‘സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ പ്രബോധിപ്പിക്കൽ’
പൊ.യു. ഏതാണ്ട് 60-61-ൽ ഒരു അടിമ റോമിൽനിന്ന് ഒളിച്ചോടി സ്വദേശമായ തെക്കുപടിഞ്ഞാറൻ ഏഷ്യാമൈനറിലെ ഒരു നഗരമായ കൊലോസ്സിയിലേക്ക് 1,400കി.മീ. വരുന്ന യാത്ര തുടങ്ങി. അയാൾ അപ്പോസ്തലനായ പൗലോസിനാൽത്തന്നെ കൈകൊണ്ട് എഴുതപ്പെട്ട അയാളുടെ ഉടമസ്ഥനുവേണ്ടിയുള്ള ഒരു സന്ദേശം തന്നോടുകൂടെ കൊണ്ടുപോയി. ഇന്ന്, ആ ലേഖനം ബൈബിളിന്റെ ഒരു ഭാഗമാണ്, അതു സ്വീകരിച്ച ആളായ ഫിലേമോന്റെ പേർ വഹിക്കുകയും ചെയ്യുന്നു.
ഫിലേമോനുള്ള എഴുത്ത് നയപരവും പ്രേരണാത്മകവുമായ ഒരു വിദഗ്ദ്ധന്യായവാദമാണ്. എന്നിരുന്നാലും അതിലും പ്രധാനമായി, അതിൽ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് പ്രായോഗികമായ നിരവധി പാഠങ്ങൾ അടങ്ങിയിരിക്കുന്നു, അതിലൊന്ന് ക്രിസ്തീയസ്നേഹത്തിന്റെ അടിസ്ഥാനത്തിൽ അന്യോന്യം പ്രബോധിപ്പിക്കുന്നതിന്റെ മൂല്യമാണ്. നമുക്ക് ഹ്രസ്വവും എന്നാൽ ശക്തിമത്തുമായ ലേഖനത്തെ ഒന്ന് അടുത്തു വീക്ഷിക്കാം.
ഒളിച്ചോടിപ്പോയ ആൾ മടങ്ങിപ്പോകുന്നു
ഫിലേമോൻ ഒരു ക്രിസ്ത്യാനിയായിരുന്നു, കൊലോസ്യ സഭയിലെ വളരെയധികം സ്നേഹിക്കപ്പെട്ട ഒരു അംഗം. (ഫിലേമോൻ 4, 5) അവിടത്തെ സഭ അയാളുടെ വീട് ഒരു യോഗസ്ഥലമായി ഉപയോഗിച്ചു! (വാക്യം 2) കൂടാതെ, ഫിലേമോന് അപ്പോസ്തലനായ പൗലോസിനെ വ്യക്തിപരമായി പരിചയമുണ്ടായിരുന്നു; ഒരുപക്ഷേ അയാൾ ഒരു ക്രിസ്ത്യാനിയായിത്തീർന്നതിനു കാരണം അപ്പോസ്തലനായിരിക്കാം. താൻ വ്യക്തിപരമായി കൊലോസ്സിയിൽ പ്രസംഗിച്ചില്ലെന്ന് പൗലോസ് സൂചിപ്പിക്കുന്നുവെന്നത് സത്യംതന്നെ. (കൊലോസ്യർ 2:1) എന്നിരുന്നാലും, അവൻ എഫേസൂസിൽ രണ്ടു വർഷം ചെലവഴിക്കുകതന്നെ ചെയ്തു, “ആസ്യ ജില്ലയിൽ പാർക്കുന്നവരെല്ലാം [അതിൽ കൊലോസ്സി ഉൾപ്പെട്ടിരുന്നു] കർത്താവിന്റെ വചനം കേൾക്ക”ത്തക്ക അളവോളം പ്രസംഗിച്ചുകൊണ്ടുതന്നെ. (പ്രവൃത്തികൾ 19:10, NW) ഫിലേമോൻ പ്രതികരണംകാട്ടിയ ശ്രോതാക്കളിൽപെട്ടവനായിരിക്കാനിടയുണ്ട്.
