വിശ്വാസം നമ്മെ ക്ഷമയുള്ളവരും പ്രാർഥനാനിരതരുമാക്കുന്നു
“ക്ഷമ പ്രകടമാക്കുവിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; എന്തെന്നാൽ കർത്താവിന്റെ സാന്നിധ്യം സമീപിച്ചിരിക്കുന്നു.”—യാക്കോബ് 5:8, NW.
1. യാക്കോബ് 5:7, 8-നെക്കുറിച്ചു നാം വിചിന്തനം ചെയ്യേണ്ടതെന്തുകൊണ്ട്?
ദീർഘനാളായി കാത്തിരുന്ന, യേശുക്രിസ്തുവിന്റെ “സാന്നിധ്യം” ഇപ്പോൾ ഒരു വസ്തുതയാണ്. (മത്തായി 24:3-14) ദൈവത്തിലും ക്രിസ്തുവിലും വിശ്വാസമുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരും ശിഷ്യനായ യാക്കോബിന്റെ പിൻവരുന്ന വാക്കുകൾ വിചിന്തനം ചെയ്യേണ്ടതിനു പൂർവാധികം ന്യായമുണ്ട്. “സഹോദരന്മാരേ, കർത്താവിന്റെ സാന്നിധ്യംവരെ ക്ഷമ പ്രകടമാക്കുവിൻ. നോക്കൂ! ഭൂമിയിൽനിന്നു വിലയേറിയ ഫലങ്ങൾക്കുവേണ്ടി കൃഷിക്കാരൻ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നു. നിങ്ങളും ക്ഷമ പ്രകടമാക്കുവിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; എന്തെന്നാൽ കർത്താവിന്റെ സാന്നിധ്യം സമീപിച്ചിരിക്കുന്നു.”—യാക്കോബ് 5:7, 8, NW.
2. യാക്കോബ് ആർക്കുവേണ്ടി എഴുതിയോ അവർക്കു നേരിട്ട ചില പ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു?
2 യാക്കോബ് ആർക്കുവേണ്ടി തന്റെ നിശ്വസ്ത ലേഖനം എഴുതിയോ അവർ ക്ഷമ പ്രകടമാക്കുകയും വ്യത്യസ്ത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടിയിരുന്നു. ദൈവത്തിൽ വിശ്വാസമുണ്ടെന്നു പറയുന്നവരിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നുവോ അതിനു വിപരീതമായിരുന്നു അനേകരുടെയും പ്രവർത്തനം. ഉദാഹരണത്തിന്, ചിലരുടെ ഹൃദയങ്ങളിൽ വികാസംപ്രാപിച്ചിരുന്ന ചില ആഗ്രഹങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. ആദിമ ക്രിസ്ത്യാനികൾക്കിടയിലെ പ്രശാന്തത വീണ്ടെടുക്കണമായിരുന്നു. ക്ഷമിക്കുന്നവരും പ്രാർഥിക്കുന്നവരും ആയിരിക്കേണ്ടതു സംബന്ധിച്ച് അവർക്കു ബുദ്ധ്യുപദേശവും ആവശ്യമായിരുന്നു. യാക്കോബ് അവരോടു പറഞ്ഞത് പരിചിന്തിക്കുമ്പോൾ, അവന്റെ വാക്കുകൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാനാകുമെന്നു കാണാം.
തെറ്റായ ആഗ്രഹങ്ങൾ നാശകരം
3. സഭയിലെ കലഹത്തിനുള്ള കാരണങ്ങൾ എന്തെല്ലാമായിരുന്നു, ഇതിൽനിന്നു നമുക്കെന്തു പഠിക്കാം?
3 ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന ചിലർക്കിടയിൽ സമാധാനമുണ്ടായിരുന്നില്ല. ഈ സ്ഥിതിവിശേഷത്തിന്റെ മൂല കാരണം തെറ്റായ ആഗ്രഹങ്ങളായിരുന്നു. (യാക്കോബ് 4:1-3) കലഹസ്വഭാവം ഭിന്നിപ്പിനു വഴിതെളിച്ചിരുന്നു. മാത്രമല്ല, ചിലർ സ്നേഹശൂന്യമായി സഹോദരങ്ങളെ വിധിക്കുന്നുമുണ്ടായിരുന്നു. ഇതിനു കാരണം ഇന്ദ്രിയസുഖവാഞ്ഛ അവരുടെ ശരീരാവയവങ്ങളിൽ പോരാട്ടം നടത്തുകയായിരുന്നുവെന്നതാണ്. സഭയിലെ സമാധാനം കെടുത്തുന്നതിനു നമ്മുടെ ഭാഗത്തുനിന്നു യാതൊന്നും സംഭവിക്കാതിരിക്കേണ്ടതിനായി സ്ഥാനത്തിനും അധികാരത്തിനും സമ്പത്തിനുംവേണ്ടിയുള്ള ജഡിക വാഞ്ഛകളെ ചെറുക്കാനുള്ള സഹായത്തിനായി നാം പ്രാർഥിക്കേണ്ടയാവശ്യമുണ്ട്. (റോമർ 7:21-25; 1 പത്രൊസ് 2:11) ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾക്കിടയിൽ, അത്യാഗ്രഹം വളർന്ന് വിദ്വേഷപൂരിത, ഹിംസാത്മക മനോഭാവത്തോളം എത്തിയിരുന്നു. ദൈവം അവരുടെ തെറ്റായ ആഗ്രഹങ്ങൾ നിവർത്തിക്കുകയില്ലാത്തതിനാൽ, തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി അവർ പോരാടിക്കൊണ്ടേയിരുന്നു. അതുപോലെ തെറ്റായ ആഗ്രഹങ്ങൾ വെച്ചുപുലർത്തിക്കൊണ്ട് നാമും പ്രാർഥിച്ചേക്കാം, പക്ഷേ ലഭിക്കുകയില്ല. എന്തെന്നാൽ നമ്മുടെ പരിശുദ്ധനായ ദൈവം അത്തരം പ്രാർഥനക്ക് ഉത്തരമരുളുകയില്ല.—വിലാപങ്ങൾ 3:44; 3 യോഹന്നാൻ 9, 10.
