റെ കൽപ്പന പിൻപറ്റാൻ സത്യക്രിസ്ത്യാനികൾ അവരുടെ പരമാവധി പ്രവർത്തിക്കുന്നു. (മത്തായി 28:19) ഈ വിധത്തിൽ അവർ “വചനം കേൾക്കുന്നവർ മാത്രമായിരിക്കാതെ പ്രവർത്തിക്കുന്നവർ ആയിത്തീരുന്നു.”—യാക്കോബ് 1:22.
[7-ാം പേജിലെ ചിത്രം]
ലോകമെമ്പാടും ആളുകൾ ബൈബിൾ പഠനത്തെ മൂല്യവത്തായി കരുതുന്നു