ഏതായാലും, ആ കാലഘട്ടത്തിലെ സമ്പന്നരായ അനേകരെപ്പോലെ, ഫിലേമോൻ അടിമകളുടെ ഒരു ഉടമയായിരുന്നു. പുരാതനകാലങ്ങളിൽ, അടിമത്തം എല്ലായ്പ്പോഴും അപമാനകരമല്ലായിരുന്നു. യഹൂദൻമാരുടെ ഇടയിൽ തന്നേത്തന്നെയോ കുടുംബാംഗങ്ങളെയോ അടിമത്തത്തിന് വിൽക്കുന്നത് കടങ്ങൾ വീട്ടുന്നതിന് സ്വീകരിക്കപ്പെട്ട ഒരു മാർഗ്ഗമായിരുന്നു. (ലേവ്യപുസ്തകം 25:39, 40) റോമൻ കാലഘട്ടത്തെക്കുറിച്ച് ദി ഇൻറർനാഷനൽ സ്ററാൻഡേർഡ് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ അഭിപ്രായംപറയുന്നു: “നിരവധിയാളുകൾ വിവിധകാരണങ്ങളാൽ തങ്ങളേത്തന്നെ അടിമത്തത്തിലേക്ക് വിററു, എല്ലാററിലുമുപരിയായി ഒരു ദരിദ്ര സ്വതന്ത്രജാതനായ വ്യക്തിയായുള്ള അസ്തിത്വത്തെക്കാൾ അനായാസവും സുരക്ഷിതവുമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാനും പ്രത്യേക ജോലികൾ നേടാനും സാമൂഹികമായി ഉയരാനുംതന്നെ. . . . റോമാക്കാരല്ലാത്ത അനേകർ, റോമൻ നിയമത്താൽ ശ്രദ്ധാപൂർവം ക്രമവൽക്കരിക്കപ്പെട്ട്, സ്വതന്ത്രരാക്കപ്പെടുമ്പോൾ റോമാപൗരൻമാരായിത്തീരുന്നതിനുള്ള ന്യായമായ പ്രതീക്ഷയോടെ തങ്ങളേത്തന്നെ റോമാപൗരൻമാർക്കു വിററു.”
എന്നിരുന്നാലും, ഒനേസിമൂസ് എന്നു പേരുള്ള, ഫിലേമോന്റെ അടിമകളിലൊരാൾ അയാളെ ഉപേക്ഷിക്കുകയും ഒരുപക്ഷേ തന്റെ ഒളിച്ചോട്ടത്തിന്റെ ചെലവുവഹിക്കുന്നതിന് ഫിലേമോനിൽനിന്ന് പണം മോഷ്ടിച്ചുകൊണ്ടുപോലും റോമിലേക്ക് ഓടിപ്പോകുകയും ചെയ്തു. (വാക്യം 18) റോമിൽ, ഒനേസിമൂസ് അവിടെ തടവുകാരനായിരുന്ന അപ്പോസ്തലനായ പൗലോസുമായി സമ്പർക്കത്തിൽ വന്നു.
അടിമത്തത്തിൽനിന്ന് ഓടിപ്പോയിരുന്ന “മുമ്പ് പ്രയോജനമില്ലാഞ്ഞ” അടിമ ഇപ്പോൾ ഒരു ക്രിസ്ത്യാനിയായിത്തീർന്നു. അവൻ തന്നേത്തന്നെ പൗലോസിന്റെ സ്വാധീനത്തിൽ നിർത്തുകയും തടവിലാക്കപ്പെട്ടിരുന്ന അപ്പോസ്തലന് പ്രയോജനകരമായ സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. പൗലോസിന്റെ “സ്വന്തം സ്നേഹവാത്സല്യങ്ങളിൽ” ഒനേസിമൂസിന് സ്ഥാനംലഭിക്കുകയും പൗലോസിന് “ഒരു പ്രിയസഹോദരൻ” ആയിത്തീരുകയും ചെയ്തത് അതിശയമല്ല!—വാക്യങ്ങൾ 11, 12, 16, NW.