4. യാക്കോബ് ചിലരെ “വ്യഭിചാരിണികളെ”ന്നു വിളിക്കുന്നതെന്തുകൊണ്ട്, അവന്റെ പ്രസ്താവന നമ്മെ എങ്ങനെ ബാധിക്കണം?
4 ചില ആദിമ ക്രിസ്ത്യാനികൾക്കിടയിൽ ലൗകിക ചിന്താഗതിയും അസൂയയും അഹങ്കാരവുമുണ്ടായിരുന്നു. (യാക്കോബ് 4:4-6) ലോകത്തിന്റെ സുഹൃത്തുക്കളായിത്തീർന്ന് ആത്മീയ വ്യഭിചാരക്കുറ്റക്കാരായ ചിലരെ യാക്കോബ് “വ്യഭിചാരിണികളെ”ന്നു വിളിക്കുന്നു. (യെഹെസ്കേൽ 16:15-19, 25-45) തീർച്ചയായും, മനോഭാവത്തിന്റെയും സംസാരത്തിന്റെയും പ്രവൃത്തികളുടെയും കാര്യത്തിൽ ലൗകികരായിത്തീരാൻ നാമാഗ്രഹിക്കുന്നില്ല. കാരണം അതു നമ്മെ ദൈവത്തിന്റെ ശത്രുക്കളാക്കിത്തീർക്കും. “അസൂയപ്പെടാനുള്ള പ്രവണത” (NW) പാപികളായ മനുഷ്യരിലെ മോശമായ ചായ്വിന്റെ, അല്ലെങ്കിൽ “മനോഭാവ”ത്തിന്റെ ഭാഗമാണ്. (ഉല്പത്തി 8:21; സംഖ്യാപുസ്തകം 16:1-3; സങ്കീർത്തനം 106:16, 17; സഭാപ്രസംഗി 4:4) അപ്പോൾ അസൂയയോടോ അഹങ്കാരത്തോടോ മറ്റേതെങ്കിലും മോശമായ പ്രവണതയോടോ പോരാടേണ്ടതുണ്ടെന്നു നാം തിരിച്ചറിയുന്നെങ്കിൽ, പരിശുദ്ധാത്മാവിലൂടെ നമുക്കു ദൈവസഹായം തേടാം. ദൈവം തന്റെ അനർഹദയയാൽ പ്രദാനംചെയ്യുന്ന ആ ശക്തിക്ക് “അസൂയപ്പെടാനുള്ള പ്രവണത”യെ അധീനപ്പെടുത്താനാകും. യഹോവ അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ നാം പാപപൂർണമായ പ്രവണതകളോടു പോരാടുന്നെങ്കിൽ അവൻ നമ്മോട് അനർഹദയ കാട്ടും.
5. ദൈവത്തിന്റെ അനർഹദയയ്ക്ക്, നാം ഏതെല്ലാം നിബന്ധനകൾ പാലിക്കണം?
5 നമുക്കെങ്ങനെയാണു ദൈവത്തിന്റെ അനർഹദയയ്ക്കു പാത്രമാകാൻ കഴിയുന്നത്? (യാക്കോബ് 4:7-10) യഹോവയിൽനിന്ന് അനർഹദയ ലഭിക്കുന്നതിന്, നാമവനെ അനുസരിക്കുകയും അവന്റെ കരുതലുകൾ സ്വീകരിക്കുകയും അവന്റെ ഹിതത്തിനു കീഴ്പെടുകയും വേണം. (റോമർ 8:28) നാം പിശാചിനോട് ‘എതിർത്തുനിൽക്കുക’യോ ‘എതിരിടുക’യോ വേണം. യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തിന്റെ പിന്തുണക്കാർ എന്ന നിലയിൽ നാം സ്ഥിരതയുള്ളവരായി നിലകൊള്ളുന്നപക്ഷം, അവൻ ‘നമ്മെ വിട്ട് ഓടിപ്പോകും.’ യാതൊന്നിൽനിന്നും നമുക്കു സ്ഥിരമായ ദോഷം വരാതിരിക്കാൻ ലോകത്തിന്റെ ദുഷ്ടോപാധികളെ പ്രതിരോധിക്കുന്ന യേശുവിന്റെ സഹായം നമുക്കുണ്ട്. കൂടാതെ ഒരിക്കലും ഇത് വിസ്മരിക്കാതിരിക്കുക: പ്രാർഥന, അനുസരണം, വിശ്വാസം എന്നിവയാൽ നമുക്കു ദൈവത്തോട് അടുത്തുവരാൻ കഴിയും, അവൻ നമുക്കു സമീപസ്ഥനെന്ന് തെളിയും.—2 ദിനവൃത്താന്തം 15:2.
6. യാക്കോബ് ചില ക്രിസ്ത്യാനികളെ ‘പാപികളെ’ന്നു വിളിക്കുന്നതെന്തുകൊണ്ട്?
