വിശുദ്ധരായിരിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
ബൈബിളിന്റെ ഉത്തരം
വിശുദ്ധമായത് എന്നു പറഞ്ഞാൽ അശുദ്ധിയിൽനിന്ന് വേറിട്ട് നിൽക്കുന്ന ഒന്നിനെയാണ് കുറിക്കുന്നത്. ‘വിശുദ്ധി’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം “വേറിട്ട” എന്ന് അർഥം വരുന്ന ഒരു പദത്തിൽനിന്നാണ് വന്നിരിക്കുന്നത്. വിശുദ്ധമായി കണക്കാക്കുന്ന ഒരു വസ്തു സാധാരണ ഉപയോഗത്തിൽനിന്ന് മാറ്റിനിറുത്തിയ, വൃത്തിയും വെടിപ്പും ഉള്ള ഒന്നായിരിക്കും.
എന്നാൽ ദൈവത്തിന്റെ വിശുദ്ധി വളരെ ഉയർന്ന തലത്തിലുള്ളതാണ്. ബൈബിൾ പറയുന്നു: “യഹോവയെപ്പോലെa വിശുദ്ധൻ ആരുമില്ല.” (1 ശമുവേൽ 2:2) അതുകൊണ്ട് വിശുദ്ധി എന്താണ്, എന്തല്ല എന്നത് നിർണയിക്കുന്നത് ദൈവമാണ്.
ദൈവവുമായി നേരിട്ട് ബന്ധമുള്ള ഏതൊരു കാര്യത്തെയും ‘വിശുദ്ധം’ എന്നു വിളിക്കാവുന്നതാണ്. പ്രത്യേകിച്ച്, ആരാധനയ്ക്കായി മാത്രം വേർതിരിച്ചിരിക്കുന്ന കാര്യങ്ങളോടുള്ള ബന്ധത്തിൽ. ഉദാഹരണത്തിന്, ബൈബിൾ പറയുന്നു:
വിശുദ്ധസ്ഥലങ്ങൾ: കത്തുന്ന മുൾച്ചെടിയുടെ അടുത്തുവെച്ച് ദൈവം മോശയോട് ഇങ്ങനെ പറഞ്ഞു: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാണ്.’—പുറപ്പാട് 3:2-5.
വിശുദ്ധസംഭവങ്ങൾ: പുരാതനകാലത്തെ ഇസ്രായേല്യർ പതിവായി അവരുടെ ഉത്സവങ്ങളിൽ യഹോവയെ ആരാധിച്ചിരുന്നു. അത്തരം ഉത്സവങ്ങളെ “വിശുദ്ധസമ്മേളനങ്ങൾ” എന്നു വിളിച്ചിരുന്നു.—ലേവ്യ 23:37.
വിശുദ്ധവസ്തുക്കൾ: പുരാതനകാലത്തെ യരുശലേം ദേവാലയത്തിൽ ദൈവത്തെ ആരാധിക്കുന്നതിനായി ഉപയോഗിച്ചിരുന്ന വസ്തുക്കളെ ‘വിശുദ്ധമായ ഉപകരണങ്ങൾ’ എന്നാണ് വിളിച്ചിരുന്നത്. (1 രാജാക്കന്മാർ 8:4) അത്തരം ഉപകരണങ്ങളെ ആരാധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും,b അവയെ വളരെ ആദരവോടെ കൈകാര്യം ചെയ്യണമായിരുന്നു.
കുറവുകളുള്ള മനുഷ്യർക്കു വിശുദ്ധരാകാൻ കഴിയുമോ?
കഴിയും. ക്രിസ്ത്യാനികളോടു ദൈവം കല്പിക്കുന്നു: “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം.” (1 പത്രോസ് 1:16) അപൂർണരായിരിക്കുന്നിടത്തോളം കാലം മനുഷ്യർക്കാർക്കും ദൈവത്തിന്റെ വിശുദ്ധിയുടെ ഉയർന്ന നിലവാരങ്ങളിൽ എത്തിച്ചേരാനാകില്ല. അതൊരു വസ്തുതയാണ്. എങ്കിലും, ദൈവത്തിന്റെ നീതിയുള്ള നിയമങ്ങൾ അനുസരിക്കുന്നവരെ ‘വിശുദ്ധരും ദൈവത്തിനു സ്വീകാര്യരും’ ആയി കരുതാം. (റോമർ 12:1) അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ വാക്കുകളും പ്രവർത്തനങ്ങളും അതിനു ചേർച്ചയിലായിരിക്കും. അവർ ബൈബിൾ ബുദ്ധിയുപദേശങ്ങൾ അനുസരിക്കും. ഉദാഹരണത്തിന്, ‘ലൈംഗിക അധാർമികതയിൽനിന്ന് അകന്നിരുന്ന് വിശുദ്ധരായിരിക്കുക,’ ‘എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക’ എന്നിങ്ങനെയുള്ള നിർദേശങ്ങൾ അവർ പാലിക്കും.—1 തെസ്സലോനിക്യർ 4:3; 1 പത്രോസ് 1:15.