ഒനേസിമൂസ് തന്നോടുകൂടെ കഴിയാൻ പൗലോസ് ഇഷ്ടപ്പെടുമായിരുന്നു, എന്നാൽ ഫിലേമോന് ഒനേസിമൂസിന്റെ ഉടമയെന്ന നിലയിൽ നിയമപരമായ അവകാശങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ തന്റെ നിയമാനുസൃത യജമാനന്റെ സേവനത്തിലേക്കു മടങ്ങിപ്പോകാൻ ഒനേസിമൂസിനു കടപ്പാടുണ്ടായിരുന്നു. അപ്പോൾ, ഫിലേമോൻ അയാളെ എങ്ങനെ സ്വീകരിക്കും? അവൻ കഠിനശിക്ഷ കൊടുക്കുന്നതിനുള്ള തന്റെ അവകാശം കുപിതമായി ആവശ്യപ്പെടുമായിരുന്നോ? അവൻ ഒരു സഹക്രിസ്ത്യാനിയെന്ന ഒനേസിമൂസിന്റെ അവകാശവാദത്തിന്റെ ആത്മാർത്ഥതയെ വെല്ലുവിളിക്കുമോ?
കാര്യങ്ങൾക്ക് സ്നേഹത്തിൽ തീരുമാനമുണ്ടാക്കൽ
ഒനേസിമൂസിന്റെ കാര്യം ഫിലേമോന് എഴുതാൻ പൗലോസ് പ്രേരിതനായി. അവൻ സ്വന്തം കൈയക്ഷരത്തിൽ എഴുതി, അവന്റെ പതിവുപോലെ ഒരു സെക്രട്ടറിയെ ഉപയോഗിക്കാതെ തന്നെ. (വാക്യം 19) ഫിലേമോനുള്ള ഹ്രസ്വമായ എഴുത്ത് മുഴുവനായി വായിക്കാൻ ഏതാനും മിനിററുകൾ എടുക്കുക. പൗലോസ് തന്നേത്തന്നെ പരിചയപ്പെടുത്തിയശേഷവും ഫിലേമോനും അവന്റെ കുടുംബത്തിനും “അനർഹദയയും സമാധാനവും” ആശംസിച്ചശേഷവും ഫിലേമോന് ‘കർത്താവായ യേശുവിനോടും സകല വിശുദ്ധൻമാരോടുമുള്ള സ്നേഹത്തിനും വിശ്വാസത്തിനും’ അവനെ ശ്ലാഘിച്ചതായി നിങ്ങൾ കാണും.—വാക്യങ്ങൾ 1-7.
പൗലോസിന് അനായാസം ഒരു അപ്പോസ്തലനെന്നുള്ള തന്റെ അധികാരം പ്രയോഗിക്കാനും ‘ഉചിതമായതു ചെയ്യാൻ ഫിലേമോനോട് ആജ്ഞാപിക്കാനും’ കഴിയുമായിരുന്നു. എന്നാൽ പകരം പൗലോസ് ‘സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ പ്രബോധിപ്പിച്ചു.’ ഒനേസിമൂസ് തീർച്ചയായും ഒരു ക്രിസ്തീയ സഹോദരൻ, പൗലോസിന് പ്രയോജനമുള്ളവൻ എന്ന് തെളിയിച്ചിരിക്കുന്ന ഒരുവൻ, ആയിത്തീർന്നുവെന്ന വസ്തുതക്ക് അവൻ ഉറപ്പുകൊടുത്തു. അപ്പോസ്തലൻ ഇങ്ങനെ സമ്മതിച്ചു: “സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും,” പൗലോസ് തുടർന്നു, “നിന്റെ ഗുണം നിർബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതംകൂടാതെ ഒന്നും ചെയ്വാൻ എനിക്കു മനസ്സില്ലായിരുന്നു.”—വാക്യങ്ങൾ 8-14.