6 ദൈവത്തിൽ വിശ്വാസമുണ്ടെന്നു പറയുന്ന ചിലർക്ക് യാക്കോബ് ‘പാപികൾ’ എന്ന പദം ബാധകമാക്കുന്നതെന്തുകൊണ്ട്? എന്തെന്നാൽ, ‘യുദ്ധങ്ങളും’ (NW) ഹിംസാത്മക വിദ്വേഷവുംപോലുള്ള, ക്രിസ്ത്യാനികൾക്കു കൊള്ളാത്ത മനോഭാവങ്ങളുണ്ടെന്ന കുറ്റക്കാരായിരുന്നു അവർ. (തീത്തൊസ് 3:3) ദുഷ്കൃത്യങ്ങൾ നിറഞ്ഞ അവരുടെ “കൈകൾ”ക്കു ശുദ്ധിവരുത്തൽ ആവശ്യമായിരുന്നു. പ്രചോദനങ്ങളുടെ ഇരിപ്പിടമായ അവരുടെ “ഹൃദയങ്ങളും” അവർ ശുദ്ധീകരിക്കേണ്ടിയിരുന്നു. (മത്തായി 15:18, 19) ആ ‘ഇരുമനസ്സുള്ളവർ’ ദൈവവുമായുള്ള സൗഹൃദത്തിനും ലോകവുമായുള്ള സൗഹൃദത്തിനുമിടയിൽ ചാഞ്ചാട്ടം നടത്തി. അവരുടെ മോശമായ നടത്തയെക്കുറിച്ചുള്ള മുന്നറിയിപ്പുള്ളതുകൊണ്ട്, അത്തരം സംഗതികളാൽ നമ്മുടെ വിശ്വാസത്തിന് ഉലച്ചിൽ തട്ടാതിരിക്കാൻ നമുക്ക് നിതാന്ത ജാഗ്രത പുലർത്താം.—റോമർ 7:18-20.
7. യാക്കോബ് ചിലരോട് “സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ” എന്നു പറയുന്നതെന്തുകൊണ്ട്?
7 യാക്കോബ് തന്റെ വായനക്കാരോട് “സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ” എന്നു പറയുന്നു. അവർ ദൈവിക സങ്കടം പ്രകടിപ്പിച്ചെങ്കിൽ, അത് അനുതാപത്തിനുള്ള തെളിവാകുമായിരുന്നു. (2 കൊരിന്ത്യർ 7:10, 11) ഇന്ന്, വിശ്വാസമുണ്ടെന്നു പറയുന്ന ചിലർ ഈ ലോകത്തിന്റെ സൗഹൃദം തേടുന്നുണ്ട്. നമ്മിലാരെങ്കിലും അത്തരം ഗതി പിൻപറ്റുന്നെങ്കിൽ, നമ്മുടെ ദുർബലമായ ആത്മീയാവസ്ഥയെപ്രതി ദുഃഖിച്ചു കരഞ്ഞ് കാര്യങ്ങൾ നേരേയാക്കാൻ നാം സത്വരനടപടികൾ സ്വീകരിക്കേണ്ടതല്ലേ? ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ദൈവത്തിൽനിന്നുള്ള ക്ഷമ ലഭിക്കുകയും ചെയ്യുമ്പോൾ അതു ശുദ്ധ മനസ്സാക്ഷിയും നിത്യജീവന്റെ സന്തോഷപ്രദമായ പ്രത്യാശയും കൈവരുത്തിക്കൊണ്ട് നമ്മിൽ ആഹ്ലാദം ഉളവാക്കും.—സങ്കീർത്തനം 51:10-17; 1 യോഹന്നാൻ 2:15-17.
പരസ്പരം വിധിക്കരുത്
8, 9. നാം അന്യോന്യം വിരോധമായി സംസാരിക്കുകയോ വിധിക്കുകയോ ചെയ്യാൻ പാടില്ലാത്തതെന്തുകൊണ്ട്?
8 ഒരു സഹവിശ്വാസിക്ക് വിരോധമായി സംസാരിക്കുന്നത് പാപകരമാണ്. (യാക്കോബ് 4:11, 12) എന്നിരുന്നാലും, ചിലർ സഹക്രിസ്ത്യാനികളെക്കുറിച്ചു നിഷേധാത്മകമായ വിമർശനങ്ങൾ നടത്തുന്നു. ഒരുപക്ഷേ അത് അവരുടെ സ്വയനീതി മനോഭാവത്തിന്റെയോ മറ്റുള്ളവരെ തരംതാഴ്ത്തി സ്വയം ഉയർത്തിക്കാണിക്കാനുള്ള ആഗ്രഹത്തിന്റെയോ ഫലമായിരിക്കാം. (സങ്കീർത്തനം 50:20; സദൃശവാക്യങ്ങൾ 3:29) ‘വിരോധമായി സംസാരിക്കുക’ (NW) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം ശത്രുതയെ സൂചിപ്പിക്കുകയും അതിശയോക്തി കലർന്നതോ വ്യാജമോ ആയ ആരോപണം നടത്തുന്നതിനെ അർഥമാക്കുകയും ചെയ്യുന്നു. ഇത് ഒരു സഹോദരനെ പ്രതികൂലമായി വിധിക്കുന്നതിനു തുല്യമാണ്. ഇതെങ്ങനെ ‘ദൈവനിയമത്തിനു വിരോധമായി സംസാരിക്കുന്നതിനും അതിനെ വിധിക്കുന്നതിനും’ (NW) തുല്യമാകും? ശാസ്ത്രിമാരും പരീശന്മാരും വിദഗ്ധമായി ‘ദൈവകല്പന വിട്ടുകളഞ്ഞ്’ സ്വന്തനിലവാരങ്ങളനുസരിച്ച് വിധിച്ചിരുന്നു. (മർക്കൊസ് 7:1-13) അതുപോലെ, യഹോവ കുറ്റംവിധിക്കുകയില്ലാത്ത ഒരു സഹോദരനെ നാം കുറ്റംവിധിച്ചെങ്കിൽ, നാം ‘ദൈവത്തിന്റെ നിയമത്തെ വിധിക്കുക’യും അത് അപര്യാപ്തമാണെന്ന് പാപകരമായി അർഥമാക്കുകയും ചെയ്യുകയാകില്ലേ? നമ്മുടെ സഹോദരനെ അന്യായമായി വിമർശിക്കുമ്പോൾ, നാം സ്നേഹത്തിന്റെ നിയമത്തിനു ചേർച്ചയിലായിരിക്കുകയില്ല പ്രവർത്തിക്കുന്നത്.—റോമർ 13:8-10.