ദൈവമുമ്പാകെയുള്ള നമ്മുടെ വിശുദ്ധനില നഷ്ടമാകുമോ?
നഷ്ടപ്പെടാം. ഒരു വ്യക്തി വിശുദ്ധിയുടെ കാര്യത്തിൽ ദൈവം വെച്ചിരിക്കുന്ന നിലവാരത്തിനു ചേർച്ചയിൽ ജീവിക്കുന്നതു നിറുത്തിയാൽ, ആ വ്യക്തിയെ ദൈവം പിന്നെ വിശുദ്ധനായി കാണില്ല. ഉദാഹരണത്തിന്, എബ്രായർക്ക് എഴുതിയ കത്ത് “വിശുദ്ധസഹോദരങ്ങളേ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. എന്നാൽ, “ദൈവത്തിൽനിന്ന് അകന്നുപോയിട്ട് വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം” അവരിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഈ ബൈബിൾലേഖനത്തിൽ കാണാം.—എബ്രായർ 3:1, 12.
വിശുദ്ധരായിരിക്കുന്നതിനോടു ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ആത്മപരിത്യാഗത്തിലൂടെ വിശുദ്ധി നേടിയെടുക്കാം.
വസ്തുത: “ദേഹപീഡനം,” അതായത് ആഗ്രഹങ്ങളും സുഖസൗകര്യങ്ങളും എല്ലാം പരിത്യജിക്കുന്നത്, ജഡാഭിലാഷങ്ങളെ അടക്കിനിറുത്താൻ “ഉപകരിക്കുന്നില്ല” എന്നു ബൈബിൾ പറയുന്നു. അതുകൊണ്ടുതന്നെ ദൈവമുമ്പാകെ അതിന് ഒരു വിലയുമില്ല. (കൊലോസ്യർ 2:23) നമ്മൾ നല്ല കാര്യങ്ങൾ ആസ്വദിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ബൈബിൾ പറയുന്നു: ‘ഓരോരുത്തരും തിന്നുകുടിച്ച് തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തണം. ഇതു ദൈവത്തിന്റെ ദാനമാണ്.’—സഭാപ്രസംഗകൻ 3:13.
തെറ്റിദ്ധാരണ: ബ്രഹ്മചര്യം ഒരാളെ കൂടുതൽ വിശുദ്ധനാക്കുന്നു.
വസ്തുത: ഒരു ക്രിസ്ത്യാനി വിവാഹം കഴിക്കാതെ ബ്രഹ്മചര്യം അനുഷ്ഠിച്ചതുകൊണ്ട് ദൈവമുമ്പാകെ അയാൾ വിശുദ്ധനാകുന്നില്ല. എന്നാൽ, അവിവാഹിതർക്ക് ദൈവത്തെ ശൈഥില്യങ്ങൾകൂടാതെ ആരാധിക്കാൻ കഴിയുമെന്നത് ഒരു സത്യംതന്നെയാണ്. (1 കൊരിന്ത്യർ 7:32-34) വിവാഹിതർക്കും വിശുദ്ധരായിരിക്കാനാകും എന്നാണ് ബൈബിൾ പറയുന്നത്. യേശുവിന്റെ അപ്പോസ്തലന്മാരിൽ കുറഞ്ഞത് ഒരാളെങ്കിലും വിവാഹിതനായിരുന്നു—പത്രോസ്.—മത്തായി 8:14; 1 കൊരിന്ത്യർ 9:5.
a ദൈവത്തിന്റെ വ്യക്തിപരമായ പേരാണ് യഹോവ. ഈ പേരിനോടു ബന്ധപ്പെടുത്തി ‘വിശുദ്ധം,’ ‘വിശുദ്ധി’ എന്നീ വാക്കുകൾ നൂറുകണക്കിനു പ്രാവശ്യം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു.
b വിശുദ്ധവസ്തുക്കളെ ആരാധിക്കുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നു.—1 കൊരിന്ത്യർ 10:14.