അങ്ങനെ അപ്പോസ്തലനായ പൗലോസ് ഫിലേമോന്റെ മുൻ അടിമയെ ഒരു സഹോദരനായി സ്വീകരിക്കാൻ അവനെ പ്രോൽസാഹിപ്പിച്ചു. “അവനെ എന്നെപ്പോലെ ചേർത്തുകൊൾക,” പൗലോസ് എഴുതി. ഒനേസിമൂസ് അവശ്യം അടിമത്തത്തിൽനിന്ന് സ്വതന്ത്രനാക്കപ്പെടുമെന്നല്ല. പൗലോസ് തന്റെ നാളിൽ നിലവിലിരുന്ന സാമൂഹികക്രമത്തിന് മാററംവരുത്താൻ പ്രക്ഷോഭണം നടത്തുകയല്ലായിരുന്നു. (എഫേസ്യർ 6:9; കൊലോസ്യർ 4:1; 1 തിമൊഥെയോസ് 6:2 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, അടിമ-യജമാന ബന്ധം ഇപ്പോൾ ഒനേസിമൂസിനും ഫിലേമോനുമിടയിൽ സ്ഥിതിചെയ്ത ക്രിസ്തീയ ബന്ധത്താൽ നിസ്സംശയമായി മയപ്പെടുത്തപ്പെടുമായിരുന്നു. ഫിലേമോൻ ഒനേസിമൂസിനെ “ഒരു അടിമയെക്കാളുപരി, ഒരു പ്രിയസഹോദരനായി” വീക്ഷിക്കും.—വാക്യങ്ങൾ 15-17, NW.
ഒരുപക്ഷേ മോഷണത്തിന്റെ ഫലമായി ഒനേസിമൂസ് വരുത്തിവെച്ചിരുന്നേക്കാവുന്ന കടങ്ങളെ സംബന്ധിച്ചെന്ത്? വീണ്ടും പൗലോസ് ഫിലേമോനോടുള്ള തന്റെ സഖിത്വത്തോട് അഭ്യർത്ഥിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “അവൻ നിന്നോടു വല്ലതും അന്യായംചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.” പൗലോസ് നടത്തിയ അപേക്ഷകൾക്ക് അതീതമായി ചെയ്തുകൊണ്ട് ഫിലേമോൻ ഒരു ക്ഷമിക്കലിന്റെ ആത്മാവ് പ്രകടമാക്കുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു. പൗലോസ് താമസിയാതെ വിമോചിതനാകാൻ ആശിച്ചതുകൊണ്ട് സമീപഭാവിയിൽ ഫിലേമോന്റെ ആതിഥ്യം ആസ്വദിക്കാൻ പോലും അവൻ ക്രമീകരണംചെയ്തു. കൂടുതലായി കുറെ അഭിവാദനങ്ങൾ അർപ്പിക്കുകയും ഫിലേമോന് “കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയ” ആശംസിക്കുകയും ചെയ്തശേഷം പൗലോസ് തന്റെ ലേഖനം അവസാനിപ്പിച്ചു.—വാക്യങ്ങൾ 18-25.
ഇന്നത്തെ ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള പാഠങ്ങൾ
ഫിലേമോന്റെ പുസ്തകത്തിൽ, ഇന്നത്തെ ക്രിസ്ത്യാനികൾക്ക് പ്രായോഗികപാഠങ്ങൾ ധാരാളമുണ്ട്. ഒരു സംഗതി പറഞ്ഞാൽ, ഒരു സഹവിശ്വാസി നമ്മോടു ഗൗരവമായി തെററുചെയ്തിട്ടുള്ളപ്പോൾപോലും ക്ഷമിക്കേണ്ടതിന്റെ ആവശ്യകത അത് നമ്മെ ഓർമ്മിപ്പിക്കുന്നു. “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും” എന്ന് യേശുക്രിസ്തു പറയുകയുണ്ടായി.—മത്തായി 6:14.
ക്രിസ്തീയ സഭയിൽ ഇന്ന് അധികാരസ്ഥാനങ്ങളിലുള്ളവർക്ക് ഫിലേമോന്റെ പുസ്തകത്തിൽനിന്ന് വിശേഷാൽ പ്രയോജനമനുഭവിക്കാൻ കഴിയും. ഉചിതമായതു ചെയ്യാൻ ഫിലേമോനോട് ആജ്ഞാപിക്കുന്നതിന് പൗലോസ് തന്റെ അപ്പോസ്തലിക അധികാരം ഉപയോഗിക്കുന്നതിൽനിന്ന് പിൻമാറിനിന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഒനേസിമൂസ് പൗലോസിന്റെ സേവനത്തിനായി റോമിൽ കഴിയാൻ അനുവദിക്കപ്പെടണമെന്ന് പൗലോസ് ആവശ്യപ്പെട്ടില്ല. പൗലോസ് മററുള്ളവരുടെ വസ്തുസംബന്ധിച്ച അവകാശങ്ങളെ മാനിച്ചു. അധികാരപൂർവകമായ ഒരു സമീപനം അനുസരണത്തിൽ കലാശിച്ചേക്കാമെങ്കിലും ഫിലേമോൻ ഹൃദയപൂർവം പ്രവർത്തിക്കുന്നതാണ് മെച്ചമെന്നും അവൻ വിലമതിച്ചു. ഒരു ഹൃദയംഗമമായ പ്രതികരണം കൈവരുത്തത്തക്കവണ്ണം അവൻ സ്നേഹത്തിലധിഷ്ഠിതമായ ഒരു അഭ്യർത്ഥന നടത്തി.