9 നമുക്ക് ഇത് ഓർത്തിരിക്കാം: “ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു”—യഹോവ. അവന്റെ ന്യായപ്രമാണം ‘പൂർണതയുള്ള’താണ്, കുറവുള്ളതല്ല. (സങ്കീർത്തനം 19:7; യെശയ്യാവു 33:22) ദൈവത്തിനുമാത്രമേ രക്ഷയ്ക്കുള്ള നിലവാരങ്ങളും നിയമങ്ങളും വെക്കാനുള്ള അവകാശമുള്ളൂ. (ലൂക്കൊസ് 12:5) അതുകൊണ്ട് യാക്കോബ് ചോദിക്കുന്നു: “കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?” മറ്റുള്ളവരെ വിധിച്ച് കുറ്റക്കാരാണെന്നു പറയാൻ നമുക്ക് അധികാരമില്ല. (മത്തായി 7:1-5; റോമർ 14:4, 10) ദൈവത്തിന്റെ പരമാധികാരത്തെയും പക്ഷപാതമില്ലായ്മയെയും നമ്മുടെ പാപാവസ്ഥയെയും കുറിച്ച് വിചിന്തനം ചെയ്യുന്നത് സ്വയം നീതിമാൻ ചമഞ്ഞ് മറ്റുള്ളവരെ വിധിക്കുന്നതിൽനിന്നു നമ്മെ തടയാൻ സഹായിക്കണം.
ഗർവിഷ്ഠ ആത്മവിശ്വാസം ഒഴിവാക്കുക
10. അനുദിന ജീവിതത്തിൽ നാം യഹോവയെ കണക്കിലെടുക്കേണ്ടതെന്തുകൊണ്ട്?
10 നാമെല്ലായ്പോഴും യഹോവയെയും അവന്റെ നിയമത്തെയും കണക്കിലെടുക്കണം. (യാക്കോബ് 4:13-17) ദൈവത്തെ അവഗണിച്ചുകൊണ്ട് ആത്മവിശ്വാസികൾ പറയുന്നു: “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും.” നാം ‘ദൈവവിഷയമായി സമ്പന്നരാകാതെ നമുക്കു തന്നേ നിക്ഷേപിക്കുന്നെ’ങ്കിൽ, നമ്മുടെ ജീവിതം നാളെ അവസാനിക്കുകയും യഹോവയെ സേവിക്കുന്നതിനുള്ള അവസരം ലഭിക്കാതിരിക്കുകയും ചെയ്തേക്കാം. (ലൂക്കൊസ് 12:16-21) യാക്കോബ് പറയുന്നതുപോലെ, നാം “അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ” പ്രഭാത മൂടൽമഞ്ഞുപോലെയാണ്. (1 ദിനവൃത്താന്തം 29:15) യഹോവയിൽ വിശ്വാസം പ്രകടമാക്കുന്നതിലൂടെമാത്രമേ നമുക്കു നിലനിൽക്കുന്ന സന്തോഷവും നിത്യജീവനും പ്രത്യാശിക്കാനാകുകയുള്ളൂ.
11. “യഹോവയുടെ ഹിതമെങ്കിൽ” എന്നു പറയുന്നതിന്റെ അർഥമെന്ത്?
11 അഹങ്കാരപൂർവം ദൈവത്തെ അവഗണിക്കുന്നതിനുപകരം, നാം ഈ നിലപാട് എടുക്കേണ്ടതുണ്ട്: “കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ [“യഹോവയുടെ ഹിതമെങ്കിൽ,” NW] ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും.” “യഹോവയുടെ ഹിതമെങ്കിൽ” എന്നു പറയുന്നത് നാം അവന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കാൻ ശ്രമിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. നമ്മുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനു ബിസിനസ് ചെയ്യുന്നതും രാജ്യവേലയ്ക്കായി യാത്രചെയ്യുന്നതും മറ്റും അത്യാവശ്യമായിരിക്കാം. എന്നാൽ നമുക്ക് വമ്പുപറയാതിരിക്കാം. ദൈവത്തിലുള്ള ആശ്രയത്തെ അവഗണിക്കുന്നതുകൊണ്ട് “ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.”—സങ്കീർത്തനം 37:5; സദൃശവാക്യങ്ങൾ 21:4; യിരെമ്യാവു 9:23, 24.
12. യാക്കോബ് 4:17-ലെ വാക്കുകളാൽ എന്താണർഥമാക്കുന്നത്?
12 ആത്മവിശ്വാസത്തെയും വമ്പുപറച്ചിലിനെയും കുറിച്ചുള്ള തന്റെ പ്രസ്താവനകൾ വ്യക്തമായും യാക്കോബ് ഇങ്ങനെ പറഞ്ഞ് ഉപസംഹരിക്കുകയാണ്: “നന്മ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.” ദൈവത്തിലുള്ള തന്റെ ആശ്രയത്വം ഓരോ ക്രിസ്ത്യാനിയും താഴ്മയോടെ അംഗീകരിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ‘അവന് അതു പാപംതന്നെയാണ്.’ തീർച്ചയായും, ദൈവവിശ്വാസം നമ്മിൽനിന്ന് ആവശ്യപ്പെടുന്നതു നിവർത്തിക്കാൻ പരാജയപ്പെടുന്നതിനും ഇതേ തത്ത്വം ബാധകമാണ്.—ലൂക്കൊസ് 12:47, 48.
ധനികരെക്കുറിച്ചുള്ള മുന്നറിയിപ്പ്
13. തങ്ങളുടെ സമ്പത്ത് ദുരുപയോഗപ്പെടുത്തുന്നവരെക്കുറിച്ച് യാക്കോബ് എന്തു പറയുന്നു?
13 ചില ആദിമ ക്രിസ്ത്യാനികൾ ഭൗതികത്വചിന്താഗതിക്കാരോ ധനികരിൽ ആകൃഷ്ടരോ ആയിത്തീർന്നതിനാൽ, യാക്കോബ് ചില ധനികരെക്കുറിച്ച് കടുപ്പത്തിലുള്ള പ്രസ്താവനകൾ നടത്തുകയാണ്. (യാക്കോബ് 5:1-6) തെറ്റായ വിധത്തിൽ തങ്ങളുടെ സമ്പത്ത് ഉപയോഗിക്കുന്ന ലൗകികരുടെ പ്രവൃത്തികൾക്കൊത്തവിധം ദൈവം പകരംകൊടുക്കുമ്പോൾ അവർ ‘തങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടും.’ അക്കാലത്ത്, അനേകരുടെയും സമ്പത്ത് മുഖ്യമായും വസ്ത്രങ്ങൾ, ധാന്യങ്ങൾ, വീഞ്ഞ് മുതലായവ ആയിരുന്നു. (യോവേൽ 2:19; മത്തായി 11:8) ഇവയിൽ ചിലത് ദ്രവിച്ചതോ ‘പുഴുവരിച്ചുപോയ’തോ ആയിരുന്നിരിക്കാം, എന്നാൽ യാക്കോബ് സമ്പത്തിന്റെ നശ്വരതയെയല്ല, നിരർഥകതയെയാണ് ഊന്നിപ്പറയുന്നത്. പൊന്നിനും വെള്ളിക്കും തുരുമ്പുപിടിക്കുന്നില്ലെങ്കിലും, നാം അവ പൂഴ്ത്തിവെക്കുന്നെങ്കിൽ, തുരുമ്പിച്ച വസ്തുക്കളെപ്പോലെ അവയും വിലയില്ലാത്തതാകും. “തുരുമ്പ്” (NW) സൂചിപ്പിക്കുന്നത് ഭൗതിക വസ്തുക്കൾ ശരിയായി ഉപയോഗപ്പെടുത്തിയില്ലെന്നാണ്. അതുകൊണ്ട്, ഭൗതികസമ്പത്തിൽ ആശ്രയംവെച്ചിരിക്കുന്നവർ ദൈവകോപം വരുന്ന ‘അന്ത്യകാലത്ത് നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്ന’ത് “തീ”ശേഖരിക്കുന്നതുപോലെയാണെന്ന് നാമെല്ലാവരും ഓർക്കണം. നാം “അന്ത്യകാല”ത്ത് ജീവിക്കുന്നതുകൊണ്ട്, അത്തരം വാക്കുകൾ നമുക്കു വിശേഷാൽ ബാധകമാണ്.—ദാനീയേൽ 12:4; റോമർ 2:5.
14. ധനികർ പലപ്പോഴും പ്രവർത്തിക്കുന്നതെങ്ങനെ, അതു സംബന്ധിച്ചു നാമെന്തു ചെയ്യണം?
14 ധനികർ പലപ്പോഴും കൊയ്ത്തുകാരെ കൂലിയുടെ കാര്യത്തിൽ വഞ്ചിക്കുന്നതുകൊണ്ട്, പിടിച്ചുവെക്കപ്പെട്ട അവരുടെ കൂലി പ്രതികാരത്തിനായി ‘നിലവിളിക്കുന്നു.’ (ഉല്പത്തി 4:9, 10 താരതമ്യം ചെയ്യുക.) ലോകത്തിലെ ധനവാന്മാർ ‘ആഡംബരത്തിൽ ജീവിച്ചിരിക്കുന്നു.’ ഇന്ദ്രിയസുഖത്തിൽ ആറാടുന്ന അവരുടെ ഹൃദയം കൊഴുപ്പുമുറ്റിയതും പ്രതികരണശേഷി നഷ്ടപ്പെട്ടതുമാണ്. തങ്ങളുടെ വധനിർവഹണത്തിനായി നിശ്ചയിച്ചിരിക്കുന്ന ‘ദിവസ’ത്തോളം അവർ അതുതന്നെ ചെയ്തുകൊണ്ടിരിക്കും. അവർ ‘നീതിമാനെ കുററംവിധിച്ചു കൊല്ലുന്നു.’ യാക്കോബ് ചോദിക്കുന്നു: ‘അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നില്ലേ?’ അല്ലെങ്കിൽ മറ്റൊരു പരിഭാഷ പറയുന്നതുപോലെ, “നീതിമാൻ; അവൻ നിങ്ങളെ എതിർക്കുന്നില്ല.” സംഗതി എന്തായാലും, നാം ധനികരോടു പക്ഷപാതം കാണിച്ചുകൂടാ. ആത്മീയ താത്പര്യങ്ങൾ നാം ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വെക്കണം.—മത്തായി 6:25-33.