അതുകൊണ്ട് ഇന്ന് ക്രിസ്തീയ മൂപ്പൻമാർ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ടോ ആട്ടിൻകൂട്ടത്തോട് പരുഷമായ, അധികാരമത്തോടുകൂടിയ, ഇടപെടൽരീതി ഉപയോഗിച്ചുകൊണ്ടോ ഒരിക്കലും “ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർത്തൃത്വംനടത്ത”രുത്. (1 പത്രോസ് 5:1-3) യേശു പറഞ്ഞു: “ജാതികളുടെ അധിപൻമാർ അവരിൽ കർത്തൃത്വം നടത്തുന്നുവെന്നും മഹത്തുക്കൾ അവരുടെമേൽ അധികാരംനടത്തുന്നുവെന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു.” (മത്തായി 20:25, 26) ആട്ടിൻകൂട്ടത്തിലെ അംഗങ്ങൾ ആജ്ഞകളെക്കാൾ സ്നേഹപൂർവകമായ അഭ്യർത്ഥനകളോട് വളരെക്കൂടുതൽ പ്രതികരിക്കുന്നുവെന്ന് മേൽവിചാരകൻമാർ സാധാരണയായി കണ്ടെത്തുന്നു. മ്ലാനതയാൽ കഷ്ടപ്പെടുന്നവർ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് ദയാപൂർവം സമയമെടുക്കുകയും ധാരണയോടുകൂടിയ ബുദ്ധിയുപദേശം കൊടുക്കുകയും ചെയ്യുന്ന മേൽവിചാരകൻമാരെ വിലമതിക്കുന്നു.
പൗലോസിന്റെ ലേഖനം അഭിനന്ദനത്തിന്റെയും നയത്തിന്റെയും മൂല്യത്തെക്കുറിച്ച് മൂപ്പൻമാരെ കൂടുതലായി ഓർമ്മിപ്പിക്കുന്നു. ഫിലേമോൻമുഖാന്തരം ‘വിശുദ്ധൻമാരുടെ സ്നേഹവാത്സല്യങ്ങൾ ഉണർത്തപ്പെട്ടതായി’ സമ്മതിച്ചുപറഞ്ഞുകൊണ്ടാണ് അവൻ തുടങ്ങുന്നത്. (വാക്യം 7) ഈ ആത്മാർത്ഥമായ അഭിനന്ദനം ഫിലേമോനെ കൂടുതൽ സ്വീകാര്യക്ഷമതയുള്ള പ്രകൃതത്തിലാക്കിയെന്നതിന് സംശയമില്ല. സമാനമായി ഇന്ന് ആത്മാർത്ഥവും ഊഷ്മളവുമായ അഭിനന്ദനത്താൽ മിക്കപ്പോഴും ഗുണദോഷത്തെയോ ബുദ്ധിയുപദേശത്തെയോ മയപ്പെടുത്താൻ കഴിയും. അങ്ങനെയുള്ള ബുദ്ധിയുപദേശം പരുഷമോ നയരഹിതമോ ആയിരിക്കാതെ, ശ്രോതാവിന് കൂടുതൽ ആസ്വാദ്യമായിരിക്കത്തക്കവണ്ണം പൊതുവേ “ഉപ്പിനാൽ രുചിവരുത്തിയത്” ആയിരിക്കണം.—കൊലോസ്യർ 4:6.