വിശ്വാസം നമ്മെ ക്ഷമ പ്രകടമാക്കാൻ സഹായിക്കുന്നു
15, 16. ക്ഷമ പ്രകടിപ്പിക്കുന്നത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
15 ലോകത്തിലെ മർദകരായ ധനികരെക്കുറിച്ചു പറഞ്ഞതിനുശേഷം, യാക്കോബ് അടുത്തതായി മർദിത ക്രിസ്ത്യാനികളെ ക്ഷമ പ്രകടമാക്കാൻ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ് 5:7, 8) വിശ്വാസികൾ പ്രയാസങ്ങളിൽ ക്ഷമയോടെ സഹിച്ചുനിൽക്കുന്നെങ്കിൽ, മർദകരുടെമേൽ ന്യായവിധി നിർവഹിക്കപ്പെടുന്ന ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത് അവരുടെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കുന്നതായിരിക്കും. (മത്തായി 24:37-41) നടുന്നതിനുവേണ്ടി ശരത്കാലത്തെ ആദ്യ മഴയ്ക്കും ഫലംകായ്ക്കലിൽ പര്യവസാനിക്കുന്ന വസന്തകാലത്തെ അവസാന മഴയ്ക്കുംവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന കൃഷിക്കാരനെപ്പോലെയാകേണ്ടിയിരുന്നു ആ ആദിമ ക്രിസ്ത്യാനികൾ. (യോവേൽ 2:23) നമ്മളും ക്ഷമ പ്രകടമാക്കി ഹൃദയത്തെ സ്ഥിരമാക്കേണ്ടതുണ്ട്, വിശേഷിച്ചും “കർത്താവിന്റെ,” യേശുക്രിസ്തുവിന്റെ “സാന്നിധ്യം” എത്തിയിരിക്കുന്നതിനാൽ!
16 നാം ക്ഷമയുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്? (യാക്കോബ് 5:9-12) സഹവിശ്വാസികൾ നമ്മെ പ്രകോപിപ്പിക്കുമ്പോൾ ഞരങ്ങുകയോ നെടുവീർപ്പിടുകയോ ചെയ്യാതിരിക്കാൻ ക്ഷമ നമ്മെ സഹായിക്കുന്നു. നാം ദ്രോഹം നിരൂപിച്ച് ‘ഓരോരുത്തരുടെയും നേരെ ഞരങ്ങു’ന്നെങ്കിൽ, ന്യായാധിപനായ യേശുക്രിസ്തുവിനാൽ കുറ്റംവിധിക്കപ്പെടും. (യോഹന്നാൻ 5:22) ഇപ്പോൾ അവന്റെ “സാന്നിധ്യം” തുടങ്ങിയിരിക്കുന്നു, അവൻ “വാതില്ക്കൽ നില്ക്കു”കയാണ്. അതുകൊണ്ട് നമുക്കു നമ്മുടെ സഹോദരങ്ങളോടു ക്ഷമയുള്ളവരായി സമാധാനം ഉന്നമിപ്പിക്കാം, വിശ്വാസവുമായി ബന്ധപ്പെട്ട അനേകം പരിശോധനകൾ നേരിടുന്നവരാണ് അവർ. പീഡാനുഭവങ്ങളിൽ ഇയ്യോബ് ക്ഷമയോടെ സഹിച്ചുനിന്നതുകൊണ്ട് ദൈവം അവനു പ്രതിഫലം കൊടുത്തുവെന്നു നാം അനുസ്മരിക്കുമ്പോൾ നമ്മുടെ സ്വന്തം വിശ്വാസം ബലിഷ്ഠമാക്കപ്പെടും. (ഇയ്യോബ് 42:10-17) നാം വിശ്വാസവും ക്ഷമയും പ്രകടമാക്കുന്നെങ്കിൽ, “കർത്താവു [“യഹോവ,” NW] മഹാ കരുണയും മനസ്സലിവുമുള്ള”വനാണെന്നു നാം കാണും.—മീഖാ 7:18, 19.
17. “സത്യം ചെയ്യുന്നതു നിർത്തുക” എന്നു യാക്കോബ് പറയുന്നതെന്തുകൊണ്ട്?
17 നാം ക്ഷമയുള്ളവരല്ലെങ്കിൽ, സമ്മർദത്തിൻകീഴിലാകുമ്പോൾ നാം നാവ് ദുരുപയോഗം ചെയ്തേക്കാം. ഉദാഹരണത്തിന്, നാം തിടുക്കത്തിൽ സത്യം ചെയ്തേക്കാം. കാര്യഗൗരവമില്ലാതെ സത്യം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പു നൽകിക്കൊണ്ട് യാക്കോബ് പറയുന്നു: “സത്യം ചെയ്യുന്നതു നിർത്തുക.” (NW) നിരന്തരം സത്യപ്രതിജ്ഞകൾ നടത്തി പ്രസ്താവനകൾ ദൃഢീകരിക്കുന്നതും കാപട്യമായി തോന്നും. അതുകൊണ്ട്, നാം കേവലം സത്യം സംസാരിച്ചാൽ മതി, ഉവ്വ് എന്നത് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും അർഥമാക്കുക. (മത്തായി 5:33-37) തീർച്ചയായും, കോടതിയിൽ സത്യം ബോധിപ്പിക്കുന്നതിനുമുമ്പായി സത്യം ചെയ്യുന്നത് തെറ്റാണെന്നല്ല യാക്കോബ് പറയുന്നത്.
വിശ്വാസവും നമ്മുടെ പ്രാർഥനകളും
18. ഏതു സാഹചര്യങ്ങളിൽ നാം “പ്രാർഥി”ക്കുകയും “സങ്കീർത്തനങ്ങൾ ആലപി”ക്കുകയും വേണം?