“നിന്റെ അനുസരണത്തെപ്പററി എനിക്ക് നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്” എന്നു പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഫിലേമോൻ ശരിയായ കാര്യം ചെയ്യുമെന്നുള്ള വിശ്വാസം പ്രകടമാക്കി. (വാക്യം 21) മൂപ്പൻമാരേ, നിങ്ങൾ നിങ്ങളുടെ സഹക്രിസ്ത്യാനികളെക്കുറിച്ച് ഇതേ വിശ്വാസം പ്രകടമാക്കുന്നുവോ? ഇത് ശരിയായതു ചെയ്യാൻ ആഗ്രഹിക്കുന്നതിന് അവരെ സഹായിക്കുന്നില്ലേ?
തങ്ങളുടെ മക്കളിൽ വിശ്വാസം പ്രകടമാക്കുന്നതിനും നല്ല ഫലമുണ്ട് എന്ന് മാതാപിതാക്കൻമാർ മിക്കപ്പോഴും കണ്ടെത്തുന്നുവെന്നത് രസാവഹമാണ്. മനസ്സോടെയുള്ള അനുസരണത്തിന്റെ—കേവലം വ്യവസ്ഥകൾ പാലിക്കുന്നതിനതീതമായി പോകുന്നതിനുള്ള ഒരു ആഗ്രഹത്തിന്റെ—മൂല്യം തിരിച്ചറിയുന്നതിനാൽ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ഒരളവിലുള്ള മാന്യത കൊടുക്കാൻ കഴിയും. മാതാപിതാക്കളുടെ ആജ്ഞകൾ അല്ലെങ്കിൽ അപേക്ഷകൾ, സാദ്ധ്യമാകുമ്പോൾ ദയയോടും സ്നേഹത്തോടുംകൂടിയ ഒരു സ്വരത്തിൽ ആയിരിക്കണം. സമാനുഭാവം പ്രകടമാക്കണം, കാരണങ്ങൾ കൊടുക്കപ്പെടണം. ഊഷ്മളമായ അഭിനന്ദനം അർഹിക്കുമ്പോൾ മാതാപിതാക്കൻമാർ അതു കൊടുക്കുകയും അവരെ, വിശേഷാൽ പരസ്യമായി, അമിതമായി വിമർശിക്കുന്നത് ഒഴിവാക്കുകയും വേണം.
അതേ ചിന്താരീതിയിൽ, ഭർത്താക്കൻമാർക്ക് ന്യായബോധത്തിന്റെയും ദയയുടെയും ഗുണങ്ങൾ പ്രകടമാക്കാൻ കഴിയും, തങ്ങളുടെ ഭാര്യമാരെ പ്രശംസിക്കാൻ ഒരുങ്ങിയിരുന്നുകൊണ്ടുതന്നെ. ഇത് ഭാര്യമാരുടെ കീഴ്പ്പെടൽ ഒരു ഉല്ലാസവും നവോൻമേഷത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഉറവുമാക്കിത്തീർക്കുന്നു!—സദൃശവാക്യങ്ങൾ 31:28; എഫേസ്യർ 5:28.
കൃത്യമായി എങ്ങനെ ഫിലേമോൻ പൗലോസിന്റെ ലേഖനത്തോടു പ്രതികരിച്ചുവെന്ന് പ്രസ്താവിച്ചിട്ടില്ല. എന്നിരുന്നാലും, അവനിലുള്ള പൗലോസിന്റെ വിശ്വാസം അസ്ഥാനത്തായിരുന്നുവെന്ന് നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഇന്ന് അനേകം ക്രിസ്തീയ മൂപ്പൻമാരും മാതാപിതാക്കൻമാരും ഭർത്താക്കൻമാരും സമാനമായി നിർബന്ധിക്കുന്നതിനാലോ ആജ്ഞാപിക്കുന്നതിനാലോ ഭീഷണിപ്പെടുത്തുന്നതിനാലോ അല്ല, പിന്നെയോ ‘സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ പ്രബോധിപ്പിക്കുന്നതിനാൽ’ തങ്ങളുടെ ഇടപെടലുകളിൽ വിജയം കണ്ടെത്തുന്നു.
[23-ാം പേജിലെ ചിത്രം]
ഒരു അപ്പോസ്തലനെന്ന നിലയിലുള്ള തന്റെ അധികാരം പ്രയോഗിക്കാതെ, പൗലോസ് ഫിലേമോനെ ക്രിസ്തീയ സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ പ്രബോധിപ്പിച്ചു