18 നമ്മുടെ സംസാരത്തെ നിയന്ത്രിക്കുകയും ക്ഷമ പ്രകടമാക്കുകയും ദൈവത്തിൽ ആരോഗ്യാവഹമായ വിശ്വാസം നിലനിർത്തുകയും ചെയ്യണമെങ്കിൽ നമ്മുടെ ജീവിതത്തിൽ പ്രാർഥനയ്ക്കു വലിയ പങ്കുണ്ടായിരിക്കണം. (യാക്കോബ് 5:13-20) വിശേഷിച്ചും നമുക്കു പീഡാനുഭവങ്ങൾ നേരിടുമ്പോൾ നാം “പ്രാർഥി”ക്കണം. നാം പ്രസന്നരാണെങ്കിൽ, യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയ വേളയിൽ അവനും അപ്പോസ്തലന്മാരും ചെയ്തതുപോലെ, നമുക്കു “സങ്കീർത്തനങ്ങൾ ആലപി”ക്കാനാകും. (മർക്കൊസ് 14:26, NW അടിക്കുറിപ്പ്) ചിലപ്പോൾ, ദൈവത്തോടുള്ള അത്തരം കൃതജ്ഞതയാൽ നിറഞ്ഞ് നാം ഹൃദയത്തിൽ സ്തുതികൾ ആലപിച്ചെന്നിരിക്കും. (1 കൊരിന്ത്യർ 14:15; എഫെസ്യർ 5:19) ക്രിസ്തീയ യോഗങ്ങളിൽ യഹോവയെ പാടിപ്പുകഴ്ത്തുന്നത് എന്തൊരാഹ്ലാദമാണ്!
19. നാം ആത്മീയമായി രോഗഗ്രസ്തരാകുന്നെങ്കിൽ എന്തു ചെയ്യണം, അത്തരം നടപടി എടുക്കേണ്ടതെന്തുകൊണ്ട്?
19 തെറ്റായ നടത്തയോ യഹോവയുടെ മേശയിങ്കൽനിന്നു ഭക്ഷിക്കുന്നതിലെ ക്രമരാഹിത്യമോ നിമിത്തം നാം ആത്മീയ രോഗാവസ്ഥയിലാണെങ്കിൽ, നമുക്കു പാടാൻ തോന്നിയെന്നുവരില്ല. നാം അത്തരം അവസ്ഥയിലാണെങ്കിൽ, നമുക്കു താഴ്മയോടെ മൂപ്പന്മാരെ വിളിച്ചുവരുത്താവുന്നതാണ്, അവർ ‘നമുക്കുവേണ്ടി പ്രാർഥി’ക്കും. (സദൃശവാക്യങ്ങൾ 15:29) ‘അവർ യഹോവയുടെ നാമത്തിൽ നമ്മെ എണ്ണ പൂശും.’ മുറിവുണക്കുന്ന തൈലത്തെപ്പോലെ, അവരുടെ ആശ്വാസവചനങ്ങളും തിരുവെഴുത്തു ബുദ്ധ്യുപദേശവും വിഷാദം, സംശയം, ഭയം എന്നിവയകറ്റാൻ ഉപകരിക്കും. ‘വിശ്വാസത്തോടുകൂടിയ പ്രാർത്ഥന’യ്ക്കൊപ്പം നമ്മുടെ വിശ്വാസവും കൂടിയാകുമ്പോൾ അതു ‘നമ്മെ സൗഖ്യമാക്കും.’ (NW) നമ്മുടെ ആത്മീയ രോഗാവസ്ഥയ്ക്കു കാരണം ഗുരുതരമായ പാപമാണെന്നു മൂപ്പന്മാർ കണ്ടെത്തുന്നപക്ഷം, അവർ നമ്മുടെ തെറ്റ് ദയാപുരസ്സരം വ്യക്തമാക്കിത്തരുകയും നമ്മെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യും. (സങ്കീർത്തനം 141:5) നാം അനുതാപം പ്രകടമാക്കുന്നെങ്കിൽ, ദൈവം അവരുടെ പ്രാർഥന കേട്ട് നമ്മോടു ക്ഷമിക്കുമെന്നുള്ള വിശ്വാസം നമുക്കുണ്ടായിരിക്കാവുന്നതാണ്.
20. നാം പാപങ്ങൾ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവൻ പ്രാർഥിക്കേണ്ടതെന്തുകൊണ്ട്?
20 ‘തമ്മിൽ പാപങ്ങളെ ഏററുപറയുന്നത്’ പിന്നെയും പാപം ചെയ്യുന്നതിനെതിരെ ഒരു പ്രതിരോധമായി ഉതകണം. അത് “ഒരുവനുവേണ്ടി ഒരുവൻ പ്രാർഥി”ക്കാൻ (NW) പ്രേരിപ്പിക്കുന്ന ഗുണമായ പരസ്പരമുള്ള അനുകമ്പയെ പ്രോത്സാഹിപ്പിക്കണം. ഇതു പ്രയോജനപ്രദമായിരിക്കുമെന്ന വിശ്വാസം നമുക്കുണ്ടായിരിക്കാവുന്നതാണ്, എന്തെന്നാൽ വിശ്വാസം പ്രകടമാക്കുന്നവനും നേരുള്ളവനായി ദൈവം വീക്ഷിക്കുന്നവനുമായ ‘നീതിമാന്റെ’ പ്രാർഥന യഹോവയുടെ മുമ്പാകെ ഏറെ ഫലമുളവാക്കുന്നു. (1 പത്രൊസ് 3:12) പ്രവാചകനായ ഏലീയാവിന് നമ്മെപ്പോലെ ബലഹീനതകൾ ഉണ്ടായിരുന്നു. എന്നാൽ അവന്റെ പ്രാർഥനകൾ ഫലപ്രദമായിരുന്നു. അവൻ പ്രാർഥിച്ചു. മൂന്നര വർഷത്തോളം മഴപെയ്തില്ല. വീണ്ടും പ്രാർഥിച്ചു, അപ്പോൾ മഴ പെയ്യുകതന്നെ ചെയ്തു.—1 രാജാക്കന്മാർ 17:1; 18:1, 42-45; ലൂക്കൊസ് 4:25.
21. ഒരു സഹക്രിസ്ത്യാനി ‘സത്യംവിട്ടു തെററിപ്പോകു’ന്നെങ്കിൽ നമുക്കെന്തു ചെയ്യാൻ കഴിഞ്ഞേക്കും?
21 സഭയിലെ ഒരംഗം ശരിയായ പഠിപ്പിക്കലും നടത്തയും ഉപേക്ഷിച്ച് ‘സത്യംവിട്ടു തെററിപ്പോകു’ന്നെങ്കിലോ? ബൈബിൾ ബുദ്ധ്യുപദേശത്തിലൂടെയും പ്രാർഥനയിലൂടെയും മറ്റു സഹായത്തിലൂടെയും തെറ്റിൽനിന്ന് അയാളെ തിരിച്ചുകൊണ്ടുവരാൻ നമുക്കു സാധിച്ചേക്കും. നാം വിജയിക്കുന്നെങ്കിൽ, ഇത് അയാളെ ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനമനുഭവിക്കാവുന്ന സ്ഥാനത്താക്കുകയും ആത്മീയ മരണത്തിൽനിന്നും നാശവിധിയിൽനിന്നും രക്ഷപ്പെടുത്തുകയും ചെയ്യും. തെറ്റിപ്പോയവനെ സഹായിക്കുന്നതിലൂടെ, നാം അവന്റെ പാപങ്ങളുടെ ബഹുത്വത്തിൽനിന്ന് അവനെ രക്ഷിക്കുന്നു. ശാസന ലഭിച്ച പാപി തന്റെ തെറ്റായ ഗതിയിൽനിന്നു പിന്തിരിയുകയും അനുതപിച്ച് ക്ഷമ തേടുകയും ചെയ്യുമ്പോൾ, അയാളുടെ പാപങ്ങളിൽനിന്ന് അയാളെ രക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചതിൽ നാം ആഹ്ലാദിക്കും.—സങ്കീർത്തനം 32:1, 2; യൂദാ 22, 23.
നമുക്കെല്ലാം പ്രയോജനപ്രദം
22, 23. യാക്കോബിന്റെ വാക്കുകൾ നമ്മെ എങ്ങനെ ബാധിക്കണം?
22 വ്യക്തമായും, യാക്കോബിന്റെ ലേഖനത്തിൽ നമുക്കെല്ലാം പ്രയോജനപ്രദമായ സംഗതികളുണ്ട്. അത് പീഡാനുഭവങ്ങൾ എങ്ങനെ നേരിടണമെന്നു കാണിക്കുന്നു, പക്ഷപാതത്തിനെതിരെ ബുദ്ധ്യുപദേശിക്കുന്നു. സത്പ്രവൃത്തികളിലേർപ്പെടാൻ നമ്മെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. നാവിനെ നിയന്ത്രിക്കാനും ലൗകിക സ്വാധീനത്തെ ചെറുക്കാനും സമാധാനം ഉന്നമിപ്പിക്കാനും യാക്കോബ് നമ്മോട് ആവശ്യപ്പെടുന്നു. അവന്റെ വാക്കുകൾ നമ്മെ ക്ഷമയുള്ളവരും പ്രാർഥിക്കുന്നവരുമാക്കണം.
23 യാക്കോബിന്റെ ലേഖനം മുഖ്യമായും ആദിമ അഭിഷിക്ത ക്രിസ്ത്യാനികൾക്കാണ് അയച്ചതെന്നതു സത്യംതന്നെ. എന്നിരുന്നാലും, വിശ്വാസം മുറുകെപ്പിടിക്കുന്നതിനു നമ്മെ സഹായിക്കാൻ അതിലെ ബുദ്ധ്യുപദേശത്തെ നാമെല്ലാം അനുവദിക്കണം. ദൈവത്തിന്റെ സേവനത്തിൽ നിർണായക പ്രവർത്തനത്തിനായി നമ്മെ പ്രേരിപ്പിക്കുന്ന വിശ്വാസത്തെ ബലിഷ്ഠമാക്കാൻ യാക്കോബിന്റെ വാക്കുകൾക്കാകും. ഈ ദിവ്യനിശ്വസ്ത ലേഖനം നിലനിൽക്കുന്ന വിശ്വാസം പടുത്തുയർത്തുന്നു. അത് ഇന്ന്, ‘കർത്താവായ’ യേശുക്രിസ്തുവിന്റെ ‘സാന്നിധ്യ’കാലത്ത്, യഹോവയുടെ സാക്ഷികളായ നമ്മെ ക്ഷമയുള്ളവരും പ്രാർഥനാനിരതരുമാക്കുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ചില ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ മനോഭാവത്തിനും നടത്തയ്ക്കും മാറ്റംവരുത്തേണ്ടിയിരുന്നത് എന്തുകൊണ്ട്?
□ യാക്കോബ് ധനികർക്ക് എന്തു മുന്നറിയിപ്പു നൽകുന്നു?
□ നാം ക്ഷമ പ്രകടമാക്കേണ്ടതെന്തുകൊണ്ട്?
□ നാം നിരന്തരം പ്രാർഥിക്കേണ്ടതെന്തുകൊണ്ട്?
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Estern History) Est.
[23-ാം പേജിലെ ചിത്രം]
ചില ആദിമ ക്രിസ്ത്യാനികൾ സഹവിശ്വാസികളോടു കൂടുതൽ ക്ഷമ കാട്ടേണ്ടിയിരുന്നു
[24-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ ക്ഷമയുള്ളവരും സ്നേഹമുള്ളവരും പ്രാർഥനാനിരതരുമായിരിക്കണം